ചിന്താശൂന്യ ബൈഠക്‌


തിരഞ്ഞെടുപ്പ്‌ തോല്‍വിയും തദനന്തര ആഭ്യന്തര കലഹവും മൂലം നടുവൊടിഞ്ഞുകിടക്കുന്ന പാര്‍ട്ടിയെ പുനരുദ്ധരിക്കാനാവുമോ എന്ന്‌ നോക്കാനാണ്‌ ഷിംലയില്‍ മുന്തിയ ചിന്തകന്മാരെ ബൈഠക്കിലിരുത്തിയത്‌. കൃത്യം ആ സമയത്തുതന്നെയാണ്‌ ജസ്വന്തകന്റെ വക ഇരുട്ടടിയുണ്ടായതും. പറയത്തക്ക പ്രകോപനമൊന്നുമുണ്ടായിരുന്നില്ല. മരിച്ചു മണ്‍മറഞ്ഞവരെക്കൊണ്ട്‌ പൊതുവെ ഉപദ്രവമുണ്ടാകാറില്ലല്ലോ. അറുപതുകൊല്ലം മുമ്പ്‌ പോയ ജിന്ന ഇത്‌ രണ്ടാം വട്ടമാണ്‌ ബി.ജെ.പി.യെ ഓര്‍ക്കാപ്പുറത്ത്‌ പിടികൂടുന്നത്‌. സാക്ഷാല്‍ അദ്വാനിജിക്കുതന്നെ കുറച്ചുമുമ്പ്‌ അതേ ജിന്നിന്റെ ഉപദ്രവമുണ്ടായി. പ്രസിഡന്റ്‌ സ്ഥാനം അന്ന്‌ നഷ്‌ടപ്പെട്ടെങ്കിലും ഒരുവിധം രക്ഷ പ്രാപിച്ചതുകൊണ്ട്‌ രണ്ടാംവട്ടവും തിരഞ്ഞെടുപ്പ്‌ പരാജയത്തിലേക്ക്‌ പാര്‍ട്ടിയെ നയിക്കാനുള്ള അവസരം കിട്ടി.

മുപ്പതുവര്‍ഷമായി സംഘപരിവാരത്തിനൊപ്പം തിന്നും കുടിച്ചും കഴിയുന്ന ഒരാളുടെ തലയില്‍ ജിന്നയെക്കുറിച്ച്‌ ഇത്തരമൊരു അനാശാസ്യചിന്ത ഉണ്ടായതിന്റെ കാരണം ദുരൂഹമാണ്‌. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ശാഖയില്‍ചേര്‍ന്ന്‌ ട്രൗസറിടാത്തതിന്റെ കുഴപ്പമാവണം. വളരെ വൈകിയാണ്‌ ജസ്വന്ത്‌ പാര്‍ട്ടിയിലെത്തിയത്‌. പട്ടാളത്തിലെ ലഫ്‌റ്റ്‌ റൈറ്റ്‌ അല്ല ശാഖയിലേത്‌. എന്നിട്ടും എം.പി.യും മന്ത്രിയുമൊക്കെ ആയെങ്കിലും ആള്‍ ശരിക്കും പാര്‍ട്ടിക്കകത്തായിരുന്നില്ല എന്നുവേണം കരുതാന്‍. ആയിരുന്നെങ്കില്‍ ജിന്നയല്ല ഇന്ത്യാവിഭജനത്തിന്‌ കാരണക്കാരന്‍ എന്ന്‌ പറയുവാന്‍ നാവുപൊങ്ങുമോ? ജസ്വന്തിനുമാത്രമല്ല വൈകി വഴിതെറ്റിക്കയറിവന്ന യശ്വന്തിനും അരുണ്‍ ശൗരിക്കും സമാന സ്വഭാവക്കാരായ വേറെ ചിലര്‍ക്കും ഇത്തരം നിരവധി കുഴപ്പങ്ങളുണ്ട്‌. കോണ്‍ഗ്രസ്സുകാരോ ഇടതുപക്ഷക്കാരോ ആയിരുന്നു പുസ്‌തകമെഴുതിയിരുന്നതെങ്കില്‍ വര്‍ഗീയ പ്രീണനമാണെന്നോ വോട്ടുബാങ്ക്‌ രാഷ്ട്രീയമാണെന്നോ ഒക്കെ ആക്ഷേപിക്കാമായിരുന്നു. ഇപ്പോള്‍ അതും നിവൃത്തിയില്ല. ജിന്ന അസ്സല്‌ മതേതരവാദിയാണെന്ന്‌ ഇന്ന്‌ തോന്നിയവര്‍ക്ക്‌, ശ്രീരാമനല്ല രാവണനാണ്‌ ധര്‍മസംസ്ഥാപനാര്‍ഥം അവതരിച്ചതെന്നും ശ്രീകൃഷ്‌ണനല്ല ദുര്യോധനനാണ്‌ അര്‍ജുനനെ ഗീത ഉപദേശിച്ചതെന്നും രാമജന്മഭൂമി ബാബര്‍ തകര്‍ത്തതല്ല കാറ്റിലും മഴയിലും വീണുപോയതാണെന്നും മറ്റും നാളെ തോന്നിക്കൂടായ്‌കയില്ല. ഈ രോഗത്തിന്‌ ചികിത്സയൊന്നുമില്ല. ഉടനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയാണ്‌ പരിഹാരകര്‍മം. സാങ്കേതികമായി പുറത്താക്കുന്നുവെന്നേ ഉള്ളൂ. ഇവരൊരിക്കലും പാര്‍ട്ടിക്കകത്തായിരുന്നില്ല.

ദ്വിരാഷ്ട്രവാദത്തിലേക്കും വിഭജനത്തിലേക്കും ജിന്നയെ മറ്റാരോ തള്ളിവിട്ടതാണെന്ന്‌ ഒരു ബി.ജെ.പി.ക്കാരന്‍ പറയുമ്പോള്‍ ചെയ്യുന്നത്‌ ബി.ജെ.പി.യുടെ ജന്മലക്ഷ്യത്തെത്തന്നെ തള്ളിപ്പറയുകയാണ്‌. വിഭജനത്തെ ഊണിലും ഉറക്കത്തിലും തള്ളിപ്പറയുകയും അഖണ്ഡഭാരതമെന്ന്‌ ഉറക്കത്തിലും ഉച്ചരിക്കുകയും ചെയ്യുകയാണ്‌ പാര്‍ട്ടി തത്ത്വശാസ്‌ത്രം. വിഭജനത്തിന്‌ മുസ്‌ലിങ്ങളും ജിന്നയുംതന്നെ കാരണക്കാര്‍. വിഭജനം തടഞ്ഞില്ലെന്നതാണ്‌ ഗാന്ധിജിയുടെയും നെ\'ുവിന്റെയും തെറ്റ്‌. ഗാന്ധിജിക്കുള്ള ശിക്ഷ അന്നേ കൊടുത്തു. ജിന്നയ്‌ക്കുള്ളത്‌ ലോകമുള്ള കാലം മുഴുവന്‍ കൊടുത്തുകൊണ്ടേയിരിക്കണം. അതിനിടയിലാണ്‌ ഓരോരുത്തര്‌ ചെന്ന്‌ ജിന്നയെ പൊന്നാടയണിയിക്കുന്നത്‌. എങ്ങനെ സഹിക്കും?

കാര്യമിങ്ങനെയാണെങ്കിലും മുസ്‌ലിംലീഗും ജിന്നയും വിഭജനവുമൊന്നുമില്ലായിരുന്നെങ്കില്‍ നമ്മുടെ പാര്‍ട്ടിയുടെ കാര്യം കുറച്ച്‌ ബുദ്ധിമുട്ടാകുമായിരുന്നു എന്നത്‌ അധികംപേര്‍ ഓര്‍ക്കാത്ത സത്യമാണ്‌. വര്‍ഗശത്രുവായാലും ശരി വര്‍ഗീയ ശത്രുവായാലും ശരി എടുത്തുകാട്ടി ജനത്തെ സംഘടിപ്പിക്കാന്‍ നല്ലൊരു ശത്രു വേണം. ഇല്ലെങ്കില്‍ പാര്‍ട്ടിയുണ്ടാക്കുക പ്രയാസമാണ്‌. മുസ്‌ലിമും മുസ്‌ലിംലീഗും ജിന്നയും പാകിസ്‌താനുമില്ലെങ്കിലെങ്ങനെയാണ്‌ സംഘപരിവാരമുണ്ടാകുക? ഈ യാഥാര്‍ഥ്യം ഉപബോധമനസ്സില്‍ കിടക്കുന്നതുകൊണ്ടാകും അദ്വാനിയും ജസ്വന്തും ബോധമില്ലാതെ ജിന്നയെക്കുറിച്ച്‌ നല്ലതുപറഞ്ഞുപോയത്‌. പടച്ചോന്റെ ഓരോരോ കളികളെന്നല്ലാതെന്ത്‌ പറയാന്‍.

പുസ്‌തകമെഴുതാന്‍ പറ്റിയ ആയിരം വിഷയങ്ങള്‍ സൂര്യന്‌ കീഴിലുള്ളപ്പോള്‍ ജിന്നയെയും വിഭജനത്തെയും സ്വീകരിക്കാന്‍ ജസ്വന്തിനെ പ്രേരിപ്പിച്ചതെന്ത്‌ എന്ന്‌ കണ്ടുപിടിക്കാന്‍ ഷിംലയിലെ ചിന്താശൂന്യ ബൈഠക്കിന്‌ കഴിഞ്ഞതായി സൂചനയില്ല. അതുസംബന്ധിച്ചൊന്നും പത്രക്കുറിപ്പില്‍ പറയുന്നില്ല. എന്തായാലും ജസ്വന്തിനെ പാര്‍ട്ടി ഒറ്റയടിക്ക്‌ പുറത്താക്കുകയാണ്‌ ചെയ്‌തത്‌. അതില്‍നിന്ന്‌ കുറ്റകൃത്യത്തിന്റെ ഗൗരവം ആര്‍ക്കും ബോധ്യപ്പെടും. പാര്‍ട്ടിയുടെ ഭരണഘടനയിലൊരിടത്തും ഒരാളെ ഇങ്ങനെ പുറത്താക്കാന്‍ വ്യവസ്ഥ ചെയ്‌തിട്ടില്ല. പറയാനുള്ളത്‌ കേട്ടിട്ടേ നടപടിയെടുക്കാവൂ എന്ന്‌ കൃത്യമായി പറഞ്ഞിട്ടുമുണ്ട്‌. അടിയന്തരാവസ്ഥ വന്നാല്‍ ഭരണവും ഘടനയുമൊന്നും നോക്കാന്‍ പറ്റില്ല. ഉടന്‍ പുറത്തുകളഞ്ഞു. ജസ്വന്തിന്‌ അതുകൊണ്ട്‌ ചെറുതല്ലാത്ത നേട്ടവുമുണ്ട്‌. പുസ്‌തകമെഴുതിയതിന്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെടുന്ന ആദ്യത്തെ രാഷ്ട്രീയനേതാവ്‌ എന്ന ബഹുമതി ഗിന്നസ്‌ ബുക്കില്‍ ചേര്‍ക്കാന്‍ പറ്റിയതാണല്ലോ. സ്റ്റാലിന്റെയും ഹിറ്റ്‌ലറുടെയും കാലത്ത്‌ ഇത്തരം പുസ്‌തകമെഴുത്തുകാരെ നാടുകടത്തുകയോ ജയിലിലിടുകയോ ഫയറിങ്‌ സ്‌ക്വാഡിന്‌ മുമ്പില്‍ നിര്‍ത്തുകയോ ആണ്‌ ചെയ്‌തിരുന്നത്‌. ഇവിടെ അതിനുള്ള പാങ്ങില്ല. ഗുജറാത്തില്‍ ഒരു പക്ഷേ പറ്റിയേക്കാം. അവിടെ പുസ്‌തകം നിരോധിച്ചിട്ടുണ്ട്‌. ജസ്വന്ത്‌ അങ്ങോട്ട്‌ ചെല്ലുകയാണെങ്കിലും ജയിലിലിടുന്ന കാര്യം പരിഗണിക്കുന്നതായിരിക്കും.

വിഭജനത്തിന്‌ മുമ്പ്‌ ജനിച്ചവര്‍ ജനസംഖ്യയില്‍ നന്നേ ചെറിയ ഒരു ശതമാനമാണ്‌. പകുതിയിലേറെ പൗരന്മാര്‍ക്ക്‌ വയസ്സ്‌ ഇരുപത്തഞ്ചില്‍ താഴെയാണ്‌. അവര്‍ ജിന്നയെക്കുറിച്ച്‌ പാഠപുസ്‌തകത്തില്‍പ്പോലും വായിച്ചുകാണില്ല. പുതിയ യുഗത്തിലാണ്‌ അവര്‍ ജീവിക്കുന്നത്‌. അതില്‍ കാര്യമില്ല. ബി.ജെ.പി. നേതാക്കളില്‍ ഭൂരിപക്ഷം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്‌ ജീവിക്കുന്നത്‌. ചിലരെല്ലാം ബാബറിന്റെയും ചെങ്കിസ്‌ഖാന്റെയും സമകാലികരാണ്‌. നൂറു ചിന്തന്‍ ബൈഠക്കുകള്‍ക്കും അവരെ ഈ കാലത്തിലേക്ക്‌ കൊണ്ടുവരാന്‍ കഴിഞ്ഞേക്കില്ല.

****

ആസിയാന്‍ കരാര്‍ എന്തെന്ന്‌ അറിയും മുമ്പാണ്‌ സകല വിദഗ്‌ധരും അതിനെ കടിച്ചുകീറിയതെന്ന പരാതിയില്‍ വലിയ കഴമ്പൊന്നുമില്ല. ജസ്വന്ത്‌ സിങ്ങിന്റെ പുസ്‌തകം മുഴുവന്‍ വായിച്ചിട്ടാണോ ചിന്തന്‍ ബൈഠക്കുകാര്‍ അദ്ദേഹത്തെ പുറത്തുകളഞ്ഞത്‌? ആണവക്കരാര്‍ മുഴുവന്‍ വായിച്ചുപഠിച്ചേ അതിനെ എതിര്‍ക്കാവൂ എന്ന്‌ വാശിപിടിച്ചതുപോലെയാണ്‌ ഇതും. ഓരോ കരാറിന്റെയും ശരിതെറ്റുകള്‍ വായിക്കാതെ നമുക്ക്‌ ഊഹിക്കാനാവും. നൂറുകണക്കിന്‌ പേജുകളും വകുപ്പുകളും ഉപവകുപ്പുകളും പട്ടികകളും ഉള്ള കരാറൊക്കെ വായിച്ചുപഠിച്ചേ പ്രതികരിക്കാവൂ എന്ന്‌ നിര്‍ബന്ധിക്കുന്നത്‌ ശുദ്ധ ഫാസിസമാണ്‌.

അമേരിക്ക പോലുള്ള സാമ്രാജ്യത്വവും കോണ്‍ഗ്രസ്സിനെപ്പോലൊരു സാമ്രാജ്യത്വ കാലുനക്കി പാര്‍ട്ടിയുടെ സര്‍ക്കാറുമാണ്‌ കരാറിലേര്‍പ്പെടുന്നതെങ്കില്‍പ്പിന്നെ ആലോചിക്കാനൊന്നുമില്ല. എതിര്‍ക്കുകതന്നെ. ലാവോസ്‌, കംപോഡിയ, തായ്‌ലന്‍ഡ്‌ തുടങ്ങിയ ഭീകര സാമ്രാജ്യത്വരാജ്യങ്ങളാണ്‌ ആസിയാനിലുള്ളത്‌. കൊച്ചുഭാരതത്തെ അവര്‍ വിഴുങ്ങാനുള്ള എല്ലാ സാധ്യതയുമുണ്ട്‌. കേന്ദ്ര സര്‍ക്കാര്‍ ഏത്‌ ചെകുത്താനുമായി കരാര്‍ ഒപ്പിട്ടാലും അതിലൊരു വരി തെറ്റോ കുറ്റമോ അതുകൊണ്ടൊരു ദോഷമോ ഉണ്ടാവില്ല എന്ന നിലപാടാണ്‌ കോണ്‍ഗ്രസ്സുകാര്‍ക്കുള്ളത്‌. രാജ്യതാത്‌പര്യം വിട്ടൊരു കളി കോണ്‍ഗ്രസ്സിനില്ലെന്നകാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക്‌ സംശയം ഒട്ടുമില്ല. പവര്‍പോയന്റില്‍ അതുപ്രത്യേകം പറഞ്ഞിട്ടുമുണ്ട്‌.

ഇതൊന്നും പക്ഷേ കെ.എം.മാണിക്കും കേരള കോണ്‍ഗ്രസ്സിനും ബാധകമല്ല. കോണ്‍ഗ്രസ്സിന്റെ കേന്ദ്രസര്‍ക്കാറും അമേരിക്കയുടെ സാമ്രാജ്യത്വവുമൊക്കെ നമ്മുടെ സ്വന്തം ആള്‍ക്കാരാണെങ്കിലും വോട്ടുള്ളത്‌ അവരുടെ കൈയിലൊന്നുമല്ല. അതിന്‌ കര്‍ഷകര്‍തന്നെ കനിയണം. നമ്മുടെ തത്ത്വം ഒന്നുമാത്രം. നമ്മുടെ ഉത്‌പന്നം ലോകത്ത്‌ മുഴുവന്‍ മുന്തിയ വിലയ്‌ക്ക്‌ വിറ്റഴിക്കാനാകണം. നമ്മള്‍ ഉണ്ടാക്കുന്ന സാധനത്തിന്റെ വില കുറയ്‌ക്കാനിടയാക്കുന്ന ഒരു സാധനവും ഇങ്ങോട്ട്‌ ഇറക്കാന്‍ പാടില്ല. നൂലിന്‌ വില കുറയുകയും മുണ്ടിന്‌ വില കൂടുകയും ചെയ്യണമെന്നേ ഏത്‌ നെയ്ത്തുകാരനും ആഗ്രഹിക്കാന്‍ പറ്റൂ. ഈ അടിസ്ഥാന സാമ്പത്തികതത്ത്വമനുസരിച്ചുള്ളതല്ലെങ്കില്‍ കരാറിനെ എതിര്‍ക്കാതെ നിവൃത്തിയില്ല. ആകപ്പാടെ ഒരു കുഴപ്പമേ ഉള്ളൂ. കരാര്‍ നടപ്പായാല്‍ എന്താണ്‌ സംഭവിക്കുക എന്നറിയാന്‍ കെ.എം.മാണിയുടെ സാമ്പത്തികശാസ്‌ത്രജ്ഞാനമൊന്നും പോരാ. അതിന്‌ മുന്തിയ ജ്യോത്സ്യന്മാര്‍ വേണ്ടിവരും.

ഒടുവിലത്തെ ധീരമായ ഒരു പ്രഖ്യാപനം ഇന്ത്യയൊട്ടാകെയുള്ള കര്‍ഷകരുടെയും മറ്റ്‌ ജനവിഭാഗങ്ങളുടെയും ആശങ്ക അകറ്റിയിട്ടുണ്ട്‌. ആസിയാന്‍ കരാര്‍ പ്രകാരം ഇറക്കുമതി ചെയ്യുന്ന ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി കിസാന്‍സഭ പ്രസിഡന്റ്‌ എസ്‌. രാമചന്ദ്രന്‍പിള്ളയുടെ പ്രഖ്യാപനമാണ്‌ ഇതിനുകാരണം. ഇത്രയും എളുപ്പം പരിഹരിക്കാന്‍ കഴിയുന്ന ഒരു പ്രശ്‌നത്തെച്ചൊല്ലി എന്തിനാണ്‌ ഒച്ചയും ബഹളവുമുണ്ടാക്കിയതെന്ന്‌ മനസ്സിലാകുന്നില്ല. ആസിയാന്‍ കരാറില്‍ പറഞ്ഞിട്ടുള്ള പതിനായിരത്തില്‍ ചില്വാനം ഉത്‌പന്നങ്ങളുടെ പട്ടിക കടയില്‍പോകുമ്പോള്‍ നമ്മള്‍ കൈയില്‍ വെക്കണമെന്നേ ഉള്ളൂ. അത്‌ അച്ചടിച്ച്‌ വിതരണം ചെയ്യുന്നതായിരിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി