Wednesday, 20 February 2013

ഉള്‍പ്പാര്‍ട്ടി വര്‍ഗസമരം


പരമാവധി സംഗതികള്‍ രഹസ്യമാക്കിവെക്കുക എന്നതാണ്‌ കമ്യൂണിസ്റ്റ്‌ രീതി. ലോകമെങ്ങും അങ്ങനെയാണ്‌. കോണ്‍ഗ്രസ്സുകാര്‍ക്കും മറ്റു ബൂര്‍ഷ്വാക്കള്‍ക്കും അതു മനസ്സിലാകില്ല. രഹസ്യം പാപമാണ്‌ എന്നു പറഞ്ഞ ഗാന്ധിജിയുടെ ആള്‍ക്കാരാണ്‌ അവര്‍. ഗാന്ധിജിയുടെ കാലത്ത്‌ ടെലിവിഷന്‍ ഇല്ലാഞ്ഞതുകൊണ്ടു മാത്രമാണ്‌ എ.ഐ.സി.സി. പ്രവര്‍ത്തകസമിതി യോഗനടപടികള്‍ ലൈവായി സംപ്രേഷണം ചെയ്യാതിരുന്നത്‌. ഇക്കാര്യത്തിലെങ്കിലും അനുയായികള്‍ ഗാന്ധിയന്‍ മാര്‍ഗത്തിലാണ്‌ ചരിക്കുന്നതെന്നു സമ്മതിച്ചേപറ്റൂ. നേതാക്കളെക്കുറിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവില്‍ മൈക്ക്‌ കെട്ടി നാലാള്‍ കേള്‍ക്കാന്‍ കൊള്ളാത്തതെല്ലാം വിളിച്ചു പറയുന്ന രീതി കോണ്‍ഗ്രസ്സിലല്ലാതെ ലോകത്ത്‌ മേറ്റ്ങ്ങുണ്ട്‌? രഹസ്യം പാപംതന്നെയാണേ...
കമ്യൂണിസ്റ്റുകാര്‍ എല്ലാം രഹസ്യമാക്കിവെക്കുന്നതിന്‌ കാരണമുണ്ട്‌. കോണ്‍ഗ്രസ്സുകാരെപ്പോലെ ഉപ്പുകുറുക്കലും ഉണ്ണാവ്രതമിരിപ്പുമൊന്നുമല്ലല്ലോ അവരുടെ പരിപാടി. വിപ്ലവം സായാഹ്നധര്‍ണയല്ല, യുദ്ധമാണ്‌. തൊഴിലാളി വര്‍ഗം ആയുധമെടുത്ത്‌ ശത്രുവര്‍ഗത്തെ തകര്‍ത്ത്‌ ഭരണ കൂടംപിടിക്കുന്ന പരിപാടിയാണിത്‌. അതിന്റെ തന്ത്രങ്ങള്‍ രഹസ്യമായിരുന്നേ പറ്റൂ. ഇല്ലെങ്കില്‍ ശത്രുവര്‍ഗം നമ്മെ തകര്‍ത്തുകളയും. രഹസ്യമല്ല പാപം, തന്ത്രങ്ങള്‍ പരസ്യമാക്കുന്നതാണ്‌ പാപം. അതെല്ലാം പണ്ടല്ലേ, ഇപ്പോള്‍ യുദ്ധമുണ്ടോ വര്‍ഗസമരമുണ്ടോ സായുധ വിപ്ലവമുണ്ടോ എന്ന്‌ ചിലര്‍ ചോദിക്കുന്നുണ്ട്‌. ചില ശീലങ്ങള്‍ ജൈവഘടനയിലേക്ക്‌ കടന്ന്‌ ശാശ്വതമായി നിലകൊള്ളും. പണ്ടു കാട്ടിലായിരുന്നപ്പോള്‍ ചവച്ചു തിന്നാനൊന്നും സാവകാശം കിട്ടാത്തതുകൊണ്ടാണ്‌ പശുക്കള്‍ എല്ലാം വെട്ടി വിഴുങ്ങി ഓടിപ്പോവുകയും സുരക്ഷിത സ്ഥാനത്തുചെന്ന്‌ അയവിറക്കുകയും ചെയ്തതെന്നു പാഠപുസ്തകത്തില്‍ വായിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കാട്ടിലല്ലല്ലോ, ഒ.കെ. കാലിത്തീറ്റ അയവിറക്കുന്നതെന്തിനാണ്‌ എന്ന്‌ പശുവിനോട്‌ ചോദിച്ചിട്ട്‌ കാര്യമില്ല. അതങ്ങനെയേ നടക്കൂ.
കാലംമാറി, വര്‍ഗസമരവും വിപ്ലവവും ഒന്നും നടക്കുന്നില്ല എന്നു ജനറലായങ്ങ്‌ പറഞ്ഞുവെന്നേ ഉള്ളൂ. സത്യത്തില്‍ സംഗതി രൂപംമാറിയ നിലയില്‍ നടക്കുന്നുണ്ട്‌. തൊഴിലാളിവര്‍ഗം പാര്‍ട്ടിക്കു പിന്നിലും മറ്റേവര്‍ഗം ശത്രുപക്ഷത്തും അണിനിരക്കുന്ന പഴയ രീതി ഇപ്പോഴില്ല. പാര്‍ട്ടിക്കു പുറത്തു നില്‍ക്കുന്ന മുതലാളിത്ത വര്‍ഗവുമായി സമരവും യുദ്ധവും നടത്തുക വിഷമമാണ്‌. ചൈനയില്‍ മുതലാളിമാര്‍ക്ക്‌ പാര്‍ട്ടിയില്‍ അംഗത്വം കൊടുക്കും. അവിടെയും പ. ബംഗാളിലും കൈയില്‍ പൂത്തഡോളറുള്ള മുതലാളിമാരെ വിളിച്ചുകൊണ്ടുവരാന്‍ സ്ഥിരം സ്വാഗതസംഘം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രൂപവല്‍ക്കരിച്ചിട്ടുണ്ട്‌. അവറ്റകള്‍ ശത്രുവര്‍ഗമാണെന്നതൊക്കെ ശരിതന്നെ. പക്ഷേ, കാര്യം നടക്കണമെങ്കില്‍ അവര്‍ വരണം. വ്യവസായം തുടങ്ങി നാടിനെ കരകയറ്റാന്‍ മൂലധനം വേണം. ദാസ്‌കാപ്പിറ്റല്‍. കാപ്പിറ്റലിന്റെ ദാസന്മാര്‍. അവന്‍ വന്നു നമ്മുടെ അധ്വാനം വിലയ്ക്കുവാങ്ങി മിച്ചമൂല്യമുണ്ടാക്കി നമ്മെ നഗ്നമായി ചൂഷണം ചെയ്താലേ നമുക്ക്‌ കഷ്ടിച്ച്‌ ജീവിച്ചുപോകാന്‍ പറ്റൂ. ഇല്ലെങ്കില്‍ പണികിട്ടാതെ നമ്മള്‍ ആത്മഹത്യ ചെയ്യേണ്ടിവരും.
അതുകൊണ്ട്‌ മുതലാളിത്തവര്‍ഗത്തെ ഉന്മൂലനംചെയ്യുകയോ നുള്ളിനോവിക്കുകയെങ്കിലുമോ ചെയ്യുന്ന പ്രശ്നമില്ല. അവര്‍ അവരുടെ പണിചെയ്യട്ടെ. നമുക്ക്‌ വേറെ പണിയുണ്ട്‌.
പാര്‍ട്ടിക്കു പുറത്തെ വര്‍ഗസമരത്തിന്റെ സ്ഥിതി എന്തായാലും ശരി, പാര്‍ട്ടിക്കകത്ത്‌ സംഗതി തകൃതിയായി നടക്കുന്നുണ്ട്‌. ഇത്‌ അത്ര രഹസ്യമായ കാര്യമൊന്നുമല്ല. നാലാംലോകം, നെതര്‍ലാന്‍ഡ്‌, റിച്ചാര്‍ഡ്‌ ഫ്രാങ്കി, സി.ഐ.എ., തോമസ്‌ ഐസക്‌ തുടങ്ങിയ വര്‍ഗശത്രുക്കള്‍ പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുകയാണെന്ന്‌ പാഠം മാഷന്മാരും ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരും വി.എസ്‌.അച്യുതാനന്ദനും വളിച്ചുപറഞ്ഞതാണ്‌. വിപ്ലവകാരികളും പ്രതിവിപ്ലവക്കാരും തമ്മിലുള്ള പിടിവലിയങ്ങനെ അനന്തകാലം നടന്നുകൊള്ളും എന്നാണ്‌ നമ്മള്‍ ധരിച്ചിരുന്നത്‌. കാര്യത്തിന്റെ കിടപ്പ്‌ അതല്ല. മുതലാളിത്ത പാതക്കാര്‍ പാര്‍ട്ടി പിടിച്ചെടുത്തു കഴിഞ്ഞുവത്രെ. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞ്‌ അറിഞ്ഞതാണ്‌ ഈ വിവരം.
പഴയകാലത്ത്‌ എം.വി.രാഘവന്‍, ഗൗരിയമ്മ തുടങ്ങിയവര്‍ മുതലാളിത്തപാതക്കാരും പ്രതിവിപ്ലവകാരികളുമായപ്പോള്‍ അവരെ പുറത്താക്കി പടിയടച്ച്‌ അഞ്ചു ലേഖന പരമ്പരയും നാല്‌ പ്രസംഗപര്യടനവും പ്രയോഗിച്ചതോടെ ഭീഷണി എന്നന്നേക്കുമായി അവസാനിച്ചിരുന്നു. ഇപ്പോഴതല്ല സ്ഥിതി. റിവിഷനിസ്റ്റുകളും മുതലാളിത്തപാതക്കാരും പാര്‍ട്ടി പിടിച്ചെടുത്തു കഴിഞ്ഞു. പി.ബി. ആചാര്യന്മാര്‍ക്കൊന്നും സംഭവത്തിന്റെ ഗൗരവം പിടകിട്ടിയിട്ടില്ല. പണ്ട്‌ റിവിഷനിസ്റ്റുകള്‍, സോഷ്യല്‍ ഡമോക്രാറ്റുകള്‍, മുതലാളിത്തപാതക്കാര്‍ തുടങ്ങിയ കശ്‌മലന്മാര്‍ നുഴഞ്ഞുകയറി അവിടെയും ഇവിടെയും വേഷപ്രച്ഛന്നരായി നിന്ന്‌ വിപ്ലവത്തിന്‌ വഴിമുടക്കാറേ ഉണ്ടായിരുന്നുള്ളൂ. അവരെ ജീവനോടെയോ അല്ലാതെയോ പിടികൂടി പുറത്താക്കിയാല്‍ പ്രശ്നവും തീരുമായിരുന്നു. ഇപ്പോള്‍ മുതലാളിത്തപാതക്കാര്‍ പാര്‍ട്ടി പൂര്‍ണമായി പിടിച്ചെടുക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌. തത്‌ഫലമായി ഉണ്ടായ അവസ്ഥയെകുറിച്ച്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ പറയുന്നതു കേള്‍ക്കണം-
'സി.പി.എം. ഒരു പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനി ആയിരിക്കുന്നു. അനവധി സ്ഥാപനങ്ങളും ഡയറക്ടര്‍മാരും മുതല്‍മുടക്കും കച്ചവടവും വരവുചെലവും തൊഴിലാളികളും ശമ്പളവും ഒക്കെ കൈകാര്യംചെയ്ത്‌ നടത്തിക്കൊണ്ടു പോകുന്ന ഒരു കമ്പനി. മൂലധനത്തിന്റെ നിയമങ്ങളാണ്‌ അതിനെ ഭരിക്കുന്നത്‌. സോഷ്യല്‍ ഡമോക്രസിയിലല്ല, അതിന്റെ അങ്ങേത്തലയ്ക്കലാണ്‌ പാര്‍ട്ടി എത്തിയിരിക്കുന്നത്‌. റിവിഷനിസം സ്വാധീനം ചെലുത്തുകയല്ല, പാര്‍ട്ടിയെ പൂര്‍ണമായി പിടിച്ചെടുക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌.... മുമ്പ്‌ ഇ.എം.എസ്സിനെപ്പോലെ ബുര്‍ഷ്വാ-ജന്മി വര്‍ഗത്തില്‍ ജനിച്ച്‌ തൊഴിലാളി വര്‍ഗത്തിന്റെ ദത്തുപുത്രന്മാരാകുന്നവരാണ്‌ ഉണ്ടായിരുന്നത്‌. ഇപ്പോള്‍ തൊഴിലാളി വര്‍ഗത്തില്‍ ജനിച്ച്‌ മുതലാളി വര്‍ഗത്തിന്റെ ദത്തുപുത്രന്മാരായവരെകൊണ്ട്‌ പാര്‍ട്ടി നിറഞ്ഞിരിക്കുന്നു...'
ചില്ലറക്കാരനല്ല ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. അത്‌ അറിയാമല്ലോ. ലോകത്തിന്റെ മൂന്നിലൊന്നു ഭാഗത്ത്‌ നിറഞ്ഞുനിന്നിരുന്ന കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥിതിയെ കഷ്ടിച്ച്‌ മൂന്നുനാലു രാജ്യങ്ങളിലേക്ക്‌ ചുരുക്കിയ സി.ഐ.എ. ഗൂഢതന്ത്രത്തിന്റെ ഉള്ളുകള്ളികള്‍ കണ്ടെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ്‌ പെളിച്ചെഴുത്തുകാരനാണ്‌ അദ്ദേഹം. ഗോര്‍ബച്ചേവിന്റെയും യെല്‍ത്‌സിന്റെയും വഴിക്കാണ്‌ ഹര്‍കിഷന്‍സിങ്‌ സുര്‍ജിത്തും പിണറായി വിജയനും
നീങ്ങുന്നതെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കിയിരുന്നതാണ്‌. ഇപ്പോഴിതാ അതുതന്നെ സംഭവിച്ചിരിക്കുന്നു.
മുമ്പ്‌ 1972ല്‍ ബംഗ്ലാദേശ്‌ മോചനക്കാലത്ത്‌ ഇന്ത്യയില്‍ വന്ന സോവിയറ്റ്‌ തലവന്‍ ബ്രഷ്‌നേവ്‌, സി.പി.ഐ. കോണ്‍ഗ്രസ്സില്‍ ലയിക്കുകയാണ്‌ വേണ്ടതെന്നു എസ്‌.എ. ഡാങ്കെയോട്‌ ആവശ്യപ്പെട്ടിരുന്നുവത്രെ. സീതാറാം യച്ചൂരിയെപ്പോലുള്ളവര്‍ പാര്‍ട്ടിയെ നിയന്ത്രണത്തിലാക്കിയാലും ഇതുതന്നെയാണ്‌ സംഭവിക്കുകയെന്നു കുഞ്ഞനന്തന്‍ നായര്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. ഇനിയെന്താണ്‌ വഴിയെന്നോ? ആഭ്യന്തര വര്‍ഗസമരം നടത്തുകതന്നെ. പുറത്തെത്ര ശാന്തമായാലും ശരി അകത്ത്‌ യുദ്ധം പൊടിപൊടിക്കുകതന്നെ ചെയ്യും. പഴയകാല ആശയസമരത്തിന്റെ ആയുധങ്ങള്‍ക്കൊന്നും ഇക്കാലത്തെ യുദ്ധത്തില്‍ പ്രസക്തിയില്ല. പുതിയ സാഹചര്യങ്ങളെ നേരിടാന്‍ പുതിയ ആയുധങ്ങള്‍ വേണം. പുത്തനായുധങ്ങള്‍ക്ക്‌ വേണ്ടി നടത്തിയ തിരച്ചിലിലാണ്‌ കമ്യൂണിസ്റ്റ്‌ ചരിത്രത്തില്‍ ഇക്കാലംവരെ ഉപയോഗിച്ചിട്ടില്ലാത്ത അതിശക്തവും വളരെ ഫലപ്രദവുമായ ചില ആയുധങ്ങള്‍ കണ്ടെത്തിയത്‌. പാര്‍ട്ടിയിലെ രഹസ്യങ്ങള്‍ മുഴുവന്‍ ബുര്‍ഷ്വാ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുക്കുകയാണ്‌ അതില്‍ പ്രധാനപ്പെട്ട ആയുധം. മറ്റായുധങ്ങള്‍ ഓരോന്നായി പുറത്തെടുക്കാനിരിക്കുന്നേ ഉള്ളു.
ബ്രാഞ്ച്‌ സമ്മേളനം മുതല്‍ പി.ബി.യോഗം വരെ, പരക്കെ പ്രയോഗിക്കപ്പെടുകയാണ്‌ ചോര്‍ത്തല്‍ ആയുധം. വിപ്ലവകാരികള്‍ മുതലാളിത്ത പാതക്കാര്‍ക്കെതിരെ മാത്രമാണ്‌ ഇതു പ്രയോഗിക്കുന്നത്‌ എന്നു കരുതേണ്ട. പാര്‍ട്ടിയെ തകര്‍ക്കാന്‍ ഇറങ്ങിയ 'ഇടതുവായാടി'കള്‍ക്കെതിരെ ഔദ്യോഗികപക്ഷം ഉപയോഗിക്കുന്നതും ഇതേ ആയുധംതന്നെ. ഇരുപക്ഷവും ഇതു പ്രയോഗിക്കുമ്പോള്‍ പാര്‍ട്ടിയുടെ രഹസ്യങ്ങളെല്ലാം തുറന്നുകാട്ടപ്പെടുകയും വേഷങ്ങളെല്ലാം അഴിഞ്ഞുവീഴുകയും ജനാലകളെല്ലാം തുറക്കപ്പെടുകയും കാറ്റും വെളിച്ചവും കയറി ഗുലുമാലുണ്ടാക്കുകയും ചെയ്യും. പിന്നെ എല്ലാം കണ്ണാടിപോലെ സുതാര്യമാകും. കമ്യൂ. പാര്‍ട്ടി കോണ്‍ഗ്രസ്സാകും. പിന്നെ രഹസ്യം മഹാപാപമായി കണക്കാക്കപ്പെടുമെന്നും തീര്‍ച്ച.
******
വര്‍ഗസമരം പോലുള്ള അനാശാസ്യ പ്രവണതകള്‍ ഒന്നും ഇല്ലെങ്കിലും ചോര്‍ത്തലിന്റെ കാര്യത്തില്‍ സി.പി.എമ്മിനോട്‌ കിടപിടിക്കുന്നുണ്ട്‌ ബി.ജെ.പി. ആര്‍ഷഭാരത സംസ്കാരത്തിന്‌ അനുസൃതമായ രീതിയിലാണ്‌ അവര്‍ നേതാക്കന്മാരെക്കുറിച്ചുള്ള രഹസ്യങ്ങള്‍ ചോര്‍ത്തി പത്രവാര്‍ത്തയാക്കുന്നത്‌. സി.പി.എമ്മുകാര്‍ പാര്‍ട്ടി രേഖകളും റിപ്പോര്‍ട്ടുകളും പ്രസംഗങ്ങളുമേ ചോര്‍ത്താറുള്ളൂ. അതില്‍ കള്ളമില്ല. ആര്‍ഷഭാരത പാര്‍ട്ടിക്ക്‌ അത്തരം തടസ്സങ്ങളൊന്നുമില്ല. നേതാക്കള്‍ക്കെതിരെ വാര്‍ത്ത ചോര്‍ത്താന്‍ വേണ്ടി മാത്രം ഓരോ ഗ്രൂപ്പിനും ജില്ലതോറും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്‌. ആരു ചോര്‍ത്തി എന്നു കണ്ടുപിടിക്കാന്‍ എതിര്‍ഗ്രൂപ്പ്‌ ഡിറ്റക്ടീവുമാരെയും നിയോഗിക്കുന്നുണ്ട്‌. ചോര്‍ത്തുന്ന വാര്‍ത്ത സത്യമാകണമെന്ന ഒരു നിര്‍ബന്ധവും അവര്‍ക്കില്ല. ഇതെല്ലാം കാണുമ്പോഴാണ്‌ സി.പി.എമ്മുകാര്‍ക്കും ബി.ജെ.പി.ക്കാര്‍ക്കും കോണ്‍ഗ്രസ്സുകാരെക്കുറിച്ച്‌ മതിപ്പു തോന്നുന്നത്‌. എന്തെങ്കിലും ചോര്‍ത്തി എന്നൊരു ആക്ഷേപം ആരും ആ പാര്‍ട്ടിയില്‍ ആര്‍ക്കുമെതിരെ ഉന്നയിക്കില്ല. എല്ലാം റോഡരികില്‍ മൈക്ക്‌ കെട്ടി ചര്‍ച്ച ചെയ്യുന്ന പാര്‍ട്ടിയില്‍ എന്ത്‌ ചോര്‍ത്താന്‍. മന്ത്രിമാരുടെ പണപ്പിരിവ്‌ ഒഴികെ വേറൊരു രഹസ്യവും ഇല്ല ആ പാര്‍ട്ടിയില്‍. രഹസ്യം പാപമാണേ.

No comments:

Post a comment