പത്രപ്രവര്‍ത്തനം- കുറെ ജീവിതപാഠങ്ങള്‍


എന്തെല്ലാം കഴിവുകളും അഭിരുചികളുമാണ് ഒരാളെ മികച്ച പത്രപ്രവര്‍ത്തകനാക്കുന്നത് ?  കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ മറക്കാനാത്ത സംഭാവനകള്‍ നല്‍കിയ പ്രതിഭാശാലികളായ നിരവധി പത്രപ്രവര്‍ത്തകരുടെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഈ ചോദ്യമാണ് മനസ്സില്‍ ഉയര്‍ന്നുവരുന്നത്. വ്യത്യസ്തങ്ങളായ ജീവിതസാഹചര്യങ്ങളില്‍,, വിരുദ്ധസ്വഭാവമുള്ള മാധ്യമങ്ങളില്‍, ഏറെ മാറിയ രാഷ്ട്രീയ-മാധ്യമചുറ്റുപാടുകളില്‍ പ്രവര്‍ത്തിച്ചവരാണ് ഈ പത്രപ്രവര്‍ത്തകര്‍. അവര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്, പുതിയ വഴികള്‍ വെട്ടിത്തെളിച്ചവരാണ്. യോജിപ്പിച്ചുനിര്‍ത്തുന്ന പൊതുസ്വഭാവങ്ങളും കഴിവുകളും മനോഭാവങ്ങളും അവര്‍ക്കുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. നേരിന്റെ ചോരയിലും വിയര്‍പ്പിലും രചിക്കപ്പെട്ട ഈ  ജീവിതാനുഭവങ്ങള്‍ വായിച്ചുരസിക്കാനുള്ളവയല്ല, അറിയാനും സ്വായത്തമാക്കാനുമുള്ളതാണ്. പഠിക്കാനും പ്രവര്‍ത്തികമാക്കാനുമുള്ളതാണ്- ഒരളവോളമെങ്കിലും.

അനുഭവകഥകള്‍ ഏറെ എഴുതപ്പെടാറുള്ളത് റിപ്പോര്‍ട്ടര്‍മാരെകുറിച്ചാണ്, എഴുതാറുള്ളത് മിക്കപ്പോഴും അവര്‍തന്നെയാണ് താനും. ദിനംപ്രതിയെന്നോണം ചെറുതുംവലുതുമായ സംഭവങ്ങള്‍ കാണാനും ചരിത്രത്തിന്റെ നിര്‍മിതിക്ക്  സാക്ഷിയാവാനുമുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ ഉള്ളവരാണ് റിപ്പോര്‍ട്ടര്‍മാര്‍. സ്വാഭാവികമായും ഇത്തരം ഒരു അനുഭവവിവരണകൃതിയില്‍ അവരാണ് അധികമുണ്ടാകാറുള്ളത്. പിന്നീട് വരിക പത്രാധിപന്മാരാണ്. അവര്‍ക്കും ഏറെ അനുഭവങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഒമ്പത് പത്രപ്രവര്‍ത്തകരാണ് അനുഭവങ്ങള്‍ വിവരിക്കുന്നത്. പര്യാപ്തമായ എണ്ണമാണ് ഒമ്പത് എന്ന് പറയാനാവില്ലെങ്കിലും അതില്‍ രണ്ട് പത്രാധിപന്മാരുണ്ട്. പൊതുവെ മാധ്യമചരിത്രത്തില്‍ എന്നും അവഗണിക്കപ്പെടാറുള്ളത് രണ്ട് വിഭാഗങ്ങളാണ്- ഒന്ന് ഫോട്ടോഗ്രാഫര്‍മാര്‍, രണ്ട് ഡസ്‌കുകളില്‍ രാത്രിയുടെ അസ്വസ്ഥയാമങ്ങളില്‍ പത്രം എന്ന ഉത്പ്പന്നത്തിന് രൂപവും ഭാവവും നല്‍കുന്ന സബ് എഡിറ്റര്‍ മുതല്‍ ന്യൂസ് എഡിറ്റര്‍  വരെയുള്ളവരന്‍.

റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പം എപ്പോഴും നീങ്ങുന്നവരാണ് ഫോട്ടോഗ്രാഫര്‍രെങ്കിലും റിപ്പോര്‍ട്ടര്‍മാര്‍ക്കില്ലാത്ത ഏറെ  തൊഴില്‍പരമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുള്ളത് ഫോട്ടോഗ്രാഫര്‍മാരാണ്. ഒരു സംഭവം  നടക്കുമ്പോള്‍ അവിടെ എത്തിയില്ലെങ്കിലും റിപ്പോര്‍ട്ടര്‍ക്ക് അത് കണ്ടതുപോലെ എഴുതാന്‍ പ്രയാസമില്ല. നല്ല ഭാവനയും ഭാഷയുമുള്ള റിപ്പോര്‍ട്ടര്‍ സംഭവം കേട്ടറിഞ്ഞ് എഴുതുന്നത് കണ്ടെഴുതുന്നതിനേക്കാള്‍ മനോഹരമാകാം. പക്ഷേ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അത് പറ്റില്ല. സംഭവം നടക്കുമ്പോള്‍ സ്ഥലത്തെത്തിയില്ലെങ്കില്‍ നഷ്ടപ്പെടുന്ന ചിത്രം ലക്ഷം രൂപ ചെലവിട്ടാലും കിട്ടിയെന്ന് വരില്ല. നിര്‍ഭാഗ്യത്തെ ഏറ്റവും ഭയപ്പെടുന്നവര്‍ ഫോട്ടോഗ്രാഫര്‍മാരാണ്. സ്ഥലത്ത് പാഞ്ഞെത്തുകയും ക്ലിക് ചെയ്യുകയും ചെയ്തതുകൊണ്ട് മാത്രം ഫോട്ടോഗ്രാഫര്‍ക്ക് സമാധാനം കിട്ടണമെന്നില്ല. ഡിജിറ്റല്‍ക്യാമറകളുടെ കാലത്തിന് മുമ്പ്  ഫോട്ടോ ഫിലിമില്‍ പതിഞ്ഞെന്ന് ഒരു ഉറപ്പുമില്ല, പ്രിന്റ് ഇടുന്നതുവരെ. പ്രിന്റെടുത്ത് പത്രത്തില്‍ അടിക്കാന്‍ ന്യൂസ് എഡിറ്റര്‍ക്ക് എത്തിച്ചുകൊടുക്കുന്നത് പരിഭ്രാന്തിയോടെയാവും. എന്തെല്ലാം കുറ്റവും കുറവുമാണ് ആ മഹാന്‍  കണ്ടെത്തുകയെന്ന് പ്രവചിക്കാനാവില്ല. ഫോട്ടോഗ്രാഫറുടെ മുഖത്തേക്ക് ന്യൂസ് എഡിറ്റര്‍ ഫോട്ടോ വലിച്ചെറിഞ്ഞുകൊടുക്കുന്നത് ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. എത്ര നല്ല ഫോട്ടോ കൊടുത്താലും മുഖം തെളിയാത്ത ന്യൂസ് എഡിറ്റര്‍മാര്‍ നിരവധിയാണ്. റിപ്പോര്‍ട്ടര്‍മാര്‍ കൊണ്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ എഡിറ്റ് ചെയ്യുമ്പോള്‍ കാണാത്ത വിമര്‍ശനബുദ്ധിയും സൗന്ദര്യബോധവും ഫോട്ടോ എഡിറ്റ് ചെയ്യുമ്പോള്‍ പ്രകടിപ്പിക്കുന്നവരുണ്ട്. ന്യൂസ് എഡിറ്റര്‍  തൃപ്തിപ്പെട്ടാല്‍ തത്ക്കാലം സമാധാനിക്കാം. എന്നാല്‍ പിറ്റേന്ന് മറ്റു പത്രങ്ങള്‍ കാണുംവരെ ഒന്നും പറയാനാവില്ല. തങ്ങളേക്കാള്‍ നല്ല ഒരു ആംഗിളിലാണ് എതിര്‍പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍മാര്‍ നിന്നതെങ്കില്‍ കാര്യം കുഴഞ്ഞതുതന്നെ. നല്ല ഫോട്ടോ എതിര്‍പത്രത്തിലാണ്  വരിക. തലേന്ന് തൃപ്തനായി പുഞ്ചിരിയോടെ പടം സ്വീകരിച്ച് പേജില്‍വെക്കാനയച്ച ന്യൂസ് എഡിറ്ററുടെ മുഖവും പിറ്റേന്ന് വക്രിച്ചിരിക്കും. പൊടുന്നനെ ഉണ്ടാകുന്ന സംഭവങ്ങളാണ് ഫോട്ടോഗ്രാഫര്‍ ഒപ്പിയെടുക്കുന്നതെങ്കില്‍ ആംഗിളൊക്കെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ  ഫലമായാണ് നിര്‍ണയിക്കപ്പെടാറുള്ളത്. ആംഗിള്‍ നോക്കാനൊന്നും സമയം കിട്ടില്ല. പക്ഷേ പിറ്റേ ദിവസം മോണിങ് ടീക്കൊപ്പം പത്രമെടുക്കുന്ന വായനക്കാരനും പത്രാധിപരും പത്രമുടമയുമൊന്നും ആ കാര്യം അറിയുകയേ ഇല്ല. അവര്‍ക്കത് ആലോചിക്കാനുള്ള ബുദ്ധി ഉണരണമെന്നുമില്ല. സര്‍വീസില്‍ കയറുന്ന ദിവസം തുടങ്ങുന്ന ഈ വെപ്രാളം അവര്‍ റിട്ടയര്‍ ചെയ്യുന്ന ദിവസം വരെ അനുഭവിക്കേണ്ടി വരാറുണ്ട്.

ഡസ്‌കിലെ എഡിറ്റര്‍മാരുടെ അവസ്ഥ വ്യത്യസ്തമാണ്. അവരാണ് പത്രത്തിന്റെ നെട്ടെല്ല്. പക്ഷേ പ്രശസ്തിയും ബഹുമതികളും അവരെ തിരഞ്ഞുവരാറില്ല. ഏത് വാര്‍ത്ത ഏത് പേജില്‍ എങ്ങനെ കൊടുക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ.് പക്ഷേ, അവര്‍ ആയിരം പരിമിതികളിലാണ് ഈ ചുമതല നിര്‍വഹിക്കാറുള്ളത്. പത്രനിര്‍മിതി പാതിരാവില്‍ ക്ലോക്കുമായി നടത്തുന്ന പോരാട്ടമാണ്. ഒരേ സമയം നിര്‍മിക്കപ്പെടുന്ന അനേകം പേജുകളിലേക്ക് നിര്‍ദ്ദേശിക്കപ്പെടുന്ന എണ്ണമറ്റ വാര്‍ത്തകളില്‍ നിന്ന് പത്രത്തില്‍ അനുവദിച്ചുകിട്ടുന്ന നിശ്ചിത സ്ഥലത്തേക്ക് വാര്‍ത്ത നല്‍കുകയെന്നത് കഠിനമായ ഒരു അഭ്യാസംതന്നെയാണ്. പത്തും പതിനാറും പേജുകള്‍ മാത്രമുള്ള ഭാഷാപത്രങ്ങളിലുള്ളവരാണ് ഈ കഷ്ടപ്പാട് ശരിക്കും അനുഭവിക്കാറുള്ളത്. വാര്‍ത്ത കൂടിയാലും കുറഞ്ഞാലും പത്രത്തിലെ സ്ഥലം കൂട്ടാനും കുറയ്ക്കാനുമൊന്നും ഡസ്‌കിലെ എഡിറ്റര്‍മാര്‍ക്ക്  കഴിയില്ല. വാര്‍ത്തയുടെ  തോത് നോക്കിയല്ല, പരസ്യത്തിന്റെ തോത് നോക്കിയാണ് മിക്ക പത്രങ്ങളിലും പേജ് നിശ്ചയിക്കുന്നത്. ലാഭകരമായ നടത്തിപ്പ് ഉറപ്പുവരുത്തണമെങ്കില്‍ ന്യൂസ് പ്രിന്റിന്റെ ഉപയോഗത്തിന്മേല്‍ നിയന്ത്രണം ഉണ്ടാകണമല്ലോ. പത്രാധിപന്മാര്‍ ആഗ്രഹിക്കുന്നതിനനുസരിച്ച് പേജ് കൂട്ടാനാവില്ല എന്നുസാരം. ലഭ്യമായ സ്ഥലത്ത് വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിക്കാനും ഡെഡ്‌ലൈനിനുമുമ്പ് പേജുകള്‍ അയക്കാനുമുള്ള വെപ്രാളം വായനക്കാര്‍ മനസ്സിലാക്കാറില്ലെന്നത് പോകട്ടെ, പത്രനടത്തിപ്പുകാര്‍ക്ക് പോലും അറിയില്ലെന്നതാണ് വലിയ ദുരന്തം. ദിവസങ്ങളും മാസങ്ങളുമെടുത്ത് തയ്യാറാക്കുന്ന പ്രസിദ്ധീകരണങ്ങളിലേതുപോലെ എന്തുകൊണ്ടാണ് പത്രങ്ങള്‍ക്ക് തെറ്റുകുറ്റങ്ങള്‍ കുറയ്ക്കാന്‍ കഴിയാത്തതെന്ന് തിരിച്ചറിയുക എളുപ്പമാണെങ്കിലും പലരും ആ നിലയില്‍ ചിന്തിക്കാറുതന്നെയില്ല. ഉറക്കപ്പിച്ചില്‍ തയ്യാറാക്കപ്പെടുന്ന പത്രത്തിന്റെ തെറ്റുകുറ്റങ്ങള്‍ക്ക് ഡസ്‌ക് പ്രവര്‍ത്തകര്‍ വിചാരണ ചെയ്യപ്പെടുക രാവിലെയൊന്ന് ഉറങ്ങാന്‍  തുടങ്ങുമ്പോഴാണെന്ന മറ്റൊരു ദുരന്തവും ഉണ്ട്. ന്യൂസ് ജഡ്ജ്‌മെന്റിന്റെ പ്രഫഷനല്‍ രീതികളും മര്യാദകളും പരിമിതികളും തിരിച്ചറിയാത്തവരാണ് പത്രനടത്തിപ്പുകാരെന്നതും  തൊഴില്‍പരമായ  ബുദ്ധിമുട്ടാണ്. കൂടുതല്‍ പത്രങ്ങള്‍ തെറ്റായ നിലയിലാണ് ഒരു വാര്‍ത്ത കൈകാര്യം ചെയ്തത് എന്ന് ബോധ്യപ്പെടുത്തുക പ്രയാസമാണ്. അവരെല്ലാം അബദ്ധമാണ് കാട്ടിയതെങ്കില്‍ തങ്ങളും അബദ്ധമാണ് കാട്ടേണ്ടിയിരുന്നത് എന്ന് വാദിക്കാന്‍ പത്രാധിപന്മാര്‍ പോലും മടിക്കാറില്ല. കാരണം, അബദ്ധമാണ് ശരി എന്ന് വായനക്കാര്‍ക്ക് തോന്നുന്നെങ്കില്‍ നമ്മളും അബദ്ധം ചെയ്യണം. ഇല്ലെങ്കില്‍ വായനക്കാര്‍ പിണങ്ങും.

എന്തെല്ലാം കഴിവുകളാണ് ഒരാളെ മികച്ച പത്രപ്രവര്‍ത്തകനാക്കുന്നതെന്ന ചോദ്യത്തിലേക്ക് മടങ്ങാം. പത്രാധിപര്‍ക്കും ഡസ്‌ക് എഡിറ്റര്‍ക്കും ഫോട്ടോഗ്രാഫര്‍ക്കും റിപ്പോര്‍ട്ടര്‍ക്കും വേണ്ടത് ഒരേ കഴിവുകളോ അഭിരുചികളോ അല്ല. പക്ഷേ, നല്ല പത്രാധിപര്‍ ഒരു നല്ല  റിപ്പോര്‍ട്ടറുടെയും ഫോട്ടോഗ്രാഫറുടെയും ഡസ്‌കിലെ പേജ് എഡിറ്ററുടെയും വായനക്കാരന്റെയും മര്‍മങ്ങള്‍ അറിഞ്ഞിരിക്കണം. റിപ്പോര്‍ട്ടര്‍ക്കും വേണം ഈ ബഹുമുഖമായ കഴിവും മനസ്സും. പലരും ധരിക്കുക ഫോട്ടോഗ്രാഫര്‍ക്ക് ഫോട്ടോ എടുക്കാനുള്ള കഴിവേ വേണ്ടൂ എന്നാണ്. പക്ഷേ, നല്ല ഫോട്ടോജേണലിസ്റ്റിന് അതുപോരാ. പത്രാധിപരുടെയും ഡസ്‌ക് എഡിറ്ററുടെയും റിപ്പോര്‍ട്ടറുടെയും കഴിവുകള്‍ സമ്മേളിക്കുന്ന ഫോട്ടോഗ്രാഫറാണ് ഫോട്ടോ ജേണലിസ്റ്റ്. രാജന്‍ പൊതുവാള്‍ കേരളത്തിലെ മികച്ച ഫോട്ടോ ജേണലിസ്റ്റ് ആയി ഇപ്പോഴും നിലനില്‍ക്കുന്നത് ആ കഴിവുകള്‍ ഉള്ളതുകൊണ്ടാണ്.

ഫോട്ടോഗ്രാഫര്‍ രാജന്‍ പൊതുവാള്‍ ആ അര്‍ഥത്തില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാത്രമല്ല, റിപ്പോര്‍ട്ടര്‍മാര്‍ക്കും മാതൃകയാണ്. ന്യൂസ് സെന്‍സ് എന്നത് ജേണലിസം കോളേജുകളില്‍ നിന്നോ ജേണലിസം പാഠപുസ്തകങ്ങളില്‍നിന്നോ ആര്‍ജിക്കാവുന്ന ഒന്നല്ല. അടിയന്തരാവസ്ഥക്കൊടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട ഇന്ദിരാഗാന്ധി പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കര്‍ണാടകയിലെ ചിക്കമംഗലൂരില്‍ വന്നപ്പോഴുണ്ടായ അപ്രതീക്ഷിതമായ അനുഭവങ്ങള്‍ ഈ കൃതിയില്‍ വിവരിക്കുന്നുണ്ട്. ഒരു തിരഞ്ഞെടുപ്പ് യോഗത്തില്‍ ഒപ്പമിരുന്ന് ജോര്‍ജ് ഫര്‍ണാണ്ടസ്സും ഇ.എം.എസ്സും എന്തോ കടലാസ് വായിച്ച് കുലുങ്ങിച്ചിരിക്കുന്നത് കാണുന്ന ഫോട്ടോഗ്രാഫര്‍ക്ക് ക്യാമറ ക്ലിക് ചെയ്യാന്‍ തോന്നുന്നത് ആ ന്യൂസ് സെന്‍സ് കൊണ്ടാണ്. ചിലപ്പോള്‍ അത് ന്യൂസ് എഡിറ്റര്‍മാര്‍ അവഗണിക്കുന്ന ഒരു സാധാരണ ചിത്രമായിപ്പോകാം. ചിലപ്പോഴത് നല്ല വാര്‍ത്താചിത്രമാകാം. ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് എതിര്‍ക്കാത്തതിന്റെ പേരില്‍ കേരളമുഖ്യമന്ത്രിസ്ഥാനം എ.കെ.ആന്റണി രാജിവെച്ചു എന്ന വാര്‍ത്ത വായിച്ചാണ് അന്നവര്‍ ചിരിച്ചത് എന്നതുകൊണ്ട് ഇന്നും ആ ചിത്രം പ്രസക്തമാകുന്നു. എം.ജി.ആറിന്റെ ശവസംസ്‌കാരച്ചടങ്ങിലേക്ക് പുറപ്പെട്ട ജയലളിതയ്ക്കുണ്ടായ അനുഭവങ്ങള്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞതും ഇതുപോലത്തെ വേറൊരു വാര്‍ത്താനുഭവമായിരുന്നു. വീണുകിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍പോലും ന്യൂസ് സെന്‍സ് ആവശ്യമാണ്.

ഇന്റര്‍നെറ്റ് ഘടിപ്പിച്ച ലാപ്‌ടോപ്പുമായി സഞ്ചരിക്കുന്ന ഇന്നത്തെ പത്രപ്രവര്‍ത്തകര്‍ക്ക് ഒരിക്കലും തൊണ്ണൂറുകള്‍ക്ക് മുമ്പത്തെ പത്രപ്രവര്‍ത്തകര്‍ തരണംചെയ്ത പല യാതനകളും മനസ്സിലാക്കാനാവില്ല. ചിത്രമെടുക്കുക എന്നതിനേക്കാള്‍ പ്രധാനം അത് സമയത്തിന് എത്തിക്കുക എന്നതാണ്. ചിത്രമെടുക്കുന്നതിനേക്കാള്‍ വലിയ യാതനയും അതുതന്നെ. ഓരോരോ ഘട്ടത്തില്‍ എന്തെല്ലാം ചെയ്താണ് ഓരോ ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ ചിത്രങ്ങള്‍ സമയത്തിന് പത്രം ഓഫീസില്‍ എത്തിച്ചുപോന്നത് എന്നത് നീണ്ട കഥയാണ്. ഇച്ഛാശക്തിയും കര്‍മശേഷിയും നിശ്ചയദാര്‍ഡ്യവും കൊണ്ടാണ് രാജന്‍ പൊതുവാളിനെ പോലുള്ള ഫോട്ടോഗ്രാഫര്‍മാര്‍ സ്വധര്‍മം നിറവേറ്റിയിരുന്നതും തൊഴില്‍രംഗത്തെ എതിരാളികളെ തോല്പ്പിച്ചിരുന്നതും. ന്യൂസ് സെന്‍സും അവസരവും എല്ലാം ഉണ്ടായാലും തൊഴിലിനോടുള്ള അര്‍പ്പണബോധമില്ലെങ്കില്‍ എല്ലാം വ്യര്‍ഥമാകുമെന്ന് തെളിയിക്കുന്നതാണ് ആ അനുഭവകഥകള്‍. ബസ്സുകളിലും സ്‌കൂട്ടറുകളിലും വിമാനങ്ങളിലും ചിത്രമെത്തിക്കാന്‍ സാഹസങ്ങള്‍ക്ക് ഒരുമ്പെടാറുണ്ട് പത്രപ്രവര്‍ത്തകര്‍. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം കോഴിക്കോട്ടെത്തിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് മോട്ടോര്‍ സൈക്കിളില്‍ പറന്നുവന്ന ഫോട്ടോഗ്രാഫറുടെ കഥ കേട്ടിട്ടുണ്ട്. ഫോട്ടോകവര്‍ ന്യൂസ് എഡിറ്ററെ ഏല്‍പ്പിച്ചതും തളര്‍ന്നുവീണതും ഒരുമിച്ചായിരുന്നു. പോയ കാലത്തെ പത്രപ്രവര്‍ത്തകരുടെ മുഖമുദ്രയായ ഈ സാഹസികത വരും തലമുറകള്‍ക്കും അനുകരണീയ മാതൃകയാണ്. അലസമനസ്സുകള്‍ക്കും സുഖാന്വേഷികള്‍ക്കുമുള്ള മേച്ചില്‍പുറമല്ല, ഈ കാലത്തും മാധ്യമപ്രവര്‍ത്തനം.

അവനവന്റെ തൊഴില്‍പരമായ നേട്ടത്തെ കുറിച്ചുള്ള ചിന്ത മാത്രമാവില്ല മാധ്യമപ്രവര്‍ത്തകന്റെ പ്രചോദനം. സ്ഥാപനത്തോടുള്ള കടപ്പാടും പ്രധാനമാണ്. രാഷ്ട്രീയാദര്‍ശങ്ങളോടുള്ള അഭിനിവേശമാണ് സ്വാതന്ത്ര്യത്തിനുമുമ്പുള്ള പത്രപ്രവര്‍ത്തകനെ ആവേശം കൊള്ളിച്ചിരുന്നത്. രാഷ്ട്രീയപാര്‍ട്ടികളുടെ  മുഖപത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കക്ഷിരാഷ്ട്രീയത്തിന്റെ ആവേശമാണ് ശക്തിയേകാറുള്ളത്. അതേകുന്ന ധൈര്യവും ചങ്കൂറ്റവും ഒന്ന് വേറെയാണ്. ദീര്‍ഘകാലം റിപ്പോര്‍ട്ടറും ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററുമായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് അടിയന്തരാവസ്ഥയിലെ കക്കയം പോലീസ് ക്യാമ്പ് അതിക്രമങ്ങള്‍ സംബന്ധിച്ച രഹസ്യങ്ങള്‍ ശേഖരിച്ചത് ഈ നിലയില്‍ വലിയ പത്രപ്രവര്‍ത്തനപാഠങ്ങളാണ്. കേരളരാഷ്ട്രീയത്തില്‍തന്നെ വഴിത്തിരിവായിരുന്നു ആ ലേഖനപരമ്പര. മൂന്നുപതിറ്റാണ്ടിനുശേഷവും വാര്‍ത്താപ്രാധാന്യം ചോരാത്ത സംഭവങ്ങള്‍.

രാഷ്ട്രീയമായ ഉള്‍ക്കാഴ്ച, പരമ്പരാഗത രീതികള്‍ക്കപ്പുറം കടന്നുചെല്ലാനും പുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനുമുള്ള മനോധൈര്യം, പ്രത്യാഘാതങ്ങളെ നേരിടാനുള്ള മനക്കരുത്ത് തുടങ്ങിയ ഏറെ ഗുണവിശേഷങ്ങളാണ് കെ.ഗോപാലകൃഷ്ണന്‍ എന്ന പത്രാധിപരെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാക്കിയത്. അദ്ദേഹം സ്വന്തം പേര് വെച്ച് ലേഖനങ്ങള്‍ എഴുതാറില്ല, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല, മാധ്യമസെമിനാറുകളില്‍ പ്രസംഗിക്കാറില്ല, അവാര്‍ഡുകള്‍ വാങ്ങാറുമില്ല- എന്നിട്ടും കെ.ഗോപാലകൃഷ്ണനെ വായനക്കാര്‍ക്ക് സുപരിചിതനാക്കിയത് അദ്ദേഹം മാധ്യമരംഗത്തും രാഷ്ട്രീയരംഗത്തും ഇളക്കിവിട്ട കോളിളക്കങ്ങളാണ്. ദിനപത്രമെന്നത് ദിവസേനയുണ്ടാകുന്ന സംഭവങ്ങള്‍ റെക്കോഡ് ചെയ്യാനുള്ള ഗസറ്റ് അല്ല എന്ന് ഉറപ്പുണ്ടായിരുന്ന അദ്ദേഹം സംഭവങ്ങളെ സ്വാധീനിക്കാനും മാധ്യമങ്ങള്‍ക്ക് കഴിയും എന്നുതെളിയിച്ചു. കേരളരാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് സി.പി.എം രാഷ്ട്രീയത്തില്‍ പല മാറ്റങ്ങള്‍ക്കും കാരണമായത് അദ്ദേഹം വെളിച്ചത്ത് കൊണ്ടുവന്ന സ്‌കൂപ്പുകളും അദ്ദേഹം തിരികൊളുത്തിയ വിവാദങ്ങളുമായിരുന്നു. പത്രാധിപരാകുന്നതിനുമുമ്പ് മനോരമയുടെ ഡല്‍ഹി ലേഖകനായിരിക്കുമ്പോള്‍ സിഖ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വിമാനത്തില്‍ യാത്രക്കാരനാകാന്‍ അവസരം ലഭിച്ചത് അദ്ദേഹത്തിന് അവിസ്മരണീയമായ പത്രപ്രവര്‍ത്തനാനുഭവാക്കി മാറ്റാനായി. മാതൃഭൂമിയുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ എന്‍ഡോസള്‍ഫാനും പ്ലാച്ചിമടയും ജനസാമാന്യത്തിന്റെ ശ്രദ്ധയില്‍വരുമായിരുന്നോ എന്നത് വലിയൊരു ചോദ്യമാണ്.

സാഹസികനാകണം പത്രപ്രവര്‍ത്തകന്‍ എന്ന് പറയുമ്പോഴും കെ.എ.ഫ്രാന്‍സിസിനോളം സാഹസികത വേണോ എന്നുചോദിച്ചാല്‍ മറുപടി പറയാന്‍ പ്രയാസമാണ്. ഉരുവില്‍ ഗള്‍ഫിലേക്ക് കടക്കുന്നതിനുമുമ്പ് ഒരു രാത്രി കിടപ്പാടം തേടി വന്ന നാട്ടുകാരായ തൊഴില്‍രഹിതരോടൊപ്പം ഉരുവില്‍ കയറിപ്പോവുകയും കസ്റ്റംസ് ഉദ്യോഗസ്ഥരെ ചട്ടംകെട്ടി കടലില്‍ വെച്ച് അവരെക്കൊണ്ട് ഉരു കസ്റ്റഡിയിലെടുപ്പിക്കുകയും 86 നിസ്സഹായരെ കണ്ണീര് കുടിപ്പിക്കുകയും ചെയ്തത് ഫ്രാന്‍സിസിന് കിടിലന്‍ ബൈലൈന്‍ സ്റ്റോറി എഴുതാന്‍ വേണ്ടിയാണ്. വാര്‍ത്ത തേടിപ്പോകുന്ന പത്രപ്രവര്‍ത്തകന്‍ ഇതുംചെയ്യും ഇതിലപ്പുറവും ചെയ്യാം. പറഞ്ഞതുപോലെ കസ്റ്റംസുകാര്‍ വന്നില്ലായിരുന്നുവെങ്കില്‍ ഫ്രാന്‍സിസിന് എന്തുസംഭവിക്കുമായിരുന്നുവെന്ന് ഊഹിക്കാനേ പറ്റൂ അതുസാരമില്ല. മോഷ്ടാക്കളെപ്പറ്റി പരമ്പരയെഴുതുന്നത് രസികന്‍ ആശയമാണ്. ആ ആശയം നടപ്പിലാക്കാന്‍ എത്രത്തോളം പോകാം ? മോഷ്ടാവിനൊപ്പം രാത്രി സഞ്ചരിക്കുന്നതും വീടിന്റെ പൂട്ടുപൊളിച്ച് അകത്ത് കയറി ദമ്പതിമാരെ ഭീഷണിപ്പെടുത്തി കുഞ്ഞിന്റെ ആഭരണം മോഷ്ടിക്കുന്നത് കണ്ടുനില്‍ക്കുന്നതും ബുദ്ധിമോശമാണെന്നുമാത്രമല്ല അധാര്‍മികമാണെന്നും പറയാതെ വയ്യ. പക്ഷേ അതിലെ വാര്‍ത്തയോടുള്ള അകമഴിഞ്ഞ അഭിനിവേശം പ്രശംസാര്‍ഹംതന്നെയാണ്. അസാധാരണങ്ങളായ ഒട്ടേറെ വാര്‍ത്തകളും ഫീച്ചറുകളും രചിച്ച് മാധ്യമരംഗത്ത് സ്വന്തം പേര് കല്ലില്‍കൊത്തിവെച്ച ഈ  പത്രപ്രവര്‍ത്തകന്‍ മനോരമ ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപരാണ് ഇപ്പോള്‍.

പ്രത്യക്ഷത്തില്‍ ഒരു പ്രാധാന്യവും തോന്നാത്ത സംഗതികളിലും വാര്‍ത്തകള്‍ ഒളിച്ചിരിപ്പുണ്ടാകുമെന്ന് തിരിച്ചറിയുകയും അത് കണ്ടെത്തുകയും ചെയ്യുകയാണ് മികച്ച പത്രപ്രവര്‍ത്തകന്റെ ലക്ഷണമെന്ന വിശ്വസിക്കുകയും അത് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് മലയാള മനോരമയുടെ ഡല്‍ഹി ബ്യൂറോ തലവനായ ഡി.വിജയമോഹന്‍. കെ.ആര്‍.ചുമ്മാറില്‍ നിന്ന രാഷ്ട്രീയത്തിന്റെയും റിപ്പോര്‍ട്ടിങ്ങിന്റെയും വിലപ്പെട്ട പാഠങ്ങള്‍ പഠിച്ചത് അദ്ദേഹത്തിന് ഇന്നും മാര്‍ഗദീപമായുണ്ട്. എത്രയെത്ര പൊളിറ്റിക്കല്‍ സ്‌കൂപ്പുകള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍. 23 വിദേശരാജ്യങ്ങളില്‍ രാഷ്ട്രനേതാക്കള്‍ക്കൊപ്പം പര്യടനം നടത്തിയിട്ടുണ്ട് വിജയമോഹന്‍. മുപ്പത്തിമൂന്നുവര്‍ഷം ദേശീയരാഷ്ട്രീയം റിപ്പോര്‍ട് ചെയ്യാന്‍ അവസരം ലഭിച്ച വിജയമോഹന്റെ ഏറ്റവും വലിയ എക്‌സ്‌ക്ലൂസീവ് ഒരു പക്ഷേ, നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കേന്ദ്രധനമന്ത്രി സ്ഥാനത്തേക്കുള്ള വരവ് സംബന്ധിച്ചുള്ളതായിരുന്നു. പ്രധാനമന്ത്രിയായ നരസിംഹറാവു മന്ത്രിസ്ഥാനം ഏറ്റെടുക്കാനുള്ള സന്ദേശവുമായി പി.സി.അലക്‌സാണ്ടറെ അയച്ചതും അദ്ദേഹം സമ്മതം മൂളിയതും മനോരമയുടെ എക്‌സ്‌ക്ലൂസീവ് വാര്‍ത്തയായിരുന്നു. വാര്‍ത്തയുടെ ഉറവിടങ്ങളുമായുള്ള അടുത്ത ബന്ധമാണ് മാധ്യമപ്രവര്‍ത്തകന്റെ ശക്തി. അതാണ് വിജയമോഹന്റെയും ശക്തി.

മനോരമ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ തോമസ് ജേക്കമ്പ് വലിയൊരു പാഠപുസ്തകമാണ് പുതിയ തലമുറയിലെ പത്രപ്രവര്‍ത്തകര്‍ക്ക്. അരനൂറ്റാണ്ടായിക്കാണും അദ്ദേഹം ആദ്യത്തെ റിപ്പോര്‍ട്ട് എഴുതിയിട്ട്. ഇത്രയേറെ പുതുമകളും പുത്തന്‍ ആശയങ്ങളും മാധ്യമപ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്ന മറ്റൊരു പത്രാധിപരെ കാണാനാവില്ല. സ്വന്തം അനുഭവങ്ങളും സഹപ്രവര്‍ത്തകരുടെ അനുഭവങ്ങളും അദ്ദേഹം എഴുതിയേടത്തോളം മലയാളത്തില്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകനും എഴുതിക്കാണില്ല. പുതിയ ആശയങ്ങള്‍ തേടിയുള്ള നിതാന്തയാത്രയാണ് അദ്ദേഹത്തിന് മാധ്യമപ്രവര്‍ത്തനം. പുതിയ ആശയങ്ങളാണ് എല്ലാ രംഗത്തും വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്നത്. മാധ്യമരംഗം വ്യത്യസ്തമല്ല. പുതിയ തലമുറയോട് അദ്ദേഹം എല്ലായ്‌പ്പോഴും പറയാറുള്ള കാര്യവുമതാണ്. മനോരമയില്‍ചേര്‍ന്ന ശേഷം ഒരിക്കലും ഒരു റിപ്പോര്‍ട്ടെഴുതാന്‍ അവസരം കിട്ടാഞ്ഞതില്‍ ദു; ഖമുണ്ടെങ്കിലും അദ്ദേഹം എത്രയായിരം റിപ്പോര്‍ട്ടുകള്‍ക്കുള്ള ആശയങ്ങള്‍ സൃഷ്ടിച്ചുകൊടുത്തുകാണും എന്നാരും രേഖപ്പെടുത്തിയിരിക്കില്ല. ആശയസമൃദ്ധമായ മനസ്സുമായല്ല എല്ലാവരും ജനിക്കുന്നത്. പക്ഷേ ആശയങ്ങള്‍ക്ക് വേണ്ടി ദാഹിക്കുന്ന മനസ്സുണ്ടെങ്കില്‍ ആശയങ്ങള്‍ നിങ്ങളെതേടിവരും. ഒരു പത്രാധിപര്‍ക്ക് അതിലേറെ വലിയ ജീവിതപാഠമില്ല.

തോമസ് ജേക്കമ്പിന്റെ വാര്‍ത്താമൂല്യബോധം വലിയൊരു വാര്‍ത്തയിലേക്ക് നയിച്ചതിന്റെയും അത് നഷ്ടപ്പെട്ടതിന്റെയും കഥ പറയുന്നുണ്ട് കണ്ണൂരില്‍ ദീര്‍ഘകാലം മനോരമ ലേഖകനായിരുന്നു പി.ഗോപി. വി.വി. ഗിരിയെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തതിനെതിരെ ചോദ്യം ചെയ്യുന്ന ഹരജി കോടതി തള്ളിയതിനെകുറിച്ച് രാഷ്ട്രപതി പ്രധാനമന്ത്രിയുമായി സംസാരിച്ചത് പത്രക്കാര്‍ കേള്‍ക്കുന്നത് അക്കാലത്ത് വലിയ ആശ്ചര്യമൊന്നുമല്ല. ഇന്നാണെങ്കില്‍ അതുവിക്കിലീക് പോലൊരു സംഭവമാകുമല്ലോ. രാഷ്ട്രപതിയുടെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത ലേഖകനെ രാഷ്ട്രപതി പത്രസമ്മേളനത്തില്‍ ശകാരിച്ചത് മറ്റൊരു വന്‍വാര്‍ത്തയാകുമായിരുന്നു ഇന്നാണെങ്കില്‍. അന്നതൊന്നും വാര്‍ത്തയായില്ല. കാലത്തിനനുസരിച്ച് വാര്‍ത്താമൂല്യത്തിനും വാര്‍ത്തയിലെ ധാര്‍മികതയ്ക്കും മാറ്റം വരുന്നു. പി.ഗോപി മറ്റൊരു ധാര്‍മിക പ്രശ്‌നവും ഉന്നയിക്കുന്നുണ്ട്. തെറ്റാണ് എന്ന ബോധ്യമുള്ള സംഗതി പത്രത്തിന്റെ താല്പര്യത്തിന് വഴങ്ങി സത്യമായി അവതരിപ്പിക്കേണ്ടതുണ്ടോ ? വയനാട്ടിലെ നക്‌സലൈറ്റ് നേതാവ് വര്‍ഗീസിന്റെ കൊലയാണ ് സംഭവം. മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ആകഷന്‍ രംഗത്തുനിന്ന് ദൂരെ മാറിനിന്നപ്പോള്‍ സാഹസികമായി പോലീസിനെ പിന്തുടര്‍ന്നവരില്‍ പി.ഗോപിയും ഉള്‍പ്പെട്ടിരുന്നല്ലോ. വര്‍ഗീസ് കഥ കേട്ടപ്പോള്‍ അവിടത്തെ പത്രപ്രവര്‍ത്തകര്‍ക്ക് ബോധ്യമായിരുന്നു അതൊരു ഏറ്റുമുട്ടലല്ല പച്ചയായ കൊലയാണ് എന്ന്. പക്ഷേ അവരെല്ലാം പോലീസ് കഥ അതേപടി ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. പോലീസ് അധികാരികളുടെ വാക്കുകള്‍ക്ക് ദിവ്യത്വം കല്പ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് ഇന്നുമേറെ എന്നോര്‍ക്കുമ്പോള്‍ പി.ഗോപിയെയും സഹപ്രവര്‍ത്തകരെയും കുറ്റപ്പെടുത്താനാവില്ല. എംബെഡ്ഡഡ് ജേണലിസത്തിന്റെ മറ്റൊരു രൂപമാണിത്. ആ അധാര്‍മികതയില്‍ നിന്ന് മാധ്യമങ്ങള്‍ രക്ഷ നേടേണ്ടതായിട്ടാണുള്ളത്.

വിശ്വാസപ്രമാണങ്ങള്‍ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നവരില്‍ പ്രൊഫഷനലിസത്തിന്റെ കുറവുകണ്ടേക്കും. എന്നാല്‍, അവര്‍ക്ക് പോരാട്ടവ്യഗ്രത വേണ്ടത്രയുണ്ടാകും. മതവിശ്വാസത്തെ ചോദ്യം ചെയ്തതിന് ചെറുപ്പകാലത്തുതന്നെ കുടുംബത്തില്‍ നിന്നുപുറത്താക്കപ്പെട്ട് കടകള്‍ക്ക് മുകളിലെ മുറികളില്‍ അന്തിയുറങ്ങേണ്ടിവന്ന ആളാണ് ദേശാഭിമാനിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി വിരമിച്ച സി.എം. അബ്ദുറഹിമാന്‍. ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ഏറെ നിര്‍വഹിച്ചിട്ടുണ്ട് അദ്ദേഹം. ദേശാഭിമാനി മുഖ്യഡസ്‌കിന്റെ നെട്ടെല്ലായി അനേക പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചിട്ടും മാധ്യമരംഗത്ത് വലിയ പ്രസിദ്ധിയോ അംഗീകാരമോ ഇല്ലാതെ പിന്മാറേണ്ടി വന്നത് പൊതുവെ ഡസ്‌ക് എഡിറ്റര്‍മാരുടെ ദുരന്തമായേ കാണാനാവൂ. എന്നാല്‍ ദേശാഭിമാനിയുമായി ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹത്തെ ഒരിക്കലും മറക്കാനാവില്ല. മുഖ്യധാരാ പത്രങ്ങളില്‍ പോലും കാണാത്ത ആഴവും പരപ്പും ഉള്ള അനേകം മുഖപ്രസംഗങ്ങള്‍ അബ്ദുറഹിമാന്റേതായി ഓര്‍ക്കാനാവും. മുഖപ്രസംഗമെഴുത്തുകാരുടെ മറ്റൊരു ദുരന്തമാണിത്. ചരിത്രം ഒരിക്കലും ഈ സൃഷ്ടികള്‍ അതിന്റെ സൃഷ്ടികര്‍ത്താക്കളുടെ പേരുമായി ബന്ധപ്പെടുത്തി രേഖപ്പെടുത്താറില്ല. സാധാരണ ലേഖനങ്ങളായാണ് എഴുതിയിരുന്നതെങ്കില്‍ അനേകം ലേഖനസമാഹാരം ഇറക്കാമായിരുന്നുഅബ്ദുറഹിമാന്.. പക്ഷേ, ഇവിടെ അതെല്ലാം 24 മണിക്കൂര്‍ കൊണ്ട് വിസ്മൃതിയിലാകുന്നു, യാതൊന്നും അവശേഷിച്ചിട്ടില്ല.

ആത്മസംതൃപ്തിക്കപ്പുറം കാര്യമായൊന്നും നേടാതെയാണ് മുന്‍തലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ ജോലി അവസാനിച്ച് വീടുകളിലേക്ക് വിശ്രമജീവിതം നയിക്കാന്‍ മടങ്ങിയിരുന്നത്. ഏതാനും മുഖ്യധാരാ മാധ്യമങ്ങളിലൊഴികെ കൃത്യമായ ശമ്പളം കിട്ടുന്നവര്‍ പോലും കുറവായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായ അലവന്‍സ് മാത്രം പറ്റി പത്രറിപ്പോര്‍ട്ടര്‍മാരായി ജീവിച്ചവരും അനേകം കാണും. പിരിഞ്ഞ ശേഷം വാങ്ങിയ പത്രപ്രവര്‍ത്തക പെന്‍ഷനാണ് തനിക്ക് ആദ്യം കിട്ടിയ പ്രതിഫലമെന്ന് ഒരു പത്രപ്രവര്‍ത്തകന്‍ കണ്ണീരോടെ പറയുകയുണ്ടായി. നല്ല വരുമാനമുണ്ടാക്കാവുന്ന ജോലിനേടാനുള്ള അറിവും കഴിവും ഉണ്ടായിട്ടും പത്രപ്രവര്‍ത്തനത്തിന്റെ കല്ലും മുള്ളും നിറഞ്ഞ പാതയിലേക്ക് പോയവര്‍ മുഖ്യധാരാമാധ്യമങ്ങളില്‍തന്നെ ധാരാളമുണ്ടായിരുന്നു. ആ തൊഴിലിന്റെ സാമൂഹികവും ആദര്‍ശപരവുമായ പ്രതിബദ്ധതകളാണ് അവരെ നയിച്ചത്. തൃശ്ശൂരിലെ നവജീവനില്‍ തുടങ്ങി പാട്രിയറ്റിലും ഇന്ത്യന്‍ എക്‌സ്പ്രസ്സിലും നിരവധി പത്രങ്ങളിലും ഉദ്യേഗങ്ങളിലും സേവനമനുഷ്ഠിച്ച പി.രാമന്‍ ആദ്യാവസാനം കമ്യൂണിസ്റ്റ് പാര്‍ട്ടി സഹയാത്രികനായിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഏറെ കയറ്റിറക്കങ്ങള്‍ കണ്ട രാമന്‍ ഡല്‍ഹിയിലെ അധികാരത്തിന്റെ ഇടനാഴികകളില്‍ നിന്ന് എന്നും അകന്നുനിന്നിട്ടേ ഉള്ളൂ. മുഖ്യധാരാപത്രപ്രവര്‍ത്തകനായ ശേഷവും രാമന്‍ ആദ്യകാല ആദര്‍ശജീവിതത്തില്‍ നിന്ന് ഒട്ടും പിറകോട്ടുപോയില്ല. പുതിയ കാലഘട്ടത്തില്‍ അധികാരത്തിന്റെയൊപ്പം നിന്ന് അതിന്റെ അപ്പക്കഷണങ്ങള്‍ നുണയുന്നരുടെ കഥകള്‍ നാട്ടില്‍ പരക്കുന്നുണ്ട്. ഒരുപാട് പേര്‍ ജീവിതം ഹോമിച്ച അഗ്നികുണ്ഡത്തില്‍ നിന്നാണ് ചിലരെങ്കിലും സ്വര്‍ണനാണയങ്ങള്‍ പെറുക്കുന്നത് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ജീവിതം ഹോമിക്കാതെതന്നെ നേരിന്റെയും നീതിയുടെയും സേവനത്തിന്റെയും  രാഷ്ട്രനിര്‍മിതയുടെയും വഴി തിരഞ്ഞെടുക്കാനാവും എന്ന വലിയ പാഠമാണ് ഈ ജീവിതപാഠങ്ങളില്‍ നിന്ന് നാം ഉള്‍ക്കൊള്ളേണ്ടത് എന്നുതോന്നുന്നു.
(Intro to s book by Radhakrishnan Pattanur)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി