മാറുന്ന വര്‍ഗീയത; മാറാത്ത ഇ.എം.എസ്‌.


പഞ്ചായത്ത്‌ രാജ്‌ തിരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍തൊട്ട്‌ ഹര്‍കിഷന്‍സിങ്ങ്‌ സുര്‍ജിത്‌ വരെയുള്ള സകലമാന മഹാരഥന്മാരുടേയും കെട്ടിവച്ച കാശ്‌ പോയി. സഖാവ്‌ നമ്പൂതിരിപ്പാടാണ്‌ വന്‍ഭൂരിപക്ഷത്തോടെ വിജയശ്രീലാളിതനായത്‌.

അച്യുതാനന്ദനും കൂട്ടാളികളും ഇ.എം.എസ്സിനെ തോല്‍പിക്കാന്‍ വേലയിറക്ക്‌ തുടങ്ങിയിട്ട്‌ കാലം കുറച്ചായി. അത്‌ തങ്ങള്‍ക്ക്‌ 'കൂട്ട്യാല്‍ കൂടൂല്ല' എന്ന്‌ അവര്‍ അന്നേ മനസ്സിലാക്കേണ്ടതായിരുന്നു. അതിനുള്ള ബുദ്ധിയില്ലെങ്കില്‍ മിണ്ടാതിരുന്നുകൂടെ? സുര്‍ജിത്തിന്റെ പിന്‍ബലത്തില്‍ ഇ.എം.എസ്സിനെ 'ഇരുത്തി'ക്കളയാമെന്ന്‌ ധരിച്ചവരുടെ മണ്ടത്തരത്തെക്കുറിച്ച്‌ എന്തു പറയാന്‍?

'ആദര്‍ശം ഇരുമ്പുലക്കയല്ല' എന്ന മഹത്തായ ആശയം ഇന്ന്‌ എല്ലാവരും ജീവിതത്തില്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും അതിന്റെ ഒറിജിനല്‍ 'കോപ്പിറൈറ്റ്‌' ആരുടേതാണ്‌ എന്ന്‌ ഓര്‍ക്കാറേയില്ല. 'ഇരുമ്പുലക്ക' സിദ്ധാന്തത്തിന്റെ കോപ്പിറൈറ്റ്‌ ഇ.എം.എസ്സിന്റേതാണ്‌. അതിന്റെ അര്‍ഥം നേരാംവണ്ണം മനസ്സിലാക്കിയിരുന്നുവെങ്കില്‍ അച്യുതാനന്ദന്‌ ഈ അബദ്ധം പറ്റുമായിരുന്നില്ല.

വര്‍ഗീയശക്തികളുമായി ബന്ധം പാടില്ലെന്ന്‌ പാര്‍ട്ടി പണ്ടേ തീരുമാനിച്ചിട്ടുണ്ട്‌. അതില്‍നിന്ന്‌ പാര്‍ട്ടി അണുവിട വ്യതിചലിക്കില്ല. പാര്‍ട്ടി ഉണ്ടായ കാലംമുതല്‍ അതുതന്നെയായിരുന്നു നയം. മാറ്റം ഒരു കാര്യത്തിലേ ഉള്ളൂ-ഏതാണ്‌ വര്‍ഗീയശക്തി എന്ന കാര്യത്തില്‍ മാത്രം. ബന്ധം പാടില്ല എന്ന നയം പാര്‍ട്ടി തീരുമാനിക്കും. അത്‌ പാര്‍ട്ടിയുടെ പണി. വര്‍ഗീയശക്തി ഏത്‌ എന്ന്‌ ഇ.എം.എസ്സും തീരുമാനിക്കും. ഇന്നത്തെ വര്‍ഗീയശക്തി എന്നത്തേയും വര്‍ഗീയശക്തിയല്ല. അച്യുതാനന്ദന്‌ ഇന്നും എം.വി.രാഘവന്‌ അന്നും മനസ്സിലാകാത്ത കാര്യം ഇതാണ്‌.

1967 മുതല്‍ മുസ്ലിംലീഗ്‌ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന, പുരോഗമന സ്വഭാവമുള്ള, മതേതരത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയായിരുന്നു. അതുകൊണ്ടാണ്‌ സപ്തകക്ഷി മുന്നണിയില്‍ അവരെ നമ്മള്‍ കൂട്ടിയത്‌. പക്ഷേ, പാര്‍ട്ടിയുടെ ആ സ്വഭാവം എല്ലായ്പോഴും ഉണ്ടാകണമെന്നില്ല. അതാണ്‌ കുഴപ്പം. 1969 കഴിഞ്ഞപ്പോഴേക്കും ലീഗിന്റെ സ്വഭാവം മാറി. വര്‍ഗീയത, ഫ്യൂഡലിസം, പിന്തിരിപ്പത്തം തുടങ്ങിയ ഭൂതങ്ങള്‍ അതിനെ ആവേശിച്ചു. ഉടനെ നമ്മള്‍ അതിനെ ഒഴിവാക്കി. പിന്നീട്‌ അവരില്‍ ഒരുകൂട്ടര്‍ അഖിലേന്ത്യാ ലീഗ്‌ ആവുകയും ഒന്നാന്തരം പുരോഗമന സ്വഭാവം കാണിക്കുകയും ചെയ്തു. അപ്പോള്‍ നമുക്ക്‌ കണ്ണുംപൂട്ടിയിരിക്കാനാവുമോ? ഇരിക്കപ്പൊറുതിയില്ലാതെ വന്നപ്പോഴാണ്‌ അഖി. ലീഗിനോടൊപ്പം കിടക്കപ്പൊറുതി തുടങ്ങിയത്‌. അതും അധികം നീണ്ടില്ല. അവന്മാരുടെയും സ്വഭാവം വഷളായിത്തുടങ്ങിയപ്പോള്‍ നമ്മള്‍ ഒഴിവാക്കി.

ഭൂരിപക്ഷ വര്‍ഗീയത്തിന്റെയും സ്ഥിതി ഇതുതന്നെ. '77-ല്‍ നമ്മള്‍ ഒ. രാജഗോപാല്‍ജി, കെ.ജി.മാരാര്‍ജി തുടങ്ങിയ തങ്കപ്പെട്ട ജനാധിപത്യ നേതാക്കന്മാര്‍ക്കുവേണ്ടി വോട്ടുപിടിച്ചില്ലേ? '79 ആയപ്പോഴേക്ക്‌ കളി മാറി. ജനതാപാര്‍ട്ടിയെത്തന്നെ മുന്നണിയില്‍നിന്ന്‌ 'ഗറ്റൗട്ട്‌' ആക്കി. '89-ല്‍ ഞങ്ങള്‍ കേന്ദ്രത്തില്‍ വി.പി.സിംഹിനെ രക്ഷിക്കാന്‍ ചെറിയ തോതില്‍ അദ്വാനിയോടൊപ്പം ചായ കുടിച്ചിരുന്നു. അതുപോട്ടെ, ചെറിയ ചായകുടി മാത്രമായിരുന്നു അത്‌. അധികം കുടിക്കേണ്ടിവന്നില്ല.

കൂട്ടുകൂടുന്നതിന്റേയും കൂടാതിരിക്കുന്നതിന്റേയും ചട്ടവട്ടങ്ങളൊന്നും മനസ്സിലാക്കാന്‍ കഴിയാത്തതിന്റെ ഫലമാണ്‌ ഇന്ന്‌ രാഘവന്‍ അനുഭവിക്കുന്നത്‌. അഖിലേന്ത്യാ ലീഗിനെ പുറത്താക്കി ശരീഅത്തിനേയും ഷബാനു കേസിനേയും പറ്റി അലമുറയിട്ട്‌ നടക്കുന്നതിനിടയില്‍ രാഘവനൊരു പൂതി. ലീഗിനെ ഇടതുമുന്നണിയില്‍ ചേര്‍ക്കണമെന്ന്‌. ബദല്‍രേഖ എഴുതി ഉണ്ടാക്കിച്ച നായനാരേയും മറ്റും പറഞ്ഞ്‌ വശത്താക്കി ഒരു കളി കളിക്കാന്‍ നോക്കി. നമ്പൂതിരിപ്പാടിനോടല്ലേ കളി! ഫലം അനുഭവിച്ചല്ലോ. കേരളത്തില്‍ ജനങ്ങള്‍ക്കിടയില്‍ ലീഗ്‌ വിരോധം മൂത്തു നില്‍ക്കുമ്പോഴാണോ ലീഗുമായി കൂട്ടുകൂടുക? '87-ല്‍ ലീഗ്‌ ഒറ്റക്കെട്ടായി മറുപക്ഷത്തു നിന്നിട്ടും ഭൂരിപക്ഷം കിട്ടിയത്‌ ഇടതുമുന്നണിക്കല്ലേ? ബി.ജെ.പി.ക്കാര്‍ക്കുപോലും ബഹുസന്തോഷമായിരുന്നല്ലോ അന്നത്തെ ഇടതു ജയം.

വോട്ടാണ്‌ കൂട്ടരേ കാര്യം. ആദര്‍ശം വോട്ടായി മാറ്റണം. ആദര്‍ശവും വോട്ടും തമ്മില്‍ പിണങ്ങുമ്പോള്‍ വോട്ടിന്റെ പക്ഷത്ത്‌ നില്‍ക്കണം. ഇ.എം.എസ്സിന്‌ ഇത്‌ അറിയുംപോലെ സുര്‍ജിത്തിന്‌ അറിയില്ല. 'മദനി-സേഠ്‌-മഹാത്മാഗാന്ധി മതമൗലികവാദി' തിയറി 'തിങ്കളാഴ്ചച്ചിന്ത'യില്‍ അവതരിപ്പിച്ചപ്പോള്‍ അതിന്റെ ഉള്ളുകള്ളി അറിയാതെ കടിച്ചുകീറിയില്ലേ ബൂര്‍ഷ്വാ പത്രങ്ങളോടൊപ്പം സുര്‍ജിത്തും? പഞ്ചായത്ത്‌ വോട്ടിന്റെ ഫലം വന്നപ്പോള്‍ സുര്‍ജിത്തിനുമില്ല മിണ്ടാട്ടം.

ഏപ്രിലില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്‌ മത-ജാതി-വര്‍ഗീയ കക്ഷികളുമായി കൂട്ടുകെട്ട്‌ ഉണ്ടാക്കരുതെന്ന്‌ പറഞ്ഞതു ശരിതന്നെ. നമ്മള്‍ അത്‌ ചെയ്തിട്ടേയില്ല. നമ്മള്‍ സേഠുകൂട്ടരുമായി ചില്ലറ നീക്കുപോക്ക്‌ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. സേഠുവിന്റെ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയാണെന്ന നയം പറയുന്നത്‌ കഷ്ടമാണ്‌. വര്‍ഗീയ പാര്‍ട്ടിയല്ലെന്നതിന്‌ പ്രധാന തെളിവ്‌ സേഠു ഇടതുമുന്നണിയോടൊപ്പം ചേരാന്‍ തയ്യാറാണ്‌ എന്നതു തന്നെയാണ്‌. ഏതെങ്കിലും വര്‍ഗീയവാദി മാര്‍ക്സിസ്റ്റ്‌പാര്‍ട്ടിയെ പിന്താങ്ങുമോ? പോരാത്തതിന്‌ മതേതര പാര്‍ട്ടിയാണെന്ന്‌ തെളിയിക്കുന്നതിന്‌ താസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ്‌ സേഠു കൊണ്ടുവന്നിട്ടുണ്ട്‌. ആര്‍ക്കെങ്കിലും സംശയം ബാക്കിയുണ്ടെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ അതും തീരും. സേഠു പാര്‍ട്ടി ഒന്നാം ക്ലാസ്‌ മതേതരപാര്‍ട്ടിയാകും.

വര്‍ഗീയത്തിന്റെ കേസ്‌ അവിടെ നില്‍ക്കട്ടെ. സംവരണത്തിന്റെ കേസ്‌ എന്തായി? മേല്‍ത്തട്ടിനെ ഒഴിവാക്കണമെന്ന്‌ പറഞ്ഞതിന്റെ പേരില്‍ കേരളത്തിലെ ഈഴവരാദി പിന്നാക്കക്കാരെല്ലാം പാര്‍ട്ടിയെ കാലുവാരി താഴെയിടുമെന്ന്‌ വയലാര്‍ രവിയും കുഞ്ഞാലിക്കുട്ടിയും സ്വപ്നം കണ്ടിരുന്നുവല്ലോ. എസ്‌.എന്‍.ഡി.പി. മുതല്‍ ഗൗരിയമ്മവരെ ഒത്തുവലിച്ചിട്ടും നമ്പൂതിരിപ്പാടിന്റെ കാല്‌ നിലത്തു തന്നെ നില്‍ക്കുന്നുണ്ട്‌. സംവരണം തിരഞ്ഞെടുപ്പില്‍ ഒരു പ്രശ്നമേയല്ല എന്ന്‌ നമ്പൂതിരിപ്പാട്‌ പറഞ്ഞതിന്റെ അര്‍ഥം സംവരണം പ്രശ്നമാണ്‌ എന്നായിരുന്നു. കീഴ്ത്തട്ടിന്റെ വോട്ട്‌ കീശയില്‍ നില്‍ക്കുകയും ചെയ്തു. മണ്ഡല്‍വിരുദ്ധ വോട്ട്‌ കീശയിലേക്ക്‌ വരികയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡല്‍വിരുദ്ധന്മാരല്ലേ ഒച്ചയുമനക്കവുമില്ലാതെ നമ്മുടെ കാലുവാരിയത്‌.

*** *** ***

കൊട്ടാരക്കര പഞ്ചായത്തുകാര്‍ ബാലകൃഷ്ണപിള്ളയോട്‌ ചെയ്തത്‌ കൊടുംക്രൂരതയായിപ്പോയി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ട്രഷറി ബഞ്ചില്‍ ഇരിക്കേണ്ട ഒരു മഹാനെ പഞ്ചായത്ത്‌ ആപ്പീസിലെ പ്രതിപക്ഷ ചാരുബഞ്ചില്‍ ഇരുത്തുന്നതിനേക്കാള്‍ കടുംകൈ വേറെയില്ല. ഇതിലും ഭേദം അദ്ദേഹത്തെ പത്താം വാര്‍ഡുകാര്‍ തോല്‍പിക്കുകയായിരുന്നു.

പ്രധാനമന്ത്രിസ്ഥാനത്തേക്കായാലും പഞ്ചായത്ത്‌ മെമ്പൃ സ്ഥാനത്തേക്കായാലും തന്നേക്കാള്‍ യോഗ്യന്‍ മറ്റാരുമില്ല എന്ന്‌ പിള്ളച്ചേട്ടന്‌ ഉറപ്പാണ്‌. മാത്രവുമല്ല, ഈ കാലത്ത്‌ ആരേയും വിശ്വസിക്കാന്‍ കൊള്ളില്ലതാനും. സ്ഥാനം കിട്ടുമ്പോള്‍ തിരിഞ്ഞുകുത്തും. ആന്ധ്രയിലെ കഥ കേട്ടില്ലേ? തന്തയെവരെ കാലുവാരും. അതുകൊണ്ടൊക്കെത്തന്നെയാണ്‌ മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ പുതുശ്ശേരിയെ ആ കസേരയില്‍ കയറ്റിയിരുത്താത്തത്‌. അല്ലെങ്കില്‍ മന്ത്രിസ്ഥാനത്തിരുന്ന ആള്‍ താഴേക്കിറങ്ങിവന്ന്‌ പഞ്ചായത്ത്‌ മെമ്പൃ ആകാന്‍ മത്സരിക്കുമോ? താന്‍ സേവിക്കുന്നതുപോലെ നന്നായി ജനങ്ങളെ സേവിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. അതുകൊണ്ടാണ്‌ പഞ്ചായത്തിലേക്ക്‌ കഷ്ടപ്പെട്ട്‌ മത്സരിച്ച്‌ കഷ്ടിച്ച്‌ ജയിക്കുകയെന്ന പൊല്ലാപ്പിനു നിന്നത്‌. ഇല്ല, ഗണേശനെപ്പോലും നിര്‍ത്താന്‍ പറ്റില്ല. പഞ്ചായത്തിലേക്കും നിയമസഭയിലേക്കും, പറ്റിയാല്‍ പാര്‍ലമെന്റിലേക്കും താന്‍ തന്നെ മത്സരിക്കും. ആ കട്ടില്‌ കണ്ട്‌ ആരും പനിക്കണ്ട.

*** *** ***

ഇന്ത്യാമഹാരാജ്യം ഭരിക്കാന്‍ യോഗ്യതയുള്ള ഒരു പാര്‍ട്ടിയാണോ ബി.ജെ.പി. എന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും നേരിയ സംശയമുണ്ടായിരുന്നു. ഇനിയിപ്പോള്‍ ആ കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഗുജറാത്തിലെ സംഭവങ്ങള്‍ ബി.ജെ.പി.യുടെ യോഗ്യത തെളിയിച്ചു.

അടിപിടി, ഗ്രൂപ്പിസം, എം.എല്‍.എ.മാരെ ലോറിയില്‍ കയറ്റിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തില്‍ ഒളിപ്പിക്കുക, മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ തകര്‍ക്കുമെന്ന്‌ ഭീഷണിപ്പെടുത്തുക, ഗവര്‍ണറുടെ അടുത്തു ചെന്ന്‌ ഭൂരിപക്ഷപിന്തുണ അവകാശപ്പെടുക, ഹൈക്കമാണ്ട്‌ ഇടപെടുക തുടങ്ങിയ കലാപരിപാടികളൊന്നും ഇല്ലാത്ത ഒരു അറുബോറന്‍ പാര്‍ട്ടിയെ എങ്ങനെയാണ്‌ മഹത്തായ ഇന്ത്യാരാജ്യത്തിന്റെ ഭരണച്ചുമതല ഏല്‍പിക്കുക? ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്ക്‌ ഇന്ത്യയുടെ സ്വഭാവം ഉണ്ടായിരിക്കണം. സംഗീതനാടക അക്കാദമിയായാലും ശരി ആണവ കേന്ദ്രമായാലും ശരി, തൊഴുത്തില്‍കുത്ത്‌, കാലുവാരല്‍ തുടങ്ങിയ അഭ്യാസങ്ങള്‍ ഉണ്ടാവുക എന്നതാണ്‌ ഇന്ത്യന്‍ സ്വഭാവം. അത്‌ നമ്മുടെ മഹത്തായ ആര്‍ഷഭാരത സംസ്കാരത്തിന്റെ ഭാഗമാണ്‌. മാത്രവുമല്ല, വരിവരിയായി നിന്ന്‌ കല്‍പനകള്‍ക്കനുസരിച്ച്‌ ലെഫ്റ്റ്‌ റൈറ്റ്‌ ചവിട്ടുന്ന അച്ചടക്കമുള്ള പാര്‍ട്ടിയെ നാം ഭയപ്പെടണം. 'മത്സ്യമാംസാദികള്‍ വെടിഞ്ഞീടിന പുരുഷനെ ക്രൂദ്ധനാം സര്‍പ്പത്തേക്കാളേറെ ഭയക്കണം' എന്ന്‌ ആരോ പറഞ്ഞിട്ടില്ലേ? അടിപിടിയും ഗ്രൂപ്പിസവുമില്ലാത്ത പാര്‍ട്ടിയേയും നാം ഭയപ്പെടണം.

ചെങ്കോട്ടയില്‍ 'മഞ്ഞച്ചെങ്കൊടി' പറപ്പിക്കുന്നതിനു മുമ്പ്‌ കുറച്ചുകൂടി ഇന്ത്യന്‍സ്വഭാവം പാര്‍ട്ടിക്ക്‌ ഉള്‍ക്കൊള്ളാവുന്നതാണ്‌. അതിനു പറ്റിയ ആളുകള്‍ ഇപ്പോള്‍ പാര്‍ട്ടിയിലില്ലെങ്കില്‍ കോണ്‍ഗ്രസ്‌, ജനതാദള്‍ തുടങ്ങിയ പാര്‍ട്ടിയില്‍നിന്ന്‌ സ്വീകരിക്കാവുന്നതേയുള്ളൂ. ആരേയും കിട്ടിയില്ലെങ്കിലും ജോര്‍ജ്‌ ഫെര്‍ണാണ്ടസിനെ കിട്ടുമോ എന്ന്‌ നോക്കിന്‍. അദ്ദേഹം എന്നും ഇക്കാര്യത്തിലൊരു 'മുതല്‍ക്കൂട്ടാ'യിരിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി