സി.പി.എം.:സംഘര്‍ഷമോ ഒത്തുതീര്‍പ്പോ ?


വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാണിന്ന്‌.കമ്യുണിസ്റ്റ്‌ പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള വ്യക്തി അടിസ്ഥാനത്തിലുള്ള പോരാട്ടത്തിലൂടെ ആണ്‌ ഈ പദവിയിലേക്ക്‌ അദ്ദേഹം കടന്നൂ ചെന്നത്‌. സി.പി.എമ്മിലെ ഒരൂ പക്ഷം മൂന്ന്‌ നാലു വര്‍ഷമായി നടത്തിക്കൊണ്ടിരൂന്ന എല്ലാ ആസൂത്രണത്തേയും പരാജയപ്പെടുത്തിയാണ്‌ അച്യതാനന്ദന്‍ ആ പദവി നേടിയതെന്ന്‌ അറിയാത്തവരില്ല.അഞ്ചു വര്‍ഷമായി അച്യതാനന്ദന്‍ നടത്തിയ രാഷ്ടീയപോരാട്ടത്തിനൊടുവില്‍ കേരളീയര്‍ അദ്ദേഹത്തിനൊപ്പം നിന്നൂ. കേരളത്തിലെ കക്ഷിരഹിതരായ ജനങ്ങള്‍ ഇതുപോലെ ഒറ്റക്കെട്ടായി ഒരേ പക്ഷത്തു നിന്ന സംഭവം വേറെ ചൂണ്ടിക്കാട്ടാനാവില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പ്‌ വഴക്കില്‍ ജനം പക്ഷം പിടിച്ച സംഭവവും വേറെയില്ല.ഇനി എന്താണൂണ്ടാവുക ? കോണ്‍ഗ്രസ്സിലും മറ്റും സംഭവിക്കുന്നത്‌ പോലെ സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള പതിവ്‌ ചക്കളത്തിപ്പോരാട്ടമായി ഇതും തുടരുമോ? വി.എസ്സിനോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരും അല്ലാത്തവരുമെല്ലാം ഈ ചോദ്യം സ്വയം ചോദിക്കുന്നുണ്ട്‌.കേരളത്തിലൊരു മുഖ്യമന്ത്രിയും ഇത്രയുമേറെ പ്രതീക്ഷകള്‍ ജനങ്ങളില്‍ ഉണര്‍ത്തിവിട്ടൂകൊണ്ട്‌ അധികാരമേറിയിട്ടില്ല. ഒട്ടും പ്രതീക്ഷ നല്‍കാത്ത ഭരണമാണ്‌ ഏറ്റവും കുറച്ച്‌ നിരാശപ്പെടുത്തുക എന്നാരോ പറഞ്ഞിട്ടുണ്ട്‌. ഏറ്റവും പ്രതീക്ഷ നല്‍കിയ നേതാവ്‌ എന്ന നിലയില്‍ വി.എസ്സിനെ ജനങ്ങളും നിരീക്ഷകരും രാഷ്ട്രം തന്നെയും വളരെയേറെ കൌതുകത്തോടെയാണ്‌ നോക്കിക്കാണുന്നത്‌. അത്‌ അദ്ദേഹത്തില്‍ വലിയ ഭാരമാണ്‌ വലിച്ചു കയറ്റിയിരിക്കുന്നത്‌.
കോണ്‍ഗ്രസ്സിലേതു പോലൊരു അരാഷ്ട്രീയ തൊഴുത്തില്‍കുത്തിലൂടെയല്ല വി.എസ്‌ മുഖ്യമന്ത്രിയായത്‌. പ്രത്യയശാസ്ത്രപരമായ ഒട്ടനവധി പ്രശ്നങ്ങള്‍ സി.പി.എമ്മിലെ ഗ്രൂപ്പ്‌ സംഘര്‍ഷത്തില്‍ അന്തര്‍ലീനമായിട്ടുണ്ട്‌ എന്നാണ്‌ നിരീക്ഷകര്‍ കരുതുന്നത്‌.സി.പി.എമ്മിനകത്തെ ഒരു വിഭാഗം തുടര്‍ച്ചയായി പാര്‍ട്ടിനേതൃത്വത്തിനെതിരെ തുറന്ന ഒരു പോരാട്ടം നടത്തിവരികയായിരുന്നൂ . ഒദോഗിക നേതൃത്വം പാര്‍ട്ടിശത്രുക്കളെ എന്ന പോലെ ഇവരെ ചെറുത്തുപോന്നിട്ടുമുണ്ട്‌. സി.പി.എം പ്രതിപക്ഷത്തിരുന്ന അഞ്ചു വര്‍ഷക്കാലത്ത്‌ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയവും ഇതു തന്നെയായിരുന്നൂ എന്നും ്പറയാം.
മുതലാളിത്തത്തിനും അതിന്റെ സന്തതിയായ സാമ്രാജ്യത്വത്തിനും ,ഇവ രണ്ടിന്റേയും പ്രത്യയശാസ്ത്രമായ ആഗോളീകരണത്തിനും എതിരെ രാവും പകലും പോരാടേണ്ട മാര്‍ക്സിസ്റ്റുകാരില്‍ ഒരു വിഭാഗം ഇതാ ശത്രുവര്‍ഗത്തിനൊപ്പം ചേരുന്നുഎന്നായിരുന്നു മുറവിളി . പുരോഗമനത്തിന്റെയും സോഷ്യലിസ്റ്റ്‌ ആശയങ്ങളുടേയുമെല്ലാം മറ പിടിച്ചുകൊണ്ടിവര്‍ ഇവിടെ ലോകബാങ്ക്‌ ആശയങ്ങളാണ്‌ നടപ്പാക്കിക്കൊണ്ടിരുന്നത്‌, എല്‍.ഡി.എഫ്‌ ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിച്ചു കൊണ്ടിരന്നു ജനകീയാസൂത്രണം തെ‍ ഒരു ലോകബാങ്ക്‌ ആശയമായിരുന്നു പുരോഗമനത്തിന്റേയും അധികാരവികേന്ദ്രീകരണത്തിന്റേയും മറവില്‍ നടപ്പാക്കിയത്‌,കമ്യൂണിസ്റ്റ്‌ ആശയങ്ങളെ കാലഹരണപ്പെട്ടതെന്ന്‌ മുദ്രകുത്തി നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ കൂട്ടര്‍ നാലാം ലോകവാദം എന്നൊരു ആശയം പാര്‍ട്ടിക്കകത്തേക്ക്‌ കടത്തിവിടാന്‍ ഗൂഡാലോചന നടത്തി, കേരള ശാസ്ത്രസാഹിത്യപരിഷത്തും ചില എന്‍.ജി.ഒ. കളും ഈ പ്രതിവിപ്ലവഗൂഡാലോചനയില്‍ ഒപ്പമുണ്ട്‌, എം.പി.പരമേശ്വരനും പരിഷത്തും ഈ ഉദ്ദേശ്യത്തോടെ ഈ.എം.എസ്സിനെ പോലും സ്വാധീനിച്ചും തെറ്റിദ്ധരിപ്പിച്ചും പല പരിപാടികളും ഈ.കെ . നായനാരുടെ ഭരണകാലത്ത്‌ നടപ്പാക്കി, എം.എ.ബേബി, ഡോ. തോമസ്‌ ഐസക്‌, പിണറായി വിജയന്‍ എന്നിവരും പങ്കാളികളായി, ഈ വലിയ ഗുഡസംഘമാണ്‌ സി.പി.എമ്മിനെ നയിച്ചുകൊണ്ടിരുക്കുന്നത്‌... ഇങ്ങനെ പോയി. അഞ്ചു വര്‍ഷത്തെ നായനാര്‍ ഭരണകാലത്ത്‌ വി.എസ്‌. പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്നു. സാമ്രാജ്യത്വ പദ്ധതി എന്ന്‌ തീവ്രവാദികള്‍ ആക്ഷേപിക്കുന്ന ജനകീയാസൂത്രണപദ്ധതിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും പൂര്‍ണപങ്കാളിയായിരുന്നു അദ്ദേഹം. ഇ.എം.എസ്സിന്റെ മരണശേഷം ജനകീയാസൂത്രണസമിതിയുടെ അദ്ധ്യക്ഷപദവി വഹിച്ചതും അദ്ദേഹമായിരുന്നു. ഈ.കെ. നായനാരുടെ മറ പിടിച്ച്‌ തലസ്ഥാനത്ത്‌ ഗൂഡസംഘം ഭരണം കൈയ്യടക്കി തോന്നിയതെല്ലാം ചെയ്തുകൂട്ടുകയായിരുന്നു. കാര്യങ്ങളറിഞ്ഞിട്ടും നായനാരോ അച്യുതാനന്ദനോ ഈ സംഘത്തിനെതിരെ ചെറുവിരലുയര്‍ത്തുകയുണ്ടായില്ല. നായനാര്‍ ഭരണത്തിന്‌ ശേഷം യു.ഡി.എഫ്‌ തിരിച്ചുവരുമെന്ന്‌ സി.പി.എമ്മില്‍ ആരും കരുതിയിരുന്നുമില്ല. അച്യുതാനന്ദന്‍ ഉറച്ചുവിശ്വസിച്ചിരുന്നത്‌ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി താന്‍ തന്നെയാണ്‌ എന്നായിരുന്നു. അദ്ദേഹം പത്രാധിപരായ 'ചിന്ത' വാരിക വോട്ടെണ്ണിത്തീരും മുമ്പ്‌ എഴുതി വേട്ടെണ്ണിത്തീരുമ്പോഴേക്ക്‌ വിപണിയിലെത്തിച്ചിരുന്ന ലക്കത്തിലെ മുഖപ്രസംഗം 'ഇടതുമുന്നണിയെ വന്‍ഭുരിപക്ഷത്തോടെ അധികാരത്തിലേറ്റിയ വോട്ടര്‍മാരെ' അഭിവാദ്യം ചെയ്യുതായിരുന്നു. അത്രക്കുണ്ടായിരുന്നു ആത്മവിശ്വാസം. മാരാരിക്കുളത്ത്‌ നിന്ന്‌ അദ്ദേഹം പാലക്കാടേക്ക മാറിയത്‌ ജയിച്ച്‌ മുഖ്യമന്ത്രിയാകാം എന്ന വ്യാമോഹത്തോടെ തന്നെ ആയിരുന്നു. പാര്‍ട്ടിയുടെ നേതൃത്വത്തെ പിണക്കേണ്ട എന്ന്‌ അന്ന്‌ തോന്നിയിട്ടുണ്ടാകാം. ഈ കാരണങ്ങളാലാവാം പാത്തും പതുങ്ങിയുമല്ലാതെ തുറന്ന പോരാട്ടത്തിന്‌ അദ്ദേഹം മുതിരുകയുണ്ടായില്ല.

സി.പി.എം പ്രതിപക്ഷത്തായിരന്നു അഞ്ചു വര്‍ഷക്കാലത്ത്‌ പാര്‍ട്ടിക്കകത്തും പുറത്തും നടന്ന ഗ്രൂപ്പ്‌ ഉന്‍മൂലനസമരത്തിനിടയില്‍ വി.എസ്‌ അപൂര്‍വമായേ എന്തെങ്കിലും ഉരിയാടിയിട്ടുള്ളൂ. അദ്ദേഹം സംസാരിച്ചപ്പോഴാവട്ടെ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളെ ന്യായീകരിക്കാനോ സഹപ്രവര്‍ത്തകരെ ശരിവെക്കാനോ ഒരു വാക്ക്‌ പോലും ചെലവഴിച്ചതായി കേട്ടിട്ടില്ല.സി.പി.എമ്മിനകത്തുള്ളവര്‍ക്ക്‌ അറിയുന്ന വേറെയും കുറെ കാര്യങ്ങളുണ്ട്‌.പാര്‍ട്ടിഗ്രൂപ്പ്‌ പോരില്‍ കൃത്യമായി വി.എസ്‌ ഒരു പക്ഷത്തുണ്ടായിരുന്നു. നാലാം ലോകവാദക്കാര്‍ എന്ന്‌ മുദ്രകുത്തി പാര്‍ട്ടിയിലെ പക്ഷത്തെ പാര്‍ട്ടി വിരുദ്ധന്‍മാരായി ചിത്രീകരിച്ചത്‌ ആസൂത്രിതനീക്കമായിരുന്നു. ഈ നീക്കത്തിന്റെ പ്രഭവകേന്ദ്രം പാര്‍ട്ടിക്ക്‌ പുറത്തായിരുന്നുവെങ്കിലും വി.എസ്സോ അനുചരരോ അറിയാതെ നട കാര്യമൊന്നുമായിരുന്നില്ല അത്‌. പാഠം സുധീഷ്‌, എം.എന്‍.വിജയന്‍മാസ്റ്റര്‍, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വിഭാഗവുമായി ചേര്‍ന്നാണ്‌ വി.എസ്‌ അനുചരര്‍ ഈ നീക്കം നടത്തിയത്‌. പാഠം-ബര്‍ലിന്‍ കൂട്ടായ്മക്കാര്‍ വേണ്ടത്ര പടക്കോപ്പ്‌ പാര്‍ട്ടി‍യില്‍ വി.എസ്സിന്റെ ആവശ്യത്തിന്‌ എത്തിച്ചുകൊടുത്തിരുന്നു. പാര്‍ട്ടിവേദികളിലെ ചര്‍ച്ചകളുടെ വിവരങ്ങളും മറ്റ്‌ പാര്‍ട്ടിരഹസ്യങ്ങളും എത്തിച്ചുകൊടുത്ത്‌ വി.എസ്‌.പക്ഷം ഇവര്‍ക്കും ഇവര്‍ തിരിച്ചും സഹായം നല്‍കിയിരുന്നു. പിണറായിക്കും ബേബിക്കും തോമസ്‌ ഐസക്കിനും എതിരായ നെതര്‍ലാണ്ട്‌-ഫ്രാങ്കി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ എത്തിച്ചുകൊടുത്തതും വി.എസ്‌ സംഘം തന്നെയായിരുന്നു. പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാന്‍ നടത്തിയ നീക്കങ്ങളെല്ലാം പൊളിറ്റ്‌ ബ്യൂറോവിന്റെ സഹായത്തോടെ പിണറായി പക്ഷം പരാജയപ്പെടുത്തുകയായിരുന്നു. പാര്‍ട്ടിസംഭവവികാസങ്ങളെ കുറിച്ച്‌ പരസ്യപ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലാത്തത്‌ കൊണ്ട്‌ വി.എസ്സിന്‌ കെ.കരുണാകരന്റെയും കെ.മുരളീധരന്റെയും അവസ്ഥ ഉണ്ടായില്ല എന്ന്‌ സമാധാനിക്കാം. എന്നാല്‍ വളരെയൊന്നും ഭേദമല്ല അദ്ദേഹത്തിന്റേയും അവസ്ഥ. നാലാംലോകവാദക്കാര്‍ക്കെതിരെ അധിനിവേശപ്രതിരോധസമിതിക്കാര്‍ പരസ്യമായി ഉന്നയിച്ചതും വി.എസ്‌ മൌനംകൊണ്ട്‌ ശരിവെച്ചതുമായ ആരോപണങ്ങള്‍ന്ന ഗൌരവമേറിയതായിരുന്നു. സാമ്രാജ്യത്വഅധിനിവേശക്കാര്‍ക്ക്‌ ചൂട്ട്‌ പിടിക്കുകയും സി.ഐ.എ.ക്ക്‌ വേണ്ടി ചാരപ്പണി നടത്തുകയും ചെയ്യുന്നവരാണ്‌ തോമസ്‌ ഐസക്‌ -ബേബി വിഭാഗക്കാര്‍ എന്ന അതിഗുരുതരമായ ആരോപണം നിലനില്‍ക്കുന്നു. വി.എസ്‌ കേരളത്തില്‍ ധര്‍മവും നീതിയും സ്ഥാപിക്കാന്‍ ഇനി പോരാട്ടം നടത്താന്‍ പോകുന്നത്‌ ഇതേ ബേബിക്കും ഐസക്കിനും ഒപ്പം നിന്നാണ്‌. കരുണാകരന്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം തിരിച്ചുപോയത്‌ കൂടുതല്‍ വഷളായ രാഷ്ട്രീയമാണ്‌ എ്‌ വേണമെങ്കില്‍ സമ്മതിച്ചു കൊടുക്കാം ഉള്ളൂ.
യു.ഡി.എഫുകാരുടെ ധാര്‍മികാധപ്പതനത്തിനെതിരായ പോരാട്ടം മാത്രമാണ്‌ വി.എസ്സിനെ ജനപ്രിയനാക്കിയതെന്നാരെങ്കിലും കരുതുന്നുണ്ടോ ? സി.പി.എമ്മുകാരുടെ ധാര്‍മികമായ തകര്‍ച്ചയും വോട്ടര്‍മാരില്‍ ആശങ്കയുളവാക്കിയിരുന്നു.വി.എസ്സിന്‌ ചെയ്യുന്ന ഒരോ വോട്ടും എല്ലാ അധാര്‍മികതകള്‍ക്കും എതിരായ വോട്ട്‌ ആയാണ്‌ കേരളത്തിലെ വോട്ടര്‍മാര്‍ കണക്കാക്കിയിരുന്നത്‌. അഞ്ചു വര്‍ഷം മുമ്പ്‌ കേരളത്തില്‍ വോട്ടെടുപ്പ്‌ നടക്കുമ്പോള്‍ യു.ഡി.എഫിന്‌ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞ ഒരായുധമായിരുന്നു അദ്ദേഹത്തിന്റെ ലണ്ടന്‍ സ്വകാര്യ ആസ്പത്രിയിലെ ചികിത്സ. കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ അര്‍ദ്ധനനായി കിടക്കുന്ന നിര്‍ദ്ധനരോഗിയുടെ പത്രത്തില്‍ വന്ന ഫോട്ടോവിനോട്‌ ലണ്ടന്‍ ആസ്പത്രിയില്‍ കമ്പിളിപ്പുതപ്പ്‌ പുതച്ച്‌ അച്യതാനന്ദന്‍ കിടക്കുന്ന ഫോട്ടോ ചേര്‍ത്തുവെച്ചാണ്‌ യു.ഡി.എഫുകാര്‍ വോട്ട്‌ പിടിച്ചത്‌. ഒടുവിലത്തെ അഞ്ച്‌ വര്‍ഷക്കാലത്തൊഴികെ ജീവിതത്തിലൊരിക്കലും അച്യുതാനന്ദന്‍ ധാര്‍മികതയുടെയോ രാഷ്ട്രീയമൂല്യങ്ങളുടെയോ പ്രതീകമായി പ്രത്യക്ഷപ്പെടുകയുണ്ടായിട്ടില്ല.ഈ മാറ്റം അത്ഭുതകരം തന്നെയാണ്‌. ആത്മാര്‍ത്ഥം തന്നെയാണോ ഈ മാറ്റം ? ഇനിയുള്ള നാളുകളില്‍ തെളിയിക്കപ്പെടാനിരിക്കുകയാണ്‌ നിര്‍ണായകമായ ഈ കാര്യം.

വി.എസ്സിനെ മുഖ്യമന്ത്രിക്കസേരയിലെത്തിച്ചത്‌ വിവിധ വിഭാഗങ്ങളടങ്ങിയ വിപുലമായ മുന്നണിയായിരുന്നൂ.പല ധ്രുവങ്ങളില്‍ നിന്നുള്ളവരാണ്‌ ഈ മുന്നണിയിലുള്ളത്‌. വിരുദ്ധതാല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നവരുമാണ്‌. ഈ വിഭാഗങ്ങളെ എങ്ങിനെ എത്രത്തോളം തൃപ്തിപ്പെടുത്തി കൂടെ കൊണ്ട്‌ പോകാന്‍ വി.എസ്സിന്‌ കഴിയും എന്നത്‌ ഗൌരവമുള്ളപ്രശ്നമാണ്‌.ഏറ്റവും വേഗം
ശത്രുപക്ഷത്തേക്ക്‌ നീങ്ങാന്‍ പോകുന്നത്‌ വി.എസ്സിനെ മുന്നില്‍ നിറുത്തി സി.പി.എമ്മിന്റെ ജനാധിപത്യവല്‍ക്കരണത്തെ ചെറുത്ത തീവ്രവാദിവിഭാഗമായിരിക്കും.ഇതുവരെ വി.എസ്സിന്‌ എല്ലാ തെറ്റുകളേയും എതിര്‍ത്തുകൊണ്ടിരുന്നാല്‍ മാത്രം മതിയായിരുന്നു.ഇനി അതുപോര. ജനകീയാസൂത്രണം തുടരണമോ വേണ്ടയോ എന്ന്‌ ഇനി പറഞ്ഞല്ലേ പറ്റൂ. ആദ്യത്തെ ആഴ്ചയില്‍ തന്നെ ജനകീയാസൂത്രണം തുടരും എന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. ജനകീയാസൂത്രണത്തിന്റെ ആരാധകനായ ഡോ.പ്രഭാത്‌ പട്‌ നായക്‌ പ്ലാനിങ്ങ്‌ കമ്മീഷനില്‍ ചുമതലയേറ്റു കഴിഞ്ഞു. ഇനിയും പഴയ സാമ്രാജ്യത്വ അധിനിവേശ ആക്രോശവുമായി നടക്കാനാവില്ല. ജനകീയാസൂത്രണം സി.ഐ.എ പരിപാടിയാണെന്നും അച്യുതാനന്ദന്‍ അത്‌ ചെറുക്കുന്ന മഹാവിപ്ലവകാരിയാണെന്നും ഇനി എങ്ങിനെ പറഞ്ഞുകൊണ്ടിരിക്കും.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ തീരുമാനങ്ങളെടുക്കുന്നത്‌ മുഖ്യമന്ത്രിയോ മന്ത്രിസഭ പോലുമോ അല്ല.പാര്‍ട്ടി കമ്മിറ്റികള്‍ക്ക്‌ വഴങ്ങിക്കൊണ്ടല്ലാതെ ഭരണം സാധ്യമാവില്ല.ഈ.കെ . നായനാരുടെ മൂന്‍ ഭരണകാലത്തും പാര്‍ട്ടി നേതൃസ്ഥാനത്തിരുന്ന അച്യുതാനന്ദന്‍ ഇതു കണ്ടതാണ്‌.എതിര്‍ഗ്രൂപ്പിന്റെ സമ്പൂര്‍ണനിയന്ത്രണത്തിലുള്ള ഒരു പാര്‍ട്ടിയിലിരുന്നു കൊണ്ട്‌, തെറ്റുകളും ശരികളും ഒരുപോലെപാതിപ്പാതി ഉണ്ടാകാനിടയുള്ള ഒരു ഒത്തുതീര്‍പ്പ്‌ ഭരണം മുന്നോട്ടു കൊണ്ടു പോകാനേ കഴിയൂ.പാര്‍ട്ടി പിളര്‍ത്താതെ ,എന്നാല്‍ പാര്‍ട്ടീ അധികാരികളെ ധിക്കരിച്ച്‌ പുതിയ വഴിവെട്ടിത്തെളിക്കുക സി.പി.എമ്മില്‍ എളുപ്പമല്ല. വിപ്ലവകരമായ പുതിയ ഒരു പാതയിലൂടെ സഞ്ചരിക്കാന്‍ പുതിയ അച്യുതാനന്ദന്‍ സന്നദ്ധനായാല്‍ തന്നെ പ്രായം അദ്ദേഹത്തിനൊപ്പമല്ല. നീണ്ട പോരാട്ടത്തിന്‌ തയ്യാറെടുക്കാന്‍ അദ്ദേഹത്തിന്‌ സാദ്ധ്യമാവില്ല.പോരാട്ടം മുന്നോട്ടു്‌ നയിക്കാന്‍ അനുയായികളുടെ രണ്ടാം നിര അദ്ദേഹത്തിനു പാര്‍ട്ടിയില്‍ ഇല്ല . തീര്‍ച്ചയായും ഇതു തന്നെയാണ്‌ അദ്ദേഹത്തെ തല്‍ക്കാലം സഹിക്കാന്‍ പിണറായിപക്ഷത്തെയും പോളിറ്റ്‌ ബ്യൂറോവിനേയും പ്രേരിപ്പിക്കുന്ന ഒരു ഘടകം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി