മാധ്യമ വിദ്യാഭ്യാസത്തിലെ ഉയര്‍ച്ചകളും താഴ്ചകളും


പഴക്കം ചെന്ന ചൊല്ലാണത്. ജേണലിസ്റ്റുകള്‍ ജനിക്കുകയാണ്, പഠിച്ചുണ്ടാവുകയല്ല. ജന്മസിദ്ധമായ കഴിവുകള്‍ ആണ് ഒരാളെ നല്ല പത്രപ്രവര്‍ത്തകനാക്കുന്നത്. എത്ര കാലം പഠിച്ചാലും ഒരാള്‍ നല്ല പത്രപ്രവര്‍ത്തകനാകണമെന്നില്ല, പത്രപ്രവര്‍ത്തന പാഠപുസ്തകങ്ങള്‍ ഒന്നും പഠിക്കാത്ത വേറൊരാള്‍ നല്ല പത്രപ്രവര്‍ത്തകനായെന്നും വരാം. പഴയ തലമുറയിലെ മികച്ച പത്രാധിപന്മാരും കോളമിസ്റ്റുകളും റിപ്പോര്‍ട്ടര്‍മാരും ജേണലിസം സ്‌കൂളുകളില്‍ പോയി പഠിച്ചവരല്ല.  ഇന്നത്തെ പത്രപ്രവര്‍ത്തകര്‍ അങ്ങനെ പഠിച്ചവരാണ് താനും. ഇതില്‍ നിന്ന് എക്കാലത്തേക്കും ബാധകമായ സത്യവാചകങ്ങള്‍ ഉണ്ടാക്കാനാവില്ലെങ്കിലും ഒരു കാര്യം സമ്മതിച്ചേ പറ്റൂ. ഇക്കാലത്ത് ഒരു പാട് പഠിച്ചേ ഒരാള്‍ക്ക് പത്രപ്രവര്‍ത്തകനാകാന്‍ കഴിയൂ. ലോകം അങ്ങനെ മാറിയിരിക്കുന്നു, പ്രൊഫഷന്റെ രീതികള്‍, സാങ്കേതിക വിദ്യകള്‍ എല്ലാം മാറി. പത്രപ്രവര്‍ത്തനത്തിന്റെ തത്ത്വങ്ങളും പ്രയോഗവും സങ്കീര്‍ണമായി. അതുകൊണ്ടുതന്നെ അതിന്റെ പഠനവും പാഠ്യപദ്ധതികളുമെല്ലാം ഗൗരവമേറിയ കാര്യങ്ങളാണ് ഇന്ന്.

ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകളും അത്രയേറെ വ്യാപകമായിരിക്കുന്നു. മാധ്യമമേഖലയ്ക്ക് ആവശ്യമായതിന്റെ പലയിരട്ടി വിദ്യാര്‍ത്ഥികള്‍ ഇന്ന് മാധ്യമപ്രവര്‍ത്തനം പഠിക്കുന്നുണ്ടെന്ന് തോന്നുന്നു. ഒരുതരത്തിലുള്ള നിയമങ്ങളും ക്രമീകരണങ്ങളും ഈ രംഗത്തില്ല. ടെക്സ്റ്റ് ബുക്കുകള്‍ പേരിനുപോലും ഇല്ലാത്ത കോഴ്‌സുകള്‍ പല യൂണിവേഴ്‌സിറ്റികളിലും നടക്കുന്നു. എത്ര പേരെ പഠിപ്പിക്കാം, പഠിപ്പിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത എന്ത്, പഠിക്കുന്നവരുടെ യോഗ്യത എന്ത്, എന്ത് സിലബസ് അനുസരിച്ചാണ് പഠിപ്പിക്കേണ്ടത്-  ഒരു കാര്യം സംബന്ധിച്ചും ഒരു വ്യവസ്ഥയും ഇല്ല. ആര്‍ക്കും ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങാം, ആര്‍ക്കും  പഠിപ്പിക്കാം.

ഏത് രീതിയില്‍ ജേണലിസം പഠനം പുന: സംഘടിപ്പിക്കാം എന്ന ആലോചന ദേശീയ തലത്തിലും ആഗോളതലത്തിലും നടക്കുന്നുണ്ട്.  ഇന്ത്യാഗവണ്മെന്റിന്റെ മനുഷ്യ വിഭവ വകുപ്പ് 2012 മാര്‍ച്ചില്‍ ദേശീയ തലത്തില്‍ മാധ്യമവിദ്യാഭ്യാസം നിയന്ത്രിക്കുന്നതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 15 അംഗ ഇന്റര്‍  മിനിസ്റ്റീരിയല്‍ ടാസ്‌ക് ഫോഴ്‌സിനെ  നിയോഗിച്ചിരുന്നു. അത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിലെ നിരീക്ഷണം ശ്രദ്ധേയമാണ്.

In this context, it has come to the notice of the Government that institutions in the field of TV, print media, journalism, films, etc. offer courses of different durations, different quality and often charge exorbitant fee from students without ensuring trained staff, fully equipped facilities and without a formally recognized institutional framework.

പ്രമുഖരായ മാധ്യമപ്രവര്‍ത്തകരും വിദഗ്ദ്ധ അധ്യാപകരും അടങ്ങുന്നതാണ് സമിതി. സമിതി ഇതുവരെ റിപ്പോര്‍ട്ടൊന്നും സമര്‍പ്പിച്ചിട്ടില്ല എന്നാണറിയുന്നത്.

മാധ്യമ ഉടമസ്ഥരുടെ സംഘടനയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കഴിഞ്ഞ വര്‍ഷം ഇതേ രീതിയിലുള്ള ഒരു പഠനത്തിന് തുടക്കമിടുകയുണ്ടായി. സംഘടനയുടെ ഒരു ഉപസമിതിയാണ് ഈ പഠനം നടത്തിയത്.  ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് സംഘടന പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

ആഗോളതലത്തില്‍ ഏറ്റവും ഗൗരവമുള്ള പഠനം നടത്തിയത് അമേരിക്കയിലെ കാര്‍ണിജി  കോര്‍പ്പറേഷനും നൈറ്റ് ഫൗണ്ടേഷനും ചേര്‍ന്നാണ്.  കാര്‍ണീജി-നൈറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ദ ഫ്യൂച്ചര്‍ ഓഫ് ജേണലിസം എഡുക്കേഷന്‍ എന്ന ഈ പഠനം അമേരിക്കയിലെ അരിസോണ സ്റ്റേറ്റ്, ബെര്‍ക്കലി, കൊളമ്പിയ, മാരിലാന്റ്, മിസ്സോറി, നെബ്രസ്‌ക, നോര്‍ത്ത് കരോലിന, നോര്‍ത്ത് വെസ്റ്റേണ്‍, സിറാക്യൂസ്, ടെക്‌സാസ് എറ്റ് ഔസ്റ്റിന്‍ യൂണിവേഴ്‌സിറ്റികളുടെ പങ്കാളിത്തത്തോടെയായിരുന്നു. സര്‍വകലാശാലകളിലെ വിവിധ വിജ്ഞാന വിഭാഗങ്ങളെ ജേണലിസം പഠനവുമായി ബന്ധപ്പെടുത്തി ജേണലിസം പഠിക്കുന്നരുടെ ധാരണകളും അറിവും വിപുലമാക്കുക എന്നതായിരുന്നു പഠനത്തിലെ പരീക്ഷണം.

' മാധ്യമപ്രവര്‍ത്തന കുഴപ്പത്തിലാണ് എന്ന ധാരണയാണ് കാര്‍ണിജി നൈറ്റ് ഫഡറേഷന്റെ ഈ പഠനത്തിന്റെ അടിസ്ഥാനം. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ മുഴുവന്‍ ആഘാതം പൂര്‍ണതോതില്‍ വ്യക്തമാകുന്നതിനും ജേണലിസത്തിന്റെ സാമ്പത്തിക മാതൃക തകരുന്നതിനും മുമ്പുതന്നെ, സങ്കീര്‍ണമായ ഈ ലോകത്തിന് കൂടുതല്‍ ആഴത്തിലുള്ള മാധ്യമപ്രവര്‍ത്തനവും കൂടുതല്‍ നന്നായി പരിശീലിപ്പിക്കപ്പെട്ട ജേണലിസ്റ്റുകളും ആവശ്യമാണ് എന്ന ധാരണ നമ്മളില്‍ വളര്‍ന്നുവരുന്നുണ്ടായിരുന്നു. രാജ്യത്തെ ജേണലിസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കൂടുതലായും ഈ പരിശീലനത്തിന് ഉത്തരവാദിത്തം. പക്ഷേ അവര്‍ കാലത്തിന് വളരെ പിറകിലാണ്. പലേടത്തും മാധ്യമ പഠനവിഭാഗങ്ങള്‍ ക്യാമ്പസ്സുകളില്‍ നന്നെ അരികുകളിലാണ് കഴിഞ്ഞുപോന്നിരുന്നതും-'കാര്‍ണീജി നൈറ്റ് പഠനറിപ്പോര്‍ട്ടിന്റെ ആദ്യ ഖണ്ഡിക തന്നെ പഠനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നു.ജേണലിസം പഠന സ്ഥാപനങ്ങളെ ആഴത്തില്‍ ബാധിച്ച ആത്മവിശ്വാസപരമായ  പ്രതിസന്ധിയെ ആണ്  പഠനം നേരിട്ടത്. സങ്കീര്‍ണമായ പുതിയ കാലത്തെയും ലോകത്തെയും പഠിക്കാനും വ്യാഖ്യാനിക്കാനും  ജേണലിസം വിദ്യാര്‍ത്ഥികളെ  സജ്ജരാക്കുക എന്നതായിരുന്നു ലക്ഷ്യം.

മുകളില്‍ പറഞ്ഞ യൂണിവേഴ്‌സിറ്റികളിലെല്ലാം ജേണലിസം വിദ്യാര്‍ത്ഥികളെ നിശ്ചിത കാലം വിവിധ ശാസ്ത്ര-സാമൂഹ്യശാസ്ത്ര വകുപ്പുകളുമായി ബന്ധപ്പെടുത്തിയത് വലിയ പ്രയോജനമുണ്ടാക്കി എന്നാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. വിജ്ഞാനാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം എന്ന് വിളിച്ച പ്രോജക്റ്റ് മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ജേണലിസം അധ്യാപകര്‍ക്കും പ്രയോജനം ചെയ്തു. ശാസ്ത്ര-സാമൂഹ്യശാസ്ത്ര മേഖലകളില്‍ പുതിയ ഗവേഷണ ഫലങ്ങള്‍, അവയിലെ ഗവേഷണ രീതികള്‍ എന്നിവയില്‍ ജേണലിസം വിദ്യാര്‍ത്ഥികളും ജേണലിസം രീതികളില്‍ ശാസ്ത്ര- സാമൂഹ്യശാസ്ത്ര അധ്യാപകരും പരിചിതരായി എന്നതുതന്നെ പ്രധാനഫലം. ജേണലിസം രംഗത്തേക്ക് വരുന്നവര്‍ക്ക് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്ന വിഷയത്തില്‍  തുടര്‍ച്ചയായ വിജ്ഞാനസമ്പാദനത്തിനുള്ള സാധ്യത കണ്ടെത്താനും ഇതുമൂലം കഴിഞ്ഞുവെന്ന് ഡിപാര്‍ട്‌മെന്റ് മേധാവികള്‍ അവകാശപ്പെടുന്നുണ്ട്.

ഈ പരീക്ഷണം ലോക യൂണിവേഴ്‌സിറ്റികളില്‍ നടക്കുമ്പോള്‍ ഇതിന്റെ മറ്റേ അറ്റത്താണ് നമ്മള്‍ നില്‍ക്കുന്നത്. ബിരുദ തലത്തിലും ബിരുദാനന്തര തലത്തിലും ഉള്ള അധ്യയനത്തില്‍ വ്യത്യസ്ത വിജ്ഞാന മണ്ഡലങ്ങളിലെ വികാസം ഉള്‍ക്കൊണ്ട ശേഷമാണ് വികസിത രാജ്യങ്ങളിലെ  വിദ്യാര്‍ത്ഥികള്‍ മാധ്യമ വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതുതന്നെ. എന്നിട്ടും അവര്‍ വിജ്ഞാനത്തില്‍ പിറകിലാണ് എന്നായിരുന്നു പരാതി. നോക്കൂ, നമ്മള്‍ ഇവിടെ എന്തെങ്കിലും വിജ്ഞാനം ആര്‍ജിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികളെ ജേണലിസ്റ്റുകളാക്കാന്‍ പാടുപെടുകയാണ്.  ജേണലിസം ഒരു വിജ്ഞാന ശാഖയല്ല, അത്  വിജ്ഞാനത്തെ ഉപയോഗിക്കാവുന്ന ഒരു ഉപകരണം മാത്രമാണ് എന്ന അടിസ്ഥാനതത്ത്വം വിസ്മരിക്കുന്നു. ബി.എ തലത്തിലെ മുഖ്യവിഷയം ജേണലിസമാക്കാം എന്ന് തെറ്റിദ്ധരിക്കുന്നു. ജേണലിസം പഠിപ്പിക്കാന്‍ പ്ലസ് ടു തലവും കൊള്ളുന്നതുതന്നെ  എന്നും തെറ്റിദ്ധരിക്കുന്നു. ഒരു വിജ്ഞാനമേഖലയിലും അറിവില്ലാത്ത ജേണലിസ്റ്റ് സ്വയം അപകടത്തിലാവും എന്നുമാത്രമല്ല സമൂഹത്തെ അപകടത്തിലാക്കുകയും ചെയ്യും എന്ന് നമ്മുടെ വിഭ്യാഭ്യാസ ആസൂത്രകര്‍ മറന്നുപോകുന്നു. എല്ലാവരെയും എന്തെങ്കിലും തൊഴില്‍ പഠിപ്പിച്ചാല്‍ രക്ഷപ്പെട്ടു എന്ന് വ്യാമോഹിക്കുകയാണ് അവര്‍.

മാധ്യമലോകത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ആണ് ഇന്നത്തെ  മാധ്യമവിദ്യാഭ്യാസം ഊന്നുന്നത്. ജേണലിസത്തില്‍ വൈദഗ്ദ്ധ്യം ഉണ്ടാക്കുക, അതുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെ കുറിച്ചുമുള്ള അറിവ് മെച്ചപ്പെടുത്തുക, ഒരു തികഞ്ഞ പ്രൊഫഷനല്‍ ആകുന്നതിനുള്ള അച്ചടക്കം നേടിയെടുക്കുക, അനുഭവങ്ങള്‍ ആര്‍ജിക്കുക എന്നിങ്ങനെ പോകുന്നു ജേണലിസം വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പുത്തന്‍ ആശയങ്ങള്‍ കണ്ടെത്താനും അവ ഉപയോഗപ്പെടുത്തി സ്വയം വളരാനുമുള്ള അഭിരുചി ജന്മസിദ്ധമാണെങ്കിലും അതിനുള്ള കഴിവുകള്‍ കുറെയെല്ലാം വളര്‍ത്തിയെടുക്കാനാവും.

നമ്മുടെ മാധ്യമവിദ്യാഭ്യാസം  ഡിജിറ്റല്‍ മേഖലയ്ക്ക പ്രാധാന്യം നല്‍കുന്നില്ല. പല യൂണിവേഴ്‌സിറ്റികളിലും സിലബസ്സില്‍ ഇക്കാര്യം ഇല്ലതന്നെ. പുതിയ കാലത്തെ ഏറ്റവും വലിയ വാര്‍ത്താസ്രോതസ് ഇന്റര്‍നെറ്റ് ആയി മാറിയിട്ടുണ്ട്. പല വികസിത രാജ്യങ്ങളിലും ന്യൂസ് ഡസ്‌കുകള്‍ വാര്‍ത്താ ഏജന്‍സികളെയല്ല ന്യൂസ് ബ്രെയ്ക്കുകള്‍ക്ക് ആശ്രയിക്കുന്നത്, ഇന്റര്‍നെറ്റ് സൈറ്റുകളെയാണ്. ഇന്റര്‍നെറ്റിനെ വകതിരിവില്ലാതെ ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെ ഒട്ടും ആശ്രയിക്കാതിരിക്കുന്നതിനേക്കാള്‍ അപകടകരമാണ്. മാധ്യമ ഇന്‍സ്റ്റിറ്റിയൂട്ടുകളിലാവട്ടെ യൂണിവേഴ്‌സിറ്റികളിലാവട്ടെ ഇന്റര്‍നെറ്റിനെ വാര്‍ത്തയും അറിവും ശേഖരിക്കുന്നതിനുള്ള ഉപകരണമായി എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്നതിനുള്ള അധ്യാപകരോ കമ്പ്യൂട്ടര്‍ സൗകര്യമോ ഇപ്പോഴും ഇല്ല. പല യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളിലും സ്ഥിതി വ്യത്യസ്തമല്ല. ജോലി കിട്ടി മാധ്യമസ്ഥാപനങ്ങളില്‍ എത്തിയാല്‍ പോലും ആവശ്യമായ ട്രെയ്‌നിങ്ങ് ലഭിക്കുന്നില്ല. മാധ്യമസ്ഥാപനങ്ങളില്‍ വാര്‍ത്താവിഭാഗത്തെ ഇക്കാര്യത്തില്‍ സുസജ്ജമാക്കാന്‍ മിക്ക മാനേജ്‌മെന്റുകളും മെനക്കെടുന്നില്ല. ഇന്റര്‍നെറ്റ് നോക്കുന്നവര്‍ എന്തോ മോഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണ് എന്ന ധാരണ പോലും ചിലര്‍ പുലര്‍ത്തുന്നു!


ന്യൂസ് റൂം ഇന്റഗ്രേഷന്‍ എന്ന പുതിയ ആശയം ഇപ്പോള്‍ വികസിത രാജ്യങ്ങളിലെ ന്യൂസ് റൂമുകളില്‍ നടപ്പായി വരുന്നു. വിശാലമായ ഒരു ന്യൂസ് റൂമില്‍ പത്രത്തിന്റെയും മാഗസീനിന്റെയും ഓണ്‍ലൈനിന്റെയും ടെലിവിഷന്റെയും ഡസ്‌കുകള്‍ പ്രവര്‍ത്തിക്കുകയും കിട്ടുന്ന എല്ലാ വിവരങ്ങളും വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും യുക്തമായ രീതിയില്‍ എല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കുമിടയില്‍ വീതിക്കുകയും ചെയ്യുന്ന  സംവിധാനമാണിത്. ലഭ്യമായ വിഭവങ്ങള്‍ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാന്‍ ഇതുമൂലം കഴിയുന്നു. പലേടത്തും ഒരേ ടീം ആണ് ഒരു സ്ഥാപനത്തിന്റെ എല്ലാ മാധ്യമങ്ങള്‍ക്കുംവേണ്ടി റിപ്പോര്‍ട്ടിങ് നിര്‍വഹിക്കുന്നത്. ടെലിവിഷന്‍ വീഡിയോകള്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ സൈറ്റിലും ഇ പേപ്പറിലും ഐ പാഡിലും മറ്റ് ടേബ്ലറ്റുകളിലും ഉപേേയാഗിക്കുക എന്നത് ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. ക്യാമറ ഉപയോഗിച്ച് വീഡിയോകളും ഫോട്ടോകളും ഓഡിയോ റിക്കോഡിങ്ങും നിര്‍വഹിക്കുന്ന റിപ്പോര്‍ട്ടറും അപൂര്‍വ കാഴ്ച അല്ലാതായിട്ടുണ്ട്.

ഇതുകാരണം ജേണലിസ്റ്റ് പല പുതിയ കഴിവുകളും നേടേണ്ടതായി വരുന്നു.വസ്തുതകളും വിവരങ്ങളും ഖനനംചെയ്‌തെടുത്ത് വ്യാഖ്യാനിക്കാനുള്ള കഴിവ് അത്യാവശ്യമാകുന്നു.  ഇത് ധനകാര്യത്തിലും മറ്റനേകം മേഖലകളിലും സ്‌പെഷലൈസ് ചെയ്‌തേ കാര്യക്ഷമമായി  നിര്‍വഹിക്കാന്‍ കഴിയൂ. ഡാറ്റ ജേണലിസം എന്നൊരു പ്രത്യേക മേഖല തന്നെ വളര്‍ന്നുകൊണ്ടിരിക്കുന്നു.  സര്‍ക്കാറിന്റെയും സ്ഥാപനങ്ങളുടെയും  കൈവശമുള്ള ഡാറ്റാ ശേഖരങ്ങള്‍ അപഗ്രഥിച്ച് കണ്ടെത്തലുകളും വ്യാഖ്യാനങ്ങളും നടത്തുന്ന മേഖലയാണ് ഡാറ്റ ജേണലിസം. പല രാജ്യങ്ങളിലും ഇത് വളര്‍ന്നുകഴിഞ്ഞു. ( കൂടുതല്‍ വിവരങ്ങള്‍ക്ക് വേേു://റമമേഷീൗൃിമഹശാെവമിറയീീസ.ീൃഴ). ഇതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കാനുള്ള ഗ്രാഫിക്കുകളും പേജുകളും പ്രോഗ്രാമുകളും ഉണ്ടാക്കേണ്ടതുണ്ട് എന്നതുകൊണ്ട് ഫഌഷ്, എച്ച്.ടി.എം.എല്‍ പോലുള്ള കമ്പ്യൂട്ടര്‍-ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യകള്‍ പഠിക്കാന്‍ ജേണലിസ്റ്റുകള്‍ മുന്നോട്ടുവരുന്നു. വെബ് പേജ് നിര്‍മാണം, വീഡിയോ  ജേണലിസം എന്നിവയും വരുംകാലത്ത് ജേണലിസ്റ്റിന്റെ കൈവശമാവുകയായി.

നിലവിലുള്ള ജേണലിസം ജോലികള്‍ കാലഹരണപ്പെടുമ്പോള്‍ അപരിചിതമായ പുത്തന്‍ ഉദ്യോഗങ്ങള്‍ ജന്മമെടുക്കുന്നു. പത്രത്തില്‍ അച്ചടിച്ചുവന്ന വാര്‍ത്ത തന്നെ ഇന്റര്‍നെറ്റില്‍ സോഷ്യല്‍ മീഡിയകളിലൂടെ പരമാവധി ആളുകളിലെത്തിക്കാനും അതുവഴി വരുമാനമുണ്ടാക്കാനും ജേണലിസ്റ്റുകള്‍ നിയോഗിക്കപ്പെടുന്നു.  'ട്രാഫിക് കണ്ടക്റ്റര്‍' എന്ന പേരില്‍ ഒരു പത്രപ്രവര്‍ത്തകനെ ന്യൂസ് റൂമില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ട. വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സിന്റെ കഴിഞ്ഞ ലോക സമ്മേളനത്തില്‍ സ്വീഡനില്‍ നിന്നുള്ള എഡിറ്റര്‍ അനറ്റെ നോവാക് ആ രാജ്യത്തെ ഇത്തരം കുറെ പുതിയ ജോലികളുടെ പേരുകള്‍ പറയുകയുണ്ടായി. ജനവിഭാഗങ്ങളെ മാധ്യമത്തിന്റെ പ്രവര്‍ത്തനപങ്കാളികളാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാനും കൊണ്ടുനടക്കാനും ചുമതലയുള്ള 'ഇവന്റ്‌സ്  ഡയറക്റ്റര്‍', നല്ല എഴുത്തുകാരെയും ലേഖകരെയും ഉണ്ടാക്കിയെടുക്കാന്‍ നിയോഗിക്കപ്പെടുന്ന 'കമ്യൂണിറ്റി ജേണലിസം എഡ്യൂക്കേറ്റര്‍', മാധ്യമവെബ്‌സൈറ്റില്‍ കൂടുതല്‍ ക്ലിക്ക് നടത്താന്‍ എങ്ങനെ ആളുകളെ പ്രേരിപ്പിക്കാമെന്ന പരിശോധിക്കുന്ന 'എഡിറ്റോറിയല്‍ ക്വാണ്ടിഫയര്‍' തുടങ്ങിയ ജോലിപ്പേരുകളും ഇപ്പോള്‍ ലോക  മാധ്യമങ്ങളില്‍ കേട്ടുതുടങ്ങിയിട്ടുണ്ട്.

മലയാള മാധ്യമരംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറക്കാരുടെ പ്രധാന പരിമിതി എന്താണ് ? ഈ മേഖലയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന പലരോടും അന്വേഷിച്ചുനോക്കുകയുണ്ടായി. പത്രപ്രവര്‍ത്തകര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതായ പൊതു വിജ്ഞാനത്തിന്റെ കാര്യത്തില്‍ അവരുടെ അറിവ് പരിമിതമാണ്. സ്‌പോര്‍ട്‌സും സിനിമയും അല്ലാത്ത മേഖലകളെ കുറിച്ച് അറിയുന്നവര്‍ വളരെ കുറവാണ്. പ്ലസ് ടുവിലും ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും പഠിച്ച വിഷയത്തില്‍ പോലും അറിവില്ലാതെ സ്‌പോര്‍ട്‌സ് അറിയാമെന്നതിന്റെ ബലത്തില്‍ പത്രപ്രവര്‍ത്തകനാകാന്‍ കഴിയുമോ ? ഒരു സ്ഥാപനത്തിന് എത്ര സ്‌പോര്‍ട്‌സ് ലേഖകരെ വേണം ? എത്ര ചലചിത്ര ലേഖകരെ വേണം ?

ദൈനംദിന സംഭവങ്ങളാണ് വാര്‍ത്തകളായി വരുന്നത്. പക്ഷേ, ഒരു ട്രാഫിക് അപകടം റിപ്പോര്‍ട്ട് ചെയ്യുന്നതിന് കണ്ടതും കേട്ടതും പകര്‍ത്തിയാല്‍ മതിയായേക്കും. പക്ഷേ, മറ്റുകാര്യങ്ങള്‍ക്ക് അതു പോര. അരനൂറ്റാണ്ട് കാലത്തെയെങ്കിലും കേരള ചരിത്രം അറിയാതെ കേരളത്തിലെ ഒരു രാഷ്ട്രീയ സംഭവവികാസവും റിപ്പോര്‍ട്ട് ചെയ്യാനാവില്ല. എത്ര നിസ്സാര സംഭവത്തിനും കാണും ഒരു പശ്ചാത്തലം. ഇന്നത്തെ ഒരു മാധ്യമവിദ്യാര്‍ത്ഥി 2000 ത്തിന് ശേഷമാവും പത്രം വായിച്ചുതുടങ്ങിയതുതന്നെ. പതിനഞ്ചാം വയസ്സില്‍ ഗൗരവപൂര്‍വം പത്രം വായിച്ചുതുടങ്ങിയാല്‍ പോലും എത്ര കുറച്ചുകാലത്തെ രാഷ്ട്രീയ ചരിത്രമാണ് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുക ?  കേരള രൂപവല്‍ക്കരണത്തിന് ശേഷമുള്ള നാല് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ചരിത്രം എങ്ങനെ അറിയാനാണ് ? വായിച്ചുപഠിക്കാന്‍ ഒരു പുസ്തകം പോലും ഇല്ല. ഗവേഷണമനസ്സോടെ തിരഞ്ഞുവായിച്ചാലേ എന്തെങ്കിലും പഠിക്കാന്‍ കഴിയൂ. ഒരു ജേണലിസ്റ്റ് എന്നും ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയാണ്. കോളേജിലെ സംഘടനാ രാഷ്ട്രീയത്തിന്റെ ഹാങ്ഓവര്‍ തീരാതെ, പ്രായം കുറെ പിന്നിട്ടിട്ടും കോളേജ് കാല രാഷ്ട്രീയ ചായ്‌വുകളില്‍ നിന്ന് മോചിതരാകാത്ത പത്രപ്രവര്‍ത്തകര്‍ നിരവധിയാണ്. രാഷ്ട്രീയാടിമത്തമുള്ള മനസ്സുമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് പത്രപ്രവര്‍ത്തനത്തോട് നീതി പുലര്‍ത്താനാവില്ല. ഒരു തത്ത്വത്തോടും ഒരു ആദര്‍ശത്തോടും ഒരു ലക്ഷ്യത്തോടും ആഭിമുഖ്യമില്ലാത്ത  അരാഷ്ട്രീയ കരിയറിസം പോലെ അനാശാസ്യമാണ് പത്രപ്രവര്‍ത്തകന് രാഷ്ട്രീയകക്ഷിയടിമത്തവും. മാധ്യമപഠനത്തിന്റെ മുഖ്യ ഉദ്ദേശ്യം വിദ്യാര്‍ത്ഥിക്ക് ഒരു പ്രൊഫഷനല്‍ പത്രപ്രവര്‍ത്തകന്റെ പക്വത ഉണ്ടാക്കിക്കൊടുക്കുകയാണെന്നതും വിസ്മരിച്ചുകൂടാ.

ഇംഗ്ലീഷില്‍ പിടിപാടില്ലാത്തതുകൊണ്ട് പല പത്രപ്രവര്‍ത്തകര്‍ക്കും തൊഴില്‍നിര്‍വഹണം പ്രയാസമാകുന്നുണ്ട്. നമ്മുടെ  കോളേജുകളില്‍ എത്തുന്നതുതന്നെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളല്ല. പ്രൊഫഷനല്‍ കോഴ്‌സ് വേണ്ടെന്ന് തീരുമാനിച്ച് എത്രപേര്‍ ബി.എ.ക്കും ബി.എസ്.സി.ക്കും ചേരുന്നു ? വളരെ അപൂര്‍വം മാത്രം. അവരില്‍തന്നെ കോളേജ് അധ്യാപകനോ ഹൈസ്‌കൂള്‍ അധ്യാപകനോ സര്‍ക്കാര്‍ ഓഫീസില്‍ എല്‍.ഡി.ക്ലാര്‍ക്കോ ആകാന്‍ കഴിയാത്തവരാണ് പത്രപ്രവര്‍ത്തകരാകുന്നത് എന്ന അവസ്ഥ പോലും ഇപ്പോഴുണ്ട്. വേറെ ജോലിയൊന്നും വേണ്ട, പത്രപ്രവര്‍ത്തനം മതി എന്ന് നിശ്ചയിക്കുന്ന ആദര്‍ശവാദികള്‍ ഇല്ലെന്നല്ല. അവരുടെ എണ്ണം വളരെക്കുറവാണ്. മാധ്യമപ്രവര്‍ത്തനത്തോട് കമ്പം ഉള്ളവരെ ആകര്‍ഷിക്കാന്‍ പര്യാപ്തമല്ല ആ മേഖലയിലെ വേതന ഘടന എന്ന സത്യവും കാണാതിരുന്നുകൂടാ. ഒരു കാലത്ത് കോളേജ് അധ്യാപകന് തുല്യമായ ശമ്പളം ഉണ്ടായിരുന്ന പത്രപ്രവര്‍ത്തകന് ഇന്ന് പല സ്ഥാപനങ്ങളിലും എല്‍.പി.സ്‌കൂള്‍ അധ്യാപകന്റെ നിലവാരത്തില്‍ പോലും വേതനമില്ല. ഇത് മാധ്യമവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നത് ശരി തന്നെ.

ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ എണ്ണം പെരുകുന്നത് മറ്റൊരു പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. പണ്ട് ടൈപ് റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ചേര്‍ന്നിരുന്ന ലാഘവത്തോടെ ഇന്ന് ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ചേരുന്നവരുണ്ട്. ടി.വി.ഗ്ലാമറിന്റെ അമിതാകര്‍ഷണം വേറെ. പ്രവേശന പരീക്ഷകളില്‍ കിട്ടുന്ന വളരെ കുറഞ്ഞ മാര്‍ക്ക് ഒരു ഇന്‍സ്റ്റിറ്റിയൂട്ടിലും പ്രവേശനത്തിന് തടസ്സമാകുന്നില്ല. കാരണം നാല്പതും അമ്പതും സീറ്റിന് ചിലപ്പോള്‍ നൂറോ നൂറോ നൂറ്റിരുപതോ പേരേ അപേക്ഷിച്ചുകാണൂ. പാസ്മാര്‍ക്ക് കിട്ടാത്തവരെയും പ്രവേശിപ്പിച്ചാലേ എണ്ണം തികക്കാനാവൂ, ഉദ്ദേശിച്ച വരുമാനമുണ്ടാകൂ. ശരാശരിയില്‍ താഴെ മാര്‍ക്കുള്ളവരെയും പ്രവേശിപ്പിക്കേണ്ടിവരുന്നു. ഇഷ്ടം  പോലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങുന്നതുകൊണ്ട് തൊഴില്‍വിപണിയില്‍ എന്തെല്ലാം പ്രശ്‌നങ്ങളാണുണ്ടാവുന്നത് എന്നത് മറ്റൊരു വിഷയമാണ്.

കേരളത്തിലെ മാധ്യമവിദ്യാഭ്യാസത്തിന് മറ്റൊരു ഗൗരവകരമായ പരിമിതിയുമുണ്ട്. ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളും രണ്ട് വര്‍ഷത്തെ എം.എ. കോഴ്‌സുകളുമാണ് കേരളത്തില്‍ പ്രധാനമായുള്ളത്. ഡിപ്ലോമ കോഴ്‌സുകളില്‍ പഠിപ്പിക്കുന്നത് പത്രപ്രവര്‍ത്തന രംഗത്തുനിന്നുള്ളവരാണ്. അവര്‍ക്ക് പ്രായോഗിക പത്രപ്രവര്‍ത്തനത്തിന്റെ അനുഭവജ്ഞാനം ധാരാളമുണ്ടാവും. പക്ഷേ, വിഷയത്തിന്റെ അക്കാദമിക് വശം ദുര്‍ബലമാണ് . നേരെ മറിച്ചാണ് യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരുടെ സ്ഥിതി. അവരില്‍ പ്രായോഗിക അനുഭവമുള്ളവര്‍ വിരളമാണ്. ന്യൂസ് റൂമുകളിലും മാധ്യമ മേഖലയിലാകെയും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അറിയാതെ ജേണലിസം പഠിപ്പിക്കുന്നത് ദോഷം ചെയ്യും. പല രാജ്യത്തും യൂണിവേഴ്‌സിറ്റികളില്‍ ജേണലിസം പഠിപ്പിക്കുന്നവര്‍  പത്രസ്ഥാപനങ്ങളിലും പത്രപ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളിലും നിശ്ചിത കാലയളവില്‍ നിശ്ചിത സമയം പ്രവര്‍ത്തിക്കണമെന്ന് വ്യവസ്ഥ ചെയ്യാറുണ്ട്. ഈ പരിമിതിയില്‍ നിന്ന് എങ്ങനെ മോചനമുണ്ടാക്കാമെന്ന് രണ്ട് മേഖലകളിലുമുള്ളവര്‍ ചിന്തിക്കേണ്ടതുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി