Thursday, 21 February 2013

കഥയില്ല ഡയലോഗ് മാത്രം


കഥയില്ലാത്തവന്‍ എന്നു പറഞ്ഞാല്‍ ഒരു വിവരവുമില്ലാത്തവന്‍ എന്നും അര്‍ഥമുണ്ട്. ഇന്നസെന്റ് എന്നതുപോലെ. ചെറുകഥയേ എഴുതാറുള്ളൂ എന്ന് വീമ്പ് പറഞ്ഞ ഒരു ആഗോള മലയാള സാഹിത്യകാരനെക്കുറിച്ച് വലിയ കഥയൊന്നും ഇല്ലാത്ത ആളാണ് എന്ന് ഏതോ വിദ്വാന്‍ പരിഹസിച്ചതായി കേട്ടിട്ടുണ്ട്. ഇവിടെ വിഷയം സിനിമാവിവാദമാണ്. സിനിമയാകുമ്പോഴേ കഥയും തിരക്കഥയും ആവശ്യമുള്ളൂ. സിനിമാവിവാദമാകുമ്പോള്‍ കഥയും തിരക്കഥയുമൊന്നും വേണ്ട. കഥയില്ലാത്ത ഡയലോഗ് മാത്രം മതി.

വിവാദം കൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ച് ഒരു കഥയും ഇല്ലാത്തതുകൊണ്ടാണ് ജസ്റ്റിസ് കൃഷ്ണയ്യരെപ്പോലുള്ളവര്‍ വിവാദം നിര്‍ത്തണമെന്നും മറ്റും പ്രസ്താവന ഇറക്കുന്നത്. പത്രസമ്മേളനം ചാനലില്‍ ലൈവ് ആയി വരണമെങ്കില്‍ വിവാദമല്ലാതെ വേറെ വഴിയില്ല. ആചാരവെടിയോടെ ശവമടക്ക് പ്രതീക്ഷിക്കുന്നവര്‍ക്ക് മരണത്തിലെങ്കിലും ലൈവ് പ്രതീക്ഷിക്കാം. അമ്മ പ്രസിഡന്റിനും സുകുമാര്‍ അഴീക്കോടിനും പോലും മീറ്റ് ദ പ്രസ് ലൈവ് ടെലികാസ്റ്റ് കിട്ടാന്‍ ഹൈവോള്‍ട്ടേജ് കിടിലന്‍ വിവാദമുണ്ടാക്കുകയല്ലാതെ വേറെ വഴിയില്ല.


ഓരോരുത്തര്‍ക്കും കഥയെത്രയുണ്ട് എന്ന് തിരിച്ചറിയാനും വിവാദങ്ങള്‍ ഉപകരിക്കും. ആരെങ്കിലും എഴുതിക്കൊടുക്കുന്ന ഡയലോഗ് പറയുന്നതുപോലെയല്ല വിവാദത്തില്‍ ഇടപെടുന്നത്. മീറ്റ് ദ പ്രസ്സില്‍ എഴുതിത്തയ്യാറാക്കിയ പ്രസ്താവന വായിച്ചുകഴിഞ്ഞാല്‍ പിന്നെ ചോദ്യങ്ങളുടെ വരവായി. ഒരു കഥയുമില്ലാത്ത അസംഖ്യം ചോദ്യങ്ങള്‍ക്ക് വിവാദവിദ്വാന്‍ തന്നെ മറുപടി പറയണം. ഉത്തരം കേട്ടാല്‍ അറിയാം ആളുടെ നിലവാരം. ഇന്നസെന്റിന് വേണമെങ്കില്‍ തത്ത്വമസിയുടെ നിലവാരത്തിലേക്കുയരാം. തത്ത്വമസിക്കാരന് വേണമെങ്കില്‍ ഇന്നസെന്റിന്റെ നിലവാരത്തിലേക്ക് ഉയരാം. ചാനലിലും പത്രത്തിലും സംഗതി കാണുന്ന നാട്ടുകാര്‍ക്ക് ഓരോരുത്തരുടെയും ഉയരം മനസ്സിലാക്കാനാകും.

സിനിമയും പാട്ടും ആസ്വദിക്കുന്നതുപോലെ വിവാദമാസ്വദിക്കാനും നമ്മള്‍ പഠിക്കണം. എത്രപേര്‍ക്ക് ഉപജീവനമാര്‍ഗമൊരുക്കുന്ന വ്യവസായമാണ് അതെന്ന് കൃഷ്ണയ്യര്‍ അന്വേഷിച്ചുകാണില്ല. കേരളം ജനിക്കുന്നതിനുമുമ്പ് ജനിച്ച ചില അമ്മാവന്‍മാരുടെ പ്രശ്‌നമാണത്. വിവാദവും തര്‍ക്കവും എന്തോ ദോഷം ചെയ്തുകളയുമെന്ന പേടി. വിവാദം കൊണ്ട് ഒരു ദോഷവുമില്ല. സിനിമാവിവാദം ചാനലുകളിലെ മെഗാ എന്റര്‍ടെയ്ന്‍മെന്റാണ്. സിനിമ കാണാന്‍ മുടിഞ്ഞ കാശ് കൊടുക്കണം. പൊരിവെയിലില്‍ ടിക്കറ്റിന് ക്യൂ നില്‍ക്കണം. ഉന്തും തള്ളുമുണ്ടാകാം. ചാനല്‍വിവാദമാകുമ്പോള്‍ സകലവും ഫ്രീ ആണ്. ചാനലുകള്‍ മാറിമാറി കാണാം.വീണ്ടും വീണ്ടും കാണാം. വീട്ടിലെ കട്ടിലില്‍ ചാരിക്കിടന്ന് കാണാം. ഒരു കഥയുമില്ലെങ്കിലെന്ത്, അസ്സല്‍ ഡയലോഗുകളല്ലേ. ഇതുമൂലം സിനിമകള്‍ കാണാന്‍ ആളുകുറയുമോ എന്ന കാര്യം അമ്മ, ഫെഫ്ക, മാക്ട, തുക്ട തുടങ്ങിയ സംഘടനകള്‍ ആലോചിച്ചാല്‍ മതിയാകും. ജനം അതൊന്നും അറിയേണ്ടതില്ല.

കഥയേക്കാള്‍ ആസ്വാദ്യമാണ് മഹാന്മാരുടെ കഥയില്ലായ്മകള്‍. ഏതിനാവും ഓസ്‌കര്‍ എന്ന് തീരുമാനിക്കാന്‍ പ്രത്യേക ജൂറിയൊന്നും ഉണ്ടായിരിക്കില്ല. ആസ്വാദകര്‍ക്ക് സ്വയം തീരുമാനിക്കാം. കലാകാരന്‍ പരസ്യത്തില്‍ അഭിനയിക്കാനും അതിന് കാശ് വാങ്ങാനും പാടില്ലെന്ന കഥയില്ലായ്മയ്ക്കാണ് ഈയുള്ളവന്‍ സുവര്‍ണ പുരസ്‌കാരംകൊടുക്കുക. സിനിമയില്‍ അഭിനയിക്കുന്നതും പരസ്യത്തില്‍ അഭിനയിക്കുന്നതും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടും അഭിനയമാണെന്ന് ജനത്തിന് മനസ്സിലാവും. അതില്‍ കളവും ചതിവുമൊന്നുമില്ല. മോഹന്‍ലാലോ തെണ്ടുല്‍ക്കറോ പറഞ്ഞതുകൊണ്ട് സാധനം ജനം വാങ്ങുമെന്ന് വിശ്വസിച്ച് കാശു മുടക്കുന്ന ഉത്പാദകനെ ദൈവം രക്ഷിക്കട്ടെ. വേറെ ചിലയിനം പരസ്യങ്ങളേക്കാള്‍ എന്തുകൊണ്ടും ഭേദം തന്നെയാണ് കാശുകൊടുത്തുള്ള ഈ പരസ്യം. ആരെല്ലാം എന്തെല്ലാം വേഷം കെട്ടുന്നു. അഭിനയമേത് സത്യമേത് എന്നോ ആരില്‍ നിന്ന് എന്തുവാങ്ങിയാണ് വേഷം കെട്ടുന്നത് എന്നോ അറിയാന്‍ പറ്റില്ല. സാംസ്‌കാരികനായകന്മാരെക്കുറിച്ചൊന്നുമല്ല കേട്ടോ പറഞ്ഞത്, തെറ്റിദ്ധരിക്കരുത്.

കാശുവാങ്ങി പരസ്യത്തില്‍ അഭിനയിച്ചൂകൂടെന്നതുപോലുള്ള മറ്റൊരു കഥയില്ലായ്മയാണ് പ്രസംഗത്തിന് കാശുവാങ്ങിച്ചുകൂടെന്ന അന്ധവിശ്വാസവും. ഒരു മണിക്കൂര്‍ കുത്തിയിരുന്നൊരു ലേഖനം എഴുതിയാല്‍ 1500 രൂപ പ്രതിഫലം വാങ്ങാം. അതേകാര്യം പന്ത്രണ്ട് മണിക്കൂര്‍ യാത്ര ചെയ്ത് പ്രസംഗമായി പറഞ്ഞാല്‍ കാശ് വാങ്ങിക്കൂടെന്ന് ഏത് ഉപനിഷത്തിലാണ് എഴുതി വെച്ചിട്ടുള്ളതെന്ന് കുറെ തപ്പിനോക്കിയിട്ടും കണ്ടില്ല. ലേഖനത്തിനും കവിതയ്ക്കും കാശ് വാങ്ങാന്‍ തുടങ്ങിയിട്ട് കാലമധികമായിട്ടില്ല. പഴയ കാലത്തെ ഇന്നസെന്റായ കവികള്‍ കവിതയ്ക്ക് കാശ് തരാമെന്നുപറഞ്ഞാല്‍ നെഞ്ചിലിടിച്ച് നിലവിളിക്കുമായിരുന്നത്രെ. കാവ്യദേവതയെ വില്ക്കുകയോ? അതിലും ഭേദം തൂങ്ങിച്ചാവുകയാണ്. ഇന്ന് കവികള്‍ക്ക് സിനിമയ്ക്ക് പാട്ടെഴുതാനേ നേരമുള്ളൂ.
അഞ്ചരക്കോടിയൊന്നുമില്ലെങ്കിലും നല്ല കൂലിയാണ് അതിനും. ടിക്കറ്റുവെച്ച് പ്രസംഗം നടത്തുന്ന ഏര്‍പ്പാട് വിദേശത്തുമാത്രമല്ല ഇന്ത്യയിലും ഉണ്ട്. അതിന് പ്രസംഗം കനപ്പെട്ടതാകണം. ജനത്തെപിരിച്ചുവിടാനുള്ള ലാത്തിച്ചാര്‍ജ് ആവരുത്. പ്രസംഗത്തിന് ഗാന്ധിയുള്ള കവര്‍ കിട്ടുന്ന നല്ല കാലം വരട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്.

സാംസ്‌കാരിക പ്രവര്‍ത്തകന് തന്റെ പ്രശ്‌നത്തില്‍ ഇടപെടണമെന്നു പറഞ്ഞ് സമീപിക്കാവുന്ന ആദ്യത്തെ നായകന്‍ സുകുമാര്‍ അഴീക്കോട് ആണെന്ന തിലകന്റെ ഒന്നാം കിട കഥയില്ലായ്മ ഇനിയാരും ആവര്‍ത്തിക്കാനിടയില്ല. തിലകന്‍പ്രശ്‌നം ഇപ്പോള്‍ അഴീക്കോട്പ്രശ്‌നമായിരിക്കുകയാണ്. ഏത് തിലകന്‍ എന്നുപോലും ആളുകള്‍ ചോദിക്കുന്ന നിലയെത്തിയിട്ടുണ്ട്. തിലകന് മീറ്റ് ദ പ്രസ്സുമില്ല, ചാനല്‍ ക്ഷണവുമില്ല. അമ്മയുമില്ല അച്ഛനുമില്ല. ആകെയുള്ളത് കാനം രാജേന്ദ്രന്‍ മാത്രം. ശത്രുക്കളുടെ എണ്ണം കൂട്ടാന്‍ അത് വളരെ ഉപകരിക്കും. അതിന് സത്യംപറഞ്ഞാല്‍ വേറെ ആരുടെയും സഹായം ആവശ്യമുണ്ടായിരുന്നില്ല. തിലകന്‍ തന്നെ ധാരാളം മതിയായിരുന്നു.

ആര്‍ക്കും കേറി അമ്മയിലും അച്ഛനിലും ഇടപെട്ടുകളയാമെന്ന അഴീക്കോടിന്റെ കഥയില്ലായ്മയാണ് ഇതിലെ അപകടകരമായ ഇനം. പൊള്ളും. അമ്പതുകൊല്ലം മുമ്പെങ്ങാനും ഇറങ്ങിയ നീലക്കുയിലോ മറ്റോ കണ്ടതിന്റെ ബലത്തില്‍ സിനിമാപ്രശ്‌നത്തില്‍ ഇടപെട്ടുകളയാമെന്ന അബദ്ധത്തിന് ചുട്ട മറുപടിയാണ് കൊടുത്തത്. മലയാള സിനിമയെന്നത് ലോകത്തെങ്ങുമില്ലാത്ത പല ചട്ടങ്ങളും വ്യവസ്ഥകളും നിയമങ്ങളും ഉള്ള വ്യവസായമാണ്. പണിക്കുചേരും മുമ്പ് കാശ് അങ്ങോട്ടുകൊടുക്കേണ്ടി വരുന്ന അപൂര്‍വം തൊഴില്‍ മേഖലകളിലൊന്നാണ് അത്. ചില ഇടങ്ങളില്‍ ചുമട്ടുതൊഴിലാളിയാകണമെങ്കില്‍ യൂണിയന് ആയിരങ്ങള്‍ എണ്ണിക്കൊടുക്കണമത്രെ. പറഞ്ഞുകേട്ട വിവരമാണ്. ഈ രീതി ചില സിനിമാസംഘടനകളിലുമുണ്ടത്രെ. സിനിമാ സംഘടനക്കാരുമായി ചേര്‍ത്തുപറഞ്ഞതിന് ഇനി നാളെ അപകീര്‍ത്തിക്കേസ് ഫയലാക്കരുതേ ചുമട്ടുതൊഴിലാളികള്‍. സിനിമാ സംഘടനയിലെ ഊരുവിലക്ക് പ്രഖ്യാപനം, ബഹിഷ്‌കരണം, തേജോവധം തുടങ്ങിയ നിരവധി ഏര്‍പ്പാടുകളെക്കുറിച്ചറിഞ്ഞാല്‍ ചുമട്ടുതൊഴിലാളികളുടെ നോക്കുകൂലി പോലും എത്ര മാന്യം എന്നാരും സമ്മതിക്കും. പുറത്തുനില്‍ക്കുന്നവര്‍ക്ക് ഇതൊന്നും മനസ്സിലാകില്ല. രാഷ്ട്രീയത്തിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ച് പറയുന്ന ലാഘവത്തോടെ അസ്സല്‍ സൂപ്പര്‍ താരങ്ങളെക്കുറിച്ച് പറഞ്ഞാല്‍ വിവരമറിയും.ആദ്യം കോലവും പിന്നെ ചിലപ്പോള്‍ ശരീരം തന്നെയും കത്തും. ചിലരുടെ കാര്യത്തില്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ല താനും.

സിനിമാവിവാദത്തിലെ കഥയില്ലായ്മകള്‍ എഴുതിയാല്‍ തീരില്ല, അത്രയേറെയുണ്ട്. ഓരോന്നും വെവ്വേറെ വിവാദമാക്കിമാറ്റിയിരുന്നെങ്കില്‍ കുറേക്കാലം നിന്നുപിഴയ്ക്കാമായിരുന്നു. ഇതിനിടയില്‍ വിവാദം തണുപ്പിക്കാനും തല്ലിക്കെടുത്താനും ആരും ഇറങ്ങാതിരുന്നാല്‍ മതി. അത്തരക്കാര്‍ രാമനാമം ജപിച്ച് ഒതുങ്ങിക്കഴിയട്ടെ. വിവാദത്തിന്റെ ലൈവ് ടെലികാസ്റ്റ് വരുന്ന സമയം അറിയിക്കാന്‍ ഏര്‍പ്പാട് ചെയ്യാം. അപ്പോള്‍ മാത്രം നാമജപം നിര്‍ത്തി ടി.വി.ക്കുമുന്നില്‍ വന്നിരുന്നാല്‍ മതിയാകും.

No comments:

Post a comment