Thursday, 21 February 2013

മഹാ ബ്രെയ്ക്കപ്പ്‌


എന്തോ ഭൗതികേതരസംഗതികൊണ്ടാണ് സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും മഹാസംസ്ഥാന സമ്മേളനങ്ങള്‍ ഒരേസമയത്ത് സമീപനഗരങ്ങളില്‍ നടക്കാനിടയായത്. ഇതില്‍ക്കൂടുതല്‍ നക്ഷത്രപ്പൊരുത്തമോ മനപ്പൊരുത്തമോ ഏത് പാര്‍ട്ടികള്‍ തമ്മിലാണുള്ളത്? പക്ഷേ, എന്തുകൊണ്ടെന്നറിയില്ല, മാധ്യമസിന്‍ഡിക്കേറ്റ് ഒറ്റക്കെട്ടായി സി.പി.എം. സമ്മേളനത്തെ മാത്രം വാനോളം ഉയര്‍ത്തിക്കാട്ടി. എട്ടുകോളം വെണ്ടക്ക എല്ലാ ദിവസവും പത്രസാമ്പാറിലുണ്ടായി. ട്വന്റിഫോര്‍ ഹവേഴ്‌സ് വിപ്ലവ എരിവുള്ള ലൈവ് വേറെ.

ഇത് ചന്ദ്രപ്പനും സഖാക്കളും പ്രതീക്ഷിച്ചതാണ്. ഇവിടെ പാര്‍ട്ടിക്ക് ബലം കുറവാണെന്നതാവും കാരണം എന്നും അറിയാം. പക്ഷേ, അവഗണിക്കുന്നതിനും വേണ്ടേ അതിര്? ഒറിജിനല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചെങ്കൊടിയില്‍ നക്ഷത്രമില്ലാത്ത പാര്‍ട്ടിയാണെന്നത് അറിയാത്തവരാണ് പുതിയ മാധ്യമതലമുറ. കേരളവും ബംഗാളും ത്രിപുരയും വിട്ടാല്‍ രണ്ടുപാര്‍ട്ടികളും ഒരുനേരം കഞ്ഞിക്ക് വകയില്ലാത്ത ബി.പി.എല്‍. പാര്‍ട്ടികളാണെന്നത് ശരി. പക്ഷേ, ബാക്കി എല്ലായിടത്തും തലനാരിഴയ്‌ക്കെങ്കിലും വലിപ്പക്കൂടുതല്‍ സി.പി.ഐ.ക്കല്ലേ? അവഗണനയെ മറികടക്കാനാണ് ചന്ദ്രപ്പനും ബിനോയ് വിശ്വനും കണ്ണൂര്‍ ജയരാജന്‍ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നത്. അതുകൊണ്ട് ഫലമുണ്ടായി. ചാനലുകളില്‍ ഒപ്പത്തിനൊപ്പം നിറഞ്ഞുനിന്നത് ഈ രണ്ട് സി.പി.ഐ. സഖാക്കളാണ്. ഇതിന് കാല്‍ക്കാശ് ചെലവില്ല. കോടികള്‍ വാരിയെറിഞ്ഞോ ലക്ഷങ്ങളുടെ ജാഥ നടത്തിയോ ഇത് സി.പി.ഐ.ക്ക് സാധിക്കുമായിരുന്നില്ല.

ഇടതുപക്ഷൈക്യ അടിപിടിയില്‍ വെളിയം ഭാര്‍ഗവനും നേട്ടമുണ്ടായി. സഖാവ് ഇ.പി. ജയരാജനില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച ഗുഡ് സര്‍വീസ് എന്‍ട്രി സോവിയറ്റ് കാലഘട്ടത്തിലെ ഓര്‍ഡര്‍ ഓഫ് ലെനിന്‍ അവാര്‍ഡിന് തുല്യമായിരുന്നു. ചന്ദ്രപ്പനല്ല, വെളിയം ഭാര്‍ഗവനാണ് കമ്യൂണിസ്റ്റ് ഗുണമുള്ള നേതാവ് എന്ന് ജയരാജന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. പഴയ കഥയിലെ വള്ളക്കാരനോട് വള്ളത്തില്‍ കേറുന്ന പെണ്ണുങ്ങള്‍ ''ഇവന്റെ അച്ഛനായിരുന്നു ഭേദം'' എന്ന് പറഞ്ഞതുപോലെയൊരു സര്‍ട്ടിഫിക്കറ്റാണ് പഴയ 'വെളിവില്ലാത്ത' ഭാര്‍ഗവന് ലഭിച്ചത്. സി.പി.ഐ. ഇത്രയും പ്രതീക്ഷിച്ചതല്ല. ഇടതുപക്ഷ അടിത്തറ ശക്തിപ്പെടുത്തണം എന്നാണ് കൊല്ലം സമ്മേളനത്തിന്റെ രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്തത്. കേള്‍വിക്കുറവുകൊണ്ടോ എന്തോ എന്നറിഞ്ഞില്ല, ഇടതുപക്ഷ അടിയാണ് ശക്തിപ്പെടുത്തിയത്.

ലയനവാദകാലം, പുനരേകീകരണവാദകാലം, പ്രവര്‍ത്തനൈക്യവാദകാലം എന്നീ മൂന്നുഘട്ടങ്ങള്‍ക്ക് ശേഷമുള്ള പരിണാമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥ ബ്രെയ്ക്കപ്പ് എന്ന മഹാസ്‌ഫോടനത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ ഉത്ഭവം ഉണ്ടായത് മഹാസ്‌ഫോടനത്തിലൂടെയായിരുന്നെന്നോ മറ്റോ ആരോ കണ്ടുപിടിച്ചിരുന്നല്ലോ. കമ്യൂണിസ്റ്റ് ഐക്യം സാധ്യമാക്കുന്ന അത്തരമൊരു മഹാസ്‌ഫോടനത്തെയാവും ചന്ദ്രപ്പന്‍ സഖാവ് ബ്രെയ്ക്കപ്പെന്ന് വിശേഷിപ്പിച്ചത്. ബ്രെയ്ക്കപ്പില്‍ സി.പി.ഐ. ഇടതുമുന്നണിയില്‍ നിന്ന് തെറിച്ച് മറ്റേ മുന്നണിയില്‍ ചെന്നുവീഴുമെന്നൊക്കെ ചിലര്‍ സ്വപ്നം കാണുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ബ്രെയ്ക്കപ്പുകളുടെ പരമ്പര തുടര്‍ന്നുണ്ടാവും. കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാതെ ഉമ്മന്‍ചാണ്ടി-ചെന്നിത്തല-കെ.എം. മാണിമാര്‍ ബ്രെയ്ക്കപ്പാകും. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് ഓഹരിവെക്കുന്നതോടെ യു.ഡി.എഫ്. ആകെ ബ്രെയ്ക്കപ്പാകും. ആര്‍.എസ്.പി.- ദള്‍ കഷണങ്ങള്‍ മാത്രം അവശേഷിച്ചാല്‍ ഇടതുമുന്നണി ബ്രെയ്ക്കപ്പാകും. ജനതാദള്‍ പോലെ സദാ ബ്രെയ്ക്കപ്പാകുന്ന പാര്‍ട്ടിയല്ല സി.പി.ഐ.; ദേശീയനയമുള്ള പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് മുന്നണിയിലേക്ക് കടക്കാന്‍ എ.ബി. ബര്‍ദന്‍ സമ്മതിക്കുകയില്ല. അതോടെ സി.പി.ഐ.യും ബ്രെയ്ക്കപ്പാകും.

ഇതെല്ലാം കാണാനുള്ള മഹാഭാഗ്യം കേരളീയര്‍ക്കുണ്ടാവണേ എന്നുമാത്രം പ്രാര്‍ഥിക്കട്ടെ...

********

വമ്പിച്ച ഒരു ജനാധിപത്യപരീക്ഷണത്തിലായിരുന്നു കെ.എസ്.യു.ക്കാര്‍. സംഘടനയില്‍ തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്തു. പണ്ടൊക്കെ വര്‍ഷംതോറും പതിവുള്ള സംഗതിയാണ്. അന്ന് അവകാശപ്പെടാറുള്ളത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടന എന്നാണ്. അതിന്റെ സ്ഥിതിവിവരക്കണക്കൊന്നും ആരുടെയും കൈയില്‍ ഇല്ലാത്തതുകൊണ്ട് ധൈര്യമായി പറയാമായിരുന്നു. ഇപ്പോള്‍ ആന മെലിഞ്ഞ് പശുവായിട്ടുണ്ടെങ്കിലും തൊഴുത്തിലൊന്നുമല്ല, പഴയ പന്തിയില്‍ തന്നെയാണ് കെട്ടുന്നത്. സംഘടനാതിരഞ്ഞെടുപ്പ് മാത്രം സംഘടനയ്ക്ക് ഒട്ടും ദഹിക്കുകയില്ല. അതുകൊണ്ട് ഡോ. രാഹുല്‍ജി ഇടപെട്ടാണ് പ്രത്യേക വൈദ്യവിധിപ്രകാരം സംഗതി നടത്താന്‍ ഉത്തരവായത്.
കലാപകലുഷിതമായ അഫ്ഗാനിസ്താന്‍, സിറിയ, കൊള്ളസംഘങ്ങള്‍ വാഴുന്ന കൊളംബിയ തുടങ്ങിയ ഭൂപ്രദേശങ്ങളിലെ ഭരണാധികാരികള്‍ക്കൊന്നും തങ്ങളുടെ രാജ്യത്ത് ഒരു തിരഞ്ഞെടുപ്പ് നടത്തിക്കളയാമെന്ന ധൈര്യമുണ്ടാവില്ല. പക്ഷേ, രാഹുല്‍ഗാന്ധിക്കുണ്ടായി. ചിലരൊക്കെ ചോദിച്ചത് രമേശ് ചെന്നിത്തലയ്ക്ക് ഇത്ര ധൈര്യമോ എന്നാണ്. രമേശ് പിന്നീട് സംഗതി വ്യക്തമാക്കി. അതിനുള്ള ധൈര്യമൊന്നും നമുക്കില്ല. രാഹുല്‍ജിയാണ് ഇതിന് മുതിര്‍ന്നത്. കേരളത്തില്‍ എന്തു സംഭവിച്ചാലും അദ്ദേഹത്തിന് പ്രശ്‌നമില്ലല്ലോ.

നോക്കണേ, ആളുകളുടെ ഒരു ദുഷ്ടബുദ്ധി..! ചോരപ്പുഴയൊഴുകാതെ തിരഞ്ഞെടുപ്പ് നടത്തിയ നേതൃത്വത്തെ അഭിനന്ദിക്കാനല്ല, വിമര്‍ശിക്കാനും പരിഹസിക്കാനുമാണ് അവര്‍ക്ക് വ്യഗ്രത. അവിടെയും ഇവിടെയും തെരുവുയുദ്ധം ഉണ്ടായി എന്നത് സത്യംതന്നെ. പക്ഷേ, പോലീസ് വെടിവെപ്പോ ജീവഹാനിയോ ഒന്നും ഉണ്ടായില്ലല്ലോ. എന്നിട്ടും, കൂട്ടക്കൊല നടന്ന മട്ടില്‍ പത്രങ്ങള്‍ എട്ടുകോളം മത്തങ്ങയാണ് നിരത്തിയത്.
പ്രസിഡന്റായി മത്സരിച്ച് തോറ്റാലും പ്രശ്‌നമില്ല, സെക്രട്ടറിയാകാം എന്നതാണ് കെ.എസ്.യു. തിരഞ്ഞെടുപ്പിലെ പ്രത്യേകത. ഇങ്ങനെ ഒരു തകര്‍പ്പന്‍ ഐഡിയ വേറെ ആരുടെയും തലയിലുദിച്ചതായി കേട്ടിട്ടില്ല. ഒരിനം ആനുപാതിക പ്രാതിനിധ്യവ്യവസ്ഥ തന്നെ. തിരഞ്ഞെടുപ്പിനെച്ചൊല്ലി കൂട്ടക്കൊല നടക്കാഞ്ഞതിന് കാരണം ഒരുപക്ഷേ, ഇതുതന്നെയാവും. പടച്ചോന് സ്തുതി.

********

ശ്രീമാന്‍ ബി. ആണ് കേരള കോണ്‍ഗ്രസ് ബി. പാര്‍ട്ടിയുടെ ഉടമസ്ഥന്‍. അദ്ദേഹമാണ് പാര്‍ട്ടിയുടെ ആജീവനാന്ത അധ്യക്ഷനും. വസ്തുനിയമത്തിലെ പിന്തുടര്‍ച്ചാവകാശവ്യവസ്ഥകള്‍ തന്നെയാണ് സ്ഥാവരസ്വത്തായ പാര്‍ട്ടിക്കും ബാധകം. ബഹുഉടമസ്ഥന് ഒരുവട്ടം മത്സരിക്കാന്‍ അവസരം കിട്ടാതെ വന്നു. അപ്പോള്‍ ആ പണി പിന്തുടര്‍ച്ചാവകാശിയെ ഏല്‍പ്പിച്ചു. പാര്‍ട്ടിയില്‍ വേറെ യോഗ്യന്മാരൊന്നും ഉണ്ടായിരുന്നുമില്ലെന്നത് വേറെ കാര്യം. പിന്‍ഗാമി അകാലത്തില്‍ കേറി മന്ത്രിയായി. തിരിച്ചുകയറാന്‍ കിട്ടിയ ആദ്യ അവസരത്തില്‍ പിതാവ് തിരിച്ചുവന്നു. പുത്രന്‍ ദേ കീഴേ കിടക്കുന്നു. ഇതെന്തോ പെരുന്തച്ചന്‍ കോംപ്ലക്‌സാണ് എന്നാണ് വിവരദോഷികള്‍ പ്രചരിപ്പിച്ചത്. അതിലൊന്നും കഴമ്പില്ല. വസ്തുനിയമത്തിലെ വ്യവസ്ഥകള്‍ വായിച്ചുനോക്കാഞ്ഞിട്ടാണ്. നിശ്ചിതകാലം പാട്ടത്തിന് കൊടുത്ത ഭൂമി സമയം കഴിഞ്ഞാല്‍ തിരിച്ചേല്‍പ്പിച്ചേ പറ്റൂ.

തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തില്‍ മുറുകെപ്പിടിക്കും ശ്രീമാന്‍ ബി. തത്ത്വമേത് എന്നതിനെക്കുറിച്ചേ തര്‍ക്കമുണ്ടാകൂ. ജീവനോടെ ഇരിക്കുമ്പോള്‍ സ്വത്ത് ആര്‍ക്ക് വില്‍ക്കാനും ഉടമസ്ഥനവകാശമുണ്ട്. കാലശേഷമേ പിന്തുടര്‍ച്ചാവകാശിക്ക് സാധനം കൈവശപ്പെടുത്താന്‍ പറ്റൂ. അതാണ് ഇപ്പോള്‍ മുറുകെപ്പിടിച്ച തത്ത്വം. പാര്‍ട്ടിക്ക് ഗുണമില്ലാത്ത മന്ത്രിയെ പാര്‍ട്ടിക്ക് വേണ്ട എന്നതാണ് രണ്ടാമത്തെ പിടിവിടാന്‍ പറ്റാത്ത തത്ത്വം.
തത്ത്വങ്ങളില്‍ മുറുകെപ്പിടിക്കാന്‍ വേണ്ടി ആരുടെയും കരണത്തടിക്കാം എന്നുള്ളതാണ് മൂന്നാമത്തെ തത്ത്വം. ഇതൊരു തുടക്കം മാത്രമാണ്. രണ്ടു കരണത്തടിയും കാറില്‍ ചവിട്ടും ആണ് ഉദ്ഘാടനം. അടുത്ത ഘട്ടത്തില്‍ കേരള കോണ്‍ഗ്രസ് ബി.യില്‍ പരക്കെ കരണത്തടി നടപ്പാക്കുന്നതാണ്. 75 പിന്നിട്ടവരെ ജയിലില്‍ കിടത്തരുതെന്ന് പറഞ്ഞതുപോലെ 75 പിന്നിട്ടവര്‍ക്ക് ആരുടെയും കരണത്തടിക്കാം, തിരിച്ചടിക്കരുത് എന്നൊരു നിയമം യു.ഡി.എഫ്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി ഇറക്കുന്നതാണ്.

********

ഹര്‍ത്താലുകള്‍ക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയാണ് ഇടതുവലതുമുന്നണിക്കാര്‍. കോഴിക്കോടാണ് ഇതിന്റെ പരീക്ഷണശാല. കഴിഞ്ഞദിവസം ഇരുമുന്നണികളും ഒരേനാള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഒരു കൂട്ടര്‍ ഉച്ചപ്പണി, മറ്റേത് ഫുള്‍ ഡേ. ഗംഭീരകാരണങ്ങളായിരുന്നു ഇരുപക്ഷത്തിന്റെയും. മേയറെ ഗ്ലാസ് കൊണ്ടെറിഞ്ഞു. എന്നിട്ട് വല്ലതും പറ്റിയോ? ഇല്ല. മേല്‍ തട്ടാഞ്ഞതുകൊണ്ടും പൊട്ടാഞ്ഞതുകൊണ്ടും ചോര പൊടിഞ്ഞില്ല. എന്നിട്ട് അതിന് വല്ല കേസുമുണ്ടോ? ഇല്ലേയില്ല. പോലീസില്‍ പരാതി തന്നെയില്ല. ഒരു കൗണ്‍സിലറുടെ വീടിന് കല്ലെറിഞ്ഞു എന്നതാണ് യു.ഡി.എഫ്. ഹര്‍ത്താലിന് കാരണം. മതിയായ കാരണങ്ങള്‍തന്നെ. മുമ്പൊരിക്കല്‍, പാര്‍ട്ടി ഓഫീസില്‍ രാത്രി ആരോ എത്തിനോക്കിയതിന് ജില്ലാ ബന്ദ് പ്രഖ്യാപിച്ച ചരിത്രമുണ്ട് കോഴിക്കോട്ട്. ജനത്തിന് വലിയ കഷ്ടപ്പാടായെന്നാണ് മാധ്യമങ്ങളും മറ്റും പറയുന്നത്. അതില്‍ കഴമ്പില്ല. രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞ് അവിടെച്ചെന്ന് തമ്മില്‍ത്തല്ലുന്നവരെ സഹിക്കുന്ന ജനം ഇതിനപ്പുറവും അനുഭവിച്ചേ തീരൂ. വേറേ മാര്‍ഗമില്ല.

No comments:

Post a comment