Monday, 18 February 2013

കുറ്റം നിറയുന്ന രാഷ്ട്രീയം


സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ ഭരണത്തിന്റെ കിരാതത്വം തുറന്നുകാട്ടുന്നുതാണ്‌ ആര്‍തര്‍ കോയ്‌സ്ലറുടെ 'നട്ടുച്ചയ്ക്ക്‌ ഇരുട്ട്‌' എന്ന നോവല്‍. ഓരോ അധ്യായത്തിന്റെയും തുടക്കത്തില്‍ ഓരോ മഹത്‌വചനം ഈ കൃതിയില്‍ കാണാം. ആദ്യ അധ്യായത്തിന്റെ തുടക്കത്തിലെ വചനം സെയിന്റ്‌ ജസ്റ്റിന്റേതാണ്‌. അതിങ്ങനെ. 'കുറ്റരഹിതമായി ആര്‍ക്കും ഭരിക്കാനാവില്ല.'

* * *

1977-ല്‍ യു.ഡി.എഫിനേയും 80-ല്‍ ഇടതുപക്ഷത്തേയും 82-ല്‍ യു.ഡി.എഫിനേയും 87-ല്‍ ഇടതിനെയും 91-ല്‍ യു.ഡി.എഫിനേയും 96- ല്‍ എല്‍.ഡി.എഫിനേയും 2001-ല്‍ യു.ഡി.എഫിനേയും ആണ്‌ കേരള ജനത വരിച്ചത്‌. ആ രീതി ഒട്ടും മാറ്റാതെ 2006-ല്‍ ഇതാ എല്‍.ഡി.എഫിനെ കേരളം തെരഞ്ഞെടുത്തിരിക്കുന്നു. കുറ്റങ്ങള്‍ നിറഞ്ഞതാണ്‌ ഭരണങ്ങള്‍ം ഓരോ തവണയും ഭരണക്കാരെ മാറ്റിക്കൊണ്ടിരുന്നാലേ കുറ്റങ്ങള്‍ കുറച്ചെങ്കിലും കുറയുകയുള്ളൂ എന്നും കേരളത്തിലെ വോട്ടര്‍മാര്‍ ഉറച്ചു തീരുമാനിച്ച മട്ടുണ്ട്‌. അതുകൊണ്ടുതന്നെ പരാജയങ്ങള്‍ മുന്നണി നേതാക്കളെ കുറ്റബോധംകൊണ്ട്‌ തലകുനിക്കാന്‍ പ്രേരിപ്പിക്കേണ്ടതുണ്ട്‌. വിജയങ്ങളില്‍ അവരുടെ തലയ്ക്കം കനം കൂടാനും പാടില്ല. ഭരണങ്ങള്‍ കുറ്റമില്ലാത്തതാവില്ല എന്നറിയുമ്പോള്‍ തന്നെ കുറ്റക്കാരെയൊന്നും ജനങ്ങള്‍ വെറുതെ വിടുകയില്ല എന്നുമറിയണം.

മിക്കപ്പോഴും മുന്നണികള്‍ മത്സരിക്കുന്നത്‌ ഫലം എന്തായിരിക്കും എന്നറിഞ്ഞകൊണ്ടുതന്നെയാണ്‌. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, തങ്ങള്‍ വിജയിക്കും എന്നു സാമാന്യബുദ്ധിയുള്ള ഒരു യു.ഡി.എഫ്‌ നേതാവും വിശ്വസിച്ചിരിക്കാനിടയില്ല. 140 സീറ്റില്‍ ഇരുപത്തഞ്ച്‌ സീറ്റെങ്കിലും കിട്ടാതെ പോവുമോ എന്ന ഭയമാണ്‌ അവര്‍ക്കുണ്ടായിരുന്നത്‌. ഒരു ഘട്ടത്തില്‍, ഏറ്റവും വലിയ പ്രതിപക്ഷകക്ഷി എന്ന പദവി കോണ്‍ഗ്രസിന്‌ നഷ്ടപ്പെട്ടേക്കുമെന്നും മുസ്ലിം ലീഗ്‌ ആ സ്ഥാനം നേടിയേക്കുമെന്നു പോലും ഭയന്നിരുന്നു കോണ്‍ഗ്രസ്‌ നേതാക്കന്‍മാര്‍. അവരുടെ മരണവെപ്രാളം അത്തരമൊരു മഹാദുരന്തം ഒഴിവാക്കാനായിരുന്നു. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും തീര്‍ച്ചയായും ആശ്വസിക്കാം. 42 സീറ്റുകള്‍ യു.ഡി.എഫ്‌ നേടി. തൊട്ടുമുമ്പത്തെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ നേടിയ 40-നേക്കാള്‍ രണ്ടു സീറ്റ്‌ കൂടുതലാണല്ലോ അത്‌! വലിയ ഒരു പിളര്‍പ്പും നാണംകെട്ട ഡി.ഐ.സി. കൂട്ടും വമ്പിച്ച പരാജയവും ഉണ്ടായിട്ടും കോണ്‍ഗ്രസിന്‌ കിട്ടി 24 സീറ്റ്‌. 2001-ല്‍ സി.പി.എമ്മിന്‌ കിട്ടിയതിനേക്കാള്‍ ഒരു സീറ്റ്‌ കൂടുതല്‍. കോണ്‍ഗ്രസിനെ പിന്തള്ളി മുന്നോട്ട്‌ പോകുമെന്നു കരുതിയിരുന്ന ലീഗിന്റെ കോട്ടകളാണ്‌ കൂടുതല്‍ തകര്‍ന്നത്‌. 22 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗിന്‌ കിട്ടിയത്‌ എട്ട്‌ സീറ്റ്‌ മാത്രം. മത്സരിച്ച എട്ടു കോണ്‍ഗ്രസ്‌ മന്ത്രിമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ചുപേര്‍ ജയിച്ചപ്പോള്‍ മുസ്ലിം ലീഗിന്റെ അഞ്ചു മന്ത്രിമാരില്‍ പ്രധാനികളായ മൂന്നുപേര്‍ തോല്‍ക്കുകയാണുണ്ടായത്‌.

അഞ്ചുവര്‍ഷത്തെ തമ്മില്‍ തല്ലും അപവാദങ്ങളും അഴിമതിയും അപഖ്യാതികളും എല്ലാം പരിഗണിക്കുമ്പോള്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും ഇങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ കഴിഞ്ഞല്ലോ എന്നാശ്വസിക്കാം. 1996-2001 കാലത്തെ എല്‍.ഡി.എഫ്‌ ഭരണം ഇത്രയൊന്നും ചീത്തപ്പേരുണ്ടാക്കിയിരുന്നീല്ല. മുഖ്യമന്ത്രി ഇ.കെണായനാരുടെ പോപ്പുലാരിറ്റിക്ക്‌ ഭരണം അവസാനിക്കുമ്പോഴും തകര്‍ച്ചയൊന്നും ഉണ്ടായിരുന്നില്ല. യു.ഡി.എഫ്‌ ഭരണംപോലെ വഴിക്കുവച്ച്‌ മുഖ്യമന്ത്രിയെ മാറ്റേണ്ടിവന്നിട്ടില്ല. എന്തിനേറെ, തെരഞ്ഞെടുപ്പ്‌ പ്രചരണത്തിലേക്ക്‌ എടുത്തുചാടിയപ്പോഴും ഭരണം നഷ്ടപ്പെട്ടേക്കുമെ നേരിയ ആശങ്കപോലും എല്‍.ഡി.എഫ്‌ നേതൃത്വത്തിനുണ്ടായിരുന്നില്ല. വോട്ടെണ്ണലിനു തൊട്ടുമുമ്പ്‌ അച്ചടിച്ച്‌ വോട്ടെണ്ണിത്തീരുമ്പോഴേക്ക്‌ വിപണിയിലെത്തിയിരുന്ന സി.പി.എം. താത്വികപ്രസിദ്ധീകരണത്തിന്റെ മുഖപ്രസംഗം 'ഇടതുപക്ഷത്തെ ഭരണത്തില്‍ തിരിച്ചെത്തിച്ച' വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നതായിരുന്നു! വി.എസ്‌. അച്യുതാനന്ദനായിരുന്നു പത്രാധിപരെന്നും ഓര്‍ക്കണം. നാലുവര്‍ഷത്തെ മാത്രം ഭരണം പൂര്‍ത്തിയായ ഘട്ടത്തിലാണ്‌ 1991-ല്‍ ഇടതുമുന്നണി തിരഞ്ഞെടുപ്പിന്‌ ഒരുമ്പെട്ടത്‌.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റു. വമ്പിച്ച വിജയപ്രതീക്ഷയില്‍ തിരഞ്ഞെടുപ്പിലേക്ക്‌ നീങ്ങാന്‍ പ്രേരിപ്പിച്ചത്‌ വി.എസ്‌. അച്യുതാനന്ദനായിരുന്നു എന്നും ആക്ഷേപമുണ്ടായിരുന്നു. നേതാക്കള്‍ എത്രത്തോളം ജനഹൃദയങ്ങളെ തൊട്ടറിയുന്നു?' 1991-ലും 2001-ലും എല്‍.ഡി.എഫ്‌ തോറ്റു. 2001-ലെ തോല്‍വി ഇന്നത്തെ യു.ഡി.എഫ്‌ തോല്‍വിയേക്കാള്‍ മോശവുമായിരുന്നു.
ഭരണത്തിന്റെ കുറ്റപ്പാടുകളില്‍ ജനങ്ങള്‍ക്കുള്ള അമര്‍ഷം ഓരോ മുന്നണി ഭരണം കഴിയുമ്പോഴും
കൂടിവരികയാണെത്‌ വിജയാഹ്ലാദപ്രകടനങ്ങള്‍ക്കിടയില്‍ കാണാതെ പോവുകയാണ്‌. അന്നന്നു കണ്ടതിനെ വാഴ്ത്തുന്നൌ നിരീക്ഷകന്‍മാരും മാധ്യമലേഖകരും. 2006-ലെ വന്‍പരാജയത്തിന്റെ എല്ലാ അധിക്ഷേപവും ഉമ്മന്‍ചാണ്ടിയും കൂട്ടുകാരും അര്‍ഹിക്കുന്നുണ്ട്‌. പക്ഷേ, തൊട്ടു മുന്‍വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ഇതിനേക്കാള്‍ ഒരു സീറ്റിന്റെയെങ്കിലും കുറവോടെ തുല്യദയനീയതയോടെയായിരുന്നു എല്‍.ഡി.എഫിന്റെ തോല്‍വിയെന്ന സത്യം എല്‍.ഡി.എഫുകാര്‍ ഓര്‍ക്കാനേ ആഗ്രഹിക്കുന്നില്ല. ആരെങ്കിലും ഇത്‌ ചൂണ്ടിക്കാട്ടിയാലോ? ജനങ്ങള്‍ക്ക്‌ അന്നു തെറ്റുപറ്റി, ഇത്തവണയതവര്‍ തിരുത്തി എന്നേ അവര്‍ പറയൂ. അതെയതേ... പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും തെറ്റുപറ്റുകയേ ഇല്ല. വോട്ടര്‍മാര്‍ക്കാണ്‌ തെറ്റുപറ്റുക. തീര്‍ച്ചയായും 2011-ല്‍ വോട്ടര്‍മാര്‍ 2006-ലെ തെറ്റുതിരുത്തുമെന്നും തന്നെ മുഖ്യമന്ത്രിയാക്കുമെന്നും രമേശ്‌ ചെന്നിത്തല ഉറച്ചു വിശ്വസിക്കുന്നുണ്ടാവണം. വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ'
ഏഴു കക്ഷികള്‍ ഒത്തുചേര്‍ന്നു്‌ മത്സരിക്കുകയും കോണ്‍ഗ്രസ്‌-കേരള കോണ്‍ഗ്രസ്‌ പക്ഷം ഭിന്നിച്ചുനില്‍ക്കുകയും ചെയ്ത 1967-നെ മാറ്റിനിര്‍ത്തുക. 113 സീറ്റാണ്‌ അന്നു സപ്തകക്ഷി മുന്നണിക്ക്‌ ലഭിച്ചത്‌. 18 മാസം നീണ്ട മാധ്യമനിയന്ത്രണം സൃഷ്ടിച്ച അയഥാര്‍ഥതയില്‍ ജനങ്ങള്‍ വോട്ടുചെയ്ത്‌ യു.ഡി.എഫിന്‌ 133-ല്‍ 111 സീറ്റ്‌ നല്‍കിയ 1977-നെയും മാറ്റിനിര്‍ത്തുക. 1982 മുതല്‍ 1996 വരെ നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും മാറിമാറി ജയിച്ച മുന്നണികള്‍ വന്‍വിജയമായിരുന്നില്ല നേടിയെടുത്തിരുത്‌. 1996-ല്‍ ഇരുമുന്നണികളും തമ്മിലുള്ള വ്യത്യാസം വെറും 1.66 ലക്ഷം വോട്ടുകളുടേതായിരുന്നു. ഇടതുമുന്നണി അത്തവണ 140-ല്‍ 80 സീറ്റാണ്‌ നേടിയത്‌. ലോക്‌ സഭാ-നിയമസഭാ തിരഞ്ഞെടുപ്പ്‌ ഒന്നിച്ചുനടന്ന അത്തവണ ലോക്‌സഭാ വോട്ടെടുപ്പില്‍ യു.ഡി.എഫിന്‌ എല്‍.ഡി.എഫിനേക്കാള്‍ 1.11 ലക്ഷം വോട്ടുകള്‍ കൂടുതല്‍ ലഭിക്കുകയുണ്ടായി. മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും ഇതില്‍ എന്താണ്‌ ആഹ്ലാദിക്കാനും കൊട്ടിഘോഷിക്കാനുമുള്ളത്‌? രണ്ടു മുന്നണികളെയല്ലാതെ സ്വീകരിക്കാന്‍ മൂന്നാമതൊന്നില്ല എന്നു വരുമ്പോള്‍ ജനങ്ങള്‍ ലഭ്യമായവയെ മാറിമാറി പരീക്ഷിക്കുന്നുവെന്നല്ലാതെ മറ്റെന്ത്‌ പാഠമാണ്‌ ഈ കണക്കുകളില്‍ നിന്നു പഠിക്കാനുള്ളത്‌?

1.06.2006

No comments:

Post a comment