Friday, 22 February 2013

മന്‍മോഹനദുരന്തം


വീണ്ടും ഒരു അമേരിക്കന്‍ പത്രം നമ്മുടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരിക്കുന്നു. കഴിഞ്ഞമാസം മാത്രമാണ് വേറൊരു അമേരിക്കന്‍ പ്രസിദ്ധീകരണം മന്‍മോഹന്‍ സിങ്ങിനെ ' അണ്ടര്‍ എച്ചീവര്‍' എന്നുവിളിച്ച് ഹീനമായി അപമാനിച്ചത്. നിശ്ശബ്ദ പ്രധാനമന്ത്രി ദുരന്തമാകുന്നു എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞുകളഞ്ഞത്. പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല എന്നാണ് പ്രധാന വിമര്‍ശനം. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ സൈലന്റാക്കിയിടുന്നതിന് ഇന്ത്യക്കാര്‍ പറയുന്നത് 'ഫോണ്‍ മന്‍മോഹന്‍സിങ് മോഡിലാണ്' എന്നും ഡന്റിസ്റ്റിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തോട് ഡോക്ടര്‍ ''എന്റെ ക്ലിനിക്കില്‍ വന്നാലെങ്കിലും വാ തുറക്കണം സാര്‍'' എന്ന് പറഞ്ഞതായും ലേഖനം പരിഹസിക്കുന്നുണ്ട്. കടുപ്പമായിപ്പോയി.

പ്രധാനമന്ത്രിയുടെ ഓഫീസിനും കോണ്‍ഗ്രസ് വക്താക്കള്‍ക്കും വിമര്‍ശനം തീരെ പിടിച്ചിട്ടില്ല. പിടിക്കരുതല്ലോ, അവരെ നിയോഗിച്ചതുതന്നെ അതിനാണല്ലോ. അബദ്ധം, അക്രമം, അനീതി തുടങ്ങിയ കഠിനപദങ്ങള്‍ ആക്രോശിച്ച് അവര്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ത്തും രാഷ്ട്രീയമായ വിമര്‍ശനത്തിന് ഒരു ഭരണാധികാരിയുടെ ഓഫീസ് ഒരു പത്രത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നത് ഇത് ആദ്യമായാവണം. പ്രസിഡന്റ് ഒബാമയെ വിമര്‍ശിച്ചതിന് നാളെ ടൈംസ് ഓഫ് ഇന്ത്യയോട് യു.എസ്. പ്രസിഡന്റിന്റെ ഓഫീസ് ഇങ്ങനെ ആവശ്യപ്പെട്ടാല്‍ നമ്മളെങ്ങനെ പ്രതികരിക്കും? അബദ്ധം, അക്രമം, അനീതി എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ അതിനെതിരെയും പ്രയോഗിക്കുമായിരിക്കും. നല്ലത്.

വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ ഇന്ത്യാ ലേഖകന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ഒന്നും ചോദിക്കാതെയാണ് ലേഖനമെഴുതിയതെന്നും ചോദിക്കാതെ എഴുതുന്നത് പത്രധര്‍മത്തിന് നിരക്കുന്നതല്ലെന്നും ആണ് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് മുമ്പ് പ്രധാനമന്ത്രിയോട് അഭിപ്രായം ചോദിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ തുടങ്ങിയാല്‍ പത്രപ്രവര്‍ത്തനം എന്ന തൊഴില്‍ത്തന്നെ ഇല്ലാതായിപ്പോകും. പ്രസിഡന്റ് ഒബാമയുടെ ഇന്റര്‍വ്യൂ തരപ്പെടുത്താന്‍ കഴിയുന്നവര്‍ക്കേ അദ്ദേഹത്തെ വിലയിരുത്താന്‍ കഴിയൂ എന്നുവന്നാല്‍ ലോകത്താര്‍ക്കും അദ്ദേഹത്തിന്റെ നാല് വര്‍ഷത്തെ ഭരണം പൊളിയായിരുന്നു എന്ന് വിമര്‍ശിക്കാനാവില്ല. എന്തൊരു ദുരന്തം!

എന്തേ വാഷിങ്ടണ്‍ പോസ്റ്റ് ഇത്ര കടുപ്പമായി പറഞ്ഞുകളഞ്ഞത്? ഇന്ത്യയിലെ പത്രങ്ങളൊന്നും പറഞ്ഞിട്ടില്ലാത്ത വല്ലതും വാ. പോ. പറഞ്ഞുവോ ? ആധുനികതയുടെയും സമൃദ്ധിയുടെയും ശക്തിയുടെയും പാതയിലേക്ക് ഇന്ത്യയുടെ വഴി തെളിച്ച മന്‍മോഹന്‍സിങ് ചരിത്രത്തില്‍ ഒരു പരാജിതനായി വിലയിരുത്തപ്പെടുമെന്നാണ് വിമര്‍ശകര്‍ കരുതുന്നത് എന്നാണ് ലേഖനത്തിന്റെ ആദ്യവാചകം തന്നെ. മന്‍മോഹന്‍സിങ് തന്റെ ഉറ്റ സുഹൃത്താണ് എന്ന് പറയുന്നതില്‍ പ്രസിഡന്റ് ഒബാമ പോലും അഭിമാനിച്ചിരുന്നു എന്നും എഴുതിയിട്ടുണ്ട്. ലോകത്ത് മറ്റൊരു രാജ്യത്തിനും അഭിമാനിക്കാന്‍ കഴിയാത്തവിധം ഉന്നതനായ സാമ്പത്തിക ശാസ്ത്രജ്ഞനും ശത്രുക്കള്‍ക്ക് പോലും വിശ്വസിക്കാവുന്നവിധം സത്യസന്ധനുമായ മന്‍മോഹന്‍സിങ് ആണിപ്പോള്‍ സാമ്പത്തിക തകര്‍ച്ചയുടെയും അഴിമതിയുടെയും പേരില്‍ പ്രക്ഷോഭത്തെ നേരിടുന്നത് എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇങ്ങനെ എഴുതാന്‍ ഏതെങ്കിലും പത്രപ്രവര്‍ത്തകന് പ്രധാനമന്ത്രിയോട് ചോദിക്കേണ്ടതുണ്ടോ ആവോ.

ഇന്ത്യയിലെ നൂറുപത്രങ്ങള്‍ ഇങ്ങനെയൊരു വിമര്‍ശനം പ്രസിദ്ധപ്പെടുത്തിയാല്‍ ഡോ.മന്‍മോഹന്‍സിങ്ങിന്റെ ഓഫീസും വക്താക്കളും കണ്ടില്ല കേട്ടില്ല വായിച്ചില്ല പത്രം വാങ്ങിയതേയില്ല എന്നുമൊക്കെ പറഞ്ഞൊഴിയാനേ സാധ്യതയുള്ളൂ. ഇതുപക്ഷേ, വാ.പോ. അല്ലേ. എന്നാലും എന്റെ വാ.പോ. നിങ്ങളിങ്ങനെയൊരു കടുംകൈ ചെയ്യരുതായിരുന്നു എന്നാണ് വക്താക്കളുടെ വിലാപം. വാ.പോ.യുടെ ലേഖനം എടുത്ത് നില വിട്ട് പ്രതികരിക്കുന്നതിന് പകരം അതിനോട് മന്‍മോഹന്‍സിങ് മോഡില്‍ മിണ്ടാതിരുന്നിരുന്നെങ്കില്‍ അവര്‍ നാണം കെടുമായിരുന്നു. ഇപ്പോഴിതാ വാ. പോ.ലേഖനം വായിക്കാത്ത ആരും ലോകത്തില്ലെന്ന നില വന്നിരിക്കുന്നു. ഒരു ദുരന്തത്തിനുമേലേ അതിലും വലിയ വേറൊന്ന് നാം തന്നെ കെട്ടിയേല്പിച്ചിരിക്കുന്നു.

* * *

താലപ്പൊലിയും വെഞ്ചാമരവുമായി കൊച്ചിയില്‍ സ്വീകരണമൊരുക്കിയിട്ടുണ്ടെന്ന് കേട്ടാല്‍ ഉടന്‍ വിമാനം കേറി വരുന്നവരാണ് ആഗോളക്കുത്തക കോര്‍പ്പറേറ്റുകള്‍ എന്ന് ഇവിടെയാരും ധരിച്ചുവശായിരിക്കാന്‍ ഇടയില്ല. എവിടെ മൂലധനം നിക്ഷേപിക്കണം, എവിടെ എന്ത് വിഭവമാണ് ചൂഷണം ചെയ്യാന്‍ ഇനി ബാക്കിയുള്ളത്, എവിടെയാണ് ഏറ്റവും കുറഞ്ഞ കൂലിക്ക് ആളെ കിട്ടുക, ഏത് രാജ്യത്താണ് ചില്ലറ കൈക്കൂലി ഇറക്കിയാല്‍ എന്തുനിയമവും വളച്ചൊടിച്ച് എന്തും ചെയ്യാന്‍ കഴിയുക എന്നൊന്നും അറിയാത്ത പഞ്ചപാവങ്ങളായ ആഗോളന്മാര്‍ മൂലധനവും കെട്ടിപ്പിടിച്ച് എവിടെയോ നമ്മെ കാത്തിരിക്കുന്നുണ്ടാവുമെന്ന ധാരണ നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടാവാനും ഇടയില്ല. ഇവിടത്തെ ഒരുക്കങ്ങള്‍ കണ്ടാല്‍ അങ്ങനെയും തോന്നിയേക്കുമെന്നത് വേറെ കാര്യം.

കോണ്‍ഗ്രസ്സുകാര്‍ക്കും യു.ഡി.എഫുകാര്‍ക്കും ഒരു ധാരണയുണ്ട്. തങ്ങളാണ് ലോക മുതലാളിത്തത്തിന്റെ മുന്തിയ ഏജന്റുമാര്‍ എന്ന്. ആയിരിക്കാം. എന്തുപ്രയോജനം ? അങ്ങനെ കുറേ അവറ്റകള്‍ ഈ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ ഉണ്ടല്ലോ എന്ന് വിചാരിച്ച് ഇക്കാലത്തിനിടയില്‍ ഒരു മുതലാളിയും മുക്കാല്‍ ഡോളര്‍ ഇവിടെ നിക്ഷേപിച്ചിട്ടില്ല. ഇക്കഴിഞ്ഞ കുറേ കാലത്തിനിടയില്‍ ഈ യോഗ്യന്മാര്‍ ഏറ്റവും കൂടുതല്‍ മൂലധനം നിക്ഷേപിച്ചത് കമ്യൂണിസ്റ്റ് രാജ്യം എന്ന് ഇപ്പോഴും അവകാശപ്പെടുന്ന ചൈനയിലാണത്രെ. ചില ബൂര്‍ഷ്വാ സാമ്പത്തികന്മാര്‍ കണക്കുകൂട്ടിയെടുത്തതാണ് അത്, തെറ്റാനിടയില്ല. കമ്യൂണിസം നടപ്പാക്കുന്നതില്‍ അവര്‍ വിദഗ്ധരാണെന്നും അല്ലെന്നും പക്ഷം കാണും. പക്ഷേ, നേരാംവണ്ണം മുതലാളിത്തം നടപ്പാക്കുന്നതെങ്ങനെ എന്ന് നമ്മള്‍ ചൈനയില്‍ പോയി പഠിക്കേണ്ട നിലയാണ് ഉണ്ടായിരിക്കുന്നത്. ഒരുകാര്യം തിരഞ്ഞേ പറ്റൂ, ആഗോള മൂലധന പിശാചുക്കള്‍ക്ക് മുതലാളിത്ത ഇന്ത്യയേക്കാള്‍ പ്രിയ രാജ്യം കമ്യൂണിസ്റ്റ് ചൈനയാകാന്‍ എന്തേ കാരണം ? നമ്മേക്കാള്‍ കെങ്കേമമായി ജിമ്മും ജിങ്ങും നടത്തിയിട്ടാണോ അവര്‍ മൂലധനം ആകര്‍ഷിച്ചത് ?

ആഗോളീകരണമെന്നാല്‍ വിഭവങ്ങളുടെ ആഗോള ലേലമാണോ? തുക മേലോട്ടല്ല താഴേക്കാണ് എന്നുമാത്രം. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഭൂമിയിതാ, വൈദ്യുതിയിതാ, റോഡിതാ, റെയിലിതാ, ഇരുമ്പ് ഇതാ, തുരുമ്പ് ഇതാ.... എന്നിങ്ങനെ വിളിച്ചുകൂവുകയാണ് മൂന്നാം ലോക ദരിദ്രവാസികള്‍. വെറുതെ കിട്ടുമോ എന്നാണ് ആഗോളരുടെ നോട്ടം. ആദിവാസിക്ക് കൊട്ടയുണ്ടാക്കാന്‍ കൊടുക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മുള കോടുത്തിട്ടാണ് ഇവിടെ ബിര്‍ള റയോണ്‍ ഉണ്ടാക്കി കോടികള്‍ കടത്തിയത്. കച്ചോടം നിര്‍ത്തിപ്പോയിട്ടും അന്ന് കൊടുത്ത ഭൂമി തിരിച്ചുതന്നിട്ടില്ല. സാറന്മാരേ... ഞങ്ങള്‍ക്ക് ഭൂമിയൊന്നും വേണ്ട...വേറെ എന്തെങ്കിലും പണ്ടാരം ഉത്പാദിപ്പിക്കുന്ന വ്യവസായം തുടങ്ങി ഞങ്ങളെയൊന്ന് ചൂഷണം ചെയ്യണേ എന്ന് കേണ് കുറേ പിറകെ നടന്നുനോക്കി. അവര്‍ക്കിനി എന്താണ് വേണ്ടതെന്ന് അറിയില്ല. കൂലിയൊന്നും വേണ്ട, മൂന്നുനേരം ഉപ്പ് ചേര്‍ത്ത കഞ്ഞി മാത്രം കുടിച്ച് പണിയെടുക്കാന്‍ ആളെ കിട്ടുമെന്നോ മറ്റോ പറയേണ്ടിവരും അവരിനി വരാന്‍. ചൈനയിലെ പ്രത്യേക സാമ്പത്തിക സോണുകളില്‍ ഏതാണ്ട് അതിനോടടുത്ത നിലയെത്തിയെന്നും കേള്‍ക്കുന്നുണ്ട്.

അമേരിക്കയിലെ സ്വകാര്യവ്യവസായ തൊഴിലില്‍ പാതിയും ചെറുകിടഇടത്തരം സ്ഥാപനങ്ങളിലാണെന്ന് റിപ്പോര്‍ട്ടുകളില്‍ കണ്ടിട്ടുണ്ട്. പത്തില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ചെറുകിട രംഗത്ത് ഏറ്റവുമേറെപ്പേര്‍ക്ക് തൊഴിലേകിയതെന്നും കണക്കുണ്ട്. അത്തരം ചെറുകിടക്കാരെയൊക്കെ നാം കെട്ടുകെട്ടിച്ച സ്ഥിതിക്ക് വന്‍കിടക്കാര്‍ തന്നെ വന്നുവേണം നമ്മെ രക്ഷിക്കാന്‍.

* * *

എമര്‍ജിങ് കേരള നടക്കുന്ന നാളുകളില്‍ കൊച്ചിയില്‍ തട്ടുകടയൊന്നും തുറന്നുകൂടെന്ന് ഉത്തരവായിട്ടുണ്ടത്രെ. രാഹുല്‍ ഗാന്ധി സ്‌റ്റൈലില്‍ പ്രധാനമന്ത്രിയും എവിടെയെങ്കിലും കേറി വല്ലതും തിന്നുകളയുമോ എന്ന് അധികൃതര്‍ ഭയപ്പെടുന്നുണ്ടാവുമോ എന്തോ. പഞ്ചനക്ഷത്ര ഹോട്ടലില്‍ ചീഞ്ഞ ഭക്ഷണം പിടിച്ച പട്ടണത്തിലാണ് ആഗോളനിക്ഷേപകര്‍ വന്നിറങ്ങുന്നത്. അവര്‍ തട്ടുകടകളില്‍ അഭയം തേടിയേക്കുമെന്നാവുമോ ഭയം. ഒരു കാറില്‍ കൂട്ടുകാരിയെയും കൂട്ടി ലോകമെങ്ങും സഞ്ചരിച്ച് ഇഷ്ടപ്പെടുന്നേടത്തെല്ലാം മൂലധനം നിക്ഷേപിച്ചുപോന്ന ജിം റോജേഴ്‌സ് എന്ന സഞ്ചാരി അഡ്വഞ്ചര്‍ കേപ്പിറ്റലിസ്റ്റ് എന്ന കൃതിയില്‍ ഒരു കാര്യം പറയുന്നുണ്ട്.

പല രാജ്യങ്ങളില്‍ നിന്നും താന്‍ റോഡരികിലെ തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഒരിക്കലും വയര്‍ കേടായിട്ടില്ല. 116 രാജ്യങ്ങളിലെ യാത്രയ്ക്കിടയില്‍ രണ്ടുവട്ടമേ അതുണ്ടായുള്ളൂ. രണ്ട് വട്ടവും മുന്തിയ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചപ്പോഴാണ് അത് സംഭവിച്ചത്. അല്ലല്ല, കൊച്ചിയിലല്ല അത് സംഭവിച്ചത് !

No comments:

Post a comment