Wednesday, 20 February 2013

മുഖ്യശത്രുവും മുഖ്യമിത്രവും


ശത്രുവിന്റെ ശത്രു മിത്രമാകുന്ന പ്രതിഭാസം രാഷ്ട്രീയത്തിലുണ്ട്‌. കോണ്‍ഗ്രസ്സുകാരുടെ മുഖ്യശത്രു കേരളത്തില്‍ അരനൂറ്റാണ്ടെങ്കിലുമായി മാര്‍ക്സിസ്റ്റുകാരാണ്‌. അതു മാറണമെങ്കില്‍ കമ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റുപാര്‍ട്ടി കോണ്‍ഗ്രസ്സുപോലെ അടിച്ചുപിരിയുന്ന പരുവത്തിലാകണം. കോണ്‍ഗ്രസ്സിനകത്തുള്ളവര്‍ക്ക്‌ പരസ്പരമുള്ള ശത്രുത മൂത്ത്‌ കണ്ണുകാണാതാവുമ്പോള്‍ മുഖ്യശത്രു ഏതെന്ന്‌ തിരിച്ചറിയാന്‍ കഴിയാതെവരാറുണ്ട്‌. അപ്പോള്‍ ഒരു ഗ്രൂപ്പിനു സി.പി.എം. മിത്രമാകും; മറ്റേ ഗ്രൂപ്പ്‌ മുഖ്യശത്രുവുമാകും. ഇതെല്ലാം മാറിമറയുന്ന പ്രതിഭാസങ്ങളാണ്‌. അതുകൊണ്ടാണ്‌ മുന്‍പാരോ, രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളില്ല, നിത്യതാത്‌പര്യങ്ങളേ ഉള്ളൂ എന്നു പറഞ്ഞത്‌.
അരനൂറ്റാണ്ടായി നേതാക്കള്‍ നാക്കുകൊണ്ടും അനുയായികള്‍ കത്തികൊണ്ടും പരസ്പരം കുത്തിമരിക്കുകയും ജീവിക്കുകയും ചെയ്യുന്ന രണ്ടു പ്രസ്ഥാനങ്ങളാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്സും സി.പി.എമ്മും. കുത്തി ജീവിക്കുന്നത്‌ നേതാക്കള്‍. കുത്തിമരിക്കുന്നത്‌ അനുയായികള്‍ എന്ന വ്യത്യാസമേ ഉള്ളൂ. മാര്‍ക്സിസ്റ്റുകാരുടെ ജനാധിപത്യ വിരുദ്ധ-സ്റ്റാലിനിസ്റ്റ്‌ ഏകാധിപത്യ-അക്രമരാഷ്ട്രീയത്തിനെതിരെ നാലുവാചകം പറയാത്തൊരു പ്രസംഗം കോണ്‍ഗ്രസ്സുകാരാരും കേരളചരിത്രത്തില്‍ ചെയ്തിട്ടുണ്ടാവില്ല. കോണ്‍ഗ്രസ്സിന്റെ ജന്മി-മുതലാളിത്ത-ബൂര്‍ഷ്വാ ചെരിപ്പുനക്കിത്തരത്തെക്കുറിച്ച്‌ പറയാതെ മാര്‍ക്സിസ്റ്റ്‌ പ്രസംഗവും ഉണ്ടായിട്ടില്ല. ഇതൊക്കെയാണെങ്കിലും ഇടയ്ക്കൊരു ഘട്ടത്തില്‍ മുഖ്യശത്രുക്കള്‍ക്ക്‌ പരസ്പരം കെട്ടിപ്പിടിച്ചൊന്നു ഉമ്മവെക്കാന്‍ തോന്നിയെന്നിരിക്കും. ബോധത്തോടെ തന്നെ ചെയ്യുന്നതാണത്‌. കെട്ടിപ്പിടിത്തം ദ്ദതരാഷ്ട്രാലിംഗനമാകാനും പൂര്‍വസ്ഥിതി പ്രാപിച്ച്‌ പരസ്പരം കടിച്ചുകീറാനും അധികം സമയമെടുക്കില്ല എന്നൊരു ആശ്വാസമേയുള്ളൂ.

കോണ്‍ഗ്രസ്സിന്റെ ഭരണം എത്രനേരത്തെഇടിച്ചുപൊളിച്ചു താഴെയിടുന്നുവോ അത്രയും പ്രയോജനം രാജ്യത്തിനുണ്ടാവും എന്നു പ്രസംഗിച്ചു നടക്കുന്നതിനിടയിലാണ്‌ 1969-ല്‍ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ നിലവാരത്തില്‍ ശരിക്കുമൊന്നു പിളര്‍ന്നത്‌. ഇന്ദിരാഗാന്ധിയുടെ ഭരണം പൊളിക്കാന്‍ കോണ്‍ഗ്രസ്സിലെ പിന്തിരിപ്പന്‍ സിന്‍ഡിക്കേറ്റ്‌ രംഗത്തിറങ്ങിയപ്പോള്‍ അവരുടെ ഒപ്പം ചേര്‍ന്നു ഭരണം പൊളിക്കുകയല്ല സി.പി.എം ചെയ്തത്‌. മാസങ്ങളോളം ഇന്ദിരാഭരണത്തെ നാലുഭാഗത്തുനിന്നും താങ്ങിനിര്‍ത്തുകയാണ്‌ ചെയ്തത്‌.

കേരളത്തിലാകട്ടെ ആന്റണി-കരുണാകരന്മാര്‍ മുഖ്യശത്രുക്കളായതുകൊണ്ട്‌ സിന്‍ഡിക്കേറ്റുകാര്‍ക്കാണ്‌ നിയമസഭാതിരഞ്ഞെടുപ്പില്‍ സി.പി.എം. പിന്തുണ നല്‍കിയത്‌. രാഷ്ട്രീയനയവും ഇരുമ്പുലക്കയൊന്നുമല്ല. സ്ഥിതി അധികം നീണ്ടുനിന്നില്ല. ഇന്ദിരാഗാന്ധിക്ക്‌ ഇടതുസഹായമില്ലാതെ ഭരിക്കാമെന്നായപ്പോള്‍ ഇടതും ഇന്ദിരയും മുഖ്യശത്രുക്കളായി. അടിയന്തരാവസ്ഥ എത്തിയപ്പോള്‍ ഫാസിസ്റ്റ്‌ ജനസംഘം പോലും സി.പി.എമ്മിന്റെ മിത്രകക്ഷിയായത്‌ നമ്മള്‍ കണ്ടതാണല്ലോ.മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ എ.കെ.ആന്റണിയോടുള്ള ശത്രുതയ്ക്ക്‌ വിമോചന സമരത്തോളം പഴക്കമുണ്ട്‌. 'ഒരണാസമരത്തിന്റെ സന്തതി'യെന്നൊക്കെയാണ്‌ ആന്റണിയെ മാര്‍ക്സിസ്റ്റുകാര്‍ ആക്ഷേപിക്കാറ്‌. ഒരണയായിരുന്ന ബോട്ടുകൂലി- ഇന്നത്തെ ആറുപൈസയോളം വരും- വര്‍ധിപ്പിച്ചതിനെതിരെ 1958-ല്‍ വിദ്യാര്‍ഥികള്‍ ആലപ്പുഴയില്‍ നടത്തിയ സമരമാണ്‌ ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ തകര്‍ച്ചയിലേക്കു നയിച്ച വിമോചനസമരത്തിന്റെ തുടക്കമെന്നാണല്ലോ കഥ. അന്നു ചില്ലറ നേതാവായി ആന്റണി ചേര്‍ത്തലയില്‍ എവിടെയോ ഉണ്ടായിരുന്നത്രെ. '67-ലെ തിരഞ്ഞെടുപ്പോടെ ഏതാണ്ട്‌ അസ്തമിച്ച കോണ്‍ഗ്രസ്സിനെ കേരളത്തില്‍ ഉയിര്‍ത്തെഴുനേല്‍പിച്ച യൂത്ത്‌ കോണ്‍ഗ്രസ്സിന്റെ നേതാവും എ.കെ. ആന്റണിയായിരുന്നല്ലോ. അതും വലിയ അപരാധം തന്നെ. മുഖ്യശത്രുവാകാന്‍ വേറെ യോഗ്യത വേണ്ട. പക്ഷേ, 1981 ആയപ്പോഴേക്ക്‌ സ്ഥിതി മാറി. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെ എതിര്‍ത്ത്‌ വേറെ പാര്‍ട്ടിയായി മാറിയിരുന്നു അപ്പോഴേക്കും ആന്റണിയും കൂട്ടരും. ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയാകുകയും ചെയ്തിരുന്നു. കേരളത്തിലാകട്ടെ രണ്ടുകൂട്ടരും വലിയ ഗതിയില്ലാത്ത അവസ്ഥയിലായിരുന്നു. എങ്കില്‍പ്പിന്നെ വിശാലമായ കോണ്‍ഗ്രസ്‌-സി.പി.എം- സി.പി.ഐ- ഇതുപക്ഷ ഐക്യമായി കളിതുടങ്ങാം എന്നായി ആലോചന. അങ്ങനെയാണ്‌ ആന്റണികോണ്‍ഗ്രസ്‌ സി.പി.എമ്മിന്റെ മുന്നണിയിലെത്തിയത്‌.

അധികകാലമൊന്നും നടന്നില്ല കളി. ഭരണത്തിലായിരുന്നിട്ടുകൂടി കോണ്‍ഗ്രസ്സുകാര്‍ക്ക്‌ സി.പി.എമ്മിനെ സഹിക്കാനായില്ല. ഡി.സി.സി. ഓഫീസില്‍ക്കൂടി കയറി അടിക്കുകയാണ്‌ സി.പി.എമ്മുകാരെന്ന്‌
ആന്റണികോണ്‍ഗ്രസ്സുകാര്‍ വിലപിക്കാന്‍ തുടങ്ങി. അന്നത്തെ മുന്നണിയിലെ കോണ്‍ഗ്രസ്‌-സി.പി.എം. സംഘര്‍ഷത്തെക്കുറിച്ച്‌ ആന്റണിയുടെ സന്തത സഹചാരിയായിരുന്ന ചെറിയാന്‍ ഫിലിപ്പ്‌ വിവരിക്കുന്നുണ്ട്‌. സി.പി.എമ്മിന്റെ സഹവാസം മടുത്ത കോണ്‍ഗ്രസ്സുകാര്‍ ആന്റണിക്ക്‌ അയച്ചുകൊടുത്ത ലഘുലേഖയില്‍ ചോദിച്ചു: "ഇപ്പോഴത്തെ മുന്നണിയില്‍ ഇനി എത്രനാള്‍ തുടരാമെന്നാണ്‌ ആന്റണി പ്രതീക്ഷിക്കുന്നത്‌? എത്ര പതാകകള്‍ കൂടി ചുട്ടെരിച്ചാല്‍, എത്ര ഓഫീസുകള്‍ തല്ലിത്തകര്‍ത്താല്‍, എത്ര മര്‍ദനമേറ്റാല്‍, എത്ര യുവജനങ്ങള്‍ കഠാരയ്ക്കു വിധേയരായാല്‍, എത്ര വിദ്യാര്‍ഥികളുട മൂക്കും കൈയും വിച്ഛേദിക്കപ്പെട്ടാല്‍, എത്ര സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍, അതോ മറ്റേതു സാഹചര്യമാണ്‌ ഈ മുന്നണി വിടാന്‍ നിങ്ങളെ പ്രേരിപ്പിക്കുക." ആന്റണിയും കൂട്ടരും പിന്നെ ഇറങ്ങിയോടി. കെ. കരുണാകരന്റെ സമക്ഷത്തിലാണ്‌ അഭയം പ്രാപിച്ചത്‌. ചെറിയാന്‍ ഫിലിപ്പ്‌ ഒപ്പം തന്നെ ഉണ്ടായിരുന്നു.

ഇന്ന്‌ കെ.കരുണാകരനും പുത്രനും ഇറങ്ങിയോടി സി.പി.എമ്മിന്റെ സമക്ഷത്തില്‍ അഭയം തേടണമെന്ന്‌ തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ലല്ലോ. ചരിത്രം ആവര്‍ത്തിക്കാറുണ്ട്‌. ചിലപ്പോള്‍ പ്രഹസനമായിട്ടാവും എന്നേയുള്ളൂ. അന്ന്‌ ആന്റണികോണ്‍ഗ്രസ്സുകാര്‍ക്ക്‌ ഉണ്ടായ അനുഭവം നാളെ ഐ ഗ്രൂപ്പുകാര്‍ക്ക്‌ സി.പി.എമ്മില്‍ നിന്നുണ്ടാവുമെന്ന ഭയത്തിന്റെയൊന്നും ആവശ്യമില്ല. ചെറിയാന്‍ ഫലിപ്പ്‌ ഇത്തവണ സി.പി.എമ്മിന്റെ കൂടെ ഉള്ളതുകൊണ്ട്‌ ആശങ്കവേണ്ട. ഒന്നും സംഭവിക്കില്ല. സി.പി.എമ്മിനു ഭരിക്കാന്‍ ഐ ഗ്രൂപ്പിന്റെ കൈത്താങ്ങ്‌ വേണോ എന്നേ സംശയമുള്ളൂ. ആന്റണികോണ്‍ഗ്രസ്സിനെ കൂട്ടേണ്ടത്‌ ഭൂരിപക്ഷം
കിട്ടാന്‍ സി.പി.എമ്മിന്‌ അന്ന്‌ ആവശ്യമായിരുന്നു. ഇന്നു ഭൂരിപക്ഷം കിട്ടാന്‍ കെ. കരുണാകരന്റെ സഹായം വേണ്ട. 'മൃഗീയ' ഭൂരിപക്ഷം കിട്ടാതിരിക്കാന്‍ ഒരുപക്ഷേ, ഇടതുമുന്നണിയിലെ ഐ ഗ്രൂപ്പ്‌ സാന്നിധ്യം സഹായകമായേക്കുമെന്നേ ഉള്ളൂ. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുവഴക്കു മൂത്താലാണ്‌ ശത്രുവിനെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ്സുകാര്‍ക്കു കണ്ണുകാണാതാവുക. സി.പി.എം. മിത്രമാണെന്നു കെ.കരുണാകരനും മുരളിക്കും തോന്നിപ്പോകണമെങ്കില്‍ കോണ്‍ഗ്രസ്സിനകത്തെ സ്ഥിതിയെത്ര നരകതുല്യമായിരിക്കണം. എരിതീയില്‍ നിന്നുചാടുന്നവനു വറചട്ടിയിലെ കിടപ്പ്‌ മഞ്ഞുപെയ്യും രാവിലെ നടപ്പുപോലെ തോന്നുമായിരിക്കും. ആവോ; അനുഭവിച്ചല്ലേ പറയാനാവൂ.

***
മത-ജാതി- ഈര്‍ക്കില്‍ പാര്‍ട്ടികളുടെ സ്വാധീനം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും യോജിക്കണമെന്നു കരുതുന്നവര്‍ കോണ്‍ഗ്രസ്സിലുണ്ട്‌. ഗൗരവമുള്ള ചിന്ത തന്നെയത്‌. കെ.കരുണാകരന്റെ പക്ഷത്തുനിന്നുകൊണ്ട്‌ ഇങ്ങനെയൊരു ആലോചന വരുന്നതുതന്നെ അത്ഭുതകരമാണ്‌. കേരളത്തില്‍ മത-ജാതി ഈര്‍ക്കിലുകളെ ഇഷ്ടമല്ലാത്തത്‌ ആര്‍ക്കാണ്‌?

കെ.കരുണാകരനു കേരള രാഷ്ട്രീയത്തില്‍ മുന്തിയ സ്ഥാനം നേടിക്കൊടുത്തത്‌ മത-ജാതി-ഈര്‍ക്കിലുകളെ തന്റെ ചിറകിനു കീഴില്‍ നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവാണ്‌. യു.ഡി.എഫ്‌. തന്നെ മത-ജാതിപ്പാര്‍ട്ടികളുടെയൊരു മുന്നണിയാണ്‌ . ജാതിക്കാരെയും മതക്കാരെയും വേണ്ടപ്പോള്‍ ഭിന്നിപ്പിച്ചും വേണ്ടപ്പോള്‍ യോജിപ്പിച്ചും ഒപ്പം നിര്‍ത്തുക എന്ന കലയുടെ ഗുരുവാണദ്ദേഹം. അദ്ദേഹത്തിനതു മടുക്കുന്ന പ്രശ്നമില്ല.

പിന്നെ, സി.പി.എമ്മിനാണോ ഈര്‍ക്കിലുകളോട്‌ വിരോധമുള്ളത്‌? നിയമസഭയില്‍ ഒരംഗം മാത്രമുള്ള കക്ഷിക്ക്‌ ഒരുപക്ഷേ, ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മന്ത്രിസ്ഥാനം നല്‍കിയത്‌ 1967-ല്‍ ഇ.എം.എസ്‌ ആണല്ലോ. 1957-ലെ മന്ത്രിസഭയില്‍, നിയമസഭയിലെ അഞ്ചു സ്വതന്ത്രന്മാരില്‍ മൂന്നുപേരെയും മന്ത്രിമാരാക്കിയ ഇ.എം.എസ്സിനാണോ കെ.ടി.പി.ക്കും കെ.എസ്‌.പി.ക്കും (67 കാലത്തെ രണ്ടു പാര്‍ട്ടികളാണ്‌. കര്‍ഷകത്തൊഴിലാളി പാര്‍ട്ടിയും കേരള സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയും. പിന്നീട്‌ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ അന്തരിച്ചു) മന്ത്രിസ്ഥാനം നല്‍കാന്‍ മടി തോന്നേണ്ടത്‌? ആദ്യമായി മുസ്‌ലിം ലീഗിനു മന്ത്രിസ്ഥാനം നല്‍കിയതും ഇ.എം.എസ്‌. തന്നെ. അതുകൊണ്ട്‌, കേരള രാഷ്ട്രീയം ശുദ്ധീകരിക്കാന്‍ വേണ്ടി കെ.മുരളീധരനും പിണറായി വിജയനും ഒത്തുഭരിക്കണമെന്നൊന്നും പറയരുതേ ആരും.

*** ***

ശത്രുവേതെന്നും മിത്രമേതെന്നുമൊക്കെ അറിയുമെങ്കിലും വോട്ട്‌ ആര്‍ക്ക്‌ ചെയ്യണമെന്നറിയാതെ ഓരോ തിരഞ്ഞെടുപ്പിലും കണ്‍ഫ്യൂഷനിലാകുന്നവരാണ്‌ ബി.ജെ.പി-ആര്‍.എസ്‌.എസ്സുകാരിലൊരു വിഭാഗം. മുഖ്യശത്രു മാര്‍ക്സിസ്റ്റുകാര്‍ തന്നെ. അതുകൊണ്ട്‌ ദണ്ഡ്‌ ഉയര്‍ത്തിപ്പിടിച്ചു തടഞ്ഞാലും ഒരു വിഭാഗം കടന്നുചാടിച്ചെന്നു യു.ഡി.എഫിനു വോട്ടുചെയ്തുകളയും. ബേപ്പൂര്‍, വടകരക്കഥകള്‍ പരേതനായ കെ.ജി. മാരാരുടെ ജീവചരിത്രകാരന്‍ കുഞ്ഞിക്കണ്ണന്‍ വിവരിച്ചിട്ടുണ്ട്‌. വയലാര്‍ രവി വോട്ടുചോദിച്ചു ചെന്നെന്ന സുദര്‍ശനന്റെ വെളിപ്പെടുത്തലില്‍ അത്ഭുതമൊന്നും വേണ്ട. ഇനി വോട്ടുചോദിച്ചാരും ചെന്നില്ലെന്നിരിക്കട്ടെ. എങ്കിലെന്തു ചെയ്യുമെന്നാണ്‌ വിചാരം? ഒരു ചെറുവിഭാഗം താമരയ്ക്കു കുത്തും. മറ്റൊരു വിഭാഗം ലേലം ചെയ്തു വോട്ടുവില്‍ക്കും. ഇതിന്റെ കഥ അറിഞ്ഞാലും സുദര്‍ശന്‍ പറയുകയില്ല. കോണ്‍ഗ്രസ്സുകാര്‍ ഗ്രൂപ്പ്‌ യുദ്ധത്തില്‍ തല്ലാന്‍ നല്ലൊരു വടികിട്ടിയ സന്തോഷത്തിലാണ്‌. തല്ല്‌ നടക്കട്ടെ.

No comments:

Post a comment