കുലവും കൊലയും


ഒഞ്ചിയത്തെ പഴയ സഖാവിനെ പച്ചയ്ക്ക് വെട്ടിനുറുക്കിക്കൊന്നത് പാര്‍ട്ടി തീരുമാനപ്രകാരമല്ലെന്ന് പ്രവര്‍ത്തകരെപ്പോലും വിശ്വസിപ്പിക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊതുജനത്തെ വിശ്വസിപ്പിക്കുന്നത് പിന്നെയല്ലേ. കിണഞ്ഞ് ശ്രമിക്കുന്നുണ്ടെന്നത് നേര്. എന്നിട്ടാണ് പാര്‍ട്ടി സെക്രട്ടറി ചോദിക്കുന്നത്, എന്തിനാണ് പാവപ്പെട്ട ഞങ്ങളെ ഇങ്ങനെ കൊലയാളികളായി മുദ്രയടിക്കുന്നതെന്ന്.
ചന്ദ്രശേഖരനെ കൊന്നത് സി.പി.എമ്മുകാരാണെന്ന് ചന്ദ്രശേഖരന്റെ ഭാര്യ വിശ്വസിക്കുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നാണ് പാര്‍ട്ടി ആസ്ഥാന ലേഖകന്‍ പാര്‍ട്ടിപത്രത്തിലെഴുതിയത്. അതെന്തേ അങ്ങനെ? പാര്‍ട്ടി വിട്ടുപോകുന്നവരെ പാര്‍ട്ടി ഇക്കാലംവരെ കൊന്നിട്ടില്ലെന്നും ഇനിയൊരിക്കലും കൊല്ലില്ലെന്നും ദുഷ്ടകോണ്‍ഗ്രസ്സുകാരും മറ്റുമാണ് അങ്ങനെ ചെയ്യാറുള്ളതെന്നുമല്ലേ കഴിഞ്ഞ വര്‍ഷംവരെ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്ന ചന്ദ്രശേഖരനും ഭാര്യയും ഉറച്ചുവിശ്വസിക്കേണ്ടിയിരുന്നത്? അവരും അങ്ങനെ വിശ്വസിക്കുന്നില്ല, പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വസിക്കുന്നില്ല, പാര്‍ട്ടിയിലില്ലാത്തവരും വിശ്വസിക്കുന്നില്ല. ചില കേസുകളില്‍, നിരപരാധിത്വം തെളിയിക്കേണ്ടത് അറസ്റ്റിലായവരുടെ ചുമതലയാണ്, മറിച്ച് തെളിയിക്കപ്പെടുംവരെ. അതിന് കീചകഭീമ ന്യായം എന്നോ സാമാന്യബുദ്ധി എന്നോ വിളിക്കാം.

പാര്‍ട്ടി വിട്ടുപോയ ആരെല്ലാം ഇപ്പോഴും ജീവിച്ചിരിക്കുന്നു, പാര്‍ട്ടി വിടുന്നവരെയെല്ലാം കൊല്ലലാണ് പരിപാടിയെങ്കില്‍ ഇവരൊന്നും ജീവിച്ചിരിക്കില്ലല്ലോ എന്നാണ് സഖാക്കള്‍ ചോദിക്കുന്ന വിലപ്പെട്ട ചോദ്യം. എം.വി. രാഘവന്‍ മുതല്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍വരെയുള്ളവര്‍ ജീവിച്ചിരിക്കുന്നു എന്നതുതന്നെ പാര്‍ട്ടിയുടെ വിശാല മനസ്‌കതയുടെ തെളിവാണ് എന്നും പാര്‍ട്ടിപത്രം അവകാശപ്പെട്ടിട്ടുണ്ട്. ശരിയാണ്. പാര്‍ട്ടി വിട്ടുപോകുന്ന എല്ലാവരെയൊന്നും പാര്‍ട്ടി കൊല്ലാറില്ല. കൊല്ലണമെന്ന് പാര്‍ട്ടിയിലാര്‍ക്കെങ്കിലും തോന്നുമ്പോള്‍ ഉടനെ ചെന്നങ്ങ് കൊല്ലുകയല്ല പാര്‍ട്ടി രീതി. പാര്‍ട്ടി വിടുന്നവരെയെല്ലാം കൊല്ലാന്‍ പുറപ്പെട്ടാല്‍പ്പിന്നെ അതിനേ നേരമുണ്ടാവൂ. ലാഭനഷ്ടങ്ങള്‍ കൃത്യമായി കണക്കുകൂട്ടിയാണ് ആരെയും കൊല്ലുന്നതും കൊല്ലാതിരിക്കുന്നതും. ഏതു പാര്‍ട്ടിയും അങ്ങനെയാണ്. പേരും പ്രശസ്തിയുമുള്ളവരെ കൊല്ലുന്നത് പാര്‍ട്ടിക്ക് ദുഷ്‌പേരുണ്ടാക്കും, അത് നഷ്ടമാണ്. കൊലയുടെ ലാഭനഷ്ടങ്ങള്‍ അളന്നുതൂക്കിനോക്കാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട്. കാശിന്റെ ലാഭം മാത്രമല്ല വോട്ടിന്റെ ലാഭവും നോക്കണം. എല്ലാവരുമൊന്നും കൊല്ലപ്പെടാന്‍ യോഗ്യരല്ല. ചിലരെ വാചകത്തില്‍ വധിച്ചാല്‍ മതിയാകും. മതം, ജാതി തുടങ്ങിയവയെല്ലാം നോക്കിയേ കൊല്ലാനാവൂ.
ചില്ലറ ചെലവൊന്നുമല്ല ഒരാളെ കൊല്ലാന്‍ വേണ്ടിവരുന്നത്. പണ്ടൊക്കെ സഖാക്കള്‍ കൊല ശ്രമദാനമായി ചെയ്തുതന്നിരുന്നതാണ്. കേസ് നടത്തിപ്പ് ചെലവും കുടുംബച്ചെലവും പാര്‍ട്ടി വഹിച്ചാല്‍ മതിയായിരുന്നു. കൊല കൂടിയതോടെ അതും വലിയ ചെലവായി മാറിയിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കൊലയാളി സംരക്ഷണ ബജറ്റ് കോടികള്‍ വരുമെന്നാണ് കേട്ടുകേള്‍വി. തങ്ങള്‍ സ്വയം ചെയ്യുന്നതിനേക്കാള്‍ ലാഭകരമാണ് പണി പുറത്താരെയെങ്കിലും ഏല്പിക്കുന്നത്. എങ്കില്‍ അങ്ങനെയേ ചെയ്യാവൂ എന്നതാണ് ആഗോളീകരണതത്ത്വം. അതിനെ ഔട്‌സോഴ്‌സിങ് എന്നുവിളിക്കും. എന്താണ് ഔട്‌സോഴ്‌സ് ചെയ്തുകൂടാത്തത്? കൊലയും ഔട്‌സോഴ്‌സ് ചെയ്യാം. ചുമരെഴുത്തുകൂടി അങ്ങനെയാണ് നിര്‍വഹിക്കുന്നത്. അങ്ങനെ ചെയ്യുന്നതിന്റെ തലം ഉയരുമ്പോഴാണ് അതിനെ ഇവന്റ് മാനേജ്‌മെന്റ് എന്നൊക്കെ വിളിക്കുന്നത്. ഗമയ്ക്ക് പറയുന്നുവെന്നേ ഉള്ളൂ. സംഗതി കരാറുകൊടുക്കല്‍ തന്നെ.

ക്വട്ടേഷന്‍കാര്‍ കാശും വാങ്ങി കടന്നുകളയുകയൊന്നുമില്ല കേട്ടോ. മര്യാദക്കാരാണ്. കൊല്ലുമെന്ന് മാത്രം. ക്വട്ടേഷന്‍ കൊടുത്തുകഴിഞ്ഞാല്‍ എപ്പോഴാണ് കൃത്യം നിര്‍വഹിക്കുക എന്നതിന് ഒരു ഉറപ്പുമില്ല. അതുകൊണ്ടാണ് നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇങ്ങനെയൊരു കൊല നടത്താന്‍മാത്രം മണ്ടന്മാരുടെ പാര്‍ട്ടിയാണോ സി.പി.എം. എന്ന മറുചോദ്യം ഉയരുന്നത്. ക്വട്ടേഷന്‍കാരുടെ ബുദ്ധിമുട്ടും ആരുമോര്‍ക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പ്, നിയമസഭാ സമ്മേളനം, പാര്‍ട്ടി സമ്മേളനം, പാര്‍ട്ടി കോണ്‍ഗ്രസ്, പിറവം, നെയ്യാറ്റിന്‍കര.... അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകുന്ന കാര്യം പറഞ്ഞതുപോലെയാണ് എപ്പോഴും. ഇതൊന്ന് ചെയ്തല്ലേ തീരൂ? പിന്നെ, നെയ്യാറ്റിന്‍കരയൊന്നും വലിയ സംഭവമല്ല കേട്ടോ. ഒരു മണ്ഡലത്തില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും വേറെ ചില വലിയ ലക്ഷ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നിസ്സാരമാണ്. വേറൊരു പ്രശ്‌നം, അന്വേഷകരെ വഴിതെറ്റിക്കാന്‍ പാര്‍ട്ടിക്കാര്‍ കാട്ടുന്നത്ര ബുദ്ധിയൊന്നും ഇവരില്‍ നിന്ന് പ്രതീക്ഷിച്ചുകൂടാ എന്നതാണ്. ചന്ദ്രശേഖരനെ കൊല്ലാന്‍ കൊണ്ടുപോയ കാറിന് പിന്നില്‍ അറബി വാക്ക് ഒട്ടിച്ചുവെച്ചാല്‍ പോലീസ് പോയി എന്‍.ഡി.എഫുകാരെ പിടിക്കുമെന്നവര്‍ ധരിച്ചു! ക്വട്ടേഷന്‍കാര്‍ക്ക് അങ്ങനെയൊരു ലെവലിലേ ചിന്തിക്കാന്‍ പറ്റൂ.

അബ്ദുല്ലക്കുട്ടിമാരെയും സെല്‍വരാജന്‍മാരെയും അസാസിനേറ്റ് ചെയ്യേണ്ട കാര്യമില്ല. ക്യാരക്ടര്‍ അസാസിനേഷന്‍തന്നെ മതിയാകും. നരഹത്യ വേണ്ട, സ്വഭാവഹത്യ മതി എന്നര്‍ഥം. അപൂര്‍വമായ ഇനത്തില്‍ പെട്ടതാണ് ടി.പി.ചന്ദ്രശേഖരന്‍. പാര്‍ട്ടി വിട്ടുപോയിട്ടും പാര്‍ട്ടിയിലുള്ളവര്‍ക്ക് ആളെക്കുറിച്ചുള്ള മതിപ്പ് ഏറിവരുന്നത് അവഗണിക്കാവുന്ന സംഗതിയല്ല. ശക്തി കൂടിക്കൂടി വരികയും ചെയ്യുന്നു. വലിയ വടവൃക്ഷമാകും മുമ്പ് മുറിച്ചുകളയണം. നാലുദിവസം പത്രക്കാരും ചാനലുകാരും കുറച്ചലക്കും. പിന്നെയെല്ലാം കെട്ടടങ്ങും. നാളെ വേറെ ഒരുത്തന് ചന്ദ്രശേഖരന്റെ വഴി പിന്തുടരാന്‍ ധൈര്യം വരില്ല. കണക്ക് തിരിച്ചുംമറിച്ചും കൂട്ടിനോക്കിയതൊക്കെത്തന്നെ. പക്ഷേ, എവിടെയോ പിശകി. കച്ചവടം വന്‍നഷ്ടമാകുന്ന ലക്ഷണം കണ്ടുതുടങ്ങിയിട്ടുണ്ട്.

******

കൊല പോലെ വലിയ ഒരു സന്ദേശമാണ് കുലം എന്ന പദപ്രയോഗവും. വെറുതെ നാവില്‍ വരുന്ന വാക്കല്ല അത്. കുലത്തിന് സാമൂഹികശാസ്ത്രപരമായ നിര്‍വചനമുണ്ട്. രാഷ്ട്രീയത്തില്‍ പക്ഷം തീരുമാനിക്കുന്നത് ചിന്തയുടെയും നിലപാടിന്റെയും അടിസ്ഥാനത്തിലാണ്. ചിന്തയിലും നിലപാടിലും വ്യത്യാസം വരുമ്പോള്‍ പാര്‍ട്ടി മാറാം. അതൊരു കുറ്റകൃത്യമല്ല. കുലത്തില്‍ സ്ഥിതി നേരേ മറിച്ചാണ്. കുലം വിട്ടുപോകാന്‍ ആര്‍ക്കും അവകാശമില്ല. കുലം വിട്ടുപോകുന്നത് കുലദ്രോഹമാണ്, മരണം അര്‍ഹിക്കുന്ന കുറ്റമാണ്. ഭിന്നാഭിപ്രായം പ്രകടിപ്പിച്ച് വിമര്‍ശിക്കുന്നതിനെ കുലംകുത്തലെന്ന് കുറ്റപ്പെടുത്തുമ്പോള്‍ സംഗതി അരാഷ്ട്രീയമാകുന്നു, ഗോത്ര സ്വഭാവമാകുന്നു, പ്രാകൃതമാകുന്നു.
ജീവിച്ചിരിക്കുമ്പോള്‍ കുലംകുത്തിയായിരുന്ന ആള്‍ മരിച്ചാലും അതുതന്നെയാണ് എന്നുപറയുന്നതില്‍ ന്യായമുണ്ട്. മരണം കൊണ്ട് ആര്‍ക്കും ആ ബഹുമതി ഇല്ലാതാവുന്നില്ല. പക്ഷേ, ഇന്നത്തെ കുലംകുത്തിക്ക് നാളെ അതല്ലാതാവാം. ആര് കുലം കുത്തി എന്ന് തീരുമാനിക്കുന്നത് കുലശേഖരപ്പെരുമാളാണ്. പെരുമാള്‍ നില്‍ക്കുന്ന ഇടമാണ് കുലം. 1964ല്‍ കമ്യൂണിസ്റ്റ് കുലത്തെ കുത്തിയാണ് സി.പി.എം. ജനിച്ചത് തന്നെ എന്ന് നാലാള്‍ കേള്‍ക്കേ പറയാനുള്ള ധിക്കാരം സി.പി.ഐ.ക്കാര്‍ ആര്‍ജിച്ചുതുടങ്ങിയിട്ടുണ്ട്. സി.പി.എം. കുലപതികള്‍ അത് ശ്രദ്ധിക്കുന്നുണ്ട് കേട്ടോ... ടെയ്ക് കേര്‍!

******

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മരിച്ചുപോയത് അദ്ദേഹത്തിന്റെ ഭാഗ്യം. ഇല്ലെങ്കില്‍ ഇപ്പോള്‍ പിടിച്ച് ജയിലിലിടുമായിരുന്നു. ഭരണഘടനാനിര്‍മാണം ഒച്ചിഴയും പോലെ വൈകുന്നതിനെക്കുറിച്ച് ശങ്കര്‍ പണ്ടൊരു കാര്‍ട്ടൂണ്‍ വരച്ചിരുന്നു. ഒരു പാഠഭാഗത്തില്‍ ഈ കാര്‍ട്ടൂണ്‍ എടുത്തുചേര്‍ത്തത് ഇപ്പോള്‍ വന്‍വിവാദമായിരിക്കുന്നു. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളമുണ്ടായി. ആറുവര്‍ഷമായി പാഠപുസ്തകത്തിലുള്ളത് ഏതോ അക്ഷരവൈരി ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഒച്ചിന് മുകളില്‍ അംബേദ്കറും ഒച്ചിനെ ചാട്ടവാറടിക്കുന്ന നെഹ്രുവും ആണ് കാര്‍ട്ടൂണിലുള്ളത്. നിര്‍ദോഷ കാര്‍ട്ടൂണ്‍. എന്നെയും വെറുതെ വിടരുതേ എന്ന് ശങ്കറിനോട് പറഞ്ഞയാളാണ് നെഹ്രു. അംബേദ്കര്‍ അന്ന് ആ കാര്‍ട്ടൂണ്‍ കണ്ട് പുഞ്ചിരിച്ചിരിക്കുമെന്ന് ഉറപ്പ്.
തന്റെ കാര്‍ട്ടൂണ്‍ വരച്ചതിന് കാര്‍ട്ടൂണിസ്റ്റിനെ ജയിലിലിട്ട മമതയും അംബേദ്കറെ ചൊല്ലി ബഹളമുണ്ടാക്കിയവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇതേ ഗണത്തില്‍ പെട്ടവരാണ് എതിരഭിപ്രായമുള്ളവരെ കൊല്ലുന്നവരും. കാര്‍ട്ടൂണ്‍വരയും വിമര്‍ശവുമെല്ലാം വംശനാശം നേരിടുന്ന അപൂര്‍വജനുസ്സുകളാണ്. ഇനി എത്രകാലം നിലനില്‍ക്കുമെന്ന് ഒരു ഉറപ്പുമില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി