കെ.യു.ഡബ്ല്യു.ജെ.- ചില സ്വയം വിമര്‍ശനങ്ങള്‍


കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മറ്റ് സംസ്ഥാനങ്ങളിലുള്ള പത്രപ്രവര്‍ത്തക യൂണിയനുകളില്‍ നിന്ന് എങ്ങനെയാണ് വ്യത്യസ്തമാവുന്നത് എന്ന് ചിലപ്പോഴൊക്കെ സ്വയം ചോദിച്ചുപോയിട്ടുണ്ട്. കെ.യു.ഡബ്ല്യു.ജെ.ക്ക് കുറച്ചുകാലം മുമ്പുവരെ ദേശീയ പത്രപ്രവര്‍ത്തക സംഘടനയായ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്‌സി (IFWJ)ല്‍ അഫിലിയേഷന്‍ ഉണ്ടായിരുന്നു. അപ്പോഴെല്ലാം അന്യസംസ്ഥാന സംഘടനാ പ്രവര്‍ത്തകരുമായി ഇടപെടാന്‍ അവസരം ഉണ്ടായിട്ടുണ്ട്. ഇവിടത്തെ സംഘടനാനേതൃത്വത്തെ എതിര്‍ക്കുകയും നിരന്തരം കലഹിക്കുകയും ചെയ്തുപോന്നവര്‍ക്കും കേരളത്തിന് പുറത്തുള്ള അവസ്ഥ കാണുമ്പോള്‍ കേരളത്തിലെ സംഘടനയോടും അതിനെ നയിക്കുന്നവരോടും വലിയ ബഹുമാനം തോന്നുമായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവിടെ ഇപ്പോഴും സംഘടന പിളര്‍ന്ന് രണ്ടോ മൂന്നോ ആയിട്ടില്ല എന്നതാണ്. ഐ.എഫ്.ഡബ്ല്യു.ജെ. ഇപ്പോഴുണ്ടോ, എന്താണ് ചെയ്യുന്നത് എന്നൊന്നും അറിയില്ല. രണ്ട് വര്‍ഷം മുമ്പ് കര്‍ണാടകയിലെ ഒരു സംഘടനാ നേതാവിനെ കണ്ടപ്പോള്‍ അറിഞ്ഞത് സംഘടന വീണ്ടും പിളര്‍ന്നു എന്നാണ്. എത്രാമത്തെ പിളര്‍പ്പാണ് എന്നറിയില്ല.

എന്താണ് ദേശീയ നിലവാരത്തില്‍ സംഘടന തകരാന്‍ കാരണം ?  ദീര്‍ഘകാലത്തെ സംഘടനാ ബന്ധം ഉള്ളവര്‍ യോജിപ്പോടെ പറയുന്ന ഒരു കാര്യമുണ്ട്. ദേശീയനേതൃത്വം പതിറ്റാണ്ടുകളായി ഒരു നേതാവിന്റെയും കുടുംബത്തിന്റെയും കൈപ്പിടിയിലാണ്. ആര് വിചാരിച്ചാലും അവരെ മാറ്റാനാവില്ല. ആര്‍ക്കും അവര്‍ക്കെതിരെ മത്സരിക്കുന്നതുപോകട്ടെ,നോമിനേഷന്‍ കൊടുക്കാന്‍ പോലുമാവില്ല. ജനാധിപത്യപരമായ പ്രവര്‍ത്തനമില്ലാതെ, വിനോദസഞ്ചാരം മാത്രം മുഖ്യകര്‍മപരിപാടിയാക്കിയ ഒരു ദേശീയ സംഘടനയ്ക്ക് എത്ര കാലം നിലനില്‍ക്കാനാവും ? നേതാവിന്റെ അനുചര•ാര്‍ക്കേ ഭാരവാഹിയാകാന്‍ പറ്റൂ. നേതാവിന്റെ ഇഷ്ടക്കാര്‍ക്കേ അംഗത്വംതന്നെ കിട്ടൂ. മത്സരിക്കുന്നത് പിന്നെയല്ലേ ! ഭരണഘടനയെന്തെന്നോ മത്സരിക്കാനുള്ള യോഗ്യത എന്തെന്നോ അംഗങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. പ്രസിഡന്റിനെതിരെ മത്സരിക്കാന്‍ സമര്‍പ്പിച്ച മുന്‍കാല ദേശീയ നേതാവിന്റെ പത്രിക സ്വീകരിക്കപ്പെട്ടില്ല. കാരണം അവരൊന്നും അറിയാതെ ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടിരുന്നു. വേറെയാര്‍ക്കും മത്സരിക്കാന്‍പോലും കഴിയാത്ത വിധമായിരുന്നു ഭേദഗതി.

സംസ്ഥാനങ്ങളിലും ഇതിന്റെ അനുകരണ മോഡലുകളാണ് ഉണ്ടായിരുന്നത്. സംസ്ഥാന തലസ്ഥാനങ്ങളില്‍ ഒതുങ്ങിനില്‍ക്കുകയും ഭരണത്തിന്റെ ഇടനാഴികളില്‍ അധികാരദല്ലാള•ാര്‍ക്കൊപ്പം കറങ്ങി നടക്കുകയും ആനുകൂല്യങ്ങള്‍ നക്കുകയും ചെയ്യുന്ന കുറെയാളുകളാണ് പല സംസ്ഥാനങ്ങളിലെയും സംഘടനാ നേതാക്കള്‍. അതിന്റെ പ്രത്യാഘാതങ്ങള്‍ എല്ലായിടത്തും ഉണ്ടായി. എന്തെങ്കിലും പോരാട്ടങ്ങള്‍ ഇപ്പോള്‍ ഒരു സംസ്ഥാനത്തും നടക്കുന്നില്ല. ആനുകൂല്യങ്ങളും അവകാശങ്ങളും പോകട്ടെ, പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ പോലും മിക്കയിടത്തും സംഘടന മുന്നിലില്ല. എമ്പാടും പണം കിട്ടുന്ന കോണ്‍ട്രാക്റ്റ് പത്രപ്രവര്‍ത്തകര്‍ വന്നുനിറഞ്ഞതോടെ യൂണിയനില്‍ അംഗത്വം എടുക്കാന്‍തന്നെ ആരും വരാതായി. ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ്(DUJ) ആണ് അവശേഷിച്ചിരുന്ന ഒരു പ്രതീക്ഷ. അവിടെ അമ്പതുവയസ്സില്‍ താഴെ പ്രായമുള്ള ആളെ യൂണിയന്‍ യോഗത്തില്‍ കാണുക പ്രയാസമായിരുന്നു.

ഈ അവസ്ഥയാണ് കെ.യു.ഡബ്ല്യൂ.ജെ.യെ കുറിച്ച് ബഹുമാനം തോന്നിപ്പിച്ചിരുന്നത്.   ഭിന്നതയുള്ളവര്‍ക്ക്  സംഘടനാവേദിയില്‍ അതുന്നയിക്കാനും അംഗങ്ങളുടെ പിന്തുണ നേടി നേതൃത്വത്തെ തന്നെ മാറ്റാനും പറ്റുമായിരുന്നു. പലപ്പോഴും മാറ്റിയിട്ടുമുണ്ട്. രണ്ട് തവണയില്‍ കൂടുതല്‍ ആരും ഭാരവാഹിയായിക്കൂടാ എന്നും 60 വയസ്സിന് ശേഷം അംഗത്വം തുടരാന്‍ പറ്റില്ല എന്നും തൊണ്ണൂറുകളില്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികള്‍ സംഘടന ആരുടെയെങ്കിലും പോക്കറ്റ് സംഘടനയാകില്ല എന്നുറപ്പാക്കി. ഇതിന്റെയെല്ലാം ഫലമായാണ് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ഇപ്പോഴും ഒറ്റ സംഘടനയായി നില നില്‍ക്കുന്നത്.

എന്താണ് ഈ സംഘടന മാധ്യമമേഖലയ്ക്കും മാധ്യമ പ്രവര്‍ത്തനത്തിനും സംഭാവന ചെയ്യുന്നത് ? ഈ ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയുകയില്ല. സംഘടന സ്ഥാപിച്ചവര്‍, നീണ്ട കാലം ഇതിന് വെള്ളവും വളവും നല്‍കി വളര്‍ത്തിയവര്‍ വിഭാവനം ചെയ്ത രീതിയില്‍ സംഘടനയ്ക്ക് മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നേ പറയാനാവൂ. കുറച്ച് കാലമെങ്കിലും സംഘടനാ നേതൃത്വത്തിലിരുന്ന ഒരാളെന്ന നിലയില്‍ ഇത് ആര്‍ക്കെങ്കിലും എതിരെയുള്ള കുറ്റാരോപണമായിട്ടല്ല, സ്വയം വിമര്‍ശനം ആയിട്ടാണ് ഉന്നയിക്കുന്നത്.

വ്യക്തമായ രണ്ട് ലക്ഷ്യങ്ങളോടെയാണ് സംഘടനാ സംവിധാനം കെട്ടിപ്പടുത്തിരിക്കുന്നത്. ഒന്ന് ഇതൊരു ട്രേഡ് യൂണിയനാണ്. രണ്ട് ഇതൊരു പ്രൊഫഷനല്‍ സംഘടനയാണ്. രണ്ടിന്റെയും രീതികള്‍ ഭിന്നങ്ങളാണെങ്കിലും രണ്ടും തമ്മില്‍ വൈരുദ്ധ്യമില്ല. ടേഡ് യൂണിയന്‍ എന്ന നിലയില്‍ മുഖ്യമായും ഉദ്ദേശിക്കുന്നത് മാന്യമായി ജീവിക്കാനുള്ള വേതനവും തൊഴില്‍ സാഹചര്യങ്ങളുമുണ്ടാക്കുക  എന്നതാണ്. യൂണിയന്‍ രൂപം കൊള്ളുന്ന കാലത്തെ സ്ഥിതി അതിദയനീയമായിരുന്നെങ്കിലും വേജ് ബോര്‍ഡ് സംവിധാനം പ്രവര്‍ത്തികമായതോടെ പ്രധാനപ്പെട്ട പത്രങ്ങളിലെല്ലാം വേതന നിലവാരം ഉയര്‍ന്നു, തൊഴില്‍ സുരക്ഷിതത്വമുണ്ടായി. കടുത്ത തോതിലുള്ള തൊഴിലാളി വിരുദ്ധ നടപടികളുണ്ടായപ്പോഴെല്ലാം മാനേജ്‌മെന്റുകള്‍ക്കെതിരെയും പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികള്‍കള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ശക്തികള്‍ക്കെതിരെയും സമരം നടത്താനുള്ള ശേഷി സംഘടന പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റുതൊഴിലാളി വിഭാഗങ്ങളെ കൂടെ കൊണ്ടുപോകാനും അവരുടെ കൂടി അവകാശസമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സംഘടനയെ നയിച്ചവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പില്‍ക്കാലത്ത് ഈ മേഖലയിലെ നേട്ടങ്ങള്‍ വേജ് ബോര്‍ഡ് നടപ്പാക്കുന്നതില്‍ ഒതുങ്ങി എന്നതാണ് സത്യം. ഇതുപോലും ഭാഗികമാണ്. പ്രധാനപ്പെട്ട പത്രങ്ങളിേല വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ അതേ പടി നടപ്പാക്കാറുള്ളൂ. ഇടത്തരം ചെറുകിട സ്ഥാപനങ്ങളില്‍ നടപ്പാക്കിയോ എന്നുപോലും പരിശോധിക്കപ്പെടാറില്ല. ഈ സ്ഥാപനങ്ങളില്‍ സംഘടനയുടെ  ഘടകങ്ങള്‍ സ്വയമേവ അവകാശങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭത്തിന് പുറപ്പെട്ടാല്‍ സംഘടന സഹായിക്കാറുണ്ട്. പക്ഷേ, ഒരു കേന്ദ്രീകൃത ട്രേഡ് യൂണിയന്‍ എന്ന നിലയിലുള്ള പ്രോ ആക്റ്റീവ് നടപടികള്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടെങ്കിലുമായി ഉണ്ടായിട്ടില്ല എന്നത് സത്യമാണ്.

വേജ് ബോര്‍ഡ് സംവിധാനം മാധ്യമസ്ഥാപനങ്ങളിലെ സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തുകയല്ല തളര്‍ത്തുകയാണ് ചെയ്തതെന്ന ഒരു കാഴ്ചപ്പാടുണ്ട്. അവഗണിക്കേണ്ടതല്ല അതും. പ്രധാന പത്രങ്ങളിലെങ്കിലും കാലാ കാലങ്ങളില്‍, വേജ് ബോര്‍ഡിനെ നിയമിക്കും വരെ ആ ആവശ്യവും നിയമിച്ചുകഴിഞ്ഞാല്‍ അതിന് നിവേദനം തയ്യാറാക്കലും റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാല്‍ അത് നടപ്പാക്കണമെന്ന ആവശ്യമുയര്‍ത്തലും മാത്രമായി പരിമിതപ്പെട്ടിരുന്നു സംഘടനാ സംവിധാനം. കൂട്ടായ വില പേശലിലൂടെ അവകാശം നേടുക എന്ന ട്രേഡ് യൂണിയന്‍ രീതിയുടെ ശക്തി ക്ഷയിക്കുകയും യൂണിയന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും കാലാകാലം ശമ്പളവര്‍ദ്ധന കിട്ടുമെന്ന ചിന്ത ഉണ്ടാവുകയും ചെയ്തു എന്നത് സത്യമാണ്. മജീദിയ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ അനിശ്ചിതത്വം ഈ ദൗര്‍ബല്യം വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു. വേജ് ബോര്‍ഡ് ശിപാര്‍ശ നടപ്പാക്കിയാല്‍ പോലും പത്രപ്രവര്‍ത്തക വേതനം സമാന യോഗ്യതകളുള്ള വിഭാഗങ്ങളുടെ വേതനവുമായി തട്ടിച്ചുനോക്കുമ്പോല്‍ തുലോം തുച്ഛമാണ്. ഫലത്തില്‍, വേജ് ബോര്‍ഡ് ഉണ്ടായ അര നൂറ്റാണ്ടിനിടയില്‍ വേജ്‌ബോര്‍ഡ് വേതനം കിട്ടിയവരുടെ നില പോലും മോശമാവുകയാണുണ്ടായത്. വലിയ സ്ഥാപനങ്ങളില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എല്‍.ഡി.ക്ലാര്‍ക്ക് ജോലി കിട്ടിയാല്‍ പാഞ്ഞുചെല്ലുകയാണ്.

ഇത്രയും കാലം വേജ്‌ബോര്‍ഡ് ശുപാര്‍ശ ഒട്ടും വൈമനസ്യം കൂടാതെ നടപ്പാക്കിയ സ്ഥാപനങ്ങള്‍ ഇപ്പോള്‍ അതുതരില്ല എന്ന് വാശിപിടിക്കുമ്പോള്‍ സംഘടന അറച്ചുനിന്നുപോകുന്നു. നടപ്പാക്കി എന്ന അവകാശപ്പെടുന്ന പല സ്ഥാപനങ്ങളിലും യൂണിയനുകള്‍ മാനേജ്‌മെന്റുകള്‍ക്ക് വഴങ്ങി, കിട്ടി കിട്ടി എന്ന് തലയാട്ടുകയാണെന്നും മനസ്സിലാവുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസ് കെടുത്തുന്ന ഒട്ടേറെ പ്രവണതകള്‍ നില നില്‍ക്കുന്ന ഈ ഘട്ടത്തില്‍   അവ നേരിടുന്നതിന് ഫലപ്രദമായൊന്നും ചെയ്യാനാവുന്നില്ല എന്ന സത്യം അവശേഷിക്കുന്നു.

വര്‍ക്കിങ് ജേണലിസ്റ്റുകളുടെ സംഘടനയില്‍ വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റിന്റെ പരിധിയില്‍ പെടാത്ത ടെലിവിഷന്‍ പവര്‍ത്തകരെ ഉള്‍പ്പെടുത്തുക എന്ന സാഹസവും സംഘടന തൊണ്ണൂറുകളുടെ ഒടുവില്‍ ചെയ്യുകയുണ്ടായി. അതുകൊണ്ട് പ്രിന്റ്-വിഷ്വല്‍ മേഖലയില്‍ ഒരൊറ്റ യൂണിയന്‍ എന്ന അനുകരണീയമായ അവസ്ഥ നിലവില്‍ വന്നു. ഇന്ത്യയില്‍ മറ്റൊരിടത്തും ഈ നില ഇല്ല എന്നാണ് അറിവ്. പക്ഷേ, വേതനരംഗത്തും തൊഴില്‍ നിയമങ്ങളുടെ  രംഗത്തും ഇതിന്റെ പ്രയോജനമുണ്ടായിട്ടില്ല. ഇപ്പോഴും ടി.വി.ജേണലിസ്റ്റുകള്‍ വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റിന്റെയും വേജ് ബോര്‍ഡിന്റെയും പരിധിക്കുപുറത്താണ്. ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിന്റെ പരിധിയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. നാമമാത്രമാണ് പല സ്ഥാപനങ്ങളിലെയും വേതന നിലവാരം. ഹയര്‍ ആന്റ് ഫയര്‍ ഭീകരാവസ്ഥയാണ് നില നില്‍ക്കുന്നത്. എന്താണ് ഓരോ സ്ഥാപനത്തിലെയും അവസ്ഥ എന്നതുസംബന്ധിച്ച സ്ഥിതി വിവര ശേഖരണത്തിനും സംവിധാനമില്ല.

പത്രപ്രവര്‍ത്തന രംഗത്ത് കരാര്‍ സമ്പ്രദായം പാടില്ല എന്നത് നമ്മുടെ നിലപാടാണ്. എതിര്‍പ്പ് കരാര്‍ സമ്പ്രദായത്തോടല്ല, കരാറില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നവരോടാണ് എന്ന മട്ടില്‍ ആ വിഭാഗത്തെ ഒന്നടങ്കം യൂണിയന്‍ അംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ശരിയോ എന്ന് ആലോചിക്കേണ്ടതുണ്ട്. വര്‍ക്കിങ് ജേണലിസ്റ്റുകളായി നിയമം അംഗീകരിച്ചവരെ വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയനില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് നിയമവിരുദ്ധം മാത്രമല്ല അധാര്‍മികവുമാണ്. ജേണലിസം ഡിഗ്രിയും ഉയര്‍ന്ന വിദ്യാഭ്യാസവും ഉള്ള മുഴുവന്‍ സമയ പത്രപ്രവര്‍ത്തകരെപ്പോലും ഉള്‍ക്കൊള്ളാനുള്ള മാനസിക വളര്‍ച്ച നാം നേടിയേ തീരൂ. വേജ് ബോര്‍ഡ് കാര്യം വരുമ്പോള്‍ വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റിലെ വ്യവസ്ഥയെ കുറിച്ച് വാചാലരാവുന്ന നാം പക്ഷേ, മുഴുവന്‍സമയ പത്രപ്രവര്‍ത്തകരെല്ലാം വര്‍ക്കിങ് ജേണലിസ്റ്റുകളാണ് എന്ന വ്യവസ്ഥയെകുറിച്ച് കേട്ടിട്ടേ ഇല്ല എന്ന് നടിക്കുന്നു. യൂണിയന് പുറത്താണ് അകത്തുള്ളതിലേറെ പത്രപ്രവര്‍ത്തകര്‍ എന്ന ഗുരുതരാവസ്ഥയും സംജാതമാവുകയാണ്.

ട്രേഡ് യൂണിയനപ്പുറം നമ്മുടേത് ഒരു പ്രൊഫഷനല്‍ സംഘടന കൂടിയാണല്ലോ. അവകാശവും ചുമതലയും തുല്യപ്രാധാന്യത്തില്‍ കൊണ്ടുനടക്കാന്‍ നാം അതുകൊണ്ടുതന്നെ ബാധ്യസ്ഥരാണ്. തൊഴിലഭ്യസനത്തിന് മാനേജ്‌മെന്റുകള്‍ പ്രാധാന്യം നല്‍കാതിരുന്ന കാലത്തും അത് നല്‍കിപ്പോന്ന സംഘടനയാണ് കെ.യു.ഡബഌൂ.ജെ. അതിന്റെ കൂടി ഫലമായാണ് കേരളത്തില്‍ ഇന്ത്യയിലെ  ആദ്യത്തെ പ്രസ് അക്കാദമി ഉണ്ടായത്.  തിളക്കമാര്‍ന്ന ആ തുടക്കത്തോട് നമ്മള്‍ നീതി പുലര്‍ത്തുന്നുണ്ടോ ? പ്രൊഫഷന്‍ എന്നുപറയുന്നതുതന്നെ നിശ്ചിത ഗുണനിലവാരവും തൊഴില്‍മര്യാദകളും പ്രവര്‍ത്തന ക്രമവും വിജ്ഞാന ശാഖയും ഉള്ള തൊഴില്‍വിഭാഗമാണ്. ഇവയെല്ലാം ഉണ്ടെന്ന് നാം അഭിമാനിക്കാറേ ഉള്ളൂ. ധാര്‍മികതയുടെ അളവുകോലുകള്‍ അല്ല നമ്മുടെ ഒരു പ്രവര്‍ത്തനത്തെയും സ്വാധീനിക്കുന്നത്.

സംഘടനാ പ്രവര്‍ത്തനം പ്രസ് ക്ലബ് പ്രവര്‍ത്തനം മാത്രമാവുകയും ക്ലബ് സംസ്‌കാരം നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും സംസ്‌കാരത്തെ തന്നെയും സ്വാധീനിക്കുകയും ചെയ്യുന്നതിന്റെ ദോഷഫലങ്ങള്‍ എങ്ങും കാണുന്നുണ്ട്. സര്‍ക്കാറില്‍ നിന്നും സ്വകാര്യകമ്പനികളില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും് അനധികൃത ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു. പാര്‍ട്ടികളുടെ സമ്മേളനത്തിലെ ആര്‍ഭാടത്തെ വിമര്‍ശിക്കുന്നവര്‍ പ്രസ് ക്ലബ്ബുകളില്‍ ആഘോഷമായ കുടുംബസംഗമങ്ങള്‍ക്ക് അഞ്ചും പത്തും ലക്ഷങ്ങള്‍ ചെലവിടുന്നു. സ്വന്തം കുടുംബങ്ങളുടെ ആനന്ദത്തിന് പോലീസുകാര്‍ പോലും അന്യരില്‍ നിന്ന് പണം പിരിക്കാറില്ല.

കുറ്റങ്ങളും കുറവുകളും ഒരുപാട് പറഞ്ഞുപോയി. കുറ്റങ്ങളിലും കുറവുകളിലും പൂര്‍ണപങ്കാളിയായിക്കൊണ്ടുതന്നെയാണ് ഇതെല്ലാം പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ലോകത്തിലുള്ള സകലതിന്റെയും കുറ്റങ്ങളും കുറവുകളും കാണുന്നവരാണ്. നമ്മുടെ കുറ്റങ്ങളും കുറവുകളും പൊതുസമൂഹം ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. തൊഴിലിന്റെ വിശ്വാസ്യത നശിച്ചാല്‍ മാധ്യമ മേഖലയുടെ നില നില്‍പ്പിനെതന്നെ അതു ബാധിക്കും എന്നേ പറയുന്നുള്ളൂ.

(KUWJ അമ്പതാം വാര്‍ഷിക സമ്മേളന സുവനീറിന് തയ്യാറാക്കിയത് )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി