മൂന്നാമന്‍ മോന്‍സ്‌


പൊതുമരാമത്ത്‌ വകുപ്പിന്‌ മാസമൊന്നായി മന്ത്രിയില്ലല്ലോ എന്ന്‌ പറഞ്ഞ്‌ ചിലര്‍ കണ്ണീര്‌ പൊഴിക്കുന്നതായി കേട്ടിരുന്നു. കേരളത്തില്‍ പൊതുമരാമത്ത്‌ എന്ന്‌ പറയുന്നത്‌ റോഡ്‌ ഉണ്ടാക്കലും അതില്ലാതാക്കലും വീണ്ടും ഉണ്ടാക്കലുമാണ്‌. ആ വകുപ്പിന്‌ മഴക്കാലത്ത്‌ മന്ത്രിയുടെ ആവശ്യമില്ല. മഴ തീരും വരെ റോഡ്‌ തൊടാന്‍ പറ്റില്ല. തീര്‍ന്നാല്‍ എന്ത്‌ ചെയ്യണമെന്ന്‌ എന്‍ജിനീയര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും അറിയാം, അതിന്‌ മന്ത്രിയുടെയും ആവശ്യമില്ല. അടുത്ത മഴ വരുംവരെ റോഡ്‌ അങ്ങനെ കിടന്നുകൊള്ളും, തത്സമയത്ത്‌ കോണ്‍ട്രാക്ടറും വേണ്ട, എന്‍ജിനീയറും വേണ്ട മന്ത്രിയും വേണ്ട. പിന്നെയെന്തിനാണാവോ ആളുകള്‍ മന്ത്രിയില്ലെന്ന്‌ പറഞ്ഞ്‌ വ്യാകുലപ്പെടുന്നത്‌,മനസ്സിലാകുന്നില്ല.

ഇനി എന്തായാലും വിഷമിക്കേണ്ട, മന്ത്രിവരാന്‍ പോകുന്നു. ഒരാഴ്‌ചയും കൂടി കഴിഞ്ഞിരുന്നെങ്കില്‍ കുഴിയൊന്നുമില്ലാത്ത റോഡ്‌ വഴി സത്യപ്രതിജ്ഞക്ക്‌ വരാന്‍ കഴിയുമായിരുന്നു. ഒരാഴ്‌ച മുമ്പാണ്‌ സ്ഥാനമേറ്റിരുന്നതെങ്കില്‍ കുഴിമൂടലിന്‌ കാര്‍മികത്വം വഹിക്കാന്‍ ചാന്‍സ്‌ കിട്ടുമായിരുന്നു. മോന്‍സിന്‌ ആ രണ്ട്‌ ഭാഗ്യവുമില്ല. സാരമില്ല, മന്ത്രിയാകുന്നതിലും വലിയ ഭാഗ്യമില്ലല്ലോ.

ഒരാഴ്‌ച മുമ്പത്തെ കേരളത്തിലെ ദേശീയപാതയുടെ അവസ്ഥയാണ്‌ റോഡ്‌മന്ത്രിയാകാന്‍ പോകുന്ന മോന്‍സിന്റെ പാര്‍ട്ടിയുടെയും അവസ്ഥ. നാമമാത്രം എന്ന്‌ ഒറ്റവാക്കില്‍ പറയാം. ജോസഫ്‌ എന്ന നാമം പാര്‍ട്ടിയുടെ പേരിന്‌ പിന്നില്‍ സദാ ചുരുണ്ടുകൂടി കിടക്കുന്നതുകൊണ്ടുമാത്രമല്ല നാമമാത്രം എന്നുപറയുന്നത്‌. നാട്ടില്‍ പാര്‍ട്ടി പേരിന്‌ മാത്രമേ ഉള്ളൂ. അത്‌ നാട്ടിലെ കാര്യം. ഭരണവും നിയമനിര്‍മാണവുമെല്ലാം നടക്കുന്നത്‌ ജനപ്രതിനിധി സഭകളിലല്ലേ ? അവിടെ പാര്‍ട്ടി പേരിന്‌ മാത്രമല്ല ഉള്ളത്‌. കേരളനിയമസഭയില്‍ നാലുപേരുണ്ട്‌. ഇന്ത്യന്‍ പാര്‍ലമെന്റാണ്‌ പാര്‍ട്ടിയുടെ ശക്തികേന്ദ്രം - രണ്ടാണ്‌ എം.പി.മാര്‍. അതിലൊരാളെ ജയിപ്പിക്കാനല്ല, തോല്‍പ്പിക്കാനാണ്‌ പാര്‍ട്ടി വോട്ട്‌ ചെയ്‌തിരുന്നത്‌ എന്ന കാര്യം മറയ്‌ക്കാവുന്നതേ ഉള്ളൂ. പാര്‍ലമെന്റിലെ ശക്തിയുടെ അനുപാതത്തിലാണെങ്കില്‍ നിയമസഭയില്‍ പാര്‍ട്ടിയ്‌ക്ക്‌ പന്ത്രണ്ടോ പതിനാലോ എം.എല്‍.എ.മാര്‍ ഉണ്ടാകേണ്ടതാണ്‌. എന്തുചെയ്യാം, നമ്മുടെ ജനപ്രാതിനിധ്യവ്യവസ്ഥയില്‍ പല അപാകങ്ങളുമുണ്ട്‌. എന്തായാലും, കരുത്തേറിയ ഒരു നാമമാത്രപാര്‍ട്ടിയാണ്‌ ജോസഫിന്റെ സ്വന്തം കേരള കോണ്‍ഗ്രസ്‌ എന്ന്‌ പറയാം.

മന്ത്രിസ്ഥാനത്തേക്ക്‌ നിര്‍ദ്ദേശിക്കപ്പെട്ട്‌ പുറത്തിറങ്ങിയപ്പോള്‍ മോന്‍സ്‌ പറഞ്ഞത്‌ രണ്ടുകാര്യങ്ങളാണ്‌. ഒന്ന്‌, ജോസഫ്‌ അഗ്നിശുദ്ധിവരുത്തി വരുമ്പോള്‍ താന്‍ സ്ഥാനമൊഴിഞ്ഞുകൊടുക്കും.(അതിനി ഏത്‌ ജന്മത്തിലാണ്‌ സംഭവിക്കുക എന്നറിയില്ല. ഒരു സാധാരണകേസ്സിന്റെ ആയുസ്‌ എത്രയും നീളാം. ഇതറിഞ്ഞതുകൊണ്ടുതന്നെയാവണം കേസ്‌ തീര്‍ന്നാലും മന്ത്രിയാകാന്‍ താനില്ല എന്ന്‌ ജോസഫ്‌ ധൈര്യമായിപറഞ്ഞത്‌.) രണ്ടാമത്‌ പറഞ്ഞത്‌, ദൈവമാണ്‌ തന്നെ ഇവിടെയെത്തിച്ചതെന്നാണ്‌. ആലോചിച്ചുനോക്കുമ്പോള്‍ അതിനാണ്‌ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്‌ എന്നുതോന്നിപ്പോകുന്നു. ദൈവത്തിന്റെ ഓരോരോ കളികളെന്നല്ലാതെ ന്തുപറയാന്‍. കേരളാകോണ്‍ഗ്രസ്‌ പോലൊരു പാര്‍ട്ടി ഇടതുമുന്നണിയിലെത്തുക, അതിലെ ഒരു സാധാരണ അംഗം കടുതുരുത്തിപോലൊരു മണ്ഡലത്തില്‍ ജയിക്കുക, മരിച്ചാലും മന്ത്രിസ്ഥാനത്ത്‌ നിന്ന്‌ മാറേണ്ടാത്തവിധം പാര്‍ട്ടിയുടെ ആദ്യത്തേയും അവസാനത്തേയും നേതാവായ ആള്‍ രാജി വെക്കേണ്ടിവരിക...പകരംവന്ന ആളും രാജിവെക്കേണ്ടിവരിക, തിരിച്ചുവരാന്‍ ഒന്നരമാസക്കാലം, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ജോസഫിന്‌ അതിന്‌ കഴിയാതെ വരിക, എന്നിട്ട്‌ ഒടുവില്‍ മനസ്സില്ലാമനസ്സോടെ മോണ്‍സിനെ മന്ത്രിയായി നിര്‍ദ്ദേശിക്കുക...എന്തതിശയമേ ദൈവത്തിന്‍നാമം എത്ര മനോഹരമേ.....

ലോകത്ത്‌ പലേടത്തും നാലോ അഞ്ചോ ശതമാനം വോട്ട്‌ സംസ്ഥാനത്ത്‌ മൊത്തം കിട്ടുന്ന പാര്‍ട്ടിക്കേ ജനപ്രതിനിധിസഭയില്‍ അംഗത്വം കിട്ടൂ. ഇവിടെ, നാല്‌ ശതമാനം വേണ്ട നാളാള്‌ മതി. നാല്‌ ശതമാനത്തിലേറെയില്ലാത്ത കേരളാകോണ്‍ഗ്രസ്സില്‍ നിന്ന്‌ തെറിച്ചുപോയ നാലുതുണ്ടുകളിലൊന്നിന്റെ കഷ്ടിച്ച്‌ നാലാളുള്ള പാര്‍ട്ടിയായിരുന്നിട്ടും മന്ത്രിയാകാന്‍ കഴിയുക. ജനാധിപത്യത്തിലെ ഒരോരോ തമാശകള്‍ !. നിയമസഭയില്‍ ഒരംഗം മാത്രമുള്ള പാര്‍ട്ടിക്ക്‌ മന്ത്രിസ്ഥാനം നല്‍കാന്‍ മാത്രം ഉദാരമനസ്‌കത കാട്ടിയവരാണ്‌ കേരളീയര്‍. അപ്പോള്‍പിന്നെ നാലാളുള്ള പാര്‍ട്ടിയിലെ മൂന്നാമന്‍ എന്തിന്‌ മടിക്കണം ?

***********
എല്ലാം നേരിട്ട്‌ കാണിച്ചുകൊടുത്തുപഠിപ്പിക്കുക എന്നതാണ്‌ ശരിയായ വിദ്യാഭ്യാസം എന്ന്‌ ഡി.പി.ഇ.പി.യിലൂടെ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ കേരളത്തിന്‌ കാണിച്ചുതന്നിട്ടുണ്ട്‌. വടികൊടുത്ത്‌ അടിവാങ്ങുക എന്ന മലയാളശൈലിയുടെ അര്‍ഥം പഠിപ്പിക്കാന്‍ ഇത്രയും ത്യാഗം പരിഷത്ത്‌ അനുഷ്‌ഠിക്കേണ്ടിയിരുന്നില്ല. പാഠം കേസ്സും വിധിയും ഒന്നും വേണ്ടായിരുന്നു, ഒരു തെരുവുനാടകമോ ശാസ്‌ത്ര കലാജാഥയോ മതിയായിരുന്നു എങ്ങനെയാണ്‌ വടികൊടുത്ത്‌ അടി വാങ്ങുക എന്ന്‌ മനസ്സിലാക്കിത്തരാന്‍.

ജനാധിപത്യത്തില്‍ സംവാദവും വിവാദവും നടത്തേണ്ടത്‌ കോടതിമുറിയിലല്ല, ജനങ്ങള്‍ക്കിടയിലാണ്‌ എന്ന്‌ പരിഷത്തുകാരോടും പാഠംകാരോടും പറയാന്‍ കോടതിതന്നെ വേണ്ടിവന്നു. മാനനഷ്ടക്കേസ്‌ ഫയല്‍ചെയ്‌ത പരിഷത്തിന്‌ മാത്രമല്ല, എന്തേ കേസ്‌ കൊടുക്കാത്തത്‌ എന്ന്‌ നിരന്തരം എഴുതിക്കൊണ്ടിരുന്ന പാഠംകാര്‍ക്കും ഇത്‌ ബാധകമാണ്‌. അധിനിവേശം, സാമ്രാജ്യത്വം, പ്രതിരോധം, ചാരപ്രവര്‍ത്തനം തുടങ്ങിയ കടിച്ചാല്‍പൊട്ടാത്ത വാക്കുകളൊന്നും പരിശോധിക്കാനുള്ള ശേഷി കോടതിക്കില്ല. ഐ.പി.സി.യിലോ സി.ആര്‍.പി.സി യിലോ ഒന്നും ഈ വാക്കുകളില്ല. 'രാഷ്ട്രീയമായ ഒരു കാര്യം പറഞ്ഞുസ്ഥാപിക്കാന്‍ എന്ത്‌ വാക്ക്‌ ഉപയോഗിക്കണമെന്ന്‌ അവനവന്‍ തന്നെയാണ്‌ തീരുമാനിക്കേണ്ടത്‌' എന്നാണ്‌ കോടതി പറഞ്ഞത്‌. വിദേശചാരന്മാരാണ്‌ പരിഷത്തുകാര്‍ എന്ന്‌ എസ്‌.സുധീഷ്‌ എഴുതിയാലും, 'പരിഷത്ത്‌ യഥാര്‍ഥത്തില്‍ ചാരപ്രവര്‍ത്തനം നടത്തുന്നു എന്ന്‌ നേരാംവണ്ണം ചിന്തിക്കുന്ന ആരും കരുതുകയില്ല' എന്നാണ്‌ വിധിയില്‍ പറഞ്ഞിരിക്കുന്നത്‌. കോടതിക്ക്‌ പരിഷത്തിനെയും എസ്‌.സുധീഷിനെയും മനസ്സിലായി എന്നര്‍ഥം. എന്തായാലും, മാനനഷ്ടക്കേസ്‌ കൊടുത്തതിന്റെ ഫലമായി ഇത്ര മാനനഷ്ടം പരിഷത്തിനല്ലാതെ മറ്റാര്‍ക്കും ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ലെന്ന്‌ ഉറപ്പിച്ചുപറയാം.

'ഉത്തമവിശ്വാസത്തോടെ പൊതുഗുണത്തിന്‌ വേണ്ടി', ' വേണ്ടത്ര ശ്രദ്ധാപൂര്‍വം ആലോചിച്ച്‌ ചാരന്‍, ദല്ലാള്‍, ഒറ്റുകാരന്‍ എന്നെല്ലാം വിളിക്കാം. എന്നാല്‍ സൂക്ഷിക്കുക - ഗുണ്ട എന്ന്‌ വിളിക്കാന്‍ പാടില്ല. അങ്ങനെ വിളിക്കുന്നത്‌ മാനനഷ്ടമാകുമെന്ന്‌ 1961ലെ ഒരു കേസ്സിലുണ്ടായ ഹൈക്കോടതിവിധി പാഠം കേസ്‌ വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. സാംസ്‌കാരികഗുണ്ട എന്ന്‌ വിളിക്കാമോ എന്ന്‌ കോടതി വ്യക്തമാക്കുകയുണ്ടായില്ല.

പാഠം കേസ്സിലെ വിധിന്യായം വായിച്ച ശേഷം തന്നെയാണോ സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ റിട്ട.ജസ്റ്റിസ്‌ സുകുമാരന്‌ എതിരെ മാനനഷ്ടക്കേസ്‌ കൊടുത്തത്‌ എന്ന്‌ വ്യക്തമല്ല. ദല്ലാള്‍, ചാരന്‍, ഒറ്റുകാരന്‍ എന്നൊക്കെ പറയുന്നതിലും മാനംപോക്കുന്നതാണോ ' സംസ്ഥാനത്ത്‌ മാഫിയ വളര്‍ത്തുന്നത്‌ പിണറായി വിജയനും എം.കെ.ദാമോദരനും ഉള്‍പ്പെട്ട സംവിധാനം' എന്നു കുറ്റപ്പെടുത്തുന്നത്‌ ? അറിയില്ല. ഓരോരുത്തരുടെയും മാനം ഓരോതരത്തിലല്ലേ. റിട്ട. ഹൈക്കോടതി ജഡ്‌ജിക്ക്‌ മാനനഷ്ടനിയമം അറിയില്ലെന്ന്‌ പിണറായിയെ ആരോ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. നിയമം മാത്രം നോക്കി ഒരു ജസ്റ്റിസിനെ കീഴ്‌കോടതി ശിക്ഷിക്കുമെന്ന്‌ വിശ്വസിക്കാന്‍ കോടതിയില്‍ നല്ല വിശ്വാസം വേണം. ബൂര്‍ഷകള്‍ക്ക്‌ പോലും കാണില്ല ബൂര്‍ഷ്വാകോടതിയില്‍ ഇത്ര വിശ്വാസം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി