മാഷ് വിരമിക്കുന്നില്ല


മാതൃഭൂമിയില്‍ ഞങ്ങളുടെ തലമുറ ജോലിയില്‍ ചേരുന്ന കാലത്ത് കാസര്‍ഗോഡൊക്കെ കോഴിക്കോടിന്റെ കീഴിലാണ്. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള വലിയ പ്രദേശത്തേക്കുള്ള എഡിഷനുകള്‍ തയ്യാറാക്കുന്നത് കോഴിക്കോട്ടാണ്. ഇന്ന് കോഴിക്കോടിന് കീഴിലുള്ളത് കോഴിക്കോടും വയനാടും മാത്രം. ആ വലിയ സാമ്രാജ്യത്തിന്റെ അധിപന്‍ അന്ന് വിംസി എന്നറിയപ്പെടുന്ന വി.എം.ബാലചന്ദ്രന്‍ ആയിരുന്നു. അതൃപ്തിയും രോഷവും നിറഞ്ഞ ആക്രോശങ്ങളോടെ വിംസി ജില്ലാ ലേഖകന്മാരെ കൈകാര്യം ചെയ്യുന്നത് ഞങ്ങള്‍ക്ക് എല്ലാ ദിവസവും കാണാമായിരുന്നു. ഓരോരുത്തരും എഴുതുന്നത് രാത്രിയിലെ ഷിഫ്റ്റ് മാറുന്നതിനനസരിച്ച് ഞങ്ങളുടെ കൈകളില്‍ വരികയും ചെയ്യും. അതുകൊണ്ടുതന്നെ ലേഖകന്മാരെ കാണാതെതന്നെ അവരുടെ ഗുണവും ദോഷവും നന്മയും തിന്മയുമൊക്കെ ഞങ്ങള്‍ക്കറിയുമായിരുന്നു. എല്ലാവരെയും രാത്രി ഫോണില്‍ വിളിക്കേണ്ടി വരാറുമുണ്ട്. ഏറെപ്പേരെയും നേരില്‍കാണുന്നതിന് മുമ്പുതന്നെ സുഹൃത്തുക്കളാക്കി മാറ്റുകയും ചെയ്യും. അങ്ങനെ കാണാതെതന്നെ കേട്ടും കേട്ടുകേള്‍വിയിലൂടെ അറിഞ്ഞും സുഹൃത്തായതാണ് അഹ്മദ് മാഷ് എന്ന കെ.എം.അഹ്മദ്.

വിംസിക്കുമാത്രമല്ല, വിംസിയേക്കാള്‍ സീനിയറായ വി.എം.കൊറാത്തിനും പ്രദേശിക പേജുകളുടെ ചുമതലയുള്ള ന്യൂസ് എഡിറ്റര്‍ ശിവശങ്കരന്‍ എഴുത്തച്ചനുമെല്ലാം ഒരു പോലെ സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്ന ആളായി മാഷ് മാറിയത് അദ്ദേഹത്തിന്റെ തൊഴില്‍പരമായ കാര്യക്ഷമത കൊണ്ട് മാത്രമായിരുന്നില്ല. വിനയം നിറഞ്ഞ പെരുമാറ്റവും ആരെയും സഹായിക്കാനുള്ള സന്മനസ്സും സഹൃദയത്വവും ആണ് അദ്ദേഹത്തെ അത്തരമൊരു നിലയിലെത്തിച്ചത്.
ഞങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാഷ്ക്ക് ഒരു സൗകര്യമുണ്ടായിരുന്നു. അദ്ദേഹത്തെ അധികമൊന്നും കാസര്‍ഗോഡ് നിന്ന് പിഴുതുമാറ്റിയിട്ടില്ല. ഇടയ്‌ക്കെങ്ങാനും കണ്ണൂരില്‍ പോയിട്ടുണ്ട്. കാസര്‍ഗോഡിന്റെ പ്രതീകമായി ഞങ്ങള്‍ക്കും മാതൃഭൂമിക്കും മാഷ്. അദ്ദേഹത്തെ അതുകൊണ്ടുതന്നെ സ്ഥലംമാറ്റുന്നതിനെക്കുറിച്ച് മാനേജ്‌മെന്റ് ചിന്തിക്കാറില്ല. വിദൂരമായ കാസര്‍ഗോഡാണെങ്കിലും മാതൃഭൂമിയിലെയും പുറത്തെയും മിക്കവാറുമെല്ലാ പത്രപ്രവര്‍ത്തകര്‍ക്കും അദ്ദേഹം സുപരിചിതനായി മാറിയത് രണ്ടു രീതിയിലാണ്. ഒന്ന് കേരള പത്രപ്രവര്‍ത്തകയൂണിയനോട് അദ്ദേഹം കാട്ടിയ ഇളക്കമില്ലാത്ത കൂറ്. യൂണിയന്റെ എക്‌സിക്യൂട്ടീവ് യോഗങ്ങളില്‍ എത്തിച്ചേരാന്‍ എത്രയും കഷ്ടപ്പാട് കാസര്‍ഗോഡുകാര്‍ക്കാണെങ്കിലും അദ്ദേഹം യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നിട്ടില്ല. എങ്ങനെയും യോഗത്തിനെത്തും, എല്ലാ സംസ്ഥാനസമ്മേളനങ്ങളും പങ്കെടുക്കും.

മാഷുമായുള്ള മറ്റൊരു ബന്ധമാണ് എന്നെപ്പോലുള്ളവര്‍ക്ക് പ്രയോജനപ്രദമായിരുന്നത്. അന്നും ഇന്നും പത്രത്തിലെ അന്വേഷണാത്മക പരമ്പരകള്‍ക്ക് യുവാക്കളായ പത്രപ്രവര്‍ത്തകരെയാണ് നിയോഗിക്കാറുള്ളത്. എന്നെ ഏല്പ്പിച്ച പരമ്പരകളില്‍ ഞാന്‍ കാസര്‍ഗോഡിനെ ഒഴിവാക്കാറേ ഇല്ല. കാസര്‍ഗോഡ് പോകാതെയും പരമ്പരകള്‍ എഴുതാം. ആ അറ്റത്ത് പോയില്ല എന്നത് മിക്കപ്പോഴും ഒരു കുറവാകാറില്ല. പക്ഷേ കാസര്‍ഗോഡ് പോവുന്നത് സന്തോഷവും സംതൃപ്തിയും നല്‍കുന്ന ഒരു അനുവഭവമാണ്. അവിടെ നമ്മള്‍ ചുമ്മാ ചെന്നാല്‍ മതി. പരമ്പര എന്തും ആകട്ടെ, ആരെയെല്ലാം കാണണം, എവിടെ താമസിക്കണം എന്നുതുടങ്ങിയുള്ള കാര്യങ്ങളെല്ലാം മാഷ് ഏറ്റെടുത്തുകൊള്ളും. ചിലപ്പോള്‍ ഒപ്പം മാഷും വരും. മാഷ്ക്ക് അറിയാത്തവരില്ലല്ലോ ആ നാട്ടില്‍. എണ്‍പതുകള്‍ക്കൊടുവില്‍ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളെക്കുറിച്ചുള്ള ഒരു പരമ്പര ചെയ്യാന്‍ സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ച എനിക്ക് ആറോ ഏഴോ ലക്കമുള്ള ലേഖനത്തില്‍ ഒരു ലക്കം മുഴുക്കെ കാസര്‍ഗോഡിനെക്കുറിച്ച് എഴുതാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ എഴുതേണ്ടിവന്നു. ഒരു ക്ലാസ് മുറിയില്‍ അരഡസന്‍ വ്യത്യസ്ഥ മാതൃഭാഷകളുള്ള കുഞ്ഞുങ്ങളെ, ആ ഭാഷയൊന്നും അറിയാത്ത, തൃശ്ശൂരോ കോഴിക്കോട്ടോ തിരുവനന്തപുരത്തോ ജനിച്ചുവളര്‍ന്ന അധ്യാപകന്‍ പഠിപ്പിക്കുന്നതിന്റെ ദുരന്തം നേരില്‍പോയി കണ്ടാലേ മനസ്സിലാകൂ. അതൊരു വലിയ അനുഭവമായിരുന്നു. കാല്‍നൂറ്റാണ്ടിനേറെ മുമ്പ് തുടങ്ങിയ കാസര്‍ഗോഡ് തീര്‍ത്ഥാടനങ്ങള്‍ പരമ്പരയെഴുത്ത് നിര്‍ത്തിയിട്ടും ഞാന്‍ അവസാനിപ്പിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണക്കാലത്ത് ഒരു പ്രത്യേകയിനം ഫീച്ചറിന് വേണ്ടി കാസര്‍ഗോഡ് ചെന്നത് കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണനോടൊപ്പമായിരുന്നു. അഹ്മദ് മാഷിന്റെ കാറില്‍ അദ്ദേഹത്തോടൊപ്പമായിരുന്നു ദിവസം മുഴുവന്‍ ഞങ്ങളുടെ യാത്ര. അദ്ദേഹത്തിന്റെ ആരോഗ്യനില അന്ന് അത്രയൊന്നും തൃപ്തികരമായിരുന്നില്ല. എല്ലാ പാര്‍ട്ടികളുടെയും കേരളയാത്രകള്‍ക്ക് തുടക്കമാകാറുള്ള ഹോസങ്കടിയാണ് വികസനത്തിന്റെ അവസാനപോയന്റായി നിലനില്‍ക്കുന്നത് എന്നുതുടങ്ങുന്ന ഒരു കുറിപ്പാണ് ഗോപീകൃഷ്ണന്റെ ഇലസ്‌ട്രേഷനോടെ അന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്. കുറിപ്പില്‍ യഥാര്‍ത്ഥത്തില്‍ മാഷിന്റെ ആശയങ്ങളാണ് തുടിച്ചുനിന്നത്. ഒടുവിലത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്തും ഞാന്‍ കാസര്‍ഗോഡ് എത്തുകയുണ്ടായി. ഒരോട്ട പ്രദക്ഷണത്തിലൂടെ മൂന്നു മുഖ്യസ്ഥാനാര്‍ത്ഥികളെയും ഓടിച്ചിട്ട് പിടിച്ചാണ് അവസാനഘട്ടവിലയിരുത്തിലിനുള്ള വിവരങ്ങള്‍ ശേഖരിച്ചത്. പിന്നീടും പലവട്ടം കാസര്‍ഗോട്ട് ഞാന്‍ വന്നു. ഈ യാത്രകളെല്ലാം പല വിധത്തില്‍ പലരുടെയും അനുസ്മരങ്ങള്‍ കൂടിയായിരുന്നു. കൃഷ്ണന്‍ മുതല്‍ മാങ്ങാട് ബാലകൃഷ്ണന്‍ വരെ ആരെല്ലാം. എല്ലാവരെയും ഇണക്കുന്ന കണ്ണിയായി മാഷും.

മാഷെപ്പോലെ ക്രിയാത്മകതയുള്ള പത്രപ്രവര്‍ത്തകര്‍ക്ക് ഒരു വലിയ ദുരന്തമുണ്ട്. ഞങ്ങളെപ്പോലുള്ളവര്‍ എന്തെങ്കിലും എഴുതി തത്ക്കാലത്തേക്ക് ഉണ്ടാക്കുന്ന പേരും പ്രശസ്തിയുമൊക്കെത്തന്നെയേ മാധ്യമരംഗത്ത് അഹ്മദിനെപ്പോലുള്ളവര്‍ക്കും ഉണ്ടാകുന്നുള്ളൂ. ഞങ്ങള്‍ ഒന്നും നഷ്ടപ്പെടുത്തിയിട്ടല്ല അത് നേടുന്നത്, കിട്ടുന്നത് ലാഭം എന്നുപറയാം. അതല്ല മാഷുടെയും അതുപോലുള്ളവരുടെയും സ്ഥിതി. പത്രപ്രവര്‍ത്തകനായിരുന്നില്ലെങ്കില്‍ മാഷ് കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യപ്രവര്‍ത്തകനായി കൂടുതല്‍ പ്രശസ്തനാവുമായിരുന്നു. പത്രപ്രവര്‍ത്തനത്തിന് എത്ര കൂടുതല്‍ സമയം ചെലവഴിക്കുന്നുവോ അത്രയും കുറച്ച് സമയമാണ് സര്‍ഗാത്മക പ്രവര്‍ത്തനത്തിന് വേണ്ടി നീക്കിവെക്കാന്‍ കഴിയുക. ഇവിടെ മാധ്യമപ്രവര്‍ത്തനത്തിനുണ്ടായ നേട്ടം യഥാര്‍ഥത്തില്‍ സാഹിത്യത്തിന്റെ നഷ്ടമായിരുന്നു. ഇതറിയാന്‍ മാഷ് എഴുതിയ വാര്‍ത്തേതര ലേഖനങ്ങളുടെ സമാഹാരമായ " ഓര്‍മകളിലേക്ക് ഒരു കിളിവാതില്‍ " വായിച്ചാല്‍ മതിയാകും. ടി.ഉബൈദും പി.കുഞ്ഞിരാമന്‍ നായരും വിദ്വാന്‍ പി.കേളുനായരും ആനന്ദതീര്‍ഥനും സി.പി.ശ്രീധരനും മൂര്‍ക്കോത്ത് രാമുണ്ണിയുമുള്‍പ്പെടെ ഉത്തരകേരളത്തിന്റെ സാംസ്കാരിക നായകന്മാരെ നിങ്ങള്‍ക്ക് ഈ കൃതിയില്‍ അടുത്തറിയാം.

ആരും പത്രപ്രവര്‍ത്തനരംഗത്ത് നിന്ന് വിരമിക്കുന്നില്ല. അധ്യാപനം നിറുത്തിയ മാഷും മാഷായി തുടരുന്നതുപോലെ പത്രപ്രവര്‍ത്തകനും എന്നും പത്രപ്രവര്‍ത്തകന്‍തന്നെ.റിട്ടയേഡ് പത്രപ്രവര്‍ത്തകന്‍ എന്നാരെക്കുറിച്ചും പറയാറില്ല. മുതിര്‍ന്ന പത്രപ്രവര്‍ത്തകരേ ഉള്ളൂ. എന്തിനും മുതിരുന്ന പത്രപ്രവര്‍ത്തകന്‍ ! മാഷ് ഇനി മുതിരേണ്ടത് ഇത്രയും കാലം ചെയ്യാതിരുന്ന കാര്യങ്ങള്‍ ചെയ്യാനാണ്. സാഹിത്യത്തിന് നഷ്ടപ്പെട്ടത് നികത്തിയെടുക്കാന്‍ ഇനിയും സമയം വൈകിയിട്ടില്ല. അതിന് അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.

(മാതൃഭൂമിയില്‍ നിന്ന് വിരമിക്കുമ്പോള്‍ കാസര്‍കോട് പൗരാവലി നല്‍കിയ സ്വീകരണത്തിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ ഓര്‍മപ്പുസ്തകത്തില്‍ നിന്ന് )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി