കാലഹരണപ്പെട്ടതുതന്നെ


മൂന്നാര്‍ ഒന്നാന്തരമൊരു ഉത്തേജകൗഷധമായിരുന്നു.പാര്‍ട്ടിയില്‍ വിപ്ലവംതന്നെ നടത്തി സ്ഥാനാര്‍ഥിയും എം.എല്‍.എ.യും മുഖ്യമന്ത്രിയുമായപ്പോള്‍ ഇങ്ങനെയൊരു സാധനത്തിന്റെ ആവശ്യം വന്നേക്കുമെന്ന്‌ അച്യുതാനന്ദന്‍ കരുതിയിരുന്നില്ല. വി.എസ്‌. വന്നാല്‍ തേനും പാലും ഒഴുകും, നാട്‌ സ്വര്‍ഗമാകും, അഴിമതിക്കാര്‍ അഴിയെണ്ണും, പെണ്‍വാണിഭക്കാരെ കൈയാമം വെച്ച്‌ വഴിനടത്തിക്കും എന്നൊക്കെയാണല്ലോ ജനം വിശ്വസിച്ചിരുന്നത്‌. പക്ഷേ, ഷോ തുടങ്ങിയപ്പോള്‍ സ്വപ്‌നം കണ്ടതൊന്നും സ്‌ക്രീനില്‍ കാണാഞ്ഞ്‌ ജനം കൂവാനും കസേര പൊളിച്ചിടാനും തുടങ്ങിയിരുന്നു. അങ്ങനെയൊരു അപകടഘട്ടം വന്നപ്പോഴാണ്‌ പൊടുന്നനെ മൂന്നാര്‍ എന്ന മാന്ത്രികൗഷധം കണ്ടെത്തിയത്‌. വലിയ രക്ഷയായിരുന്നു അതെന്ന്‌ പറയേണ്ടതില്ല.

ഉത്തേജകൗഷധങ്ങളുടെ നിര്‍മാണത്തിനും അതിന്റെ വിതരണത്തിനും പ്രത്യേക സംവിധാനമുള്ള പാര്‍ട്ടിയാണ്‌ സി.പി.എം. ആരെങ്കിലും എന്തെങ്കിലും ഉണ്ടാക്കിക്കൊണ്ടുവന്നു കൊടുത്താല്‍ കഴിക്കാന്‍ പാടില്ലെന്ന കര്‍ശനമായ വ്യവസ്ഥയുമുണ്ട്‌. പാര്‍ട്ടി പ്രത്യയശാസ്‌ത്രം, നയം, പരിപാടി, തിരഞ്ഞെടുപ്പ്‌ മാനിഫെസ്റ്റോ തുടങ്ങിയവയില്‍ പറഞ്ഞിട്ടില്ലാത്ത ചേരുവകള്‍ ഉപയോഗിച്ചുണ്ടാക്കിയ യാതൊന്നും കഴിക്കാന്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ അധികാരമില്ല. എല്ലാതരം ഉത്തേജകങ്ങളുടെയും ഇന്റലക്‌ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌ പാര്‍ട്ടി സെക്രട്ടേറിയറ്റിനാണ്‌. എ.കെ.ജി. സെന്ററിലെ പാത്രങ്ങളും കോരികകളും ഉപയോഗിച്ച്‌ അവിടെത്തന്നെ വേണം അവ ഉത്‌പാദിപ്പിക്കാന്‍. ഓരോരുത്തരും കഴിക്കേണ്ട ഡോസ്‌ പാര്‍ട്ടി സെക്രട്ടേറിയറ്റിലെ വിദഗ്‌ധവൈദ്യന്മാരാണ്‌ നിശ്ചയിക്കുക. മുഖ്യമന്ത്രിക്ക്‌ ഇത്ര, പാര്‍ട്ടി സെക്രട്ടറിക്ക്‌‌ ഇത്ര എന്നെല്ലാം പരമ്പരാഗതമായിത്തന്നെ നിശ്ചയിച്ചിട്ടുമുണ്ട്‌. ഔഷധം മുഴുവന്‍ കോരിക്കുടിച്ച്‌, ലങ്കയിലേക്ക്‌ കടല്‍ചാടിയ ഹനുമാനെപ്പോലെ മുഖ്യമന്ത്രി മൂന്നാറിലെ മലകളില്‍ ചാടിക്കളിക്കുന്നത്‌ അങ്ങേയറ്റം പാര്‍ട്ടിവിരുദ്ധവും അതുകൊണ്ടുതന്നെ ജനാധിപത്യവിരുദ്ധവുമാണ്‌.

എ.കെ.ജി.സെന്ററിലെ ഉത്തേജകമരുന്നുശാലയുടെ പ്രവര്‍ത്തനത്തില്‍, വി.എസ്‌. മുഖ്യമന്ത്രിയായ ശേഷം കടുത്ത മാന്ദ്യമാണ്‌ അനുഭവപ്പെട്ടത്‌. ബൂര്‍ഷ്വാമൂല്യങ്ങള്‍ പാര്‍ട്ടിയെ പിടികൂടി എന്ന്‌ വെറുതെ പറയുന്നതല്ല. അവിടെ ഉണ്ടാക്കുന്ന ഉത്തേജനൗഷധങ്ങളൊന്നും മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കും വേണ്ട. പിന്നെന്തുചെയ്യും? പാര്‍ട്ടി ഓഫീസിലെ കാന്റീനില്‍ നിന്ന്‌ രണ്ടുസ്‌പൂണ്‍ കഞ്ഞി പേരിന്‌ കഴിച്ചെന്ന്‌ വരുത്തി നേരേ സ്റ്റാര്‍ഹോട്ടലിലേക്ക്‌ കുടുംബസഹിതം ടാക്‌സിപിടിച്ച്‌ പോകുന്ന ചില നേതാക്കളെപ്പോലെയാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും. അവര്‍ക്കെല്ലാം സ്വന്തം വൈദ്യന്മാരുണ്ട്‌, സ്വയം ചികിത്സയാണ്‌, സ്വന്തം സ്വന്തം മരുന്നാണ്‌. ചിലരുടെ ശരീരക്കൂറനുസരിച്ച്‌, വിദേശത്ത്‌ നിന്നിറക്കിയ ഇംഗ്ലീഷ്‌ മരുന്നുകളേ പറ്റൂ. ചിലര്‍ക്ക്‌ അമേരിക്കന്‍ സാധനംതന്നെ വേണം.

മൂന്നാര്‍ ഉത്തേജനത്തിന്റെ പാറ്റന്റ്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ പുറത്തുള്ള ഒരു ഉപജാപകസംഘത്തിനാണ്‌ എന്ന്‌ എല്ലാവര്‍ക്കും അറിയുന്നതാണല്ലോ. സാമ്പ്രദായിക ഔഷധങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി, കഴിക്കുന്നവര്‍ക്ക്‌ മാത്രമല്ല കണ്ടുനില്‍ക്കുന്നവര്‍ക്കും വീര്യം കയറുന്ന ഒരിനമായിരുന്നു അത്‌. പാര്‍ട്ടിയുടെ ചാര്‍ത്തില്‍ പറഞ്ഞിട്ടില്ലാത്തതും തീവ്രവാദപരവുമായ ചേരുവകളാണ്‌ അതില്‍ചേര്‍ത്തിരുന്നത്‌ എന്ന്‌ ഈയിടെയാണ്‌ ചില രക്തപരിശോധനകളില്‍ വ്യക്തമായത്‌. ഇതിന്റെ നിര്‍മാതാക്കളില്‍ചിലര്‍ പാര്‍ട്ടിവിരുദ്ധന്മാരാണ്‌, ചിലര്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരാണ്‌, ഇനിയും ചിലര്‍ പാര്‍ട്ടി ഒരു തരത്തിലും ബന്ധപ്പെടുത്തരുതെന്ന്‌ കരുതി മാറ്റിനിര്‍ത്തിയവരാണ്‌. പാര്‍ട്ടിയുടെ വി.വി.ഐ.പി.സെക്യൂരിറ്റിവ്യവസ്ഥയനുസരിച്ച്‌ പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ രുചിച്ച്‌, വിഷാംശമൊന്നും ചേര്‍ത്തിട്ടില്ലെന്ന്‌ ഉറപ്പു വരുത്താത്ത മരുന്നുകളൊന്നും മുഖ്യമന്ത്രി കഴിക്കാന്‍ പാടില്ലാത്തതാണ്‌. എന്ത്‌ ചെയ്യാന്‍, വിനാശകാലേ വിപരീതബുദ്ധി എന്നല്ലേ.

ശാശ്വതമായി വീറുനിലനില്‍ക്കുന്ന ഒരു ഉത്തേജകൗഷധവും ലോകത്ത്‌ ഇതുവരെ ഉണ്ടായിട്ടില്ല. ഒരു പാശ്ചാത്യ കാര്‍ട്ടൂണ്‍ പരമ്പരയിലെ ഒബിലിക്‌സ്‌ എന്നൊരു തടിയന്‍ കഥാപാത്രത്തിനേ അങ്ങനെയൊരു ഭാഗ്യം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുള്ളൂ. ഒബിലിക്‌സ്‌ കുട്ടിയായിരുന്ന കാലത്ത്‌ ഉത്തേജകൗഷധം വേവിക്കുന്ന വന്‍പാത്രത്തില്‍ വീണുപോയെന്നും അതുകൊണ്ട്‌ മരുന്നുകഴിക്കാതെതന്നെ ജീവിതകാലം മുഴുവന്‍ മരുന്നുകഴിച്ചതിന്റെ ഗുണം കിട്ടിയെന്നുമാണ്‌ കഥയില്‍ പറയുന്നത്‌. അങ്ങനെ വേവുന്ന മരുന്നില്‍ വീണവരൊന്നും കേരളത്തിലെ പാര്‍ട്ടിയിലില്ലല്ലോ. ഒരേ ഔഷധം എപ്പോഴും കഴിച്ചുകൊണ്ടിരിക്കുന്നതും പ്രയോജനപ്രദമല്ല. കഴിക്കുന്തോറും ഗുണം കുറയും. പൂച്ചകളെയും കൂട്ടിയുള്ള ജെ.സി.ബി. പ്രയോഗം ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ ഉത്തേജനത്തിന്റെ വീര്യം കുറഞ്ഞിരുന്നു. പിന്നെ തലയ്‌ക്ക്‌ പിറകില്‍ താടി നീട്ടിയ ആളെയും റവന്യൂ മന്ത്രിയെയും പോലുള്ള ലക്ഷണംകെട്ടവരൊക്കെ ഇടപെട്ടതോടെ സാധനത്തിന്റെ ഗുണം മുഴുവന്‍ നഷ്‌ടപ്പെട്ടിരുന്നു.

മൂന്നാര്‍ മരുന്നിന്റെ ദോഷഫലം പാര്‍ട്ടി വേഗം തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നാണ്‌, ഉപജാപകസംഘത്തില്‍ പെട്ട പൂച്ചകളെ ഓരോന്നായി എലികളുടെ സഹായത്തോടെ പിടികൂടി നാടുകടത്തുകയോ വെള്ളത്തില്‍ മുക്കിക്കൊല്ലുകയോ ചെയ്‌തത്‌. അതുകൊണ്ടുതന്നെ കുറച്ചായി മുഖ്യമന്ത്രി ഒരൗണ്‍സ്‌ വീര്യദ്രാവകം പോലും കഴിക്കാനില്ലാതെ അവശനിലയിലായിരുന്നു. പ്രൊഫഷണല്‍ രാഷ്ട്രീയവൈദ്യന്മാര്‍ക്കല്ലേ എപ്പോഴുമെപ്പോഴും പുതിയ ഇനം ലേഹ്യങ്ങളും വിപ്ലവാസനങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കാന്‍ കഴിയൂ. പാര്‍ട്ടിയൊന്നും ഉണ്ടാക്കിക്കൊടുക്കുന്നില്ല, ഉപജാപകസംഘം കോറം തികയാന്‍ ആളില്ലാതെ കഷ്‌ടത്തിലുമായി. മുമ്പുകഴിച്ച മൂന്നാര്‍ മരുന്നാകട്ടെ ഗുണമില്ലെന്ന്‌ മാത്രമല്ല, വിഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ജീര്‍ണത, വയറിളക്കം, ഛര്‍ദ്ദി, തുള്ളല്‍പ്പനി തുടങ്ങിയ രോഗങ്ങള്‍ കലശലായിരിക്കുന്നു. ഈ നിലയില്‍ അധികം പോകില്ലെന്ന്‌ പാര്‍ട്ടിക്കും അറിയാം, വി.എസ്‌ അച്യുതാനന്ദനുമറിയാം.

*****
ഐ.എ.എസ്‌. ഉദ്യോഗസ്ഥന്‍ മാത്രമായ സുരേഷ്‌ കുമാര്‍ ലാവ്‌ലിന്‍ കേസില്‍ ഇടപെടാന്‍വേണ്ടി ഡല്‍ഹിയില്‍ പോയെന്നും ഋഷിരാജ്‌ സിങ്ങിനെ കണ്ടെന്നുമാണ്‌ സി.പി.എം. നിയമസഭാകക്ഷി സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചിരിക്കുന്നത്‌. ആരാണ്‌ ഈ ഋഷിരാജ്‌ സിങ്‌? മൂന്നാറിലേക്ക്‌ പോയ മൂന്നുപൂച്ചകളില്‍ ഒന്ന്‌. സുരേഷ്‌കുമാറിന്റെ കൂട്ടുപൂച്ച. ഇപ്പോള്‍ സി.ബി.ഐ.യില്‍ പ്രവര്‍ത്തിക്കുന്നു. വെറും ഐ.എ.എസ്‌. ഉദ്യോഗസ്ഥനായ സുരേഷ്‌ കുമാറിന്‌ എന്താവാം ലാവ്‌ലിന്‍ കേസില്‍ താത്‌പര്യം? വിശദാംശങ്ങള്‍ ജയരാജന്‌ അറിയുമായിരിക്കും.

ലാവ്‌ലിന്‍ കേസില്‍ ഇടപെടുന്നത്‌ അഴിമതിക്കെതിരെ കുരിശുയുദ്ധത്തിനൊന്നുമാവില്ലെന്ന്‌ ഉറപ്പ്‌. ലോകത്തുള്ള അഴിമതികള്‍ മുഴുവന്‍ കണ്ടുപിടിച്ചുകൊള്ളാമെന്ന്‌ ആരും കരാറെടുക്കില്ല. സുരേഷ്‌ കുമാറിന്‌ സര്‍ക്കാറില്‍ വേണ്ടുവോളം വേറെ പണിയുണ്ടായിരുന്നുതാനും. സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ പ്രതിയാക്കാന്‍ വേണ്ടി സ്വാധീനം ചെലുത്താനാണ്‌ സുരേഷ്‌ കുമാര്‍ ഡല്‍ഹിയില്‍ പോയതും ഋഷിരാജ്‌ സിങ്ങിനെക്കണ്ടതുമെന്നാണ്‌ ജയരാജന്‍ പറഞ്ഞതിന്റെ മലയാളം. സംഗതി ഗുരുതരം.

സംഭവത്തിന്റെ ഗൗരവം അറിയാത്തതുകൊണ്ടാവുമോ അതല്ല നന്നായി അറിയുന്നതുകൊണ്ടാവുമോ എന്നറിയില്ല, പാര്‍ട്ടി നിയമസഭാകക്ഷി സെക്രട്ടറിയുടെ അതിഗുരുതരമായ ആരോപണം സി.പി.എം. മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ചില്ല. ബാക്കികാര്യങ്ങളെല്ലാം കൊടുത്തു, കേസുകാര്യം മാത്രമില്ല. കേസില്‍ പിണറായിയെ കുടുക്കാന്‍ താത്‌പര്യമുള്ളത്‌ പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സുകാര്‍ക്കും മറ്റുമാണെന്ന്‌ ധരിച്ചിരിക്കുകയാവും നമ്മുടെ നിഷ്‌കളങ്കപൊതുജനം കഴുത. അതല്ല സത്യം. പിണറായിയെ പ്രതിയാക്കണമെന്ന കോണ്‍ഗ്രസ്സുകാര്‍ക്ക്‌ താത്‌പര്യമുണ്ടെങ്കില്‍ ഡല്‍ഹിക്ക്‌ സുരേഷ്‌ കുമാറിനെ പറഞ്ഞയയേ്‌ക്കണ്ട കാര്യമൊന്നുമില്ല. അതിന്‌ ഡല്‍ഹിയില്‍ത്തന്നെ ആളുകളുണ്ട്‌ ധാരാളം. സുരേഷ്‌ കുമാറിനെ അയച്ച്‌ സി.ബി.ഐ.യെ സ്വാധീനിച്ചുകളയാമെന്ന്‌്‌ ധരിച്ചുവെച്ച ശിശുക്കള്‍ കേരളരാഷ്ട്രീയത്തില്‍ ഇക്കാലത്തുമുണ്ടോ എന്തോ.
മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ അങ്ങനെയൊരു ദുരുദ്ദേശ്യത്തോടെ സുരേഷ്‌ കുമാറിനെ ഡല്‍ഹിക്കയച്ചുവെന്ന്‌ ആരോപിക്കുകയൊന്നുമായിരുന്നില്ല ജയരാജന്‍. ഒരിക്കലും ഒരു പൊളിറ്റ്‌ ബ്യൂറോ അംഗം മറ്റൊരു പൊളിറ്റ്‌ ബ്യൂറോ അംഗത്തെ അഴിമതിക്കേസില്‍ കുടുക്കണമെന്ന്‌ ആലോചിക്കുക പോലുമില്ല. ഉദ്യോഗസ്ഥനെ അയച്ച്‌ സി.ബി.ഐ.യെ സ്വാധീനിക്കാന്‍ പാര്‍ട്ടിയിലാരെങ്കിലും ശ്രമിക്കുമെന്ന്‌ വിചാരിക്കുന്നവര്‍ക്ക്‌ പാര്‍ട്ടിയെക്കുറിച്ച്‌ ഒരു ചുക്കുമറിയില്ലെന്നുവേണം മനസ്സിലാക്കാന്‍. അങ്ങനെ വി.എസ്‌. ചെയ്യുന്ന പ്രശ്‌നമില്ല, ജയരാജന്‍ പറയുന്ന പ്രശ്‌നവുമില്ല.

വെറുതെ ഓടുന്ന നായയ്‌ക്ക്‌ ഒരു മുഴംമുമ്പേ എറിഞ്ഞതുമാത്രമായിരിക്കാം. നാളെ സി.ബി.ഐ. പിണറായിയെ പ്രതിചേര്‍ക്കുകയോ മറ്റോ ചെയ്‌താല്‍ ഒരു മുന്‍കൂര്‍ ജാമ്യം കരുതിവെക്കാവുന്നതേ ഉള്ളൂ. മൂന്നാര്‍ പൂച്ചകളാണ്‌ ചതി ചെയ്‌തതെന്ന്‌ പറയാം. എന്തായാലും രമേശ്‌ ചെന്നിത്തലയ്‌ക്കും ഉമ്മന്‍ചാണ്ടിക്കും ആശ്വസിക്കാം. യു.പി.എ. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിന്റെ വിരോധം തീര്‍ക്കാന്‍വേണ്ടി കോണ്‍ഗ്രസ്സുകാര്‍ ചെയ്യിച്ചതാണ്‌ എന്ന്‌ പറയുകയില്ലല്ലോ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി