ചില 'സംസ്കാരി'ക പ്രശ്നങ്ങള്‍.


മാര്‍ക്സിസത്തിനകത്തെ പല പദപ്രയോഗങ്ങളുടെയും അര്‍ഥം, മാര്‍ക്സിയന്‍ ഭാഷയില്‍ സാക്ഷരതയില്ലാത്ത നമ്മളെപോലുള്ളവര്‍ക്ക്‌ പെട്ടെന്നു മനസ്സിലാവുകയില്ല. കേള്‍ക്കുമ്പോള്‍ കിട്ടുന്ന അര്‍ഥമാവില്ല പ്രയോഗിക്കുമ്പോള്‍ സിദ്ധിക്കുന്നത്‌. കോണ്‍ഗ്രസ്സിലെ ഒരു കൂട്ടരെ തിരുത്തല്‍വാദികളെന്നു ആരോ വിളിച്ചപ്പോള്‍ അവര്‍ തിരിഞ്ഞുനിന്നു ശകാരിച്ചതൊന്നുമില്ല. തങ്ങള്‍ യോഗ്യന്മാരാണെന്ന്‌ അംഗീകരിക്കപ്പെട്ടല്ലോ എന്നു ആശ്വസിക്കുകയാണ്‌ ചെയ്തത്‌. തെറ്റല്ലേ തിരുത്താന്‍ പറ്റൂ, ശരി തിരുത്താനാവില്ലല്ലോ. തെറ്റു തിരുത്തുന്നത്‌ തെറ്റുമല്ല. കമ്മ്യൂണിസത്തിലെത്തിയാല്‍ കളിമാറി. തിരുത്തല്‍വാദിയെന്നു മുദ്രകുത്തപ്പെട്ടാല്‍ കഥകഴിഞ്ഞതു തന്നെയാണ്‌. കമ്മ്യൂണിസത്തിന്റെ ആചാര്യന്മാര്‍ എഴുതിവെച്ചത്‌ വെട്ടിത്തിരുത്തുന്ന നീചന്മാരാണ്‌ തിരുത്തല്‍വാദികള്‍. ബേബിസഖാവ്‌ പറഞ്ഞതുപോലെ സംഘടനാപരമായി സംസ്കരിക്കപ്പെടേണ്ടവര്‍. ആ പ്രക്രിയ നടക്കുന്നുണ്ട്‌, ആരംഭകാലം മുതല്‍. ഇന്ത്യപോലുള്ള മുതലാളിത്ത രാജ്യങ്ങളില്‍ സംഘടനാപരമായും അസ്സല്‍ സോഷ്യലിസ്റ്റ്‌ സമൂഹങ്ങളില്‍ ശാരീരികമായുമാണ്‌ ഈ 'സംസ്കാരം' നടത്താറുള്ളത്‌.

സമീപകാലത്ത്‌ പിണറായി-കോടിയേരി-ബേബി-തോമസ്‌ഐസക്‌ കൂട്ടാളികളെ പത്രക്കാര്‍ പരിഷ്കരണവാദികള്‍ എന്നു മുദ്രകുത്തിയത്‌ വായിച്ച്‌ പാര്‍ട്ടിക്ക്‌ പുറത്തുള്ളവരെങ്കിലും അല്‍പം ആശ്വസിക്കുകയുണ്ടായി. പരിഷ്കാരം അത്ര മോശം സംഗതിയൊന്നുമല്ലല്ലോ. നമുക്കു മുമ്പുള്ള തലമുറയെ അവരുടെ മുന്‍തലമുറക്കാര്‍ പരിഷ്കാരികള്‍ എന്നു വിളിക്കുകയല്ല ആക്ഷേപിക്കുകയാണ്‌ ചെയ്തിരുന്നത്‌. അക്കാലം പോയെന്ന ആശ്വാസത്തിലായിരുന്നു നാം. കമ്മ്യൂണിസത്തിലും പരിഷ്കാരം വരുന്നത്‌ നല്ലതുതന്നെ. ഗോര്‍ബച്ചേവ്‌ കുളിപ്പിച്ച കുട്ടി ഇല്ലാതായി. മറ്റിടങ്ങളില്‍ കുളിപ്പിക്കാതെയും ഇല്ലാതായി. ഇവിടെയെങ്കിലും, കാലത്തിനൊത്ത്‌ പരിഷ്കാരം വരുത്തിയാലേ അതിജീവിക്കൂ എന്നു ചിലരെല്ലാം ഉപദേശിക്കുകയും ചെയ്തതാണ്‌. അങ്ങനെയാണ്‌ അഞ്ചുകൊല്ലം മുമ്പ്‌ തിരുവനന്തപുരത്തു കൂടി പാര്‍ട്ടി പരിപാടികള്‍ പരിഷ്കരിച്ചത്‌. പരിഷ്കരിച്ചെന്ന്‌ പറയാമോ എന്നറിയില്ല. 1964-ലെ പാര്‍ട്ടിപരിപാടി മാറ്റി എന്നെങ്കിലും പറയാതെ പറ്റില്ല. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ പാര്‍ട്ടിയുടെ പേരില്‍നിന്നു കമ്മ്യൂണിസം ഒഴിവാക്കുന്ന കടുംകൈ ആണ്‌ ചെയ്തുകളഞ്ഞത്‌. ഇവിടെ അത്രയൊന്നും ചെയ്തില്ല. പലഘട്ടങ്ങളിലായാണല്ലോ രാജ്യം കമ്മ്യൂണിസത്തിലേക്കു കടക്കുക. ഫൈനല്‍ ഘട്ടത്തിലെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ കാര്യത്തില്‍ മാറ്റമൊന്നുമില്ല. സെമിഫൈനലിലെ ജനകീയ ജനാധിപത്യ വിപ്ലവഘട്ടത്തില്‍ പണ്ട്‌ ഉദ്ദേശിച്ചിരുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിമാത്രം മതി എന്നായിരുന്നു. ഭരണത്തിലും പ്രതിപക്ഷത്തും ബ്യൂറോക്രസിയിലും ജുഡീഷ്യറിയിലും ഫോര്‍ത്ത്‌ എസ്റ്റേറ്റിലും എല്ലാം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. അതിസുഖകരമായിരിക്കും അവസ്ഥ എന്ന്‌ സങ്കല്‍പിച്ചാല്‍ തന്നെ അറിയുമല്ലോ. അത്ര സുഖം വേണ്ട എന്നാണ്‌ ഒടുവിലുണ്ടാക്കിയ പരിഷ്കാരങ്ങളിലൊന്ന്‌. വേറെ പാര്‍ട്ടികളും ഉണ്ടായിക്കോട്ടെ. ബഹുകക്ഷി ജനാധിപത്യം തുടരും. അവരെ എവിടെയാണ്‌ ഇരുത്തുക എന്ന്‌ ആലോചിച്ചിട്ടില്ല. പ്രതിപക്ഷത്ത്‌ സ്ഥിരം സീറ്റ്‌ നല്‍കിയാല്‍ മതി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്ഥിരം ഭരണകക്ഷി. പ്രതിപക്ഷ പദവിക്കു തിരഞ്ഞെടുപ്പ്‌-അങ്ങനെയുമാകാമല്ലോ. ജനകീയ ജനാധിപത്യ വിപ്ലവഘട്ടത്തില്‍ ബി.ജെ.പി. കേറിവന്നു ഭരണകക്ഷിയായാല്‍ ജനകീയ ജനാധിപത്യവിപ്ലവം കട്ടപ്പൊകയായിപ്പോകില്ലേ എന്നാരും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ചോദിച്ചതായി റിപ്പോര്‍ട്ടില്ല. കഥയില്‍ ചോദ്യം പാടില്ല എന്നുണ്ട്‌. നമ്മുടെയോ മക്കളുടെയോ കാലത്തൊന്നും നടക്കില്ലെന്നു ഉറപ്പായ സംഗതികള്‍ ആയതുകൊണ്ടാവും സഖാക്കള്‍ ചോദ്യമൊന്നും ചോദിക്കാതിരുന്നത്‌.

ഇത്രയും ആയ സ്ഥിതിക്ക്‌ ഇനി പാര്‍ട്ടിക്കുള്ളിലും ആവാം കുറച്ച്‌ സ്വതന്ത്രചിന്തയും വിഗ്രഹഭഞ്ജനവും എന്നു തെറ്റിദ്ധരിച്ച്‌ ഇറങ്ങിയതായിരുന്നു പി. ഗോവിന്ദപ്പിള്ള. ചെറിയ ഡോസുകളായി ഇടവിട്ട്‌ കൊടുക്കേണ്ടിയിരുന്ന മരുന്ന്‌ ഒറ്റ ഡോസില്‍ കുത്തിവെക്കുകയാണ്‌ പി.ജി.ചെയ്തത്‌. ഉടന്‍ പാര്‍ട്ടി ചാടിയെഴുന്നേല്‍ക്കുകയും അക്രമാസക്തമാവുകയും ചെയ്തു. കഥ കഴിക്കാതിരുന്നത്‌ പിജിയുടെ ഭാഗ്യമെന്നേ കരുതേണ്ടൂ. മെമ്പര്‍ഷിപ്പ്‌ പോയില്ലല്ലോ. പിന്നെ പി.ജി. മിണ്ടിയിട്ടില്ല. ആയിടെയാണ്‌ എം.എന്‍.വിജയന്‍മാഷ്‌, കാറ്റും വെളിച്ചവും കടന്നാല്‍ വിപ്ലവപാര്‍ട്ടി ശ്വാസംമുട്ടി സിദ്ധികൂടും എന്ന മുന്നറിയിപ്പ്‌ നല്‍കിയത്‌. വിജയന്‍ മാസ്റ്റര്‍ പഠിപ്പിച്ചത്‌ യാതൊന്നും ശിഷ്യന്‍ പഠിച്ചില്ല എന്ന്‌ ഇനിയൊരാളും പറയുകയില്ല. 'കാറ്റും വെളിച്ചവും' കടത്തുന്ന പരിപാടി ഇനിയില്ല എന്ന്‌ പിണറായി ഉറപ്പുവരുത്തുന്നുണ്ട്‌. 'കാറ്റും വെളിച്ചവു'മായി മാഷ്‌ ഇനി അങ്ങോട്ട്‌ ചെല്ലാതിരുന്നാല്‍ മതി. രാഷ്ട്രീയചരിത്രം വിശേഷണങ്ങളുടെ അര്‍ഥം തന്നെ മാറ്റിക്കളയും. ഇന്നലത്തെ പിന്തിരിപ്പന്മാര്‍ ഇന്നു പുരോഗമനവാദികളുടെ വേഷംകെട്ടി നടക്കും. അമ്പതുകളിലും മറ്റും വിപ്ലവകാരിയെന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റുകാരന്‍ എന്നു തന്നെയായിരുന്നു അര്‍ഥം. എണ്‍പതുകളുടെ ഒടുവിലെത്തിയപ്പോഴേക്ക്‌ കമ്യൂണിസം തകര്‍ക്കാന്‍ നടക്കുന്നവന്‍ ആ ലേബ്ല് സ്വയമൊട്ടിച്ചു നടക്കുകയായി. മലപ്പുറം സമ്മേളനംവരെ കേരള സി.പി.എമ്മില്‍ ചിലരെ പരിഷ്കരണ വാദികള്‍ എന്നു മുദ്രകുത്തിയിരുന്നു. പാര്‍ട്ടിയില്‍ ഇപ്പോള്‍ പിണറായിവര്‍ഗ സര്‍വാധിപത്യമാണ്‌. പഴയ പരിഷ്കരണവാദികള്‍ കൂടെത്തന്നെയുണ്ട്‌. പക്ഷേ, അവരെ ഇനിയാരും പരിഷ്കരണവാദികള്‍ എന്നു വിളിക്കുകയില്ലെന്നു മാത്രം.

സ്റ്റാലിനിസത്തിന്റെ ഇരുമ്പുമറകള്‍ പൊളിച്ചെറിയുന്നതിനേക്കാള്‍ വലിയ പരിഷ്കാരമൊന്നും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നടക്കാനില്ല. പക്ഷേ, തുരുമ്പു പിടിച്ച ഇരുമ്പുകള്‍ക്കു പകരം നല്ല കനേഡിയന്‍ നിര്‍മിത ഉരുക്കുമറകള്‍ മാറ്റിസ്ഥാപിക്കാനാണ്‌ സി.പി.എം.സെക്രട്ടേറിയറ്റ്‌ എം.ഒ.യു. ഒപ്പുവെച്ചത്‌. ഇത്‌ പരിഷ്കാരമല്ലേ എന്നു ചോദിച്ചാല്‍ അല്ലെന്നു പറയാനുമാവില്ല. ശരിയോ തെറ്റോ ആവട്ടെ, തീര്‍ത്തും താത്ത്വികമായ പ്രശ്നങ്ങള്‍ ഉന്നയിച്ചാല്‍ താത്ത്വികമായ ചര്‍ച്ചയിലൂടെ തന്നെ വെളിച്ചമുണ്ടാക്കുകയാണ്‌ വേണ്ടത്‌ എന്ന്‌ ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്‌. പറച്ചിലൊക്കെ ഗ്രന്ഥത്തില്‍ നില്‍ക്കും. ഫയറിങ്‌ സ്ക്വ‍ാഡാണ്‌ പിറകെ ചെന്നിരുന്നത്‌. കേരളത്തിലിപ്പോഴും അതിന്‌ പാങ്ങില്ലാത്തതുകൊണ്ട്‌ ചവിട്ടിത്തിരുമ്മുകയും കിടത്തി ഉരുട്ടുകയുമൊക്കെയാണ്‌ ചെയ്യുന്നത്‌. അത്രയും കൊണ്ട്‌ പതംവരാത്തവരെ 'സംസ്കരി'ക്കുന്നുമുണ്ട്‌. സാംസ്കാരിക നായകന്മാരെ സംസ്കരിക്കാന്‍ പ്രത്യേകമൊരു സുഖമാണ്‌.

പാര്‍ട്ടിക്കെതിരെ ലേഖനങ്ങള്‍ തുരുതുരാ എഴുതി വന്ന 'പാഠം' മാസികയുടെ പത്രാധിപരെ പാര്‍ട്ടിപത്രത്തിന്റെ പത്രാധിപസ്ഥാനത്ത്‌ തുടരുവാന്‍ അനുവദിക്കുന്നേടത്തോളം ജനാധിപത്യ പരിഷ്കാരം വന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഇത്ര ജനാധിപത്യം വേണമോ എന്ന്‌ കോണ്‍ഗ്രസ്സുകാര്‍ക്കുപോലും തോന്നിപ്പോയ ഘട്ടം. ഇപ്പോള്‍ നിലമാറി. പാര്‍ട്ടിയുടെ ശത്രുക്കള്‍ക്കെതിരെ ആഞ്ഞടിക്കുകയാണിപ്പോള്‍. ഇന്നലത്തെ സ്വതന്ത്ര ചിന്തകന്‍, പുരോഗമന പ്രസ്ഥാനത്തിന്റെ അഭിമാനം, ചുവന്ന താരം... ഇന്നു പാര്‍ട്ടിയുടെ ശത്രുവാണ്‌. സി.ഐ.എ. ഏജന്റാണ്‌ എന്നു എന്തോ പറഞ്ഞിട്ടില്ല. ഗൂഢാലോചനയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. വ്യത്യസ്തമായ ഒരു അഭിപ്രായം ആരെങ്കിലും പറഞ്ഞാല്‍ അത്‌ പാര്‍ട്ടി തകര്‍ക്കാനുള്ള ഗൂഢാലോചനയല്ല എന്ന്‌ തെളിയിക്കാനുള്ള ബാധ്യത ആ അഭിപ്രായം പ്രകടിപ്പിച്ച ആളുടേതാണ്‌. സ്റ്റാലിന്റെ കാലംമുതലേ ഉള്ള ഈ സിദ്ധാന്തത്തില്‍ പരിഷ്കാരമൊന്നും വരുത്തിയിട്ടില്ല.

എല്ലാ ഗൂഢാലോചനക്കാരും കാലം കഴിഞ്ഞ ആശയങ്ങളുടെ വക്താക്കളാണ്‌. പാര്‍ട്ടി സമ്മേളനങ്ങള്‍ ചവിട്ടിത്തിരുമ്മിയിട്ടും നേരെയാകുന്നില്ലെങ്കില്‍ പാര്‍ട്ടിപത്രത്തില്‍ ഇടിച്ചു പതംവരുത്തും. സൗദി അറേബ്യയിലും മറ്റും സദാചാരലംഘനത്തിനു അടി നല്‍കുന്ന ഏര്‍പ്പാട്‌ ഉണ്ടല്ലോ. പത്ത്‌ അടിയാണോ നൂറ്‌ അടിയാണോ എന്ന്‌ ഉറപ്പില്ല. സി.പി.എമ്മില്‍ സദാചാരലംഘകര്‍ക്ക്‌ പാര്‍ട്ടി പത്രത്തിലാണ്‌ ചാട്ടവാര്‍ കൊണ്ടുള്ള അടി നല്‍കുക. എം.പി. പരമേശ്വരന്‌ നൂറ്റൊന്നു ലേഖനപ്രഹരം നല്‍കി ചാട്ടവാര്‍ എണ്ണയിലിട്ടുവെച്ചിട്ടേ ഉള്ളൂ. അപ്പോള്‍ വി.എസ്‌. അച്യുതാനന്ദനായിരുന്നു മുഖ്യപത്രാധിപര്‍. പരമേശ്വരനെ ഒരുവിധം സംസ്കരിച്ചപ്പോഴേക്ക്‌ അടുത്ത ഗൂഢാലോചനക്കാരനെ സംസ്കരിക്കാനുള്ള സമയമായി. എം.എന്‍. വിജയന്‌ വിധിച്ചിട്ടുള്ളത്‌ നൂറ്റൊന്നു ലേഖനപ്രഹരം തന്നെയാണ്‌. അമ്പത്‌ കഴിഞ്ഞെന്നാണ്‌ തോന്നുന്നത്‌. ക്യൂവില്‍ ഇനി അമ്പത്‌ ലേഖകരുണ്ട്‌. കമ്യൂണിസത്തില്‍ ഡോക്ടറേറ്റുള്ളവര്‍.

അതിനിടെ, വി.എസ്‌. അച്യുതാനന്ദന്‍ പത്രാധിപസ്ഥാനത്തുനിന്നു പുറത്തായി. പാര്‍ട്ടിയുടെ സമ്പത്തും ഒന്നാം നമ്പറുകാരനുമാണ്‌ വി.എസ്‌. എന്ന്‌ പിണറായി പറഞ്ഞിട്ടുണ്ട്‌. എന്നാലും, ചവിട്ടിത്തിരുമ്മല്‍ ആവശ്യമായിവന്നു. അതുകൊണ്ടൊന്നും പുള്ളിക്കാരനു പതം വന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ല. പതം വന്നിരുന്നുവെങ്കില്‍ എം.എന്‍. വിജയന്‍ പണ്ടു കോടമ്പാക്കത്ത്‌ പോയ കാലം മുതല്‍ ഇന്നോളം ചെയ്ത പാര്‍ട്ടിവിരുദ്ധ നടപടികള്‍ വിവരിക്കുന്ന ഒരു തുടരന്‍ ലേഖനം ചാര്‍ത്തിക്കൊടുക്കുമായിരുന്നല്ലോ. അതുണ്ടായില്ലെന്നു മാത്രമല്ല, പാര്‍ട്ടി പത്രത്തില്‍ എഴുതുന്ന ആഴ്ച ലേഖനത്തിലൊരു തവണ പരാമര്‍ശിക്കുകപോലും ചെയ്തില്ല. ആ നിലയ്ക്ക്‌ സംഘടനാപരമായി സംസ്കരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക്‌ സമയമായെന്നു തോന്നുന്നു. നൂറ്റൊന്നു ലേഖനപ്രഹരം എന്നത്‌ കൂട്ടേണ്ടിവന്നേക്കും. വി.എസ്‌. ആണ്‌ കക്ഷി. യേത്‌?... പഴയ പുന്നപ്ര വയലാര്‍... ഇരുനൂറ്റമ്പതാക്കി ഉയര്‍ത്താം. ലേഖകന്മാര്‍ 'ഫോളിന്‍' ആയിക്കൊള്ളട്ടെ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി