അവാര്‍ഡ് കോമഡി


അതൊരു അവാര്‍ഡ് സിനിമയാണ് എന്ന് പറഞ്ഞാല്‍ വലിയ അധിക്ഷേപമായിരുന്നു കുറച്ചുകാലം മുമ്പുവരെ. ആര്‍ട്‌സിനിമ എന്നുപറയുന്നതുപോലെതന്നെ. അത്തരം സിനിമ കളിക്കുന്ന തിയ്യേറ്ററിന്റെ അടുത്തുകൂടെ പോകാന്‍തന്നെ സാധാരണപ്രേക്ഷകര്‍ മടിയായിരുന്നു. ബുദ്ധിജീവികള്‍ പോകാറില്ലെന്നല്ല. അവര്‍ അസാധാരണക്കാരാണല്ലോ. അതുകൊണ്ടൊന്നും നിര്‍മാതാവിന് മുടക്കിയ കാശ് തിരിച്ചുകിട്ടില്ല. അവാര്‍ഡ് കാശുകൊണ്ടാണ് കഷ്ടിച്ച് ചെലവൊപ്പിച്ചിരുന്നത്. അവാര്‍ഡ് സിനിമ ടെലിവിഷനില്‍ കാണിക്കും. ദൂരദര്‍ശനം മാത്രം. ആ വകയിലും ചില്ലറ ഒത്തുവരുമായിരുന്നു. മികച്ച ചിത്രം അടൂര്‍ ഗോപാലകൃഷ്ണന്റേത്, പക്ഷേ മികച്ച സംവിധായകന്‍ അരവിന്ദന്‍- അല്ലെങ്കില്‍ നേരെ തിരിച്ച്. അങ്ങനെപോയി കുറെക്കാലത്തെ അവാര്‍ഡ് വര്‍ത്തമാനം. മികച്ച സംവിധായകനുണ്ടാക്കിയതല്ല മികച്ച ചിത്രം, മികച്ച ചിത്രമുണ്ടാക്കിയവന്‍ മികച്ച സംവിധായകനുമല്ല. അത് വേറെ, ഇതുവേറെ. ഈ മട്ടിലാണ് അവാര്‍ഡ്. അവാര്‍ഡ് നിര്‍ണയത്തില്‍ ആയിരം ദുരൂഹതകളാണുള്ളത്. കഥയില്‍ ചോദ്യമില്ലെന്നതുപോലെ അവാര്‍ഡിലും ചോദ്യമില്ല. അത്തരം ദുരൂഹതകളില്‍ ആദ്യത്തേതാണ് മികച്ച സംവിധായകന്‍ മികച്ചതല്ലാത്ത സിനിമയുണ്ടാക്കുന്നതിന്റെ ദുരൂഹത. സിനിമ സംവിധായകന്റെ കല എന്നൊക്കെ നിരൂപകന്മാര്‍ക്ക് പറയാം, അവാര്‍ഡ് കമ്മിറ്റിക്കാര്‍ക്ക് അതും പറഞ്ഞിരിക്കാന്‍ പറ്റില്ല. ഇരുപത്തഞ്ച് അവാര്‍ഡ് മുപ്പതാളുകള്‍ക്ക് സമാസമം ഓഹരിവെച്ച് നാല്‍പ്പതുപേരെ തൃപ്തിപ്പെടുത്തുന്നതിന്റെ കഷ്ടപ്പാട് അവരല്ലേ അനുഭവിക്കേണ്ടത്. പാവങ്ങള്‍.

അവാര്‍ഡ് സിനിമ എന്ന് ചാപ്പ കുത്തപ്പെടുന്നത് ഇപ്പോള്‍ ചീത്തപ്പേരല്ലാതായിട്ടുണ്ട്. അതുകൊണ്ട്, അവാര്‍ഡ് ജേതാവായി അറിയപ്പെടാന്‍വേണ്ടി കുറച്ച് ചീത്തപ്പേരുമാകാം. നാണം വിറ്റും അവാര്‍ഡ് നേടിയാല്‍ നാണക്കേട് അവാര്‍ഡ് തീര്‍ത്തുകൊള്ളുമെന്ന മട്ട്്. ചാനലില്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ലൈവ് ടെലകാസ്റ്റ് തീരുന്നതിന് മുമ്പ് വിവാദക്കാര്‍ അണിനിരക്കണം. അവാര്‍ഡ് കിട്ടാത്ത താരങ്ങള്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ തുടങ്ങിയ പ്രതിഭകള്‍ തല്‍സമയം ഏതെങ്കിലും ചാനല്‍ സ്റ്റുഡിയോക്ക് സമീപം പതുങ്ങിനില്‍ക്കുകയാണ് ബുദ്ധി. എപ്പോഴാണ് വിളിക്കുക എന്നറിയില്ലല്ലോ. അവാര്‍ഡ് കിട്ടിയ സൃഷ്ടി തറയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ആദ്യവെടി പൊട്ടിക്കേണ്ടത്. ബാക്കി വഴിയേ വന്നുകൊള്ളും. അവാര്‍ഡ് കൊടുത്ത സിനിമ നിലവാരമില്ലാത്ത സാധനമായിരുന്നു എന്ന് ജൂറി അംഗം തന്നെ പ്രസ്താവനയിറക്കിയാല്‍ ബോക്‌സ് ന്യൂസ് പദവിയും ചാനല്‍ അഭിമുഖ സാധ്യതയും ഉണ്ട്. ജുറിയുടെ കാലുപിടിക്കുക, കോഴ കൊടുക്കുക, സ്വാധീനം ചെലുത്തുക, ഇതൊന്നും വയ്യെങ്കില്‍ പുറംചൊറിഞ്ഞുകൊടുക്കുക-ഇതിലേതെങ്കിലും എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി വഴിയാണ് മറ്റേകക്ഷികള്‍ അവാര്‍ഡ് നേടിയത് എന്ന് ഉറക്കെ ഉറക്കെ പറഞ്ഞുകൊണ്ടിരിക്കാം. താനൊഴിക എല്ലാവരും അവാര്‍ഡ് നേടുന്നത് ഈ വഴിക്കാവാനല്ലേ തരമുള്ളൂ. താന്‍ അപൂര്‍വപ്രതിഭയായതുകൊണ്ട് ഇതിന്റെയൊന്നും ആവശ്യമേ ഇല്ല. എങ്കിലും ചില പൊടിക്കൈകള്‍ പ്രയോഗിക്കാറുണ്ട്. അച്ഛന്റെ സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കുന്ന ജൂറിയില്‍ മക്കള്‍ അംഗങ്ങളായെന്നുവരാം. അത് യോഗ്യത കുറവായതുകൊണ്ടല്ല. യോഗ്യത തങ്ങള്‍ക്കുതന്നെ. പക്ഷേ യോഗ്യത കുറഞ്ഞവര്‍ സ്വാധീനം ചെലുത്തി അവാര്‍ഡ് കൈവശപ്പെടുത്തുന്നത് തടയാനാണ് ഭരണഘടനാതീത കുനുഷ്ടുമാര്‍ഗങ്ങള്‍ തേടുന്നത്. അയോഗ്യരെ ന്യൂട്രലൈസ് ചെയ്യാന്‍ അതേ വഴിയുള്ളൂ.

വര്‍ഷം കഴിയുംതോറും ഇവിടെ ചലചിത്രവ്യവസായം താഴോട്ടും വിവാദവ്യവസായം മേലോട്ടുമാണ് പോകുന്നത്. ഇക്കൊല്ലം വിവാദം പൂര്‍വാധികം കേമമാണ്. സിനിമയിലൂടെ വിനോദം എന്ന സങ്കല്‍പ്പം വിവാദത്തിലൂടെ വിനോദം എന്നുപുരോഗമിച്ചിട്ടുണ്ട്. സിനിമയില്‍ വിനോദം വേണ്ടത്ര ഇല്ല എന്ന പ്രശ്‌നത്തിനുള്ള പരിഹാരം കൂടിയാണ് ചലചിത്രബാഹ്യ ചലചിത്രവിവാദം. അതിനാകട്ടെ വിനോദനികുതിയില്ലതാനും. വിനോദ ചാനലുകളില്‍ പല വേഷങ്ങളില്‍ വന്ന്് വിനോദം നല്‍കുന്നവര്‍ ന്യൂസ് ചാനലില്‍ മഫ്റ്റിയില്‍ വന്ന് വിനോദം നില്‍കും. സിനിമയിലെ നായകവേഷങ്ങള്‍ പലതും ചാനല്‍വിവാദത്തില്‍ കൊടും വില്ലന്‍ വേഷത്തിലാണ് വരാറുള്ളത്. ചിലര്‍ കോമാളി വേഷത്തിലും വരും. ചാനലുകളിലെ സീരിയല്‍ കാരണം സിനിമയ്ക്ക് പ്രേക്ഷകര്‍ കുറയുന്നു എന്ന് വിലപിക്കുന്നതും ചാനലില്‍ ചെന്നാണ്. എന്തിന് സീരിയല്‍ ? അമ്മ-തിലകന്‍, മോഹന്‍ലാല്‍-അഴീക്കോട് പോലുള്ള വിവാദങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായാല്‍ സിനിമക്കാരുടെയും സീരിയലുകാരുടെയും മാത്രമല്ല രാഷ്ട്രീയക്കാരുടെ വരെ കഞ്ഞികുടി മുട്ടിപ്പോകും.

ഇക്കുറി ദേശീയ അവാര്‍ഡ്കമ്മിറ്റിക്കാര്‍ കേരള അവാര്‍ഡ് കമ്മിറ്റിയെ കൊച്ചാക്കിക്കളഞ്ഞെന്ന് പരാതിയുണ്ട്. ഇവിടത്തെ ലോകോത്തര ചലചിത്ര പണ്ഡിതര്‍ അത്യാധുനിക ശാസ്ത്രീയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് അളന്നും തൂക്കിയും നൂറാം ക്ലാസ് എന്ന് മാര്‍ക്കിട്ടുതള്ളിയ സിനിമക്ക് കേന്ദ്രത്തിലെ ജൂറി നൂറുമാര്‍ക്കും ഒന്നാം സ്ഥാനവും കൊടുത്തുകളഞ്ഞു. ബഹുരാഷ്ട്രകുത്തകകളും നിയോ കൊളോണിയല്‍ - ആഗോളീകരണ അജന്‍ഡക്കാരുമെല്ലാം ചേര്‍ന്നാവണം ഈ പണി ഒപ്പിച്ചത്. ഒരു ദേശീയകുത്തകയുടെ സിനിമയാണ് ഇത്തരത്തില്‍ ഫെഡറല്‍ വ്യവസ്ഥയെ മറികടന്ന് ദേശീയഅവാര്‍ഡ് നേടിയത്. ദേശീയക്കുത്തക വക സിനിമ തന്നെയായിരുന്നു ഭേദപ്പെട്ടതെന്ന അഭിപ്രായം സിനിമാപ്രേമികള്‍ പറയും. കാര്യമാക്കേണ്ട.

തിയേറ്ററില്‍ കേറി സിനിമ കാണാന്‍ ജനം മടിക്കുന്ന പ്രദേശമാണ് കേരളം. അതിനുകാരണം തിയേറ്ററുകള്‍ കൊള്ളാത്തതാണെന്നും അതല്ല മലയാളസിനിമ കൊള്ളാത്തതാണെന്നും അതുമല്ല ചാനലുകള്‍ കൊള്ളുന്നതാണെന്നും പല അഭിപ്രായങ്ങളുണ്ട്. എന്തായാലും എടുത്ത സിനിമകളില്‍ ബഹുഭൂരിപക്ഷവും ഇവിടെ എട്ടുനിലയില്‍ പൊട്ടുന്നുണ്ട്. അതുകൊണ്ടുള്ള സഹതാപതരംഗമാണോ എന്നറിയില്ല, ദേശീയ അവാര്‍ഡ് കമ്മിറ്റി പെരുത്ത് അവാര്‍ഡുകളാണ് മലയാളത്തിന്റെ പോക്കറ്റിലിട്ടുകൊടുത്തത്. ഒരു ഡസനിലേറെ വരും. ലോക്കല്‍ സൂപര്‍താരങ്ങളെ വില വെക്കാതെ ദേശീയ സൂപര്‍താരത്തിനാണ് മികച്ച നടനുള്ള സമ്മാനം കൊടുത്തത്. വയസ്സിന്റെ കാര്യത്തിലും നമ്മുടെ സൂപര്‍ താരങ്ങളെ വെല്ലുന്ന സീനിയര്‍ സിറ്റിസനാണ് ആ ബാലതാരം.

ഇത്രയും അവാര്‍ഡ് കിട്ടാന്‍മാത്രം കേമമായ മലയാള സിനിമയെ ജനം എന്തുകൊണ്ടാണ് കൈയൊഴിയുന്നത് എന്ന ചോദ്യമുണ്ട്. പഴയ ആര്‍ട് സിനിമക്കാര്‍ പറയുന്നതുപോലെ ജനത്തിന് വിവരമില്ലാത്തതുതന്നെയാവും കാരണം. രോഗാതുരമാണത്രെ മലയാള സിനിമാവ്യവസായം. സോപ്പോ തീപ്പെട്ടിയോ മറ്റോ ഉണ്ടാക്കുന്ന വ്യവസായമായിരുന്നെങ്കില്‍ എളമരം കരീം സഖാവിന് പാഞ്ഞുവന്ന് രക്ഷിക്കാന്‍ പറ്റുമായിരുന്നു. സാംസ്‌കാരികവ്യവസായതുകൊണ്ട് അതിനും വകുപ്പില്ല. അവാര്‍ഡ് കോമഡി കൊണ്ടൊന്നും മലയാള സിനിമയുടെ ട്രാജഡി മാറാന്‍ ഇടയില്ല. അവാര്‍ഡ് കമ്മിറ്റികളൊന്നും അതിന്റെ ഒറ്റമൂലി പറഞ്ഞുതരുന്നില്ല എന്നതാണ് വലിയ ട്രാജഡി.
****
ചോദ്യക്കടലാസ് വിവാദത്തില്‍ പെട്ട് ആദ്യം കൈയും പിന്നെ ഉപജീവനമാര്‍ഗവും നഷ്ടപ്പട്ട അധ്യാപകന്റെ കാര്യത്തില്‍ കോളേജ് മാനേജ്‌മെന്റ് എടുത്ത നിലപാട് അങ്ങേയറ്റം ഉദാരമാണെന്ന് ആരും സമ്മതിക്കും. ജോസഫ് മാഷെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കോടതി പറഞ്ഞാല്‍ അക്കാര്യം മാനേജ്‌മെന്റ് അനുസരിക്കും. കോടതിവിധി എടുത്ത് ചവറ്റുകൊട്ടയിലിടുകയൊന്നുമില്ല. കോടതി പറയുന്നതൊക്കെ അനുസരിക്കേണ്ട തരം സാധാരണക്കാരല്ല മാനേജ്‌മെന്റുകള്‍ എന്ന കാര്യം നമ്മളോര്‍ക്കണം. അപ്പോഴേ ആ ഔദാര്യത്തിന്റെ വലുപ്പം മനസ്സിലാവൂ.

കോടതിയില്‍ സംശയത്തിന്റെ ആനുകൂല്യം എന്നൊരു വകുപ്പുണ്ട്. കൊലക്കുറ്റം പ്രതി ചെയ്തതുതന്നെ എന്നുനമുക്കെല്ലാം തോന്നിയാലും നൂറ്റൊന്നുശതമാനം ഉറപ്പില്ലെങ്കില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ കോടതി വിട്ടയക്കും. കോടതിയിലിരിക്കുന്നവര്‍ സാധാരണ മനുഷ്യരായതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. തങ്ങള്‍ക്ക് തെറ്റുപറ്റാനുള്ള സാധ്യത അവര്‍ കാണുന്നു. നൂറുകുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി..... എന്നുണ്ടല്ലോ തത്ത്വം.

ആ ഇനത്തില്‍ പെട്ട സാധാരണക്കാരല്ല കൈവെട്ടുകാരും കോളേജ് മാനേജ്‌മെന്റുകാരും. ചോദ്യപ്പേപ്പറില്‍ മുഹമ്മദ് എന്ന് ചേര്‍ക്കുമ്പോള്‍ തന്റെ മനസ്സില്‍ നബി എന്നൊരു ചിന്തയേ ഉണ്ടായിരുന്നില്ല എന്ന് അധ്യാപകന്‍ ആണയിട്ടുപറയുന്നതിനെ മുസ്ലിം സംഘടനാനേതാക്കള്‍ തന്നെ അംഗീകരിക്കുന്നുണ്ട് ഇപ്പോള്‍. അധ്യാപകന്‍ സത്യമല്ല പറയുന്നത് എന്ന് ആര്‍ക്കുപറയാന്‍ കഴിയും ? അധ്യാപകന്റെ മനസ് വായിക്കാന്‍ കഴിയുന്നവര്‍ക്കേ മറിച്ച് പറയാന്‍ കഴിയൂ. അതുകൊണ്ട് അധ്യാപകനെ കുറ്റപ്പെടുത്തുന്നവരും അദ്ദേഹത്തെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയക്കുകയേ ഉള്ളൂ. കൈവെട്ടുകാരും മാനേജ്‌മെന്റുകളും ഈ കൂട്ടത്തില്‍പെടില്ല. അവര്‍ ദൈവതുല്യരാണ്. അവര്‍ക്ക് അറിയാത്തതായി ഒന്നുമില്ല. അധ്യാപകന്റെ മനസ്സിലുള്ളത് അപ്പടി അറിയാം രണ്ടുകൂട്ടര്‍ക്കും. മുഹമ്മദ് എന്നെഴുതിയത് പ്രവാചകനെ ഉദ്ദേശിച്ചുതന്നെ. സംശയം ലവലേശമില്ല, അതുകൊണ്ട് സംശയത്തിന്റെ ആനുകൂല്യവുമില്ല. ഒരു കൂട്ടം ദൈവജ്ഞര്‍ അധ്യാപകന്റെ കൈവെട്ടി, മറ്റേകൂട്ടര്‍ പണി വെട്ടി. ഇനി അഞ്ചോ പത്തോകൊല്ലം കേസ് നടത്തി പാപ്പരായി അധ്യാപകന്‍ അനുകൂലവിധി വാങ്ങി വരുന്നതൊന്നുകാണട്ടെ. അപ്പോള്‍ നോക്കാം. അതുവരെ നമ്മുടെ വിദ്യാഭാസവ്യവസായം വിഘ്‌നം കൂടാതെ നടക്കട്ടെ. ദൈവത്തിന് സ്തുതി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി