Thursday, 21 February 2013

തോറ്റ കളി, തോല്‍ക്കാത്ത കളിക്കാര്‍


താന്‍ കളിച്ച കളിയിലൊന്നും ഇതുവരെ തോറ്റിട്ടില്ലെന്ന്‌ ലീഡര്‍ കെ. കരുണാകരന്‍ കഴിഞ്ഞ ദിവസമാണ്‌ ഉറപ്പിച്ചു പറഞ്ഞത്‌. ഇത്തരം അവകാശവാദങ്ങള്‍ ആളുകള്‍ എല്ലാദിവസവും ഉന്നയിക്കുന്നതല്ല. കളിയില്‍ തോറ്റുവോ എന്ന സംശയം സ്വയം ഉണ്ടാകുമ്പോഴാവും തോറ്റിട്ടില്ലെന്ന്‌ ഉച്ചത്തില്‍ വിളിച്ചു പറയുക. ഡി.ഐ.സി. -സി.പി.എം. കളിയില്‍ ലീഡര്‍ തോറ്റിട്ടില്ലെങ്കില്‍ തോറ്റത്‌ സി.പി.എം.ആവുമോ? പറയാറായിട്ടില്ല. ഹാഫ്‌ടൈം പിന്നിട്ടിട്ടേ ഉള്ളൂ. ഫൈനല്‍ വിസിലിനു മുമ്പ്‌ ഇനി എന്തെല്ലാം സംഭവിക്കാനിരിക്കുന്നു.

തന്നെയാരും തോല്‍പിച്ചിട്ടില്ലെന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്‌ സ്വയം സമാധാനിക്കാന്‍ പ്രയോജനപ്പെടും. മനഃശാസ്ത്രചികിത്സയിലും അങ്ങനെയൊരു തന്ത്രമുണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌. ഓട്ടോ സജഷനിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാം. കൊടുംഭീരുവിനും താന്‍ ധീരനാണെന്ന്‌ സ്വയം വിശ്വസിപ്പിക്കാം. പടുവിഡ്ഢിക്ക്‌ താന്‍ ബുദ്ധിരാക്ഷസനാണെന്നും വിരൂപ രാജാവിന്‌ താന്‍ ഷാരൂഖ്ഖാനാണെന്നും വിശ്വസിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്‌. അങ്ങനെ എത്രപേരെ നാം നിത്യജീവിതത്തില്‍ കാണുന്നു.

സാഹചര്യമാണ്‌ മനുഷ്യനെ കൊണ്ട്‌ ഓരോന്ന്‌ ചെയ്യിപ്പിക്കുന്നത്‌. കാലവും അതിന്‌ പാകമാകണം. പത്തുവര്‍ഷം മുമ്പാണ്‌ ലീഡര്‍ക്ക്‌ കേരള മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നത്‌. ആന്റണി കോണ്‍ഗ്രസ്സുകാര്‍, മുസ്‌ലിം ലീഗുകാര്‍, മാധ്യമ മാഫിയ, നരസിംഹ റാവു തുടങ്ങിയ ദുഷ്ടശക്തികള്‍ മുന്നണിചേര്‍ന്നാണ്‌ ലീഡറെ തുരത്തിയത്‌. ഉത്തരേന്ത്യന്‍ നിലവാരത്തിലാണെങ്കില്‍ ലീഡറും അനുയായികളും അന്നുതന്നെ പാര്‍ട്ടി പിളര്‍ത്തി എല്‍.ഡി.എഫിനൊപ്പം പോകുകയും എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രിയായി ലീഡര്‍ തിരിച്ചുവരികയും ചെയ്യേണ്ടതായിരുന്നു. ലീഡറത്‌ ചെയ്തില്ല. അന്നു റാവു ചെയ്തതിനേക്കാള്‍ വലിയ ക്രൂരതയൊന്നുമല്ല സോണിയാഗാന്ധി ലീഡറോട്‌ ചെയ്തത്‌. മുഖ്യമന്ത്രിസ്ഥാനമൊഴികെ അച്ഛനും മക്കളും ചോദിച്ചതേതാണ്ടെല്ലാം കൊടുത്തിട്ടുണ്ട്‌. എന്നിട്ടും 1995 ല്‍ മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന്‌ ഇറക്കിവിട്ടപ്പോള്‍ ചെയ്യാന്‍മടിച്ചത്‌ 2005ല്‍ എടുത്തു പറയത്തക്ക കാരണമൊന്നുമില്ലാതെ ലീഡര്‍ ചെയ്തു. കാലത്തിന്റെ മാറ്റം തന്നെയാവണം കാരണം.

രാഷ്ട്രീയത്തോടുള്ള ലീഡറുടെ സമീപനം പത്തുവര്‍ഷത്തിനിടയില്‍ മാറിമറിഞ്ഞു എന്നു ധരിക്കേണ്ട. ലീഡര്‍ക്കും വൃന്ദത്തിനും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. മാറ്റമുണ്ടായത്‌ ലീഡര്‍ക്ക്‌ സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും കുറിച്ചുണ്ടായിരുന്ന വിലയിരുത്തലിലാണ്‌. തന്നെയും കൂട്ടരെയും ഇടതുപക്ഷക്കാരനായി കാണാന്‍ മാത്രം സി.പി.എം 'വളര്‍ന്നു' എന്ന്‌ ലീഡര്‍ ധരിച്ചുപോയി. പിണറായി വിജയന്‍ വളര്‍ന്നു സി.പി.എമ്മിലെ 'ലീഡര്‍' ആയതോടെ ഇനി തങ്ങളും സി.പി.എമ്മും തമ്മിലെന്ത്‌ അന്തരം എന്നു ലീഡര്‍ ധരിച്ചതില്‍ തെറ്റു പറയാനാവില്ല. ഒരുകാര്യത്തില്‍ പിണറായിയോട്‌ ലീഡര്‍ക്ക്‌ അസൂയ ഉണ്ടായിരുന്നു. സംസ്ഥാന ഘടകം നയം തീരുമാനിക്കുക, അത്‌ കേന്ദ്ര നേതൃത്വം വള്ളിപുള്ളി വ്യത്യാസമില്ലാതെ അടിയൊപ്പ്‌ വെച്ച്‌ അംഗീകരിക്കുക - ഇതാണ്‌ ഏറ്റവും മാതൃകാപരമായ പാര്‍ട്ടി സംവിധാനം. ലീഡര്‍ക്ക്‌ കോണ്‍ഗ്രസ്സില്‍ ഈ ആശയം നരസിംഹറാവുവിന്റെ കാലം വരെ വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നു. ഒരു കാര്യം പറയാതെ വയ്യ, മുസ്‌ലിം ലീഗാണ്‌ ഈ നയം ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്ന പാര്‍ട്ടി. അഖിലേന്ത്യാനയം മാത്രമല്ല, അഖിലേന്ത്യാ നേതൃത്വത്തെ തന്നെ ആ പാര്‍ട്ടിയില്‍ കേരളഘടകമാണ്‌ തിരഞ്ഞെടുക്കുന്നത്‌. അത്രത്തോളമൊന്നും എത്താനാവില്ലെങ്കിലും, സിപിഎമ്മും മലപ്പുറം സമ്മേളനത്തോടെ ലീഗിന്റെ വളരെ അടുത്തെത്തിയിരുന്നു. സംസ്ഥാന നേതൃത്വം തീരുമാനിച്ചത്‌ നടപ്പാക്കാന്‍ കേന്ദ്ര നേതൃത്വം നേരിട്ടുവന്ന്‌ ചരടുവലിക്കുന്ന കാഴ്ച അവിടെയാണു നമ്മളാദ്യം കാണുന്നത്‌. അതോടെ ഒരു കാര്യം ലീഡര്‍ക്ക്‌ ബോധ്യപ്പെട്ടു. പിണറായിയാണു പോളിറ്റ്ബ്യൂറോവിന്റെയും 'ലീഡര്‍'. പിണറായി പറഞ്ഞാല്‍ പോളിറ്റ്ബ്യൂറോ 'ഏറാന്‍'മൂളി ഓച്ഛാനിച്ച്‌ കോട്ടോളും. അച്യുതാനന്ദന്റെ പ്രസംഗപ്പാട്ട്‌ കൊണ്ടൊന്നും കാര്യമില്ല. എന്തൊരു മനോഹരമായ അവസ്ഥ. ആര്‍ക്കാണ്‌ അസൂയ തോന്നാതിരിക്കുക.

ഇത്‌ കാരാട്ട്‌, യെച്ചൂരാദികള്‍ ചേര്‍ന്ന്‌ നാനാവിധമാക്കുമെന്ന്‌ ഓര്‍ത്തതല്ല. വിശ്വസിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണതെന്നു പലരും പറഞ്ഞതാണ്‌. വിശ്വസിച്ചില്ല. തത്ത്വദീക്ഷവും ആദര്‍ശവുമൊക്കെയായി നടക്കുന്ന അതിപഴഞ്ചന്‍മാര്‍ ഈകാലത്ത്‌ സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോവില്‍ കയറിയൊളിച്ചിരിക്കുന്നുണ്ടാവുമെന്ന്‌ എങ്ങനെ
ഊഹിക്കാനാണ്‌. ലീഡറിത്‌ സ്വപ്നേപി വിചാരിച്ചതല്ല. സാരമില്ല. സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും നന്നാക്കിക്കളയാമെന്ന്‌ തെറ്റിദ്ധാരണ ഉപേക്ഷിക്കുകയാണ്‌. സി.പി.എം. ലീഡറോളം വളരാന്‍ ഇനിയും കാലമെടുക്കും. അതുവരെ യു.ഡി.എഫിനെ തന്നെ നേര്‍വഴിക്കു നയിച്ചേക്കാം. ഏത്‌ ഒട്ടകത്തിനും എപ്പോഴും പ്രവേശനം കിട്ടുന്ന കൂടാരമത്‌ മാത്രമാണല്ലോ.

ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ പ്ലാനിട്ട്‌ ഓരോരോ ഗുണ്ടുകള്‍ പൊട്ടിക്കുന്നവര്‍ യു.ഡി.എഫില്‍ മാത്രമല്ല ഉള്ളതെന്ന്‌ കേരള മാര്‍ച്ചിനിടയില്‍ പിണറായി വിജയന്‍ കണ്ടുപിടിക്കുകയുണ്ടായി. എല്‍.ഡി.എഫ്‌. കൊടിക്കീഴില്‍ അണിനിരന്ന ചില കൂട്ടരുടെയും ഗൂഢപദ്ധതി അതായിരുന്നു. അതിനവര്‍ കണ്ടെത്തിയ മാര്‍ഗമെന്തേന്നൊ?

കെ.കരുണാകരനും ഡി.ഐ.സി.ക്കും എതിരെ അവിടെയും ഇവിടെയും പതിയിരുന്ന്‌ ഒളിയമ്പുകള്‍ എയ്തുവിടുക. പിന്നെ, ഒളിയമ്പ്‌ വിട്ട്‌ നേരിട്ടുള്ള ആക്രമണം തന്നെയായി. വെളിവുള്ളവര്‍ക്കല്ലേ ഒളിവും തെളിവുമൊക്കെ ഉണ്ടാവൂ. കേരള മാര്‍ച്ചിനിടെ തൃശ്ശൂരിലെ പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ ഇക്കാര്യം ഉറപ്പിച്ചുപറഞ്ഞു-ഇന്ദിരാ കോണ്‍ഗ്രസ്സിനെ ഇടിച്ചുതാഴ്ത്തുന്നവരുടെ ലക്ഷ്യം ഒന്നേ ഉള്ളു. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുക എന്നതുമാത്രം. വി.എസ്സിനും വെളിയത്തിനുമെല്ലാം കാര്യം മനസ്സിലായിട്ടുണ്ടാവണം.

ക്ഷമിക്കണം. ഈ പറഞ്ഞതൊന്നും പോളിറ്റ്ബ്യൂറോവിനോ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കോ ബാധകമല്ല. പോളിറ്റ്‌ ബ്യൂറോ ഡി.ഐ.സി.യെ ഇടിച്ചുതാഴ്ത്തിയിട്ടുമില്ല. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കണമെന്ന ഉദ്ദേശ്യം മനസ്സില്‍ വെക്കുന്നുമില്ല. ഡി.ഐ.സി.ക്ക്‌ ഗുണമേറിപ്പോയതുകൊണ്ട്‌ മാത്രമാണതിനെ എല്‍.ഡി.എഫില്‍ ചേര്‍ക്കാത്തത്‌. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനല്ല, ശിക്ഷിക്കാന്‍ തന്നെയാണ്‌ പരിപാടി. ഡി.ഐ.സി. അങ്ങോട്ടേക്ക്‌ നീങ്ങിത്തുടങ്ങിയിട്ടുണ്ട്‌. ഉമ്മന്‍ചാണ്ടി അനുഭവിക്കാനിരിക്കുന്നേ ഉള്ളൂ.

വിദേശകാര്യമന്ത്രിയായിരിക്കുക വലിയ സുഖമുള്ള പണിയാണെന്ന്‌ തെറ്റിദ്ധരിച്ചവരുണ്ട്‌. മന്ത്രി പറന്ന്‌ നടന്ന്‌ സുയിക്ക്യാണ്‌, സുയിക്ക്യാണ്‌ എന്നാണു അവര്‍ അപവാദം പറഞ്ഞുനടക്കുന്നത്‌. ഇ.അഹ്മ്മദിനോട്‌ ചോദിച്ചാലറിയാം അതിന്റെ ബുദ്ധിമുട്ട്‌. ആ പാവത്തിനെ മന്‍മോഹന്‍സിങ്ങ്‌ മീശ പിരിച്ചുകാട്ടി പേടിപ്പിച്ച്‌ ഇറാനിലേക്കയച്ചിരിക്കുകയാണ്‌. ആയത്തൊള്ള ഖൊമീനിയുടെ കിങ്കരന്‍മാരായി നടന്നവരാണ്‌ അവിടെ ഭരിക്കുന്നത്‌. കെട്ടിപ്പിടിയും പൊട്ടിച്ചിരിയും കൊണ്ടൊന്നും കാര്യം നടക്കുമെന്നു തോന്നുന്നില്ല. ആണവപ്രശ്നത്തില്‍ ഇറാനെതിരെ വോട്ട്ചെയ്തത്‌ ഇറാനോടുള്ള വിരോധംകൊണ്ടേ അല്ലെന്നും കഠിനസ്നേഹംകൊണ്ടാണെന്നും അവരെ വിശ്വസിപ്പിക്കാനാണു അഹ്മ്മദിനെ ഏല്‍പിച്ചിരിക്കുന്നത്‌. പടച്ചോന്‍ അഹ്മ്മദിനെ കാക്കട്ടെ.

ഇറാന്‍ പ്രശ്നത്തിലെ നിലപാടില്‍ പ്രതിഷേധിച്ച്‌ മുസ്‌ലിം ലീഗ്‌ കേന്ദ്രമന്ത്രിസ്ഥാനവും യു.ഡി.എഫ്‌. ബന്ധവും ഉപേക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌. അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം.ബനാത്ത്‌വാല ആ അഭിപ്രായക്കാരനാണത്രെ. ബനാത്ത്‌വാല ഒരു സൈഡിലെവിടെയെങ്കിലും മിണ്ടാതിരിക്കുകയാണു നല്ലത്‌. ബനാത്തിന്‌ കൊടുക്കാതെ ലോക്‌സഭാ സീറ്റ്‌ അഹ്മ്മദിനു കൊടുത്തതെന്തിനെന്നു ഇപ്പോഴെങ്കിലും മനസ്സിലായിരിക്കുമല്ലോ. ബാബ്‌റി മസ്ജിദ്‌ തകര്‍ത്തപ്പോള്‍ കളഞ്ഞിട്ടില്ല നമ്മള്‌ ഭരണം. ബാബ്‌റി മസ്ജിദിനേക്കാള്‍ വരുമോ എങ്ങോ കിടക്കുന്ന ഇറാന്‍!

No comments:

Post a comment