ഒരു അവിഹിതത്തെക്കുറിച്ച്


പി.ഡി.പി.യുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടാവില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് പാര്‍ട്ടി നേതൃകമ്മിറ്റികളില്‍ ഗൗരവമേറിയ ചര്‍ച്ചയ്ക്ക് വിഷയമായെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. സത്യമാവാം. തത്കാലം ചര്‍ച്ച ചെയ്യാന്‍ വേറെ വിഷയമൊന്നും കിട്ടിക്കാണില്ല. എല്ലാ യോഗത്തിലും തെറ്റുതിരുത്തല്‍രേഖ ചര്‍ച്ച ചെയ്യാനാവില്ലല്ലോ. പി.ഡി.പി. കാര്യത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടിനയമാണ് പറഞ്ഞതെങ്കില്‍ പിന്നെ അതിലെന്താണ് ചര്‍ച്ച ചെയ്യാനുള്ളതെന്ന് ശുദ്ധമനസ്‌കര്‍ ചോദിച്ചേക്കും. ഉണ്ട്, പലതും ചര്‍ച്ച ചെയ്യാനുണ്ട്.

ഒന്നാമത്തെ പ്രശ്‌നം ഇതുപറയാന്‍ മുഖ്യമന്ത്രിയാര് എന്നതാണ്. നയപരമായ ഇത്തരം ഗഹനവിഷയങ്ങള്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നത് ചുരുങ്ങിയത് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗമെങ്കിലും ആയിരിക്കണം. മുന്‍ പൊളിറ്റ്ബ്യൂറോ അംഗം എന്നൊരു തസ്തിക പാര്‍ട്ടിയിലില്ല. ഓരോരുത്തരും ഇരിക്കേണ്ടിടത്ത് ഇരിക്കണം. ഇക്കാര്യത്തില്‍ നമുക്ക് അനുകരിക്കാവുന്ന മാതൃക പഴയ നമ്പൂതിരിക്കഥയിലെ തറവാട്ടുകാരണവര്‍ തന്നെയാണ്. വീട്ടില്‍ ധര്‍മത്തിനുവന്നയാളോട് തരാന്‍ ഒന്നുമില്ല പോയ്‌ക്കോളിന്‍ എന്നുപറയേണ്ടത് കാര്യസ്ഥനല്ല, കാരണവരാണ്. ഒരേ കാര്യം തന്നെയാവാം പറയുകയെങ്കിലും പറയാന്‍ അധികാരപ്പെട്ട ആളേ പറയാന്‍ പാടുള്ളൂ. പി.ഡി.പി.യുമായി ഭാവിയില്‍ ബന്ധമുണ്ടാക്കില്ല എന്നതാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ അതു പാര്‍ട്ടി സെക്രട്ടറി പറയും. എവിടെയെങ്കിലും സൗജന്യറേഷന്‍ കൊടുക്കുന്നുണ്ടോ, വില്ലേജ് ഓഫീസര്‍മാരെ സ്ഥലം മാറ്റിയിട്ടുണ്ടോ തുടങ്ങിയ അതിഗഹന പ്രശ്‌നങ്ങളില്‍ ശ്രദ്ധിച്ചാല്‍ പോരേ മുഖ്യമന്ത്രിക്ക്.

അതുമാത്രവുമല്ല പ്രശ്‌നം. ആരെങ്കിലുമായി ഭാവിയില്‍ ബന്ധമുണ്ടാക്കില്ല എന്നൊരു തീരുമാനം സി.പി.എം. എന്നല്ല ലോകത്തൊരു പാര്‍ട്ടിയും എടുക്കില്ല. വര്‍ത്തമാനമല്ലാതെ ഭാവി ഒരു പാര്‍ട്ടിയുടെയും അജന്‍ഡയില്‍ വരില്ല. വി.എസ് .പറഞ്ഞതില്‍ പാര്‍ട്ടിക്ക് ഭൂതകാലത്ത് പി.ഡി.പി. ബന്ധമുണ്ടായിരുന്നു എന്നൊരു ദുസ്സൂചന തിരുകിവെച്ചിട്ടുണ്ട്. അതു കാണാതിരിക്കാന്‍ മാത്രം പൊട്ടന്‍മാരല്ലല്ലോ പാര്‍ട്ടി നേതൃത്വങ്ങളിലുള്ളത്. മുമ്പ് ബന്ധമുണ്ടായിരുന്നു, അതിനെ ഞാന്‍ എതിര്‍ത്തിട്ടുണ്ട്, ആ ബന്ധം കാരണമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് കുളമായത്, അതിനെല്ലാം ഉത്തരവാദി പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണ് എന്നുതുടങ്ങിയ ഒരു വലിയ രാഷ്ട്രീയ പ്രബന്ധം ആ നാല് വാക്കില്‍ ഒതുക്കിയിട്ടുണ്ട്. അങ്ങനെ ഒതുക്കുന്നതിലാണ് മുഖ്യമന്ത്രി അടുത്ത കാലത്തായി സ്‌പെഷലൈസ് ചെയ്യുന്നത്.

പി.ഡി.പി.യുമായി സി.പി.എമ്മിന് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ബന്ധമുണ്ടായിരുന്നോ എന്നുചോദിച്ചാല്‍ ഇല്ലെന്ന ഉത്തരമേ പാര്‍ട്ടിയില്‍ നിന്നുകിട്ടൂ. മുന്നണി യാതൊന്നുമറിഞ്ഞിട്ടില്ല, പാര്‍ട്ടി കമ്മിറ്റി യാതൊന്നും തീരുമാനിച്ചിട്ടില്ല. മുന്നണിയില്‍ പി.ഡി.പി.യെ ചേര്‍ത്തിട്ടില്ല. ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയെ പാര്‍ട്ടി പിന്താങ്ങി. അതേ സ്വതന്ത്രനെ പി.ഡി.പി.യും പിന്താങ്ങി, അതിന് ഞങ്ങളെന്ത് പിഴച്ചു? സ്വതന്ത്രസ്ഥാനാര്‍ഥിയുടെ പ്രചാരണയോഗത്തിന് ഞങ്ങളെ വിളിച്ചു, മഅദനിയെയും വിളിച്ചു. സ്റ്റേജില്‍ കണ്ടുമുട്ടിയാല്‍ തല തിരിച്ചുകളയാന്‍ പറ്റുമോ? അത്രയേ സംഭവിച്ചുള്ളൂ. അവിഹിതങ്ങള്‍ക്ക് ഒരേ ഭാഷയാണ്. ഞാന്‍ മൈസൂരിലേക്ക് കാറില്‍ പോകുകയായിരുന്നു. വഴിയില്‍ ആരോ കൈനീട്ടിയപ്പോള്‍ നിര്‍ത്തി. ടൗണിലിറങ്ങാമെന്ന് പറഞ്ഞപ്പോള്‍ കൂടെക്കൂട്ടി. മുറിയില്‍വന്നാല്‍ ഊണുതരാമെന്നു പറഞ്ഞു. വിശക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ആ മുറിയിലെത്തിയത്. അതുപെണ്ണായിരുന്നോ? അതുഞാന്‍ ശ്രദ്ധിച്ചതേയില്ല കേട്ടോ.

ഭാവിയില്‍ ബന്ധമുണ്ടാകില്ല എന്നുപറയാന്‍ പാര്‍ട്ടി വി.എസ്. അച്യുതാനന്ദനെ അധികാരപ്പെടുത്തിയിട്ടുണ്ടോ എന്നത് ഗൗരവമുള്ള വേറൊരു പ്രശ്‌നമാണ്. ഭാവി അനിര്‍വചനീയവും അപ്രവചനീയവുമാണ്. ഭാവിയില്‍ എന്തുസംഭവിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല.
കോണ്‍ഗ്രസ്സിന്റെ ഒരു മന്ത്രിസഭയെ കേന്ദ്രത്തില്‍ സി.പി.എം. പിന്താങ്ങി നിലനിര്‍ത്തുമെന്ന് അതിനുമുമ്പ് സങ്കല്പിക്കുവാന്‍പോലും കഴിയുമായിരുന്നില്ല. മുസ്‌ലിംലീഗുമായി ഒരു ബന്ധവുമില്ല എന്ന് വി.എസ്. പറയുമ്പോള്‍ത്തന്നെ പാര്‍ട്ടി ദൂതന്മാര്‍ അവരുമായി സംസാരിക്കുന്നുണ്ടായിരുന്നു. ഇതും പഴയ കേസാണ്.

ഐ.എന്‍.എല്ലുമായി ഭൂതത്തിലോ വര്‍ത്തമാനത്തിലോ ഭാവിയിലോ ഒരു ബന്ധവുമില്ലെന്ന് വി.എസ്. പറഞ്ഞുനടക്കുമ്പോള്‍ത്തന്നെയാണ് മുന്നണി സ്ഥാനാര്‍ഥികളായി അവര്‍ മത്സരിച്ച് നിയമസഭയിലെത്തിയത്. അങ്ങനെ എന്തെല്ലാം മറിമായങ്ങള്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ഭാവിയില്‍ പി.ഡി.പി.യുമായി ഒരു ബന്ധവുമുണ്ടാകില്ല എന്നൊന്നും വി.എസ്. കടുപ്പിച്ച് പറയേണ്ട എന്നു പറയുന്നത്.

പി.ഡി.പി.ക്ക് കാക്കത്തൊള്ളായിരം വോട്ടുണ്ടെന്ന് വിചാരിച്ചായിരുന്നു അവിഹിതത്തിന് ഒരുമ്പെട്ടത്. പി.ഡി.പി.മൂലം കിട്ടുന്നതിന്റെ പലമടങ്ങ് വോട്ട് പി.ഡി.പി. മൂലം ചോര്‍ന്നുപോകുമെന്ന് മുന്‍കൂട്ടി കാണാനായില്ല. അത്രയേ ഉള്ളൂ പ്രശ്‌നം. അല്ലാതെ തത്ത്വത്തിന്റെയും തീവ്രവാദി ബന്ധത്തിന്റെയും വലിയ വര്‍ത്തമാനമൊന്നും ഇല്ലതന്നെ.

** ** **

പാര്‍ട്ടി വിത്ത് എ ഡിഫറന്‍സ് എന്നാണ് പറഞ്ഞുകേട്ടിരുന്നത്. വേറെ പാര്‍ട്ടികളെപ്പോലെയല്ല. മൂന്നുനേരവും ശ്വസിക്കുന്നതുതന്നെ ആദര്‍ശമായിരുന്നു. അധികാരത്തിന്റെ അപ്പക്കഷണത്തിനോ നാലുവോട്ടിനോ വേണ്ടി ആദര്‍ശം വില്ക്കില്ലെന്നായിരുന്നു വീമ്പ്. അത് തീര്‍ത്തും ആളെപ്പറ്റിക്കലായിരുന്നു എന്നുപറയാനാവില്ല. ആദ്യത്തെത്തവണ വാജ്‌പേയി പ്രധാനമന്ത്രിയായി ഇരുന്നത് പതിമ്മൂന്നുദിവസമായിരുന്നു. അന്നുവേണമെങ്കില്‍ ഏതെങ്കിലും രണ്ടുപാര്‍ട്ടികളില്‍ പിളര്‍പ്പുണ്ടാക്കി വിശ്വാസവോട്ട് നേടാനുള്ള എണ്ണം ഒപ്പിച്ചെടുക്കാമായിരുന്നു. പിളരാന്‍ തയ്യാറായി ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍നില്പുണ്ടായിരുന്നു. കാശ്മുടക്കാനാണോ പ്രയാസം? കരാര്‍അടിസ്ഥാനത്തില്‍ അതു ചെയ്യുന്ന കമ്പനികള്‍ അന്നും ഡല്‍ഹിയിലുണ്ട്. ഭരണംകിട്ടിയ ശേഷം നെല്ലായോ കാശായോ തിരിച്ചുകൊടുത്താല്‍മതി. പക്ഷേ, വാജ്‌പേയിജി അതിനൊന്നും ഒരുമ്പെട്ടില്ല. പ്രക്രിയയുടെ സാങ്കേതികവിദ്യ മനസ്സിലാക്കാന്‍ സമയം കിട്ടാഞ്ഞതുകൊണ്ടാണ് എന്നു പറയുന്നവരുമുണ്ട്.

എന്തായാലും ആദര്‍ശം ഭുജിക്കുന്ന പാര്‍ട്ടിയെന്ന ചീത്തപ്പേര് ഒരു വര്‍ഷംകൊണ്ട് മാറ്റിയെടുത്തു. ഉത്തര പ്രദേശിലാണ് അതിനുള്ള ചാന്‍സ് കിട്ടിയത്. 1997 ല്‍ അവിടെ കല്യാണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ബി.ജെ.പി.അധികാരത്തില്‍ വന്നത് ഇരുപത്തിനാലുമണിക്കൂര്‍കൊണ്ട് മൂന്നു ഖിലാടി പാര്‍ട്ടികളെ പിളര്‍ത്തിക്കൊണ്ടാണ്. ഒറ്റ വാഗ്ദാനമേ കല്യാണ്‍സിങ് നല്‍കിയുള്ളൂ. ആരു കാലുമാറിവന്നാലും മന്ത്രിസ്ഥാനം തരും. അഴിമതിയൊട്ടുമില്ല. പാര്‍ട്ടികള്‍ മുള ചീന്തുന്നതുപോലെ അലറിപ്പിളരുകയായിരുന്നു. മന്ത്രിസഭ കുറച്ച് വലുതായിപ്പോയെന്ന ആക്ഷേപം പാര്‍ട്ടി കാര്യമായിട്ടെടുത്തില്ല. തൊണ്ണൂറിനും നൂറിനുമിടയിലായിരുന്നു മന്ത്രിമാരുടെ എണ്ണം. ഇന്ത്യ കണ്ടതില്‍വെച്ചേറ്റവും വലിയ മന്ത്രിസഭ. മന്ത്രിമാരില്‍ നല്ലൊരു പങ്ക് പത്തും ഇരുപതും ക്രിമിനല്‍കേസുകളില്‍ പ്രതികളായിരുന്നുവെന്ന ഗുണവുമുണ്ടായിരുന്നു.

ഇതെല്ലാം ഇപ്പോള്‍ പറയുന്നതെന്തിനെന്നോ... ജാര്‍ഖണ്ഡില്‍ ഷിബു സോറന്‍ എന്ന മഹാനെ ബി.ജെ.പി. മുഖ്യമന്ത്രിയാക്കിയത് മഹാമോശമായിപ്പോയി എന്നും മറ്റും ചില ശുദ്ധമനസ്സുകാര്‍ മൂക്കത്ത് വിരല്‍ വെക്കുന്നത് കണ്ടില്ലേ? ചില്ലറ കൊലക്കേസിലോ അഴിമതിക്കേസിലോ പ്രതിയായിട്ടുണ്ടെന്നതൊരു കുറ്റമായി പറഞ്ഞുകൂടാ. രണ്ടു ദേശീയപാര്‍ട്ടികളിലൊന്നിനെ നിരുപാധികം പിന്തുണയ്ക്കാന്‍ മാത്രം ആദര്‍ശവും മണ്ടത്തരവും ഷിബു സോറന്‍ പ്രകടിപ്പിക്കുമെന്ന് ആരെങ്കിലും കരുതുമോ? വലിയ വിലപേശലിനൊന്നും മിനക്കെടാതെ ബി.ജെ.പി. സോറനെ മുഖ്യമന്ത്രിയാക്കി. പുതിയ പ്രസിഡന്റ് വന്നശേഷം ബി.ജെ.പി. വീണ്ടും പാര്‍ട്ടി വിത്ത് എ ഡിഫറന്‍സ് ആകുമെന്നൊരു നാട്ടുവര്‍ത്തമാനം പ്രചരിച്ചിരുന്നു. ഇനി ആ പേടി വേണ്ട. ഏതു ഗഡ്ഗാരി പ്രസിഡന്റായാലും ആദര്‍ശം വിട്ടൊരു കളിയില്ല. ഉത്തരപ്രദേശില്‍ പാര്‍ട്ടി അന്നുപുറത്തെടുത്ത ആദര്‍ശവുമായി താരതമ്യപ്പെടുത്തിയാല്‍ ജാര്‍ഖണ്ഡിലേത് പിള്ളേരുകളി മാത്രം.

** ** **

ഹര്‍ത്താല്‍ നടത്തുന്നതുതന്നെ ചീത്തപ്പേരുണ്ടാക്കുമെന്ന് കരുതുന്നവരാണ് ഇപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഏറെയും ഉള്ളത്. അത്തരം ഭീരുത്വമൊന്നും വീരശൂരപരാക്രമികളായ ആര്‍ഷഭാരത പാര്‍ട്ടിക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. നാട്ടില്‍ വില കുറയാന്‍വേണ്ടി ബന്ദ് പ്രഖ്യാപിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറല്ലെങ്കില്‍ പാര്‍ട്ടിയുടെ തൊഴിലാളി സംഘടന അത് ചെയ്യും.

ബന്ദിന്റെ പ്രലോഭനം കടുത്തതാണ്. മേലനങ്ങാതെ, അഞ്ചുപൈസ മുടക്കാതെ, ഒരു മുദ്രാവാക്യം പോലും മുഴക്കാതെ കേരളീയരെ മുഴുവന്‍ ഒരുദിവസം കഷ്ടപ്പെടുത്താന്‍ കിട്ടുന്ന ഏക അവസരമാണത്. പ്രഖ്യാപിച്ചത് ബി.ജെ.പി.യാണോ എന്നുചോദിച്ചാല്‍ അല്ല എന്നാണ് ഉത്തരം കിട്ടുക. ബി.എം.എസ് .ആണത്രെ അത് ചെയ്തത്. കേരളീയരില്‍ ഒരു ശതമാനത്തിനു പോലും ആ പേരിന്റെ മുഴുവന്‍ രൂപം നിശ്ചയമുണ്ടാകില്ല. സംസ്ഥാനതല ബന്ദ് പ്രഖ്യാപനമൊക്കെ രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വങ്ങള്‍ ചെയ്യേണ്ട കാര്യമാണെന്ന കീഴ്‌വഴക്കം ആ പാര്‍ട്ടി അംഗീകരിക്കുന്നില്ല. ബി.ജെ.പി.യില്‍ സമ്പൂര്‍ണ സ്വാതന്ത്ര്യമാണ്. ആര്‍ക്കും എന്തുംചെയ്യാം. നാളെ യുവ മോര്‍ച്ചയോ മഹിളാ മോര്‍ച്ചയോ ബാലഗോകുലമോ ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകൂടെന്നില്ല.

ഹര്‍ത്താല്‍ കൂടുതല്‍ ചീത്തപ്പേരുണ്ടാക്കുന്ന വിധത്തില്‍തന്നെ നടത്തണം എന്ന് നിര്‍ബന്ധമുള്ള കക്ഷിയാണ് അത്. രണ്ടുവര്‍ഷം മുമ്പൊരു ബന്ദ് നടത്തിയിട്ട് തലസ്ഥാനത്തെ ജാഥയില്‍ ഏതോ ഒരു പാവംപെണ്ണിനെ ചാനല്‍ ലേഖകന്മാര്‍ക്ക് കാണാന്‍ പാകത്തില്‍ ചവിട്ടിവീഴ്ത്തിയത് വലിയ സംഭവമായിരുന്നു. ഇത്തവണ ജാഥ അധികമൊന്നും ഉണ്ടായില്ല.

അതിനിടെ മധ്യപ്രദേശ് മുഖ്യമന്ത്രി കുടുംബസമേതം കേരളത്തില്‍ വന്നപ്പോള്‍ അവരെ വഴിയില്‍ തടഞ്ഞില്ല. ജാഥയില്‍ അറിയാതെ കേറിയ സ്ത്രീയെ ചവിട്ടിയതുപോലെ മുഖ്യനെയും കുടുംബത്തെയും കൈകാര്യം ചെയ്തില്ല. കേരളത്തിലെ ടൂറിസം പൊടിപൊടിച്ചോട്ടെ എന്നു വിചാരിച്ചു ചെയ്ത നല്ല കാര്യവും മോശമായി ചിത്രീകരിക്കുകയാണ് മാധ്യമങ്ങള്‍. ഹര്‍ത്താല്‍ കാണാന്‍ ടൂറിസ്റ്റുകള്‍ വരും എന്നുപറഞ്ഞവര്‍പോലും എന്താണ് ഇപ്പോള്‍ ഒന്നും മിണ്ടാത്തത് ?

** ** **

ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഐക്യപ്പെടുമെന്ന് സി. പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്‍ പറഞ്ഞതുകേട്ടപ്പോള്‍ ആശ്വാസം തോന്നി. എത്രകാലമായി കമ്യൂണിസ്റ്റ് ഐക്യത്തെക്കുറിച്ച് ഒരു വര്‍ത്തമാനം കേട്ടിട്ട്. ബര്‍ദനും വെളിയവും വരുന്നതുവരെ മാസത്തിലൊരിക്കലെങ്കിലും ഐക്യത്തെക്കുറിച്ച് സി.പി.ഐ.ക്കാര്‍ ഓരോന്നുപറയുകയും സി.പി.എമ്മുകാര്‍ മുഖമടച്ച് ഓരോന്നുകൊടുക്കുകയും ചെയ്തുപോന്നിട്ടുണ്ട്. സഖാവ് ഇ.എം. ഉണ്ടായിരുന്നപ്പോള്‍ പ്രത്യേകിച്ചും. കമ്യൂണിസ്റ്റ് പുനരേകീകരണ ചര്‍ച്ച എന്നായിരുന്നു ആ ഡയലോഗിന് പേരുവിളിച്ചിരുന്നത്.

ഈയിടെയായി ആ വാക്കേ കേള്‍ക്കാറില്ല. സി.പി.ഐ.ക്കുപോലും കമ്യൂണിസ്റ്റ് ഐക്യത്തില്‍ താത്പര്യമില്ലാതാകാന്‍ കാരണമെന്ത് എന്നു പഠിക്കേണ്ടതുണ്ട്. കമ്യൂണിസത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷ കൊണ്ടാവാം, അല്ലെങ്കില്‍ ഐക്യം കൊണ്ടൊന്നും ഭാവി നേരെയാവില്ല എന്നു തോന്നിയതുകൊണ്ടുമാകാം. എന്തായാലും തലശ്ശേരിയിലെത്തിയപ്പോഴെങ്കിലും ബര്‍ദന്‍ ഐക്യം ഓര്‍ത്തതുഭാഗ്യമായി. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സപ്തതിയാഘോഷം ജന്മസ്ഥലത്ത് നടക്കുമ്പോളല്ലെങ്കില്‍ പിന്നെ എപ്പോഴാണ് അതോര്‍ക്കേണ്ടത്.

നിര്‍ഭാഗ്യവശാല്‍ പിണറായിയില്‍ നടന്ന ആഘോഷത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പങ്കാളികളായില്ല. ആ ഭാഗത്തൊന്നും പോകാതിരിക്കാന്‍ സഖാവ് പിണറായി പ്രത്യേകം ശ്രദ്ധിച്ച മട്ടുണ്ട്. വിധിവൈപരീത്യം എന്നല്ലാതെന്തു പറയാന്‍....പിണറായിയില്‍ ആഘോഷം നടക്കുമ്പോള്‍ നമ്മുടെ പാര്‍ട്ടിയുടെ സെക്രട്ടറി പിണറായി ലാവലിന്‍ കോഴക്കേസില്‍ കോടതികേറി ജാമ്യം നേടുകയായിരുന്നു. 1939 ല്‍ നിന്ന് 2009 ലേക്കുള്ള മാറ്റം. അതാണ് ഭാവി അപ്രവചനീയമാണ് എന്നുപറഞ്ഞത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി