ആത്മീയ വിപണിയില്‍ ഇടിവ്‌


ഒരാള്‍ ജയിലിലായിക്കഴിഞ്ഞു. മറ്റെയാള്‍ ജയിലിലാണോ ആസ്‌പത്രിയിലാണോ എന്നുറപ്പായിട്ടില്ല. ഒരേതൂവല്‍പ്പക്ഷികളാണ്‌്‌. ആരെയും വീഴ്‌ത്താനുള്ള മുഖകാന്തിയും വാക്‌ചാതുര്യവും ഏറ്റക്കുറച്ചിലോടെ രണ്ടുപേര്‍ക്കുമുണ്ട്‌. യുവത്വം വിട്ടിട്ടില്ല. സംന്യാസിയാണോ എന്നുചോദിച്ചാല്‍ അതേ എന്നുത്തരം. ആ ചോദ്യംതന്നെ ഉറച്ചുചോദിച്ചാല്‍ അല്ലെന്ന്‌ മറുപടി കിട്ടും. എന്നുവെച്ച്‌ രണ്ടുപേരും ഒരേ ടൈപ്പ്‌ അല്ലതാനും. പക്ഷേ, രോഗം ഒന്നുതന്നെ.

ആദ്യം മുഖംമൂടിയഴിഞ്ഞ ആത്മീയന്‌ ചൈതന്യത്തിന്റെ ഡോസ്‌ നന്നെ കൂടുതലുണ്ടായിരുന്നു. ആത്മീയത്തിലല്ലെങ്കില്‍ രാഷ്‌ട്രീയാഭിനയത്തിലോ ചലച്ചിത്രാഭിനയത്തിലോ വിജയിക്കാനുള്ള പ്രതിഭ ആ മുഖത്ത്‌ ലോക്കപ്പില്‍ കിടക്കുമ്പോഴും വിളയാടുന്നുണ്ട്‌. ചൈതന്യത്തിന്റെ അതിപ്രസരം കൊണ്ടാവണം ആത്മീയാതിക്രമം അതിരുകടന്നുപോയി. ബാങ്ക്‌ ലോക്കറുകളില്‍ സാധാരണമനുഷ്യര്‍ പണ്ടവും മറ്റുമാണ്‌ സൂക്ഷിക്കാറുള്ളതെങ്കില്‍ ഈ ആചാര്യന്‍ സൂക്ഷിച്ചിരുന്നത്‌ തന്റെ ക്രൂരവിനോദം ചിത്രീകരിച്ച സി.ഡി.കളായിരുന്നുവത്രെ.

മറ്റെ ആത്മീയാചാര്യന്‌ ആ വിഷയത്തില്‍ അവഗാഹമുള്ളതായി ഇതുവരെ തെളിവില്ല. ആചാര്യന്‍ പൂര്‍വാശ്രമത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്സായിരുന്നു എന്ന്‌ ശത്രുക്കള്‍ പറയുന്നുണ്ട്‌. മന്ത്രിമാരുടേതെന്ന പോലെ ടോപ്പില്‍ മിന്നുന്ന ലൈറ്റ്‌ പിടിപ്പിച്ച കാറില്‍ സഞ്ചരിക്കുന്നതിന്റെ പ്രേരണയതാവണം. ബീക്കണ്‍ ലൈറ്റുള്ള കൊടിവെച്ച കാര്‍ എന്ന സ്വപ്‌നം ഒരു ഹാങ്‌ ഓവറായി തലയില്‍ കിടന്നിട്ടുണ്ടാകണം. രാഷ്‌ട്രീയത്തില്‍ അതിന്‌ സ്‌കോപ്പില്ലെന്ന്‌ ബോധ്യപ്പെട്ടപ്പോഴാവണം കളം മാറ്റിച്ചവിട്ടിയത്‌.

സംന്യാസവും ജ്യോത്സ്യവും ഒന്നല്ല. എങ്കിലും ജ്യോത്സ്യമില്ലാത്ത സംന്യാസത്തിന്‌ മാര്‍ക്കറ്റില്ല എന്ന്‌ പുതിയ ഹൈടെക്‌ ജ്യോത്സ്യസംന്യാസിമാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. രണ്ടും ചേര്‍ന്നാല്‍ പിന്നെ പിടിച്ചാല്‍കിട്ടില്ല. നടേ പറഞ്ഞ വാക്‌ചാതുരിയും മുഖകാന്തിയും മതി മൂലധനമായി. മുടിയുംതാടിയും കൊണ്ട്‌ കുറെ ലക്ഷണക്കേടുകള്‍ മറയ്‌ക്കുകയുമാകാം. പ്രവചനം എല്ലാം ശരിയാകണമെന്നൊന്നുമില്ല. പത്തെണ്ണം പറയുമ്പോള്‍ രണ്ടെണ്ണം ഏശിയാല്‍ പിടിച്ചുനില്‍ക്കാം. സുനാമി മാത്രമല്ല, ഗാന്ധിവധം മുതല്‍ ശ്രീശാന്തിന്‌ തല്ല്‌ കിട്ടിയതുവരെ പ്രവചിച്ചുവെന്ന്‌ അവകാശപ്പെടാന്‍ ആരോടും ചോദിക്കേണ്ട. ഇല്ലെന്ന്‌ ആരും തെളിയിക്കാന്‍ പോകുന്നില്ല.

ചൈതന്യം കൂടിയ കക്ഷിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ കക്ഷി താനാണെന്ന്‌ ആളുകള്‍ ധരിച്ചേക്കുമോ എന്നതായിരുന്നു മറ്റേ കക്ഷിയുടെ പരിഭ്രാന്തി. രാഷ്‌ട്രീയ വ്യാപാരികളോട്‌ കാട്ടുന്ന ദയ പോലും മാധ്യമങ്ങള്‍ ആത്മീയ വ്യാപാരികളോട്‌ കാട്ടുന്നില്ലെങ്കില്‍ എന്തുചെയ്യും ? ദുഷ്ടന്മാരായ കേരളീയര്‍ക്കിടയില്‍ ഇനി ജീവിക്കാന്‍ വയ്യെന്ന നില വന്നപ്പോഴാണ്‌ തോക്കിന്റെ പൊറാട്ട്‌ നാടകം അവതരിപ്പിച്ചത്‌. ജാതകഫലം കൊണ്ടാവണം ചെയ്യുന്നതെല്ലാം അലമ്പായേ കലാശിക്കുന്നുള്ളൂ.

യുക്തിവാദികള്‍ പരിഹാസപൂര്‍വം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌. സുനാമി മുതല്‍ ഉമ്മന്‍ചാണ്ടിയുടെ കാലിന്റെ ഉളുക്കുവരെ പ്രവചിക്കാന്‍ കഴിയുന്ന സ്വാമിമാര്‍ക്ക്‌ എന്തുകൊണ്ട്‌ സ്വന്തം പതനവും ആത്മഹത്യാശ്രമപരാജയവും മുന്‍കൂട്ടിക്കാണാനായില്ല ? ഉത്തരമുണ്ട്‌്‌. സുനാമി മുന്‍കൂട്ടി കാണാന്‍ കഴിയും, പക്ഷേ, തടയാന്‍ കഴിയില്ല. സുനാമിയില്‍ മരിച്ചവരുടെയെല്ലാം ജാതകത്തില്‍ മരണം ഇന്നവിധത്തില്‍, ഇന്നദിവസം സംഭവിക്കും എന്നുപറഞ്ഞിട്ടുണ്ടാകുമല്ലോ. സുനാമി പ്രവചിച്ചാലും മരണം ഇല്ലാതാക്കാന്‍ പിന്നെയെങ്ങനെ കഴിയും? ജാതകത്തിലെഴുതിയതിന്‌ തിരുത്തുകൊടുക്കാന്‍ പറ്റുമോ?

തൊണ്ണൂറ്റഞ്ചുശതമാനം രാഷ്‌ട്രീയവ്യാജന്മാര്‍ ചേര്‍ന്ന്‌ അഞ്ചുശതമാനം ശുദ്ധന്മാര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നു എന്ന്‌ ആരോ പറഞ്ഞിട്ടുണ്ട്‌. ആത്മീയക്കാര്‍ക്കും ഇതു ബാധകം. ശതമാനത്തില്‍ നേരിയ വ്യത്യാസം കണ്ടേക്കുമെന്നുമാത്രം. രാഷ്ട്രീയവും ആത്മീയതയും തമ്മിലുള്ള ഈ മത്സരത്തില്‍ അന്തിമമായി ആരുജയിക്കും എന്ന്‌ പറയാറായിട്ടില്ല. രാഷ്‌ട്രീയവുമായി ആത്മീയത്തിന്‌ പണ്ടേ ബന്ധമുണ്ട്‌. പണ്ട്‌ രണ്ടിലും ഏതാണ്ട്‌ ഒരേ തരം ആളുകളാണ്‌ കടന്നുചെന്നിരുന്നത്‌ - രണ്ടുതരം നിഷ്‌കാമകര്‍മികള്‍. ഇന്ന്‌ വേറൊരുതരം ഫ്രകാമി'കള്‍ രണ്ടിലും എളുപ്പം കടന്നുചെല്ലുന്നു. എന്‍ട്രന്‍സ്‌ പരീക്ഷയോ വെരിഫിക്കേഷനോ ഇല്ലാത്തതുകൊണ്ട്‌ ആര്‍ക്കും തടസ്സം കൂടാതെ പ്രവേശിക്കാം രണ്ടിടത്തും.

*********

മോഡറേഷന്‍ എന്ന പഴയ സമ്പ്രദായം നീതിരഹിതമായിരുന്നു. മാര്‍ക്ക്‌ കുറഞ്ഞവന്‌ മാത്രം മാര്‍ക്ക്‌്‌ കൂട്ടി നല്‍കും. മുപ്പതു മാര്‍ക്ക്‌ കിട്ടിയവന്‌ അഞ്ചുകൂടി നല്‍കി മുപ്പത്തഞ്ചാക്കി ജയിപ്പിക്കും. മുപ്പത്തഞ്ച്‌ കിട്ടിയവന്‌ സൗജന്യമേ ഇല്ല. എന്തൊരു അനീതി.

എങ്കിലും അതൊരു മഹദ്‌ സംഗതിയായിരുന്നു. മോഡറേഷന്‍ എന്ന ആശയത്തിന്റെ പേറ്റന്റ്‌ ആര്‍ക്കാണെന്ന്‌ വ്യക്തമല്ല. ചരിത്രത്തില്‍ മുണ്ടശ്ശേരിക്കും ചാക്കീരിക്കുമൊക്കെ നല്‌കിയതിനേക്കാള്‍ വലിയ സ്ഥാനം പ്രതിഭാധനനായ ആ വിദ്യാഭ്യാസമന്ത്രിക്ക്‌ നല്‌കേണ്ടതായിരുന്നു. പരീക്ഷയെഴുതിയ കുട്ടിക്ക്‌ മാര്‍ക്ക്‌ നല്‍കാന്‍ അധ്യാപകന്‌ മാത്രം അധികാരം എന്ന പ്രാചീന പിന്തിരിപ്പന്‍ സമ്പ്രദായത്തിന്റെ കഥകഴിച്ചത്‌ വിപ്ലവകാരിയായ ആ അജ്ഞാത മന്ത്രിയാണ്‌.

ഗുരു എന്ന ഫ്യൂഡല്‍ സ്ഥാപനത്തിന്‌ മാത്രമുള്ള അധികാരമാവരുത്‌ മാര്‍ക്കിടല്‍. അതും ജനകീയമാക്കണമല്ലോ. മന്ത്രിക്കും മാര്‍ക്കിടാം. അധ്യാപകന്‍ തോല്‌പ്‌പിച്ച കുട്ടിയെ മന്ത്രിക്ക്‌ ജയിപ്പിക്കാം. അതാണ്‌ ജനാധിപത്യം, അതാണ്‌ മോഡറേഷന്‍. എത്രയോ ആയിരം കേരളീയര്‍ അവരുടെ ജീവിതവിജയത്തിന്‌ ഈ വിപ്ലവത്തോട്‌ കടപ്പെട്ടിരിക്കുന്നു.

രണ്ടാം പ്ലാസിയുദ്ധം എന്നും മറ്റും പറയുന്നത്‌ പോലുള്ള രണ്ടാം വിദ്യാഭ്യാസവിപ്ലവമാണ്‌ ഇത്തവണ സഖാവ്‌ ബേബി നടപ്പാക്കിയത്‌. ആദ്യവിപ്ലവം നയിച്ച മന്ത്രിയുടെ പേര്‌ ചരിത്രത്തില്‍ കാണില്ലായിരിക്കാം. വേവലാതിപ്പെടേണ്ട. രണ്ടാം വിപ്ലവം നയിച്ച ബേബിസാറിന്റെ പേര്‌ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തും. തേഞ്ഞുപോകാത്ത പ്രത്യേക ഇനം തങ്കമായിരിക്കും ഇതിന്‌ ഉപയോഗിക്കുക.

ഓരോ പരീക്ഷയുടെയും ഇരുപതുശതമാനം ഇന്‍േറണല്‍ അസസ്‌മെന്റാകുകയും അതിന്‌ നിര്‍ബന്ധമായി നൂറുശതമാനം നല്‍കുകയും ചെയ്യുമ്പോള്‍ കുട്ടി പരീക്ഷയില്‍ എഴുതി നേടേണ്ടത്‌ ബാക്കി ചില്ലറ മാത്രമാകുന്നു. ഫലത്തില്‍ മോഡറേഷന്‍ ഇരുപതുശതമാനം വരെയാകുന്നു. ഇത്‌ പുതിയ ഒരിനം സോഷ്യലിസ്റ്റ്‌ തത്ത്വപ്രകാരമാണ്‌ ലഭ്യമാക്കുന്നത്‌. മാര്‍ക്ക്‌ ഇല്ലാത്തവന്‌ മാത്രമല്ല, ഉള്ളവനും കിട്ടും. പരിശ്രമികള്‍ക്ക്‌ കുറച്ചേകിട്ടൂ, മടിയന്‌ കൂടുതല്‍കിട്ടും എന്നുമാത്രം. നേരാംവണ്ണം ചോദ്യം തയ്യാറാക്കാന്‍ പോലും അറിയാത്തവരെ ആ പണി ഏല്‌പിക്കുന്നതിന്റെ ഫലമായി കിട്ടുന്ന അഞ്ചോ പത്തോ വേറെയും കിട്ടും പിന്നെ പരീക്ഷക്കടമ്പ കടക്കുക പ്രയാസമാവില്ല. പാലം കടക്കുംമുമ്പ്‌ തന്നെ കൂരായണ' ചൊല്ലാം.

അടുത്ത വര്‍ഷം മന്ത്രിക്ക്‌ വേണമെങ്കില്‍ ഇന്‍േറണല്‍ അസസ്‌മെന്റിന്‌ ഇപ്പോഴുള്ള ഇരുപത്‌ മാര്‍ക്ക്‌ മുപ്പതോ നാല്‌പതുതന്നെയോ ആക്കി മാറ്റാം എന്നതാണ്‌ ഈ പുതിയ സമ്പ്രദായം കൊണ്ടുള്ള മുഖ്യപ്രയോജനം. അമ്പതുശതമാനം വരെ മാര്‍ക്ക്‌ ഇന്‍േറണല്‍ അസസ്‌മെന്റിന്‌ പല വിദേശ സര്‍വകലാശാലകളിലും നല്‍കുന്നുണ്ട്‌. പാശ്ചാത്യസാമ്രാജ്യത്വവാദികള്‍ക്ക്‌ മാത്രം പോരല്ലോ ഈ സൗകര്യം. ഇന്നത്തെ ഇരുപത്‌ നാല്‌പതാക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം വിജയശതമാനം നൂറുകടത്താം.

പണ്ടത്തെ മോഡറേഷന്‌ ഇല്ലാത്ത മറ്റൊരു ഗുണവും പുതിയ കണ്ടുപിടിത്തത്തിനുണ്ട്‌. അന്ന്‌ ആദ്യമേ വാര്‍ത്തവരും - മോഡറേഷനില്ലാതെ ജയിച്ചത്‌ ഇരുപതുശതമാനം മാത്രം, അല്ലെങ്കില്‍ ഇരുപത്തഞ്ച്‌. തുടര്‍ന്നാണ്‌ ജയം നാല്‌പതോ അമ്പതോ ആക്കണമെന്ന ഉന്നതതല തീരുമാനമുണ്ടാവുക. അധ്യാപകസമൂഹത്തിനും പൊതുസമൂഹത്തിന്‌ തന്നെയും ഇത്‌ വലിയ നാണക്കേടാണ്‌. ഒരു ജനതയുടെ സന്താനങ്ങളില്‍ ഇരുപത്‌ ശതമാനത്തിന്‌ മാത്രമേ പത്തുകൊല്ലം പഠിച്ചിട്ടും പരീക്ഷ ജയിക്കാന്‍ കഴിയുന്നുള്ളൂ എങ്കില്‍ ആ ജനത മന്ദബുദ്ധികളുടെ സമൂഹമായിരിക്കണം. അതല്ലെങ്കില്‍ കുട്ടികളെ പഠിപ്പിക്കുന്നവര്‍ ആ പണിക്ക്‌ കൊള്ളാത്ത മന്ദബുദ്ധികളായിരിക്കണം. എന്താണ്‌ പ്രശ്‌നമെന്ന്‌ വ്യക്തമല്ല. ഇനി ആ പ്രശ്‌നമില്ല. എത്ര പേര്‍ ശരിക്ക്‌ ജയിച്ചു എന്നാര്‍ക്കും കണ്ടുപിടിക്കാനാവില്ല. അധ്യാപകരും ജയിച്ചു, സമൂഹവും ജയിച്ചു, തത്‌കാലം കുട്ടികളും ജയിച്ചു. വിദ്യാഭ്യാസനിലവാരം പടിപടിയായി ഉയര്‍ന്നതാണ്‌ എന്നവകാശപ്പെടാം. അതിന്റെ ക്രെഡിറ്റ്‌ നമുക്ക്‌ തന്നെ. അത്രത്തോളം ബുദ്ധി കാട്ടിയതിന്‌ എന്തായാലും മന്ത്രി ബേബിക്ക്‌ എ പ്ലസ്‌ നല്‍കണം.

ഇപ്പോള്‍ പതിനഞ്ചാം വയസ്സില്‍ ബേബിയുടെ കാരുണ്യത്തോടെ ജയിക്കുന്ന പതിനായിരക്കണക്കിന്‌ കുട്ടികള്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്ക്‌ വോട്ടര്‍മാരാകുമെന്നതൊന്നും ബേബി കണക്കിലെടുത്തിരിക്കില്ല. കേരളത്തിലെ വിദ്യാഭ്യാസത്തെ ആകാശത്തോളമുയര്‍ത്താനുള്ള യജ്ഞത്തിനിടയ്‌ക്ക്‌ അത്തരം നിസ്സാരകാര്യങ്ങളൊക്കെ ആരോര്‍ക്കാന്‍...

*********
മന്ത്രിസഭാവാര്‍ഷികങ്ങള്‍ വ്യാജമായ പല പ്രകടനങ്ങള്‍ക്കും വേദിയാകാറുണ്ട്‌. മുന്നൂറ്ററുപത്തഞ്ചുദിവസവും തമ്മിലടിച്ചിരുന്ന പഴയ യു.ഡി.എഫ്‌. മന്ത്രിസഭക്കാരും വാര്‍ഷികദിനത്തില്‍ ഐക്യത്തിന്റെ വ്യാജപ്രകടനങ്ങള്‍ നടത്താറുണ്ട്‌. കൈകോര്‍ത്തുപിടിക്കും, കെട്ടിപ്പിടിക്കും, ഉമ്മ വെക്കും.

അത്തരം വ്യാജത്തിനൊന്നും അച്യുതാനന്ദനെ കിട്ടില്ല. വാര്‍ഷികംപ്രമാണിച്ച്‌ പ്രത്യേകം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ തന്നെ മുഖ്യന്‍ ആഞ്ഞടിച്ചു. പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടിക്കോ സദാ കലപില കൂട്ടുന്ന ചെന്നിത്തലയേ്‌ക്കാ എതിരായല്ല. മുഖത്തും മുഖത്തിന്‌ പിന്നിലും താടി വളര്‍ത്തുന്ന സി.പി.ഐ.ക്കാരനായ നേതാവിനെതിരെ. പേരൊന്നും മുഖ്യമന്ത്രി പറയുകയില്ല. ആളെ നിങ്ങളറിയും. മനസ്സിലായില്ലെങ്കില്‍ ഒരു ക്ലൂ തരാം. പേരില്‍ സൂര്യനുണ്ട്‌, ഇന്ദ്രനുണ്ട്‌, പോരാത്തതിന്‌ ഹറാമായ ഒരു മൃഗവുമുണ്ട്‌.

വെളിയത്തെയും വി.എസ്‌.വെറുതെവിടുകയുണ്ടായില്ല. ഇനിയങ്ങോട്ടുള്ള മൂന്നുവര്‍ഷം പാര്‍ട്ടിക്കകത്ത്‌ വലിയ കളിക്കൊന്നും സ്‌കോപ്പില്ല. പാര്‍ട്ടിക്കാര്‍ക്ക്‌ ഒത്തുപിടിച്ച്‌ നേരിടാന്‍ ഒരു പൊതുശത്രുവിനെ മുന്നണിക്കകത്ത്‌ ക ണ്ടെത്തുകയാണെങ്കില്‍ നിന്നുപിഴയ്‌ക്കാം. സി.പി.ഐ. അല്ലാതെ വേറാരുണ്ട്‌ അതിന്‌ കഷ്ടിച്ച്‌ ഇരയാക്കാവുന്ന ഒരു കക്ഷി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി