രാഷ്ട്രീയ വിജിലന്‍സ്‌


അത്രയും വേണ്ടിവരുമെന്ന്‌ മുഖ്യമന്ത്രിയും വിചാരിച്ചിരുന്നതല്ല. ലാവലിന്‍ കേസ്‌ അന്വേഷണം സി.ബി.ഐ.ക്ക്‌ വിടട്ടേ എന്ന്‌ കഴിഞ്ഞവര്‍ഷം ജൂലായില്‍ നിയമസഭയില്‍ മുഖ്യമന്ത്രി വിളിച്ചുചോദിച്ചത്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ നേരെ നോക്കിയായിരുന്നു. വി.എസ്‌. മിണ്ടിയില്ല. സംസ്ഥാന സര്‍ക്കാറിന്റെ കൈവശമുള്ള വിജിലന്‍സിനെക്കൊണ്ടുതന്നെ പരമാവധി ദ്രോഹം ചെയ്യാന്‍ കഴിയുമെന്നിരിക്കെ എന്തിന്‌ സി.ബി.ഐ എന്ന്‌, അന്നുതന്നെ മുഖ്യമന്ത്രി ആലോചിച്ചതാണ്‌.

ഐ.എ.എസ്സുകാര്‍ക്കും ഐ.പി.എസ്സുകാര്‍ക്കും രാഷ്ട്രീയം പാടില്ലെന്ന്‌ സര്‍വീസ്‌ ചട്ടങ്ങളിലുണ്ട്‌. രാഷ്ട്രീയബോധം പാടില്ലെന്ന്‌ വ്യവസ്ഥ ഇല്ല. എന്നുതന്നെയല്ല, രാഷ്ട്രീയ ബോധം സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ബന്ധമായും ഉണ്ടാകണമെന്നാണ്‌ രാഷ്ട്രീയബോധംകൊണ്ട്‌ നിന്നുപിഴച്ച മുന്‍ ഉദ്യോഗസ്ഥന്‍ ഡി. ബാബുപോള്‍ പറയുന്നത്‌. വിജിലന്‍സ്‌ തലവന്‌ രാഷ്ട്രീയമില്ല- ബെസ്റ്റ്‌. രാഷ്ട്രീയബോധവും ഇല്ല- വെരി ബാഡ്‌.

തിരഞ്ഞെടുപ്പ്‌ അടുത്തുവരുന്ന ഈ ഘട്ടത്തില്‍ സി.പി.എം. സെക്രട്ടറി പിണറായി വിജയന്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്ന ഒരു വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌കോടതിയില്‍ കൊണ്ടുപോയി കൊടുത്തതാണല്ലോ പ്രശ്നം. റിപ്പോര്‍ട്ട്‌ ആഭ്യന്തരസെക്രട്ടറിയെ ഏല്‍പിച്ച്‌ ഒരു മറുപടിയും കിട്ടാത്തതുകൊണ്ട്‌ വിജിലന്‍സുകാര്‍ അതുകൊണ്ടുപോയി കോടതിക്ക്‌ കൊടുത്തു. അതോടെ പിണറായി പ്രതിയല്ലാതായി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി പ്രതിക്കൂട്ടില്‍. ഉപേന്ദ്രവര്‍മയെന്ന വിജിലന്‍സ്‌ ഡയറക്ടറുടെ കഴുത്തുവെട്ടാന്‍ ഇത്‌ മതിയായ കാരണംതന്നെ.

സര്‍ക്കാര്‍ അനുമതിയില്ലാതെ കോടതിയില്‍ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ഫയലാക്കിയത്‌ ശരിയോ തെറ്റോ? ഒരു തെറ്റുമില്ലെന്നു തന്നെയാണ്‌ നിയമമറിയുന്നവരുടെ മറുപടി. ഇക്കാലംവരെ ഒരു വിജിലന്‍സ്‌ റിപ്പോര്‍ട്ടും സര്‍ക്കാര്‍ തിരുത്തിയശേഷം കോടതിക്ക്‌ കൊടുത്തിട്ടില്ല. വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ കോടതിക്ക്‌ കൊടുക്കേണ്ട എന്നുപറഞ്ഞ ചരിത്രവുമില്ല. അപ്പോള്‍പ്പിന്നെ ഉപേന്ദ്രവര്‍മയ്ക്ക്‌ പറ്റിപ്പോയ പിശകെന്താണ്‌? രാഷ്ട്രീയബോധമുള്ളവരുടെ മറുപടി ഇതാ- നിയമമൊക്കെ ശരിതന്നെ. സാങ്കേതികമായി തെറ്റില്ല. പക്ഷേ, വിവാദ വിഷയമാകുമ്പോള്‍ സര്‍ക്കാര്‍ അനുമതി വാങ്ങാതെ റിപ്പോര്‍ട്ട്‌ കോടതിക്ക്‌ കൊടുക്കരുത്‌. അതത്രെ കീഴ്‌വഴക്കം. ഐ.പി.സി.യോ എവിഡന്‍സ്‌ ആക്ടോ കെ.എസ്‌.ആറോ ഒന്നും വിവാദക്കേസില്‍ പ്രത്യേക നടപടിക്രമം നിര്‍ദേശിച്ചതായി കേട്ടുകേള്‍വിയില്ല. കോടതിക്ക്‌ വിവാദം തിരയേണ്ട കാര്യമില്ല. ഭരിക്കുന്നവരുടെ രാഷ്ട്രീയ സൌകര്യം കോടതിയും നോക്കേണ്ട വിജിലന്‍സും നോക്കേണ്ട.

ഉപേന്ദ്രവര്‍മയ്ക്ക്‌ രാഷ്ട്രീയബോധമുണ്ടായിരുന്നെങ്കില്‍ ചെയ്യേണ്ടിയിരുന്നതും ചിന്തിക്കേണ്ടിയിരുന്നതും ഇനി പറയും പ്രകാരമാണ്‌. തിരഞ്ഞെടുപ്പ്‌ വരാന്‍ പോകുന്നു. വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ഇപ്പോള്‍ കോടതിക്ക്‌ നല്‍കിയാല്‍ പിണറായിയെ അടിക്കാനുള്ള മുന്തിയ വടി യു.ഡി.എഫിന്‌ നഷ്ടമായേക്കും. അതുപാടില്ല. തിരഞ്ഞെടുപ്പ്‌ കഴിയുംവരെ റിപ്പോര്‍ട്ട്‌ താമസിപ്പിക്കണം. അതാണ്‌ ഇപ്പോഴത്തെ യജമാനന്‍മാര്‍ക്ക്‌ ഗുണം ചെയ്യുക. ഇത്രയും മനസ്സിലാക്കുന്നതിനെയാണല്ലോ രാഷ്ട്രീയബോധം എന്ന്‌ പറയുന്നത്‌. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലാവലിന്‍ കേസ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ വിട്ടതാണ്‌. അതിന്‍മേല്‍ മൂന്ന്‌ വര്‍ഷം അടയിരുന്നിട്ടും യാതൊന്നും സംഭവിച്ചിട്ടില്ല. ഇനി റിപ്പോര്‍ട്ട്‌ മൂന്ന്‌ മാസം കൂടി വൈകിയാലും യാതൊന്നും സംഭവിക്കില്ല. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ യു.ഡി.എഫിന്‌ ലാവലിന്‍ ഇട്ടലക്കുകയും ചെയ്യാം. ഇത്രയും രാഷ്ട്രീയബോധം വിജിലന്‍സ്‌ ഡയറക്ടര്‍ക്ക്‌ വേണം. ഹോം മിനിസ്റ്ററുടെ രാഷ്ട്രീയ താത്‌പര്യം സംരക്ഷിക്കുന്ന കാര്യത്തിലെങ്കിലും വിജിലന്റാകണ്ടേ വിജിലന്‍സ്‌ ഡയറക്ടര്‍?

രാഷ്ട്രീയബോധം ഇല്ലാഞ്ഞാല്‍ ചെയ്യുന്ന അതേ കാര്യം തന്നെ രാഷ്ട്രീയബോധം കൂടിപ്പോയാലും ചെയ്യാം. ബുദ്ധിമാന്ദ്യം കൊണ്ട്‌ ചെയ്യുന്ന അതേ കാര്യം അതിബുദ്ധികൊണ്ടുംചെയ്യാം. തിരഞ്ഞെടുപ്പിന്‌ തൊട്ട്‌ മുമ്പ്‌ കോടതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി പിണറായി വിജയന്റെ സ്ലേറ്റ്‌ ക്ലീനാക്കുന്നതല്ലേ ബുദ്ധി എന്ന്‌ വിജിലന്‍സ്‌ ഡയറക്ടര്‍ക്കും ചിന്തിക്കാം. ഇന്നത്തെ ശത്രു നാളത്തെ യജമാനനാണ്‌. യു.ഡി.എഫ്‌ ഭരണത്തില്‍ സൂര്യന്‍ അസ്തമിച്ചുതുടങ്ങി എന്നറിയാനുള്ള രാഷ്ട്രീയബോധമൊക്കെ ഐ.പി.എസ്സുകാര്‍ക്കും ഉണ്ടാകണമല്ലോ. ചിലര്‍ക്ക്‌ രാഷ്ട്രീയവും രാഷ്ട്രീയബോധവും രണ്ടല്ല, രണ്ടും ഒന്നാണ്‌.

ഉപേന്ദ്രവര്‍മ ചെയ്ത കൊടുംചതിയെ അതിജീവിക്കണമെങ്കില്‍ സി.ബി.ഐ അല്ലാതെ വേറെ വഴിയില്ല സഖാക്കളേ. നിങ്ങള്‍ പരിഭവിച്ചിട്ട്‌ കാര്യമില്ല. തിരഞ്ഞെടുപ്പ്‌ പ്രചാരണ
കൊടുങ്കാറ്റില്‍ പിടിച്ചു നില്‍ക്കുക എളുപ്പമല്ല. വിജിലന്‍സ്‌ അന്വേഷണത്തിന്‌ എന്തായിരുന്നു കുഴപ്പം എന്നൊന്നും ചോദിക്കേണ്ട. അതൊന്നും ആലോചിക്കാന്‍ ഇപ്പോള്‍ നേരമില്ല. പിണറായി പ്രതിയല്ലെന്നത്‌ തന്നെ വലിയ കുഴപ്പം. തിരഞ്ഞെടുപ്പിന്‌ ശേഷം സി.ബി.ഐ പിണറായിയെ പിടിച്ചാലും വിരോധമില്ല വിട്ടാലും വിരോധമില്ല. ഈ വോട്ടൊന്ന്‌ കഴിഞ്ഞോട്ടെ.

** ** ** ** **

ലാലുവിന്റെ ബിഹാറിനോളം ക്രമസമാധാന ഭംഗവും ബൂത്ത്‌ പിടിത്തവും ഗുണ്ടാരാജും ഉള്ള സംസ്ഥാനമാണ്‌ കേരളമെന്ന്‌ ഇലക്ഷന്‍ കമ്മീഷന്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌. ഇതൊരു അഭിമാനകരമായ നേട്ടമായി യു.ഡി.എഫ്‌. അതിന്റെ ലിസ്റ്റില്‍ പെടുത്താനിടയുണ്ട്‌. ഇതിനു മുമ്പൊരു സര്‍ക്കാരിനും ഇങ്ങനെയൊരു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ഇരട്ടിവലിപ്പമുള്ള തമിഴ്‌നാട്ടില്‍ ഒറ്റനാള്‍ തിരഞ്ഞെടുപ്പ്‌. ഇവിടെ മൂന്നു നാള്‍ വോട്ടെടുപ്പ്‌.

വിജിലന്‍സ്‌ ഡയറക്റ്ററെ കുറിച്ചുപറഞ്ഞത്‌ ഇലക്ഷന്‍ കമ്മീഷനും ബാധകമാണ്‌. രാഷ്ട്രീയബോധം കുറച്ച്‌ അവര്‍ക്കും നല്ലതാണ്‌. ബിഹാറിലെ ഒരു ജില്ലയില്‍ നിയോഗിക്കുന്നയത്ര പോലീസ്‌ ഉണ്ടെങ്കില്‍ കേരളമാകെ തിരഞ്ഞെടുപ്പ്‌ ഘോഷമായി നടത്താം. കേരളീയര്‍ക്ക്‌, പ്രത്യേകിച്ച്‌ കണ്ണൂരുകാര്‍ക്ക്‌ ഒരു നിര്‍ബന്ധമുണ്ട്‌. തിരഞ്ഞെടുപ്പ്‌ കാലത്ത്‌ അവര്‍ ആരേയും വെട്ടാറും കുത്താറുമില്ല. പോളിങ്ങ്‌ തീരും വരെ ക്ഷമിക്കും. പോളിങ്ങേ മൂന്നു ഘട്ടമാക്കാന്‍ പറ്റൂ. വിജയാഘോഷം മൂന്നുഘട്ടമാക്കാന്‍ ഇലക്ഷന്‍ കമ്മീഷനോ ദൈവം തമ്പുരാന്‌ തന്നെയോ കഴിയില്ല. ഇവിടെയാരും തോക്കു ചൂണ്ടി ബൂത്തു പിടിക്കാറില്ല. കള്ളവോട്ട്‌ ചെയ്യാനും എതിര്‍കക്ഷിയുടെ ബൂത്ത്‌ ഏജന്റ്‌ പോലും ബൂത്തിനടുത്ത്‌ എത്തുന്നില്ലെന്നു ഉറപ്പു വരുത്താനുമുള്ള ശാസ്ത്രീയവും സമാധാനപരവുമായ രീതികള്‍ നമുക്കറിയാം. അതു തടയാന്‍ ഇലക്ഷന്‍ കമ്മീഷണര്‍ ഇനിയും രണ്ടു ജന്‍മം കൂടി ജനിക്കേണ്ടി വരും.

തിരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചാല്‍ പിന്നെ മന്ത്രിസഭ ഭരണം നടത്താന്‍ പാടില്ല എന്നതാണത്രെ മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ അര്‍ത്ഥം. ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മതി. മന്ത്രിമാരെ ആ പണിയില്‍ നിന്നൊഴിവാക്കിയാല്‍ അവര്‍ക്ക്‌ പോയി നാല്‌ വോട്ട്‌ പിടിക്കുകയെങ്കിലും ചെയ്യാം. ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതുപോലും ചട്ടലംഘനമെങ്കില്‍ പിന്നെയെന്തിനു മന്ത്രിസഭ? തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം നടന്ന അതേദിവസത്തെ മന്ത്രിസഭാ തീരുമാനങ്ങളും കമ്മീഷന്‍ ഇടപെട്ട്‌ റദ്ദാക്കി. തിരഞ്ഞെടുപ്പ്‌ ലക്ഷ്യം വെച്ച്‌ മാത്രം സ്വീകരിച്ച ഒരേ ഒരു തീരുമാനമാണ്‌ ആ മന്ത്രിസഭാ യോഗത്തിലുണ്ടായത്‌. അത്‌ ലാവലിന്‍ സി.ബി.ഐ. അന്വേഷണമാണ്‌. അത്‌ റദ്ദാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‌ പറ്റുകയില്ല.

വോട്ടെടുപ്പ്‌ മൂന്നു ദിവസമായതുകൊണ്ടൊരു സൌകര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്‌. പോലീസിനു അംഗബലം കുറവുള്ളതുപോലെ ഗുണ്ടാബലം കുറവുള്ള പാര്‍ട്ടികള്‍ക്ക്‌ ഒരിടത്തെ വോട്ടെടുപ്പ്‌ കഴിയുമ്പോള്‍ ഗുണ്ടകളെ മറ്റുള്ള സ്ഥലങ്ങളിലേക്ക്‌ മാറ്റി വിന്യസിക്കാം. ഇലക്ഷന്‍ കമ്മീഷന്‌ അവര്‍ നന്ദി പറയേണ്ടതുണ്ട്‌.

** ** ** **

കോഴിയോടും കോഴിയിറച്ചിയോടുമുള്ള ഭീതി മാറ്റിയെടുക്കാനാണ്‌ വടക്കന്‍ കേരളത്തില്‍ ഒരിടത്ത്‌ ചിക്കന്‍ കച്ചവടക്കാര്‍ ചേര്‍ന്ന്‌ ചിക്കന്‍ മേള സംഘടിപ്പിച്ചത്‌. തങ്ങളുടെ കച്ചവടവും ഉപജീവനവും പൊളിയുന്ന കാര്യം അവര്‍ ഗൌരവത്തിലെടുത്തത്‌ ന്യായം. ചിക്കന്‍ ഭീതി മാറ്റാന്‍ അവര്‍ ഒരു മാര്‍ഗമേ കണ്ടുള്ളൂ. നല്ല ഫ്രൈഡ്‌ ചിക്കന്‍ സൌജന്യമായിത്തന്നെ വിതരണം ചെയ്യുക. കുറെ നിര്‍ബന്ധവും പ്രേരണയും പ്രോത്സാഹനവും ഒക്കെ ഉണ്ടായാലേ ജനം വഴങ്ങൂ എന്ന്‌ സംഘാടകര്‍ക്ക്‌ ആശങ്ക ഉണ്ടായിരുന്നിരിക്കണം. അയ്യായിരം പാക്കറ്റ്‌ ചിക്കനുണ്ടാക്കി അവര്‍ നെഞ്ചിടിപ്പോടെ കാത്തുനിന്നു. ആരും വന്നില്ലെങ്കില്‍ ആകെ അലമ്പാവില്ലേ? ഓരോരുത്തരായി വരുന്നത്‌ കണ്ടപ്പോള്‍ അവരുടെ ചങ്കിടിപ്പ്‌ മാറി. ധീരന്‍മാരുടെ വംശം കുറ്റിയറ്റുപോയിട്ടില്ലല്ലോ, സമാധാനം. ധീരരുടെ എണ്ണം കൂടി, ഒഴുക്കായി, പ്രവാഹമായി, അനിയന്ത്രിതമായ സുനാമിയായി. സംഘാടകര്‍ ജീവനും കൊണ്ടോടി. ചിലര്‍ക്ക്‌ അടികിട്ടി ചെള്ള ചിക്കന്‍ പോലെ വീര്‍ത്തു. ചിക്കന്‍ കിട്ടാത്തവരുടെ രോദനം അന്തരീക്ഷത്തില്‍ അലയടിച്ചു.

പക്ഷിപ്പനിയൊക്കെ ആഗോളീകരണക്കാരുടെ തന്ത്രം മാത്രം. ചിക്കനാണ്‌ നമ്മുടെ ജീവന്‍. ജീവന്‍പോയാലും ചിക്കന്‍ പോകരുത്‌. സര്‍ക്കാറിന്‌ പറ്റുമെങ്കില്‍ ചിക്കന്‍ഭ്രമം അകറ്റാന്‍ വല്ല മേളയും നടത്താനാവുമോ എന്ന്‌ നോക്കട്ടെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി