നോട്ടം വോട്ടില്‍ മതി


ശിവദാസമേനോന്‍ മാഷ് പറഞ്ഞതാണ് കാര്യം. വോട്ട് പിടിക്കുമ്പോള്‍ നോട്ടം വോട്ടുപിടുത്തത്തില്‍ മാത്രമായിരിക്കണം. ആ സമയത്ത് നിക്കരാഗ്വയിലേക്കും ഗോട്ടിമാലയിലേക്കുമല്ല നോക്കേണ്ടത്. എങ്ങനെ നല്ല കമ്യൂണിസ്റ്റുകാരനാകാം എന്ന് പഠിപ്പിക്കുന്ന ഗ്രന്ഥം എഴുതിയവര്‍പോലും എങ്ങനെ നല്ല വോട്ടുപിടുത്തക്കാരനാകാം എന്ന പുസ്തകമെഴുതിയിട്ടില്ല. എന്നാല്‍ പാര്‍ട്ടി സ്റ്റഡിക്ലാസ്സുകളില്‍ ആ വിദ്യയുടെ നാനാവിധ ടെക്‌നിക്കുകള്‍ വിവരിച്ചുകൊടുക്കാറുണ്ട്. ശിവദാസമേനോന്‍ മാഷ് ആ രംഗത്തൊരു വെറ്ററനാണ്. തുടങ്ങിയിട്ട് കാലം കുറെയായി. അസംബ്ലിമണ്ഡലങ്ങളിലെല്ലാം പാര്‍ട്ടി ജയിക്കുമ്പോഴും ആ മണ്ഡലങ്ങളടങ്ങുന്ന പാര്‍ലമെന്റ് സീറ്റില്‍ തോറ്റുള്ള പരിചയം പോലും അദ്ദേഹത്തിനുണ്ട്. വോട്ടുപിടുത്തത്തില്‍ അത്ര വിദഗ്ദ്ധനാണ്. ജന്മസിദ്ധമായ കഴിവുകള്‍കൊണ്ടുമാത്രം വിജയിക്കാവുന്ന ലൈനല്ല അത്. ശാസ്ത്രീയമായും കലാപരമായും വേണം വോട്ടുപിടിക്കാന്‍. പ്രത്യയശാസ്ത്രവും വിപഌവവും പറഞ്ഞാലൊന്നും വോട്ടുകിട്ടില്ല, കിട്ടാനുള്ളതും പോവുകയേ ഉള്ളൂ. ആളെ നോക്കി അതിനനുയോജ്യമായ തക്കിടതരികിടകള്‍ പ്രയോഗിക്കണം. ഉദാഹരണങ്ങള്‍ മേനോന്‍മാഷ് വിശദമാക്കിയിട്ടുണ്ട്്.

മുതലാളിത്തക്കാര്‍ മാര്‍ക്കറ്റിങ് എന്ന് വിളിക്കുന്ന സംഗതി തന്നെയാണ് ഇതെന്ന് വേണമെങ്കില്‍ സമ്മതിക്കാം. അവന്‍ ഉല്പ്പന്നത്തിന്റെ ഗുണം പെരുപ്പിച്ചുപറഞ്ഞും ദോഷം പറയാതെയും സാധനം വില്‍ക്കുന്നു. നമ്മള്‍ ഒന്നും വില്‍ക്കുന്നില്ല, വോട്ട് വാങ്ങുന്നേയുള്ളൂ എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും സത്യമതല്ല. വോട്ടര്‍മാര്‍ക്ക് മോഹങ്ങളും വാഗ്ദാനങ്ങളും സമൃദ്ധമായി വിറ്റിട്ടാണ് നമ്മള്‍ വോട്ട് വാങ്ങുന്നത്. അടൂര്‍ഭാസിയുടെ സിനിമാപാട്ടില്‍ പറഞ്ഞതുപോലെ, ആറ്റിന്‍കരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും എന്നുവരെ പറഞ്ഞുമോഹിപ്പിച്ച് വോട്ട് പിടിക്കാം. പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നതെങ്കില്‍ വാഗ്ദാനം ചെയ്യേണ്ടത് വീട്ടിലേക്കുള്ള ഇടവഴി മാറ്റി റോഡ് ഉണ്ടാക്കും എന്നാണ്, നാട്ടില്‍ സോഷ്യലിസം ഉണ്ടാക്കും എന്നല്ല. സോഷ്യലിസത്തിന്റെ കാര്യം പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍പോലും മിണ്ടാതിരിക്കുകയാണ് നല്ലത്.

മലമ്പുഴയില്‍ മത്സരിച്ച കാലത്ത് മോനോന്‍ മാഷ് കന്യാസ്ത്രീമഠത്തില്‍ വോട്ടിന് ചെന്നപ്പോള്‍ \' മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെ\'ന്നല്ല പറഞ്ഞത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നാണ് കേണപേക്ഷിച്ചത്. അനുഗ്രഹവും തേടി. മഠത്തില്‍നിന്ന് പുറത്തിറങ്ങി ആര്‍ത്തുചിരിച്ചുകാണണം ഉള്ളുകൊണ്ടെങ്കിലും. അല്ലെങ്കില്‍ തന്റെ അപാരമായ ബുദ്ധിശക്തിയെക്കുറിച്ചോര്‍ത്ത് സ്വയം അഭിനന്ദിച്ചിരിക്കാം. അതൊന്നും പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. ഇതാണ് വോട്ടുപിടിക്കലിന്റെ മന:ശാസ്ത്രപരമായ രീതി. ഈ രീതി ഈയിടെയായി കണ്ടുപിടിച്ചതും തനിക്ക് പാറ്റന്റ് ഉള്ളതുമാണെന്ന മട്ടിലാണ് മേനോന്‍മാഷ് അവതരിപ്പിച്ചത്. കെ.എം.മാണി അഞ്ചുപതിറ്റാണ്ടും ഉമ്മന്‍ചാണ്ടി നാല് പതിറ്റാണ്ട് മുമ്പും പ്രയോഗം തുടങ്ങിയതും ഇപ്പോഴും വിജയകരമായി തുടരുന്നതുമായ സംഗതിയാണിതെന്ന് മാഷ്‌ക്ക് അറിയാഞ്ഞിട്ടാവും. മനസ്സിലൊന്നുവെച്ച് പുറത്ത് മറ്റൊന്നുപറയുന്നതിനെ നാട്ടിന്‍പുറത്തുകാര്‍ ആളെപറ്റിക്കല്‍ എന്നും മറ്റും പറയുമായിരിക്കും. വോട്ടുപിടിക്കുമ്പോള്‍ അതൊന്നും നോക്കേണ്ടതില്ല.

പഞ്ചായത്തില്‍ വോട്ടുപിടിക്കുമ്പോള്‍ ആഗോളീകരണവും അഫ്ഗാനിസ്ഥാനും പറയേണ്ട എന്നതാണല്ലോ അടിസ്ഥാനതത്ത്വം. എല്ലാ കാലത്തേക്കും ബാധകമായ അലംഘനീയതത്ത്വമായി ഒന്നും എടുത്തേക്കരുതേ...ഔചിത്യത്തോടെ വേണം ഈ തത്ത്വങ്ങള്‍ പ്രയോഗിക്കാന്‍. മുമ്പൊരു തിരഞ്ഞെടുപ്പില്‍ ഇവിടെയൊരു പാര്‍ട്ടി ഇറാഖിലെ സദ്ദാം ഹുസൈന് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. സദ്ദാം ഹുസൈന്‍ കമ്യുണിസ്റ്റാണോ അതല്ല ഇറാഖിലെ കമ്യൂണിസ്റ്റുകാരെ സദ്ദാം കൂട്ടക്കൊല ചെയ്തിരുന്നുവോ എന്നൊന്നും അപ്പോള്‍ നോക്കിയില്ല. അതുകൊണ്ടുവോട്ടുകിട്ടുമോ എന്നുമാത്രം നോക്കി. പാകിസ്താനിലെ കഠിനമായ വെള്ളപ്പൊക്കത്തെ കുറിച്ചും അതുകൊണ്ടുണ്ടായ കഷ്ടപ്പാടിനെകുറിച്ചും കേട്ടറിഞ്ഞ് നമ്മുടെ സര്‍ക്കാര്‍ അഞ്ചുകോടി രൂപ കൊടുത്തത് വോട്ടര്‍മാരോട് പറയാവുന്നതാണ്. ആളും തരവും നോക്കിപറയണമെന്നുമാത്രം. നമ്മള് പാകിസ്താന് അഞ്ചുകോടി കൊടുത്തില്ലേ, നിങ്ങളെയോര്‍ത്താണ് കൊടുത്തത് എന്നൊന്നും അബദ്ധത്തില്‍ പറഞ്ഞേക്കരുതേ...വെളുക്കാന്‍ തേച്ചത് പാണ്ടാകും. തല്ലുംകിട്ടും. ഏതെങ്കിലും വിഭാഗക്കാരുടെ വോട്ടുകിട്ടുന്ന കാര്യമൊന്നും സംഭാവന കൊടുക്കുമ്പോള്‍ നമ്മുടെ മനസ്സിന്റെ മൂലയില്‍ ഉണ്ടായിരുന്നില്ല കേട്ടോ.

രാഷ്ട്രീയവും പാര്‍ട്ടിയും ചിഹ്നവുമെല്ലാം ഉണ്ടെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമില്ലെന്നാണ് തത്ത്വം. നേരത്തെ പറഞ്ഞതുപോലെ, സന്ദര്‍ഭം നോക്കി അതും ഉപയോഗപ്പെടുത്താം. പാര്‍ട്ടിമെമ്പര്‍മാരുടെയോ അനുഭാവികളുടെയോ വീട്ടില്‍ പോയി ഇത് പുറത്തെടുത്താല്‍, കിട്ടാനുള്ള വോട്ട് അയല്‍പക്കക്കാരനായ എതിര്‍സ്ഥാനാര്‍ഥിക്ക് പോയെന്നിരിക്കും. നമുക്ക് വോട്ട് കിട്ടാനിടയില്ലാത്ത എതിര്‍കക്ഷി അനുഭാവികളുടെ വീട്ടില്‍ അത് പ്രയോഗിക്കാവുന്നതാണ്. അതിന് ഉപോല്‍ബലകമായി ഇ.എം.എസ്സിനെയോ മഹാത്മാഗാന്ധിയെയോ തരം പോലെ ഉദ്ധരിക്കാം. എന്നുവെച്ച് നമ്മള്‍ അരാഷ്ട്രീയവാദികളാകാനും പാടില്ല. പ്രസംഗത്തില്‍ രാഷ്ട്രീയം ആയ്‌ക്കോട്ടെ നിറയെ.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമുണ്ടോ എന്നതിനെക്കുറിച്ച് ഇപ്പോഴും വലിയ ഉറപ്പൊന്നുമില്ലാത്ത ഒരാളാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. ഉണ്ടോ എന്നുചോദിച്ചാല്‍ ഇല്ല. ഉറപ്പിച്ചുചോദിച്ചാല്‍ സംഗതി ഇല്ലെന്നുപറയാനും പറ്റില്ല. എന്തുപറഞ്ഞാലാണ് പിന്നീട് കഷ്ടപ്പാടാവുക എന്നറിയില്ലല്ലോ. ഇടതുമുന്നണിക്കാരാണ് തിരഞ്ഞെടുപ്പില്‍ പൊളിയുന്നതെങ്കില്‍ വി.എസ്.അച്യുതാനന്ദന്‍ ഉടന്‍ രാജി വെക്കണമെന്ന് പ്രസ്താവന ഇറക്കേണ്ടിവരും. അതിന് തടസ്സമാകുന്ന യാതൊന്നും ഇപ്പോള്‍ പറഞ്ഞുകൂടാ. പ.ബംഗാളില്‍ അക്കൂട്ടര്‍ തോറ്റപ്പോള്‍ നമ്മുടെ കൂട്ടര്‍ അങ്ങനെ പ്രസ്താവിച്ചിരുന്നു. ഇനി അതല്ല, ഇവിടെ നമുക്കാണ് അടി പിണയുന്നതെങ്കില്‍ പഞ്ചായത്തിലെന്തോന്ന് രാഷ്ട്രീയം എന്ന് ചോദിക്കാനുള്ള ഗ്യാപ് ഇടുകയും വേണം.

നിന്നുപിഴയ്ക്കാന്‍ മനുഷ്യന്‍ എന്തെല്ലാം വേഷം കെട്ടണം.

****

തിരുവനന്തപുരത്തെ ശംഖുമുഖത്തൊരു വനിതയ്ക്ക്് മുഖസൗന്ദര്യം പോരെന്ന് പറഞ്ഞ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതായ അപഖ്യാതി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സൗന്ദര്യം കുറവാണെന്നതിനോ കുറവായതിനാലാണ് സ്ഥാനാര്‍ഥിത്വം നല്‍കാതിരുന്നത് എന്നതിനോ തെളിവൊന്നും ലഭ്യമല്ല. എല്ലാം ആത്മനിഷ്ഠസംഗതികളാണല്ലോ. സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ട വനിതയ്ക്ക് വനിതാകമ്മീഷനില്‍ പരാതി കൊടുക്കാന്‍ വകുപ്പുണ്ടോ എന്ന് ചാനലുകാര്‍ പരിശോധിക്കുന്നുണ്ടാവണം.
സൗന്ദര്യം നോക്കി വോട്ടുചെയ്യാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടത്തിലെവിടെയെങ്കിലും പറഞ്ഞതായി അറിവില്ല. ജാതിയും മതവും നോക്കാമെങ്കില്‍ സൗന്ദര്യവും നോക്കാം. കാണാന്‍ കൊള്ളാവുന്ന ആളാകണം തന്നെ പ്രതിനിധീകരിക്കുന്നത് എന്ന് ആഗ്രഹിക്കാനുള്ള അവകാശം ജനത്തിനുണ്ടല്ലോ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍പോലും തിരുവനന്തപുരത്തുകാര്‍ സൗന്ദര്യം നോക്കി വോട്ടുചെയ്തതായി ആക്ഷേപിക്കുന്നവരുണ്ട്. ആണോ പെണ്ണോ എന്നത് അപ്രസക്തമാണ്.
****
മുസ്ലിം ലീഗ് അവരുടെ വനിതാസ്ഥാനാര്‍ഥികള്‍ക്ക് മാത്രമായി പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നുണ്ടത്രെ. വനിതകളാവില്ല, പുരുഷന്മാരാവും അതുണ്ടാക്കുന്നത്. വനിതകള്‍ എന്ത് ചെയ്യണം ചെയ്യരുത് എന്ന് പുരുഷന്മാരാണല്ലോ തീരുമാനിക്കേണ്ടത്. അതിന് യോഗ്യതയുള്ള പുലി പുലി പോലുളള പുരുഷന്മാര്‍ക്ക് ക്ഷാമമൊട്ടില്ലതാനും. തിരഞ്ഞെടുപ്പുചരിത്രത്തിലെ ആദ്യ സ്ത്രീപെരുമാറ്റച്ചട്ടം എന്ന നിലയില്‍ ചരിത്രപ്രധാനമാവുന്ന സാധനമാവും ഈ ചട്ടം.
പെരുമാറ്റച്ചട്ടമുണ്ടാക്കുന്ന ലീഗ് കമ്മീഷന്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ടിവരും. വേഷവും ഭാഷയുമൊക്കെ അവിടെ നിക്കട്ടെ. വനിതകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി വോട്ട് ചോദിക്കാന്‍ പാടുണ്ടോ, പാടുണ്ടെങ്കില്‍തന്നെ പുരുഷന്മാര്‍ക്കൊപ്പം പോകാന്‍ പാടുണ്ടോ, പുരുഷന്മാരോട് വോട്ട് ചോദിക്കാന്‍ പാടുണ്ടോ തുടങ്ങി എന്തെല്ലാം ചോദ്യങ്ങള്‍ കിടക്കുന്നു. ചോദിച്ചുതുടങ്ങിയാല്‍ അതുനിലക്കില്ല. എന്തായാലും വൈകീട്ട് ആറുമണിക്ക് മുമ്പ് വീടണഞ്ഞേ മതിയാകൂ. വോട്ടുപിടിച്ച് രാത്രി തളര്‍ന്നുവരുന്ന സഹോദരന്മാര്‍ക്കും ഭര്‍ത്താവിനും മക്കള്‍ക്കും ഭക്ഷണം തിരഞ്ഞെടുപ്പ്് കമ്മിറ്റി ഓഫീസില്‍ നിന്നെത്തിക്കാന്‍ പറ്റില്ലല്ലോ. സ്ത്രീക്കുമാത്രം ചട്ടം എന്നത് വലിയ സ്ത്രീ വിവേചനവും നിയമപ്രശ്‌നവുമൊക്കെയായി ഉന്നയിക്കപ്പെട്ടാല്‍ വനിതാകമ്മീഷനും ഇലക്ഷന്‍ കമ്മീഷനും പണിയാകും. പെരുമാറ്റച്ചട്ടങ്ങളുടെ സോള്‍ അതോറിറ്റി ഇലക്ഷന്‍ കമ്മീഷനാണ്. അതാര്‍ക്കും പതിച്ചുകൊടുക്കില്ല. പേരിനെങ്കിലും കുറച്ച് ചട്ടം ആണുങ്ങള്‍ക്കുകൂടി കൊടുത്ത് തുല്യനീതിയും സ്ഥിതിസമത്വവുമാക്കിയാല്‍ വനിതാ കമ്മീഷന്‍ അടങ്ങുമായിരിക്കും. മറ്റേതിന്റെ കാര്യത്തില്‍ ഒരുറപ്പുമില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി