തല്ലണ്ടമ്മാവാ..


അടി കൊടുത്താല്‍ അനന്തരവന്‍ നന്നാവുമോ എന്നൊന്നും ജുഡീഷ്യല്‍ അമ്മാവന് നോക്കേണ്ട കാര്യമില്ല. അമ്മാവന്റെ അടികള്‍ ഇടയ്ക്കിടെ സര്‍ക്കാര്‍ അനന്തരവന് കിട്ടുന്നുണ്ട്. നാട്ടില്‍ അടിപിടി എത്ര നടക്കുന്നു എന്നറിയാന്‍ പോലീസിന്റെ റെക്കോഡുകള്‍ നോക്കിയാല്‍ മതിയെങ്കിലും സര്‍ക്കാറിനും പോലീസിനും ജുഡീഷ്യറിയുടെ അടി എത്ര കിട്ടി എന്നറിയാന്‍ സംവിധാനമൊന്നുമില്ല. സ്ഥിതിവിവരക്കണക്കുകളൊന്നും നോക്കാതെ തന്നെ പറയാനാകും - അടി കുറച്ചേറെ കിട്ടുന്നുണ്ട്. വെറുതെ തല്ലി ബുദ്ധിമുട്ടേണ്ട അമ്മാവാ എന്ന് സ്നേഹപൂര്‍വം ഉപദേശിച്ച പഴയ അനന്തരവന്റെ അവസ്ഥയിലാണ് മന്ത്രിസഭയും പോലീസും. നന്നാവുന്ന ലക്ഷണമൊന്നും കാണുന്നില്ല. പോള്‍ മുത്തൂറ്റ് വധക്കേസിലെ ഒടുവിലത്തെ അടി സര്‍ക്കാറും പോലീസും പ്രതീക്ഷിച്ചതുപോലുണ്ട്. ശീലമായാല്‍പ്പിന്നെ എന്തും അങ്ങനെയാണല്ലോ.

സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് പോളിന്റെ പിതാവ് ഹര്‍ജി നല്‍കിയപ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് ഏത് ഇന്റര്‍പോള്‍ അന്വേഷിക്കുന്നതിനും വിരോധമില്ല എന്നാണ്. അങ്ങനെ പതിവുള്ളതല്ല. ഇതേകേസില്‍ നേരത്തേവന്ന രണ്ട് സി.ബി.ഐ. അന്വേഷണ ഡിമാന്‍ഡുകളെ സര്‍ക്കാര്‍ കോടതിയില്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തതാണ്. ഓരോകേസ് വരുമ്പോഴും പ്രഹരം അനിവാര്യമായിട്ടുണ്ട്. അതുംപ്രതീക്ഷിച്ച് സര്‍ക്കാറും പോലീസും കോടതിവളപ്പില്‍ കാത്തുനില്‍ക്കുകയാണിപ്പോഴത്തെ പതിവ്. ദിവസവും രാത്രി അതുമിതുംപറഞ്ഞ് തല്ലുന്ന കെട്ടിയവന്‍ ഒരുദിവസം നിഷ്‌ക്രിയനായിരുന്നപ്പോള്‍ ഭാര്യ പറഞ്ഞത്രെ- 'എനിക്കുപോയി ഉറങ്ങണം, പതിവുള്ളത് തന്നേക്കിന്‍' എന്ന്. കോടതിയോട് അങ്ങനെ പറയുന്നത് അലക്ഷ്യമാവുമെന്നതിനാല്‍ മിണ്ടിയിട്ടില്ലെന്നത് സത്യം, പക്ഷേ, മുഖത്ത് അത് എഴുതിവെച്ചിരുന്നു. അതാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്- കോടതിവിധി തിരിച്ചടിയല്ല എന്ന്. കുറെ കിട്ടിയാല്‍ അടി തലോടലാണ് എന്ന് തോന്നുന്നവിധത്തില്‍ ശരീരവും ചര്‍മവും പ്രതിരോധശേഷി ആര്‍ജിക്കുമെന്ന് വ്യക്തം.

കോടിയേരി ഒരുപടി കൂടി കടന്നുപറഞ്ഞു. പോള്‍ വധക്കേസ് സി.ബി.ഐ.ക്ക് വിട്ടുകൊണ്ടുള്ള വിധിയോട് സര്‍ക്കാര്‍ പൂര്‍ണമായി യോജിക്കുന്നു. വിയോജിച്ചിട്ട് കാര്യമൊന്നുമില്ല. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍കൊടുക്കുന്നില്ലെന്ന് വേണം മനസ്സിലാക്കാന്‍. അതിന്റെ ആവശ്യമില്ല, ഇത് ലാവലിന്‍ കേസൊന്നുമല്ലല്ലോ. യോജിക്കുന്നത് അന്വേഷണം സി.ബി.ഐ.ക്ക് വിടുന്നു എന്ന തീരുമാനത്തോടുമാത്രമാവണം. ഐ.ജി. പറഞ്ഞത് മുന്‍കൂട്ടി രചിച്ച തിരക്കഥ, ഐ.ജി.ക്ക് അതീന്ദ്രിയ ജ്ഞാനമുണ്ടോ, അന്വേഷണത്തില്‍ തുടക്കംമുതലേ പൊരുത്തക്കേടുകള്‍, അടിമുടി ദുരൂഹത, നിഗമനങ്ങള്‍ അവിശ്വസനീയം തുടങ്ങിയ കോടതിയുടെ എണ്ണമറ്റ കണ്ടെത്തലുകളോടെല്ലാം പോലീസ് മന്ത്രിക്ക് യോജിപ്പാണെങ്കില്‍ കുഴപ്പമാണ്. പഴയ അനന്തരവന്‍ പറഞ്ഞതുതന്നെ കാര്യം. സംഗതി ശരിതന്നെ, പക്ഷേ, തല്ലിയിട്ടൊന്നും കാര്യമില്ല കാര്‍ണോരേ... പോള്‍ മുത്തൂറ്റ് കൊലക്കേസിനെന്താണ് പ്രാധാന്യം, ഒരു സമ്പന്നപുത്രന്റെ കൊല എന്നല്ലാതെന്ത് പ്രത്യേകത എന്നും മറ്റും സഖാക്കള്‍ നാടൊട്ടുക്കും ചോദ്യം ഉയര്‍ത്തിയിരുന്നു. സാധാരണകൊലപാതകമാണെങ്കില്‍ ചാനലുകാര്‍ക്ക് മുന്നില്‍നിന്ന് എഫ്.ഐ.ആര്‍. വിവരണം നടത്താറുള്ളത് ഹെഡ് കോണ്‍സ്റ്റബിളോ എസ്.ഐ.യോ സി.ഐ.യോ മറ്റോ ആകാറാണ് പതിവ്.

കുത്തിയ കത്തിയുടെ ആകൃതിവിവരിക്കാന്‍ ഐ.ജി.യദ്ദേഹം നേരിട്ട് മാധ്യമങ്ങളെ വിളിച്ചുകൂട്ടിയപ്പോഴാണ് സംഗതി സീരിയസ്സാണെന്നു നാട്ടുകാര്‍ക്കു തോന്നിത്തുടങ്ങിയത്. ഐ.ജി.സാര്‍ ഒരുവട്ടമേ പത്രക്കാരെ വിളിച്ചുള്ളൂ. പിണറായി സാര്‍ രണ്ടുവട്ടം ഈവിഷയം വിവരിക്കാന്‍ മാധ്യമസമ്മേളനം വിളിച്ചുകൂട്ടി. മാധ്യമക്കാരെന്ന നികൃഷ്ടവര്‍ഗത്തെ കാണുന്നതുതന്നെ വല്ല നിവൃത്തിയുമുണ്ടെങ്കില്‍ അദ്ദേഹം ഒഴിവാക്കുകയാണ് പതിവ്. ഒരു കാര്യത്തില്‍ മറ്റുമന്ത്രിമാര്‍ക്ക് ആശ്വസിക്കാം. മൂന്നാര്‍ കൈയേറ്റമായാലും ഗോള്‍ഫ് ക്ലബ് കേസായാലും രാജകുമാരി ഭൂമി ഇടപാടായാലും സ്വകാര്യ ബസ് സമരമായാലും റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ പ്രശ്‌നമായാലും ബസ് ചാര്‍ജ് വര്‍ധന പ്രശ്‌നമായാലും ഡോക്ടര്‍മാരുടെ സമരമായാലും തലശ്ശേരിയിലെ കൊലപാതകപ്രശ്‌നമായാലും എണ്ണമറ്റ സ്വാശ്രയകോളേജ് കേസുകളിലായാലും കോടതിയില്‍നിന്നുകിട്ടുന്ന പ്രഹരത്തിന്റെ കാര്യത്തില്‍ അനന്തരവന്മാര്‍ തമ്മില്‍ വലിയ വ്യത്യാസമില്ല, ഏതാണ്ട് എല്ലാവര്‍ക്കും എ. ഗ്രേഡ് തന്നെയാണ്. കോടിയേരി മാത്രം അങ്ങനെ യോഗ്യന്‍ ചമയേണ്ട. ഇ.എം.എസ്. പണ്ടുപറഞ്ഞതുതന്നെയാവണം കാരണം. തൊഴിലാളിവര്‍ഗത്തിനെതിരായ നിലപാടേ കോടതിയില്‍ നിന്നു നമ്മള്‍ പ്രതീക്ഷിക്കുന്നുള്ളൂ. സമ്പന്നനും ദരിദ്രനും വന്നാല്‍ സമ്പന്നന് അനുകൂലമായേ കോടതി വിധിക്കൂ എന്ന് പറഞ്ഞതിനല്ലേ ബൂര്‍ഷ്വാകോടതി ആദ്യമന്ത്രിസഭയുടെ കാലത്തുതന്നെ ഇ.എമ്മിനെ പ്രഹരിച്ചത്.

ഇനിയും അതുപറഞ്ഞ് കോടതിയലക്ഷ്യക്കേസിനും കുണ്ടാമണ്ടിക്കും മാപ്പുപറയലിനുമൊന്നും വയ്യ. ബൂര്‍ഷ്വാകോടതിയുടെ വര്‍ഗപരമായ നിലപാടാണ് നമ്മുടെ കേസെല്ലാം തോല്‍ക്കാന്‍ കാരണമെന്ന് സഖാക്കള്‍ക്കെല്ലാം പറയാതെതന്നെ അറിയാം. സ്റ്റഡിക്ലാസ്സിലോ നാടൊട്ടുക്കുമുള്ള പാര്‍ട്ടി കുടുംബസംഗമത്തിലോവരാത്ത പെറ്റി ബൂര്‍ഷ്വാകള്‍ക്ക് അതുമനസ്സിലാകില്ല. വിവരമില്ലാത്ത അവറ്റകള്‍ക്കും വിവരമുള്ള സഖാക്കള്‍ക്കും വോട്ട് ഓരോന്നുതന്നെയാണ് എന്നതാണ് ബൂര്‍ഷ്വജനാധിപത്യത്തിലെ പ്രശ്‌നം. അതെ, അതുതന്നെയാണ് പ്രശ്‌നം. കോടതിവിധിയും ജനവിധിയും മാത്രമാണ് ഇക്കാലം മുഴുവന്‍ ശ്രമിച്ചിട്ടും വരുതിയില്‍ വരാത്ത രണ്ടുസംഗതികള്‍. ബൂര്‍ഷ്വയും ഏകാധിപതിയുമൊക്കെയായിരുന്നെങ്കിലും ഇന്ദിരാഗാന്ധി പണ്ട് കമ്മിറ്റഡ് ജുഡീഷ്യറിയെക്കുറിച്ച് പറഞ്ഞത് ശരിയാണെന്നിപ്പോള്‍ തോന്നിപ്പോകുന്നുണ്ട്. ജനത്തോട് കമ്മിറ്റഡ് ആയ ജുഡീഷ്യറി എന്നാണ് ഇന്ദിരാഗാന്ധി പറയാറുള്ളത്. അതുതന്നെയാണ് വേണ്ടത്. ഇവിടെ ജനം നമ്മളാണെന്നതുമാത്രമല്ലേ വ്യത്യാസം. ജഡ്ജിയാകുന്നതിനുമുമ്പെങ്കിലും കമ്മിറ്റഡ് ആയിരുന്ന ചീഫ് ജസ്റ്റിസിനെ കൊണ്ടുവരാന്‍ നടത്തിയ ശ്രമംപോലും ദുഷ്ടന്മാര്‍ സംഘടിച്ച് തടസ്സപ്പെടുത്തുകയാണ്.

****

കേന്ദ്രത്തിലെ സഹമന്ത്രിമാരുടെ ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചതായി വാര്‍ത്തയുണ്ട്. കാബിനറ്റ് മന്ത്രിയുടെ കീഴില്‍ തങ്ങള്‍ക്ക് അധികാരമൊന്നും കിട്ടുന്നില്ലെന്നും ഒരു മാസത്തില്‍ ഒരു ഫയല്‍പോലും കിട്ടാതെ തങ്ങള്‍ ഉറക്കം തൂങ്ങുകയാണെന്നുമാണ് അവര്‍ പരാതിപ്പെട്ടത്. എല്ലാ സഹന്മാരും ഒരേ അവസ്ഥയിലാണെന്നൊന്നും അവര്‍ പറയുന്നില്ല. ചിലര്‍ക്ക് പിടിപ്പത് പണിയുണ്ട്. ഫയല്‍ ഒപ്പിടാന്‍ കൊണ്ടുപോയി കൊടുക്കുക, ഒപ്പിട്ടതുകൊണ്ടുവന്നു സെക്രട്ടറിക്ക് കൊടുക്കുക തുടങ്ങിയ പണി കാരണം നില്‍ക്കാനും ഇരിക്കാനും സമയമില്ല.

എന്താണ് ഈ പരാതിയുടെ അടിസ്ഥാനമെന്നൊന്നും നമുക്കറിഞ്ഞുകൂടാ. സര്‍ക്കാര്‍ സര്‍വീസില്‍ ക്ലര്‍ക്ക് തൊട്ട് ചീഫ് സെക്രട്ടറി വരെ ഓരോരുത്തരും എന്തുചെയ്യണം എന്ന് കൃത്യമായി എഴുതിവെച്ചിട്ടുണ്ട്. ആളുകളെ ഉപദ്രവിക്കാന്‍ ക്ലര്‍ക്കിനും അവസരം കിട്ടും ചീഫ് സെക്രട്ടറിക്കും കിട്ടും, അതുമതി അവര്‍ തൃപ്തരാകാന്‍. മന്ത്രിമാരുടെ കാര്യത്തില്‍ ഇങ്ങനെ വ്യവസ്ഥയൊന്നുമില്ല. മാന്യന്മാരാണ് കാബിനറ്റ് മന്ത്രിമാരാകുക എന്ന് ഭരണഘടനാ നിര്‍മാതാക്കള്‍ വിശ്വസിച്ചിരിക്കാം. സഹമന്ത്രിമാരുടെ വികാരം കുറെയെല്ലാം തെറ്റിദ്ധാരണയാണ്. നയപരമായ കാര്യങ്ങളില്‍ കാബിനറ്റ് മന്ത്രിക്കുതന്നെ വലിയ പങ്കില്ല. പലതും തീരുമാനിക്കുന്നത് എ.ഡി.ബി.യിലും ലോകബാങ്കിലും ഐ.എം.എഫിലും വൈറ്റ് ഹൗസിലുമൊക്കെയാണത്രെ.

എന്തായാലും ജീവനക്കാരുടെ ട്രാന്‍സ്ഫര്‍, റെയില്‍വേസ്റ്റേഷനില്‍ ചില്ലറ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, വല്ല തോക്കോ ചാക്കോ വാങ്ങല്‍ തുടങ്ങിയ ജീവന്മരണപ്രശ്‌നങ്ങളിലെങ്കിലും സ്റ്റേറ്റ് മന്ത്രിമാര്‍ക്ക് പങ്കുനല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കേണ്ടതാണ്. പ്രധാനമന്ത്രിക്ക് സ്റ്റേറ്റ് മന്ത്രിമാരോട് സഹതാപം ഉണ്ടാകാനിടയുണ്ട്. ഒരുവിധത്തില്‍ നോക്കിയാല്‍ സ്റ്റേറ്റ് മന്ത്രിമാരുടെ പ്രശ്‌നങ്ങള്‍ പലതും പ്രധാനമന്ത്രിയും അഭിമുഖീകരിക്കുന്നുണ്ട്. തീരുമാനങ്ങള്‍ ഏതാണ്ടെല്ലാം സോണിയാജിയുടെ വസതിയില്‍ എടുക്കുമ്പോള്‍ പ്രധാനമന്ത്രി ആരോടാണ് പരാതിപ്പെടുക? ചെണ്ടയ്ക്ക് ചെന്ന് മദ്ദളത്തോട് പരാതിപ്പെടാം. മദ്ദളം എന്തുചെയ്യും?

****

ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം ഒരുലക്ഷം രൂപയാക്കാന്‍ പി.എസ്.സി. ശുപാര്‍ശ ചെയ്തതായി പത്രവാര്‍ത്തയുണ്ട്. ഇക്കാലത്ത് അരിയും പച്ചക്കറിയും വാങ്ങി മാന്യമായി ജീവിക്കാന്‍ ശമ്പളം ഒരു ലക്ഷമെങ്കിലും വേണം. ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കും കോര്‍പ്പറേറ്റ് മേധാവികള്‍ക്കുമൊക്കെ അത്ര കിട്ടുന്നുണ്ടല്ലോ. അപ്പോള്‍പ്പിന്നെ അവരേക്കാള്‍ യോഗ്യതയുള്ള ഈ കൂട്ടര്‍ പിന്നിലാകാന്‍ പാടില്ല. യോഗ്യതയുള്ളവരെ തിരഞ്ഞുപിടിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കലാണ് പി.എസ്.സി. മെമ്പര്‍മാരുടെ പണിയെങ്കിലും പി.എസ്.സി. മെമ്പറുടെ യോഗ്യത എന്തെന്നുമാത്രം ഇതുവരെയാര്‍ക്കും മനസ്സിലായിട്ടില്ല. അംഗമാകാന്‍ കഴിയുക എന്നതുതന്നെയാവും യോഗ്യത. മഹാവ്യക്തിത്വങ്ങള്‍ ഇങ്ങനെ ശമ്പളക്കൂടുതലിനായി അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കേണ്ടിവരുന്നുവെന്നത് അവരുടെ യോഗ്യതയ്ക്കും പദവിക്കും നിരക്കുന്നതല്ല. സ്വന്തം ശമ്പളം തീരുമാനിക്കാന്‍ നിയമസഭാംഗങ്ങള്‍ക്കുള്ള അതേഅധികാരം എന്തുകൊണ്ട് ഇവര്‍ക്കും നല്‍കിക്കൂടാ? നിയമസഭാംഗമാകാന്‍ പറ്റാത്തതുകൊണ്ടുമാത്രം പി.എസ്.സി. അംഗമാകേണ്ടിവന്നവര്‍ അക്കൂട്ടത്തില്‍ ഉള്ളതുകൊണ്ടുകൂടിയാണ് ഇതൊരു ന്യായമായ ആവശ്യമാകുന്നത്.

ശമ്പളം ഇരട്ടിയിലേറെ വര്‍ധിപ്പിക്കാനുള്ള ഡിമാന്‍ഡിന് സര്‍വകക്ഷി പിന്‍ബലമുണ്ടാകുമെന്ന കാര്യത്തില്‍ സംശയംവേണ്ട. ഇടതുമുന്നണിക്കാരാണ് ഭരിക്കുന്നതെങ്കിലും കമ്മീഷനംഗങ്ങളില്‍ യു.ഡി.എഫുകാരുമുണ്ട്. നാളെ ആര്‍ക്കും ആകാവുന്ന സ്ഥാനമാണെന്നിരിക്കെ നമ്മളെന്തിന് കേറി വെറുതെ ഒടക്കുണ്ടാക്കണം? തുടക്കത്തില്‍ മൂന്നംഗങ്ങള്‍ മാത്രമുള്ള കമ്മീഷന്‍ പടിപടിയായാണ് പതിനെട്ടാംപടി കയറിയത്. യൂണിയന്‍ പി.എസ്.സി.യില്‍ പോലും പത്തംഗങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഇവിടെ പതിനെട്ട് അംഗങ്ങള്‍. പി.എസ്.സി. ജനസംഖ്യയും പെരുകട്ടെ, ശമ്പളവും പെരുകട്ടെ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി