ഒരു ക്വട്ടേഷന്‍


ഒരു ആഭ്യന്തരമന്ത്രി വല്ലതും ഉപദേശിച്ചാല്‍ കുറച്ചെങ്കിലും അനുസരിക്കാനുള്ള ബാധ്യത മാധ്യമഭീകരന്മാര്‍ക്കും ഉണ്ട്. പോലീസിനെപ്പോലെ ആയിക്കൂടല്ലോ അവരും. ക്വട്ടേഷന്‍ ഗുണ്ടകള്‍ക്കുള്ള സാമൂഹികാവബോധമെങ്കിലും മാധ്യമ ഗുണ്ടകള്‍ക്ക് വേണ്ടേ? കൊലപാതകമായാലും അതിനേക്കാള്‍ ഡോസ് കുറഞ്ഞ മറ്റേതെങ്കിലും കുറ്റകൃത്യമായാലും അന്വേഷണം നടത്താനുള്ള ചുമതല പോലീസിനുള്ളതാണ്. ഒരിടത്തും ഒരു മാധ്യമവും ഈ പണി ഏല്‍ക്കില്ല. പോലീസ് അന്വേഷണത്തില്‍ വല്ല പഴുതോ വീഴ്ചയോ ഉണ്ടോ എന്ന് നോക്കുന്ന പണിയേ മാധ്യമങ്ങള്‍ക്കുള്ളൂ. കോടിയേരി ആഭ്യന്തരമന്ത്രിയായതുകൊണ്ടൊന്നും അത് വേണ്ടെന്നുവെക്കാന്‍ വയ്യല്ലോ. ഈ പണി മാധ്യമങ്ങള്‍ ചെയ്യുന്നത് കണ്ട് ഞെട്ടിയാണ് ആഭ്യന്തരമന്ത്രി മാധ്യമദ്വാരാതന്നെ മാധ്യമങ്ങള്‍ക്ക് ഉപദേശം നല്‍കിയത്.

മാധ്യമങ്ങള്‍ യാതൊന്നും അന്വേഷിക്കേണ്ട എന്നില്ല. ഭരിക്കുന്നത് യു.ഡി.എഫോ മറ്റോ ആണെങ്കില്‍ എന്തും അന്വേഷിക്കാം. നമ്മളാണ് ഭരിക്കുന്നതെങ്കില്‍ ഏതെല്ലാം സംഗതികളാണ് അന്വേഷിക്കേണ്ടത് എന്ന് പാര്‍ട്ടി സെക്രട്ടറി അതത് സമയത്ത് നിര്‍ദേശിക്കും. ഉദാഹരണത്തിന്, പോള്‍ മുത്തൂറ്റ് എങ്ങനെ മരിച്ചു, ആരാണദ്ദേഹത്തെ കുത്തിയത് എന്നൊക്കെ പോലീസ് കണ്ടെത്തിക്കൊള്ളും. അന്വേഷണനടപടികള്‍ വിശദീകരിക്കാന്‍ കൊലക്കേസ് ഒന്നിന് പോലീസ് ഐ.ജി. ഒന്നും പാര്‍ട്ടി സെക്രട്ടറി രണ്ടും പത്രസമ്മേളനങ്ങള്‍ നടത്തും. പത്രക്കാരും ടി.വി.ക്കാരും ഇതപ്പടി അക്ഷരംപ്രതി റിപ്പോര്‍ട്ട് ചെയ്താല്‍മതി, വേറെ ഇടപെടേണ്ട. എന്നാല്‍, പോള്‍ മുത്തൂറ്റ് മാന്‍കിടാവിനെപ്പോലെ സല്‍സ്വഭാവിയായ സത്യക്രിസ്ത്യാനിയാണോ പച്ചവെള്ളം ചവച്ചരച്ചാണോ കുടിക്കാറുള്ളത്, ബൈബിളില്‍ പറഞ്ഞതുപോലുള്ള സദാചാരക്കാരനാണോ കൈയിലുള്ള കാശൊക്കെ വീട്ടുവളപ്പിലെ മരത്തില്‍നിന്ന് പറിച്ചെടുത്തതാണോ ഏതെല്ലാം ക്വട്ടേഷന്‍ ഗുണ്ടകള്‍ക്കാണ് പ്രതിപക്ഷത്തുള്ളവരുമായി ബന്ധമുള്ളത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് മാധ്യമങ്ങളാണ്. പോലീസിന് ഇതിനൊന്നും സമയം കിട്ടിയെന്ന് വരില്ല.

എന്ത് ചെയ്യരുതെന്ന് ഉപദേശിച്ചോ കൃത്യം നാലാംനാള്‍ അതുതന്നെ ചെയ്തു മാധ്യമശ്രേഷ്ഠന്മാര്‍. പോള്‍ മുത്തൂറ്റിനെ കുത്താനുപയോഗിച്ചതെന്ന് പറയപ്പെടുന്ന കത്തി പോലീസ് പറഞ്ഞുണ്ടാക്കിച്ചതാണെന്ന അവരുടെ കണ്ടുപിടിത്തം ടെലിവിഷനില്‍ കേട്ട് കുറെ ശുദ്ധാത്മാക്കള്‍ ഞെട്ടിയിട്ടുണ്ടാകണം. പോലീസുകാരോ ജയരാജവിജയന്മാരോ ഒന്നും അതുകേട്ട് ഞെട്ടുകയില്ല. മാധ്യമ അജ്ഞന്മാര്‍ക്കുണ്ടോ പോലീസ് അന്വേഷണത്തിന്റെ വഴിക്രമങ്ങളെക്കുറിച്ച് സാമാന്യബോധം! വെറുതെ ആരെയെങ്കിലും പിടിച്ച് രണ്ടിടി കൊടുത്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കൊണ്ടുവന്ന് കുറ്റം സമ്മതിപ്പിച്ചാലൊന്നും കോടതി ശിക്ഷിക്കുകയില്ല. സകല തെളിവും ഹാജരാക്കിയാലും സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നവരാണ് കോടതിയിലിരിക്കുന്നത്. തെളിവും സാക്ഷിയും വേണം. ഇതെല്ലാം അനായാസം കിട്ടുമെന്നായിരിക്കും മാധ്യമറിപ്പോര്‍ട്ടര്‍മാരുടെ വിചാരം. അവര്‍ക്ക് അങ്ങനെ മതിയല്ലോ. വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയതാണെന്ന മുന്‍കൂര്‍ ജാമ്യത്തില്‍ 'ലോകാവസാനം നാളെ' എന്നും റിപ്പോര്‍ട്ട് അടിക്കാം. ആരും നിഷേധിക്കില്ല. അതുപോലെയല്ല കോടതി. അവിടെ സാക്ഷിവേണം, മൊഴി വേണം, തെളിവ് വേണം, തൊണ്ടി വേണം. അതെല്ലാം തരാതരംപോലെ ശാസ്ത്രീയമായി ഉണ്ടാക്കുന്നതും പോലീസിന്റെ പണി തന്നെ. തെളിവില്ലെങ്കില്‍ തെളിവുണ്ടാക്കും. തൊണ്ടിയില്ലെങ്കില്‍ അതുമുണ്ടാക്കും.

പോള്‍ മുത്തൂറ്റിനെ കൊന്നത് പിച്ചാത്തി പോലുള്ള പോലീസ് ഫ്രന്‍ഡ്‌ലി ആയുധം ഉപയോഗിച്ചായത് ഭാഗ്യം. വല്ല തോക്കും ഉപയോഗിച്ചായിരുന്നു പഹയന്മാര്‍ അതു ചെയ്തിരുന്നതെങ്കില്‍ കാരി സതീശനെപ്പോലൊരു ഗതികെട്ടവന്റെ കട്ടിലിനടിയില്‍ നിന്ന് എങ്ങനെ എ.കെ. 47 തോക്കും അതിന്റെ ഉണ്ടയുമൊക്കെ വീണ്ടെടുക്കാനാകും? പറ്റില്ല പറ്റില്ല. 'ട' ആകൃതിയുള്ള കത്തിയില്‍ നിന്നുള്ള കുത്താണ് മരണകാരണം എന്ന് റെക്കോഡാക്കിയതാണ് ഈ പൊല്ലാപ്പിന് കാരണം. വെറും പിച്ചാത്തിയായിരുന്നുവെങ്കില്‍ കാരി സതീശന്റെ അടുക്കളയില്‍ നിന്ന് പിടിച്ചെടുത്താല്‍ മതിയാകുമായിരുന്നു. അവന്റെയൊരു 'ട' ആകൃതി. ഇത്തരം കത്തികള്‍ കൊല്ലനെക്കൊണ്ട് പ്രത്യേകം പറഞ്ഞുണ്ടാക്കിക്കുകയല്ലാതെന്ത് ചെയ്യും. എല്ലായിനം കത്തികളുടെയും ഓരോ സ്‌പെസിമെന്‍ ഓരോ സ്റ്റേഷനിലും ഉണ്ടെങ്കില്‍ വളരെ സൗകര്യപ്രദമാകുമായിരുന്നു. മുന്‍കാല യു.ഡി.എഫ്. സര്‍ക്കാര്‍ അതിന് നടപടിയെടുക്കാഞ്ഞതാണ് ഇപ്പോള്‍ ഈ വീഴ്ച ഇടതുസര്‍ക്കാറിനുണ്ടാകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടാന്‍ ഒരു മാധ്യമവും ഇവിടെയുണ്ടായതുമില്ല. ആകപ്പാടെ ഒരു വീഴ്ചയേ പറ്റിയുള്ളൂ. കത്തി വല്ല കുളത്തിലോ കുണ്ടിലോ എറിഞ്ഞെന്ന് പറയിച്ചിരുന്നെങ്കില്‍ പോലീസിനുതന്നെ ആരും കാണാതെ അതങ്ങ് മുങ്ങിയെടുക്കാമായിരുന്നു. ആ ബുദ്ധി അപ്പോള്‍ ഉദിച്ചില്ല.

'ട' ആകൃതി കത്തി ആര്‍.എസ്.എസ്സുകാരാണ് ഉപയോഗിക്കാറെന്ന രഹസ്യവിവരം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ നാഗ്പുര്‍ ആസ്ഥാനത്തുനിന്ന് ചോര്‍ത്തിയതാണോ അതല്ല വിവരാവകാശനിയമപ്രകാരം സംഘടിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. 'ട' ആകൃതിക്ക് നാസികളുടെ സ്വസ്തിക പോലെ ഹിന്ദുത്വഫാസിസവുമായി എന്തോ ബന്ധമുണ്ട്. അതുകൊണ്ട് അത്തരം കത്തികള്‍ കമ്യൂണിസ്റ്റുകാരും മറ്റുമതേതരക്കാരുമൊന്നും ഉപയോഗിക്കുകയില്ല. സി.പി.എമ്മുകാര്‍ അരിവാള്‍ ആണ് ഉപയോഗിക്കുക, അത് പാര്‍ട്ടിപതാകയില്‍ തന്നെയുണ്ട്. കോണ്‍ഗ്രസ്സുകാര്‍ ഗാന്ധിജിയുടെ ഊന്നുവടിയുടെ ആകൃതിയിലുള്ള അഹിംസാത്മക കത്തിയാവണം ഉപയോഗിക്കുന്നത്. കെ. സുധാകരനോട് ചോദിച്ചാല്‍ കൃത്യവിവരം ലഭിക്കും.

മാധ്യമങ്ങള്‍ പറയുന്ന അത്ര മോശക്കാരല്ല കേട്ടോ ഈ ക്വട്ടേഷന്‍ തൊഴിലാളികള്‍. മനുഷ്യസ്നേഹംകൊണ്ട് നിക്കക്കള്ളിയില്ലാത്തവരും അവരിലുണ്ടെന്ന് പോള്‍ മുത്തൂറ്റ് കേസിലെ പോലീസ് കണ്ടെത്തല്‍ വായിച്ചാല്‍ മനസ്സിലാകും. പാതിരാത്രിയില്‍ വഴിയാത്രക്കാരനെ തട്ടിവീഴ്ത്തി ഒരു വാഹനം നിര്‍ത്താതെ പോകുന്നതുകണ്ടാല്‍ ഏറിയാല്‍ പോലീസിനെ വിളിച്ചറിയിക്കുകയേ ക്വട്ടേഷന്‍കാരല്ലാത്ത സാധാരണക്കാര്‍ ചെയ്യാറുള്ളൂ. ക്വട്ടേഷന്‍കാര്‍ എന്താണ് ചെയ്തത് ? ആ അനീതിയും അധര്‍മവും അവര്‍ക്ക് കണ്ടുസഹിക്കാനായില്ല. വേറൊരു വാഹനത്തില്‍ കുതിച്ചുപാഞ്ഞ് കുറ്റവാളിയെ കണ്ടെത്തി തല്‍ക്ഷണം കുത്തിക്കൊല്ലുകയാണ് ചെയ്തത്. സാധാരണഗതിയില്‍ വന്‍തുക വാങ്ങിമാത്രം നടത്തുന്ന കൊലയാണ് അവര്‍ ഏതോ അജ്ഞാതനുവേണ്ടി തീര്‍ത്തും സൗജന്യമായി ചെയ്തുകൊടുത്തത്. എന്തൊരു നീതിബോധം. പോലീസ് കണ്ടെത്തലിനെ ഉറച്ചുവിശ്വസിക്കുന്ന രണ്ടുപേര്‍ എന്തായാലും കേരളത്തിലുണ്ട്- കോടിയേരിയും പിണറായിയും. ബാക്കിയുള്ളവരെ ക്രമേണ വിശ്വസിപ്പിക്കാം. സഖാവ് പിണറായി പറഞ്ഞതുപോലെ, പോലീസിന്റെ ഈ കണ്ടെത്തലിനെ അഭിനന്ദിച്ചില്ലെന്നത് പോകട്ടെ അപകീര്‍ത്തിപ്പെടുത്താനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. അതിനാണ് അവര്‍ ചാര സിനിമകളിലെ നായകന്മാരുടെ വേഷംകെട്ടി പാവം കൊല്ലനെ കുളത്തിലിറക്കിയത്.

ഇതിന്റെ പിന്നില്‍ ആരുടെ ക്വട്ടേഷനാണ് ഉള്ളതെന്ന് പോലീസ് അന്വേഷിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടിയേരിയുടെ പോലീസിന് ഇതുവരെ അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല. ഇനിയെങ്കിലും ചാനലുകാരെ പിടിച്ച് ലോക്കപ്പിലിട്ട് രണ്ടുകൊടുക്കാന്‍ പോലീസിന് ധൈര്യമുണ്ടാകട്ടെ. ഗുണ്ടകളെ സഹായിക്കുന്ന മാധ്യമക്കാരെയും ഗുണ്ട ആക്ടിന്റെ പരിധിയില്‍ പെടുത്താമോ എന്നുനോക്കണം. കോടാലി, വെട്ടുകത്തി, മഴു തുടങ്ങിയ സര്‍വ ക്വട്ടേഷന്‍കാരെക്കുറിച്ചും വിവരം ശേഖരിച്ചിട്ടുള്ള പിണറായിക്ക് ഇത് സാധിക്കുമെന്നും മാധ്യമക്കാര്‍ മനസ്സിലാക്കട്ടെ.

***

കോണ്‍ഗ്രസ്ഭരണം കാരണം രാജ്യം വമ്പിച്ച പുരോഗതി കൈവരിച്ചുവെന്നാണ് തിരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിക്കാര്‍ വോട്ടര്‍മാരോട് പറഞ്ഞിരുന്നത്. ജനം വിശ്വസിച്ചുവോ എന്നറിയില്ല. എന്നാല്‍ സംഗതി സത്യമാണെന്നാണ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായിരുന്ന ശശി തരൂര്‍ ധരിച്ചിരുന്നത്. സദാ വിദേശത്തായിരുന്നതുകൊണ്ട് ഇവിടത്തെ കൃത്യവിവരമൊന്നും അദ്ദേഹത്തിന് അറിയുമായിരുന്നില്ലല്ലോ. ജനങ്ങളെ മുഴുവന്‍ ഫൈവ് സ്റ്റാറില്‍ താമസിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിക്ക് തല്‍ക്കാലം അവര്‍ക്കുവേണ്ടി ജനപ്രതിനിധികള്‍ക്കെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കാനാവുമെന്നാണ് അദ്ദേഹം കരുതിയത്.

ശശി തരൂരും എസ്.എം.കൃഷ്ണയും മാത്രമാണ് പഞ്ചനക്ഷത്രത്തില്‍ കിടന്നത് എന്ന് ധരിക്കരുത്. വിവിധ പാര്‍ട്ടികളില്‍പെട്ട 74 എം.പി.മാര്‍ പഞ്ചനക്ഷത്രത്തിലാണ് അന്തിയുറങ്ങിയത് എന്ന് കേള്‍ക്കുന്നു. പാര്‍ലമെന്റില്‍ മന്ത്രി നല്‍കിയ ഉത്തരമൊന്നുമല്ല. മാധ്യമഭീകരരുടെ വെളിപ്പെടുത്തലാണ്. ഇവരില്‍ രണ്ടു പേരോട് മാത്രം -ശശിയോടും കൃഷ്ണയോടും- അവിടെനിന്ന് ഇറങ്ങാന്‍ ഉത്തരവിട്ട പ്രണബ് മുഖര്‍ജിയുടെ നടപടി കടുത്ത വിവേചനമായിപ്പോയി. പഞ്ചനക്ഷത്രത്തില്‍ കുറഞ്ഞ ഒരിടത്തും അന്തിയുറങ്ങിയിട്ടില്ലാത്തവരാണ് ഇവര്‍. വോട്ടെടുപ്പുകാലത്ത് തുക്കട ഹോട്ടലുകളില്‍ കിടന്ന് ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം തീര്‍ക്കാന്‍മാത്രം അഞ്ചുവര്‍ഷമെങ്കിലും പഞ്ചനക്ഷത്രത്തില്‍ ഉറങ്ങേണ്ടിവരും. അഞ്ചുവര്‍ഷം പോകട്ടെ, ആറുമാസമെങ്കിലും ഫൈവ് സ്റ്റാറില്‍ താമസിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെയെന്ത് സോഷ്യലിസമാണാവോ ഇവിടെ ഉണ്ടാക്കിയത്. ആരോട് ചോദിക്കാന്‍ !

***

അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും ഗംഭീരമായ സംഗതിയെന്തെന്ന് ചോദിച്ചാല്‍ സ്‌കൂള്‍കുട്ടികള്‍ക്കു പോലും സംശയമുണ്ടാകില്ല-നിയമസഭാംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കിയതുതന്നെ. ആരാണ് അതുണ്ടാക്കിയത്? നിയമസഭാംഗങ്ങള്‍തന്നെ. എന്താണ് പെരുമാറ്റച്ചട്ടത്തിലുള്ളത്? സഭയില്‍ സ്​പീക്കറെ വന്ദിക്കണം, സഭയില്‍ മുദ്രാവാക്യം വിളിക്കരുത്, നടുത്തളത്തിലിറങ്ങരുത്, രേഖകള്‍ വലിച്ചുകീറരുത്, പ്രസംഗങ്ങള്‍ തടസ്സപ്പെടുത്തരുത്, സ്​പീക്കര്‍ പറയുന്നത് അനുസരിക്കണം....രാവിലെ കുളിക്കണം, അലക്കിയ വസ്ത്രം ധരിക്കണം....

ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നോ ? ഇല്ല, ആര്‍ക്കുമില്ല. ശമ്പളംകൂട്ടാനുള്ള ബില്‍ പാസ്സാക്കുന്ന അതേ ഐക്യത്തോടെ പെരുമാറ്റച്ചട്ടവും അംഗീകരിച്ചു. ആ പറഞ്ഞതൊന്നും ചെയ്യാനല്ലെങ്കില്‍പിന്നെ സഭയില്‍ വരുന്നതെന്തിന് എന്നാരും ചോദിച്ചില്ല.
ബില്‍ പാസ്സാക്കുമ്പോള്‍ എന്താണ് അംഗങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് ? പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സഭയുടെ നടുത്തളത്തില്‍നിന്നുകൊണ്ടുതന്നെ പ്രസംഗം തടസ്സപ്പെടുത്തുക, സ്​പീക്കറെ അനുസരിക്കാതിരിക്കുക, രേഖകള്‍ കീറിയെറിയുക തുടങ്ങിയ ദിനകര്‍മങ്ങള്‍ മുടങ്ങാതെ അനുഷ്ഠിക്കുന്നുണ്ടായിരുന്നു.

ജനപ്രതിനിധികള്‍ക്ക് സഭയില്‍ പെരുമാറ്റച്ചട്ടമുണ്ടാക്കുന്നത്, ക്വട്ടേഷന്‍ സംഘങ്ങളെക്കൊണ്ട് അഹിംസാ പ്രതിജ്ഞയെടുപ്പിക്കുന്നതുപോലെ ഫലപ്രദമാണെന്നാണ് പൊതുവായ അഭിപ്രായം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി