Thursday, 21 February 2013

സി.പി.എം. ലീവ് റൂള്‍സ്‌


തൊഴിലാളിവര്‍ഗപ്പാര്‍ട്ടിയുടെ ഭാരവാഹികള്‍ക്ക് ജോലിക്കിടയില്‍ അവധി നല്‍കുന്ന സമ്പ്രദായം ഏര്‍പ്പെടുത്തിയത് തൊഴിലാളിവര്‍ഗത്തിന്റെ മുന്നേറ്റത്തില്‍ ഒരു നാഴികക്കല്ലായി വേണം കാണാന്‍. ബൂര്‍ഷ്വാപാര്‍ട്ടികളില്‍ ഈ സമ്പ്രദായമില്ല. അവിടെ ആര്‍ക്കെങ്കിലും ഞരമ്പിനോ മറ്റോ അസഹ്യമായ അസുഖമുണ്ടായാലും സ്ഥാനത്തു തുടരാന്‍ അനുവദിക്കുന്ന അപകടകരമായ സമ്പ്രദായമാണ് ഉള്ളത്. എഴുന്നേറ്റുനടക്കാന്‍ വയ്യാത്ത അവസ്ഥയിലും ചില മാന്യന്മാര്‍ ഭാരവാഹിത്വത്തില്‍ തുടരുന്നതായി കണ്ടിട്ടുണ്ട്. ഇനി വല്ലതരത്തിലും ആളെ താഴെയിറക്കണമെന്ന് തീരുമാനിച്ചാല്‍ ലീവും അവധിയുമൊന്നും അവര്‍ നല്‍കില്ല. ക്രൂരമായി പിരിച്ചുവിടും.

മറ്റനവധി കാര്യങ്ങളിലുമെന്നപോലെ, കണ്ണൂര്‍ ജില്ലയിലാണ് വിപ്ലവകരമായ മാറ്റം ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി അവധിയില്‍ പോയത്, സംഭവത്തിന്റെ അസാധാരണത്വം കൊണ്ടാവണം, ഏറെ മാധ്യമശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ലീവ് സാങ്ഷന്‍ ഓര്‍ഡറില്‍ അവധി നല്‍കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതൊന്നും വിശ്വസിക്കുന്നവരല്ലല്ലോ മാധ്യമക്കാര്‍. ഏത് അകിടിലും ചോര തന്നെ അവര്‍ക്കു പ്രിയം. എന്തെല്ലാം ദുഷിച്ച കഥകളാണ് അവര്‍ പ്രചരിപ്പിക്കുന്നത്..!സഖാവിന്റെ സദാചാരത്തെപ്പോലും ചോദ്യം ചെയ്യുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. വിപ്ലവപ്പാര്‍ട്ടിയില്‍ അനാശാസ്യംപോലും..! കനലില്‍ ഉറുമ്പോ?

അച്ചടക്കനടപടിയെടുത്തതാണെങ്കില്‍ സംഗതി പുറത്തുപറയാനുള്ള ആര്‍ജവം പാര്‍ട്ടിക്കുണ്ടെന്ന് കോടിയേരി സഖാവ് പറഞ്ഞത് ശ്രദ്ധേയമാണ്. പുറത്തുപറയാന്‍ കൊള്ളാത്ത സംഗതിയൊന്നും നമ്മുടെ പാര്‍ട്ടിയിലുണ്ടാകാറില്ല.

പാര്‍ട്ടി ഭരണഘടനയില്‍ ലീവ് ചട്ടങ്ങള്‍ മുമ്പ് ഉള്‍പ്പെടുത്തിയിരുന്നില്ല. യുദ്ധകാലത്ത് പട്ടാളക്കാര്‍ക്ക് ലീവനുവദിക്കാറില്ല എന്നതുപോലെ വിപ്ലവപ്പാര്‍ട്ടിയില്‍ ലീവ് അനുവദിക്കുക സാധ്യമല്ല. എപ്പോഴാണ് സായുധവിപ്ലവം തുടങ്ങുക എന്നറിയില്ലല്ലോ. എന്തിനും സന്നദ്ധരായി കവാത്ത് എടുത്തുകൊണ്ടേ ഇരിക്കുകയാണ് രീതി. അതുകൊണ്ടാണ് തൊണ്ണൂറു പിന്നിട്ടകാലത്ത് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനും \'\'എനിക്ക് വയ്യേ\'\' എന്ന് വിലപിച്ചിട്ടും ജ്യോതിബസുവിനും ലീവനുവദിക്കാതിരുന്നത്. എന്തിനേറെ, കാപാലികര്‍ കഴുത്തിന് വെടിവെച്ചതിനെത്തുടര്‍ന്ന് അവശനിലയിലായപ്പോള്‍ നമ്മുടെ ജയരാജന്‍ സഖാവിന് ലീവനുവദിക്കുകയുണ്ടായില്ല എന്നോര്‍ക്കണം.

അടുത്ത ഘട്ടത്തില്‍ ലീവ് ചട്ടങ്ങള്‍ക്ക് ശാസ്ത്രീയമായ രൂപം നല്‍കും. ഇതിനായി സര്‍ക്കാര്‍ മേഖലയിലെ ലീവ് ചട്ടങ്ങള്‍ എത്രത്തോളം സ്വീകരിക്കാമെന്ന് പരിശോധിക്കുന്നതാണ്. മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് അവധിയോ നിശ്ചിത തൊഴില്‍സമയമോ ഇല്ല. ആഴ്ചയില്‍ ഒരു ദിവസം ഓഫ്, കാഷ്വല്‍ ലീവ്, ഏണ്‍ഡ് ലീവ് എന്നിവ ഏര്‍പ്പെടുത്തേണ്ടതുണ്ട്. തൊഴിലാളിവര്‍ഗത്തിന് ബാധകമായ ആനുകൂല്യങ്ങള്‍ തൊഴിലാളിവര്‍ഗപ്പാര്‍ട്ടിയുടെ പ്രവര്‍ത്തകന് ബാധകമല്ല എന്നുപറയുന്നത് ന്യായമല്ലല്ലോ. എന്തൊക്കെ കുറ്റം പറഞ്ഞാലും ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്ഥാനത്തിന് അപേക്ഷ നല്‍കല്‍, അതിന് അപേക്ഷാഫീസ് സ്വീകരിക്കല്‍, നിയമനത്തിന് മുമ്പ് ഇന്റര്‍വ്യൂ, ശുപാര്‍ശ, കോഴ എന്നീ ശാസ്ത്രീയമായ രീതികള്‍ കൂടി ഏര്‍പ്പെടുത്തിയ പാര്‍ട്ടിയാണ് അത്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെയോ ചെന്നിത്തലയെയോ ഒരു കണ്‍സള്‍ട്ടന്റായി വെക്കാവുന്നതുമാണ്.

നിരവധി മുന്‍ എം.പി.മാരും എം.എല്‍.എ.മാരും ഈയിടെ പാര്‍ട്ടി വിട്ടുപോയ സാഹചര്യം പരിഗണിച്ച് മറ്റൊരു കാര്യം കൂടി ആലോചിക്കാവുന്നതാണ്. ദീര്‍ഘകാലാവധി എടുത്ത് സ്വകാര്യമേഖലയിലോ വിദേശത്തോ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാരെ അനുവദിക്കുന്നതുപോലെ പാര്‍ട്ടി നേതാക്കള്‍ക്ക് നിശ്ചിതകാലത്ത് ഏതെങ്കിലും ബൂര്‍ഷ്വാപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ലീവനുവദിക്കുന്ന കാര്യമാണ് അത്. അസാധ്യം, പരിഹാസ്യമായ നിര്‍ദേശം എന്നൊക്കെ ആദ്യം തോന്നിയേക്കും. മഹത്തായ പല ആശയങ്ങളും ആദ്യം അങ്ങനെ മുദ്ര കുത്തപ്പെട്ടവയായിരുന്നു എന്നോര്‍ക്കണം. അങ്ങനെ ഒരു വ്യവസ്ഥയുണ്ടായിരുന്നെങ്കില്‍ ആഞ്ചലോസ് മുതല്‍ അബ്ദുല്ലക്കുട്ടിയും അലിയും വരെ എത്രയെത്ര നേതാക്കള്‍ക്ക് പ്രയോജനപ്പെടുമായിരുന്നു. ഇക്കാര്യത്തില്‍ പക്ഷേ, ഒരു വ്യവസ്ഥ നിര്‍ബന്ധമാക്കണം. ഇങ്ങനെ പോകുന്നവര്‍ അതുവരെ അടച്ചുകൊണ്ടിരുന്ന ലെവിയുടെ ഇരട്ടി പാര്‍ട്ടിക്ക് നല്‍കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ട.

****

ലെവിയുടെ കാര്യംപറഞ്ഞപ്പോഴാണ് ഓര്‍ത്തത്. സി.പി.എമ്മില്‍ പുതിയ ലെവി വ്യവസ്ഥ നടപ്പാക്കിയതായി റിപ്പോര്‍ട്ടുണ്ട്. പാര്‍ലമെന്റംഗങ്ങളുടെ ശമ്പളം ഈയിടെ വര്‍ധിപ്പിച്ചിരുന്നല്ലോ. വര്‍ധിപ്പിച്ച സംഖ്യ ഏതാണ്ട് മുഴുവന്‍ പാര്‍ട്ടിക്ക് ലെവിയായി നല്‍കണമെന്ന് ഇണ്ടാസ് പുറപ്പെടുവിച്ചിട്ടുണ്ടത്രെ. ഇതനുസരിച്ച് ലോക്‌സഭാംഗം മുക്കാല്‍ലക്ഷം രൂപയും രാജ്യസഭാംഗം 80,000 രൂപയും മാസംതോറും പാര്‍ട്ടിക്ക് നല്‍കേണ്ടിവരും. ഈ രാജ്യത്ത് ജീവിച്ചുപോകാന്‍ 15,000 രൂപ മതി. ബാക്കിസംഖ്യ പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണ്. പാര്‍ട്ടിയുടെ ഔദാര്യംകൊണ്ട് എം.പി.മാരായവര്‍ തീര്‍ച്ചയായും ബാക്കിസംഖ്യ പാര്‍ട്ടിക്ക് നല്‍കണം. എം.പി.യുടെ പണി പാര്‍ട്ടി ചെയ്യില്ല. അത് അവരവര്‍ തന്നെ ചെയ്യണം. വന്‍വരുമാനമാണ് ലെവി വഴി പാര്‍ട്ടിക്ക് കിട്ടുകയത്രെ. നൂറോ നൂറ്റമ്പതോ അംഗങ്ങള്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഉണ്ടായിരുന്നെങ്കിലെ അവസ്ഥ എന്താകുമായിരുന്നു..! ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ എണ്ണം കുറഞ്ഞുവരികയാണ്.

പാര്‍ലമെന്ററി സമ്പ്രദായത്തിലെ ഒരിനം നോക്കുകൂലിയും അടിമപ്പണിയുമാണ് ഇതെന്ന് കുറ്റപ്പെടുത്തുന്നവരെ കണ്ടേക്കും. ആളുകളെ ജോലി ചെയ്യിക്കുകയും അതിലൊരു പങ്ക് കൈപ്പറ്റുകയും ചെയ്യുന്ന സമ്പ്രദായം പണ്ടേ ഉള്ളതാണ്. പഴയ കാലമല്ല ഇത്. ലെവി ബാധകമല്ലാത്ത എത്രയോ വരുമാനമാര്‍ഗങ്ങള്‍ എം.പി.മാര്‍ക്ക് കണ്ടെത്താനാകും. ഇക്കാര്യത്തില്‍ ഉപദേശം നല്‍കാന്‍ കഴിയുന്ന മഹാരഥന്മാര്‍ മറ്റു പാര്‍ട്ടികളില്‍ കാണും.

****

അംഗങ്ങള്‍ മദ്യപിച്ച് നിയമസഭയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നൊന്നും നിയമത്തിലില്ല. ഉണ്ടായിരുന്നെങ്കില്‍ സഭാകവാടത്തില്‍ ഊതിനോക്കാനുള്ള യന്ത്രം പിടിപ്പിക്കാമായിരുന്നു. മദ്യപിച്ച് വണ്ടിയോടിച്ചാലുള്ള അപകടമൊന്നും മദ്യപിച്ച് ചര്‍ച്ച നടത്തിയാല്‍ സംഭവിക്കില്ല. വായില്‍ തോന്നിയത് വിളിച്ചുപറയാന്‍ പലര്‍ക്കും മദ്യം പോലും ആവശ്യമില്ല. മദ്യപിച്ചാല്‍ ഡസ്‌കില്‍ തല ചായ്ച്ച് കൂര്‍ക്കം വലിക്കുകയേ ഉള്ളൂ മിക്കവരും. അവിശ്വാസപ്രമേയം, അടിയന്തരപ്രമേയം, ശ്രദ്ധക്ഷണിക്കല്‍ തുടങ്ങിയവയ്ക്കുമുമ്പ് ആരെങ്കിലും വീര്യം കൂട്ടാന്‍ പുറത്തിറങ്ങിപ്പോകുന്നുണ്ടോ എന്നേ നോക്കേണ്ടൂ.

സഭയുടെ അവകാശലംഘനത്തിന് മന്ത്രിക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെടുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി കാണുന്നുണ്ട്. മദ്യപിച്ചുവരാനുള്ള അവകാശത്തിന്റെ ലംഘനമാണോ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. നിയമസഭയുടെ അവകാശങ്ങളില്‍ എന്തെല്ലാമാണ് പെടുക എന്ന് ദൈവംതമ്പുരാനുപോലും അറിയില്ലല്ലോ. വോട്ടുചെയ്യാന്‍ കോഴ വാങ്ങിയെന്ന കേസില്‍, അതും സഭയുടെ അവകാശമാണ് എന്ന് വാദിച്ചവരുണ്ട്.

കുടിച്ചുവരുന്നവരുണ്ട് എന്ന് തെളിയിക്കാന്‍ പലരും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടിച്ചുവരുന്നുണ്ട് എന്നു തെളിയിക്കുന്നതിനേക്കാള്‍ പ്രയാസമായിരിക്കും ആരും കുടിച്ചു വരുന്നില്ല എന്ന് തെളിയിക്കാന്‍. അതുകൊണ്ട് മൗനം പാലിക്കുകയായിരിക്കും നല്ലത്. കുടിച്ചു വരുന്നവര്‍ കാണും, പക്ഷേ, മന്ത്രി അങ്ങനെ പറഞ്ഞ് നാണക്കേടുണ്ടാക്കേണ്ടിയിരുന്നില്ല എന്നാണ് ചിലരുടെ പരിഭവം. അവര്‍ ന്യൂനപക്ഷമാണ്; ഇനിയും കെടാന്‍ നാണം ബാക്കിയുണ്ട് എന്നു വിശ്വസിക്കുന്ന ന്യൂനപക്ഷം.

No comments:

Post a comment