Tuesday, 19 February 2013

പിതൃശൂന്യതയും വിവേകശൂന്യതകളും


പൊതുപ്രശ്നങ്ങളോടുള്ള പ്രതികരണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ഒരു പോലെ നിയന്ത്രണം വിടുന്നതിന്റെ ഉദാഹരണങ്ങള്‍ കൂടിക്കൂടി വരുന്നുണ്ട്‌. വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ എന്ത്‌ ലക്ഷ്യത്തിന്‌ വേണ്ടിയാണത്‌ ചെയ്യുന്നത്‌ എന്ന്‌ മാധ്യമങ്ങള്‍ ആലോചിക്കുന്നേയില്ല. എല്ലാ വിവാദങ്ങളും തങ്ങള്‍ക്കു ഗുണകരമാണെന്ന ചിന്തയാണ്‌ മിക്കപ്പോഴും മാധ്യമങ്ങളെ ഭരിക്കുന്നത്‌.പക്ഷെ പലപ്പോഴും, വിവാദമുണ്ടാക്കുന്ന പൊതുപ്രവര്‍ത്തകരും വിവാദം വിറ്റു നിലനില്‍ക്കുന്ന മാധ്യമങ്ങളും അര്‍ത്ഥശൂന്യവിവാദങ്ങളിലൂടെ പരിഹാസ്യരാവുകയാണ്‌ ചെയ്യുന്നത്‌.

ഏറ്റവും ഒടുവിലത്തെ ഉദാഹരണം തന്നെയെടുക്കാം. എസ്‌.എഫ്‌.ഐ.യെ കുറിച്ച്‌ ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വായിച്ച്‌ എസ്‌.എഫ്‌.ഐ.യുടെ സംസ്ഥാനസെക്രട്ടറി സ്വരാജ്‌ ശുണ്ഠിയെടുത്തുവല്ലോ.എസ്‌.എഫ്‌.ഐ.യെ കുറിച്ച്‌ എന്താണ്‌ പത്രത്തില്‍ വന്നതെന്നല്ലേ ?.സംഘടനയുടെ ജില്ലാക്യാമ്പില്‍ സംസ്ഥാനനേതാവും പ്രവര്‍ത്തകരും തമ്മിലെന്തോ വഴക്കും വക്കാണവുമുണ്ടായി എന്നും സംസ്ഥാനനേതാവിനെ കുറിച്ചെന്തെല്ലാമോ ചില പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞു എന്നും ചില പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. സാധാരണമായി പത്രങ്ങളില്‍ കാണുന്ന ചില അഭ്യൂഹങ്ങള്‍ മാത്രം. അവര്‍ വിളിച്ചുപറഞ്ഞതെന്തെന്നതിന്റെ രണ്ട്‌ സാമ്പിളുകള്‍ പത്രത്തില്‍ കൊടുത്തിരുന്നു. വനിതാനേതാവിന്റെ പ്രേമത്തെ കുറിച്ചെന്തോ ആരോ പറഞ്ഞെന്നതില്‍ മാത്രമായിരുന്നു അതില്‍ പുതുമ ഉണ്ടായിരുന്നത്‌. ലേഖകനും പത്രവും ഫ്യൂഡല്‍ പാരമ്പര്യക്കാരയതിനാലാവാം ആരെക്കുറിച്ചാണ്‌ പറഞ്ഞതെന്ന്‌ പേരെടുത്തു പറഞ്ഞിരുന്നില്ല.പ്രേമമെന്നത്‌ പുറത്ത്‌ പറയാന്‍ കൊള്ളാത്ത മഹാമോശം നടപടിദൂഷ്യമാണല്ലോ. ബൂര്‍ഷ്വാപത്രത്തിന്റെ ലേഖകന്‍ ഭാവനയില്‍ സൃഷ്ടിച്ചെടുത്തതാണ്‌ ഇക്കഥയെന്ന്‌ വിശ്വസിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്‌. ഇത്രയും ഭാവനയുണ്ടെങ്കില്‍, ലേഖകന്‍ വല്ല പൈങ്കിളി സീരിയലുമെഴുതി നാല്‌ ചക്രമുണ്ടാക്കാന്‍ പോവുകയേയുള്ളൂ, വാര്‍ത്തയെഴുതി ജീവിതം പാഴാക്കേണ്ട കാര്യമില്ല.ലേഖകന്റേത്‌ ഭാവനാസൃഷ്ടിയല്ല, അകത്ത്‌ നടന്ന ചര്‍ച്ചയെ കുറിച്ചുള്ള വിവരണം തന്നെയാണ്‌ എന്ന്‌ അറിഞ്ഞതു കൊണ്ടാവണം സമനില തെറ്റിയ പ്രതികരണമാണ്‌ സംഘടനാനേതാക്കളില്‍ നിന്നുണ്ടായത്‌. സഖാക്കള്‍ ചോര്‍ത്തിത്തന്നുവെന്ന്‌ വെച്ച്‌ എല്ലാമങ്ങ്‌ പത്രത്തില്‍ കൊടുക്കാമോ ?.

വാര്‍ത്ത ചോര്‍ത്തിയെന്നറിഞ്ഞാല്‍ , ആര്‌ ചോര്‍ത്തി എന്ന ചോദ്യമാണ്‌ നേതാക്കളുടെ നാവില്‍ വന്ന്‌ തിക്കുമുട്ടുണ്ടാക്കുക. അതറിഞ്ഞിട്ടു വേണമല്ലോ അന്വേഷണക്കമ്മീഷനുണ്ടാക്കി ചെവിക്ക്‌ പിടിച്ചു പുറത്തുകളയാന്‍.ലേഖകനോട്‌ സ്വകാര്യമായി ചോദിച്ചുനോക്കണമെങ്കില്‍ ലേഖകനാരെന്ന്‌ അറിയേണ്ടേ ? അതൊന്നും പറ്റാത്ത അവസ്ഥയാണ്‌ ഉണ്ടായിരിക്കുന്നത്‌. പത്രത്തില്‍ ലേഖകന്റെ പേരില്ല.ഏത്‌ സ്ഥലത്ത്‌ നിന്നാണെന്നു പോലുമില്ല. വാര്‍ത്തയുടെ പിതൃശൂന്യതയെ കുറിച്ച്‌ സഖാവ ്‌ സ്വരാജിന്‌ ക്ഷോഭം വന്നത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. ആര്‍ക്കായാലും ക്ഷോഭം വരാതിരിക്കില്ല.വാര്‍ത്ത ആരെഴുതി എന്നതും വിവരാവകാശനിയമത്തില്‍ പെടുത്തേണ്ടതുണ്ടോ ?

സംഘടനയിലെ ഗ്രൂപ്പിസത്തെ കുറിച്ചെഴുതിയതല്ല, വനിതാനേതാവിന്റെ പ്രേമത്തെക്കുറിച്ചെഴുതിയതാണ്‌ മോശമെന്ന മട്ടിലായിരുന്നു വ്യാഖ്യാനം . തീര്‍ച്ചയായും പ്രേമം വ്യക്തിയുടെ സ്വകാര്യം തന്നെയാണ്‌.' സ്വകാര്യം' പങ്ങ്തിയിലായാലും അതിന്ന്‌ സ്ഥാനം നല്‍കാന്‍ പാടുള്ളതല്ല. എന്നാല്‍ ,പൊതുപ്രവര്‍ത്തകന്റെ പ്രേമം സംഘടനാവേദിയില്‍ ചര്‍ച്ചാവിഷയമായെങ്കില്‍ പത്രം അതു മറച്ചുവെക്കേണ്ട കാര്യമുണ്ടോ ? ലേഖകന്റെയും പത്രത്തിന്റെയും ഔചിത്യത്തിന്‌ വിടുകയല്ലാതെ ഇക്കാര്യത്തില്‍ സര്‍വസമ്മതമായ തത്ത്വമുണ്ടാക്കാനൊന്നും ആവില്ല. എസ്‌.എഫ്‌.ഐ.സമ്മേളനത്തില്‍ ഇങ്ങനെ പരാമര്‍ശമുണ്ടായോ എന്നത്‌ പ്രധാനപ്പെട്ട കാര്യം തന്നെയാണ്‌. എന്നാല്‍ എസ്‌.എഫ്‌.ഐ. സിക്രട്ടറിയുടെ വാക്കുകളെ ഇക്കാര്യത്തില്‍ അവസാനവാക്കായി സ്വീകരിക്കാന്‍ സാധിക്കുമെന്ന്‌ തോന്നുന്നില്ല.
വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു സംഗതി ചോദിച്ചുകൊള്ളട്ടെ. പ്രേമം ഇത്ര മോശം സംഗതിയാണോ ?എസ്‌.എഫ്‌.ഐ. സെക്രട്ടറിയുടെയും പാര്‍ട്ടി പത്രത്തിന്റെയും പ്രതികരണം കേട്ടാല്‍ എന്തോ ഗുരുതരമായ സദാചാരലംഘനമാണ്‌ ആരോപിക്കപ്പെട്ടതെന്നാണ്‌ തോന്നുക. ഇതേ ആരോപണം സിന്ധുജോയിയെ കുറിച്ചല്ല, സ്വരാജിനെ കുറിച്ചാണ്‌ ഉണ്ടായതെന്ന്‌ സങ്കല്‍പ്പിക്കുക. പാര്‍ട്ടി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഇല്ല എന്നുറപ്പിച്ചു പറയാനാവും. വനിതയെ കുറിച്ചാണെങ്കില്‍ അങ്ങിനെ പറഞ്ഞുകൂടാ എന്നര്‍ത്ഥം. ബൂര്‍ഷ്വാ- ഫ്യൂഡല്‍ സങ്കല്‍പ്പങ്ങള്‍ അനുസരിച്ചുതന്നെയാണോ സി.പി.എമ്മും മുന്നോട്ട്‌ പോകുന്നത്‌ ?


കമ്യുണിസത്തില്‍ പ്രേമത്തിന്‌ പണ്ടും നിരോധനമില്ലായിരുന്നു. ഇന്ന്‌ പ്രേമം ഒരു മോശം ഏര്‍പ്പാടാണെന്ന്‌ കരുതുന്നവര്‍ സിക്സ്റ്റി പ്ലസ്‌ ജനറേഷനില്‍ പോലമില്ല.പിന്നെയെന്തിനാണ ്‌ ഇത്രയും രോഷം കൊള്ളുന്നത ്‌ ?. എസ്‌.എഫ്‌.ഐ. യില്‍ ചേരാന്‍ മാത്രം വിപ്ലവബോധമില്ലാത്ത മറ്റ്‌ പുതുതലമുറക്കാര്‍ പോലും ഈ വക പഴഞ്ചന്‍ ഫ്യൂഡല്‍ സദാചാരമൂല്യങ്ങള്‍ക്ക്‌ പുല്ലുവില കല്‍പ്പിക്കുന്നില്ല. പിന്നെയെന്തിന്‌ വിപ്ലവകാരികള്‍ക്കു ലജ്ജയും നാണവും തോന്നണം. സത്യമാണെങ്കില്‍ പുരപ്പുറത്ത്‌ കയറിനിന്ന്‌ ലോകം മുഴുവന്‍ കേള്‍ക്കേ ഉച്ചത്തിലത്‌ വിളിച്ചുപറയാനുള്ള നെഞ്ചുറപ്പു വേണം. സത്യമല്ലെങ്കിലോ ? പുഛം നിറഞ്ഞ ഒരു ചിരിയില്‍ അവസാനിപ്പിക്കാവുന്ന ഒരു അസംബന്ധം മാത്രമായതിനെ കാണാനാവണം.പ്രേമബദ്ധരായ മന്ത്രിമാരുടെ വിവാഹം പാര്‍ട്ടി സംസ്ഥാനസെക്രട്ടറി ക്ഷണക്കത്തയച്ചു നടത്തിയ സംസ്ഥാനമാണിത്‌.വരനും വധുവും കമ്യൂണിസ്റ്റുകാര്‍, രണ്ടു മതക്കാര്‍. അരനുറ്റാണ്ട്‌ മുമ്പ്‌ ഈ വിപ്ലവം നടന്ന സംസ്ഥാനത്താണിപ്പോള്‍ പ്രേമം എന്ന്‌ കേള്‍ക്കുമ്പോള്‍ വിപ്ലവകാരികള്‍ നാണിക്കുന്നത്‌. വനിതാനേതാവിനെ കുറിച്ച്്‌ പറഞ്ഞതാണത്രെ മോശമായത്‌. യുവസഖാക്കള്‍ പോലും സ്ത്രീവിരുദ്ധാശയങ്ങളില്‍ നിന്ന്‌ മോചിതരായിട്ടില്ല. പുരുഷനേതാവിനെ കുറിച്ചാണ്‌ പ്രേമക്കാര്യം പറഞ്ഞതെങ്കില്‍ പുള്ളിക്കാരന്‍ കോളറൊന്ന്‌ പൊക്കി നെഞ്ചുന്തി നടക്കുമായിരുന്നു.കാലം മാറിയിട്ടുണ്ടെന്നാണ്‌ തോന്നുന്നത്‌ സഖാക്കളേ. നിയമസഭാതെരഞ്ഞെടുപ്പിന്‌ മുമ്പായിരുന്നു ഈ വാര്‍ത്ത വന്നിരുന്നതെങ്കില്‍ വനിതാസ്ഥാനാര്‍ത്ഥിക്ക്‌ ആയിരം വോട്ടെങ്കിലും അധികം കിട്ടുമായിരുന്നു.

വിവാദം പുരോഗമിച്ചപ്പോള്‍ മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ എസ്‌.എഫ്‌.ഐ.സെക്രട്ടറിയെ വലിയ നായകനാക്കുകയാണ്‌ ചെയ്തത്‌.അറിയാതെയാവാനാണ്‌ സാധ്യത!. സ്വരാജ്‌ എന്ന സംഘടനാ സെക്രട്ടറിയെ വാനോളം പൊക്കുകയാണവര്‍. മാധ്യമവാര്‍ത്തകളുടെ പിതൃശൂന്യാവസ്ഥയെ കുറിച്ചു പറഞ്ഞുകളഞ്ഞത്രെ സ്വരാജ്‌ .അതിനെ കുറിച്ച്‌ പല പക്ഷങ്ങളുണ്ട്‌. വാര്‍ത്തയുടെ പിതൃശൂന്യതയെ കുറിച്ചാണ്‌ പറഞ്ഞത്‌ എന്നൊരു പക്ഷം. അതല്ല , മാധ്യമപ്രവര്‍ത്തകരുടെ പിതൃശുന്യാവസ്ഥയെ കുറിച്ചുതന്നെയാണ്‌ പറഞ്ഞത്‌ എന്ന്‌ മറ്റൊരു പക്ഷം .സ്വരാജ്‌ പറഞ്ഞാല്‍ നാട്ടുകാരെല്ലാം മാധ്യമപ്രവര്‍ത്തകരുടെ പിതാക്കന്മാരെ കുറിച്ച്‌ സംശയിച്ചേക്കുമെന്ന മട്ടിലായിരുന്നു ചില പത്രപ്രവര്‍ത്തകരുടെ പ്രതികരണം. പിതാവെന്നത്‌ സ്വരാജ്‌ തുപ്പിയാല്‍ തെറിക്കുന്ന മൂക്കാണോ എന്തോ. എന്തായാലും സ്വരാജ്‌ ഒരു വിദ്യാര്‍ത്ഥി സംഘടനാ നേതാവ്‌ മാത്രമാണെന്ന കാര്യം മാധ്യമങ്ങള്‍ മറന്ന ലക്ഷണമുണ്ട്‌. പുള്ളിക്കാരന്‍ സംസാരിക്കുന്നത്‌ കേട്ടാല്‍ ഇതു പിണറായി തന്നെഎന്ന്‌ ആര്‍ക്കും തോന്നിപ്പോകുമെങ്കിലും ആള്‌ സ്വരാജ്‌ തന്നെയാണല്ലോ. പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞാല്‍ പോലും പത്രപ്രവര്‍ത്തകസംഘടനയുടെ ഒരു പ്രസ്താവനയില്‍ അവസാനിപ്പിക്കാനുള്ള യോഗ്യതയേ അതിനും കൈവരൂ.സ്വരാജ്‌ ഒരു വിദ്യാര്‍ത്ഥിസംഘടനയുടെ സെക്രട്ടറി മാത്രം.എന്ത്‌ വേണമെങ്കിലും പറയാനുള്ള ലൈസന്‍സ്‌ ഉള്ളവരാണ്‌ വിദ്യാര്‍ത്ഥികള്‍.സ്വരാജിനോട്‌ കെ.എസ്‌.എഫ്‌. സെക്രട്ടറിയായി രാഷ്ടീയം തുടങ്ങി ഇവിടം വരെ എത്തിയ പിണറായി വിജയന്‌ പോലും അസൂയ തോന്നാനിടയുണ്ട്‌. സ്വരാജ്‌ പറഞ്ഞതിന്റെ പത്തിരട്ടി വിഷമുള്ള നൂറു പ്രസംഗം ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥി നേതാവുണ്ടോ കേരളത്തിലെന്ന്‌ സംശയമാണ്‌.അവര്‍ക്കൊന്നും പത്രത്തില്‍ ഒരു പഴയ പന്ത്രണ്ട്‌ പോയന്റ്‌ തലക്കെട്ട്‌ പോലും കിട്ടാറില്ല. ഇപ്പോള്‍ ചിലര്‍ ചാനലുകളില്‍ നിന്നിറങ്ങിയ നേരമില്ല. ്‌. കുല്‍ദിപ്‌ നയ്യാരും മറ്റുമാണ്‌ സ്വരാജിനോട്‌ പിടിക്കാന്‍ രംഗത്തിറങ്ങിയിട്ടുള്ളത്‌. കോഫി അന്നനെ ഇറക്കുമോ ആവോ. എന്തായാലും ഇനി പിടിച്ചാല്‍ കിട്ടുമെന്ന്‌ തോന്നുന്നില്ല.വെച്ചടി കയറ്റമായിരിക്കും.ഈ നിലക്കാണ്‌ കാര്യങ്ങളുടെ പോക്കെങ്കില്‍ ഫോര്‍ത്ത്‌ എസ്റ്റേറ്റിന്റെ കാര്യം പോക്ക്‌ തന്നെയാണ്‌.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. എന്ത്‌ നല്ല കാര്യവും മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യണമല്ലോ. യഥാര്‍ത്ഥത്തില്‍ ഈ സ്വരാജ്‌ വിരുദ്ധപ്രസ്ഥാനം തുടങ്ങിവെച്ചത്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തന്നെയാണ്‌. വെറും പയ്യനായ സ്വരാജിന്റെ പ്രതികരണത്തേക്കാള്‍ മോശമായിരുന്നു വന്ദ്യവയോധികനായ, 'പിതൃതുല്യനായ' മുഖ്യമന്ത്രിയുടെ പ്രതികരണം. സ്വരാജ്‌ എന്താണ്‌ പറഞ്ഞതെന്നോ എന്താണ്‌ പറയാനുള്ളതെന്നോ അന്വേഷിക്കാന്‍ മുതിരാതെയാണ്‌ ആ യുവസഖാവിന്റെ സ്വഭാവശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്ന പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്‌. എല്ലാം 'പഠിക്കാന്‍' ഇഷ്ടം പോലെ സമയമെടുത്തുവരുന്ന മുഖ്യമന്ത്രിക്ക്‌ ഇക്കാര്യത്തില്‍ ഒരു നിമിഷനേരത്തെ ആലോചന പോലും ആവശ്യമായി വന്നില്ല. എന്താവാം മുഖ്യമന്ത്രിയുടെ പ്രചോദനം ? ഗ്രൂപ്പിസത്തിന്റെ കഠിനവൈരമാവാം,മാധ്യമപ്രവര്‍ത്തകരുടെ പ്രീതി നേടാനുള്ള വ്യഗ്രതയാവാം. രണ്ടായാലും മുഖ്യമന്ത്രിയെ പോലൊരാളില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്തതതായി ആ പ്രതികരണം.


അച്യുതാനന്ദന്‌ സ്വരാജിനോട്‌ വിരോധം തോന്നിയത്‌ സ്വാഭാവികം മാത്രം. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ നല്ല പച്ചമലയാളത്തില്‍ കൈകാര്യം ചെയ്തിരുന്ന വിഷയമാണിത്‌. അദ്ദേഹം ഈ മണ്ണിന്റെ മകനായതു കൊണ്ട്‌ തന്ത, തന്തയില്ലായ്മ തുടങ്ങിയ മണ്ണിന്റെ മണമുള്ള നാടന്‍ പദങ്ങളാണ്‌ പ്രയോഗിക്കാറുള്ളത്‌.മുഖ്യമന്ത്രിയായിരുന്ന ഇ.കെ.ആന്റണിക്ക്‌ നേരെ പോലുമത്‌ പ്രയോഗിച്ചതുമാണ്‌. അത്‌ മനസ്സിലാക്കാം.താന്‍ മുഖ്യമന്ത്രിയായ തക്കം നോക്കി ഇന്നലെ മുളച്ച ഒരു തകര തന്റെ സ്ഥാനത്ത്‌ കയറിക്കുത്തിയിരിക്കാന്‍ നോക്കുന്നത്‌ എങ്ങനെ സഹിക്കും!.കുടുംബത്തില്‍ ജനിച്ചവര്‍ അങ്ങനെ ചെയ്യുമോ ?.

പതിവില്‍ കവിഞ്ഞ രൂക്ഷതയോടെയൊരു പ്രസ്താവനയാണ്‌ കേരള പത്രപ്രവര്‍ത്തകയൂണിയനും സ്വരാജിനോട്‌ പ്രതികരിച്ചത്‌.എന്നാല്‍ ഗുരുതരമായ ഒരു തെറ്റിദ്ധാരണ മാധ്യമപ്രവര്‍ത്തകരില്‍ പൊതുവെ ഉള്ളതായി ഈ വിവാദം വെളിവാക്കുന്നു. കോടതിയലക്ഷ്യം പോലെ ഇവിടെ മാധ്യമയലക്ഷ്യമുണ്ടോ ?

ജുഡീഷ്യറിയേയും നിയമസഭയേയും പോലെ ഫോര്‍ത്ത്‌ എസ്റ്റേറ്റിനെ വിമര്‍ശിക്കുന്നതില്‍ ഈ നാട്ടില്‍ ധാര്‍മികമോ ഭരണഘടനാപരമോ ആയ ഒരു പരിധിയും നിലവിലില്ല .അത്‌ മനസ്സിലാകാത്തത്‌ പോലെയാണ്‌ അവരില്‍ പലരും പെരുമാറുന്നത്‌.മാധ്യമങ്ങള്‍ക്ക്‌ രാഷ്ട്രീയപ്രവര്‍ത്തകരെ വിമര്‍ശിക്കാന്‍ എത്രത്തോളം സ്വാതന്ത്ര്യമുണ്ടോ അത്രത്തോളം സ്വാതന്ത്ര്യം മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുമുണ്ട്‌.വിമര്‍ശനത്തിന്‌ ആവശ്യമാണെന്ന്‌ തോന്നിയാല്‍ മറുപടി എഴുതാം.ബാക്കി കാര്യം വായനക്കാര്‍ക്ക്‌ വിട്ടുകൊടുക്കുകയേ വേണ്ടൂ. റിപ്പോര്‍ട്ട്‌ ചെയ്യാനെത്തുന്നവരെ അടിച്ചുവീഴ്ത്തുന്നവരോട്‌ പ്രതികരിക്കുന്നത്‌ പോലെ മാധ്യമവിമര്‍ശകരോടും പ്രതികരിക്കുന്നത്‌ മാധ്യമങ്ങള്‍ക്ക്‌ ജനങ്ങള്‍ നല്‍കുന്ന ആദരവ്‌ ഇല്ലാതാക്കുകയാണ്‌ ചെയ്യുക.തന്തയില്ലാത്തവനെന്ന്‌ ഇങ്ങോട്ട്‌ വിളിക്കുന്നവനെ വേണമെങ്കില്‍ അങ്ങോട്ടും അതുതന്നെ വിളിക്കാം. അല്ലെങ്കില്‍ കാര്യം അതേപടി റിപ്പോര്‍ട്ട്‌ ചെയ്തു മിണ്ടാതിരിക്കാം.വെറുതെ നെഞ്ചത്തടിച്ച്‌ അലമുറയിടുന്നത്‌ പരിഹാസ്യമാണ്‌.
ഒരു കാര്യം കൂടി വ്യക്തമാക്കേണ്ടതുണ്ടെന്ന്‌ തോന്നുന്നു. പത്രത്തില്‍ മനുഷ്യര്‍ക്കിടയിലെന്ന പോലെ പിതൃശൂന്യമായി യാതൊന്നുമില്ല. അച്ഛനില്ലാതെ ഒരു കുട്ടിയും ഇതുവരെ പിറന്നിട്ടില്ല. പത്രത്തില്‍ അച്ചടിച്ചുവരുന്ന ഓരോ അക്ഷരത്തിന്റേയും പിതാവ്‌ പത്രാധിപര്‍ തന്നെയാണ്‌.പത്രാധിപര്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത കാര്യമായാലും ശരി ഉത്തരവാദിത്തം പത്രാധിപര്‍ക്കു തന്നെയാണ്‌,നിയമപരമായും ധാര്‍മികമായും.പാര്‍ട്ടി പത്രത്തില്‍ തൂലികാനാമത്തില്‍ കോളമെഴുതുന്നത്‌ ആരെന്ന്‌ വായനക്കാരനറിയില്ലെന്നത്‌ പോലെയേ സ്വന്തം ലേഖകന്‍ എന്ന്‌ വെച്ചോ വെക്കാതെയോ വാര്‍ത്തയും കുറിപ്പും എഴുതുന്നതും.ഓരോന്നിനും അതര്‍ഹിക്കുന്ന പ്രാധാന്യമേ വായനക്കാര്‍ നല്‍കുകയുള്ളൂ എന്നു മാത്രം.

****************

മാധ്യമസിണ്ടിക്കേറ്റ്‌ സംബന്ധിച്ച സി.പി.എം.-ദേശാഭിമാനി ആക്ഷേപങ്ങളെ കുറിച്ച്‌ ഈ ലേഖകന്‍ മാധ്യമം വാരികയിലെഴുതിയ ലേഖനത്തിന്‌ ദേശാഭിമാനി വാരികയില്‍ ടി.കെ.രമേശ്ബാബു വിശദമായ മറുപടി എഴുതുകയുണ്ടായി.ഒരു പാട്‌ കാര്യങ്ങള്‍ വിശദീകരണം ആവശ്യപ്പെടുന്നുണ്ട്‌ എന്ന്‌ തോന്നിയത്‌ കൊണ്ട്‌ മാത്രമാണ്‌ മറുപടി എഴുതിയത്‌. പ്രസിദ്ധീകരണത്തിനൊന്നും നല്‍കിയിരുന്നില്ല. ഈ സൈറ്റില്‍ പ്രസിദ്ധീകരിച്ചത്‌ ദേശാഭിമാനി വാരിക പുന:പ്രസിദ്ധീകരിക്കുകയും വിശദമായി മറുപടി നല്‍കുകയുംചെയ്തു.ഇക്കാര്യത്തില്‍ വ്യക്തിപരയായ നന്ദിയുണ്ട്‌. ഇനി അതിന്‌ ഞാന്‍ മറുപടി നല്‍കേണ്ടതില്ല എന്നു തന്നെയാണ്‌ തോന്നുന്നത്‌. ഈ വിഷയം അത്ര പ്രാധാന്യമുള്ളതൊന്നുമല്ല.കേരളത്തില്‍ വേറെയെന്തെല്ലാം കാര്യങ്ങള്‍ കിടക്കുന്നു !.

No comments:

Post a comment