ഇനി പരിശുദ്ധ 'എ' ഗ്രൂപ്പ്‌


എ.കെ. ആന്റണി ഇപ്പോള്‍ ഏത്ഗ്രൂപ്പിലാണെന്ന ചോദ്യം ചില മൂലകളില്‍നിന്ന്‌ ഉയരുന്നുണ്ട്‌. മുന്‍പും ചില ഘട്ടങ്ങളില്‍ ആളുകള്‍ ആന്റണിയിപ്പോള്‍ 'ഐ' ഗ്രൂപ്പിലാണോ എന്നു ചോദിക്കുന്നതു കേട്ടിട്ടുണ്ട്‌. ആന്റണിയെ അറിയാത്തവരാണ്‌ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്‌. ആന്റണി അന്നും ഇന്നും ആന്റണിഗ്രൂപ്പില്‍ തന്നെയാണ്‌. ഒരു മാറ്റവുമില്ല. ഇപ്പോള്‍ 'എ' ഗ്രൂപ്പ്‌ എന്ന്‌ ബ്രാക്കറ്റില്‍ ലേബല്‍ ഒട്ടിച്ചു നടക്കുന്നവര്‍ പുതിയ ലേബല്‍ ഒട്ടിക്കാത്തത്‌ ആന്റണിയുടെ കുഴപ്പമല്ല. കാര്യവിവരമുള്ള പത്രക്കാരെങ്കിലും അതു ചെയ്യേണ്ടതാണ്‌. 'ഒ' ഗ്രൂപ്പ്‌ എന്നോ 'ഒ' പോസിറ്റീവ്‌ എന്നോ എഴുതാം. ഇംഗ്ലീഷില്‍ 'ഒ' എന്നെഴുതുന്നത്‌ ചില തെറ്റായ സൂചനകള്‍ നല്‍കും. വട്ടപ്പൂജ്യം എന്നാണോ എഴുതിയതെന്ന്‌ ആളുകള്‍ തെറ്റിദ്ധരിച്ചേക്കും. അതുകൂടി പരിഗണിച്ച്‌ പേരെന്ത്‌ എന്ന്‌ തീരുമാനിക്കട്ടെ. പണ്ടൊരു കോണ്‍ഗ്രസ്‌ (ഒ) അഖിലേന്ത്യാതലത്തില്‍ ഉണ്ടായിരുന്നല്ലോ. ഒറിജിനല്‍ എന്നും ഓര്‍ഗനൈസേഷന്‍ എന്നുമൊക്കെ അവകാശപ്പെട്ടെങ്കിലും ജനം അതിനെ സിണ്ടിക്കേറ്റ്‌ എന്നാണ്‌ വിളിച്ചത്‌. ഒടുവില്‍ ഒറിജിനല്‍ പൂജ്യമായിപ്പോയെന്ന്‌ മറ്റൊരു സത്യം. ആ അവസ്ഥ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിന്‌ ഉണ്ടാകില്ല. 'ഐ' എന്നു ബ്രാക്കറ്റില്‍ ലേബലുള്ള കെ. ഗ്രൂപ്പ്‌, ഏപ്രില്‍ ഒന്നിന്‌, ക്ഷമിക്കണം.... മെയ്‌ ഒന്നിന്‌ (സ്വഭാവ സാദൃശ്യംകൊണ്ട്‌ ചില ദിനങ്ങള്‍ ഓര്‍ത്തുപോകുന്നതാണ്‌) ലേബലില്‍നിന്ന്‌ എന്നെന്നേക്കുമായി മോചനം നേടുകയും ഒരു പാര്‍ട്ടിതന്നെയായി രൂപാന്തരപ്പെടുകയും ചെയ്യുന്നതോടെ അവശേഷിക്കുന്നവര്‍ക്കും ബ്രാക്കറ്റ്‌ ആവശ്യമില്ലാതാകും. കോണ്‍ഗ്രസ്‌ രാഷ്ട്രീയ പരിണാമ ചരിത്രത്തില്‍ ആളുകളും വോട്ടുകളും കൊഴിഞ്ഞുവീഴുന്ന അവസ്ഥയേ നിരീക്ഷകര്‍ പ്രവചിച്ചിരുന്നുള്ളൂ. ബ്രാക്കറ്റുകള്‍ കൊഴിഞ്ഞു വീഴുന്ന വിപ്ലവഘട്ടം അവര്‍ സ്വപ്നത്തില്‍പ്പോലും കണ്ടിരുന്നില്ല.

ആന്റണിയുടെ ഗ്രൂപ്പുവിലാസത്തെക്കുറിച്ചാണല്ലോ പറഞ്ഞു തുടങ്ങിയത്‌. പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചതുപോലെ ഗ്രൂപ്പിലെന്തിരിക്കുന്നു എന്നു ചോദിക്കുന്ന ശുദ്ധമനസ്സുകാരനാണ്‌ ആന്റണി. ശുദ്ധതയുടെ മൂലധനം കൊണ്ട്‌ ഒരു വട്ടം കേന്ദ്രമന്ത്രിയും മൂന്നുവട്ടം മുഖ്യമന്ത്രിയുമാകാന്‍ കഴിഞ്ഞയാള്‍ വേറെയാരുണ്ട്‌? ശുദ്ധന്മാരെക്കൊണ്ടുള്ള വലിയ പ്രയോജനം അതൊന്നുമല്ല. അവര്‍ക്ക്‌ ഒന്നാംകിട ദുഷ്ടന്റെ ഫലം ചെയ്യാനും കഴിയും. നൂറു സീറ്റുമായി ഭരണത്തിലെത്തിയ ആള്‍ക്ക്‌ മൂന്നര വര്‍ഷം കൊണ്ട്‌ നൂറ്റിപ്പതിന്നാല്‌ സീറ്റില്‍ തോല്‍ക്കാന്‍ കഴിഞ്ഞത്‌ അതുകൊണ്ടാണ്‌. മുഖ്യമന്ത്രിസ്ഥാനവും കട്ടപ്പുകയായി- കറുത്ത പുക.

ഒരു ദിവസംപോലും സമാധാനമായിട്ട്‌ ഭരിക്കാന്‍ സമ്മതിക്കാത്തവരാണെങ്കിലും 'ഐ' ഗ്രൂപ്പുകാരെ ഒരു കാരണവശാലും പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കരുതെന്ന്‌ ആന്റണി വാശിപിടിച്ചത്‌ ശുദ്ധതകൊണ്ടുതന്നെ. എറണാകുളം സീറ്റ്‌ ആദ്യം നഷ്ടപ്പെടുത്തിയതും കേരളം മുഴുവന്‍ പാര്‍ട്ടിയെ ഉപ്പുവെച്ച കലം പോലെയാക്കിച്ചതും ശുദ്ധതകൊണ്ടുതന്നെ. ഗ്രൂപ്പിസം കൊണ്ട്‌ നഷ്ടപ്പെടുത്തിയത്‌ ഒരു എറണാകുളം സീറ്റാണെങ്കില്‍, ശുദ്ധതകൊണ്ടുണ്ടാക്കിയ ഗ്രൂപ്പ്‌ഐക്യം കൊണ്ട്‌ ആന്റണിക്ക്‌ 20 സീറ്റും നഷ്ടപ്പെടുത്താനായി.

നാലുവര്‍ഷമായി 'ഐ' ഗ്രൂപ്പുകാര്‍ കോണ്‍ഗ്രസ്സില്‍ കളിച്ച കളി, ലോകത്തിലൊരാള്‍ക്കും ഒരു പാര്‍ട്ടിയിലും നാലുദിവസം കളിക്കാന്‍ പറ്റില്ല. പുറത്താക്കി പടിയടച്ച്‌ പിണ്ഡം വെക്കും. ശുദ്ധതയില്‍ ആന്റണിയുടെ ചേട്ടനായിരുന്നു ഹൈക്കമാന്‍ഡ്‌. അവര്‍ക്കും ബോധമുദിച്ച ലക്ഷണം കുറച്ചായി കാണുന്നുണ്ട്‌. 'ഐ' ഗ്രൂപ്പുകാരെ ഇപ്പോഴെങ്കിലും പുറത്തുകളഞ്ഞാല്‍ ബാക്കിയുള്ള ഒരു വര്‍ഷമെങ്കിലും സമാധാനത്തോടെ ഭരിക്കാമെന്നാണ്‌ കുഞ്ഞൂഞ്ഞും കൂട്ടുകാരും വിചാരിക്കുന്നത്‌. ആന്റണിയിത്‌ സമ്മതിച്ചിട്ടില്ല. തനിക്കു കിട്ടാത്ത സുഖമൊന്നും ഉമ്മന്‍ചാണ്ടിക്കും കിട്ടരുതെന്ന ദുഷ്ടമനസ്സണ്‍നും ആന്റണിക്ക്‌ ഉണ്ടാവില്ലെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌. ഫലം എന്തോ ആവട്ടെ ശുദ്ധതയില്‍ വിട്ടുവീഴ്ചയൊന്നും ചെയ്യേണ്ട. ഭഗവദ്‌ ഗീതയിലും അതാണ്‌ പറഞ്ഞിരിക്കുന്നത്‌.

കരുണാകരനും മുരളിയും അനുയായികളും പുറത്തുപോയാല്‍ പിന്നെ ഗ്രൂപ്പിസമില്ലാതെ കോണ്‍ഗ്രസ്‌ കഷ്ടപ്പെട്ടുപോകുമെന്ന ശുദ്ധവിചാരവും ഒരുപക്ഷേ, ആന്റണിയെ സ്വാധീനിച്ചിരിക്കാം. ഐ ഗ്രൂപ്പുകാരുടെ പുറത്തുപോക്കു തടയാന്‍ കഴിയില്ലെന്ന്‌ ഉറപ്പായ സ്ഥിതിക്ക്‌ ആന്റണിക്ക്‌ ഈ പ്രശ്നം പരിഹരിക്കാന്‍ ഇനി ശ്രമിക്കാവുന്നതേ ഉള്ളൂ. അതിനായി, ഉമ്മന്‍ചാണ്ടിയെ എതിര്‍ക്കുന്നവരുടെ ഗ്രൂപ്പിന്റെ തലവനായി ആന്റണിക്ക്‌ നിലയുറപ്പിക്കാം. ഇതിനെ പരിശുദ്ധ എ ഗ്രൂപ്പ്‌ എന്നു വിളിക്കുകയും ചെയ്യാം. അകത്തായാലും പുറത്തായാലും കരുണാകരനെ നേരിടുന്ന പണി ഉമ്മന്‍ചാണ്ടി ഏറ്റെടുത്തോളും. കരുണാകരന്‍ അര്‍ഹിക്കുന്ന എതിരാളി ഉമ്മന്‍ചാണ്ടിതന്നെയാണ്‌ , ആന്റണിയല്ല തന്നെ.ഉമ്മന്‍ചാണ്ടിയും തെന്നലയും നയിക്കുന്ന പാര്‍ട്ടിയിലെ ഏറ്റവും ശക്തിയുള്ള വിഭാഗം ഏതാവും എന്നത്‌ സംബന്ധിച്ച്‌ ഇപ്പോള്‍ പ്രവചനങ്ങള്‍ നടത്തുന്നത്‌ ആര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിയാം. ഒറിജിനല്‍ എ ഗ്രൂപ്പുകാര്‍ ആന്റണിഗ്രൂപ്പും ഉമ്മന്‍ചാണ്ടി ഗ്രൂപ്പും ഒക്കെയായി വേര്‍പിരിഞ്ഞാല്‍ പിന്നെയൊരു ഗ്രൂപ്പും ഉണ്ടാവില്ലെന്നാവും ആളുകളുടെ ധാരണ. ആ ധാരണ തിരുത്താനായി ചില പ്രവചനങ്ങള്‍ നടത്താതിരിക്കാന്‍ വയ്യ.

ഉമ്മന്‍ ചാണ്ടി ഗ്രൂപ്പിലെ ഏറ്റവും വലിയ ഘടകം 'ഐ' ഗ്രൂപ്പ്‌ ആയിരിക്കും എന്നുകേട്ടാല്‍ ഞെട്ടണ്ട. ഇപ്പോള്‍ ഓരോ ദിവസവും അത്രയധികം ആളുകള്‍ ഐ യില്‍ നിന്നും കൊഴിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്‌. കൊഴിച്ചിലിന്റെ തോത്‌ കാരണം ഐ ഗ്രൂപ്പിലെ കുടുംബാധിപത്യത്തെ കുറിച്ച്‌ രണ്ട്‌ മുദ്രാവാക്യം ഉറച്ചു വിളിക്കാന്‍ പോലും ദണ്ഡിവാര്‍ഷിക റാലിയില്‍ കഴിയാതെ പോയി. കരുണാകരന്റെ കുടുംബത്തില്‍ നിന്നുതന്നെ കൊഴിച്ചിലുണ്ടാകും എന്ന വാര്‍ത്ത വരുമ്പോള്‍ എങ്ങനെ 'തൊമ്മനെയും മക്കളെയും' പരിഹസിക്കും?

തെന്നലയും പത്മരാജനും മുസ്തഫയും മുല്ലപ്പള്ളിയും കെ.കെ. രാമചന്ദ്രനും കെ.വി.തോമസും കെ. ശങ്കരനാരായണനും കാര്‍ത്തികേയനും ചെന്നിത്തലയും ഒക്കെ മുന്‍ എക്സ്‌ കരുണാകരന്‍ ഗ്രൂപ്പുകാരാണ്‌. അവരെല്ലാം വളരെക്കാലം ഗ്രൂപ്പില്‍ നിന്നശേഷം പോയവരാണ്‌. കരുണാകരനോളം സീനിയോറിറ്റി കരുണാകരന്‍ ഗ്രൂപ്പിലുള്ള പി.പി.ജോര്‍ജിനു പോലും ഗ്രൂപ്പില്‍ നില്‍ക്കാന്‍ പറ്റില്ലെന്നായിരിക്കുന്നു. ഇന്നലെ ഗ്രൂപ്പില്‍ വന്ന കെ. സുധാകരനും മറ്റും നാലുനാള്‍ ഗ്രൂപ്പിലൊന്ന്‌ ഉറച്ചിരിക്കാന്‍ പോലും സമയം കിട്ടിയില്ല. ലക്ഷണം കണ്ടിട്ട്‌ മുരളീധരന്‍ ഗ്രൂപ്പ്‌ വിട്ടാല്‍ പോലും ജനം ഞെട്ടില്ല. ഇതൊക്കെയാണെങ്കിലും ആന്റണി ഗ്രൂപ്പില്‍ ആന്റണി ഇല്ലാതായതുപോലൊരു ഗതികേട്‌ കരുണാകരന്‍ ഗ്രൂപ്പിലുണ്ടാവില്ല. സകലരും പോയാലും ഗ്രൂപ്പില്‍ കരുണാകരന്‍ ഉറച്ച്‌ നില്‍ക്കും.

മാധ്യമങ്ങളും നിയമസഭയും ഒന്നുമില്ലാത്തതുകൊണ്ട്‌ അന്തമാനില്‍ ഗവര്‍ണറായിരുന്നപ്പോള്‍ തനിക്ക്‌ വന്‍ വികസനം നടത്താന്‍ കഴിഞ്ഞതായി വക്കം പുരുഷോത്തമന്‍ പ്രഖ്യാപിക്കുകയുണ്ടായി. മാധ്യമങ്ങള്‍ ഇല്ലാത്തതുകൊണ്ടാവാം ആ വിവരം വക്കം പറയുന്നതുവരെ നാം അറിയാതെ പോയി. ഒരു പക്ഷെ, ജപ്പാന്‍, സിംഗപ്പൂര്‍, ദ.കൊറിയ എന്നിവിടങ്ങളിലുണ്ടായതുപോലുള്ള വികസനം അവിടെ ഉണ്ടായിക്കാണണം.

മാധ്യമങ്ങള്‍ ഇടങ്കോലിടാത്തതുകൊണ്ട്‌ ഉണ്ടായ വികസനമായതുകൊണ്ടാവാം മാധ്യമപ്രവര്‍ത്തകന്മാര്‍ കടുത്ത അസൂയയും അസഹിഷ്ണുതയും വക്കത്തോട്‌ കാട്ടുന്നുണ്ട്‌. അന്തമാനില്‍ വക്കം വളരെയേറെ 'വികസിച്ച'തായിപോലും അവര്‍ അപഖ്യാതി പറഞ്ഞു പരത്തി. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞു തിരിച്ചുപോന്ന പലമഹാന്മാരും രാഷ്ട്രീയത്തില്‍ മേല്‍വിലാസമില്ലാതെ വിശ്രമിക്കേണ്ടിവന്ന സംസ്ഥാനമാണ്‌ കേരളം. വക്കത്തിന്‌ ആ ഗതികേടുണ്ടായില്ല. നാല്‌ അനുയായികള്‍ ഇല്ലാത്ത നേതാവാണെങ്കിലെന്ത്‌? നിയമസഭയിലേക്ക്‌ ടിക്കറ്റും ജയിച്ചപ്പോള്‍ പരമപ്രധാനമായ സ്പീക്കര്‍ സ്ഥാനവും ഹൈക്കമാന്‍ഡ്‌ ആശാന്മാര്‍ അറിഞ്ഞനുവദിച്ചു കൊടുത്തത്‌ 'വികസന'ത്തിന്റെ 'ഫലം' കൊണ്ടാണെന്നും അസൂയക്കാര്‍ പറഞ്ഞു നടക്കുന്നുണ്ട്‌.

*****

മാധ്യമങ്ങളും നിയമസഭ തന്നെയും വികസനത്തിനു തടസ്സമാണെന്ന സത്യം ബോധ്യപ്പെട്ടതു കൊണ്ടാണ്‌ സ്പീക്കര്‍ സ്ഥാനത്തിരുന്നു രണ്ടിന്റെയും കഥ കഴിക്കാന്‍ വക്കം ശ്രമിച്ചത്‌. നിര്‍ഭാഗ്യവശാല്‍ വിജയിച്ചില്ല. അതുകൊണ്ട്‌ ആദ്യം കിട്ടിയ ചാന്‍സിന്‌ സ്പീക്കര്‍സ്ഥാനം ഒഴിഞ്ഞ്‌ ധനകാര്യമന്ത്രിയായി, വീട്‌ നോക്കാത്തവന്‍ നാടുനോക്കില്ലെന്ന മഹദ്‌വചനം ഓര്‍ത്താണ്‌ വീട്‌ 'വികസിപ്പിച്ച'ത്‌. അവിടെയും മാധ്യമക്കാര്‍ ഇടങ്കോലിട്ടു. അതൊന്നും വക്കം ഉത്തമപുരുഷനെ തളര്‍ത്തില്ല. ശേഷിക്കുന്ന കാലം ഊര്‍ജിത 'വികസന'മാവും നടക്കുക, കണ്ടോളിന്‍.

******

ജെ.എസ്‌. എസ്‌. സംസ്ഥാന നേതാക്കളുടെ അഴിമതിയില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട്ടെ ജില്ലാ നേതാക്കള്‍ രാജിവെച്ച്‌ സി.എം.പി.യില്‍ ചേര്‍ന്നതായി പത്രവാര്‍ത്ത.

സംസ്ഥാന നേതാക്കള്‍ മാത്രം അഴിമതി നടത്തുന്നത്‌ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ കാര്യമാണെന്നും പറയേണ്ടതുണ്ട്‌. കുറച്ചൊക്കെ വികേന്ദ്രീകരണം ആവശ്യംതന്നെ. തീര്‍ച്ചയായും ഈ ലക്ഷ്യത്തോടെ ആര്‍ക്കും ചേരാവുന്ന പാര്‍ട്ടി സി.എം.പി. തന്നെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി