ബോധോദയം


പ്രകാശ്‌ കാരാട്ട്‌ ഇപ്പോഴാണ്‌ ശരിക്കുമൊരു പാര്‍ട്ടി സെക്രട്ടറി ആയത്‌. ബോധോദയം എന്ന്‌ വേണമെങ്കില്‍ പറയാം. ഓരോരുത്തര്‍ക്ക്‌ ഓരോ പ്രായത്തിലാണല്ലോ അതുണ്ടാകാറുള്ളത്‌. ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പിനെക്കുറിച്ച്‌ ഏതാണ്ടൊരു ധാരണ ഉണ്ടായിട്ടുണ്ട്‌. വിദേശ യൂണിവേഴ്‌സിറ്റിയിലെ പഠനവും ആവശ്യമില്ലാത്ത പുസ്‌തകങ്ങളുടെ വായനയും ബുദ്ധിജീവികളുമായുള്ള സംസര്‍ഗവും പുള്ളിക്കാരനെ കുറെ വഴിതെറ്റിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറിയായി കുറച്ചുകാലം രൂപാന്തരത്തിന്റെ കാലമായിരുന്നു. ഇപ്പോള്‍ ശരിയായി.

ശരിയായതിന്റെ സൂചന കഴിഞ്ഞ ആഴ്‌ചയുണ്ടായി. ചെന്നൈയിലെ ഇടതുപുരോഗമന ആഢ്യബ്രാഹ്മണപത്രവുമായുള്ള അഭിമുഖത്തില്‍ പ്രകാശ്‌ കാരാട്ട്‌്‌ പറഞ്ഞ വലിയ രാഷ്ട്രീയതത്ത്വം കേട്ടവര്‍ക്ക്‌ പിന്നെ സംശയമൊന്നും ഉണ്ടാകാനിടയില്ല. മുന്നണിയിലെ സഖ്യകക്ഷികളെ തീരുമാനിക്കുന്നതില്‍ അഴിമതി ഒരു ഘടകമാവില്ല. അങ്ങനെ നോക്കാന്‍ തുടങ്ങിയാല്‍ മുന്നണി ഉണ്ടാക്കാന്‍ പറ്റില്ല- ഇത്രയുമായിരുന്നു മഹദ്വചനം.

എന്തൊരു ആര്‍ജവം, എന്തൊരു ആത്മാര്‍ഥത. ഇടതുമുന്നണി രൂപംനല്‍കാന്‍പോകുന്ന മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ദളിതജനതയുടെ ഏകപ്രതീക്ഷ മായാവതിജി വന്നാല്‍ അവിടെയും ഇവിടെയും ഇരുന്ന്‌ ബുദ്ധിജീവികളും മന്ദബുദ്ധികളും അതിനെ ചോദ്യം ചെയ്യാനിടയുണ്ട്‌. അഴിമതിക്കാരിയെ ഇടതുപക്ഷം പിന്താങ്ങുകയോ എന്നവര്‍ ആശ്ചര്യപ്പെടും. അഴിമതിയൊന്നുമില്ലെന്നേ. ആ മഹതിയുടെ സമ്പാദ്യം മൂന്നുവര്‍ഷം കൊണ്ട്‌ മൂവായിരം ശതമാനം വര്‍ധിച്ചതായുള്ള ആക്ഷേപം മാത്രമാണത്‌. രാഷ്ട്രീയപ്രേരിതമായ ആരോപണം എന്നും വേണമെങ്കില്‍ പറയാം. ഇത്രയും വര്‍ധന സിംബാബ്‌വേയിലെ പണപ്പെരുപ്പനിരക്കിലേ ഇതിനുമുമ്പുണ്ടായതായി കേട്ടിട്ടുള്ളൂ. നാളെ ഇടതുപിന്തുണയോടെ മായാമഹതി പ്രധാനമന്ത്രിയായേക്കാം. പിന്നെ മൂന്നുമാസം കൊണ്ട്‌ അവരുടെ ആസ്‌തി പതിനായിരം ശതമാനമോ അതിലിരട്ടിയോ വര്‍ധിച്ചേക്കാം. ഉപപ്രധാനമന്ത്രിയായി തലൈവി വന്നാല്‍ അതും മോശമാകില്ല. എന്തായാലും സി.പി.എമ്മിന്‌ ഒന്നും ചെയ്യാന്‍ പറ്റില്ല. ഘടകകക്ഷിക്കാരുടെ അഴിമതിയും നോക്കിയിരുന്നാല്‍ മുന്നണിയുമുണ്ടാവില്ല, ഭരണവുമുണ്ടാവില്ല.

ഈ തീരുമാനത്തിന്റെ സ്‌പിരിറ്റില്‍ത്തന്നെയാണ്‌ ഇപ്പോള്‍ കേരളത്തെ ഗ്രസിച്ച പ്രതിസന്ധിയും കാരാട്ടും കൂട്ടരും പരിഹരിച്ചിരിക്കുന്നത്‌. അഴിമതിക്കേസില്‍ പ്രതിയാക്കണമെന്ന്‌ സി.ബി.ഐ. പറയുന്ന പാര്‍ട്ടി സെക്രട്ടറി രാജിവെക്കേണ്ട കാര്യമേയില്ല. സര്‍ക്കാര്‍ സ്ഥാനത്ത്‌ ഇരിക്കുന്നവര്‍ അഴിമതിക്കേസില്‍പ്പെട്ടാല്‍ രാജിവെക്കണം; പാര്‍ട്ടിസ്ഥാനത്തിരിക്കുന്നവര്‍ രാജിവെക്കേണ്ടതില്ല. ഇതാണ്‌ അഴിമതി സംബന്ധിച്ച്‌ പാര്‍ട്ടി രൂപപ്പെടുത്തിയിട്ടുള്ള പുതിയ തീസിസ്‌.അതൊരു മഹത്‌സിദ്ധാന്തമാണ്‌. മന്ത്രിസ്ഥാനത്തിരുന്നപ്പോള്‍ നടത്തിയ അഴിമതിയെക്കുറിച്ച്‌ പാര്‍ട്ടിസ്ഥാനത്തിരിക്കുമ്പോഴാണ്‌ അന്വേഷണവും കേസും വരുന്നതെങ്കിലും ഈ സിദ്ധാന്തം തന്നെ പ്രയോഗിച്ചാല്‍ മതിയാകും. കാരണം പാര്‍ട്ടി സെക്രട്ടറിയുടേത്‌ ഭരണഘടനാപദവിയല്ല. അഴിമതിക്കേസില്‍ പ്രതിയായി പാര്‍ട്ടിനേതാവ്‌ പ്രതിക്കൂട്ടിലും പിന്നെ റിമാന്‍ഡിലുമായാലും പാര്‍ട്ടിക്ക്‌ ക്ഷീണമൊന്നുമില്ല. ചീഞ്ഞുനാറിയ മുതലാളിത്ത വ്യവസ്ഥിതിയില്‍ അങ്ങനെയൊക്കെ സംഭവിച്ചേക്കും. ബൂര്‍ഷ്വാ സര്‍ക്കാറില്‍ സ്ഥാനം വഹിക്കുന്നവരേ ധാര്‍മികതയൊക്കെ നോക്കേണ്ടതുള്ളൂ. എന്നുവെച്ച്‌ പാര്‍ട്ടിഫണ്ട്‌ മോഷ്‌ടിക്കാനൊന്നും പാടില്ല. ഉടനെ പുറത്താക്കും. സര്‍ക്കാര്‍ഫണ്ടാണെങ്കില്‍ സാരമില്ല.

പൊളിറ്റ്‌ ബ്യൂറോ സുപ്രധാനമായ ഒരു കണ്ടെത്തല്‍ കൂടി നടത്തി. ലാവലിന്‍ കരാര്‍ മുഴുവന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ അംഗീകരിച്ചതാണ്‌. അതുകൊണ്ട്‌ പാര്‍ട്ടി സെക്രട്ടറിക്കെതിരെ കേസ്‌ എടുത്തുകൂടാ. അഴിമതിയുണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റിലെ എല്ലാവര്‍ക്കും എതിരെ ഗൂഢാലോചനയ്‌ക്ക്‌ കേസ്‌ എടുക്കണമെന്ന്‌ പൊളിറ്റ്‌ ബ്യൂറോ എന്തുകൊണ്ടോ പറഞ്ഞിട്ടില്ല. അത്‌ സി.ബി.ഐ. നോക്കട്ടെ. യു.ഡി.എഫ്‌. സര്‍ക്കാറാണ്‌ കരാര്‍ ഉണ്ടാക്കിയതെന്നും അതില്‍ സാധനങ്ങളുടെ വില കുറയ്‌ക്കുക മാത്രമാണ്‌ പിണറായിയുടെ കാലത്ത്‌ ചെയ്‌തതെന്നുമാണ്‌ ഇതുവരെ പാര്‍ട്ടി പറഞ്ഞിരുന്നത്‌. പൊളിറ്റ്‌ ബ്യൂറോ പാര്‍ട്ടിയെത്തന്നെ കേസില്‍ പങ്കാളിയാക്കിയിരിക്കുകയാണ്‌. പാര്‍ട്ടി സെക്രട്ടറിയുടേത്‌ ഭരണഘടനാപദവിയല്ലെന്നതുപോലെ പാര്‍ട്ടി സെക്രട്ടേറിയറ്റും ഭരണഘടനാ സ്ഥാപനമല്ല. പിന്നെയെങ്ങനെ സമിതി സുപ്രധാനമായ സര്‍ക്കാര്‍ കരാറുകള്‍ ചര്‍ച്ച ചെയ്‌ത്‌ തീരുമാനമെടുക്കും? അസംബന്ധചോദ്യങ്ങള്‍ ബൂര്‍ഷ്വകള്‍ ഉന്നയിച്ചേക്കും. കാര്യമാക്കേണ്ട. അഴിമതിയും നോക്കിയിരുന്നാല്‍ മുന്നണി മാത്രമല്ല പാര്‍ട്ടിയും കൊണ്ടുനടക്കാനാവില്ല.

പ്രകാശ്‌‌ തന്റെ ബോധോദയത്തിന്‌ മുമ്പത്തെ കാലത്ത്‌ ചെയ്‌തുപോയ ചില പാപങ്ങളുടെ തിരുത്തല്‍കൂടി ഇതോടെ നിര്‍വഹിക്കുകയാണ്‌. അച്യുതാനന്ദനെയും പിണറായി വിജയനെയും ഒരേ നുകത്തില്‍ കെട്ടിയതാണ്‌ അതിലൊന്ന്‌‌. കുറെ മുമ്പേതന്നെ ബോധോദയം ഉണ്ടായ മഹാവ്യക്തിത്വമാണ്‌ പിണറായിയുടേത്‌. ഇനിയും കുറെക്കാലം കഴിഞ്ഞാലും അതിന്‌ സാധ്യതയില്ലാത്ത വ്യക്തിത്വമാണ്‌ അച്യുതാനന്ദന്‍റേത്‌. ആ സഖാവിനെ മത്സരിപ്പിക്കരുതെന്നും മുഖ്യമന്ത്രിയാക്കരുതെന്നും അന്നേ പിണറായി സഖാവ്‌ പറഞ്ഞിരുന്നതാണ്‌. ബുദ്ധിജീവി-ആദര്‍ശരാഷ്ട്രീയ അസുഖങ്ങളില്‍നിന്ന്‌ മോചിതനാകുന്നതിന്‌ മുമ്പായതുകൊണ്ട്‌ അന്ന്‌ അച്യുതാനന്ദനെ സ്ഥാനാര്‍ഥിയും മുഖ്യമന്ത്രിയുമാക്കി. അബദ്ധമായെന്ന്‌ ഇപ്പോള്‍ ബോധ്യമായി. ഇനിയത്‌ അച്യുതാനന്ദന്‍തന്നെ തിരുത്തിക്കൊള്ളും, വേറെ വഴിയില്ല.

ലാവലിന്‍കേസ്‌ രാഷ്ട്രീയപ്രേരിതമാണെന്ന്‌ പാര്‍ട്ടി ഉറപ്പിച്ച്‌ പറഞ്ഞ സ്ഥിതിക്ക്‌ പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ മന്ത്രിസഭ അനുമതി നല്‍കേണ്ട കാര്യമേയില്ല. അങ്ങനെചെയ്‌താല്‍ അത്‌ പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കലാവും. അതുകൊണ്ട്‌ ആ അധ്യായവും അവസാനിക്കും. തീരെ സഹിക്കാന്‍ കഴിയാത്തവര്‍ കോടതിയില്‍ പോകട്ടെ.
വേറൊന്നുകൂടിയുണ്ട്‌. അതുപക്ഷേ, പ്രകാശ്‌ പറഞ്ഞില്ല. അധികം അഴിമതി നോക്കിനടന്നാല്‍ കേന്ദ്രക്കമ്മിറ്റിയും കൊണ്ടുനടക്കാനാവില്ല. എന്താ ഇക്കാലത്തെ ചെലവ്‌? മാസത്തില്‍ നാലുപ്രാവശ്യം തിരുവനന്തപുരത്ത്‌ വന്ന്‌ ഗ്രൂപ്പിസംതീര്‍ക്കാന്‍തന്നെ എത്രരൂപ വിമാനക്കൂലിക്ക്‌ ചെലവാകും? എവിടെനിന്നാണ്‌ ഇതിനൊക്കെ കാശ്‌? പൊളിറ്റ്‌ ബ്യൂറോവിനെന്താ തേങ്ങാപ്പാട്ടമുണ്ടോ ? കേന്ദ്രക്കമ്മിറ്റിക്ക്‌ ഇവിടെയൊരു ജില്ലാ കമ്മിറ്റിക്കുള്ളത്ര പോലും വരുമാനമില്ല. നാലുഷോപ്പിങ്‌ കോംപ്ലക്‌സ്‌ പോലുമില്ലെന്നേയ്‌. കോടീശ്വരന്മാരായ മക്കളും കാല്‍ക്കാശിന്‌ ഗതിയില്ലാത്ത തന്തയും ഉള്ള കുടുംബം പോലെയാണ്‌ സി.പി.എം. കേരള-ബംഗാള്‍ സംസ്ഥാനക്കമ്മിറ്റികള്‍ സഹായിച്ചില്ലെങ്കില്‍ കേന്ദ്രക്കമ്മിറ്റി ഓഫീസ്‌ തന്നെ ജപ്‌തിയിലാകും. മ്യൂച്വല്‍ ഫണ്ടില്‍ കോടി നിക്ഷേപിക്കുക എങ്ങനെയാണ്‌? അഴിമതിയും നോക്കിനടന്നാല്‍ പാര്‍ട്ടി കൊണ്ടുനടക്കുന്നതെങ്ങനെ?

പാര്‍ട്ടിയെക്കുറിച്ച്‌ ഒരു ചുക്കും ആര്‍ക്കുമറിഞ്ഞുകൂടെന്ന്‌ അനുദിനം ബോധ്യമായി വരുന്നു. അറിയാത്തവരുടെ കൂട്ടത്തില്‍ പാര്‍ട്ടി പൊളിറ്റ്‌ ബ്യൂറോ അംഗം വി.എസ്‌.അച്യുതാനന്ദന്‍ കൂടിയുണ്ടെന്നത്‌ മാത്രമാണ്‌ ഒരേ ഒരു സമാധാനം.

++++


ഇ പ്പോഴില്ലെങ്കില്‍ പിന്നീടൊരിക്കലുമില്ല, നൗ ഓര്‍ നെവര്‍. അതാണ്‌ ബി.ജെ.പി.നേതാവ്‌ ലാല്‍ കൃഷ്‌ണ അദ്വാനിയുടെ അവസ്ഥ. അല്ലെങ്കിലും, എണ്‍പത്തൊന്നുപിന്നിട്ട ഏതൊരാള്‍ക്കാണ്‌ അഞ്ചുവര്‍ഷത്തിനപ്പുറത്തേക്ക്‌ ചിന്തിക്കാന്‍ കഴിയുക? ഇത്തവണ പ്രധാനമന്ത്രിയാകണം.

നാഗ്‌പുരില്‍ പാര്‍ട്ടി സമ്മേളനം ചേര്‍ന്നത്‌ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിനുള്ള വെള്ളം അടുപ്പത്ത്‌ വെക്കാനാണ്‌. കടുത്ത ഹിന്ദുത്വവും എരിവുകൂടിയ മറ്റു ചേരുവകളും വേണ്ടെന്നുവെച്ചതായിരുന്നു. രാമക്ഷേത്രത്തിന്റെ കാര്യം മെനുവിലൊരിടത്തും ചേര്‍ത്തിട്ടുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ പേരില്‍ പത്തുവോട്ട്‌ ഇനി കിട്ടാനില്ല എന്നറിയാത്തവരാരുണ്ട്‌. മിണ്ടിയാല്‍ നൂറുവോട്ട്‌ പോകുമെന്നും ഉറപ്പ്‌. നമ്മുടെ മുന്നണിയില്‍ പല ജനുസ്സിലും പെട്ട ജീവികളുണ്ടല്ലോ. പച്ചവെള്ളം മാത്രം കുടിക്കുന്ന സാത്വികരുണ്ട്‌, മനുഷ്യന്റെ പച്ചമാംസം മാത്രം തിന്നുന്നവരുമുണ്ട്‌. അതാണ്‌ ആദ്യം രാമക്ഷേത്രത്തിന്റെ കാര്യമൊന്നും മിണ്ടാതിരുന്നത്‌. പ്രധാനമന്ത്രിയാകാന്‍ വേണ്ടി അദ്വാനി പാവം രാമനെ വഴിയോരത്ത്‌ കളഞ്ഞിരിക്കുന്നു എന്നായി ആക്രോശം. ഉടനെ അദ്വാനി പ്ലേറ്റ്‌ മാറ്റി. മന്ത്രിസഭ വന്നാലുടനെ അയോധ്യയില്‍ ക്ഷേത്രംപണിക്ക്‌ ടെന്‍ഡര്‍ വിളിക്കുമെന്നായി പ്രഖ്യാപനം. അദ്വാനി ഇപ്പോഴും ഹിന്ദുത്വതീവ്രവാദിയാണെന്നതിന്‌ തെളിവ്‌ വേറെ വേണ്ട എന്നായി അടുത്ത സംഘഗാനം. രണ്ടും പറയുന്നതും എഴുതുന്നതും ഒരേ മാധ്യമഭീകരന്മാര്‍തന്നെ.

ഇതുതന്നെയാണ്‌ ഇപ്പോഴത്തെ വലിയ പ്രശ്‌നം. ബി.ജെ.പി.യില്‍ ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ ഒരാളേയുള്ളൂ. രണ്ട്‌ നായകവേഷവും ആ ഒരാള്‍തന്നെ കെട്ടണം. അദ്വാനിക്ക്‌ അദ്വാനിയും ആകണം വാജ്‌പേയിയും ആകണം. തീവ്രഹിന്ദുത്വവാദിയായും വ്യാജമതേതരനായും അഞ്ചുവര്‍ഷമെങ്കിലുമായി അദ്ദേഹം ഈ ഡബ്‌ള്‍ റോള്‍ അഭിനയത്തിന്റെ പ്രാക്ടീസ്‌ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ചിലപ്പോള്‍ ഓവര്‍ ആക്ടിങ്‌ ആയിപ്പോയതുകൊണ്ട്‌ കഥാപാത്രം ഏതാണ്‌ എന്ന്‌ മനസ്സിലാകാതെപോയ സന്ദര്‍ഭങ്ങളുമുണ്ടായി. ഒരിക്കല്‍ പാകിസ്‌താനില്‍പോയി മഹാനെന്ന്‌ വാഴ്‌ത്തിയത്‌ ആരെയായിരുന്നു-ഇന്ത്യയെ കീറിമുറിച്ച്‌ രണ്ടുകഷ്‌ണമാക്കിയ മുഹമ്മദലി ജിന്നയെ!

എന്തെല്ലാം വേഷം കെട്ടണം ഒന്നു പ്രധാനമന്ത്രിയാകാന്‍. ഒരുത്തനെയും വിശ്വസിച്ചുകൂടാ.ഗുജറാത്തിലൊരാള്‍ പല മോഡികള്‍ കാട്ടി ഡല്‍ഹിയിലേക്ക്‌ ചാടിക്കയറിവരാന്‍ ടിക്കറ്റെടുത്ത്‌ കാത്തിരിക്കുന്നുണ്ട്‌. ഡബിളല്ല, ത്രിബ്‌ള്‍ റോളെടുക്കാനും മടിയില്ലത്രെ ആ ചങ്ങാതിക്ക്‌. ഇപ്പോള്‍ അത്തരക്കാര്‍ക്കാണ്‌ താരമൂല്യം. അദ്വാനിയുടെ ഈ അഭിനയം പരാജയപ്പെട്ടാല്‍ പടം പൊട്ടുമെന്ന്‌ മാത്രമല്ല ഇത്‌ അവസാനത്തെ അഭിനയമാകുകയും ചെയ്യും. ശ്രീരാമചന്ദ്രാ കാക്കണേ...
++++
ചെ ന്നിത്തലയും തുടങ്ങിയിരിക്കുന്നു മാര്‍ച്ച്‌. ചിലതെല്ലാം ചില കാലാവസ്ഥകളില്‍ ഉണ്ടാകുകയും പടരുകയും ചെയ്യുന്ന സാംക്രമികരോഗങ്ങളാണ്‌. കഴിഞ്ഞ സീസണില്‍ ഇതിനെ യാത്ര എന്നാണ്‌ വിളിച്ചിരുന്നത്‌. നവചേതനയാത്ര നടത്തിയതാരായിരുന്നു? ചൈതന്യയാത്ര നടത്തിയതാരായിരുന്നു? ക്വിസ്‌ മത്സരത്തില്‍ ചോദിച്ചാല്‍ കെ.മുരളീധരന്റെയോ രമേശ്‌ ചെന്നിത്തലയുടെയോ മക്കളെങ്കിലും ഉത്തരം പറയുമായിരിക്കും.
യാത്രകള്‍ മാര്‍ച്ചുകളായി മാറിയതിന്‌ പ്രത്യേകിച്ച്‌ കാരണമൊന്നുമുണ്ടാകാനിടയില്ല. അതും സീസണല്‍തന്നെ. രണ്ടുമൂന്നു പതിറ്റാണ്ടിനിടയില്‍ ഇതിനുണ്ടായ മാറ്റം കേരളരാഷ്ട്രീയത്തിലുണ്ടായ മാറ്റത്തിന്റെ തെളിവാവാം.
എ.കെ.ജി.യുടെയും സി.കെ.ജി.യുടെയും കാര്യം പോകട്ടെ, പത്തുനാല്‌പതുകൊല്ലം മുമ്പ്‌ കെ.പി.സി.സി. പ്രസിഡന്റായിരുന്ന ടി. ഒ. ബാവ പോലും കാസര്‍കോട്ട്‌ നിന്ന്‌ തലസ്ഥാനത്തേക്ക്‌ നടന്നാണ്‌ പോയത്‌. എ.കെ.ആന്റണി നാലോ അഞ്ചോവട്ടം നടന്നിട്ടുണ്ട്‌. അന്ന്‌ പദയാത്ര എന്നാണ്‌ സംസ്‌കൃതത്തില്‍ പറയാറുള്ളത്‌ ; ദുര്‍ന്നടപ്പ്‌ എന്ന്‌ മലയാളത്തിലും.
പിന്നീടാണ്‌ എ.സി.കാറുകളില്‍ നടക്കുന്ന സമ്പ്രദായം വന്നത്‌.
എല്ലാവരും കാസര്‍കോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാര്‍ച്ചുമ്പോള്‍ ഒരാള്‍ക്കേ നേരെ തിരിച്ചുനടക്കുക എന്ന ഐഡിയ ഉണ്ടായുള്ളൂ. മൗലികപ്രതിഭകള്‍ അങ്ങനെയാണ്‌. ഉമ്മന്‍ചാണ്ടി ആറുവര്‍ഷംമുമ്പ്‌ സഞ്ചരിച്ചത്‌ തിരുവനന്തപുരത്ത്‌ നിന്ന്‌ കാസര്‍കോട്ടേക്ക്‌. എന്തോ പിന്നീടാരും ഉമ്മന്‍ചാണ്ടിയുടെ വഴി പിന്തുടര്‍ന്ന്‌ കാസര്‍കോട്ടേക്ക്‌ സഞ്ചരിക്കാന്‍ തയ്യാറായില്ല. ത്യാഗികളുടെ പാത പിന്തുടരാന്‍ അധികം പേരെക്കിട്ടില്ല.

പ്രതിപക്ഷത്തുള്ളവര്‍ ഭരണത്തിനെതിരെയുള്ള പ്രക്ഷോഭപ്രചാരണത്തിന്റെ രൂപത്തിലാണ്‌ ആദ്യകാലത്തൊക്കെ ഇത്തരം മാര്‍ച്ചുകള്‍ നടത്തിയിരുന്നത്‌. കുറച്ചായി ഭരണമെന്നോ പ്രതിപക്ഷമെന്നോ ഉള്ള നോട്ടമില്ല. ഇനിയെപ്പോളാണ്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ ഒന്നടങ്കം കാസര്‍കോട്‌ നിന്ന്‌ മാര്‍ച്ച്‌ നടത്തുകയെന്നേ നോക്കാനുള്ളൂ.
മാര്‍ച്ച്‌ തലസ്ഥാനത്തെത്തുമ്പോഴേക്ക്‌ സര്‍ക്കാര്‍ തകര്‍ന്നുവീഴും, ആകാശം ഇടിഞ്ഞുവീഴും, കാക്ക മലര്‍ന്നുപറക്കും, സൂര്യന്‍ പടിഞ്ഞാറുദിക്കും എന്നും മറ്റും വീമ്പിളക്കുന്ന സമ്പ്രദായവും പണ്ടുണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നുമില്ല. അവിടെ എത്തുന്നതുവരെയെങ്കിലും പാര്‍ട്ടിയിലെ സ്ഥാനത്തുതുടരാന്‍ കഴിയണമേ എന്ന പ്രാര്‍ഥനയേ ചിലര്‍ക്കുണ്ടായിരുന്നുള്ളൂ. പി.ബി.ദൈവം കാത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി