എട്ടുനാള്‍ അത്ഭുതവും എട്ടാമത്തെ അത്ഭുതവും


നമ്മുടെ പ്രധാനമന്ത്രി വാജ്‌പേയിയുടെ മനോഹരമായ മുഖത്ത്‌ ഈയിടെയായി പ്രത്യക്ഷപ്പെടുന്നത്‌ ദുഃഖത്തിന്റെ അലകടലാണ്‌. കണ്ടാല്‍ ഇടതുപക്ഷക്കാരനുപോലും സങ്കടം തോന്നിപ്പോകും. അത്രയ്ക്ക്‌ ദയനീയം. ഇന്ത്യയിലെ ഏറ്റവും ദുഃഖിതനായ മനുഷ്യന്‍ അടല്‍ബിഹാരി വാജ്‌പേയിയാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

കൊട്ടിഘോഷിച്ചുകൊണ്ടുവന്നിരുത്തിയത്‌ മുള്‍ക്കസേരയിലാണ്‌. പ്രധാനമന്ത്രിയുടെ സിംഹാസനം നിറയെ കൂര്‍ത്തമുള്ളുകളാണ്‌. തൊലിക്ക്‌ ഇരുമ്പിന്റെ കട്ടിയുള്ളവര്‍ക്ക്‌ ഒട്ടും നോവില്ല. പക്ഷേ, വാജ്‌പേയിക്ക്‌ മരണവേദനയുണ്ടാകുന്നുണ്ട്‌. മുഖത്തെ വെപ്രാളം കണ്ടാലറിയാം. സംഘപരിവാരത്തിന്റെ ഒരു ഗൂഢാലോചന തന്നെയല്ലേ ഇതെന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. ഹിറ്റ്‌ലറുടെ ഇന്ത്യന്‍ പതിപ്പുകളാകാന്‍ കൊതിച്ചുനടക്കുന്നവരുടെ കൂട്ടത്തില്‍ 'ഒരു കൊച്ചുനെഹ്‌റു' ആയിരുന്നല്ലോ വാജ്‌പേയി. ചൊട്ടയിലെ ശീലം ചുടലവരെ എന്ന്‌ പറയുന്നത്‌ വെറുതെയല്ല. പഠിക്കുന്ന കാലത്ത്‌ ചെറിയൊരു ഇടതുപക്ഷച്ചായ്‌വ്‌അദ്ദേഹത്തിനുണ്ടായിരുന്നതുകൊണ്ടായിരിക്കണം ഇപ്പോഴും സംഘപരിവാറിന്റെ സാമ്പാറില്‍ ഒരു വേവാത്ത കഷ്‌ണമായി വാജ്‌പേയി കിടക്കുന്നത്‌. അതുകൊണ്ട്‌ ഈ കുരിശ്‌ താന്‍തന്നെ പേറിക്കൊ എന്നായിരിക്കണം 'പരിവാര്‍' അടല്‍ജിയോട്‌ പറഞ്ഞത്‌.

അടല്‍ജിയുടെ 'നല്ലപുള്ളി'വേഷം കൊണ്ട്‌ പാര്‍ട്ടിക്കും ഗുണമുണ്ട്‌. കഠിനവര്‍ഗീയവാദിയുടെ വോട്ട്‌ മാത്രം പോരല്ലോ ഇലക്ഷന്‍ ജയിക്കാന്‍. പള്ളി പൊളിക്കണം എന്ന്‌ പറയുന്നവന്റെ വോട്ടും വേണം. പൊളിക്കേണ്ടിയിരുന്നില്ല എന്ന്‌ പറയുന്നവന്റെ വോട്ടും വേണം. ആദ്യത്തെ കൂട്ടര്‍ എപ്പോഴും ഒപ്പം തന്നെയുണ്ടാകും. രണ്ടാമത്തെ കൂട്ടരെ ഒപ്പം നിര്‍ത്താന്‍ വാജ്‌പേയിമാരും സിക്കന്തര്‍ ബക്തുമാരും വേണം.

സാധാരണഗതിയില്‍ അധികാരം കിട്ടുംവരയെ ഇത്തരം ശുദ്ധാത്മാക്കളെക്കൊണ്ടുള്ള പ്രയോജനമുണ്ടാകാറുള്ളു. പിന്നെ കരിവേപ്പിലയുടെ സ്ഥാനം പുറത്താണ്‌. ഇക്കുറി അധികാരത്തിലേയ്ക്കുള്ള വരവ്‌ ഒരു അരവിജയം മാത്രമായിരിക്കുമെന്ന്‌ നേരത്തെ അറിയാമായിരുന്നു. തനിച്ച്‌ ഭൂരിപക്ഷമില്ലാത്തതുകൊണ്ട്‌ വ്യാജമതേതരവാദികള്‍, ന്യൂനപക്ഷ വര്‍ഗീയ പ്രീണനക്കാര്‍ തുടങ്ങിയവരുടെ പിന്തുണകൂടി ആവശ്യമായി വന്നേക്കും. അതുകൊണ്ട്‌, ഈ സ്വഭാവമൊക്കെ കുറേശ്ശെയുള്ള വാജ്‌പേയിയെ പ്രധാനമന്ത്രിയാക്കാമെന്ന്‌ നേരത്തെതന്നെ തീരുമാനിച്ചത്‌. ഈ വക നീചന്മാരുടെയൊന്നും പിന്തുണയില്ലാതെ തനിച്ച്‌ കുശാലായി ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുന്നകാലം വന്നാല്‍ നമുക്ക്‌ ലാല്‍കിഷന്‍ അഡ്‌വാണിയെത്തന്നെ പ്രധാനമന്ത്രിയാക്കാം.

പള്ളി പൊളിക്കുന്നത്‌ സ്വന്തം കണ്ണുകൊണ്ട്‌ കണ്ട്‌ കോള്‍മയിര്‍ക്കൊള്ളാന്‍ നേരിട്ട്‌ പോയില്ലെന്നത്‌ മാത്രമല്ല വാജ്‌പേയിയുടെ നന്മ. അദ്ദേഹം സംഘപരിവാറിന്റെ കരിങ്കല്ലുപോലെ കൂര്‍ത്ത നയങ്ങളില്‍ അല്‍പം എണ്ണയൊക്കെ പുരട്ടി മയമുള്ളതാക്കും. 1977-ല്‍ ഓര്‍മയില്ലേ? പാകിസ്തന്‍കാരെ കണ്ടാല്‍ വെട്ടിപ്പിളര്‍ക്കുമെന്ന്‌ പറഞ്ഞിരുന്ന ജനസംഘത്തിന്റെ പ്രസിഡണ്ടായിരുന്നല്ലോ അടല്‍ജി. വിദേശകാര്യമന്ത്രിസ്ഥാനത്തെത്തിയപ്പോള്‍ അടല്‍ജി ആളാകെ മാറി. നേരെ ഇസ്ലാമബാദിലേയ്ക്കാണ്‌ ചെന്നത്‌. വെട്ടിപ്പിളര്‍ക്കാനല്ല, ഭൂട്ടോയെ കെട്ടിപ്പിടിക്കാനാണ്‌. കണ്ടുനിന്നവരൊക്കെ ആനന്ദാശ്രു തൂകി. 'എന്തൊരു നല്ല മന്‍ശ്യനാണപ്പാ' ഇത്‌ എന്നായി ജനം. ഇന്ദിരാഗാന്ധി വീണ്ടും വന്നതോടെ അടല്‍ജി പഴയ ആള്‍ തന്നെയായി. അധികാരത്തില്‍ വരുന്നതിന്‌ മുമ്പ്‌ പറഞ്ഞതിന്റെ നേരെ വിപരീതം. അധികാരത്തിലിരുന്ന്‌ ചെയ്താല്‍ കയ്യടി കിട്ടുന്ന ചിലരുണ്ട്‌. ജമ്മു-കാശ്മീരിലെ ഇലക്ഷനില്‍ ഇന്ത്യ കൃത്രിമം കാട്ടുമെന്ന്‌ പറഞ്ഞതിന്‌ പാകിസ്താന്റെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഉടന്‍ പുറത്താക്കണമെന്ന്‌ കഴിഞ്ഞയാഴ്ചയല്ലേ വാജ്‌പേയിയും അദ്വാനിയും ആവശ്യപ്പെട്ടത്‌? സത്യപ്രതിജ്ഞ കഴിഞ്ഞാലുടന്‍ വാജ്‌പേയി അത്‌ ചെയ്തേക്കുമെന്ന്‌ ബേനസിര്‍ ഭൂട്ടോ ഭയന്നതാണ്‌. പക്ഷേ, ഒന്നും സംഭവിച്ചില്ല. അധികാരം കിട്ടിക്കഴിഞ്ഞാല്‍ ബി.ജെ.പി.ക്കാര്‍ നന്നാവുമത്രെ. എന്തോ ... അറിയില്ല. ബി.ജെ.പി.ക്കാര്‍ വന്നാല്‍ വര്‍ഗീയ കലാപമുണ്ടാവില്ലത്രെ. ശരിയായിരിക്കാം. ഉണ്ടാക്കുന്നവര്‍ക്കല്ലെ ഇല്ലാതാക്കുവാനും പറ്റൂ. കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍വന്നാല്‍ വിദ്യാര്‍ത്ഥിസമരം,അധ്യാപക സമരം, തൊഴിലാളി സമരം, എന്‍.ജി.ഒ. സമരം, റോഡ്‌തടയല്‍, ബന്ദ്‌ തുടങ്ങിയവയൊന്നുമുണ്ടാകാറില്ലല്ലോ. അതുപോലെ.

എട്ടുനാള്‍ അധികാരത്തിലിരുന്ന്‌ വിശ്വാസവോട്ട്‌ നേടാന്‍കഴിയാതെ ഇട്ടെറിഞ്ഞ്‌ പോകേണ്ടിവന്നാല്‍, താന്‍ ചരിത്രത്തില്‍ ചരണ്‍സിങ്ങിനെക്കാള്‍ താഴെനില്‍ക്കുമെന്ന്‌ അടല്‍ജി ന്യായമായി ഭയപ്പെടുന്നുണ്ടാവണം. 210 സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ മന്ത്രിസഭയുണ്ടാക്കില്ലെന്ന്‌ നേരത്തെ പറഞ്ഞവര്‍ 160 സീറ്റ്‌ കിട്ടിയപ്പോള്‍ രാഷ്ട്രപതിഭവനിലേയ്ക്ക്‌ പാഞ്ഞുചെന്നു. രണ്ടാഴ്ചകൊണ്ട്‌ 70 എണ്ണത്തെ ചാക്കില്‍ കയറ്റാമെന്നുപറഞ്ഞ്‌ വിശ്വസിച്ചാണ്‌ എല്ലാവരുംകൂടി അടല്‍ജിയെ മുള്‍ക്കസേരയിലേയ്ക്ക്‌ എടുത്തെറിഞ്ഞത്‌. പാവം അടല്‍ജി, അവിടെ ഇരുന്ന്‌ അദ്ദേഹം എരിപൊരി സഞ്ചാരം അനുഭവിക്കുകയാണ്‌.

സ്ഥാനം പോകുമെന്നതല്ല അടല്‍ജിയുടെ സങ്കടം. സ്ഥാനത്തിരിക്കാന്‍ നരസിംഹറാവു ചെയ്ത സകല 'സല്‍കൃത്യങ്ങളും' അതിലേറെയും പാര്‍ട്ടിക്കാര്‍ തന്നെക്കൊണ്ട്‌ ചെയ്യിക്കുന്നതിലാണ്‌ അദ്ദേഹത്തിന്റെ പ്രയാസം. റാവുജിക്ക്‌ പത്തിരുപത്‌ ആളുകളേയെ ചാക്കില്‍ കയറ്റേണ്ടതുണ്ടായിരുന്നുള്ളൂ. അടല്‍ജിക്ക്‌ 70 എണ്ണംവേണം. റാവുജിക്ക്‌ റീട്ടെയില്‍ ആയി വാങ്ങിയാല്‍ മതിയായിരുന്നു. അടല്‍ജിക്ക്‌ ഹോള്‍സെയിലായി പാര്‍ട്ടികളെ തന്നെ വാങ്ങണം.

പറയുന്നതെല്ലാം പിശകായിപ്പോകുന്നുവെന്നതാണ്‌ മറ്റൊരു കുഴപ്പം. പണ്ട്‌ പറഞ്ഞതൊക്കെ 'ബൂമറാങ്ങ്‌' പോലെ തിരിച്ചുവരുന്നു. റാവുജി പ്രതിപക്ഷപാര്‍ട്ടികളെ പിളര്‍ക്കുന്നു. കാലുമാറ്റിക്കുന്നു. പാര്‍ട്ടികളെ പ്രലോഭിപ്പിച്ച്‌ നയം മാറ്റിക്കുന്നു എന്നൊക്കെയല്ലേ അന്ന്‌ തട്ടിവിട്ടത്‌. ഇന്നിപ്പോള്‍ ഇതൊന്നും ചെയ്തില്ലെങ്കില്‍ 28-ാ‍ം തീയതി സൂര്യനസ്തമിക്കും മുമ്പ്‌ പ്രധാനമന്ത്രിയുടെ കസേര കാലിയാക്കേണ്ടിവരും. അതൊഴിവാക്കാന്‍ എന്തൊക്കെ 'അധര്‍മ'ങ്ങളാണ്‌ ചെയ്യേണ്ടിവരിക, ദൈവമേ .... ഐക്യമുന്നണി കൂട്ടുകെട്ട്‌ അധാര്‍മ്മികമാണെന്ന്‌ പറഞ്ഞ നാവുകൊണ്ടുതന്നെ ഐക്യമുന്നണി ഘടകകക്ഷിയുടെ പിന്തുണ തേടേണ്ടിവരുന്നു. മായാവതിയുടെ മന്ത്രിസഭയെ വലിച്ചുതാഴെയിട്ടതിന്റെ പാപം തീര്‍ക്കാന്‍ മായാവതിയുടെ കാലില്‍ വീഴുന്നു. എല്‍.ടി.ടി.ഇ.യെ തുണയ്ക്കുന്ന 'രാജ്യദ്രോഹി' കളുടെ പിന്തുണ കിട്ടാന്‍ രജനീകാന്തിന്റെ പിറകെ പോകുന്നു. 68-ല്‍ ഇന്ദിരാഗാന്ധി പറഞ്ഞ മനസ്സാക്ഷിവോട്ട്‌ വേണമെന്ന്‌ പറയിക്കുന്നു. ഈ നികൃഷ്ടജോലികളെല്ലാം ചെയ്തിട്ടും അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ അപമാനം അടല്‍ജിക്ക്‌.

പന്ത്രണ്ട്‌ നാള്‍കൊണ്ട്‌ ഒരു രാഷ്ട്രത്തിന്റെ സര്‍ക്കാര്‍ തകര്‍ന്നുപോകുന്നത്‌ വലിയ അപമാനംതന്നെയാണ്‌. എഴുപത്‌ ജനപ്രതിനിധികളെ രണ്ടാഴ്ചകൊണ്ട്‌ വിലയ്ക്ക്‌ വാങ്ങപ്പെട്ടുകഴിഞ്ഞാല്‍ അതും രാഷ്ട്രത്തിന്‌ വലിയ അപമാനമായിരിക്കും. ഇതില്‍ ഏത്‌ അപമാനമാണ്‌ വേണ്ടതെന്ന്‌ ആഗ്രഹിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്‌. നമ്മെപ്പോലുള്ള ഭാഗ്യവാന്മാര്‍ ലോകത്ത്‌ വേറെയില്ല.

ബി.ജെ.പി.ക്കാര്‍ ഒട്ടും നിരാശരാവേണ്ടതില്ല. ഇത്‌ ഗുസ്തിയുടെ ആദ്യറൗണ്ട്‌ മാത്രമാണ്‌. തല്‍ക്കാലം ദേവഗൗഡയുടെ മന്ത്രിസഭ വന്നോട്ടെ. പാവം കര്‍ഷകനല്ലേ, കുറച്ചുദിവസം ഭരിക്കട്ടെ. എല്ലാദിവസവും റാവുജിയുടെ വീട്ടില്‍പോയി തൊഴുതുനില്‍ക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞെന്നുവരില്ല. എന്നെങ്കിലും ഒരുദിവസം തൊഴാന്‍ പോയില്ലെങ്കില്‍ കോണ്‍ഗ്രസ്സ്‌ പിന്തുണ പിന്‍വലിക്കും. അപ്പോള്‍ അടുത്തറൗണ്ട്‌ ഗുസ്തി റാവുവുമായി നേരിട്ട്‌ നടത്താന്‍ കഴിയും. അത്‌ സംഭവിച്ചില്ലെങ്കില്‍തന്നെ സാവകാശം, ക്ഷമാപൂര്‍വം വലിയവലിയ ഇരകള്‍ ഉപയോഗിച്ച്‌ ചൂണ്ടയിട്ടുകൊണ്ടിരിക്കണം. നായിഡു, മൂപ്പനാര്‍, കരുണാനിധി, മൊഹന്ത തുടങ്ങിയ മത്സ്യങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ കുരുങ്ങാതിരിക്കില്ല. ലാലു, മുലായം, ദേവഗൗഡ, മായാവതി എന്നിവരെപ്പോലും ശത്രുക്കളായി കാണേണ്ട. കോണ്‍ഗ്രസ്സിനകത്തും വമ്പന്‍ മത്സ്യങ്ങളുണ്ട്‌. ഒട്ടും ധൃതിപാടില്ല. മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം എന്ന്‌ സ്കൂളില്‍ പഠിച്ചിട്ടില്ലേ? അതുതന്നെയാണ്‌ കാര്യം.

*** *** ***

കേന്ദ്രത്തില്‍ ദേവഗൗഡയുടെ ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ, കേരളത്തിന്റെ സകലമാന പ്രശ്നങ്ങളും ഒറ്റയടിക്ക്‌ പരിഹരിക്കപ്പെടാനുള്ള സാധ്യത തെളിയുകയാണ്‌. 'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ'ങ്ങളായിരുന്നല്ലോ ഇത്രയും കാലത്തെ പ്രശ്നം. ഇനി ആ പ്രശ്നമേയില്ല. രണ്ടിടത്തും നമ്മുടെ സര്‍ക്കാരാണ്‌, ഡി.വൈ.എഫ്‌.ഐ. സഖാക്കള്‍ ഇനി എന്തുചെയ്യും എന്നൊരു പ്രശ്നമുണ്ട്‌. മനുഷ്യമതില്‍, മനുഷ്യഗോപുരം തുടങ്ങി എന്തെങ്കിലും സര്‍ക്കസ്സുകള്‍ അവര്‍ കണ്ടുപിടിച്ചോളും. അതിനെക്കുറിച്ച്‌ നാം ബേജാറാകേണ്ടതില്ല. നാം ചെയ്യേണ്ടത്‌ കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളുടേയും പട്ടിക തയ്യാറാക്കി. സഖാവ്‌ നായനാരുടെ മേലൊപ്പ്‌ വാങ്ങി കേന്ദ്രത്തിനയയ്ക്കുകാണ്‌. റെയില്‍ ഇരട്ടിപ്പ്‌; കായംകുളം, പൂയംകുട്ടി തുടങ്ങി മുന്‍കാല ജനദ്രോഹസര്‍ക്കാരുകള്‍ തുടങ്ങിവെച്ച സകലതും ഉടനെ പാസ്സാക്കിവാങ്ങണം. കേന്ദ്ര അവഗണന എന്നൊരു വാക്ക്‌ ഇനിയിവിടെ കേള്‍ക്കരുത്‌.

സംഗതി ധൃതിതന്നെവേണം. വാജ്‌പേയിയുടെ 'എട്ടുനാള്‍ അത്ഭുത' ത്തിനുശേഷം വരുന്ന ദേവഗൗഡ സര്‍ക്കാര്‍ അധികനാള്‍ നിലനിന്നാല്‍ അത്‌ ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കും. പൊളിഞ്ഞുവീഴും മുമ്പ്‌ നമ്മുടെ കാര്യം നടക്കണം.

കോണ്‍ഗ്രസ്സ്‌ പിന്തുണയോടെ കേന്ദ്രത്തില്‍ ഐക്യമുന്നണി അധികാരത്തില്‍വന്നാല്‍, കേരളത്തിലെ ഡി.വൈ.എഫ്‌.ഐ.കാരും കഷ്ടത്തിലാവും. കേന്ദ്രത്തില്‍ ഒപ്പം നില്‍ക്കുന്ന നായനാരെ പരിധിവിട്ട്‌ വിമര്‍ശിക്കുക പ്രയാസമാവും. ഏതായാലും അവിടെ ബി.ജെ.പി. വിരുദ്ധമുന്നണിയല്ലേ? ഇവിടേയും അതാവും. യു.ഡി.എഫിന്‌ എല്‍.ഡി.എഫ്‌. ഭരണത്തേയും പുറത്തുനിന്ന്‌ പിന്താങ്ങിക്കൂടെ? തഞ്ചംകിട്ടിയാല്‍ അകത്ത്‌ കയറുകയും ആവാം. പ്രതിപക്ഷം ഉണ്ടാകില്ലെന്ന ഒരു കുഴപ്പമേയുണ്ടാകൂ. അത്‌ സാരമില്ല, ഒന്നും മിണ്ടാന്‍ പറ്റാത്ത പ്രതിപക്ഷമുണ്ടാകുന്നതിലും ഭേദം പ്രതിപക്ഷം ഇല്ലാതിരിക്കുകയാണ്‌.

*** *** ***

പത്രക്കാര്‍ എഴുതുന്നതൊന്നും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു - ബൂര്‍ഷ്വാ പത്രങ്ങളുടെ കാര്യമാണ്‌ പറഞ്ഞത്‌. സഖാവ്‌ ഇ.എം.എസ്‌. മുഖ്യപത്രാധിപരായുള്ള തൊഴിലാളിവര്‍ഗ്ഗ പത്രത്തിന്റെ കാര്യമല്ല. നായനാരും വി.എസ്സും തമ്മിലുള്ള ബന്ധം കീരി-മൂര്‍ഖന്‍, ആന്റണി-കരുണാകരന്‍ ബന്ധങ്ങളേക്കാള്‍ വഷളാണെന്നായിരുന്നു അവര്‍ എഴുതിപ്പിടിപ്പിച്ചിരുന്നത്‌. വി.എസ്സിനെ നിയമസഭയിലേയ്ക്ക്‌ മത്സരിക്കാന്‍ അനുവദിക്കുകയും നായനാരെ അനുവദിക്കാതിരിക്കുകയും ചെയ്തത്‌ വി.എസ്സിനെ വിജയമായിരുന്നു എന്ന്‌ എഴുതിപ്പിടിച്ചവരുണ്ട്‌. വി.എസ്‌. തോറ്റത്‌ നായനാര്‍ ഗ്രൂപ്പിന്റെ പാരയാണെന്നും നാം വായിച്ചു. ഒടുവില്‍ മണ്ണുംചാരി നിന്ന നായനാര്‍ മുഖ്യമന്ത്രിസ്ഥാനം കൊണ്ടുപോയപ്പോള്‍ എഴുതിയതെന്താണ്‌? അത്‌ വി.എസ്സിന്റെ വിജയമാണെന്ന്‌. സത്യമായും ഇതൊന്നും നമുക്ക്‌ മനസ്സിലാകുന്നില്ല. ഒഴിവുവന്ന പാര്‍ട്ടി സെക്രട്ടറി സ്ഥാനം വി.എസ്സിന്‌ കിട്ടിയോ? ഇല്ല. അതും വി.എസ്സിന്റെ വിജയം. ദേശാഭിമാനിയില്‍ ചീഫ്‌ എഡിറ്റര്‍സ്ഥാനം വി.എസ്സിന്റെ വിജയമാണെന്ന്‌ പറഞ്ഞേക്കും. നായനാര്‍ ഇപ്പോള്‍ വി.എസ്സിന്റെ ഗ്രൂപ്പിലാണത്രെ. ഇതുവിശ്വസിക്കാന്‍ നമ്മളെ കിട്ടൂല. കരുണാകരന്‍ ആന്റണിയുടെ ഗ്രൂപ്പില്‍ ചേര്‍ന്നെന്ന്‌ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

വിശേഷിച്ചൊരു പണിയും ഇല്ലതെ വി.എസ്‌. നില്‍ക്കുമ്പോള്‍ നിന്നുതിരിയാന്‍ സമയമില്ലാതെ സഖാവ്‌ ഇ.എമ്മിനെ ചീഫ്‌ എഡിറ്റര്‍സ്ഥാനം ഏല്‍പിച്ചതിനെക്കുറിച്ചെന്താണ്‌ പറയാനുള്ളത്‌? ചീഫ്‌ മിനിസ്റ്റര്‍സ്ഥാനത്തിരിക്കാന്‍ യോഗ്യതയുള്ള ഒരാളും ഇല്ലാത്തതുകൊണ്ടാണ്‌ നായനാരെ തിരിച്ചുവിളിച്ചുകൊണ്ടുവന്നത്‌. ചീഫ്‌ എഡിറ്റര്‍ സ്ഥാനത്തിന്റെ അവസ്ഥയും അതുതന്നെ. യോഗ്യതയുള്ള ഒരൊറ്റ ബുദ്ധിജീവി പാര്‍ട്ടിയിലില്ല. നായനാരുടെ അടുത്തൊന്നും നില്‍ക്കാന്‍ യോഗ്യതയില്ലെങ്കിലും കഷ്ടിച്ച്‌ ഒപ്പിക്കാവുന്ന ഒരാള്‍ ഇ.എം. മാത്രമാണ്‌. അതുകൊണ്ടാണ്‌ മുപ്പത്‌ വര്‍ഷത്തിനുശേഷം ഇ.എം.പത്രത്തിലേയ്ക്ക്‌ മടങ്ങിവന്നത്‌. നേതൃത്വദാരിദ്ര്യം ണത്ര കലശലാണെന്ന്‌ അറിഞ്ഞിരുന്നില്ല. സി.പി.ഐയില്‍ നിന്നോ മറ്റോ കൊള്ളാവുന്ന നാലഞ്ചാളുകളെ കടമെടുക്കുന്നകാര്യം ആലോചിക്കാവുന്നതാണ്‌.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി