ഇടതും വലതിന്റെ വഴിയേ തന്നെ


കമ്യൂണിസത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും മാര്‍ഗങ്ങളെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളുള്ളതുകൊണ്ട്‌ 'ബൂര്‍ഷ്വാ ജനാധിപത്യ'കക്ഷികള്‍ക്കൊപ്പം നിന്നുപോന്നവര്‍ക്കും കമ്യൂണിസ്റ്റുകാരോട്‌ പല കാര്യങ്ങളിലും ബഹുമാനമുണ്ട്‌. കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങിയ ലക്ഷ്യങ്ങള്‍ നേടാന്‍ ഏതറ്റംവരെയും പോകുന്ന കക്ഷികളാണ്‌ എല്ലാം.

എന്നാല്‍, സി.പി.ഐ- സി.പി.എം. കക്ഷികള്‍ക്ക്‌ ചില്ലറ തത്ത്വദീക്ഷയും മര്യാദയുമൊക്കെയുണ്ട്‌. ബൂര്‍ഷ്വാ കക്ഷിക്കാരെപ്പോലെ തോന്നുമ്പോള്‍ തോന്നുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ചാടുകയും കണ്ണില്‍കണ്ട കക്ഷികള്‍ക്കെല്ലാമൊപ്പം കൂട്ടുകൂടുകയും ചെയ്യുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. അവര്‍ക്ക്‌ ചില നയവും പരിപാടിയുമൊക്കെയുണ്ട്‌.

ഇങ്ങനെയൊരു ധാരണ കമ്യൂണിസ്റ്റുകാരല്ലാത്തവരില്‍ എങ്ങനെയാണ്‌ ഉണ്ടായതെന്ന്‌ ചിലപ്പോഴെല്ലാം ആലോചിച്ചുപോയിട്ടുണ്ട്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രതിച്ഛായ എന്നുപറയുന്നത്‌ കേരളത്തിലെ കുറെ കൂട്ടുമന്ത്രിസഭകളുടെയോ, അക്രമാസക്തസമരങ്ങളുടെയോ ചരിത്രത്തില്‍ നിന്നുണ്ടായതല്ല. ലെനിന്റെയും മാവോവിന്റെയും ഹോചിമിന്റെയും ചെഗുവേരുടെയും ഫിഡെല്‍ കാസ്ട്രോയുടെയും മുതല്‍ നമ്മുടെ നാട്ടിലെ അടിയും വെടിയുംകൊണ്ട്‌ മരിച്ചുവീണ നൂറുകണക്കിനു രക്തസാക്ഷികളുടെവരെ പ്രതിച്ഛായകളില്‍ നിന്നാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രതിച്ഛായ രൂപപ്പെട്ടിട്ടുള്ളത്‌.

ഇന്നും അന്തരീക്ഷത്തില്‍ മുഴങ്ങുന്നത്‌ വിപ്ലവത്തെ വാഴ്ത്തുന്ന മുദ്രാവാക്യങ്ങളാണ്‌. രക്തസാക്ഷികളെ വാനോളം ഉയര്‍ത്തുന്ന പ്രസംഗങ്ങളാണ്‌. വിപ്ലവവും ചോരയും വെടിയും തീയുമൊക്കെ വാചകത്തിലഞ്ചുവട്ടം തുളുമ്പിത്തെറിക്കാത്ത പാര്‍ട്ടിസാഹിത്യമൊന്നും ഇക്കാലത്തും അച്ചടി മഷി കാണാറില്ല. ഇതിന്റെയെല്ലാം പ്രതിഫലനം കമ്യൂണിസ്റ്റ്‌ വിരുദ്ധന്‍മാരിലും ഉണ്ടാകാറുണ്ട്‌. കമ്യൂണിസ്റ്റ്‌ ഭരണം വന്നാല്‍ തൂങ്ങിച്ചാകുമെന്ന്‌ ഉറച്ചുപറയുന്നവനും കമ്യൂണിസ്റ്റുകാരന്റെ ആദര്‍ശദാര്‍ഢ്യത്തോട്‌ ബഹുമാനമാണ്‌. അവന്റെ ഭ്രാന്തമായ തത്ത്വശാസ്ത്രവിശ്വാസത്തോട്‌ ഭയമാണ്‌. അവന്‍ നിലനില്‍ക്കുി‍ന്നടത്ത്‌ ഉറച്ചുനില്‍ക്കുമെന്നും ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബൂര്‍ഷ്വാരാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടിലേക്കവന്‍ വരില്ലെന്നും ലക്ഷ്യത്തിനുവേണ്ടി മരിക്കാന്‍പോലും തയാറാകുമെന്നും അവനെയൊരിക്കലും വിലയ്ക്കുവാങ്ങാന്‍ ആവില്ലെന്നും കടുത്ത കമ്യൂണിസ്റ്റ്‌ വിരുദ്ധന്‍മാര്‍പോലും കരുതിയിരുന്നു. സത്യത്തില്‍ കമ്യൂണിസ്റ്റുകാരില്‍ വിശ്വാസം കൂടുതലുണ്ടായിരുന്നത്‌ കമ്യൂണിസ്റ്റുകാര്‍ക്കല്ല, കമ്യൂണിസ്റ്റ്‌ വിരുദ്ധന്‍മാര്‍ക്കായിരുന്നു. ഇത്‌ ഇന്നത്തെ നിലയല്ല. അടുത്തകാലംവരെയുള്ള അവസ്ഥയാണ്‌.

രാഷ്ട്രീയക്കാരെല്ലാം ഒരുപോലെ കള്ളന്‍മാരാണെന്നും ഒന്നിനൊന്നുമെച്ചമല്ലെന്നുമുള്ള എല്ലാ പ്രചരണങ്ങളെയും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാര്‍ - ഇടതായാലും വലതായാലും - എക്കാലവും ചോദ്യം ചെയ്യാറുണ്ട്‌. ബൂര്‍ഷ്വാപാര്‍ട്ടിക്കാരെപോലെയല്ല തങ്ങളെന്നും ഇടതുപക്ഷം മാത്രമാണ്‌ സമൂഹത്തിനു പ്രതീക്ഷ നല്‍കുന്ന വിഭാഗമെന്നും അവര്‍ അവകാശപ്പെടാറുണ്ട്‌. ലളിതജീവിതം നയിക്കുകയും അധികാരത്തെയും സമ്പത്തിനെയും പുറംകാല്‍കൊണ്ട്‌ തട്ടിമാറ്റുകയും ചെയ്യുന്ന നിസ്വാര്‍ഥരായ ധാരാളം പാര്‍ട്ടിനേതാക്കളെ ചൂണ്ടിക്കാട്ടാന്‍ ഉണ്ടായിരുന്നപ്പോള്‍ ഈ അവകാശവാദങ്ങളില്‍ സത്യവും ഉണ്ടായിരുന്നു. വളരെ പതുക്കെ ഒരു തലമുറയില്‍നിന്ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം അടുത്ത തലമുറയിലേക്ക്‌ മാറുകയായി. സ്വാതന്ത്യ്രസമരമോ, പുന്നപ്ര- വയലാറോ, കയ്യൂരോ, കരിവെള്ളൂരോ ഓര്‍മയിലെവിടെയും ഇല്ലാത്ത, വായിച്ചറിവ്‌ മാത്രമുള്ള തലമുറയിലേക്ക്‌. ഇതൊരു ചെറിയ മാറ്റമല്ല. രണ്ടു തലമുറകള്‍ തമ്മിലുള്ള അന്തരം ചെറുതുമല്ല. ഈ മാറ്റത്തോടെ ഇല്ലാതായത്‌ കമ്യൂണിസ്റ്റ്‌ നേതാക്കളും ബൂര്‍ഷ്വാനേതാക്കളും തമ്മിലുള്ള അന്തരമാണ്‌. അവരിപ്പോള്‍ വ്യത്യസ്തരല്ല. ആണെന്നുള്ളത്‌ നാട്യങ്ങള്‍ മാത്രമാണെന്ന സത്യം കുറെ പേരെങ്കിലും തിരിച്ചറിയുന്നുണ്ട്‌.

ആദര്‍ശശുദ്ധിയുള്ള വ്യക്തികള്‍ നേതൃത്വത്തിലിരുന്നകാലത്തും സി.പി.എമ്മോ, സി.പി.ഐയോ രാഷ്ട്രീയബന്ധങ്ങളില്‍ ആദര്‍ശശുദ്ധി പുലര്‍ത്തിയിട്ടുണ്ടോ? ഇക്കാര്യത്തിലും യാഥാര്‍ഥ്യവും പ്രതിച്ഛായയും തമ്മിലുള്ള അന്തരം വലുതാണ്‌.

1964-ലെ പിളര്‍പ്പിനുശേഷം സി.പി.എം. അംഗീകരിച്ച പാര്‍ട്ടി പരിപാടിയിലെ ചില ശാഠ്യങ്ങള്‍ കാരണം സി.പി.എമ്മിന്‌, അവര്‍ക്ക്‌ നേതൃത്വപരമായ പങ്ക്‌ ഇല്ലാത്ത മന്ത്രിസഭകളില്‍ പങ്കാളികളാകാന്‍ കഴിയാതെ പോയി. ഇത്‌ ഒരു ആദര്‍ശശാഠ്യമാണോ,
അടവുമാതമായിരുി‍ന്നാ എന്ന പ്രശ്നവും ഉണ്ട്‌. ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക്‌ ആധിപത്യവും നേതൃത്വവും ഉള്ള മുന്നണികളില്‍ പങ്കാളികളാകുകയും മന്ത്രിസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍ നടപ്പാക്കേണ്ടിവരിക അവരുടെ നയങ്ങളാവും എന്ന ലളിതമായ കാരണമാണ്‌ പാര്‍ട്ടി പരിപാടി അംഗീകരിക്കുമ്പോള്‍ പാര്‍ട്ടി പ്രതിനിധികളെ സ്വാധീനിച്ചത്‌. ഇത്‌ ആദര്‍ശത്തേക്കാള്‍ അടവിന്റെ പ്രശ്നം തന്നെ ആയിരുന്നു.

1967 മുതല്‍ രാജ്യത്തെമ്പാടും രൂപംകൊണ്ട കോണ്‍ഗ്രസ്‌ വിരുദ്ധമുന്നണികളില്‍ പങ്കാളികളാകുകയും പലേടത്തും മുഖ്യകാര്‍മികത്വ റോളില്‍ തിളങ്ങുകയും ചെയ്യുമ്പോഴും സി.പി.എമ്മിനു മന്ത്രിസഭകളില്‍ പങ്കാളികളാകാന്‍ കഴിയാതെ പോയത്‌ ഇതുകൊണ്ടാണ്‌. കേരളത്തിലും ബംഗാളിലും മാത്രമല്ല, ഡസനിലേറെ സംസ്ഥാനങ്ങള്‍ ആദ്യമായി കോണ്‍ഗ്രസിതര മന്ത്രിസഭകള്‍ ഉണ്ടായത്‌ 1967-ലായിരുന്നല്ലോ.

പാര്‍ട്ടി പരിപാടിയില്‍ വ്യക്തമായ നിര്‍ദേശം ഉണ്ടായിരുന്നിട്ടും 1967-ല്‍ പശ്ചിമബംഗാളില്‍ ബംഗ്ലാ കോണ്‍ഗ്രസിലെ അജോയ്‌ മുഖര്‍ജി നയിച്ച മന്ത്രിസഭയില്‍ പങ്കാളികളാകാന്‍ സി.പി.എം. തയാറാവുകയും ചെയ്തു. പല സംസ്ഥാനങ്ങളിലും വര്‍ഗീയ പാര്‍ട്ടിയായ ജനസംഘവും കഠിന മുതലാളിത്ത പാര്‍ട്ടിയായ സ്വതന്ത്രാപാര്‍ട്ടിയും സോഷ്യലിസ്റ്റുകളും ഒന്നിച്ചാണ്‌ സംയുക്ത വിധായക്‌ ദള്‍ മന്ത്രിസഭകളില്‍ പങ്കാളികളായത്‌. കോണ്‍ഗ്രസുകാരുടേതില്‍നിന്ന്‌ ഒരുതരത്തിലും മെച്ചപ്പെട്ടതായിരുന്നില്ല ഈ ഭരണങ്ങള്‍. നിരവധി സംസ്ഥാനങ്ങളില്‍ സി.പി.ഐയും ഭരണത്തില്‍ പങ്കാളിത്തം നേടുകയുണ്ടായെന്ന സത്യം അവശേഷിക്കുന്നു.

1ന്ന67-ലെ കോണ്‍ഗ്രസ്‌ വിരുദ്ധ മുന്നണി ആശയത്തിന്റെ സ്പോണ്‍സര്‍ഷിപ്പ്‌ ഉണ്ടായിരുന്ന സി.പി.എം. കേരളത്തില്‍ മുസ്ലിം ലീഗുമായും കൂട്ടുചേര്‍ന്ന്‌ ഏഴു കക്ഷികളുടെ മുന്നണിക്കാണ്‌ രൂപം നല്‍കിയത്‌. ഇന്ത്യാവിഭജനത്തിന്റെ കുറ്റക്കാരായി മുദ്രയടിക്കപ്പെട്ടിരുന്ന മുസ്ലിം ലീഗിനെ സ്വാതന്ത്യ്രത്തിനും വിഭജനത്തിനുംശേഷം ഇരുപതുവര്‍ഷം പിന്നിടുംമുമ്പ്‌ മന്ത്രിസ്ഥാനം നല്‍കി ആദരിച്ചവരാണ്‌ സി.പി.എമ്മുകാര്‍.

വിഭജനത്തിന്‌ അരനൂറ്റാണ്ട്‌ കഴിഞ്ഞ്‌ കേന്ദ്രമന്ത്രിസഭയില്‍ മുസ്ലിം ലീഗിന്‌ ചെറിയ പ്രാതിനിധ്യം നല്‍കിയപ്പോള്‍ അതിനെതിരെ 'ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദികളെ മന്ത്രിയാക്കി' എന്ന ആക്ഷേപമാണ്‌ സി.പി.എം. ഉയര്‍ത്തിയത്‌. ഇതിലെ ഏറ്റവും തമാശനിറഞ്ഞ വശം മറ്റൊന്നാണ്‌. ഇന്ത്യാവിഭജനത്തിന്‌ മുസ്ലിം ലീഗിനെ കുറ്റം പറയുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അന്ന്‌ വിഭജനം നടക്കുമ്പോള്‍ എന്ത്‌ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌? അവരന്ന്‌ ദ്വിരാഷ്ട്രവാദത്തിന്‌ അനുകൂലമായിരുന്നു? ജനതകളുടെ സ്വയംനിര്‍ണയാവകാശം എന്ന തത്ത്വം ഉയര്‍ത്തിപ്പിടിച്ച്‌, മുസ്ലിംകള്‍ക്ക്‌ സ്വന്തം രാഷ്ടം ഉണ്ടാക്കാന്‍ അവകാശമുണ്ടെന്ന്‌ വാദിക്കുകയായിരുന്നു കമ്യൂണിസ്റ്റുകാര്‍.

സി.പി.എമ്മിന്റെയും സി.പി.ഐയുടെയും 1ന്ന67-ലെ കോണ്‍ഗ്രസ്‌ വിരുദ്ധ മുദ്രാവാക്യത്തിന്‌ വെറും രണ്ടുവര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ എന്നും ഓര്‍ക്കണം. ഇന്ദിരാഗാന്ധി അധികാരത്തിലേറാതിരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌ വിരുദ്ധമുന്നണികള്‍ ഉണ്ടാക്കിയ ഈ കക്ഷികള്‍ 1ന്ന6ന്ന-ല്‍ കോണ്‍ഗ്രസ്‌ പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിയെ താങ്ങിനിര്‍ത്തുകയായിരുന്നു. ലോക്സഭ പിരിച്ചുവിട്ട്‌ തെരഞ്ഞെടുപ്പ്‌ നടത്താന്‍ 1ന്ന70-ല്‍ ഇന്ദിരാഗാന്ധി തീരുമാനിക്കുന്നതുവരെ ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭ നിലനിന്നത്‌ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പിന്തുണകൊണ്ട്‌ മാത്രമായിരുന്നു.

അറുപിന്തിരിപ്പന്‍ മുതലാളിത്ത വാദികളായ 'സിന്‍ഡിക്കേറ്റ്‌' പക്ഷം സംഘടനാ കോണ്‍ഗ്രസ്‌ എന്ന പേരുമായി പുറത്തുനിന്ന്‌ ഇന്ദിരയെ തഴെയിറക്കാന്‍ നോക്കുമ്പോള്‍, പുരോഗമനവാദിയും സോഷ്യലിസ്റ്റ്‌ പരിപാടികള്‍ നടപ്പിലാക്കുന്ന ആളുമായ ഇന്ദിരാഗാന്ധിയെ പിന്താങ്ങി സംരക്ഷിക്കേണ്ടത്‌ തങ്ങളുടെ ചുമതലയാണ്‌ എന്നാണ്‌ സി.പി.എമ്മും സി.പി.ഐയും പറഞ്ഞിരുന്നത്‌. ഇത്‌ പറഞ്ഞുകൊണ്ടിരിക്കെതന്നെ പൊതുതെരഞ്ഞെടുപ്പും പിന്നെ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടന്നപ്പോള്‍ സി.പി.എം. പ്ലേറ്റ്‌ മാറ്റിവച്ചു. കേരളത്തില്‍ സി.പി.എം. 'നീക്കുപോക്ക്‌' ഉണ്ടാക്കിയത്‌ ഇന്ദിരാ കോണ്‍ഗ്രസുമായിട്ടായിരുന്നില്ല. ഇന്ദിരാഗാന്ധിയെ തകര്‍ക്കാന്‍ ഒരുമ്പെട്ടുനടക്കുന്ന സിന്‍ഡിക്കേറ്റ്‌ കോണ്‍ഗ്രസുമായിട്ടായിരുന്നു. അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളില്‍ അവര്‍ സിന്‍ഡിക്കേറ്റ്‌ സ്ഥാനാര്‍ഥികളെ പിന്താങ്ങി.

ആദര്‍ശമോ, തത്ത്വദീക്ഷയോ, മര്യാദപോലുമോ ഇല്ലാത്ത കക്ഷിരാഷ്ട്രീയബന്ധങ്ങളുടെ കാര്യത്തില്‍ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കാലത്തല്ല, ഇ.എം.എസിന്റെ കാലത്തുതന്നെ പാര്‍ട്ടി ഏത്‌ അറ്റംവരെയും പോരുമായിരുന്നു എന്ന്‌ ചരിത്രം വ്യക്തമാക്കുന്നുണ്ട്‌. നാലു പതിറ്റാണ്ടെങ്കിലുമായി കേരളത്തില്‍ കമ്യൂണിസ്റ്റ്‌ വിരോധത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ച കെ.കരുണാകരന്റെ പാര്‍ട്ടിയുമായി മുന്നണി ഉണ്ടാക്കുമ്പോള്‍ സി.പി.എം. നേതൃത്വത്തിലൊരാള്‍ക്കുപോലും മനഃസാക്ഷിക്കുത്തുണ്ടായില്ലെന്നത്‌ ആരെയും ഇന്ന്‌ ഞെട്ടിപ്പിക്കുന്നില്ല. രാഷ്ട്രീയം അത്തരം
ഒരു പതനത്തിലെത്തിയിട്ടുണ്ട്‌.

കമ്യൂണിസ്റ്റ്‌ വിരുദ്ധന്‍മാരുമായി ഇതാദ്യമായല്ല കമ്യൂണിസ്റ്റുകാര്‍ അധികാരത്തിനുവേണ്ടി കൂട്ടുകൂടുന്നത്‌. അറുപതുകളില്‍ കെ.കേളപ്പന്റെ കിസാന്‍ മസ്ദൂര്‍ പ്രജാപക്ഷവുമായും എഴുപതുകളില്‍ സംഘടനാ കോണ്‍ഗ്രസുമായും ഇന്ത്യയൊട്ടുമുള്ള കോണ്‍ഗ്രസ്‌ - സോഷ്യലിസ്റ്റ്‌ ഈര്‍ക്കില്‍ ഗ്രൂപ്പുകളുമായും എണ്‍പതുകളില്‍ കോണ്‍ഗ്രസ്‌ യു-എസ്‌ ഗ്രൂപ്പുകളുമായും സി.പി.എം മുന്നണിയുണ്ടാക്കിയിട്ടുണ്ട്‌. ഇന്ന്‌ കെ.കരുണാകരന്റെ 'ഡിക്ക്‌' പാര്‍ട്ടിയുമായി കൂട്ടുകൂടിയും ഇതുപോലെയല്ലേ ഉള്ളൂ എന്ന്‌ വേണമെങ്കില്‍ ആര്‍ക്കും ആശ്വസിക്കാവുന്നതേ ഉള്ളൂ. പക്ഷേ, സത്യം അതല്ല. ഇി‍ന്നാളം കോണ്‍ഗ്രസുമായി പിണങ്ങിപ്പോയി വേറെ ഗ്രൂപ്പ്‌ ഉണ്ടാക്കി സി.പി.എം. പക്ഷത്തേക്ക്‌ നീങ്ങിയവര്‍ക്കെല്ലാം - ചില കേരളാ കോണ്‍ഗ്രസ്‌ ഗ്രൂപ്പുകള്‍ക്ക്‌ ഒഴികെ - നയപരമായും ആശയപരമായുള്ള ഭിന്നതകള്‍ മാതൃസംഘടനയുമായി ഉണ്ടായിരുന്നു. കെ.കേളപ്പന്‍ മുതല്‍ എ.കെ.ആന്റണി വരെയുള്ളവര്‍ക്കെല്ലാം ഇത്‌ ബാധകമാണ്‌.

അടിയന്തരാവസ്ഥ കഴിഞ്ഞപ്പോഴെങ്കിലും അടിയന്തരാവസ്ഥ ശരിയായിരുന്നില്ല എന്ന്‌ ആന്റണിക്ക്‌ തോന്നിയിരുന്നു. സി.പി.എം. പക്ഷത്തുനിന്നുകൊണ്ട്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയിലും അടിയന്തരാവസ്ഥയെ തുടരെത്തുടരെ ന്യായീകരിക്കുകയും നക്സലൈറ്റുകളെ കൊ ന്നു കുഴിച്ചിട്ടതിനു സ്വയം പുകഴ്ത്തുകയുമാണ്‌ കരുണാകരന്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌ എി‍ന്നാര്‍ക്കണം. മാറിയത്‌ കരുഠണാകരനോ, സി.പി.എമ്മോ?

ഒരു കെ.കരുണാകരന്റെ കാര്യം മാത്രമല്ല ഇത്‌. ഇടതുമുന്നണിക്ക്‌ അകത്തുകേറാന്‍ ആര്‍ക്കും ഐഡന്റിറ്റി കാര്‍ഡ്‌ കാണിക്കേണ്ട കാര്യംപോലും ഇല്ലെന്ന നിലവന്നിരിക്കുന്നു. മുമ്പ്‌ പി.ജെ.ജോസഫ്‌ ഇടതുമുന്നണിയില്‍ ചേരാന്‍ ഒരുങ്ങിവന്നപ്പോള്‍ 'പള്ളിയേയും പട്ടക്കാരെയും തള്ളിപ്പറഞ്ഞിട്ട്‌ വന്നാല്‍ മതി' എന്ന്‌ ഇ.എം.എസ്‌. തടസം പറഞ്ഞിരുന്നതാണ്‌.

ഇന്ന്‌ വര്‍ഗീയ ബി.ജെ.പിയുടെ കൂടാരത്തില്‍നിന്നു വന്ന പി.സിഠോമസിനോട്‌ വര്‍ഗീയബന്ധത്തെ തള്ളിപ്പറയണമെന്നുപോലും സി.പി.എം. നേതൃത്വം ആവശ്യപ്പെട്ടില്ല. ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ മാത്രമേ എവിടെയോ എന്തോ പിശകിയുള്ളൂ. പിള്ളയുടെ പാര്‍ട്ടിയുമായും ധാരണയ്ക്ക്‌ സമ്മതമാണഅ എന്ന്‌ സി.പി.എം. നേതൃത്വം അറിയിച്ചതിന്റെ പേരിലാണ്‌ തങ്ങള്‍ അവരുമായി ചര്‍ച്ച ആരംഭിച്ചതെന്ന്‌ ജനതാദള്‍ നേതാക്കള്‍ വ്യക്തമാക്കുകയുണ്ടായി. ആശയമോ, തത്ത്വമോ, പരിപാടിയോ, നയമോ, മൂല്യമോ ഒന്നുമല്ല വലിയ 'ഈഗോ'വിന്റെ മാത്രം തടസംകൊണ്ടാണ്‌ ബാലകൃഷ്ണപിള്ളയ്ക്ക്‌ ഇടതുമുന്നണിയിലേറാന്‍ കഴിയാതെ പോയത്‌ എന്നു വ്യക്തം.

എഴുപതും എണ്‍പതും ശതമാനമാളുകള്‍ വോട്ടുരേഖപ്പെടുത്തിയിരുന്ന കേരളത്തില്‍ പലേടത്തും ഇക്കുറി 40 ശതമാനമാളുകളാണ്‌ വോട്ടുചെയ്തത്‌. 'ജനാധിപത്യ'പാര്‍ട്ടികളില്‍ പണ്ടേ വിശ്വാസം നഷ്ടപ്പെട്ട കേരളീയര്‍ക്ക്‌ ഇപ്പോള്‍ ഇടതുപാര്‍ട്ടികളിലുള്ള വിശ്വാസവും നഷ്ടപ്പെട്ടതിന്റെ വ്യക്തമായ സൂചനകള്‍ ലഭ്യമാണ്‌. അടിമുതല്‍ മുടിവരെ വലിയ നിക്ഷിപ്തതാത്പര്യമായി ഇടതുപക്ഷപാര്‍ട്ടികള്‍ തുടര്‍ന്നും നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഭാവിയില്‍ ചിലപ്പോള്‍ 20 ശതമാനം പേര്‍ വോട്ടുചെയ്യുകയും അതില്‍ ഏഴോ, എി‍ട്ടാ ശതമാനം കിട്ടിയവര്‍ നാടുഭരിക്കുകയും ചെയ്യും. അപ്പോഴും റോഡില്‍ പടക്കങ്ങള്‍ പൊട്ടുകയും വലിയ വിജയാഹ്ലാദ പ്രകടനങ്ങള്‍ നടക്കുകയും ചെയ്യും. വ്യാകുലപ്പെടേണ്ടതില്ല!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി