Monday, 18 February 2013

പോലീസും പത്രക്കാരും-ശത്രുക്കളും മിത്രങ്ങളും


പോലീസുകാരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഒരു പാട് സാദൃശ്യങ്ങളുണ്ട്. അധികാരത്തിന്റെ ദണ്ഡ് കൈവശമില്ലെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും ചെയ്യുന്നത് ഒരുതരം പോലീസ് പണി തന്നെയാണ്. കൂറ്റകൃത്യങ്ങള്‍ നടക്കുന്നേടത്ത് പാഞ്ഞെത്തുക, കുറ്റവാളിയെ കുറിച്ച് അന്വേഷിക്കുക, വിവരം ശേഖരിക്കുക, തെളിവ് തേടുക- ഈ പ്രവര്‍ത്തികള്‍ രണ്ടുകൂട്ടരും ചെയ്യുന്നു. പത്രക്കാര്‍ ചെയ്യുന്ന വാര്‍ത്താശേഖരണം പൊലീസുകാരും ചെയ്യുന്നുണ്ട്. അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അധികാരികള്‍ക്കാണ്, പൊതുജനങ്ങള്‍ക്കല്ല എന്നതുമാത്രമാണ് അക്കാര്യത്തിലുള്ള വ്യത്യാസം. ആരോ നടത്തുന്ന അക്രമങ്ങള്‍ക്കിടയില്‍ ഉപജീവനമാര്‍ഗം അതായതുകൊണ്ടുമാത്രം എത്തിപ്പെടുകയും  പലപ്പോഴും തല്ലുവാങ്ങുകയും ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകരും പോലീസുകാരും. തല്ലുന്ന പോലീസുകാര്‍ക്ക് തങ്ങളെപ്പോലെ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടുമാത്രം വന്നുപെട്ടവരാണ് പത്രക്കാരെന്ന ബോധം ഉണ്ടാകാറില്ല. സമരക്കാരെ തല്ലും പാലെ അവര്‍ ചിലപ്പോള്‍ പത്രക്കാരെയും തല്ലാറുണ്ടെന്നതും സത്യം.

മിക്കപ്പോഴും മിത്രങ്ങളും പലപ്പോഴും ശത്രുക്കളും ആയി പ്രവര്‍ത്തിക്കുന്നവരാണ് പോലീസുകാരും പത്രക്കാരും. എന്നാല്‍ ഇവര്‍ തമ്മില്‍ വലിയ ഒരളവോളം പരസ്പരധാരണയും സഹകരണവും ആവശ്യമാണെന്നതാണ് യാഥാര്‍ത്ഥ്യം. പോലീസിന്റെ തൊഴില്‍ പരമായ പ്രയാസങ്ങളും പ്രശ്‌നങ്ങളും പത്രക്കാര്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല; പൊലീസാകട്ടെ, എന്തിനാണ് പത്രക്കാര്‍ നിരന്തരം ഇങ്ങനെ ശല്യം ചെയ്യുന്നത് എന്നും മനസ്സിലാക്കാറുമില്ല. രണ്ടുകൂട്ടരും സമൂഹത്തിന്റെയും ജനാധിപത്യവ്യവസ്ഥയുടെയും നെട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സുപ്രധാന ഘടകങ്ങളാണ്. ഇവരില്ലാതെ സമൂഹത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാവും.

പോലീസ് വെടിവെക്കുന്നേടത്ത് പത്രക്കാര്‍ക്ക് എന്താണ് കാര്യം എന്ന് പരസ്യമായി ചോദിച്ച ഒരു ഡി.ജി.പി. കേരളത്തിലുണ്ടായിരുന്നു. മുത്തങ്ങ വെടിവെപ്പ് കാലത്താണ് അതുണ്ടായത്. പത്രസ്വാതന്ത്ര്യം എന്നൊന്ന് ഭരണഘടനയിലേ ഇല്ല, പിന്നെയെന്തിനാണ് പത്രക്കാര്‍ക്ക് പ്രത്യേക പദവിയും സൗകര്യങ്ങളും നല്‍കുന്നത് ? അവരെയും സാധാരണ ആള്‍ക്കൂട്ടമായി പരിഗണിച്ചാല്‍ പോരേ എന്ന് ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യത്യസ്ഥ ചര്‍ച്ചാസമ്മേളനങ്ങളില്‍ ചോദിക്കുന്നത് നേരിട്ട് കേട്ടിട്ടുണ്ട്. നിയമത്തിന്റെ ' ലറ്റര്‍ ' മാത്രം ഇടുങ്ങിയ കണ്ണുകളോടെ നോക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് അങ്ങനെയൊക്കെ തോന്നിയേക്കും. അവരെ കുറ്റപ്പെടുത്താന്‍ പറ്റില്ല. നിയമത്തിനും ഭരണഘടനയ്ക്കും പല തലങ്ങളുണ്ട്. ലറ്റര്‍ മാത്രമല്ല, സ്പിരിട്ടും ഉണ്ട്. വരികളില്‍ മാത്രമല്ല കാര്യമുള്ളത്, വരികള്‍ക്കിടയിലുമുണ്ട്. ഒരു ജനാധിപത്യസമൂഹത്തിലെ പോലീസ് പ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തനവും ഇതിന്റെ നാനാവശങ്ങള്‍ അറിഞ്ഞുകൊണ്ടുവേണം

മാധ്യമങ്ങള്‍ എന്ന ഫോര്‍ത് എസ്റ്റേറ്റിന് ജനാധിപത്യത്തില്‍ പ്രത്യേകമായുള്ള സ്ഥാനത്തെ കുറിച്ച് ഭരണഘടനയിലെന്തുകൊണ്ട് പരാമര്‍ശമുണ്ടായില്ല എന്നത് പലപ്പോഴും ഈ ലേഖകനെ ചിന്തിപ്പിച്ചിട്ടുള്ള വിഷയമാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളുടെയും ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യം എന്നത് മൗലികമായ അവകാശങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ ഒന്നാം ഭേദഗതിയായാണ് അത് കൂട്ടിച്ചേര്‍ത്തത്. ഫസ്റ്റ് എമെന്‍ഡ്‌മെന്റെന്നത് മാധ്യമസ്വാതന്ത്ര്യം എന്നതിന്റെ പര്യായ പദമായിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ വേളയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടതായി ഇതുസംബന്ധിച്ച ആധികാരിക രേഖകളില്‍നിന്ന് മനസ്സിലാക്കാനാകും. താത്വികമായി വളരെ ശരിയായ ഒരു നിലപാടാണ് അംബേദ്കര്‍ സ്വീകരിച്ചത് എന്ന് സമ്മതിക്കാം. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ് പത്രസ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനം. പൗരസ്വാതന്ത്ര്യം പൂര്‍ണമായി ഉണ്ടെങ്കില്‍ പിന്നെ പത്രസ്വാതന്ത്ര്യം വേറെ എടുത്തുപറയണമെന്നില്ല. സിദ്ധാന്തപരമായി ശരിയെങ്കിലും പ്രായോഗികമായി കുറെകൂടി നല്ലത് മാധ്യമസ്വാതന്ത്ര്യം നിയമപരമായി തന്നെ വ്യവസ്ഥചെയ്യുകയായിരുന്നു എന്ന് കരുതുന്നവര്‍ ധാരാളമുണ്ട്. നടേ പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്മാരെ പോലുള്ളവരെ കൂടി കണ്ടുവേണമല്ലോ നിയമങ്ങളും ഭരണഘടനയുമൊക്കെ നിര്‍മിക്കാന്‍. ശ്രീ വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഒരു ഭരണഘടനാ കമ്മീഷനെ നിയമിച്ചിരുന്നു.  അര നൂറ്റാണ്ടുകാലത്തെ ഭരണഘടനാ പ്രവര്‍ത്തനം അവലോകനം ചെയ്യുകയായിരുന്നു കമ്മീഷന്റെ ചുമതല. ആ കമ്മീഷന്റെ ശുപാര്‍ശകളിലൊന്ന് മാധ്യമസ്വാതന്ത്ര്യം പ്രത്യേക ഭരണഘടനാവ്യവസ്ഥയായി ഉള്‍പ്പെടുത്തണം എന്നതായിരുന്നു. രാഷ്ട്രീയ സാഹചര്യം മാറിയതോടെ ആ റിപ്പോര്‍ട് തീര്‍ത്തും വിസ്മരിക്കപ്പെട്ടു

മാധ്യമപ്രവര്‍ത്തകന് എവിടെ കയറിച്ചെന്ന് എന്ത് വിവരവും തേടാനുള്ള എന്തോ അവകാശം ഉണ്ട് എന്ന ധാരണ ഉദ്യോഗസ്ഥരില്‍ ഉള്ളതുകൊണ്ടാണ് പത്രപ്രവര്‍ത്തനം നടന്നുപോകുന്നത് എന്ന് പലപ്പോഴും തോന്നാറുണ്ട്. അങ്ങനെ വല്ല അവകാശവും ഉണ്ടോ ? സര്‍ക്കാര്‍ അങ്ങനെ വല്ല ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ടോ ?  ഉത്തരം കിട്ടാത്ത ചോദ്യമാണിത്. പത്രക്കാര്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കണമെന്ന് എവിടെയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത് ? അങ്ങനെ എവിടെയും വ്യവസ്ഥ ചെയ്തിട്ടില്ല. എന്നുമാത്രമല്ല പത്രക്കാര്‍ക്ക് വിവരം കൊടുക്കരുത് എന്ന് വാക്കാലും അല്ലാതെയുമുള്ള കല്‍പ്പനകള്‍ ഉന്നതങ്ങളില്‍ നിന്ന് ഉണ്ടാകാറുമുണ്ട്. വിവരാവകാശനിയമം വരുന്നതുവരെ പല്ലും നഖവും ഉള്ള നിയമം ഔദ്യോഗിക രഹസ്യനിയമം ആയിരുന്നല്ലോ. ഒഫീഷ്യല്‍ സീക്രറ്റ്‌സ് ആക്റ്റ് പ്രകാരം സര്‍ക്കാര്‍ സംവിധാനത്തിലെ എന്തുവിവരവും രഹസ്യമാണ്. അത് പുറത്ത് കൊടുക്കുന്നത് ഗുരുതരമായ കുറ്റമാണ്. ആ പ്രതിബന്ധം ഇപ്പോള്‍ ഇല്ലെങ്കിലും വിവരം ശേഖരിക്കുക എന്നത് പത്രപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഇന്നും ഭിക്ഷാടനമാണ്. ഉദ്യോഗസ്ഥന്‍ സഹകരിച്ചില്ലെങ്കില്‍ വിവരം കിട്ടില്ല. ഔദാര്യത്തിന് വേണ്ടി കാത്തുകെട്ടിനില്‍ക്കണം. എന്തെല്ലാം വിവരം നല്‍കാം, എപ്പോള്‍ നല്‍കാം, ആര് നല്‍കാം എന്നൊന്നും ഇത്രയും കാലമായിട്ടും വ്യവസ്ഥ ചെയ്തിട്ടില്ല. വിവരാവകാശ നിയമപ്രകാരം പത്ത് രൂപ സ്റ്റാമ്പ് ഒട്ടിച്ച് അപേക്ഷിച്ച് ഒരു മാസത്തിനകം  കിട്ടിയാല്‍ പ്രസിദ്ധപ്പെടുത്താവുന്ന ഒന്നല്ല വാര്‍ത്ത. പ്രത്യേകിച്ച് പോലീസ് വാര്‍ത്ത. അന്നത്തെ വാര്‍ത്ത അപ്പോള്‍തന്നെ കിട്ടിയേ തീരൂ. ഇതുകാരണം എല്ലായ്‌പ്പോഴും റിപ്പോര്‍ട്ടര്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ വിവരശേഖരണത്തിനായി ആശ്രയിക്കുന്നു. സോഴ്‌സ് എന്നാണ് പത്രക്കാര്‍ പറയുക. എ റിപ്പോര്‍ട്ടര്‍ ഈസ് ആസ് ഗുഡ് ആസ് ഹിസ് സോഴ്‌സ് എന്നാണ് വാക്യം. തന്ന വിവരം സത്യമാണോ ? സത്യമാണെന്നതിന് ഒരു ഉറപ്പുമില്ല. ആട്ടെ രേഖ കാണിക്കൂ എങ്കിലേ ഞാന്‍ റിപ്പോര്‍ട് ചെയ്യൂ എന്നുപറയാന്‍ മിക്കപ്പോഴും പത്രലേഖകന് കഴിയില്ല. വാര്‍ത്താശേഖരണത്തിന്റെ വലിയ ഒരു പരിമിതിയാണ് അത്. സോഴ്‌സിനെ വിശ്വസിക്കുകയും റിപ്പോര്‍ട് പ്രസിദ്ധപ്പെടുത്തുകയുമാണ് ലേഖകര്‍ ചെയ്യാറുള്ളത്. ഇതുകൊണ്ടുതന്നെ കുളത്തില്‍ ചാടിയ പത്രപ്രവര്‍ത്തകരുടെ എണ്ണം ചെറുതല്ല.

വിവരാവകാശനിയമം നിലവില്‍ വന്നതോടെ ഭരണത്തിലെ സുതാര്യത വിദൂരത്തിലുള്ള ഒരാദര്‍ശം മാത്രമല്ലാതായിക്കഴിഞ്ഞു. വിവരങ്ങള്‍ ഉദ്യോഗസ്ഥന്റേതല്ല, പൗരന്റേതാണ്. അവന് അറിയാന്‍ അവകാശമുണ്ട്. എന്തെല്ലാം കൊടുക്കാം എന്ന് പെറുക്കിയെടുക്കുകയാണ് മുമ്പ് ചെയ്തുകൊണ്ടിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി. അപൂര്‍വം ചിലതേ കൊടുക്കാന്‍ പാടില്ലാത്തതായുള്ളു. രാഷ്ട്രപതി ഭവന്‍ മുതല്‍ വില്ലേജ് ഓഫീസ് വരെ എല്ലായിടത്തും വിവരാവകാശ നിയമം ബാധകമാണ്. പൊലീസിനും ബാധകമാണ്. സാങ്കേതികതകള്‍ മാറ്റിവെച്ച് മാധ്യമപ്രവര്‍ത്തകന് വിവരങ്ങള്‍ നല്‍കാന്‍ പോലീസും തയ്യാറാകണം. അതൊരു പ്രായോഗിക പ്രവര്‍ത്തന പരിപാടിയായി സ്വീകരിക്കാന്‍ ഇതുവരെ ഒരു സര്‍ക്കാറും തയ്യാറായിട്ടില്ല. എങ്ങനെ വിവരം നല്‍കാം എന്നല്ല, എങ്ങനെ നല്‍കാതിരിക്കാം എന്ന ചിന്ത ഉദ്യോഗസ്ഥരെ നയിക്കുന്ന അവസ്ഥ ഇപ്പോഴും നില നില്‍ക്കുന്നു. പോലീസ് നയത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ എപ്പോഴും നടക്കാറുണ്ടെങ്കിലും പൊലീസിന്റെ സുതാര്യത നിര്‍ഭാഗ്യവശാല്‍ ചര്‍ച്ചാവിഷയമാകാറില്ല.  എന്തുകൊണ്ടാണ് മീഡിയാ റിലേഷന്‍സിന് ഒരു നയമോ സംവിധാനമോ ഇല്ലാത്തത് ? വികസിത രാജ്യങ്ങളില്‍ പോലീസ് ആസ്ഥാനത്ത് തന്നെ വിവരങ്ങള്‍ നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍തന്നെ എല്ലാ ദിവസവും മീഡിയ ബ്രീഫിങ് നടത്തുകയാണ് ചെയ്യുക

മീഡിയ റിലേഷന്‍സ് എന്നത് ഒരു കോഴ്‌സ് ആയി പോലീസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങള്‍ നിരവധിയാണ്. ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥമാണ് എന്നതുകൊണ്ടാണ് പോലീസുകാരും പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട് എന്ന് ശഠിക്കുന്നത്. അതത് ദിവസത്തെ സംഭവങ്ങള്‍ രേഖപ്പെടുത്തിയ പോലീസ് വെബ് സൈറ്റില്‍ കയറിനോക്കാന്‍ പത്രക്കാര്‍ക്ക് പ്രത്യേക കോഡ് അനുവദിക്കുന്ന സമ്പ്രദായമാണ് ഇപ്പോള്‍ മിക്കയിടത്തും നിലവിലുള്ളത്. ക്രമസമാധാന പാലനത്തിലും നിയമവാഴ്ച ഉറപ്പുവരുത്തുന്നതിലും പോലീസുമായി സഹകരിക്കാനുള്ള ധാര്‍മിക ബാധ്യത പത്രപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കുമുണ്ട് എന്ന വസ്തുത കൂടി എടുത്തുപറയേണ്ടതുണ്ട്. കാരണം, ആത്യന്തികമായി പോലീസിന്റെയും ഫോര്‍ത് എസ്റ്റേറ്റിന്റെയും ബാധ്യത സമൂഹത്തോടാണ്. സമൂഹത്തിന് നീതിയും സമാധാനവും നല്‍കുന്നതിന് അവര്‍ ബാധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ അവര്‍ ശത്രുക്കളാവരുത്, മിത്രങ്ങളാവണം.

No comments:

Post a comment