Sunday, 31 March 2013

ത്രീ റിങ് സര്‍ക്കസ്കേന്ദ്രം ഭരിക്കുന്ന യു.പി.എ. എന്ന കോണ്‍ഗ്രസ് മുന്നണിക്ക് യഥാര്‍ഥത്തില്‍ ലോക്‌സഭയില്‍ ഭൂരിപക്ഷമുണ്ടോ ? ഉത്തരം പറയുക എളുപ്പമല്ല. ഭൂരിപക്ഷമില്ല എന്ന് തെളിയിക്കപ്പെടുന്നതുവരെ ഭൂരിപക്ഷമുള്ളതായി കണക്കാക്കണം എന്നതാണ് ഇപ്പോഴത്തെ പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായം. മന്‍മോഹന്‍ മന്ത്രിസഭയെ എതിര്‍ക്കുന്നവര്‍ക്കും അതിനെ താഴെയിറക്കണമെന്ന് വലിയ നിര്‍ബന്ധമില്ല. ഇറക്കിയാല്‍ വേറെ മന്ത്രിസഭയുണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍ ഉത്തരത്തിലുള്ളതും ഇല്ല, കക്ഷത്ത് ഇറുക്കിയതും ഇല്ല എന്ന നിലയുണ്ടാകും. ലോക്‌സഭ പിരിച്ചുവിട്ടാല്‍ പുതിയ തിരഞ്ഞെടുപ്പ് നേരിടേണ്ടിവരും. വലിയ പണച്ചെലവുള്ള ഏര്‍പ്പാടാണ്. ജയിക്കുമെന്ന് ഒരു ഉറപ്പുമില്ല. അതേതായാലും വേണ്ട. കക്ഷികള്‍ തമ്മില്‍ എന്ത് ഭിന്നിപ്പുണ്ടായാലും ശരി, സഭ കാലാവധി തീരുംവരെ നിലനില്ക്കണമെന്ന കാര്യത്തില്‍ ഭിന്നതയില്ല.

ഇപ്പോഴത്തെ ഏര്‍പ്പാടാണ് വളരെ ബുദ്ധിപൂര്‍വമായ അവസ്ഥ എന്ന് ഒരുപാട് പാര്‍ട്ടികള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിപക്ഷത്താണോ എന്ന് ചോദിച്ചാല്‍ സാങ്കേതികമായി പ്രതിപക്ഷത്താണ്. പക്ഷേ, ഭരണപക്ഷത്തിരിക്കുന്നതിന്റെ ഗുണം വേണ്ടതും അതിലേറെയും കിട്ടും. ഭരണത്തിന്റെ ചീത്തപ്പേരൊന്നും കിട്ടില്ല. യു.പി.എ. ടെന്റില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സും ശരദ് പവാറിന്റെ എന്‍.സി.പി.യും ഫാറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും പിന്നെ നമ്മുടെ കോട്ടയം-മലപ്പുറം പാര്‍ട്ടികളുമേ യഥാര്‍ഥത്തില്‍ പാര്‍പ്പുള്ളൂ. ആകെ 228 അംഗങ്ങളുണ്ട്. ഭൂരിപക്ഷത്തിന്റെ നാലയലത്തൊന്നും എത്തില്ല. എന്നുവെച്ച് ഭൂരിപക്ഷമില്ല എന്നും പറഞ്ഞുകൂടാ. മുലായത്തിന്റെ സമാജ് വാദി, മായാവതിയുടെ ബഹുജന്‍ സമാജ്, ലാലുവിന്റെ രാഷ്ട്രീയ ജനത, സെക്കുലര്‍ ജനത എന്നിവയും ഓരോ അംഗങ്ങള്‍ വീതമുള്ള അഞ്ചാറുപാര്‍ട്ടികള്‍ വേറെയും വിളിപ്പുറത്ത് നില്പുണ്ട്. ഇവരുടെ എണ്ണം ഏതാണ്ട് അറുപതുണ്ട്. ആവശ്യം വരുമ്പോള്‍ വിളിച്ചാല്‍ യു.പി.എ. അനുകൂല വോട്ട് 280 കടത്തിക്കൊടുക്കും. ഈ ശ്രമദാനത്തിനുള്ള പ്രതിഫലം അപ്പപ്പോള്‍ കൊടുക്കും. കാഷ് ഓര്‍ കൈന്‍ഡ്.

2004 -ല്‍ ഭരണമേറ്റ ശേഷം യു.പി.എ. വിട്ടുപോയ കക്ഷികളുടെ പട്ടികയെടുത്തുനോക്കിയാല്‍ ഈ മുന്നണിയും ഭരണവും നിലനില്ക്കുന്നതെങ്ങനെ എന്നോര്‍ത്ത് ആരും മൂക്കത്തുവിരല്‍ വെച്ചുപോകും. തെലുങ്കാന രാഷ്ട്ര സമിതി മുതല്‍ ഏറ്റവുമൊടുവില്‍ ഡി.എം.കെ. വരെ പന്ത്രണ്ട് പാര്‍ട്ടികളാണ് യു.പി.എ. വിട്ടത്, എന്നിട്ടും നടക്കുന്നു ഭരണം.

പൊതുതിരഞ്ഞെടുപ്പിന് ഒരു വര്‍ഷംമാത്രം ബാക്കി നില്‍ക്കേ, ഇതുവരെ നടന്നുപോന്ന സര്‍ക്കസ്സിന്റെ രീതിയും ഭാവവുമെല്ലാം മാറി പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. 2014-ല്‍ എന്തുസംഭവിക്കും എന്നാര്‍ക്കും ഒരു നിശ്ചയവുമില്ല. യു.പി.എ.യുടെ അന്ത്യമടുത്തു എന്ന് പറയുന്നവര്‍ക്കും പിന്നെ ആര് എന്നുപറയാനാവുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുമ്പും കരുതിയിരുന്നു യു.പി.എ. ഭരണം അവസാനിച്ചെന്ന്. യു.പി.എ. അത്ഭുതകരമായി തിരിച്ചുവന്നു. അത്ഭുതം ഇത്തവണയും സംഭവിക്കുന്നതിന് മുട്ടിപ്പായി പ്രാര്‍ഥിക്കുകയാണ് അവര്‍. മോഹങ്ങള്‍ക്കൊത്താണ് ഓരോരുത്തരുടെയും കണക്കുകൂട്ടല്‍. എന്‍.ഡി.എ.യുടെ കണക്കനുസരിച്ച് അവരും യു.പി.എ.യുടെ കണക്കനുസരിച്ച് അവരും കേന്ദ്രത്തില്‍ ഭരണം പിടിക്കും.

രാഹുലും നരേന്ദ്രമോഡിയും തമ്മിലാണ് അടുത്ത മത്സരം എന്നാണ് അവരുടെ പാര്‍ട്ടിക്കാരുടെ വിചാരം. അങ്ങനെ രണ്ട് ഭാവിപ്രധാനമന്ത്രിമാരേ ഉള്ളൂ എന്നൊന്നും മറ്റുകക്ഷികള്‍ സമ്മതിക്കില്ല. വലിയ കക്ഷികള്‍ക്കേ ഭാവി പ്രധാനമന്ത്രിമാരെ കൊണ്ടുനടക്കാന്‍ പാടുള്ളൂ എന്ന ചിന്തയൊക്കെ എന്നേ കാലഹരണപ്പെട്ടതാണ്. കക്ഷി ചെറുതാണെങ്കിലും നമ്മുടെ നേതാക്കളൊന്നും ചെറുതല്ല. എന്‍.ഡി.എ.യും യു.പി.എ.യും അല്ലാത്ത ഒരു മുന്നണിക്കുമുണ്ട് കണക്കുകൂട്ടലില്‍ കനത്ത സാധ്യത. മുന്നണിയുടെ പേരും പരിപാടിയുമെല്ലാം പിന്നീട് തട്ടിക്കൂട്ടിയാല്‍ മതി. വി.പി. സിങ്, ചന്ദ്രശേഖര്‍, ദേവഗൗഡ, ഐ.കെ. ഗുജ്‌റാള്‍ മോഡലില്‍ ആര്‍ക്കാണ് ഇനി നറുക്കുവീഴുക എന്ന് പറയാനാവില്ല. ദേവഗൗഡ പ്രധാനമന്ത്രിയായ ഒരു രാജ്യത്ത് ആര്‍ക്കാണ് ആ പദവി മോഹിച്ചുകൂടാത്തത്. അങ്ങനെ പ്രധാനമന്ത്രി പദം മോഹിക്കുന്ന ഒരു ഡസനോളമാളുകള്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും പുറത്തുണ്ട്. മുലായവും ശരദ് പവാറും ലാലുവും നിധീഷും മായാവതിയും ജയലളിതയും കരുണാനിധിയും ഇവരില്‍ ചിലര്‍ മാത്രം. മുന്നണിയേത് എന്നെല്ലാം തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷം മതി. എല്ലാം ദ്രാവകരൂപത്തില്‍ വെക്കുക. ലോക്‌സഭയിലെ അംഗബലം കൂട്ടുന്നതില്‍ മാത്രം ശ്രദ്ധയൂന്നുക. കക്ഷിയും മുന്നണിയും ആദര്‍ശവും ലക്ഷ്യവുമൊക്കെ തിരഞ്ഞെടുപ്പിന് ശേഷം മാത്രം തീരുമാനിക്കുക. അതാണ് ഏറ്റവും പ്രായോഗിക ആദര്‍ശം.

ബി.ജെ.പി.യിലും കോണ്‍ഗ്രസ്സിലും മാത്രമല്ല, മൂന്നാം മുന്നണിയിലും സര്‍ക്കസ് കൊടുമ്പിരിക്കൊള്ളുകയായി.

 * * *

യു.പി.എ. സര്‍ക്കസ്സിലെ ഒരിനമാണ് കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ഇടതുപക്ഷാഭിമുഖ്യം. വയലാര്‍ രവിയെ കുറ്റപ്പെടുത്താന്‍ പാടില്ല. മുങ്ങുന്ന ആള്‍ ഏത് കച്ചിത്തുരുമ്പിലും പിടിക്കും. ഈ ഇടതുപക്ഷമെന്ന് പറയുന്നത് കച്ചിത്തുരുമ്പൊന്നുമല്ല. കേന്ദ്രത്തിലെ ഇപ്പോഴത്തെ സര്‍ക്കസും വിലപേശലും കച്ചവടവും കോഴയും നാലഞ്ചുവര്‍ഷമായി സഹിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് ഇടതുപക്ഷത്തോട് പ്രേമവും ബഹുമാനവും ചില്ലറയൊന്നുമായിരിക്കില്ല. ലോക്‌സഭയിലെ ഓരോ വോട്ടെടുപ്പിനും എത്ര വീതം നോട്ടുകെട്ടുകളാണ് ഓരോ സമാജ്, കിമാജ്, ബഹുജന്‍ പാര്‍ട്ടിക്കാര്‍ക്ക് കൊടുക്കേണ്ടി വന്നിട്ടുണ്ടാവുക എന്നതിന്റെ കണക്ക് എ.ഐ.സി.സി.ട്രഷറര്‍ക്ക് പോലും നിശ്ചയം കാണില്ല. വിദേശ ആയുധ ഇറക്കുമതി ഏജന്റുമാരോ അത്തരം അഴിമതി ഏജന്റുമാരോ ആയിരിക്കാം അതിന്റെ കണക്ക് സൂക്ഷിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭയില്‍ ഇടതുപക്ഷത്തിന്റെ വോട്ട് 59 ആയിരുന്നു. ഇത്തവണ അത്രയും വോട്ട് കിട്ടാന്‍ ഒരു ഡസന്‍ പാര്‍ട്ടികളുടെ കാല് തടവണം കോണ്‍ഗ്രസ് മാനേജര്‍മാര്‍. കാശും കൊടുക്കണം, വേറെ എന്തെല്ലാമാണോ ചോദിക്കുന്നത് അതും കൊടുക്കണം. ഇടതുപക്ഷത്തിന്റെ ഒരു അലമ്പുമില്ലാത്ത പിന്തുണയ്ക്ക് ആകെ കൊടുത്തത് ഒരു സ്പീക്കര്‍ സ്ഥാനമാണ്. അതൊരു പാരയായി എന്നത് വേറെ കാര്യം. അമേരിക്കന്‍ ആണവ കരാറിന് വേണ്ടി അത് കളഞ്ഞ കോണ്‍ഗ്രസ്സാണോ കുറ്റം ചെയ്തത്, കേന്ദ്രസര്‍ക്കാറിന്മേലുള്ള സ്വാധീനം വെറുതെ കളഞ്ഞ ഇടതുപക്ഷമാണോ കുറ്റം ചെയ്തത് എന്ന കാര്യത്തില്‍ തര്‍ക്കിക്കാം. പക്ഷേ, ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും ആശാസ്യമായ കൂട്ടുകെട്ടാണ് ഇല്ലാതായത് എന്ന് കരുതുന്നവര്‍ കുറേ ഏറെയുണ്ട്.

തിരഞ്ഞെടുപ്പിനുശേഷം തങ്ങള്‍ എവിടെ നില്ക്കുമെന്ന് ഉറപ്പിക്കാന്‍ പറ്റില്ല ഇടതുപക്ഷത്തിന്. അമ്പത്തൊമ്പത് അംഗങ്ങളൊക്കെ ഉണ്ടാവുമോ ഇത്തവണ എന്നറിയില്ല, എന്നാലും എവിടെയെങ്കിലുമൊന്ന് നിലേ്ക്കണ്ടിവരുമല്ലോ. കാലചക്രം തിരിഞ്ഞ് 2014- ല്‍ 2004 ആവര്‍ത്തിക്കില്ല എന്ന് ആര്‍ക്ക് ഉറപ്പിച്ചുപറയാന്‍ കഴിയും ? രാഷ്ട്രീയത്തില്‍ ഒരു സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല.

 * * *

ബിഹാര്‍ സംസ്ഥാനത്തിന് പിന്നാക്ക പദവി നല്‍കാന്‍ പോകുകയാണത്രെ കേന്ദ്രസര്‍ക്കാര്‍. എന്തൊരു അഭിമാനകരമായ നേട്ടം. അറുപത്താറു വര്‍ഷം ആസൂത്രണവും കോലാഹലവും. അവസാനത്തെ പത്തുവര്‍ഷം നിതീഷ്‌കുമാറിന്റെ സോഷ്യലിസ്റ്റ് ഭരണം. ബിഹാര്‍ കൊടും അവികസിതാവസ്ഥയില്‍ നിന്ന് മുന്നേറി എന്ന് അവകാശപ്പെടുമ്പോള്‍ അതിന്റെ പാരിതോഷികമാണ് പിന്നാക്ക സംസ്ഥാനം എന്ന ഈ ലേബല്‍. പുരോഗതിയുടെ ലക്ഷണമാവണം അത്. ഇനിയും മുന്നോട്ടുപോയാല്‍ പിന്നാക്കം എന്നതുമാറ്റി അവികസിതം എന്നും അതിനുശേഷം പ്രാകൃതം എന്നുമൊക്കെയുള്ള ബഹുമതികള്‍ നല്‍കുമായിരിക്കും. എന്ത് ലേബല്‍ ഒട്ടിച്ചാലാണ് പണം കിട്ടുക എന്നേ നോക്കേണ്ടൂ.

യൂറോപ്യന്‍ രാജ്യങ്ങളുടെ നിലവാരത്തില്‍ പല വികസന സൂചികകളുമുള്ള കേരളാ മോഡലിന് എന്തുകൊണ്ട് ഇതുവരെ പിന്നാക്ക പദവി കിട്ടിയില്ല എന്ന് ന്യായമായും പലരും ചോദിക്കുന്നുണ്ട്. അര്‍ഹിക്കുന്ന പിന്നാക്കാവസ്ഥ നേടിയെടുക്കാന്‍ ഒരു അനിശ്ചിതകാല ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും തെറ്റുണ്ടാവില്ല. മുപ്പതുവര്‍ഷം ഇടതുപക്ഷം ഭരിച്ച് സ്വര്‍ഗീയാവസ്ഥയില്‍ എത്തിച്ച പ.ബംഗാളിലും ഇല്ലത്രെ പിന്നാക്കാവസ്ഥ. എന്തൊരു അവഗണനയാണിത് ? കേന്ദ്രത്തിന്റെ ഓരോരോ ദുഷ്ടത്തരങ്ങള്‍ എന്നല്ലാതെന്ത് പറയാന്‍ !

Sunday, 24 March 2013

പുതു മുത്തുവേല്‍ പോര്


നാനാവിധ തിരക്കുകള്‍ക്കിടയില്‍ അയല്‍ രാജ്യത്തെ തമിഴര്‍ക്ക് എന്ത് സംഭവിക്കുന്നു  എന്നൊന്നും നോക്കാനായില്ല. ഒരുകൊല്ലം അധികാരത്തിന് പുറത്തുനില്‍ക്കാം. ലങ്കാതമിഴനെച്ചൊല്ലി 
നെഞ്ചത്തടിച്ച് നിലവിളിക്കാം... പിന്നത്തെ അഞ്ചുകൊല്ലം പുറത്തുനില്‍ക്കേണ്ടി  വരുന്നത് ഒഴിവാക്കാനുള്ള ത്യാഗം മാത്രം. നഷ്ടം വരില്ല തീര്‍ച്ചഇപ്പോള്‍ ലങ്കയില്‍ ദഹനമെല്ലാം കഴിഞ്ഞ് പുകയേ ബാക്കിയുള്ളൂ. തമിഴര്‍ എവിടെയാണ് അവശേഷിക്കുന്നത് എന്നറിയാന്‍ ഭൂതക്കണ്ണാടി വെച്ചുനോക്കണം. അപ്പോഴാണ് നമ്മുടെ ഫയര്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ആകാത്തതിനെച്ചൊല്ലി കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധിയും കേന്ദ്രത്തിലെ കരുണാരഹിതന്മാരും തമ്മില്‍ ശണ്‌ഠൈ നടക്കുന്നത്. ലങ്കയിലെ തമിഴര്‍ക്ക് ഇതുകൊണ്ടെന്തുപ്രയോജനം എന്നാരും ചോദിക്കേണ്ട. നമുക്ക് പ്രയോജനമുണ്ട്. ഒരു വര്‍ഷത്തിനകം പാര്‍ലമെന്റ് തിരഞ്ഞെടുപ്പുനടക്കുമ്പോള്‍ രണ്ടുവോട്ടുകിട്ടാന്‍ വേറെ വഴിയില്ല.
കലൈഞ്ജര്‍ കൈ ഉയര്‍ത്തിവീശുന്നത് പോസ്റ്ററുകളില്‍ കാണാം. പോസ്റ്ററുകളിലേ കാണൂ. ഇപ്പോള്‍ എഴുന്നേറ്റുനില്‍ക്കാന്‍ തന്നെ വയ്യ, പിന്നെയല്ലേ വീശുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയലളിതാരാജ്ഞി പോലീസിനെ വീട്ടിലേക്കയച്ച് കരുണാവാരിധിയെ അറസ്റ്റ് ചെയ്യിക്കുന്നതിന്റെ എഡിറ്റഡ് ആനിമേറ്റഡ് ഡ്രാമ വീഡിയോ തന്നെയാണ് ഇപ്പോഴും പാര്‍ട്ടി വെബ്‌സൈറ്റിലിട്ട് കച്ചവടം ചെയ്യാന്‍ ശ്രമിക്കുന്നത്. പുതിയ സ്റ്റണ്ട് രംഗങ്ങളൊന്നും ഇല്ല. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന ബോധം ഇപ്പോള്‍ കലശലായി അലട്ടുന്നുണ്ട്. അതുകൊണ്ടാണ് രാജാവ് പിന്‍ഗാമിയായി പുത്രന്‍ മഹാത്മാ സ്റ്റാലിനെ നിയോഗിച്ചത്. കുടുംബത്തില്‍ കൊടുംപോരാണ്. പഴയ മുഗള്‍ കഥകളിലെപ്പോലെ സഹോദരന്മാര്‍ പരസ്പരം കൊല്ലുമോ എന്നേ നോക്കേണ്ടൂ.

ഇത്രയും കാലം കേന്ദ്രത്തിലെ ത്രാസ് എങ്ങനെയാണ് പൊങ്ങുന്നതും താഴുന്നതും എന്നുനോക്കി കനമുള്ള തട്ടില്‍ കയറിയിരിക്കാറാണ് പതിവ്. മറ്റു സംസ്ഥാനങ്ങളിലെ കക്ഷികളെപ്പോലെ ജാതിയും മതവുമൊന്നും നോക്കാറില്ല. പരമ്പരാഗതമായി നാസ്തികരായതുകൊണ്ടുള്ള ഗുണമാണ്. അതുകൊണ്ട്, പോക്കറ്റില്‍ എന്തുവരും എന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നു. കുറ്റം പറയരുതല്ലോ, തമിഴകത്തിനെന്തുകിട്ടും എന്നാദ്യം നോക്കും. അതുകഴിഞ്ഞേ നമുക്കെന്തുതടയും എന്നുനോക്കാറുള്ളൂ. കേന്ദ്രത്തിലെ പണം തടയുന്ന നല്ല വകുപ്പുകള്‍ എട്ടൊമ്പതുവര്‍ഷമായി കൈവശമുണ്ട്.

ടെലിവിഷന്‍ ചാനല്‍ സാമ്രാജ്യമാണ് ഏറ്റവും മോഡേണ്‍ മാതൃകാ വ്യവസായം. മറ്റൊരു വ്യവസായത്തിനുമില്ലാത്ത പല പല പ്രയോജനങ്ങള്‍ അതിനുണ്ട്. കേന്ദ്രത്തില്‍ അതിന്റെ വകുപ്പുതന്നെ ചോദിച്ചുവാങ്ങിയിരുന്നു. പരമ്പരാഗതമായി കഥ, തിരക്കഥ, തട്ടുപൊളി ഡയലോഗ്, അഭിനയം, സ്റ്റണ്ട് എന്നിവയിലാണ് അഭിരുചി. മക്കള്‍ നേരം പുലരും മുമ്പ് സിനിമാക്കൊട്ടകയില്‍ ടിക്കറ്റ് ക്യൂവില്‍ കാത്തുനില്‍ക്കുമെന്നതുകൊണ്ട് ഇക്കാര്യത്തില്‍ ഒട്ടും അലംഭാവം കാണിക്കാറില്ല. സിനിമാക്കൊട്ടക കാലഹരണപ്പെടുകയാണെന്ന് മനസ്സിലായപ്പോള്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി. വീട്ടിലിരുന്നുതന്നെ സംഭവം സാധിപ്പിക്കാനാണ് ചാനലുകള്‍ തുടങ്ങിയത്. രണ്ടുരൂപയ്ക്ക് അരിയും വീടുതോറും സൗജന്യ ടെലിവിഷന്‍ സെറ്റും കൊടുക്കുന്നതുകൊണ്ട് പണിയൊന്നും ചെയ്യണമെന്നില്ല, ജീവിച്ചുപോകാം. പിന്നെയീ മലയാളത്താന്മാര്‍ തിന്നുകുടിച്ചുകഴിഞ്ഞുപോയ്‌ക്കോട്ടെ എന്നുവിചാരിച്ച് അരിയും പച്ചക്കറിയും കൃഷി ചെയ്യുന്നു എന്നുമാത്രം.
കേരളത്തിലെപ്പോലെ ജനങ്ങള്‍ ഉദാരമനസ്‌കരാണ്. മാറി മാറി ഇരുപക്ഷത്തെയും ജയിപ്പിച്ചുകൊള്ളും. കേന്ദ്രത്തില്‍ അപ്പോഴപ്പോള്‍ ആരാണ് അധികാരത്തിലെന്നുനോക്കി മാറി മാറിക്കളിക്കുന്നതുകൊണ്ട് അവിടെയും നല്ല പിടിയാണ്. അതിന്റെ ഗുണം ജനത്തിനും കിട്ടും. ഇതിനാണ് ട്രിക്കിള്‍ ഡൗണ്‍ സിദ്ധാന്തം എന്ന് പറയുന്നത്. സമ്പത്ത് താഴോട്ട് ഉറ്റിവീഴും. നേതാക്കന്മാര്‍ ആയിരം കോടി അടിച്ചുമാറ്റിയാല്‍ അതിലൊരു പങ്ക് ജനത്തിലെത്തുമെന്നുറപ്പല്ലേ. അങ്ങനെ വികസനവും വരുന്നു.

ഇവിടത്തെ ഭരണം, ചാനല്‍, 2ജി, സോണിയാജി, സ്‌പെക്ട്രം തുടങ്ങിയ നാനാവിധ തിരക്കുകള്‍ക്കിടയില്‍ അയല്‍ രാജ്യത്തെ തമിഴര്‍ക്ക് എന്തു സംഭവിക്കുന്നു എന്നൊന്നും നോക്കാനായില്ല. അതിനിടെ യുദ്ധത്തില്‍ തമിഴര്‍ തോറ്റെന്നോ പ്രഭാകരനെ കൊന്നെന്നോ തമിഴരെ ഉന്മൂലനം ചെയ്‌തെന്നോ ഒക്കെ ചാനലുകളിലും പത്രങ്ങളിലുമെല്ലാം കണ്ടിരുന്നു. അതിനിടയില്‍ നമ്മള്‍ കുറേ ജയിലിലും ആയിരുന്നല്ലോ. ഇപ്പോള്‍ സ്ഥിതി മോശമാണ്. അടുത്ത തിരഞ്ഞെടുപ്പുവരുമ്പോള്‍ പൊക്കിപ്പിടിക്കാന്‍ ഒരു വിഷയവും ഇല്ല. ജയലളിത 2ജി, ജയില്‍രാജാ, കനിമൊഴി എന്നും മറ്റും പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കും. ഒരുകൊല്ലം അധികാരത്തിന് പുറത്തുനില്‍ക്കാം. ലങ്കാതമിഴനെ ച്ചൊല്ലി നെഞ്ചത്തടിച്ച് നിലവിളിക്കാം... പിന്നത്തെ അഞ്ചുകൊല്ലം പുറത്തുനില്‍ക്കേണ്ടി വരുന്നത് ഒഴിവാക്കാനുള്ള ത്യാഗം മാത്രം. നഷ്ടം വരില്ല തീര്‍ച്ച.

** **

സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്‌കോ കുത്തക കമ്പനിയായ റിലയന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ബൂര്‍ഷ്വാ മുത്തശ്ശിപ്പത്രം (വയസ്സ് 90) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുത്തകകളുടെ കടന്നുവരവിനെ ചെറുക്കാന്‍ കച്ചവടക്കാരെ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടി ഇപ്പണി ചെയ്യുന്നത് പാര്‍ട്ടിക്കകത്തും പുറത്തും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ലേഖകന്റെ വ്യാഖ്യാനം.
പതിവുപോലെ ബൂര്‍ഷ്വാ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ അബദ്ധങ്ങളുടെ നീണ്ട നിര കാണാം. അബദ്ധം നമ്പര്‍ വണ്‍. റബ്‌കോ സി.പി.എം. നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. അല്ലേയല്ല. സി.പി.എം ഭരണഘടനയിലെവിടെയും വ്യവസായത്തില്‍ പാര്‍ട്ടി നടത്താം എന്നല്ലാതെ പാര്‍ട്ടിക്ക് വ്യവസായം നടത്താം എന്നുപറയുന്നില്ല. റബ്‌കോ ഒരു സാധാരണ വ്യവസായ സ്ഥാപനം മാത്രം. കൈരളി ചാനല്‍ സി.പി.എം. ചാനല്‍ അല്ലാത്തതുപോലെതന്നെ. ബാങ്കില്‍ നിന്ന് കടംവാങ്ങി, തൊഴിലാളിയെ കൊണ്ട് പണിയെടുപ്പിച്ച്, ഉത്പന്നം കൂടിയ വിലയ്ക്ക് വിറ്റ് മിച്ചമൂല്യം ലാഭമാക്കി അതിന്റെ വിഹിതം ഓഹരി ഉടമകള്‍ക്ക് നല്‍കുക എന്ന മുതലാളിത്തരീതി തന്നെയാണ് അവിടെയും നടപ്പാക്കുന്നത്. പാര്‍ട്ടി വേറെ, വ്യവസായം വേറെ.

എന്തിനാണ് കമ്യൂണിസ്റ്റുകാരായ സഖാക്കള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുവാന്‍ ഇറങ്ങിപ്പുറപ്പെട്ടത് എന്ന് ചോദിക്കരുത്. ഈ ദുഷിച്ചുനാറിയ മുതലാളിത്ത വ്യവസ്ഥയില്‍ ജീവിച്ചുപോകണമെങ്കില്‍ തൊഴിലാളിക്കും മുതലാളിയായി മാറേണ്ടി വരും. ചൈനയില്‍, എങ്ങനെ കാര്യക്ഷമമായി മുതലാളിത്തം നടപ്പാക്കാം എന്ന് മുതലാളിമാരെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വവും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വന്നുപെട്ടിരിക്കുകയാണ്. റബ്‌കോ മോഡല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ കേരളത്തിലും ചൈനീസ് മോഡല്‍ നടപ്പാക്കാം.
തത്കാലം റിലയന്‍സ് ബന്ധമൊക്കെ വേണ്ടിവന്നേക്കാം. നയം നടപ്പാക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുപിടിക്കാമെന്ന് പണ്ടേ ആചാര്യന്മാര്‍ ഉപദേശിച്ചതാണ്. ഇവിടെ വേറെയൊന്നും സംഭവിച്ചിട്ടില്ല.

** **

തമിഴ്‌നാട്ടില്‍ നിന്നൊരു കേസ് കൂടിയുണ്ട്. യു.പി.എ. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിന്റെ പിറ്റേന്നുതന്നെ സി.ബി.ഐ.ക്കാരന്മാര്‍ ചെന്ന് സ്റ്റാലിന്റെ വീടോ ഓഫീസോ എന്തോ റെയ്ഡ് ചെയ്തു. അത് ചെയ്തത് മഹാമോശമായി എന്ന് പത്രങ്ങള്‍ മുതല്‍ പ്രധാനമന്ത്രി വരെ വിമര്‍ശിച്ചു.
     സി.ബി.ഐ.യുടെ ബുദ്ധിമുട്ടിനെ കുറിച്ച് ആര്‍ക്കുമില്ല പരിഗണന. ഒന്നോ രണ്ടോ വര്‍ഷം മുമ്പത്തെ കാര്‍ ഇറക്കുമതിക്കേസ്സാണ്. സ്റ്റാലിനെതിരെ വിരലനക്കാന്‍ ഇതുവരെ കേന്ദ്രം സി.ബി.ഐ.യെ അനുവദിച്ചില്ല. കാരണം സ്റ്റാലിന്റെ അച്ഛന്റെ ഔദാര്യത്തിലാണ് കേന്ദ്രം ശ്വാസം കഴിക്കുന്നത്. ഇപ്പോഴിതാ ആ ബാധ്യത തീര്‍ന്നു. ഇനിയെങ്കിലും കേസ് അന്വേഷിച്ചുകളയാമെന്നേ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ഓര്‍ത്തുകാണൂ. പിന്തുണയ്ക്കുമ്പോഴും കേസ് അന്വേഷിക്കരുത്, പിന്തുണ പിന്‍വലിച്ചാലും അന്വേഷിക്കരുത് എന്ന് പറഞ്ഞാല്‍ സി.ബി.ഐ. വലഞ്ഞുപോകത്തേ ഉള്ളൂ.

Monday, 11 March 2013

നിയമസഭയുടെ ചരിത്രവും ചട്ടങ്ങളും

നിയമസഭയെക്കുറിച്ച് മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന ചിത്രം യാഥാര്‍ഥ്യപൂര്‍ണമാണോ ആരോഗ്യകരമാണോ എന്നതിനെക്കുറിച്ച് ജനപ്രതിനിധികളോ മാധ്യമപ്രവര്‍ത്തകര്‍തന്നെയോ ചിന്തിക്കാറുണ്ടോ എന്നറിയില്ല. ചിന്തിക്കാറുണ്ടെന്ന് കരുതിയാലും അതുകൊണ്ട് പ്രയോജനമൊന്നുമുണ്ടായിട്ടില്ല. പണ്ടേതന്നെ ജനപ്രതിനിധിസഭകളെ വെറും വര്‍ത്തമാന ഇടമെന്ന് വിളിക്കാറുണ്ട്. ഇന്ന് അതിലും മോശമാണ് സ്ഥിതി. അസംബന്ധങ്ങള്‍മാത്രം പറയുന്ന, നാട്ടുകാര്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത, ജനങ്ങള്‍ക്കുമുമ്പില്‍ മോശം മാതൃകയായ, എപ്പോഴും ഇറങ്ങിപ്പോവുകമാത്രം ചെയ്യുന്ന, നികുതിപ്പണം ഇഷ്ടംപോലെ പോക്കറ്റിലാക്കുന്ന ഒരു അനാവശ്യസ്ഥാപനം എന്നചിത്രം പൗരസമൂഹത്തിനുമുന്നില്‍ വരച്ചുവെച്ചത് മാധ്യമപ്രവര്‍ത്തകര്‍തന്നെയാണ് എന്നുപറയാം. മാധ്യമപ്രവര്‍ത്തകനായ സണ്ണിക്കുട്ടി ഏബ്രഹാം അത് മാറ്റിയെഴുതുകയാണ്.

ആര്‍ക്കും എന്തും പറഞ്ഞ് എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാനും കയറിവരാനും കഴിയുന്ന ഒരു അരാജകസ്ഥാപനമാണ് നിയമസഭ എന്ന തെറ്റിദ്ധാരണ മാറിയേ തീരൂ. നൂറ്റാണ്ടുകള്‍ക്കുമുമ്പേ രൂപംകൊണ്ട ജനാധിപത്യവ്യവസ്ഥയില്‍ പരീക്ഷിച്ചും പ്രവര്‍ത്തിപ്പിച്ചും വികാസം പ്രാപിക്കുന്ന ഒരു സംവിധാനമാണ് നിയമസഭ. നിയമസഭകള്‍ നിയമനിര്‍മാണസഭകളാണ്. അവ നിര്‍വഹിക്കുന്നത് അതി ഗൗരവമേറിയ ഉത്തരവാദിത്വമാണ്. വാര്‍ത്തകളാകുന്ന പൊടിപ്പുകളെക്കാള്‍, തൊങ്ങലുകളെക്കാള്‍ ഗൗരവമേറിയ ഒരുപാട് സംഗതികള്‍ അവിടെ നടക്കുന്നുണ്ട്. നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പഠിച്ചേ ഒരാള്‍ക്ക് നല്ല സാമാജികനാന്‍ കഴിയൂ. നല്ല സാമാജികര്‍ ആരെല്ലാമെന്ന് നിയമസഭ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെങ്കിലും അറിയാം. അവരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബഹുമാനമാണ്. പക്ഷേ, മാധ്യമങ്ങളെ ആശ്രയിക്കുന്ന വോട്ടര്‍ക്ക് തന്റെ പ്രതിനിധി അവിടെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുക പ്രയാസമാണ്. നിയമസഭാ സാമാജികര്‍ പറയുന്ന നല്ലവാക്കുകളല്ല, മോശം വാക്കുകളാണ് തലക്കെട്ടുകളാകുന്നത്.
നിയമനിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും ഗൗരവമേറിയ ഭാഗങ്ങള്‍ സംബന്ധിച്ച് സാധാരണക്കാര്‍ക്കുപോലും പഠിക്കാവുന്ന പുസ്തകമൊരുക്കാനുള്ള സണ്ണിക്കുട്ടി ഏബ്രഹാമിന്റെ ശ്രമം വിജയിച്ചതാണ് 'സഭാതലം' എന്ന ഈ ഗ്രന്ഥം. സണ്ണിക്കുട്ടിക്ക് അത്യപൂര്‍വം ആളുകള്‍ക്ക് മാത്രമുള്ള ഒരു യോഗ്യതയുണ്ട്. കേരള നിയമസഭയിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിലും റിപ്പോര്‍ട്ടിങ് നടത്താന്‍ അവസരം ലഭിച്ച അപൂര്‍വം ആളുകളില്‍ ഒരാളാണ് സണ്ണിക്കുട്ടി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിലെ ആമുഖലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ ഇതൊരു നിയമഗ്രന്ഥമല്ല. സണ്ണിക്കുട്ടി നിയമംപഠിച്ച ആളുമല്ല. നിയമം നിര്‍മിക്കലും നിയമത്തില്‍ പറഞ്ഞതില്‍നിന്ന് വള്ളിപുള്ളി തെറ്റാതെ പ്രവര്‍ത്തിക്കലും മാത്രമല്ല നിയമസഭാ പ്രവര്‍ത്തനം. അത് നിരന്തരം വികസിച്ചുവരുന്നതാണ്. പ്രതിഭാധനരായ, ചിന്താശേഷിയുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അതിന്റെ പരിവര്‍ത്തനത്തിന് സംഭാവന ചെയ്യുന്നുണ്ട്. തീര്‍ച്ചയായും സഭാതലം പോലുള്ള കൃതികള്‍ ആ പ്രക്രിയയ്ക്ക് ആക്കംകൂട്ടുകതന്നെ ചെയ്യും.
(മാതൃഭൂമി വാരാന്തപ്പതിപ്പ് മാര്‍ച്ച് 10 -2013)

Saturday, 9 March 2013

ഒരു ട്രാജിക് കുടുംബകഥ
മൂന്ന് ശത്രുക്കളില്‍ ബലമേറെയുള്ള ഒന്നിനെ ന്യൂട്രലാക്കിയാല്‍ മറ്റേ രണ്ടിന്റെയും  വിഷം കുറയ്ക്കാം എന്ന ഉപദേശം കിട്ടിയാവണം ഗണേശ്കുമാര്‍ അച്ഛന്റെ  കാലില്‍ വീണത്. ഏത് പ്രായത്തിലും മനുഷ്യന്‍ ദുഃ ഖിതനായാല്‍  അച്ഛനെയും അമ്മയെയും വിളിച്ച് കരഞ്ഞുപോകും. കുറ്റപ്പെടുത്താനാവില്ല

ആരെയും തല്ലാന്‍ പാടില്ലെന്നുതന്നെയാണ് നിയമവും ധര്‍മവുമൊക്കെ പറയുന്നത്. കൊലയാളിയെ സ്റ്റേഷനില്‍ തല്ലിയാല്‍ ഡി.ജി.പി.യായാലും കേസില്‍ പ്രതിയാകും. അതൊക്കെ വേറെ കാര്യം. മന്ത്രിയെ തല്ലാം. വീട്ടില്‍ കേറിച്ചെന്ന് തല്ലാം. തല്ലിയിട്ട് ഇറങ്ങിപ്പോയി വിമാനം പിടിച്ച് നാടുവിടാം. കേരളത്തില്‍ ഇങ്ങനെയും സംഭവിച്ചു എന്നാണ് പറയുന്നത്. ഇതേതെങ്കിലും നൂറാം ക്ലാസ് പത്രത്തില്‍വന്ന വാര്‍ത്തയല്ല. മന്ത്രിതുല്യമായ ചീഫ്‌വിപ്പ് എന്ന വിചിത്രനാമപദവിയിലിരിക്കുന്ന ആള്‍ പരസ്യമായി പറഞ്ഞ കാര്യമാണ്. നാട്ടുകാര്‍ അതിനെ അവിശ്വസിക്കണമെങ്കില്‍ അതിനേക്കാള്‍ ഉയര്‍ന്ന പദവിയിലിരിക്കുന്നയാള്‍ പറയണം, ഇല്ല അങ്ങനെ സംഭവിച്ചിട്ടില്ല എന്ന്. തല്ലുകിട്ടിയെന്ന് പറയുന്ന ആള്‍ നിഷേധിച്ചാല്‍ പോരേ എന്ന് ചോദിച്ചേക്കാം. പോര. സാധാരണ നാട്ടിന്‍പുറത്താണെങ്കില്‍ അതുമതി. പോലീസ് കേസെടുക്കില്ല. ഇവിടെയും മന്ത്രിപ്പണിക്ക് പ്രത്യേകതയുണ്ട്. തല്ല് കിട്ടിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. കാരണം വിഷയം സ്ത്രീ വിഷയമാണ്.

ഒരേസമയം, രണ്ട് സ്ത്രീകളാല്‍ ദുരിതമനുഭവിക്കേണ്ടിവന്ന ആദ്യമന്ത്രി എന്ന പ്രത്യേകതയും കീഴൂട്ട് രാമന്‍പിള്ള ബാലകൃഷ്ണപ്പിള്ള മകന്‍ ഗണേശ്കുമാരന്‍ (വയസ്സ്- 49, തൊഴില്‍- അസ്വസ്ഥം മന്ത്രിപ്പണി ) എന്ന ഈ ആള്‍ക്കുണ്ട്. മുഖ്യവിപ്പ് ജോര്‍ജ് പറഞ്ഞത് സ്വപത്‌നി ശാരീരികപീഡനം ഏല്പിച്ചതിന്റെ ഫലമായി പരിക്കേറ്റതുകൊണ്ടാണ് മന്ത്രി രണ്ടാഴ്ച പുറത്തിറങ്ങാന്‍ പറ്റാതെ വീട്ടിലിരുന്നത് എന്നാണ്. (ഇതുപോലൊരു മന്ത്രിതുല്യനെ കിട്ടാന്‍ കേരളമന്ത്രിമാര്‍ ചില്ലറ സല്‍കര്‍മമൊന്നുമല്ല ചെയ്തിട്ടുണ്ടാവുക) കാമുകിയുടെ ഭര്‍ത്താവ് വന്ന് തല്ലിയെന്നുപറഞ്ഞാല്‍ അതിലും കുറ്റക്കാരന്‍ മന്ത്രിതന്നെ. ഭാര്യ പരിക്കേല്പിച്ചു എന്ന് പറഞ്ഞാല്‍ അതിലും കുറ്റക്കാരന്‍ മന്ത്രി തന്നെ. എന്തൊരു കഷ്ടമാണ്! രണ്ടുപീഡനമേല്‍ക്കേണ്ടിവന്ന സാധാരണക്കാരന് കിട്ടുന്ന സഹതാപംപോലും മന്ത്രിക്കില്ലെന്നോ! മര്‍ദനത്തിനും പീഡനത്തിനും ഇരയായ മന്ത്രി രാജിവെക്കണം എന്നാണ് നേതാക്കളെല്ലാം പറയുന്നത്. മന്ത്രി കൈക്കൂലി വാങ്ങിയാല്‍ ഇല്ലാത്ത ധാര്‍മികരോഷമാണ് മന്ത്രി അടിവാങ്ങിയാല്‍.

ഇത്രയൊക്കെയായിട്ടും എന്താണ് ഗണേശന്റെ മന്ത്രിപ്പണി തെറിച്ചുപോകാത്തത് എന്ന് സംശയിക്കാം. കനത്ത നിര്‍ഭാഗ്യങ്ങള്‍ ഉള്ളതുപോലെ കനത്ത ഭാഗ്യങ്ങളും ഉള്ള ആളാണ് ഗണേശ്കുമാര്‍. ചിലയിനം മിത്രങ്ങള്‍ ഉണ്ടെങ്കില്‍ ശത്രുക്കള്‍ വേറെ വേണ്ട എന്ന് പറയാറുണ്ടല്ലോ. അത് ശത്രുക്കളുടെ കാര്യത്തിലും ബാധകമാണ്. ചില ശത്രുക്കള്‍ പത്ത് മിത്രങ്ങള്‍ക്ക് തുല്യമാണ്. സ്വന്തം വീട്ടില്‍തന്നെ രണ്ട് ശത്രുക്കള്‍ ഉണ്ടാവുക എന്ന അപൂര്‍വത അദ്ദേഹത്തിനുണ്ടല്ലോ. ഒന്ന് സ്വന്തം പിതാവാണ്. മകനെ പൊക്കിക്കൊണ്ടുവന്നു എന്നാണ് ഒരുപാട് നേതാക്കള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട കുറ്റം. മകനെ പൊക്കിക്കൊണ്ടുവന്നു എന്ന കുറ്റവും പൊക്കിക്കൊണ്ടുവന്ന മകനെ താഴേക്കിട്ട് കൊല്ലാന്‍ നോക്കി എന്ന കുറ്റവും ചെയ്ത അച്ഛനാണ് ഗണേശന്റെ അച്ഛന്‍. പുത്രവധത്തേക്കാള്‍ എത്രയോ ഭേദമാണ് പുത്രസ്‌നേഹം എന്ന് ആരും സമ്മതിക്കും. പെരുന്തച്ചന്മാര്‍ക്ക് ഇതുമനസ്സിലാകില്ല.

മിത്രബലത്തേക്കാള്‍ ചിലപ്പോള്‍ പ്രയോജനപ്പെടും ശത്രുബലം എന്നാണ് പറഞ്ഞുവന്നത്. ഗണേശന്‍ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചാല്‍ പിന്നെയെന്താണ് സംഭവിക്കുക ? മന്ത്രിസഭയുടെ അംഗബലം ഒന്ന് കുറയുകയും തത്ഫലമായി സംസ്ഥാന ഖജനാവിന് ദശലക്ഷങ്ങളുടെ ലാഭമുണ്ടാവുകയും ചെയ്യും എന്ന നല്ല കാര്യമാണോ സംഭവിക്കാന്‍ പോകുന്നത് ? അല്ലേയല്ല. രാജി നല്‍കിയാല്‍ ഒരാഴ്ചയ്ക്കകം തുടങ്ങും കേരള കോണ്‍ഗ്രസ്-ബി എന്ന വമ്പിച്ച ജനപിന്തുണയുള്ള മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ്, ദേശീയ പാര്‍ട്ടിക്ക് കേരള മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാത്തത് ജനങ്ങളോട് കാട്ടുന്ന അനീതി, കേരളത്തിന് കനത്ത നഷ്ടം എന്നിത്യാദി വിലാപങ്ങള്‍. മന്ത്രിയാകാന്‍ പാര്‍ട്ടിക്ക് വേറെ എം.എല്‍.എ. ഉണ്ടോ എന്ന് ചോദിക്കുന്നവര്‍ വിവരദോഷികളാണ്. മന്ത്രിയാകാന്‍ എം.എല്‍.എ.സ്ഥാനം വേണ്ട. ആര്‍ക്കും കേറിച്ചെന്ന് മന്ത്രിയാകാം. മുഖ്യമന്ത്രി, ഗവര്‍ണറോട് പറഞ്ഞാല്‍ ഉടന്‍ സത്യപ്രതിജ്ഞയ്ക്ക് സമയം നിശ്ചയിക്കും. മകന്റെ പിന്‍ഗാമി അച്ഛനാണ് എന്ന് അച്ഛന്‍ മുഖ്യമന്ത്രിയോട് പറഞ്ഞാല്‍ സത്യപ്രതിജ്ഞയ്ക്ക് സമയം നിശ്ചയിക്കും. മുന്നണി മര്യാദയനുസരിച്ച് വേറെന്നും ചെയ്യാന്‍പറ്റില്ല. ഇതിനെക്കുറിച്ചോര്‍ത്ത് ഞെട്ടിയിട്ടാണ് ഗണേശ്കുമാറിനെ പിന്തുണയ്ക്കാന്‍ നാനാഭാഗത്തുനിന്നും ഘടകകക്ഷിനേതാക്കള്‍തൊട്ട് പ്രതിപക്ഷാംഗങ്ങള്‍വരെയും ഹരിതം, പരിസ്ഥിതി, ബുദ്ധിജീവി കൂട്ടക്കാര്‍ വേറെയും പാഞ്ഞുവന്നത്.

എം.എല്‍.എ. ആകാതെ ആറുമാസം മന്ത്രിയായിരിക്കാം. പലരും അങ്ങനെ മന്ത്രിയായിട്ടുണ്ട്. ആറുമാസത്തിനിടയില്‍ എം.എല്‍.എ.ആയാല്‍ മതി. ഇല്ലെങ്കിലോ ? ഒന്നും സംഭവിക്കില്ല. രാജി കൊടുത്ത് വീട്ടില്‍ പോകണമെന്നുമാത്രം. ആറുമാസം മന്ത്രിയായിരുന്ന് എടുത്ത തീരുമാനങ്ങള്‍ റദ്ദായിപ്പോകുകയോ ശമ്പളം തിരിച്ചുപിടിക്കുകയോ ഒന്നും ചെയ്യില്ല. ഇങ്ങനെ രാജിവെച്ചുപോയ ആള്‍ക്ക് ഇതുപോലെ വീണ്ടും ആറുമാസം മന്ത്രിയാകാന്‍ പറ്റുമോ? ഓരോ മാസം മാറിനിന്ന് പിന്നെയും പിന്നെയും മന്ത്രിയാകാമോ? ഓ... അറിയില്ല. അത്രത്തോളം ചിന്തിച്ചുകാണില്ല. എന്നുവെച്ച് അങ്ങനെ ചിന്തിച്ചുകൂടെന്നില്ലല്ലോ. ഇങ്ങനെയൊക്കെയല്ലേ നമ്മള്‍ നല്ല കീഴ്‌വഴക്കങ്ങള്‍ ഉണ്ടാക്കേണ്ടത്. അങ്ങനെ സംഭവിച്ചാലോ എന്ന് ഭയപ്പെടുന്നവരും ഗണേശന്റെ പിന്നില്‍ നിന്നു.

മൂന്ന് ശത്രുക്കളില്‍ ബലമേറെയുള്ള ഒന്നിനെ ന്യൂട്രലാക്കിയാല്‍ മറ്റേ രണ്ടിന്റെയും വിഷം കുറയ്ക്കാം എന്ന ഉപദേശം കിട്ടിയാവണം ഗണേശ്കുമാര്‍ അച്ഛന്റെ കാലില്‍ വീണത്. ഏത് പ്രായത്തിലും മനുഷ്യന്‍ ദുഃഖിതനായാല്‍ അച്ഛനെയും അമ്മയെയും വിളിച്ച് കരഞ്ഞുപോകും. കുറ്റപ്പെടുത്താനാവില്ല. കാലില്‍ വീണ് കരഞ്ഞതോടെ ഗണേശന്‍ വഴങ്ങി എന്നാണ് അച്ഛന്‍പക്ഷം ആശ്വസിക്കുന്നത്. മകന്‍ അച്ഛന് വഴങ്ങുന്നുണ്ടോ എന്നതാണല്ലോ ആ പാര്‍ട്ടിയിലെ മുഖ്യപ്രശ്‌നം. ഗണേശ്കുമാര്‍ എന്ന നടനാണോ അതല്ല മകന്‍ തന്നെയാണോ കാലില്‍ വീണ് കരഞ്ഞത് എന്നൊന്നും നമുക്കറിഞ്ഞുകൂടാ. എന്തായാലും ഇതുവരെ ഗണേശ് കുമാര്‍ നല്ലമന്ത്രിയാകാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനി നല്ല മകന്‍ ആകാന്‍ ശ്രമിക്കുമ്പോള്‍ ശത്രുക്കളുടെ എണ്ണം കുറഞ്ഞേക്കും. അതിന്റെ പലയിരട്ടി മിത്രങ്ങളുടെ എണ്ണവും...
കേരളാ കോണ്‍ഗ്രസ്സിന്റെ ഉത്ഭവത്തില്‍ത്തന്നെ ഉള്ളതാണ് സ്ത്രീ സാന്നിധ്യം. ആഭ്യന്തരമന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ കാറില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന് ആരോ പറഞ്ഞുപരത്തുകയോ വാര്‍ത്ത എഴുതുകയോ ചെയ്തു. എത്ര നിസ്സാരസംഭവം. അന്നും ഇന്നും ഭരണഘടന ഒന്നുതന്നെ. മന്ത്രിയുടെ കാറില്‍ സ്ത്രീ കയറരുതെന്ന് ഒരു നിയമത്തിലുമില്ല. പക്ഷേ, സദാചാര പോലീസ് ഇടപെട്ടു. മന്ത്രി രാജിവെക്കേണ്ടിവന്നു. ആഭ്യന്തരമന്ത്രി പി.ടി.ചാക്കോ ചെയ്ത കുറ്റമെന്തെന്ന് അന്നും ഇന്നും ആര്‍ക്കും മനസ്സിലായിട്ടില്ല. പരാതിയില്ല, കേസില്ല, യാതൊന്നുമില്ല. തന്നെ ഉപദ്രവിച്ചെന്ന് ഒരു സ്ത്രീ പരാതിയെഴുതിക്കൊടുത്തിട്ടും കഥാപാത്രത്തിന് കേന്ദ്രമന്ത്രിയേക്കാള്‍ വലിയ പദവിയിലിരിക്കാന്‍ ഇന്ന് കഴിയുന്നു. ഹാ... എന്തൊരു പുരോഗതി.

അരനൂറ്റാണ്ടുമുമ്പുണ്ടായ പി.ടി. ചാക്കോയുടെ രാജിയാണ് കേരളാ കോണ്‍ഗ്രസ്സിന്റെ ജനനത്തിന് കാരണമായതെന്നത് സൈഡ്‌സ്റ്റോറി മാത്രം. കേരളാ കോണ്‍ഗ്രസ്സിന്റെ തെറിച്ചുപോയ ഒരു ചീന്തുമാത്രമാണ് ബാലകൃഷ്ണപ്പിള്ളയുടെയും മകന്‍ ഗണേശിന്റെയും പാര്‍ട്ടി. കാമിനിമാര്‍ ഇടയ്ക്കിടെയേ പ്രത്യക്ഷപ്പെടാറുള്ളൂ. കലഹങ്ങളെല്ലാം അവരുടെ സൃഷ്ടിയാണെന്നൊന്നും ആരും ധരിക്കേണ്ട. കനകത്തോളം വരില്ല കാമിനിമാര്‍.

കനകം കലഹമേ ഉണ്ടാക്കാറുള്ളൂ എന്നും ധരിക്കേണ്ട. കനകംമൂലം ഐക്യവുമുണ്ടാകാം. അച്ഛന്‍-മകന്‍ മഞ്ഞുരുക്കത്തിലേക്ക് നയിച്ചത് മകന്റെ കീഴടങ്ങലാണെന്ന് അഭിമാനിയായ അച്ഛന് പുറത്തുപറയാന്‍ കൊള്ളാം. സത്യമതാവണമെന്നില്ല. മകന്റെ വിവാഹമോചനം ചിലപ്പോള്‍ കുടുംബത്തിലെ കനകം കനത്തതോതില്‍ ശോഷിപ്പിച്ചേക്കുമെന്ന് അണിയറക്കഥകള്‍ പരക്കുന്നുണ്ട്. അത് തടഞ്ഞല്ലേ പറ്റൂ. കലഹത്തിന് തത്കാലമെങ്കിലും വിരാമമിട്ടേ അത് തടയാന്‍ പറ്റൂ. അപ്പോള്‍പിന്നെ മനസ്സുമുരുകും മഞ്ഞുമുരുകും, ഹിമാലയംതന്നെയുരുകും.

Sunday, 3 March 2013

രണ്ടില ഇളക്കം
കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തനിക്ക് ദൈവവിധിയുണ്ടെന്ന് മാണിസാര്‍ ധരിച്ചാല്‍ 
കുറ്റപ്പെടുത്താനൊന്നും പറ്റില്ല. വിവാഹം പോലെ ഒരിക്കലും പിരിയാത്ത ബന്ധമല്ല മുന്നണിബന്ധം എന്ന് മാണിസ്സാര്‍ പറഞ്ഞതിന്റെ  പൊരുള്‍ മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കട്ടെ

യു.ഡി.എഫില്‍ ചില മൂത്ത ഇലകള്‍ ഇളകുന്നതായോ കൊഴിഞ്ഞുവീഴാന്‍ പോകുന്നതായോ ഒക്കെയുള്ള അഭ്യൂഹങ്ങള്‍ കുറച്ചായി പ്രചാരത്തിലുണ്ട്. ഒരിലയും ഇളകില്ല എന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഉറപ്പുപോരാ. ഇല ഇളകാത്ത അവസ്ഥ ഉണ്ടാവുക ഗ്രഹണം ഉണ്ടാകുമ്പോഴാണ്. വി.എസ്.അച്യുതാനന്ദനും കെ.എം.മാണിയും ഗ്രഹണതുല്യമായ അവസ്ഥയില്‍ നേര്‍രേഖയില്‍ വന്നതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും അത് മുന്നണി കാലാവസ്ഥയില്‍ ഇല ഇളകാത്ത അവസ്ഥ ഉണ്ടാക്കിയതായൊന്നും നിരീക്ഷകര്‍ സമ്മതിക്കുകയില്ല.
കാര്യം നേരേ ചൊവ്വെ പറയാമല്ലോ. മര്‍മസ്ഥാനത്ത് മുട്ടിയാല്‍ വീഴുംവിധം ദുര്‍ബലമാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷനില എന്ന് എ.കെ.ബാലന്‍ പറയാതെ തന്നെ നമുക്കറിയാം. മുട്ടിനോക്കാത്തതെന്തേ എന്ന് ചോദിച്ചാല്‍ എയ് ഭൂരിപക്ഷം തട്ടിക്കൂട്ടി അധികാരം തട്ടാനൊന്നും നമ്മളില്ല എന്നാവും സി.പി.എമ്മിന്റെ മറുപടി. ഇല്ലയില്ല, അങ്ങനെയൊരു മഹാപാപമൊന്നും സി.പി.എമ്മിനോട് ചെയ്യാന്‍ ആരും ഉദ്ദേശിക്കുന്നില്ല. മുന്നണി തട്ടിക്കൂട്ടുക, അധികാരം തലയിലേറ്റുക തുടങ്ങിയ ബുദ്ധിമുട്ടുകളൊന്നും സി.പി.എം. ഏറ്റെടുക്കേണ്ട കാര്യമേയില്ല. അതെല്ലാം ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ ചെയ്യാന്‍ നിരവധിപേര്‍ തയ്യാര്‍. ഒന്നോ ഒന്നൊരയോ കക്ഷികളെ കാലുമാറ്റി മന്ത്രിസഭ വീഴ്ത്തുക, ബദല്‍ മന്ത്രിസഭ ഉണ്ടാക്കുക എന്നീ പണികള്‍ അവര്‍ നടത്തിക്കൊള്ളും. സി.പി.എം. പിന്താങ്ങുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, ഇല്ല, ഉണ്ടില്ല എന്നിങ്ങനെയുള്ള പോസില്‍ ആകാശം നിന്നാല്‍ മതി. മാസം തോറും നോക്കുകൂലി എത്തിക്കേണ്ടിടത്ത് എത്തിച്ചുകൊള്ളും.

അങ്ങനെയെല്ലാം ചെയ്‌തെന്നുകരുതുക. ആരെയാണ് മുഖ്യമന്ത്രിയാക്കുക ? സി.പി.എമ്മിന് തട്ടിക്കൂട്ടുമന്ത്രിസഭയെ നയിക്കാന്‍ പറ്റില്ല. ആഗ്രഹമില്ലാഞ്ഞിട്ടൊന്നുമല്ല, പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ സദാചാരപോലീസ് അത് സമ്മതിക്കില്ല. പാര്‍ട്ടി പരിപാടി, രാഷ്ട്രീയസദാചാരം തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ കേന്ദ്രനേതൃത്വത്തില്‍ നിലനില്‍ക്കുന്ന പാര്‍ട്ടിയാണത്. കാലുമാറുന്നവര്‍ തിരഞ്ഞെടുപ്പിന് മുമ്പ് കാലുമാറണം. ശേഷം ബുദ്ധിയുദിക്കുന്നവര്‍ അടുത്ത വോട്ടെടുപ്പ്‌വരെ പുറത്ത് എന്നതാണ് പാര്‍ട്ടി ലൈന്‍. യു.ഡി.എഫിന് അത്തരം പിടിവാശികളൊന്നുമില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വേലി ചാടി വരാം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റും കൊടുക്കാം. അതുവേറെ. ബദല്‍ മന്ത്രിസഭയ്ക്ക് മുഖ്യമന്ത്രിയെ സംഭാവന ചെയ്യാന്‍ സി.പി.എമ്മിന് പറ്റില്ല എന്ന് സാരം.

അതുകൊണ്ടൊന്നും ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല എന്ന് മനസ്സിലാക്കുക. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വഹിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ കരിങ്ങോഴക്കല്‍ മാണി മാണി ഇതാ സദാ സന്നദ്ധനായി നില്‍ക്കുന്നു. ആ നില്‍പ്പ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അനേക പതിറ്റാണ്ടുകളായി ക്ഷമാപൂര്‍വം വിനയപൂര്‍വം എന്നാല്‍, പ്രതീക്ഷാപൂര്‍വം നില്‍ക്കുന്നു. എല്ലാ നില്പുകള്‍ക്കും ഉണ്ട് പരിധി എന്നുമാത്രം എല്ലാവരും ഓര്‍ത്തിരിക്കുന്നത് നന്ന്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തനിക്ക് ദൈവവിധിയുണ്ടെന്ന് മാണിസാര്‍ ധരിച്ചാല്‍ കുറ്റപ്പെടുത്താനൊന്നും പറ്റില്ല. മാണിസാര്‍ 1965-ല്‍ ആദ്യമായി നിയമസഭയിലേക്ക് ജയിച്ചുകയറിവരുമ്പോള്‍ കോളേജില്‍ കെ.എസ്.യു. കളിക്കുകയായിരുന്നില്ലേ ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ? യു.ഡി.എഫ്.സീനിയോറിറ്റി ലിസ്റ്റില്‍ ആരാണ് ഒന്നാം നമ്പര്‍ ? കോണ്‍ഗ്രസ്സില്‍ തന്നെ നിന്നിരുന്നുവെങ്കില്‍ ഇന്ന് എ.കെ. ആന്റണി ഇരിക്കുന്നതിനും മേലെയൊരു കസേരയിലിരിക്കേണ്ട ആളല്ലേ മാണിസാര്‍ ?

മാണിസ്സാറിന്റെ പാര്‍ട്ടി ചെറുതാണെന്നത് വലിയൊരു കുറവായി കരുതേണ്ട. പാര്‍ട്ടിയേ ചെറുതുള്ളൂ. മാണിസ്സാര്‍ ചെറുതല്ല. അതികായനാണ്. ജനവരിയില്‍ എണ്‍പത് പിന്നിട്ടിരിക്കുന്നു. ഈയിടെയായി ആളുകള്‍ക്ക് എണ്‍പത് കഴിയുമ്പോഴാണ് യുവത്വം വരുന്നത് എന്ന് സംശയിക്കാവുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. നവയൗവനത്തിലാണ് സാര്‍. 38 കൊല്ലം മുമ്പ് മന്ത്രിപ്പണി ചെയ്തുതുടങ്ങിയതാണ്. ഗിന്നസ് ബുക്കില്‍ ചേര്‍ക്കേണ്ട റെക്കോഡുകള്‍ പലതുണ്ട് കൈവശം. ഏറ്റവും കൂടുതല്‍ ദിവസം ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ ഇരുമുന്നണികളിലുമായി മന്ത്രിയായിരുന്നിട്ടുള്ള വേറെ ആരുണ്ട് ഈ ഭൂമി മലയാളത്തില്‍. ഒമ്പതുനിയമസഭകളില്‍ എം.എല്‍.എ., അതില്‍ ആറില്‍ മന്ത്രി. 1965 മുതല്‍ ഒരേ മണ്ഡലം മുറുകെ പുല്‍കിയ ഏകവ്യക്തി. പതിനൊന്നുവട്ടം ബജറ്റ് അവതരിപ്പിച്ച് സംസ്ഥാനത്തെ വട്ടംകറക്കിയ സാമ്പത്തികവിദഗ്ധന്‍, കാറല്‍മാര്‍ക്‌സിന് ശേഷം ഏറ്റവും കേമന്‍ സിദ്ധാന്തമുണ്ടാക്കിയ അധ്വാനവര്‍ഗ അപ്പോസ്തലന്‍, ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ ഏത് മലയാളിസമാജക്കാര്‍ക്കും വാടക കൊടുത്ത് മീറ്റിങ് നടത്താവുന്ന ഹാളില്‍ സ്വീകരണം ഏറ്റുവാങ്ങിയ മഹാന്‍... അങ്ങനെയങ്ങനെ എന്തെല്ലാം...

ആയതിനാല്‍ ആരെങ്കിലും കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. വലതുവേണം ഇടതുവേണം എന്നിങ്ങനെയുള്ള പിന്തിരിപ്പന്‍ പിടിവാശികളൊന്നുമില്ല മാണിസാറിന്. ചരിത്രത്തോടുള്ള കടമ നിര്‍വഹിക്കാന്‍ സാര്‍ തയ്യാര്‍. ഇനി രണ്ടുമുന്നണികളും ചേര്‍ന്ന് സര്‍വകക്ഷി മന്ത്രിസഭയുണ്ടാക്കി മുഖ്യമന്ത്രിയാക്കിയാല്‍പ്പോലും മാണിസ്സാര്‍ മുഷിയില്ല. യുദ്ധകാലത്തൊക്കെ അങ്ങനെ ചെയ്യാറുള്ളതായി കേട്ടിട്ടുണ്ട്. മുഖ്യമന്ത്രിയാകാന്‍ വേണ്ടി മാണിസ്സാര്‍ ഇടതുമുന്നണിയിലേക്ക് ഉടന്‍ എടുത്തുചാടിക്കളയും എന്ന തെറ്റിദ്ധാരണയൊന്നും ആര്‍ക്കും വേണ്ട. യു.ഡി.എഫിന് ആവശ്യമുള്ള സാവകാശം നല്‍കാം. കൊല്ലമെത്രയായി ക്ഷമിക്കുന്നു. ഇനി കുറച്ചുമാസം കൂടി ക്ഷമിക്കാവുന്നതേ ഉള്ളൂ. സി.പി.എമ്മിനെ പോലെയല്ല കോണ്‍ഗ്രസ് എന്ന് അദ്ദേഹത്തിന് നന്നായറിയാം. സി.പി.എം. ഇന്നുവരെ വേറൊരു പാര്‍ട്ടിക്കാര്‍ക്കും മുഖ്യമന്ത്രിസ്ഥാനം നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് അങ്ങനെയല്ല. എത്രകാലമാണ് സി.പി.ഐ.യിലെ അച്യുതമേനോനെ മുഖ്യമന്ത്രിയായി അനുവദിച്ചുകൊടുത്തത്, സി.പി.ഐ.യിലെ പി.കെ.വി.യെയും മുഖ്യമന്ത്രിയാക്കിയിട്ടുണ്ട് കോണ്‍ഗ്രസ്. ഇനിയൊരു മാണിസ്സാറിനെക്കൂടി മുഖ്യമന്ത്രിയാകാന്‍ അനുവദിക്കുന്നതുകൊണ്ട് കോണ്‍ഗ്രസ്സിനെന്ത് ദോഷമുണ്ടാകാനാണ് ? ഒന്നുമില്ലെങ്കിലും കേരളാ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ് കുടുംബത്തില്‍പ്പെട്ട കക്ഷിയല്ലേ ? കമ്യൂണിസ്റ്റായ അച്യുതമേനോനുള്ള പരിഗണനയെങ്കിലും നല്‍കേണ്ടേ മാണിസ്സാറിന് ?

വിവാഹം പോലെ ഒരിക്കലും പിരിയാത്ത ബന്ധമല്ല മുന്നണിബന്ധം എന്ന് മാണിസ്സാര്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കട്ടെ. മനസ്സിലാക്കേണ്ട കാലത്ത് മനസ്സിലാക്കട്ടെ. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണ് മുതിര്‍ന്നവരുടെ മൊഴി. ആദ്യം കയ്ക്കും പിന്നെ മധുരിക്കും.