അച്യുതാനന്ദനില്‍ നിന്ന്‌ ഇനി എന്തു പ്രതീക്ഷിക്കാം


ഏറ്റവും കുറവുമാത്രം വാഗ്‌ദാനവും പ്രതീക്ഷയും നല്‍കുന്നവര്‍ക്ക്‌ വോട്ട്‌ ചെയ്യുക, അവര്‍ നിങ്ങളെ വളരെ കുറച്ചേ നിരാശപ്പെടുത്തൂ എന്ന്‌ ആരോ എഴുതിയിട്ടുണ്ട്‌. വി. എസ്‌ . അച്യുതാനന്ദന്‍ ഒരുപാട്‌ വാഗ്‌ദാനങ്ങള്‍ നല്‍കിയിട്ടില്ല. എന്നാല്‍ ,അദ്ദേഹം അറിഞ്ഞുനല്‍കിയതായാലും അല്ലെങ്കിലും, പ്രതിപക്ഷനേതാവ്‌ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം വലിയ വാഗ്‌ദാനമായിരുന്നു. ആ വാഗ്‌ദാനത്തിനും പ്രതീക്ഷക്കും ഒപ്പം ഉയരുവാന്‍ അദ്ദേഹത്തിന്‌ കഴിയുകയേ ഇല്ല. അദ്ദേഹത്തിനെന്നല്ല ആര്‍ക്കും കഴിയുകയില്ല.

എ.കെ.ആന്റണി മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോഴാണ്‌ വി.എസ്‌. പ്രതിപക്ഷനേതൃസ്ഥാനത്തേക്ക്‌ വന്നത്‌. അന്നത്തെ വി.എസ്‌. അച്യുതാനന്ദന്‍ ആരായിരുന്നു ? പാര്‍ട്ടി ജയിക്കുമ്പോള്‍ തോറ്റുവീട്ടിലിരിക്കുകയും പാര്‍ട്ടി തോല്‍ക്കുമ്പോള്‍ ജയിച്ച്‌ പ്രതിപക്ഷത്തിരിക്കുകയും ചെയ്യുന്ന "വര്‍ക്കത്തില്ലാത്ത "നേതാവ്‌. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എല്ലാവിധ അപചയങ്ങള്‍ക്കും കണ്ണടച്ച്‌ അംഗീകാരം നല്‍കിയ നേതാവ്‌്‌. മുഖ്യമന്ത്രിയാകാനുള്ള അത്യാര്‍ത്തിമൂലം കാലാവധി തീരും മുമ്പ്‌ മന്ത്രിസഭയെ രാജിവെപ്പിക്കുകയും തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്‌ത്‌ പരിഹാസ്യനായ അധികാരമോഹി.പൊതുയോഗത്തിലും ടെലിവിഷന്‍ ക്യാമറയ്‌ക്ക്‌ മുമ്പിലും ഗോഷ്ടികാണിക്കുകയും മലയാളവാക്കുകളെയും പ്രയോഗങ്ങളെയും ഞെക്കിക്കൊല്ലുകയും ചെയ്‌ത്‌ മിമിക്രികലാകാരന്മാര്‍ക്ക്‌ പ്രിയങ്കരനായിമാറിയ പരിഹാസ്യകഥാപാത്രം. പുന്നപ്രയില്‍ വാരിക്കുന്തം ഉപയോഗിക്കുകയും ഇപ്പോഴും മനസ്സില്‍ വാരിക്കുന്തം സൂക്ഷിക്കുകയും ചെയ്യുന്ന സ്റ്റാലിനിസ്റ്റ്‌....അങ്ങിനെ പോകുന്നു അദ്ദേഹത്തിന്റെ നഖചിത്രം.

അഞ്ചുവര്‍ഷത്തെ യു.ഡി.എഫ്‌ ഭരണം അച്യുതാനന്ദനെ എങ്ങിനെ രൂപാന്തരപ്പെടുത്തി ?ഇതൊരു അസാധാരണമായ രാഷ്ട്രീയപരിക്ഷണമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലം അവസാനിക്കുമ്പോള്‍- ഒരുവര്‍ഷം മാത്രം മുമ്പ്‌- കണ്ടാല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം അച്യുതാനന്ദന്‍ മറ്റൊരു വ്യക്തിത്വമായി മാറിക്കഴിഞ്ഞിരുന്നു. ദിവസവും അദ്ദേഹത്തെ നേരില്‍കാണുന്ന, അരനൂറ്റാണ്ടെങ്കിലുമായി ഓരോ ചലനവും നിരീക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പോലും ആ മാറ്റത്തിന്റെ കൃത്യമായ ചിത്രം മനസ്സിലായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ മാറിയത്‌ അച്യുതാനന്ദനായിരുന്നില്ല, അദ്ദേഹത്തെ കുറിച്ചുള്ള ജനമനസ്സിലെ പ്രതിച്ഛായയായിരുന്നു.

ഈ പ്രതിച്ഛായാനിര്‍മാണം ബോധപൂര്‍വമായ ഒരു പരിശ്രമമായിരുന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ തന്നെ ഒരുപക്ഷെ അവര്‍ നേടിയെടുത്ത വിജയത്തിന്റെ വലുപ്പം മനസ്സിലായിക്കാണില്ല. ആധുനികവാര്‍ത്താമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി, ആ മാധ്യമങ്ങള്‍ ആഗ്രഹിച്ചിട്ടില്ലാത്ത രാഷ്ട്രീയമാറ്റം ഉണ്ടാക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. എണ്‍പതാം വയസ്സിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാടൊട്ടുക്ക്‌ പരക്കം പായുന്ന പ്രതിപക്ഷനേതാവ്‌ എന്നേ ഏറിവന്നാല്‍ അച്യുതാനന്ദനെ ജനം കാണുമായിരുന്നുള്ളൂ. അതുപോലും മുഖ്യമന്ത്രിയാകാനുള്ള വലിയ യോഗ്യതയായൊന്നും പരിഗണിക്കപ്പെടുമായിരുന്നുമില്ല. സത്യത്തിനും ധര്‍മത്തിനുമൊപ്പം നില്‍ക്കുന്ന വിശുദ്ധപ്പോരാളിയായി അച്യുതാനന്ദനെ ജനങ്ങള്‍ കാണാന്‍ കാരണം രണ്ടുപോരാട്ടങ്ങളാണ്‌.ഒന്ന്‌ പെണ്‍വാണിഭക്കാര്‍ക്കെതിരായത്‌. രണ്ട്‌ , പാര്‍ട്ടിക്കകത്തുള്ള തിന്മകള്‍ക്കെതിരെ അദ്ദേഹം നടത്തുന്നതായി ജനങ്ങള്‍ ധരിച്ച ധര്‍മസമരം.

ആദ്യത്തേത്‌ യഥാര്‍ഥവും വലിയ തോതിലുള്ള പിന്തുണയും അംഗീകാരവും അര്‍ഹിക്കുന്നതുമായിരുന്നു .ജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്‌ത്രീകള്‍, സഹോദരിമാരുടെയും പെണ്‍മക്കളുടെയും അമ്മയുടെയും ഭാര്യയുടെയുമെല്ലാം സംരക്ഷണം സ്വന്തംജീവനേക്കാള്‍ വിലകൂടിയ കാര്യമായി കരുതുന്ന വലിയശതമാനം പുരുഷന്മാര്‍...ലവലേശമെങ്കിലും ധാര്‍മികബോധമുള്ളവര്‍...പിജെ കുര്യന്‍ മുതല്‍ കുഞ്ഞാലിക്കുട്ടി വരെയുള്ളവര്‍ക്കെതിരെ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വായിച്ച സാധാരണക്കാരില്‍ ഉണ്ടായ ധാരണ യു.ഡി. എഫ്‌ ഭരണം ഇക്കൂട്ടര്‍ക്കെതിരെ ചെറുവിരലനക്കുകയില്ല എന്നാണ്‌.അതിന്റെ ശരിതെറ്റുകള്‍ മറ്റൊരുവിഷയമായിരിക്കാം.പൊതുധാരണകള്‍ തന്നെയാണ്‌ ചില ഘട്ടങ്ങളില്‍ സത്യത്തേക്കാള്‍ പ്രധാനമാവുക. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെടുത്തിയുണ്ടായ ഐസ്‌ക്രീം വിവാദം മറ്റൊരു ചിത്രം കൂടിജനങ്ങളില്‍ എത്തിച്ചു. എല്‍.ഡി.എഫിലെ- സി.പി.എമ്മിലെ എന്ന്‌ വായിക്കുക- ഒരു വിഭാഗവും ഇത്തരം കാര്യങ്ങളില്‍ സ്‌ത്രീപീഡകര്‍ക്കൊപ്പമാണ്‌. എ.ഡി.ബി വിവാദം, പ്‌ളാച്ചിമട, സ്വാശ്രയകോളേജ്‌ പ്രശ്‌നം, ലാവ്‌ലില്‍ അഴിമതി തുടങ്ങിയ സംഭവങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായ ഇമേജ്‌ , പാര്‍ട്ടിക്കകത്തെ അഴിമതിക്കാര്‍ക്കും തട്ടിപ്പുകാര്‍ക്കും എല്ലാമെതിരെ പൊരുതുന്ന അത്യസാധാരണനായ ധീരനേതാവാണ്‌ അച്യുതാനന്ദന്‍്‌ എന്ന്‌ ജനം ഉറപ്പിച്ചെങ്കില്‍ തെറ്റുപറയാനൊക്കില്ല.

മലപ്പുറത്ത്‌ നടന്ന പാര്‍ട്ടിസമ്മേളനത്തിലെ പരാജയം അച്യുതാനന്ദനെ സംബന്ധിച്ചേടത്തോളം വന്‍വിജയമായിരുന്നു. നിയമസഭയിലേക്ക്‌ മത്സരിക്കാനുള്ള അവസരം നിഷേധിച്ചതല്ല, മത്സരിക്കേണ്ട എന്ന്‌ ഞങ്ങള്‍ രണ്ടുപേരും തീരുമാനിച്ചതാണ്‌ എന്ന പിണറായി വിജയന്റെ വിശദീകരണം ജനങ്ങള്‍ തള്ളുകയും അച്യൂതാനന്ദന്‌ അവസരം നല്‍കണമെന്ന്‌ പാര്‍ട്ടി അണികളും മാധ്യമങ്ങളും നിഷ്‌പക്ഷപൊതുജനങ്ങളും ആവശ്യപ്പെടുകയും ചെയ്യുന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത്‌ ഔദ്യോഗിക പക്ഷത്തിന്റെ വന്‍വീഴ്‌ചയുമായിരുന്നു. അത്രയും വലിയ വീഴ്‌ചയിലേക്ക്‌ അവരെ നയിച്ചത്‌ മലപ്പുറത്തെ വിജയം മൂലമുണ്ടായ വിഭ്രാന്തിയായിരുന്നു.

അച്യുതാനന്ദന്‍ ആള്‍ദൈവമാകാന്‍ നോക്കി എന്നത്‌ വളരെ വികൃതവും അമാന്യവും വര്‍ഗീയോദ്ദേശം നിറഞ്ഞതുമായ ആരോപണമായിരിക്കാം. എന്നാല്‍ അതില്‍ സത്യത്തിന്റെ കണികകളുണ്ട്‌. നേതൃത്വങ്ങളിലുള്ള വ്യക്തികളെ ദൈവങ്ങളാക്കുന്ന ഏര്‍പ്പാട്‌ ബൂര്‍ഷ്വാപാര്‍ട്ടികളുടേത്‌ മാത്രമല്ല കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടേത്‌ കൂടിയാണ്‌. ലെനിനും സ്റ്റാലിനും മാവോയും കിം ഉല്‍ സുങ്ങുമെല്ലാം പാര്‍ട്ടിനേതൃത്വം തന്നെ ദൈവങ്ങളാക്കി വളര്‍ത്തിയെടുത്തവരാണ്‌. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടാതെ ദൈവമാകുന്നത്‌ പോകട്ടെ ജീവിനോടെ ഇരിക്കുന്നത്‌ തന്നെ അസംഭാവ്യമാണ്‌. ചിരകാലമായി നിലനില്‍ക്കുന്ന ഈ തത്ത്വമാണ്‌ വി.എസ്‌. അച്യുതാനന്ദന്‍ മറികടന്നത്‌. പാര്‍ട്ടിനേതൃത്വത്തെ ചോദ്യംചെയ്‌തുകൊണ്ടും പാര്‍ട്ടിക്കകത്ത്‌ തോറ്റുകൊണ്ടും പാര്‍ട്ടിക്ക്‌ പുറത്ത്‌ നേതാവും ആള്‍ദൈവവും ആകുകയെന്നത്‌ അക്ഷന്തവ്യമായ അപരാധം തന്നെയായിരുന്നു. കമ്യുണിസ്റ്റ്‌ പാര്‍ട്ടികള്‍ സ്വീകരിച്ചുപോന്ന സംഘടനാതത്ത്വങ്ങള്‍ ലംഘിച്ചുകൊണ്ടാണ്‌ അച്യുതാനന്ദന്‍ സ്വന്തം പിന്തുണയും ഇമേജും വളര്‍ത്തിയെടുത്തത്‌ . ഇതൊരു സത്യമാണ്‌. പാര്‍ട്ടിയേക്കാള്‍ വലുതാണ്‌ താനെന്ന മട്ട്‌ പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്‌തു. എന്നാല്‍,അതിവേഗം ജീര്‍ണിച്ചുകൊണ്ടിരുന്ന പാര്‍ട്ടിയില്‍ പ്രതീക്ഷയുടെ വെളിച്ചം പുറത്തേക്ക്‌ കാട്ടിയത്‌ വി. എസ്‌ ആയിരുന്നു എന്ന്‌ സമ്മതിച്ചേ തീരൂ. അച്യുതാനന്ദന്‍ എന്നൊരു വ്യക്തി രംഗത്തില്ലായിരുന്നുവെങ്കിലും എല്‍.ഡി.എഫ്‌ അധികാരത്തില്‍ വരുമായിരുന്നിരിക്കാം. എന്നാല്‍, അച്യുതാനന്ദന്‍ഫാക്‌റ്റര്‍ ഉണ്ടാക്കിയത്‌ ഇതിനെല്ലാം അപ്പുറത്തുള്ള രാഷ്ട്രീയമായ മാറ്റവും, ഉയര്‍ത്തിയത്‌ അസാധാരണമായ പ്രതീക്ഷകളുമായിരുന്നു.

പാര്‍ട്ടിക്കകത്ത്‌ അച്യുതാനന്ദന്‍ നടത്തിവന്ന പോരാട്ടത്തിന്‌ രണ്ടു തലങ്ങളുണ്ടായിരുന്നു. പാര്‍ട്ടിയുടെ ജീര്‍ണതക്കെതിരായ പോരാട്ടമാണ്‌ ഒന്ന്‌. ഗാന്ധിസത്തെ എതിര്‍ക്കുമ്പോഴും ഗാന്ധിയന്‍ എന്ന്‌ വിളിക്കാവുന്ന രാഷ്ട്രീയമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയപ്രവര്‍ത്തനശൈലിയാണ്‌ പ്രമുഖരായ കമ്യൂണിസ്റ്റ്‌ നേതാക്കള്‍ പിന്തുടര്‍ന്നത്‌. എളിമയുള്ള ജീവിതം.അധികാരത്തോട്‌ ആര്‍ത്തി കാട്ടാതെ സേവനവും ത്യാഗവും സ്വാഭാവികമാക്കി, സമ്പത്തിന്‌ പിന്നാലെ പരക്കംപായാതെ മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ധാരാളം കമ്യൂണിസ്റ്റ്‌ നേതാക്കളുണ്ടായിരുന്നു. എണ്‍പതുകളുടെ അന്ത്യത്തോടെ ലോകമെമ്പാടും മുതലാളിത്തം വന്‍ജയം നേടുകയും ലോകം ഏകധ്രുവമാകുകയും ചെയ്‌തതോടെ കമ്യൂണിസ്‌റ്റ്‌ പ്രവര്‍ത്തനരീതിക്കും മനോഭാവത്തിനും വന്‍മാറ്റമുണ്ടായി. പാര്‍ട്ടിയെ അടിമുതല്‍ മുടി വരെ ജീര്‍ണത ബാധിച്ചുതുടങ്ങിയത്‌ അതോടെയാണ്‌. 1996-2001 ലെ കേരളത്തിലെ ഇടതുമുന്നണിഭരണം ഒരു മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ എത്രത്തോളം അധ:പതിക്കാമെന്നതിന്റെ നല്ല ഉദാഹരണമായിരുന്നു. വാര്‍ദ്ധക്യത്തില്‍ തനിക്ക്‌ പാര്‍ട്ടി ഏല്‍പ്പിച്ചുതന്ന സുഖവാസകേന്ദ്രമാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസും പദവിയും ബംഗ്‌ളാവും എന്ന മട്ടിലാണ്‌ ഇ.കെ.നായനാര്‍ പ്രവര്‍ത്തിച്ചത്‌. അധികാരത്തിന്റെ ഉത്തരവാദിത്തങ്ങള്‍ തരിമ്പും നിര്‍വഹിക്കാതെ ഉണ്ടും ഉറങ്ങിയും സുപ്രധാന ഔദ്യോഗികയോഗങ്ങളില്‍ പോലും ഉറക്കംതൂങ്ങിയും വിഡ്‌ഢിത്തങ്ങള്‍ പുലമ്പിയും ഭരണത്തിന്റെ ജീര്‍ണതയ്‌ക്ക്‌ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കും എന്ത്‌ അജന്‍ഡയും അദ്ദേഹത്തിന്റെ പിറകിലൂടെ നടപ്പാക്കാമായിരുന്നു. എന്ത്‌ നീചകൃത്യത്തിനും സന്നദ്ധരായ ആളുകളെ താക്കോല്‍ സ്‌്‌ഥാനങ്ങളില്‍ പാര്‍ട്ടി ഇരുത്തിയിട്ടുമുണ്ടായിരുന്നു. മണിച്ചന്‍മാരും കുഞ്ഞാലിക്കുട്ടിമാരും കാര്യസാധ്യത്തിന്‌ വേണ്ടി പാര്‍ട്ടി ആസ്ഥാനത്തിന്റെയും സെക്രട്ടേറിയറ്റിന്റെയും പടവുകള്‍ കയറിയിറങ്ങി വിലസി. ആന്റണി-ഉമ്മന്‍ചാണ്ടി ഭരണകാലത്ത്‌ ചര്‍ച്ചചെയ്യപ്പെട്ട നിരവധി അഴിമതികളുടെയും അസന്മാര്‍ഗികനടപടികളുടെയും ഉദയം നായനാര്‍മന്ത്രിസഭയുടെ കാലത്തായിരുന്നു.

ഇവയില്‍ പലതും അച്യൂതാനന്ദന്റെ അറിവോടും പങ്കാളിത്തത്തോടും കൂടിയാണ്‌ നടന്നതെങ്കിലും പാര്‍ട്ടി ഗ്രൂപ്പിസത്തില്‍ സ്വീകരിച്ച പ്രതിരോധതന്ത്രത്തിന്റെ ഭാഗമായാകണം അദ്ദേഹം എല്ലാ വീഴ്‌ചകളും പാര്‍ട്ടിനേതൃത്വത്തിന്റെ ചുമലിലേക്ക്‌ തള്ളിമാറ്റി. പ്ലാച്ചിമട, ലാവ്‌ലില്‍, ഐസ്‌ക്രീംകേസ്‌ ,എഡിബി തുടങ്ങിയവയെല്ലാം പിണറായിയുടെ മാത്രം ചെയ്‌തികളാണെന്ന്‌ അണികളെയും ജനങ്ങളെയും ധരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഒട്ടനവധി പ്രശ്‌നങ്ങളില്‍ മൂല്യച്യുതിക്കെതിരെ ശക്തമായ നിലപാടെടുത്തതിനുള്ള ക്രഡിറ്റ്‌ അദ്ദേഹം അര്‍ഹിക്കുന്നതു തന്നെയായിരുന്നു. മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റുകാരനാണ്‌ അച്യുതാനന്ദന്‍ എന്ന്‌ വിശേഷിപ്പിച്ച നിരീക്ഷകരുമുണ്ട്‌. വെറുമൊരു കച്ചവട-കാര്യസാധ്യ പാര്‍ട്ടിയായി സിപിഎം അധ:പതിക്കാതെ നിലനില്‍ത്തുന്നതില്‍ അച്യൂതാനന്ദന്റെ പങ്ക്‌ ചെറുതല്ല തന്നെ.

കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സുമായി കൂട്ടുകെട്ടുണ്ടാക്കാനുള്ള പിണറായി പക്ഷത്തിന്റെ നീക്കത്തിന്‌ തടയിട്ടത്‌ സി.പി.എമ്മില്‍ മുന്‍കാലത്ത്‌ ഒരു നേതാവിനും കഴിയാത്ത കാര്യമാണ്‌. സി.പി.എം കേന്ദ്രനേതൃത്വത്തിന്‌ ഇടപെടേണ്ടതായ താത്വികമായ കാര്യങ്ങളൊന്നും അതിലുണ്ടായിരുന്നില്ല. എന്നാല്‍ കേരളത്തിലെ പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരമായ ഒരു തീരുമാനമാകുമായിരുന്നു അത്‌. പിണറായി പക്ഷം ഏതാണ്ട്‌ അതൊരു തീര്‍ച്ചയായ കാര്യമാക്കിയിരുന്നതുമാണ്‌. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിന്റെ ഫലമായിട്ടാണെങ്കിലും മറിച്ചൊരു തീരുമാനമുണ്ടാക്കിയത്‌ സി.പി.എമ്മിലും ജനാധിപത്യപോരാട്ടങ്ങള്‍ക്ക്‌ ഇനിയും സാധ്യതയുണ്ട്‌ എന്ന ഉറപ്പ്‌ അണികള്‍ക്ക്‌ നല്‍കി.

വരുംതലമുറയ്‌ക്ക്‌ മുന്നില്‍ വി. എസ്‌ സൃഷ്ടിച്ചത്‌ അനുകരണീയവും ആരാധ്യവുമായ ഒരു രാഷ്ട്രീയമാതൃകയാണെന്നും പറയാതെവയ്യ. വളര്‍ന്നുവരുന്ന തലമുറയ്‌ക്ക്‌ രാഷ്ട്രീയക്കാര്‍ എന്ന വിഭാഗത്തിന്റെ പ്രതീകമായി നാം കാട്ടിക്കൊടുക്കുന്നതാരെയെല്ലാമാണ്‌ ? അധികാരത്തിന്‌ വേണ്ടി എന്തുംചെയ്യാം, ആരെയും കൂട്ടുപിടിക്കാം, ആരെയും കൊല്ലാം, എന്ത്‌ തിന്മയെയും ന്യായീകരിക്കും, ഏത്‌ മാര്‍ഗവും സ്വീകരിക്കാം, എത്രപണം എങ്ങനെയും സമ്പാദിക്കാം, ആര്‍ക്കെതിരെ എന്ത്‌ ഭാഷയും ഉപയോഗിക്കാം എന്നിങ്ങനെയുള്ള മാതൃകയാണ്‌ ഇവിടെ കുറെ രാഷ്ട്രീയനേതാക്കള്‍ സൃഷ്ടിച്ചിരിക്കുന്നത്‌. അവരുടെ പേരുകള്‍ പ്രസക്തമല്ല. മറിച്ചുള്ള വിജയമാതൃകകള്‍ പുതിയ തലമുറയ്‌ക്ക്‌ ചൂണ്ടിക്കാട്ടാന്‍ എത്രയെണ്ണമുണ്ട്‌ ? ആഗോളീകരണകാലത്തെ വിപണിമൂല്യങ്ങളും രാഷ്ട്രീയമൂല്യങ്ങളും സമാന്തരമായി സഞ്ചരിക്കുന്നവയാണ്‌. വിപണിയില്‍ ജയിക്കാനും ലാഭം കൂട്ടാനും എന്തും ചെയ്യാം എന്ന്‌ പഠിപ്പിക്കുന്ന കാലത്ത്‌ തിരഞ്ഞെടുപ്പില്‍ ജയിക്കാനും പണമുണ്ടാക്കാനും ഇന്നതേ ചെയ്യാവൂ എന്ന്‌ എങ്ങനെ പറയും? മറിച്ചുള്ള മാതൃക തേടുന്ന വരുംതലമുറക്കാര്‍ക്ക്‌ കാട്ടിക്കൊടുക്കാന്‍ എന്തെല്ലാം പോരായ്‌മകള്‍ ഉണ്ടെങ്കിലും ഒരു അച്യുതാനന്ദനോ എ.കെ. ആന്റണിയോ മറ്റോ മാത്രമേ ഉള്ളൂ എന്ന്‌ പറയേണ്ടിവരുന്നു.

അച്യുതാനന്ദന്‍ പാര്‍ട്ടിക്കകത്തും പുറത്തും അഞ്ചുവര്‍ഷക്കാലം നടത്തിയ പോരാട്ടം മുഴുവന്‍ ശരിയായിരുന്നു എന്നല്ല സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌. 1990ന്‌ ശേഷം പാര്‍ട്ടി തകരാതെ അവശേഷിച്ച അപൂര്‍വം സ്ഥലങ്ങളില്‍ ഒന്നാണല്ലോ കേരളം. പഴയ അച്ചട്ടിലുള്ള കമ്യൂണിസത്തില്‍ നിന്ന്‌ മാറി പുതിയ രീതികള്‍ സ്വീകരിച്ചാണ്‌ എല്ലായിടത്തും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുന്നത്‌. ആദ്യാവസാനം അബദ്ധങ്ങളെന്ന്‌ നിസ്സംശയം തെളിയിക്കപ്പെട്ട ആശയങ്ങളും സിദ്ധാന്തങ്ങളും വലിച്ചെറിയാനുള്ള ആര്‍ജവം മിക്ക രാജ്യങ്ങളിലേയും കമ്യുണിസ്റ്റ്‌ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. സായുധപോരാട്ടം നടത്തിവന്ന നേപ്പാള്‍ മാവോവാദികള്‍ വരെ പുതിയപാതയിലാണ്‌. ലോകത്തുണ്ടായ മാറ്റങ്ങള്‍ക്ക്‌ നേരെ മുഖം തിരിച്ച്‌ നില്‍ക്കുകയും പഴഞ്ചന്‍പല്ലവികള്‍ അര്‍ത്ഥംപോലുമോര്‍ക്കാതെ ആവര്‍ത്തിക്കുകയും ചെയ്യുകയാണ്‌ സി.പി.എം ഇപ്പോഴും . കമ്യൂണിസത്തിന്റെ സിദ്ധാന്തങ്ങളിലോ സിദ്ധാന്തങ്ങള്‍ പ്രയോഗിക്കുന്നതിലോ ഒരുതെറ്റും സംഭവിച്ചിട്ടില്ലെന്നും ഗോര്‍ബച്ചേവിന്റെ കുഴപ്പം കൊണ്ട്‌ മാത്രമാണ്‌ ലോകത്ത്‌ കമ്യൂണിസം ഇല്ലാതായിപ്പോയതെന്നും നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നൂ സി.പി. എമ്മുകാര്‍. പരസ്യമായി പറയില്ലെങ്കിലും കുറെയെല്ലാം മാറ്റിച്ചിന്തിക്കണമെന്ന്‌ ബോധ്യപ്പെട്ട കുറെപ്പേര്‍ സി.പി.എമ്മിലുണ്ട്‌. സോഷ്യല്‍ ഡമോക്രാറ്റുകളെന്നും നാലാംലോകവാദികളെന്നും സാമ്രാജ്യത്വ ഏജന്റുമാരെന്നും മുദ്ര കുത്തപ്പെടുമെന്ന ഭയം കൊണ്ട്‌ അവരാരും തല പുറത്ത്‌ കാട്ടാറില്ല..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി