പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മാധ്യമങ്ങള്‍ മാത്രമോ ?


കേരളചരിത്രത്തിലെ ഏറ്റവും ക്രൂരമായ മാധ്യമവേട്ടയുടെ ഇര നമ്പിനാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍ തനിക്കുമേല്‍ വലിച്ചെറിയപ്പെട്ട മാലിന്യക്കൂമ്പാരത്തില്‍ നിന്ന് മോചിതനായി നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ മലയാളി സമൂഹം കുറ്റബോധം കൊണ്ട് ലജ്ജിച്ച് തലതാഴ്‌ത്തേണ്ടതുണ്ട്. ഒരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും കൊടിയ ക്രൂരത ആണ് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹതത്തോട് ചെയ്തത്. ഇന്ന് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ശരിതെറ്റുകളെ കുറിച്ചുള്ള എല്ലാ സംശയങ്ങളും നീങ്ങി അദ്ദേഹം വിജയശ്രീലാളിതനായി നമുക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ നാം അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് മാപ്പ് ചോദിക്കേണ്ടതുണ്ട്. ഒരു നമ്പിനാരായണനേ ഇപ്പോള്‍ രംഗത്തുള്ളൂ. ശശികുമാറും ചന്ദ്രശേഖരനും മറിയം റഷീദയുമെല്ലാം എവിടെയാണ് ഉള്ളത് എന്ന് നമുക്കറിയില്ല.

കേരളത്തില്‍ 1994-95 കാലത്ത് ജീവിച്ച മാധ്യമപ്രവര്‍ത്തകര്‍ തീര്‍ച്ചയായും എക്കാലവും കറുത്ത ലിപികളില്‍ മാത്രം രചിക്കപ്പെടുന്ന ആ അധ്യായത്തെ കുറിച്ച് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ആ  തെറ്റുകുറ്റങ്ങളില്‍ നമുക്കെല്ലാം പങ്കുണ്ട്. നാം നമ്മുടെതന്നെ മനസ്സുകളിലേക്കും പ്രവര്‍ത്തികളിലേക്കും ഇറങ്ങിച്ചെന്ന് എന്തുകൊണ്ട് അന്ന് അങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കേണ്ടതുണ്ട്. നമ്പിനാരായണനോടോ മറിയം റഷീദയോടോ എന്തെങ്കിലും വ്യക്തിപരമോ തൊഴില്‍ പരമോ ആയ വിരോധം നമുക്കാര്‍ക്കും ഉണ്ടായിരുന്നില്ല. എല്ലായ്‌പ്പോഴും തെറ്റായി ആരോപിക്കപ്പെടാറുള്ളതുപോലെ, ഇതില്‍ മാധ്യമഗൂഡാലോചനയേ ഉണ്ടായിട്ടില്ല. എല്ലാവരും സിന്‍ഡിക്കേറ്റായി ഒപ്പമിരുന്ന് കഥകള്‍ പടച്ചുണ്ടാക്കുകയായിരുന്നില്ല. പക്ഷേ, എല്ലാവരും തെറ്റ് എഴുതുന്നതില്‍ മത്സരിച്ചു. അര്‍ദ്ധസത്യങ്ങളും അബദ്ധങ്ങളും അസത്യങ്ങളും എഴുതിക്കൂട്ടുന്നതില്‍ മത്സരിച്ചു. അതെഴുതിയവര്‍ക്കുപോലും ഇന്ന് ഓര്‍മിക്കാന്‍ ലജ്ജിക്കുന്ന വിധത്തിലാണ് നട്ടാല്‍ മുളക്കാത്ത കള്ളങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്.

വാസ്തവത്തില്‍ എന്താണ് ഇതിനുകാരണം ? ഇത് അന്നുമാത്രം സംഭവിച്ച ഒരു അത്യപൂര്‍വ വ്യതിയാനമായിരുന്നുവോ ? അല്ലേ അല്ല. ഇതാണ് ഏറിയും കുറഞ്ഞും ഇന്നും  സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തിലെ വിവരശേഖരണത്തിന്റെ അങ്ങേയറ്റം അശാസ്ത്രീയവും എപ്പോഴും തെറ്റുപറ്റാവുന്നതുമായ രീതിയാണ് അന്ന് അവലംബിച്ചുപോന്നത്. ഇന്നും അതുതന്നെയാണ് സംഭവിക്കുന്നത്. ചില തരം വാര്‍ത്തകള്‍ വരുമ്പോള്‍ മാത്രം ചിലര്‍ മാറിനിന്ന് ഇതാ മാധ്യമസൃഷ്ടി നടക്കുന്നു, മാധ്യമഗൂഡാല ാേചന നടക്കുന്നു,  മാധ്യമസിന്‍ഡിക്കേറ്റ് വാര്‍ത്ത ചമയ്ക്കുന്നു എന്നെല്ലാം വിളിച്ചുകൂവാറുണ്ടെങ്കിലും മറ്റുചിലയിനം സംഗതികള്‍ റിപ്പോര്‍ട് ചെയ്യുമ്പോള്‍ അവരും ഈ കൂട്ടത്തിലെ സജീവപങ്കാളികളായി മാറും. ഒരു പക്ഷേ ബഹൂഭൂരിപക്ഷം മാധ്യമങ്ങളും, കക്ഷിരാഷ്ട്രീയ ഭേദമന്യേ, അസത്യം എഴുതുന്നതില്‍ കഴുത്തറപ്പന്‍ മത്സരം നടത്തിയ വലിയ സംഭവമായിരുന്നു ചാരക്കേസ് റിപ്പോര്‍ട്ടിങ്ങ്. കേസ് വിചാരണക്കെടുക്കുംവരെ അന്വേഷണവാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്താനേ പാടില്ല എന്ന് ആവശ്യപ്പെട്ട് ഇന്ന് കോടതിയെ സമീപിച്ച പാര്‍ട്ടിയുടെ നേതാക്കള്‍ അന്ന് ഇത്തരം വാര്‍ത്തകളെ മാത്രം ആസ്പദമാക്കി മുഖ്യമന്ത്രിയുടെയും പോലീസ് മേധാവിയുടെയും രാജി മാത്രമല്ല അറസ്റ്റ് വരെ ആവശ്യപ്പെടുകയായിരുന്നു എന്നത് വേറെ കാര്യം.

ജേണലിസം തത്ത്വങ്ങളുടെയും പ്രയോഗത്തിന്റെയും മാത്രം കാഴ്ച്ചപ്പാടിലൂടെ ഈ വിഷയത്തെ വിശകലനം ചെയ്യേണ്ടതുണ്ട്. ഒരു പാട് ശരികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യാറുണ്ട്. അതിന്റെ പേരില്‍ അവര്‍ പ്രശംസിക്കപ്പെടാറുമുണ്ട്. ശരികളോളം തെറ്റുകളും സംഭവിക്കുന്നു. അതിന്റെ പേരില്‍ അവര്‍ ആക്ഷേപിക്കപ്പെടാറുമുണ്ട്. രണ്ടിടത്തും മാധ്യമപ്രവര്‍ത്തകന്റെ യഥാര്‍ത്ഥ റോള്‍ ചെറുതാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കപ്പെടാറാണ് പതിവ്. റിപ്പോര്‍ട്ടറെ ശരിയിലേക്കും ചിലപ്പോള്‍ തെറ്റിലേക്കും നയിക്കാറുള്ളത് സ്റ്റോറികള്‍ക്ക് പിന്നില്‍ ഒളിഞ്ഞുനില്‍ക്കുന്ന ന്യൂസ് സോഴ്‌സുകളാണ്. ഒരു ന്യൂസ് സോഴ്‌സിനെ മാത്രം ആശ്രയിച്ച്, മറ്റൊരു പരിശോധനയോ സ്ഥിരീകരണങ്ങളോ ഇല്ലാതെയാണോ നിങ്ങള്‍ ഇക്കണ്ട വാര്‍ത്തകളെല്ലാം എഴുതിക്കൂട്ടുന്നത് എന്ന ചോദ്യം ഉയര്‍ന്നേക്കാം. സത്യമായും പലപ്പോഴും അങ്ങനെതന്നെയാണ് സംഭവിക്കാറുള്ളത്. സുപ്രധാനമായ ഒരു വാര്‍ത്തയ്ക്ക് ഒരേയൊരു സോഴ്‌സ് മാത്രം ഉണ്ടാകുമ്പോള്‍, സോഴ്‌സ് നല്‍കുന്ന വിവരം സ്ഥിരീകരിക്കനോ തള്ളാനോ കഴിയാതെ വരുമ്പോള്‍, ആ വാര്‍ത്ത മുഖ്യവാര്‍ത്തയായി ചില മാധ്യമങ്ങള്‍ ' ആഘോഷിക്കാന്‍ ' തുടങ്ങുമ്പോള്‍ ആ വഴിയേ പോകാതിരിക്കാനും സത്യത്തെയും പത്രധര്‍മത്തേയും മുറുകെപിടിക്കാനും അസാധാരണമായ ചങ്കുറപ്പും നീതിബാധവും വേണം. അതാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്ക് അന്ന് ഇല്ലാതെ പോയത്- ഇന്നും ഇല്ലാത്തതും അതുതന്നെ.

1994 നവംബര്‍ 19 മുതല്‍ മലയാള മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നുകൊണ്ടിരുന്നതിന്റെ പരിണാമക്രമം പരിശോധിക്കുന്നത് മാധ്യമപഠനം നടത്തുന്നവര്‍ക്ക് പ്രയോജനപ്രദമായ  പല വിവരങ്ങളും നല്‍കും. മുഖ്യധാരാ മാധ്യമങ്ങളില്‍ ആദ്യം ചെറിയ ഒറ്റക്കോളം വാര്‍ത്തകളോ ബോക്‌സുകളോ ആയി ഉള്‍പേജില്‍വന്ന കാര്യങ്ങള്‍ വളരെ വേഗം വലുതായി ഒന്നാം പേജിലും മെയിന്‍ ന്യൂസുമായി രൂപാന്തരപ്പെടുകയായിരുന്നു. എല്ലാറ്റിനും ആധാരമായത് ഒരേ സോഴ്‌സില്‍ നിന്നുള്ള വെളിപ്പെടുത്തലുകള്‍. അതാര് എന്ന് എവിടെയും വെളിപ്പെടുത്തുന്നില്ല. സോഴ്‌സിനെ പൂര്‍ണമായി ആശ്രയിച്ച് ഒരു രേഖയോ ഒരു പരിശോധനയോ ഇല്ലാതെ ഉയര്‍ന്ന ശാസ്്ത്രജ്ഞന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ ആഞ്ഞടിക്കുകയായിരുന്നു.

1994 ഡിസംബര്‍ അഞ്ചിന് വന്ന വാര്‍ത്ത ഇങ്ങനെ-
ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രഗവേഷണ ഫലങ്ങളും പ്രതിരോധരഹസ്യങ്ങളും ഫലപ്രദമായി ചോര്‍ത്തുന്നതിനും ഐ.എസ്.ആര്‍.ഒ. എന്‍ജിനീയര്‍മാരുമായി ബന്ധപ്പെടുന്നതിനുമായി പാകിസ്ഥാനിലെ ഏറ്റവും മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഏതാനും മാസം മുമ്പ് രഹസ്യമായി തിരുവനന്തപുരത്തുവന്നു. പഴവങ്ങാടിയിലെ വന്‍കിട ഹോട്ടലില്‍ താമസിച്ചു.നൂറില്‍പരം ശാസ്ത്രജ്ഞന്മാരുമായി വിവിധ ഉദ്യോഗസ്ഥന്മാരുമായും ഇയാള്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
വാര്‍ത്താസ്രോതസ്സുകളെ അന്ധമായി വിശ്വസിക്കുന്നതുമാത്രമല്ല പ്രശ്‌നം, പത്രപ്രവര്‍ത്തകര്‍ക്ക് സാമാന്യബുദ്ധിയില്ലാത്തതുമാണെന്നും ഈ വാര്‍ത്ത വെളിവാക്കും. ലോകത്ത് ഇന്നുവരെ ഒരാള്‍ ശത്രുരാജ്യത്തെ സുപ്രധാനസ്ഥാപനത്തില്‍ ചെന്ന്  'നൂറില്‍പരം ശാസ്ത്രജ്ഞന്മാരുമായി വിവിധ ഉദ്യോഗസ്ഥന്മാരുമായും ' ചര്‍ച്ച നടത്തി വിവരം ശേഖരിച്ചിട്ടുണ്ടാവുകയില്ല. ഈ വാര്‍ത്തയും പോലീസ് ഉദ്യോഗസ്ഥരുടെ സൃഷ്ടിയാണ്. വെള്ളം കൂട്ടാതെ അത് വിഴുങ്ങുകയാണ് പത്രപ്രവര്‍ത്തകന്‍ ചെയ്തത്. പിന്നീട് ചാരക്കേസ്സിന്റെ ഒരു ഘട്ടത്തിലും ഈ പാക് ശാസ്ത്രജ്ഞന്റെ പേരോ ഇതിന്റെ വിശദാംശങ്ങളോ വായനക്കാര്‍ക്ക് ലഭിക്കുകയുണ്ടായില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്.

ഡിസംബര്‍ ആറിന് വന്ന മറ്റൊരു വാര്‍ത്തയില്‍ ഒരു ശാസ്ത്രജ്ഞന്‍ താന്‍ ഇന്ത്യയുടെ റാഡാര്‍ രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിക്കൊടുത്തതായി പോലീസിനോട് സമ്മതിച്ചതായി എഴുതിയിട്ടുണ്ട്. സംശയത്തിന്റെ ലവലേശം സൂചന പോലും ഇല്ലാതെ തങ്ങള്‍ ഈ കുറ്റസമ്മതം കാണുകയോ കേള്‍ക്കുകയോ ചെയ്തുഎന്ന മട്ടില്‍ എത്ര ആധികാരികമായാണ് ശാസ്ത്രജ്ഞന്മാരെ കുറിച്ച്  ഇതെല്ലാം എഴുതി വെച്ചിരിക്കുന്നത് എന്ന് നോക്കണം.

പത്രപ്രവര്‍ത്തകര്‍ മാത്രമാണോ ഈ വിധം തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത് ? അല്ലേയല്ല. ബഹുമാനപ്പെട്ട കോടതി എന്താണ് ചെയ്തത് ?  കേസ് അന്വേഷണത്തിന്റെ ആദ്യഘട്ട റിപ്പോര്‍ട്ട് സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ ഐ.ജി.ശ്രീവാസ്തവയ്ക്ക് ചാരവൃത്തിക്കേസ്സുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരു രേഖയും കിട്ടിയിട്ടില്ല എന്ന് സി.ബി.ഐ. അറിയിച്ചപ്പോള്‍, അതൊന്നുമല്ല ബന്ധമുണ്ടെന്ന് തങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട് എന്നാണ് ബഹുമാനപ്പെട്ട ജസ്റ്റിസുമാര്‍ പറഞ്ഞത്. അത് പത്രങ്ങളില്‍ മുഖ്യവാര്‍ത്തയായി- ചാരവൃത്തിക്കേസില്‍ ശ്രീവാസ്തവയ്ക്ക് ബന്ധം കാണുന്നു: ഹൈക്കോടതി എന്നാണ് വാര്‍ത്താതലവാചകം.

കേസ് അന്വേഷണം തുടങ്ങിവെക്കുകമാത്രം  ചെയ്ത കേരള പോലീസിലെ ഉദ്യോഗസ്ഥന്മാര്‍ പത്രങ്ങളുമായുള്ള ബന്ധം തുടര്‍ന്നുകൊണ്ടേയിരുന്നു. കേസ് അന്വേഷിക്കുന്ന സി.ബി.ഐ. അവരുടേതായ നിഗമനങ്ങളിലേക്ക് വരുമ്പോള്‍ ഓരോന്നും ചോദ്യം ചെയ്യുന്ന വാര്‍ത്തകള്‍ ഈ ഉദ്യോഗസ്ഥര്‍ സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ കോടതി സി.ബി.ഐ.യുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഘട്ടം വരെ എത്തി. പത്രറിപ്പോര്‍ട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്ന പണി. ബാക്കി തെറ്റിദ്ധരിപ്പിക്കല്‍ അവര്‍ നിര്‍വഹിച്ചുകൊള്ളും. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പിന്നെ പാര്‍ട്ടികളും നേതാക്കളും ഒരു പരിധി വരെ കോടതിപോലും നിഗമനങ്ങളിലേക്കെത്തുന്നത്.

മാധ്യമ പ്രവര്‍ത്തകരുടെ വ്യക്തികള്‍ എന്ന നിലയിലെ നന്മതിന്മകളല്ല ഈ ദുരന്തത്തിന് കാരണം. ഒരു പ്രൊഫഷന്‍ എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന തൊഴില്‍ ഉപകരണങ്ങളിലും രീതികളിലും അപാകങ്ങളുണ്ട് എന്ന് നൂറുവട്ടം തെളിയിക്കപ്പെട്ടിട്ടുണ്ട്. ദുരദ്ദേശപൂര്‍വം വാര്‍ത്തകള്‍ നല്‍കുന്ന അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ രഹസ്യമായി നല്‍കുന്ന വിവരങ്ങളില്‍ വിശ്വസിച്ച് പാകിസ്ഥാന്‍ ശാസ്ത്രജ്ഞന്‍ വന്നുവെന്നും നമ്പിനാരായണന്‍ രഹസ്യം കൈമാറിയെന്നും ശ്രീവാസ്തവ കോടിരൂപ കൈപ്പറ്റിയെന്നും മറ്റും എഴുതുന്നത് ഈ തൊഴിലിന്റെ ഏറ്റവും ദുര്‍ബലമായ വശമാണ്. അതൊരു പോലീസ് വിവരമാണെന്നോ അതുനല്‍കിയത് ഇന്ന ഉദ്യോഗസ്ഥനാണെന്നോ വെളിപ്പെടുത്താതെ ഇത് തെളിയക്കപ്പെട്ട സത്യമാണ് എന്ന മട്ടില്‍ വാര്‍ത്ത രചിക്കുന്നത് തെറ്റുമാത്രമല്ല  കുറ്റകൃത്യം കൂടിയാണ്. ഈ തെറ്റില്‍നിന്ന് നാമിന്നും മോചിതരായിട്ടില്ല.

ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാം പകല്‍ പോലെ തെളിഞ്ഞപ്പോഴെങ്കിലും എന്താണ് അന്ന് സംഭവിച്ചത്, ആരാണ് ഈ കെട്ടുകഥകള്‍ ചമച്ചത്, എന്തിനാണ് അവരിത് ചെയ്തത് എന്നെല്ലാമുള്ള കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം പൊതുസമൂഹവും മാധ്യമങ്ങളും ആവശ്യപ്പെടേണ്ടതുണ്ട്. എവിടെയാണ് നമുക്ക് പിശകിയതെന്നും ഇനിയെങ്കിലും ഇത്തരം പിശകുകള്‍ സംഭവിക്കാതിരിക്കാന്‍ എന്തുചെയ്യണമെന്നും മാധ്യമരംഗത്തുള്ളവരും ആലോചിക്കേണ്ടതുണ്ട്. ഒരുപാട് മുമ്പെ നടക്കേണ്ടിയിരുന്ന പുനര്‍വിചിന്തനം ഇപ്പോഴെങ്കിലു നടത്താന്‍ നമുക്കാകുമോ ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി