മൂന്നാറും മുഖ്യമന്ത്രിയും പിന്നെ മൂന്നാളും


മൂന്നാറില്‍ സര്‍ക്കാര്‍ഭൂമി കയ്യേറി പഞ്ചനക്ഷത്രക്കുടിലുകള്‍ പണിതിരിക്കുന്നു എന്ന്‌ കേട്ടപ്പോള്‍ ആളുകള്‍ ധരിച്ചത്‌ കെ.എം.മാണിയുടെ അനുയായികളായ അദ്ധ്വാനവര്‍ഗപാവങ്ങളാവും സംഗതി ഒപ്പിച്ചിട്ടുണ്ടാവുക എന്നാണ്‌. ഇടതുമുന്നണി ഭരണം വന്നതിന്‌ ശേഷമായിരുന്നു കൈയ്യേറ്റത്തിന്റെ കൊയ്‌ത്തുകാലം എന്ന്‌ പിന്നീടാണ്‌ അറിഞ്ഞത്‌. കെ.എം. മാണിയുടെയും കേരളകോണ്‍ഗ്രസ്സിന്റെയും കാര്യക്ഷമതയെ കുറിച്ച്‌ നേരത്തെ ഉണ്ടായിരുന്ന മതിപ്പ്‌ ഇതു കേട്ടതോടെ ഇല്ലാതായി. മാണിയും കൂട്ടരും അഞ്ചുവര്‍ഷം ഭരിച്ചതിന്‌ ശേഷവും മൂന്നാര്‍ പോലുള്ള പ്രധാനകേന്ദ്രങ്ങളില്‍ മറ്റുള്ളവര്‍ക്ക്‌ കയ്യേറാന്‍ ഭുമി ബാക്കിയുണ്ടായതെങ്ങനെ ?

എന്തായാലും മൂന്നാറിനെ കുറിച്ച്‌ വിവാദം കുത്തിയിളക്കാന്‍ പറ്റിയ കാലം മീനംമേടമാണ്‌ എന്ന കാര്യത്തില്‍ സംശയമില്ല. അങ്ങോട്ടേക്കുള്ള വിനോദയാത്രാസംഘങ്ങളുടെ നിലയ്‌ക്കാത്ത പ്രവാഹം അത്‌ വ്യക്തമാക്കി. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട്‌ കാര്യം എന്ന്‌ പറഞ്ഞതുപോലെയായി മൂന്നാറില്‍ പോയാലും. കയ്യേറ്റവും കാണാം, തണുപ്പില്‍ സുഖവാസവും നടത്താം. യു.ഡി.എഫുകാര്‍ക്ക്‌ മൂന്നാറില്‍ പോയാല്‍ മൂന്നുണ്ട്‌ കാര്യം. ഇടതുമുന്നണിക്കാര്‍ കയ്യേറിയത്‌ കാണുന്ന തഞ്ചത്തില്‍ തന്റെ കയ്യേറ്റഭൂമിയിലെ കച്ചവടവും ഒന്നുനോക്കാം, ഇടതുമുന്നണിക്കാര്‍ക്കെതിരെ പത്രസമ്മേളനം നടത്താം, രണ്ടുനാള്‍ റിസോര്‍ട്ടില്‍ തങ്ങുകയും ചെയ്യാം. പക്ഷേ എന്തോ, ചിലര്‍ക്ക്‌ അവിടെ ചെന്നപ്പോള്‍ തണുപ്പു ഒട്ടും കിട്ടിയില്ല .മാത്രമല്ല കടുത്ത എരിപൊരിസഞ്ചാരം ഉണ്ടാവുകയും ചെയ്‌തു.

ഇടതുപക്ഷത്തുമുണ്ടായി എരിപൊരിസഞ്ചാരം. വിനോദസഞ്ചാരത്തില്‍ പൊതുവെ താത്‌പര്യമില്ലാത്ത പിണറായി വിജയനും മൂന്നാറില്‍ കറങ്ങി. അത്‌ പാര്‍ട്ടിക്കകത്തെ എരിപൊരി വര്‍ദ്ധിപ്പിച്ചതേ ഉള്ളൂ. മുഖ്യമന്ത്രി സംഭവസ്ഥലത്ത്‌ ആദ്യം എത്തിയിരുന്നുവല്ലോ. സഞ്ചാരത്തിന്റെ സ്‌്‌പീഡില്‍ അദ്ദേഹത്തെ തോല്‍പ്പിക്കുക പ്രയാസമാണ്‌ എന്ന്‌ പിണറായിക്കും അറിയാം. അവിടെച്ചെന്ന്‌ മുഖ്യമന്ത്രി എന്തെല്ലാം കണ്ടു എന്നറിയാന്‍ പിറകെ പോവുകയല്ലാതെ നിവൃത്തിയില്ല. യഥാര്‍ത്ഥത്തില്‍ നടന്നതെന്ത്‌ എന്ന്‌ മനസ്സിലാക്കാന്‍ നേരിട്ട്‌ ചെല്ലേണ്ട കാര്യം മുഖ്യമന്ത്രിക്കേ ഉള്ളൂ. പാര്‍ട്ടിസിക്രട്ടറിക്കില്ല. എരിയാ സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടാല്‍ കൃത്യമായ റിപ്പോര്‍ട്ട്‌ കൈയിലെത്തും. മുഖ്യമന്ത്രിക്ക്‌ കിട്ടുക വില്ലേജ്‌ ഓഫീസറുടെയോ താസില്‍ദാറുടെയോ റിപ്പോര്‍ട്ടായിരിക്കും. കള്ളപ്പട്ടയം കൊടുത്ത ആള്‍തന്നെയായിരിക്കും മുഖ്യമന്ത്രിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുന്നതും എന്നര്‍ത്ഥം. മുഖ്യമന്ത്രി കണ്ടതല്ല പിണറായി കണ്ടത്‌. മുഖ്യമന്ത്രി കേട്ടതല്ല പിണറായി കേട്ടത്‌. ആകപ്പാടെ കണ്‍ഫ്യൂഷന്‍. പിന്നെന്ത്‌ ചെയ്യും ?

ഇടതുപക്ഷക്കാര്‍ ഇടതുമുന്നണി ഭരണകാലത്തും മറ്റവര്‍ അവരുടെ ഭരണകാലത്തും ആണ്‌ ഭൂമി കയ്യടക്കിയിരുന്നതെങ്കില്‍ കയ്യേറ്റത്തിന്‌ ഒരു മര്യാദയും രീതിയുമൊക്കെ ഉണ്ടെന്ന്‌ പറയാമായിരുന്നു. ഇവിടെ അതില്ല. സഖാക്കള്‍ പലരും ഭൂമിയുടെയും റിസോര്‍ട്ടിന്റെയും ഉടമസ്ഥരായത്‌ യു.ഡി.എഫ്‌ ഭരണകാലത്താണ്‌. യു.ഡി.എഫുകാര്‍ പലരും റവന്യു സ്ഥലം പോക്കറ്റിലാക്കിയത്‌ എല്‍.ഡി.എഫ്‌ ഭരണകാലത്തും. സി.പി.ഐക്കാര്‍ക്ക്‌ ഓഫീസ്‌ ഉണ്ടാക്കാന്‍ കഴിഞ്ഞത്‌ കെ.പി. രാജേന്ദ്രന്‍ മന്ത്രിയായ ശേഷമാണ്‌ എന്നാരും ധരിച്ചേക്കരുത്‌; യു.ഡി. എഫ്‌ ഭരിക്കുമ്പോഴായിരുന്നു സംഭവം. ജനാധിപത്യം ശക്തിപ്പെടുത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ ഇരുമുന്നണികള്‍ക്കും ചോദിക്കുമ്പോഴെല്ലാം കയ്യയച്ച്‌ പണം നല്‍കിവരുന്ന കുറെസമ്പന്നര്‍ മുന്നണിഭരണം ഏതെന്ന വ്യത്യാസമില്ലാതെ കൈയിലാക്കിയ ഭൂമിയുടെ അളവ്‌ തിട്ടപ്പെടുത്താനിരിക്കുന്നതേയുള്ളൂ. സര്‍വകക്ഷികൂട്ടായ്‌മയാണ്‌ പുലരുന്നത്‌.

പ്രതിപക്ഷ-ഭരണപക്ഷവ്യത്യാസം സാങ്കല്‍പ്പികമാണ്‌. യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു വ്യത്യാസമില്ല. ഇന്നത്തെ പ്രതിപക്ഷം ഇന്നലത്തെയും നാളത്തെയും ഭരണകക്ഷിയാണ്‌ , മറിച്ചുമാണ്‌. ഒരേ താല്‍പ്പര്യങ്ങള്‍, ഒരേ ഉദ്ദേശ്യങ്ങള്‍... വ്യക്തികള്‍ പോലും ചിലപ്പോള്‍ മാറുകയില്ല. കീഴ്‌വഴക്കങ്ങളും നടപടിക്രമങ്ങളിലെ തടസ്സങ്ങളും നിയമപരമായ പ്രതിബന്ധങ്ങളും ഒന്നൊന്നായി ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ക്ക്‌ നിരന്തരം തടസ്സമുണ്ടാക്കുന്ന ഉദ്യോഗസ്ഥവൃന്ദമാണ്‌്‌ യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷമെന്ന്‌ ബ്രിട്ടീഷ്‌ വ്യവസ്ഥയുടെ ഉള്ളുകള്ളികള്‍ മുഴുവന്‍ അറിയുന്ന ഒരു ഗ്രന്ഥകാരന്‍ എഴുതുകയുണ്ടായി. പാര്‍ലമെന്റിലെ പ്രതിപക്ഷം ഭരണത്തിന്റെ മറ്റൊരു ഭാഗം തന്നെ. എന്നാല്‍ നമ്മുടെനമ്മുടെ നാട്ടില്‍ അതല്ല സ്ഥിതി. മന്ത്രിമാര്‍ക്ക്‌ ഉദ്യോഗസ്ഥരെക്കൊണ്ട്‌ ഒരു ശല്യവുമില്ല. എന്ത്‌ നിര്‍ദ്ദേശം മുന്നോട്ട്‌ വെച്ചാലും ' യെസ്‌ മിനിസ്റ്റര്‍ ' എന്നു പറഞ്ഞുകൊണ്ടു തടസ്സവാദങ്ങള്‍ തുടര്‍ന്നു പറയുന്നവരാണ്‌ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥര്‍. ഇവിടെ യെസ്‌ മിനിസ്റ്റര്‍ എന്ന്‌ മാത്രം പറയാന്‍ അറിയുന്നവരെയേ വെക്കാറുള്ളൂ.

ഈ പ്രതിപക്ഷ-ഭരണമര്യാദയും കീഴ്‌വഴക്കങ്ങളുമൊന്നും മുഖ്യമന്ത്രിക്ക്‌ നിശ്ചയമില്ല എന്നണ്‌ തോന്നുന്നത്‌ . മൂന്നാറില്‍ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി ചെന്ന്‌ എന്തെല്ലാമോ പറഞ്ഞത്‌ കേട്ട ഉടനെ മുഖ്യമന്ത്രിയും പാഞ്ഞു അങ്ങോട്ട്‌്‌. പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചതിന്റെ ഹാങ്‌ഓവര്‍ ആണതെന്ന്‌ കരുതി വേണമെങ്കില്‍ അത്രത്തോളം ക്ഷമിക്കാം. തിരിച്ചുവന്ന്‌ തലസ്ഥാനത്ത്‌ പത്രസമ്മേളനം നടത്തി ചരിത്രപ്രസിദ്ധമായ ആ മഹത്‌വചനം ഉദ്ധരിച്ചാല്‍ പോരായിരുന്നോ അദ്ദേഹത്തിന്‌ ? പത്രക്കാര്‍ എന്ത്‌ ചോദിച്ചാലും മുഖ്യമന്ത്രിഒരുത്തരം മാത്രം പറഞ്ഞാല്‍ മതി. മുന്‍മുഖ്യമന്ത്രിമാര്‍ ഒരു പത്രസമ്മേളനത്തില്‍ ഒരുവട്ടമേ അത്‌ പറയാറുള്ളൂ, വി. എസ്സിന്‌ വേണമെങ്കില്‍ ഇഫക്‌റ്റിന്‌ വേണ്ടി മൂന്നുവട്ടം പറയാം. അത്‌ ഇതാണ്‌ " നിയമം നിയമത്തിന്റെ വഴിക്ക്‌ പോകും "...പിന്നെ യാതൊന്നും സംഭവിക്കുകയില്ല.

അതിന്‌ പകരം മൂന്നാള്‍ ഭീകരസംഘത്തെ മൂന്നാര്‍ ഇടിച്ചുതകര്‍ക്കാന്‍ നിയോഗിക്കുകയാണ്‌ മുഖ്യമന്ത്രി ചെയ്‌തിരിക്കുന്നത്‌. ഋഷികേശനും നാരായണസ്വാമിയും, മുഖ്യമന്ത്രിയാകും മുമ്പ്‌ തന്നെ വിഎസ്‌ ഉപദേശകനായിരുന്ന സുരേഷും മേല്‍കീഴ്‌നോട്ടമില്ലാത്ത ബ്യൂറോക്രാറ്റിക്‌ ദുര്‍ഭൂതങ്ങളാണ്‌. വ്യാജ സി ഡി പിടിച്ച്‌ പൊടിയാക്കിയതുപോലെ മൂന്നാറില്‍ വ്യാജനിര്‍മിതികള്‍ ബുള്‍ഡോസറുകള്‍ കൊണ്ട്‌ ഇടിച്ച്‌ തകര്‍ക്കുന്നത്‌ ദിവസേന ടെലിവിഷനില്‍ കാട്ടി ജനത്തെ കോരിത്തരിപ്പിക്കാനാണ്‌ പരിപാടി. പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്ന കാലമാണിത്‌. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകാലത്ത്‌്‌ ജനത്തിന്റെ കയ്യടി നേടിയതുപോലെ പാര്‍ട്ടിതിരഞ്ഞെടുപ്പിലും ജയംനേടാമോ എന്നാണ്‌ നോട്ടം. ജനം കോരിത്തരിച്ചതുപോലെ നിര്‍വികാരജീവികളായ പാര്‍ട്ടിഅംഗങ്ങള്‍ കോരിത്തരിക്കുമോ എന്നറിയില്ല. ഇക്കാലത്തൊന്നും ഉറപ്പിക്കാന്‍ കഴിയില്ല. ചക്ക വീണ്‌ മുയല്‍ ഒരിക്കലേ ചാകാവൂ എന്ന്‌ എവിടെയാണ്‌ വ്യവസ്ഥ ചെയ്‌തിരിക്കുന്നത ്‌?
********************
ബീഡി കിട്ടാത്തതുകൊണ്ടുള്ള പ്രയാസങ്ങള്‍ ജയില്‍ അന്തേവാസികള്‍ ആഭ്യന്തരമന്ത്രിയോട്‌ പറയുകയുണ്ടായി. നിത്യവും ഉപയോഗിക്കുന്ന വേറെ പലതും ജയിലില്‍ കിട്ടാത്തതിന്റെ ബുദ്ധിമുട്ട്‌ അവര്‍ പറഞ്ഞോ എന്നറിയില്ല. എന്തായാലും ബീഡി കിട്ടാത്തത്‌ കൊണ്ട്‌ ജയിലില്‍ ആളുകള്‍ കഷ്ടപ്പെടുന്നത്‌ മന്ത്രിയുടെ കരളലിയിച്ചതായി സൂചനയുണ്ട്‌. ബീഡിനിയമം ഭേദഗതി ചെയ്യുന്ന കാര്യം മന്ത്രി പരിഗണിച്ചുവരികയാണ്‌.

തകര്‍ന്നുകൊണ്ടിരിക്കുന്ന ബീഡി വ്യവസായത്തെ രക്ഷിക്കുന്നതിനുള്ള ഒരു ചെറിയ ഗ്യാപ്പ്‌ മന്ത്രി ഇതില്‍ കണ്ടുവോ എന്ന സംശയിക്കണം. ബീഡിയുപയോഗം വര്‍ദ്ധിപ്പിക്കേണ്ടത്‌ കോടിയേരി- ഇളമരക്കാരുടെ ആവശ്യമാണല്ലോ, അവര്‍ വലിക്കില്ലെങ്കിലും. ശിക്ഷിക്കപ്പെട്ടവര്‍ ജയിലില്‍ വെറുതെയിരിക്കുകയാണ്‌ ചെയ്യുക. സമയം കൊല്ലാന്‍ ബീഡിവലിയേക്കാള്‍ നല്ലപണി വേറെയില്ല. ബീഡിവലിക്കൂ സമയം കൊല്ലൂ എന്നൊരു മുദ്രാവാക്യം ജയിലില്‍ പ്രചരിപ്പിക്കാം. എല്ലാ വാര്‍ഡിലും ഓരോ പ്രചാരണബോര്‍ഡ്‌ തൂക്കാം. ബീഡിക്കമ്പനികള്‍ സസന്തോഷം സ്‌പോണ്‍സര്‍ ചെയ്യും.

ബീഡിവലി പ്രോത്സാഹിപ്പിക്കാന്‍ വേറെയും വഴികളുണ്ട്‌. ഓരോരുത്തരും വലിക്കുന്ന ബീഡിയുടെ എണ്ണത്തിനനുസരിച്ച്‌ ശിക്ഷയില്‍ ഇളവുനല്‍കാം. ദിവസം നൂറുബീഡിവലിക്കുന്നവര്‍ക്ക്‌ ഇത്ര ഇളവ്‌, നൂറ്റമ്പത്‌ വലിക്കുന്നവര്‍ക്ക്‌ ഇത്ര എന്നിങ്ങനെ. ശിക്ഷാരീതിയില്‍ മാറ്റം വരുത്താം. ഒരു വര്‍ഷം തടവ്‌, ആയിരം രൂപ പിഴ, ദിവസം ഒരു കെട്ട്‌ ബീഡി വലി എന്നിങ്ങനെ ശിക്ഷ നല്‍കാം. ഒരു വെടിക്ക്‌ രണ്ടുപക്ഷിയെന്ന്‌ പറഞ്ഞ പോലെ ശിക്ഷ കഠിനവുമാക്കാം, തൊഴിലില്ലായ്‌മ പരിഹരിക്കുകയും ചെയ്യാം. ദിനേശ്‌ ബീഡി വലിക്കേണ്ടിവരും എന്ന പേടി ആളുകളെ കുറ്റകൃത്യങ്ങളില്‍ നിന്ന്‌ മാറിനില്‍ക്കാം പ്രേരിപ്പിച്ചുകൂടെന്നുമില്ല.
*************************
മുഖപത്രം പുനരാരംഭിക്കുന്നതിന്‌ ഫണ്ട്‌ ശേഖരിക്കാന്‍ പുറപ്പെട്ട സി.പി.ഐക്കാര്‍ ജനങ്ങളുടെ പ്രതികരണം കണ്ട്‌ അമ്പരന്നുപോയി എന്നാണ്‌ പത്രവാര്‍ത്ത. സി.പി.എം ആണ്‌ മുന്‍കാലങ്ങളില്‍ ഇങ്ങനെ അമ്പരക്കാറുള്ളത്‌. ബക്കറ്റില്‍ സംഭാവന നിക്ഷേപിക്കാന്‍ ഞാന്‍ ഞാന്‍ മുന്നില്‍ എന്ന്‌ വാശിപിടിച്ച്‌ ഉന്തിത്തള്ളി വരുമായിരുന്നു ജനം. സി.പി.എംകാര്‍ ഈയിടെയായി പണം പിരിക്കാത്തതു കൊണ്ട്‌ നിരാശരായ ജനം സി.പി.ഐ എങ്കില്‍ സി.പി. ഐ എന്ന്‌ പറഞ്ഞ്‌ സംഭാവനയുമായി പാഞ്ഞടുക്കുകയായിരുന്നു എന്ന്‌ വേണം മനസ്സിലാക്കാന്‍.

കേരളം മുഴുവന്‍ വീടുവീടാന്തരം കയറിയിറങ്ങാനുള്ള മനുഷ്യശേഷി സി.പി.ഐക്കില്ല. അതു കൊണ്ട്‌ വീട്ടില്‍ പിരിവിന്‌ വരാത്തതില്‍ ആര്‍ക്കും പരിഭവം പാടില്ല. പണപ്പിരിവ്‌ ഔട്ട്‌സോസ്‌ ചെയ്യേണ്ടതായി വന്നിട്ടുണ്ട്‌. അത്‌ ഇക്കാലത്ത്‌ അത്ര മോശം കാര്യമൊന്നുമല്ലല്ലോ. പാര്‍ട്ടിയുടെ കൈവശമുള്ള വകുപ്പുകളിലെ നല്ല നല്ല ഉദ്യോഗസ്ഥന്മാരെയാണ്‌ ആ ചുമതല ഏല്‍പ്പിച്ചിരുന്നത്‌. ഹേയ.്‌.... അധികാരദുര്‍വിനിയോഗമോ അഴിമതിയോ യാതൊന്നുമില്ല. ഉദ്യോഗസ്ഥര്‍ സ്വമേധയാ പ്രസ്ഥാനത്തിന്‌ വേണ്ടി സേവനമനുഷ്ടിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. പിരിവ്‌ കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ ക്വാട്ട നിര്‍ണയിക്കേണ്ടതായും വന്നു. അതെല്ലാം സര്‍ക്കാര്‍ സര്‍വീസില്‍ സാധാരണമായതുകൊണ്ട്‌ ആര്‍ക്കും മന:പ്രയാസമുണ്ടായില്ല. ഭരിക്കുന്ന മന്ത്രിയുടെ പാര്‍ട്ടി നോക്കി്‌ യുണിയന്‍ അംഗത്വം മാറ്റുന്നവരാണ്‌ നല്ല പങ്ക്‌്‌ ഗസറ്റഡ്‌ ഉദ്യോഗസ്ഥന്മാര്‍ എന്നതു കൊണ്ട്‌ പിരിവിനൊന്നും ഒരു പ്രയാസവും ഉണ്ടായില്ല. പത്ത്‌ കോടി പാര്‍ട്ടിക്ക്‌ വേണ്ടി പിരിച്ചുതരുന്ന ഉദ്യോഗസ്ഥര്‍ പിന്നെ പത്തുകോടി സ്വന്തം പോക്കറ്റില്‍ പിരിച്ചിടുമായിരിക്കാം. അതിന്‌ പരിഹാരമായി ടിവി ചാനല്‍ തുടങ്ങിയാലെന്ത്‌ എന്ന്‌ പാര്‍ട്ടി ആലോചിക്കുന്നുണ്ട്‌. കേള്‍ക്കേണ്ട താമസമേ ഉള്ളൂ, ജനങ്ങള്‍ സംഭാവനയുമായി ഓടിവരുമെന്ന്‌ നിശ്ചയം.
(മാതൃഭൂമി വിശേഷാല്‍പ്രതി പംക്തിയില്‍ മെയ്‌ 14ന്‌ പ്രസിദ്ധീകരിച്ചത്‌)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി