Sunday, 14 April 2013

കൈനീട്ടം ടെലിവിഷന്‍


വരള്‍ച്ചയും സൂര്യതാപവും ഉള്ളപ്പോഴാണോ ടെലിവിഷന്‍ കൈനീട്ടം കൊടുക്കുന്നത് എന്ന് ചിലരെല്ലാം വലിയ വായില്‍ വിമര്‍ശിക്കുന്നത് കേട്ടു. കേരളത്തില്‍ കൃഷി ഇല്ലാതായിട്ട് കാലം കുറച്ചായതുകൊണ്ട് വരള്‍ച്ചയൊന്നും കൃഷിവകുപ്പിനെ കാര്യമായി ബാധിക്കുകയില്ല. എങ്കിലും നാട്ടുകാരെ ബോധിപ്പിക്കാനെങ്കിലും അല്പം വകതിരിവ് സര്‍ക്കാര്‍ കാട്ടണമല്ലോ. അതുകൊണ്ടാണ് നിസ്സാരവിലയുള്ള ടെലിവിഷനിലൊതുക്കിയത്


വിഷുവിന് എം.എല്‍.എ.മാര്‍ക്കെല്ലാം ഓരോ ടെലിവിഷന്‍ സെറ്റ് കൈനീട്ടമായി കൊടുത്തത് ഇത്ര വലിയ പൊല്ലാപ്പായി മാറുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ ഓര്‍ത്തതല്ല. പാരമ്പര്യമായിത്തന്നെ വിലയേറിയ വിഷുക്കൈനീട്ടവും ഓണക്കോടിയുമെല്ലാം കൊടുത്തുപോന്ന ആഢ്യകുടുംബത്തിലെ അംഗമാണ് മോഹനന്‍. സോഷ്യലിസ്റ്റാണ് എന്നൊരു ദോഷം പണ്ടുണ്ടായിരുന്നു. ശത്രുക്കള്‍പോലും ഇന്ന് അങ്ങനെയൊരു കുറ്റം പറയില്ല. പണ്ടായിരുന്നെങ്കില്‍ എട്ടണയോ മറ്റോ കൊടുത്താല്‍ മതിയായിരുന്നു കൈനീട്ടമായി. ഇന്നത്തെ കാലത്ത് കൈനീട്ടം കേഷായി കൊടുക്കുന്നത് രണ്ടാംതരമാണ്. അതുകൊണ്ടാണ് മന്ത്രി ടെലിവിഷനാക്കിയത്.

വരള്‍ച്ചയും സൂര്യതാപവും ഉള്ളപ്പോഴാണോ ടെലിവിഷന്‍ കൈനീട്ടം കൊടുക്കുന്നത് എന്ന് ചിലരെല്ലാം വലിയ വായില്‍ വിമര്‍ശിക്കുന്നത് കേട്ടു. കേരളത്തില്‍ കൃഷി ഇല്ലാതായിട്ട് കാലം കുറച്ചായതുകൊണ്ട് വരള്‍ച്ചയൊന്നും കൃഷിവകുപ്പിനെ കാര്യമായി ബാധിക്കുകയില്ല. എങ്കിലും നാട്ടുകാരെ ബോധിപ്പിക്കാനെങ്കിലും അല്പം വകതിരിവ് സര്‍ക്കാര്‍ കാട്ടണമല്ലോ. അതുകൊണ്ടാണ് നിസ്സാരവിലയുള്ള ടെലിവിഷനിലൊതുക്കിയത്. കൃഷി നല്ല നിലയിലായിരുന്നെങ്കില്‍ ഓരോ മുന്തിയ കാറുതന്നെ പൊതിഞ്ഞുകെട്ടി എം.എല്‍.എ. ഹോസ്റ്റലില്‍ എത്തിച്ചുകൊടുത്തേനെ. കൊടുംവേനലില്‍ കാറിനേക്കാള്‍ ഭേദം ടെലിവിഷന്‍തന്നെ. വെയിലില്‍ ഇറങ്ങാതെ ആളുകള്‍ വീട്ടില്‍ ചാനല്‍ കണ്ടിരുന്നുകൊള്ളുമല്ലോ പകല്‍ മുഴുവന്‍.

എന്തായാലും ടെലിവിഷന്‍ദാനത്തോടുള്ള മാധ്യമ-ബുദ്ധിജീവി വിമര്‍ശനത്തില്‍ മന്ത്രി മോഹനന് പരിഭവമുണ്ട്. ഇത്രയും കാലത്തിനിടയില്‍ ഏതെല്ലാം സര്‍ക്കാറുകള്‍ എന്തെല്ലാം ദാനമായും ഉപഹാരമായും എം.എല്‍.എ.മാര്‍ക്കും പത്രക്കാര്‍ക്കുമെല്ലാം കൊടുത്തിരിക്കുന്നു. ഇത് പുതിയ സംഭവമൊന്നുമല്ല എന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍തന്നെ പറഞ്ഞില്ലേ. നാല്പതിനായിരം രൂപ വിലയുള്ള ഐപാഡ് എം.എല്‍.എ.മാര്‍ക്ക് വെറുതെ കൊടുത്തപ്പോഴുണ്ടാകാഞ്ഞ വിമര്‍ശനം താന്‍ നിസ്സാര ടെലിവിഷന്‍ കൊടുത്തപ്പോഴുണ്ടാകാന്‍ കാരണമെന്തെന്ന് മോഹനന്‍ അത്ഭുതപ്പെടുകയുണ്ടായി. വിലയാണ് കൃഷിമന്ത്രി കാര്യമായി എടുത്തത്. ജനം അതല്ല കണ്ടത്. ഐപാഡ് പോലുള്ള സാധനങ്ങള്‍ കൈയില്‍ കിട്ടിയാല്‍ ജനപ്രതിനിധികളുടെ കാര്യക്ഷമത ഉയരുമെന്ന മോഹമോ (തെറ്റു)ധാരണയോ ജനത്തിനുള്ളതുകൊണ്ടാവണം അന്നൊന്നും പറയാതിരുന്നത്.

മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തത് എളിമയുടെയും ആദര്‍ശത്തിന്റെയും ലക്ഷണമായി കരുതുന്നവര്‍ ഇന്നും കാണും. പക്ഷേ, മൊബൈലും ഇ-മെയിലും ഫെയ്‌സ് ബുക്കുമൊന്നും ഇല്ലാത്ത ആളെ ജനപ്രതിനിധിയാക്കാന്‍ ഇനി ജനത്തെ കിട്ടില്ല എന്ന അവസ്ഥ വന്നുകഴിഞ്ഞു. നിയമസഭയിലിപ്പോള്‍ ചെറുപ്പക്കാരായ പല എം.എല്‍.എ.മാരും സഭയ്ക്കകത്തുതന്നെ ഐപാഡും ലാപ്‌ടോപ്പുമെല്ലാം ഉപയോഗിക്കുന്നുണ്ട്. ആറ്‌വര്‍ഷം മുമ്പ് ഒരുയുവ കോണ്‍ഗ്രസ് എം.എല്‍.എ. ലാപ്‌ടോപ്പിലെ പ്രസംഗം വായിച്ചപ്പോള്‍ ഇടതുപക്ഷം ഒബ്ജക്ഷന്‍ ഉന്നയിച്ചെന്ന് പലരും ഓര്‍ക്കുന്നുണ്ട്. ഇനി ഇതൊന്നും ഇല്ലാത്തവരെ നിയമസഭയില്‍ കയറ്റില്ലെന്ന് ചട്ടം വന്നേക്കും. ടെലിവിഷന്‍ അതുപോലെയല്ല. തമിഴ്‌നാട്ടില്‍ വോട്ടര്‍മാരെ പറ്റിക്കാന്‍ കരുണാനിധി, ജയലളിതമാര്‍ ഉപയോഗിക്കുന്ന സാധനമാണ് അത്. വൈദ്യുതിയില്ലാത്ത വീടിനും കൊടുത്തു സൗജന്യടെലിവിഷന്‍. ചാനല്‍ കമ്പനി പോഷിപ്പിക്കാന്‍ കൂടിയാണത് ചെയ്തത്. മന്ത്രി കെ.പി. മോഹനന് ചാനല്‍ കമ്പനിയൊന്നുമില്ലതാനും. ടെലിവിഷന്‍ ഇല്ലാത്ത എം.എല്‍.എ. അല്ല പഞ്ചായത്തുമെമ്പര്‍ പോലും കേരളത്തില്‍ കാണില്ല.

പതിവുപോലെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കിട്ടിയ ടെലിവിഷന്‍ ചുമട്ടുകൂലിയും വണ്ടിക്കൂലിയും ചെലവിട്ട് സര്‍ക്കാറിന് തിരിച്ചുകൊടുത്തതായി വാര്‍ത്തയുണ്ട്. വിഡ്ഡിപ്പെട്ടി വാങ്ങിയ മറ്റ് സി.പി.എം. സാമാജികര്‍ ആദര്‍ശശൂന്യരും വി.എസ്. ആദര്‍ശവാനും എന്ന് തെളിയിക്കാന്‍ അതാവശ്യമായിരുന്നു. ടെലിവിഷന്‍ പ്രശ്‌നത്തിലും സി.പി.എമ്മില്‍ ഭിന്നത എന്നൊരു തലവാചകം പത്രത്തില്‍ വരുത്താനും അത് പ്രയോജനപ്പട്ടു. സാധനം വി.എസ്. ഏതെങ്കിലും അനാഥ മന്ദിരത്തിനാണ് കൊടുത്തതെങ്കില്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെട്ടേനേ. സംഭാവന വാര്‍ത്തയായി വരികയും ചെയ്യും, വി.എസ്സിന്റെ ആദര്‍ശം ഒന്നുകൂടി തെളിയുകയും ചെയ്യും എന്ന പ്രയോജനവും ഉണ്ടായിരുന്നു. നേരത്തേ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കൊടുത്തയച്ച ഐപാഡും സഖാവ് വി.എസ്. തിരസ്‌കരിക്കുകയുണ്ടായി. കുഞ്ഞാലിക്കുട്ടി ആള് ശരിയല്ല എന്ന അഭിപ്രായം ഉള്ളതുകൊണ്ട് ഐപാഡ് തിരസ്‌കരിക്കാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല.

കൈനീട്ടം കൊടുക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് ഉറച്ച നയമുണ്ട്. തോന്നുമ്പോഴും തടയുമ്പോഴും കൊടുക്കുക എന്നതുതന്നെയാണ് ആ നയം. പക്ഷേ, പ്രതിപക്ഷനേതാവിന് ഇക്കാര്യത്തില്‍ നയമുണ്ടോ എന്ന് സംശയമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെയും മോഹനന്റെയും സൗജന്യം തിരസ്‌കരിച്ച വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രി തോമസ് ഐസക് വക 20,000 രൂപ വില വരുന്ന ഓരോ മുന്തിയ ഇനം മൊബൈല്‍ ഫോണ്‍ അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന് അത് കൊടുത്തിരുന്നുവോ, അദ്ദേഹം അത് നിരസിച്ചുവോ എന്നൊന്നും മാധ്യമസിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായില്ല. 2012-ലെ വിഷുലക്ഷണം അസ്സലായിരുന്നു. മന്ത്രി ഇബ്രാഹിംകുഞ്ഞ് 17,500 രൂപ വിലവരുന്ന യാത്രാബാഗ്, ധനമന്ത്രി കെ.എം. മാണി വക മുപ്പതിനായിരത്തിന്റെ മൊബൈല്‍ഫോണ്‍, ഷിബു ബേബി ജോണിന്റെ വക പന്തീരായിരം മതിപ്പുള്ള ഡിജിറ്റല്‍ ക്യാമറ എന്നിവ കിട്ടിയിരുന്നു ജനപ്രതിനിധികള്‍ക്ക്. ഇതൊന്നും അപ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായില്ല. ഇതെല്ലാം വി.എസ്സും വാങ്ങിയോ എന്നും മാധ്യമ സിന്‍ഡിക്കേറ്റ് അന്വേഷിച്ചില്ല. ഇനി മാധ്യമക്കാര്‍ക്കും കിട്ടിയോ ഗിഫ്റ്റ് എന്നറിയില്ല. ഈ വര്‍ഷം സംഗതി ഒട്ടും പന്തിയല്ല. മഴയും മോശം വിഷുലക്ഷണവും മോശം.

 **   **  
ശുദ്ധ അക്കാദമിക് പണ്ഡിതരെ വൈസ് ചാന്‍സലര്‍മാരായി നിയോഗിച്ചാലേ യൂണിവേഴ്‌സിറ്റികളുടെ നടത്തിപ്പ് കേമമാകൂ എന്നൊരു തെറ്റുധാരണയും അന്ധവിശ്വാസവും ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഉള്ളത് കേരളത്തിലും ഉണ്ടായിരുന്നു. അത് മാറ്റാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരു ശ്രമം നടത്തിയിരുന്നു. അത് പിന്തിരിപ്പിന്മാര്‍ തടസ്സപ്പെടുത്തി. പുതിയ വൈസ് ചാന്‍സലറായി നിര്‍ദേശിച്ചത് സ്‌കൂള്‍ അധ്യാപകനെ ആണെന്നോ മറ്റോ ആയിരുന്നു പ്രചാരണം. എന്തായാലും നടന്നില്ല.

കണ്ണൂരില്‍ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രമുഖ നേതാവിനെയാണ് വൈസ് ചാന്‍സലറാക്കുന്നത്. കോളേജ് പ്രിന്‍സിപ്പാളാണ് അദ്ദേഹം. മറ്റ് അക്കാദമിക് യോഗ്യതകള്‍ കുറവാണെങ്കിലും രാഷ്ട്രീയ യോഗ്യതകള്‍ കുറച്ചേറെയുണ്ട്. രാഷ്ട്രീയപ്രവര്‍ത്തകന്‍ വൈസ് ചാന്‍സലറായിക്കൂടാ എന്ന് നിയമത്തിലില്ല. വിദ്യാഭ്യാസയോഗ്യതതന്നെ കമ്മിയായ നേതാക്കള്‍ക്ക് വിദ്യാഭ്യാസമന്ത്രിമാരാകാമെങ്കില്‍ അത്യാവശ്യം യോഗ്യതയുള്ള നേതാക്കള്‍ക്ക് വൈസ് ചാന്‍സലര്‍മാരുമാകാം. ഐന്‍സ്റ്റൈനെ കേരള സര്‍വകാലാശാലയുടെ വൈസ് ചാന്‍സലറാകാന്‍ ക്ഷണിച്ച സര്‍ സി.പി.യില്‍ നിന്ന് നമ്മള്‍ ബഹുദൂരം അതിവേഗം മുന്നോട്ട് പോയിക്കഴിഞ്ഞു.

Sunday, 7 April 2013

...കാണാന്‍ നല്ല ചേല്ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാലുള്ളതിനേക്കാള്‍ ആസ്വാദ്യമാണ് ആരാന്റെ വീട്ടില്‍ ഭാര്യയും ഭര്‍ത്താവും ശത്രുക്കളായി പോരാടുന്ന കാഴ്ച. ഭര്‍ത്താവ് മന്ത്രിയും സിനിമാനടനും സുന്ദരനും ഭര്‍ത്താവിന്റെ അച്ഛന്‍ വലിയ നേതാവും ഭാര്യ വിദ്യാസമ്പന്നയായ ഉദ്യോഗസ്ഥയുമെല്ലാമാകുമ്പോള്‍ അത്യപൂര്‍വമായ കിടിലന്‍ പ്ലോട്ടാണ് രൂപപ്പെടുക. 24 ത 7 ലൈവ് കവറേജിന് വേറെ വിഷയം വേണ്ട. ഊണും ഉറക്കവും ഉപേക്ഷിച്ച് ചാനലിന് മുന്നിലിരുന്ന് ആര്‍ത്തുല്ലസിച്ച് എഴുന്നേറ്റുപോകും നാം. പോകുന്നപോക്കിന് ഈ ചാനലുകാര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന് പുച്ഛിക്കുകയും ചെയ്യും. രാഷ്ട്രീയം ഈ നിലയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ വാര്‍ത്തയില്ലാത്ത എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളെല്ലാം കുത്തുപാളയെടുത്തുപോകത്തേയുള്ളൂ.

മുഖ്യകഥാപാത്രം നിലംപതിച്ചതോടെ കുടുംബസീരിയലിന്റെ റേറ്റിങ് കുറയാനാണ് സാധ്യത. പക്ഷേ, കെ.ബി.ഗണേഷ്‌കുമാര്‍ എന്ന കഥാപാത്രത്തെ വിസ്മരിക്കാന്‍ സമയമായില്ല കേട്ടോ. സഹതാപാര്‍ഹമായ അവസ്ഥയിലാണ് അദ്ദേഹം. സിനിമയില്‍പോലും ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ വിശ്വസനീയത കുറയും. പടമോടില്ല. 'ഡോ. ജെകില്‍ ആന്‍ഡ് ഹൈഡിന്റെ വിചിത്രകേസ്' എന്നൊരു നോവലുണ്ട്. ഒരാളില്‍ത്തന്നെ അതിക്രൂരനും നന്മയുള്ളവനും ഒളിഞ്ഞിരിക്കുന്ന കഥയാണിത്. ഏതാണ്ട് അടുത്തുവരും പുതിയ രാഷ്ട്രീയ-കുടുംബസീരിയലിലെ മുഖ്യകഥാപാത്രത്തിന്റെ അവസ്ഥ. പാര്‍ട്ടിയില്‍ താനും മോനും അല്ലാതെ മേല്‍വിലാസമുള്ള വേറെയാരും ഉണ്ടാവാതിരിക്കുകയാണ് ബുദ്ധി എന്ന് ധരിക്കാനുള്ള ബുദ്ധിമോശം അച്ഛന് ഉണ്ടായതുകൊണ്ടുമാത്രം മന്ത്രിയാകാന്‍ അവസരംകിട്ടിയ ആളായിരുന്നു ഗണേശന്‍. ഒറ്റ ബോളിന് ഗണേശന്റെ വിക്കറ്റ് തെറിക്കും എന്നായിരുന്നു പൊതുധാരണ. പക്ഷേ, പുള്ളിക്കാരന്‍ അടിച്ചുതകര്‍ത്തു. അധികം വൈകിയില്ല. സ്‌നേഹസമ്പന്നനായ പിതാവ് കളത്തിലിറങ്ങി പുത്രനെ പവലിയനിലേക്ക് ഓടിച്ചു. റിട്ടയേഡ് ഹര്‍ട്ട്. അങ്ങനെ ആരും അച്ഛനേക്കാള്‍ വലുതാകേണ്ട.

രണ്ടാംവട്ടം ചാന്‍സ് കിട്ടിയപ്പോഴും കളി മോശമായില്ല. നല്ല മന്ത്രി, അഴിമതിയില്ല, ഭൂമാഫിയയ്ക്കും വനംമാഫിയയ്ക്കും പേടിസ്വപ്നം, പരിസ്ഥിതിവാദികള്‍ക്കുപോലും പ്രിയങ്കരന്‍, ആള് തരക്കേടില്ലല്ലോ എന്നിങ്ങനെ നാട്ടില്‍ സംസാരമുണ്ടായി. പുത്രന്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ല എന്ന് അച്ഛന്‍ പറഞ്ഞതുകേട്ടപ്പോള്‍ത്തന്നെ ജനത്തിന് മനസ്സിലായി, മന്ത്രി കൊള്ളാമെന്ന്. പാര്‍ട്ടിക്ക് വഴങ്ങുക എന്ന പ്രക്രിയയുടെ അര്‍ഥമെന്തെന്ന് ജനത്തിന് അറിയാം. മന്ത്രി പാര്‍ട്ടിക്ക് വഴങ്ങണം എന്നൊന്നും ഭരണഘടനയിലില്ല. പാര്‍ട്ടിനയങ്ങള്‍ക്കെതിരെ മന്ത്രി പ്രവര്‍ത്തിച്ചുകൂടെന്നത് ശരിയാണ്. അതിന് പാര്‍ട്ടിക്ക് നയംവേണ്ടേ? കേരളാ കോണ്‍ഗ്രസ് ബ്രാക്കറ്റില്‍ ബി പാര്‍ട്ടിക്ക് നയമോ? ഭൂതക്കണ്ണാടി വെച്ചുനോക്കിയാല്‍ കാണില്ല നയം എന്നൊരു സാധനം. പാര്‍ട്ടിയിലെ നേതാക്കള്‍ വിളിച്ചുപറയുന്ന നിയമനം, സ്ഥലംമാറ്റം തുടങ്ങിയതെല്ലാം ചെയ്തുകൊടുക്കണം.

മാസംതോറും പാര്‍ട്ടിക്ക് ചെലവിന് പണം എത്തിച്ചുകൊടുക്കുകയും വേണം. എങ്ങനെ എന്ന് ചോദിക്കരുത്, അത് മന്ത്രി കണ്ടെത്തണം. ഇതാണ് പാര്‍ട്ടിക്കുവഴങ്ങുക എന്ന ഏര്‍പ്പാടിന്റെ അര്‍ഥം. കാശും ഫീസുമെല്ലാം ചെല്ലേണ്ടിടത്ത് ചെന്നുകൊള്ളും. മന്ത്രി യാതൊന്നും അറിയേണ്ട. ഇടയ്ക്കിടെ ഓരോ വിജിലന്‍സ് കേസ് വരും. മന്ത്രിസ്ഥാനമൊഴിഞ്ഞാല്‍ കോടതി, പോലീസ്‌സ്റ്റേഷന്‍, പിന്നെ വേണ്ടിവന്നാല്‍ ജയില്‍ എന്നിവിടങ്ങളില്‍ കേറിയിറങ്ങേണ്ടി വരും എന്നേയുള്ളൂ.

ബ്രാക്കറ്റില്‍ ജെ. ഉള്ള വേറൊരു കേരളാ കോണ്‍ഗ്രസ്സില്‍ വേറൊരു മോന്‍ മന്ത്രിയായിട്ടുണ്ട്. നല്ല അനുസരണയുള്ള മോനാണ്, പാര്‍ട്ടിക്ക് വഴങ്ങും. അതുകൊണ്ടെന്ത് നേട്ടമെന്നോ? ഉണ്ടുണ്ട്. ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവുമേറെ വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രി എന്ന റെക്കോഡ് നേടി. അത് ചില്ലറക്കാര്യമാണോ? മൂന്നുകൊല്ലംകൂടി ഇരുന്നാല്‍ ലോകറെക്കോഡ് നേടാനാവും. അടുത്തചാന്‍സ് വരുമ്പോള്‍ മോന്‍ മന്ത്രിയാകാന്‍ കൊള്ളില്ല കേട്ടോ എന്നുപറഞ്ഞ്, ഇതുവരെ മോനെ വഴങ്ങിപ്പിച്ച നേതാവ് കേറി മന്ത്രിയാകും. ഒറ്റയാന്‍പാര്‍ട്ടികളാകുമ്പോള്‍ അതാണ് ഗുണം.നയവും വേണ്ട, പരിപാടിയും വേണ്ട, തത്ത്വവും വേണ്ട, ജനത്തോട് കണക്കുപറയുകയും വേണ്ട. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലം ഇത്തരം കക്ഷികളുടെ സുവര്‍ണകാലമാണ്. ഒരു എം.എല്‍.എ. കക്ഷിയിലുണ്ടായാല്‍മതി. മുന്നണിയെ വരച്ചവരയില്‍ നിര്‍ത്താം. ഒന്നുമില്ലാത്തതിന്റെ കഷ്ടപ്പാട് അനുഭവിക്കുകയാണ് ജെ.എസ്.എസ്., സി.എം.പി., ബാലകൃഷ്ണപ്പിള്ള ലേബലുകള്‍. എല്ലുംതോലുമായി രണ്ട് മുന്നണി ഓഫീസുകള്‍ക്കും മുന്നില്‍ചെന്നുനിന്ന് നോട്ടമിരക്കുകയാണ് പാവങ്ങള്‍.

ഗണേശ് ജെകിലിന്റെ കാര്യമാണല്ലോ പറഞ്ഞുവന്നത്. ഗണേശ് ഹൈഡിന്റെ കാര്യം അധികം പറയാന്‍ പറ്റില്ല, കൊള്ളുകയും ഇല്ല. രണ്ടാണ് കാരണം. ഒന്ന് അത് മുഴുവന്‍ സബ്ജുഡീസ് ആണ്. ഗണേശ് സദാചാരിയായിരുന്നുവോ അതോ സദാ ഡാഷ് ഡാഷ് ആയിരുന്നുവോ, ഗണേശ് യാമിനിയെ ആണോ മര്‍ദിച്ചത് അതോ തിരിച്ചോ തുടങ്ങിയ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കോടതി തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. അതിനിടയില്‍ക്കേറി നാം അഭിപ്രായം പറയാന്‍ പാടില്ല. ചാനല്‍ ചര്‍ച്ചയായിരുന്നെങ്കില്‍ എന്തും പറയാം. അതുപോലെയല്ല പത്രത്തിലെഴുതുന്നത്. രണ്ടാമത്, ഗണേശ് യാമിനി പ്രശ്‌നം കുടുംബകാര്യംതന്നെയാണ്. അതില്‍ ഓരോ സംഗതിയും അവരുടെ സ്വകാര്യതയാണ്.

 മാന്യന്മാര്‍ അതൊന്നും പരസ്യമായി പറയില്ല, ചര്‍ച്ച ചെയ്യില്ല. അഴിമതിയാരോപണം പോലെയല്ല പീഡനക്കേസുകള്‍. അഴിമതിയാരോപണം തെളിയുന്നതുവരെ ആള്‍ ആദര്‍ശവാനും സത്യസന്ധനുമൊക്കെത്തന്നെ. ആരോപണം ഉന്നയിക്കുന്നവന്റെ ബാധ്യതയാണ് തെളിയിക്കല്‍. സ്ത്രീവിഷയക്കേസുകള്‍ അങ്ങനെയല്ല. ആരോപണം സത്യമായാലും ഇല്ലെങ്കിലും അത് നേരിടേണ്ടി വന്നാല്‍ ജീവിതം കുളമാവും. ഭാര്യക്കും മക്കള്‍ക്കും റോഡിലിറങ്ങി തലയുയര്‍ത്തി നടക്കാന്‍ പറ്റില്ല. കേന്ദ്രകഥാപാത്രത്തിന് തൊലിക്കട്ടി കടുകട്ടിയായി ഉണ്ടെങ്കില്‍ പ്രശ്‌നമില്ല. സ്ത്രീലമ്പടന്‍, സ്ത്രീപീഡകന്‍ എന്നിങ്ങനെ നിരവധി ലേബലുകള്‍ ഇവരുടെ നെറ്റിയിലുള്ളത് ജനം കാണുമെങ്കിലും ഇവര്‍ കാണില്ല.

എന്തായാലും കുടുംബത്തിലെത്തിയാല്‍ ഗണേശന്‍ മിസ്റ്റര്‍ ഹൈഡ് ആണെന്നാണ് ആക്ഷേപം. പോരാത്തതിന് വേറെ ചില വീക്‌നസ്സുകളും ഉണ്ടെന്ന് അങ്ങാടിപ്പാട്ടായ കഥകള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിക്ക് വഴങ്ങാതിരിക്കാന്‍ കാട്ടിയ ആര്‍ജവം വീക്‌നസ്സുകള്‍ക്ക് വഴങ്ങാതിരിക്കാനും കാട്ടിയില്ല. ആക്ഷേപങ്ങളൊന്നും സത്യമല്ലെന്ന് തെളിയിക്കേണ്ടത് ഗണേശന്റെ ബാധ്യതയാണ്, അങ്ങനെ തെളിയിക്കുന്നതുവരെ ആള്‍ കുറ്റവാളിതന്നെ. അഴിമതിയും പീഡനവും തമ്മിലുള്ള വ്യത്യാസം അതാണ്.

 **     **

ഗണേശ്കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പോയി കണ്ടതെന്തിനാണ്? വീടിനടുത്തെ പോലീസ്‌സ്റ്റേഷനിലേക്കുള്ള വഴി നിശ്ചയമില്ലാത്തതുകൊണ്ടാവുമോ ഭര്‍ത്താവ് ഗാര്‍ഹികപീഡനം നടത്തുന്നുണ്ടെന്ന പരാതിയുമായി അവര്‍ മുഖ്യമന്ത്രിയെ സമീപിച്ചത്? പരാതി എഴുതിവാങ്ങി അപ്പോള്‍ത്തന്നെ അത് പോലീസിലേക്ക് അയച്ചുകൊടുക്കേണ്ടതായിരുന്നു മുഖ്യമന്ത്രി എന്നാണ് പ്രതിപക്ഷകക്ഷികളുടെയെല്ലാം ഉറച്ച അഭിപ്രായം. എങ്കില്‍ ഗണേശനെ അന്നേ ജയിലിലയച്ച് അവരുടെ വിവാഹബന്ധം എന്നെന്നേക്കുമായി തകര്‍ത്തെറിയാമായിരുന്നു.

അച്ഛനെപ്പോലെ കരുതുന്ന ഒരാള്‍ അങ്ങനെയാണോ ചെയ്യേണ്ടത്? അതോ മക്കളെപ്പോലെയുള്ള ദമ്പതിമാരുടെ ബന്ധം നേരേയാക്കാന്‍ ഒരുവട്ടംകൂടി ശ്രമിക്കുകയോ? മറ്റെല്ലാറ്റിലുമെന്നപോലെ ഏത് ശരി എന്നത് നിങ്ങള്‍ ഏത് പാര്‍ട്ടിയില്‍, മുന്നണിയില്‍ നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഭാര്യാഭര്‍ത്താക്കളെ ഒന്നിപ്പിക്കാന്‍ വീണ്ടുമൊരുവട്ടംകൂടി ശ്രമിക്കുകയോ ഇനി അഥവാ അവര്‍ക്ക് യോജിക്കാന്‍ പറ്റില്ലെങ്കില്‍ നാണക്കേടുണ്ടാക്കാതെ പിരിയാന്‍ സംവിധാനം ഒരുക്കുകയോ ചെയ്യുന്നത് കുറ്റകൃത്യമാണെങ്കില്‍ ശിക്ഷ മുഖ്യമന്ത്രിക്ക് കിട്ടട്ടെ. നിയമവും വകുപ്പും അറിയാത്ത അരാഷ്ട്രീയവാദികള്‍ക്കും കിട്ടട്ടെ ശിക്ഷ.
16 വര്‍ഷമായി ഗാര്‍ഹികപീഡനം നടക്കുന്ന വിവരം മുഖ്യമന്ത്രിയോട് പറയുന്നതിനുമുമ്പ് യാമിനി, അച്ഛനെന്നുതന്നെ കരുതാവുന്ന ഭര്‍ത്തൃപിതാവിനോട് എന്തായാലും പറഞ്ഞുകാണും. പോലീസിനെ വിവരമറിയിക്കാതിരുന്നതിന് ഇനി അദ്ദേഹത്തിന്റെ പേരില്‍ കേസെടുക്കുമോ?

     കുടുംബത്തിലും ബന്ധത്തിലും അയല്‍പ്പക്കത്തും ഉള്ളവരും പീഡനവിവരം അറിഞ്ഞുകാണും. അവരെയുമെല്ലാം ഗാര്‍ഹികപീഡനവിവരം മറച്ചുവെച്ചതിന് ജയിലിലടയ്‌ക്കേണ്ടി വരുമോ? പീഡനക്കേസ് മധ്യസ്ഥരെവെച്ച് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതിന് ഇനി മജിസ്‌ട്രേട്ടിനെതിരെയും മുറവിളി ഉയരുമോ?


Tuesday, 2 April 2013

പ്രസ് കൗണ്‍സില്‍ അധ്യക്ഷനും വേണം മാധ്യമവിദ്യാഭ്യാസം

പ്രസ് കൗണ്‍സില്‍ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുള്ളത് മാധ്യമരംഗത്ത് അത് സ്വീകരിച്ച എന്തെങ്കിലും പ്രയോജനപ്രദമായ നടപടികളുടെ പേരിലല്ല. മറിച്ച് അതതുകാലത്തെ ചെയര്‍മാന്‍മാര്‍ വാര്‍ത്തകളില്‍ സൃഷ്ടിക്കാറുള്ള ചായക്കോപ്പയിലെ കൊടുങ്കാറ്റുകള്‍ കൊണ്ടാണ്. തീര്‍ച്ചയായും ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം തന്നെ ഇപ്പോഴത്തെ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു മുന്‍ ചെയര്‍മാന്മാരെയെല്ലാം ഇക്കാര്യത്തില്‍ പിന്നിലാക്കുകയുണ്ടായി.

പത്രപ്രവര്‍ത്തകര്‍ക്ക് യോഗ്യത നിയമപരമായി നിശ്ചയിക്കണം എന്നതാണ് അദ്ദേഹത്തിന്റെ പുതിയ ബ്രെയ്ന്‍വേവ്. വൈദ്യം, നിയമം, അധ്യാപനം തുടങ്ങിയ പ്രൊഫഷനുകളില്‍ നിന്ന് വ്യത്യസ്തമായി ജേണലിസത്തില്‍ പ്രവേശിക്കാന്‍ കുറഞ്ഞ യോഗ്യത നിശ്ചയിക്കപ്പെട്ടിട്ടില്ല. ' അതുകൊണ്ട് പലപ്പോഴും വേണ്ടത്ര, അല്ലെങ്കില്‍ ഒട്ടും പരിശീലനം കിട്ടാത്തവര്‍ തൊഴിലില്‍ പ്രവേശിക്കുന്നു. ഇവര്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നില്ല, ഇത് പല ദോഷഫലങ്ങളുമുണ്ടാക്കുന്നു ' എന്നാണ് ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടത്. 'കുറഞ്ഞ യോഗ്യത നിയമപരമായി നിശ്ചയിക്കേണ്ട സമയമെത്തിയിരിക്കുന്നു'  എന്ന നിഗമനത്തില്‍ എത്തിയ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് അംഗങ്ങളെ നിയോഗിക്കുകയും ചെയ്തു.

മാധ്യമരംഗവുമായും മാധ്യമസ്വാതന്ത്ര്യവുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ സംശയമേറെ ഉണ്ട്. മാധ്യമം എന്ന ഫോര്‍ത്ത് എസ്റ്റേറ്റിനെ കുറിച്ച് വേണ്ടത്ര മനസ്സിലാക്കിയിട്ടുതന്നെയാണോ ജസ്റ്റിസ് കട്ജു തന്റെ പുതിയ ചുമതല നിര്‍വഹിക്കുന്നത് എന്ന സംശയം തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു. അഭിഭാഷക വൃത്തിയെയും അധ്യാപനത്തെയും വൈദ്യസേവനത്തെയും പോലൊരു പ്രൊഫഷനായി മാധ്യമപ്രവര്‍ത്തനത്തെ കാണുമ്പോള്‍തന്നെ അദ്ദേഹത്തിന് ചുവടുപിഴച്ചു എന്ന് മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് പഠിക്കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം ബോധ്യപ്പെടും. മാധ്യമപ്രവര്‍ത്തനം മറ്റു പ്രൊഫഷനുകളില്‍നിന്നെല്ലാം വ്യത്യസ്തമായതുകൊണ്ടുതന്നെയാണ് ജനാധിപത്യലോകത്തൊരിടത്തും, മറ്റുതൊഴിലുകളുടെ മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളൊന്നും മാധ്യമപ്രവര്‍ത്തനത്തിന്റെ മേല്‍ ഏര്‍പ്പെടുത്താതിരുന്നത്.

ഇതിന്റെ അര്‍ത്ഥം മാധ്യമപ്രവര്‍ത്തകന് യോഗ്യത നിശ്ചയിക്കരുതെന്നല്ല. സാമാന്യം മാന്യതയുള്ള പ്രസിദ്ധീകരണങ്ങളിലെല്ലാം മാധ്യമപ്രവര്‍ത്തകന് മിനിമം യോഗ്യത നിശ്ചയിച്ചിട്ടുണ്ട്. എന്തുതരം പത്രം വേണം എന്ന് നിശ്ചയിക്കുന്ന പത്രനടത്തിപ്പുകാരന്‍ തന്നെയാണ് എന്തുതരം പത്രപ്രവര്‍ത്തകന്‍ വേണം എന്നും എന്തുയോഗ്യത അയാള്‍ക്കുണ്ടാവണം എന്നും നിശ്ചയിക്കുന്നത്. യോഗ്യത നിശ്ചയിച്ചും അതുപരിശോധിച്ചും തന്നെയാണ് അവര്‍ റിപ്പോര്‍ട്ടര്‍മാരെയും സബ് എഡിറ്റര്‍മാരെയും നിയമിക്കുന്നത്. ഒരു പത്രത്തിന് അതര്‍ഹിക്കുന്ന തരം പത്രപ്രവര്‍ത്തകരെ കിട്ടും. നിയമം കൊണ്ട് അതുനിര്‍ണയിക്കുന്നത് പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം തന്നെയായിരിക്കുമെന്ന് തീര്‍ച്ച. തനിക്ക് പത്താം കിട മാധ്യമപ്രവര്‍ത്തകനും പത്താം കിട പത്രവും മതി എന്നുനിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യത്തില്‍ പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ജസ്റ്റിസ് കട്ജുവിന്റെ നിലപാട് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യതയാണോ പത്രപ്രവര്‍ത്തകന്റെ അറിവും ഗുണവും നിശ്ചയിക്കുന്നത് ? മിനിമം അറിവുണ്ടോ എന്ന് അവന് ശമ്പളം കൊടുക്കുന്നവരാണ് ആദ്യം നോക്കുക, അതവരുടെ തലവേദനയാണ്. ഇനി, മിനിമം വിദ്യാഭ്യാസ യോഗ്യത ഉണ്ട് എന്നത് പത്രപ്രവര്‍ത്തകനാകാന്‍ മതിയായ യോഗ്യത ആവുമോ ? ലോകത്തെ ഒരുപാടൊരുപാട് മികച്ച പത്രാധിപന്മാര്‍ ന്യൂസ് റൂമുകളില്‍ കോഫി ബോയ്‌സ് ആയി വന്നവരായിരുന്നു എന്ന് ജസ്റ്റിസ് കട്ജുവിന് അറിഞ്ഞില്ലെന്ന് വരുമോ ? അവര്‍ ജോലിയില്‍ കഴിവ് ആര്‍ജിക്കുകയാണ് ചെയ്യുന്നത്, വിവരം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അവരുടെ ക്രിയേറ്റിവിറ്റി ജന്മനാ ഉള്ളതാണ്. പാര്‍ലമെന്റില്‍ നിയമമുണ്ടാക്കിയാല്‍ ഉണ്ടാകുന്നതല്ല പത്രപ്രവര്‍ത്തകനാനുളള ക്രിയേറ്റിവിറ്റിയും സാമൂഹ്യബോധവും പ്രതിബദ്ധതയും മറ്റും മറ്റും. പഴയ കാലമല്ലല്ലോ ഇത്. ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അതനുസരിച്ചുള്ള മാറ്റങ്ങള്‍ മാധ്യമവിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടുണ്ടോ ഇനിയും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്നെല്ലാം പരിശോധിക്കാന്‍ പ്രസ് കൗണ്‍സില്‍ മുന്നോട്ടുവന്നാല്‍ അതിനെ ആരും സ്വാഗതം ചെയ്യും തീര്‍ച്ച.

ജസ്റ്റിസ് കട്ജുവിന് പല നല്ല വശങ്ങളുമുണ്ട്. അദ്ദേഹം വര്‍ഗീയചിന്തകള്‍ക്കെതിരെ ആഞ്ഞടിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചാല്‍ പത്രങ്ങളിലെ വര്‍ഗീയചിന്ത ഇല്ലാതാവുമോ ? മാധ്യമ അഴിമതിയില്‍ അക്ഷമനാണ് അദ്ദേഹം. പെയ്ഡ് ന്യൂസ് സമ്പ്രദായം രാജ്യത്തുണ്ടായത് മാധ്യമവിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണോ ? മരിച്ചുപോയ പെണ്‍കുട്ടിയുടെ ഫോണ്‍ ഹാക്ക് ചെയ്ത് വാര്‍ത്ത ചമച്ച് ബ്രിട്ടനെ ഞെട്ടിച്ച് പത്രപ്രവര്‍ത്തകര്‍ക്ക് വിദ്യാഭ്യാസയോഗ്യതയുടെ കുറവുവല്ലതും ഉണ്ടായിരുന്നോ ?  മാധ്യമങ്ങളിലെ സെന്‍സേഷനലിസത്തെ ചെറുക്കുന്ന ആളാണ് കട്ജു. മാധ്യമം വെറും കച്ചവടം ആയത് മാധ്യമവിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണോ ? ഞങ്ങള്‍ വാര്‍ത്താവ്യവസായത്തിലല്ല, പരസ്യവ്യവസായത്തിലാണ് എന്ന് മാധ്യമ ഉടമ പ്രഖ്യാപിച്ചത് മാധ്യമവിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണോ ?

മാധ്യമ പ്രവര്‍ത്തകന്‍ യോഗ്യനാവട്ടെ, അല്ലാതിരിക്കട്ടെ. അയാള്‍ എഴുതുന്ന വാര്‍ത്ത പ്രസിദ്ധീകരിക്കണമോ എന്നുതീരുമാനിക്കുന്നത് എന്തുവിദ്യാഭ്യസയോഗ്യത ഉള്ള ആളാണ് ? അക്ഷരാഭ്യാസമില്ലാത്തവര്‍ക്കും ഇവിടെ പ്രധാനമന്ത്രിയാകാം, രാഷട്രപതിയാകാം, പത്ര ഉടമയാകാം, ചാനല്‍ നടത്താം, പത്രാധിപരുമാകാം. അതിലൊന്നും ഒരു കുഴപ്പവും കാണുന്നില്ല. മിനിമം യോഗ്യത മാധ്യമപ്രവര്‍ത്തകന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല എന്നതുമാത്രമാണ് ആകാശം ഇടിച്ചുവീഴ്ത്തുന്ന ഭീമന്‍ പ്രശ്‌നം.

പത്രപ്രവര്‍ത്തകന് മിനിമം വിദ്യാഭ്യസയോഗ്യത വേണ്ട എന്നല്ല വാദിക്കുന്നത്. മറ്റനേകം യോഗ്യതകള്‍ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത കൂടി ഉണ്ടെങ്കില്‍ സംഗതി അസ്സലാവും, സംശയമില്ല. അറിവില്ലാത്ത പത്രപ്രവര്‍ത്തകന്‍ അയോഗ്യന്‍ തന്നെ. പക്ഷേ, ഇതൊന്നും നിയമമുണ്ടാക്കിയല്ല നിശ്ചയിക്കേണ്ടതെന്നുമാത്രം. ഇതോടൊപ്പം ഓര്‍ക്കേണ്ട വേറൊരു കാര്യമുണ്ട്. നാളെ പ്രസ് കൗണ്‍സിലിന്റെ ശുപാര്‍ശ കേട്ട് കേന്ദ്രസര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകനാകാന്‍ ഉയര്‍ന്ന യോഗ്യത നിശ്ചയിക്കുന്നു എന്നു വെക്കുക. (അതുനടപ്പില്ലെന്നത് വേറെ കാര്യം). ബിരുദാനന്തര ബിരുദവും ഡോക്റ്ററേറ്റും മിനിമം യോഗ്യതയായി നിശ്ചയിച്ചുഎന്നുതന്നെ കരുതുക. മാധ്യമങ്ങളിലെ ഇന്നത്തെ ശമ്പള നിലവാരം അതിനൊത്തതാക്കാന്‍ സര്‍ക്കാറിനോ പ്രസ് കൗണ്‍സിലിനോ കഴിയുമോ ? ഉയര്‍ന്ന വിദ്യാഭ്യാസവും മോശം ശമ്പളവുമെന്ന പൊരുത്തക്കേട്  പത്രപ്രവര്‍ത്തനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാണോ ?മുന്തിയ ഭാഷാപത്രത്തില്‍ പത്തുകൊല്ലം സര്‍വീസുള്ളവര്‍ പോലും സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റ് പണി കിട്ടിയാല്‍ പാഞ്ഞുപോകും. മുന്‍കാലങ്ങളില്‍ കോളേജ് അധ്യാപക ജോലിയാണ് മാധ്യമപ്രവര്‍ത്തനത്തോട് തുല്യത ഉണ്ടായിരുന്ന തൊഴില്‍. ഇപ്പോള്‍ എന്‍.ഡി.ക്ലാര്‍ക്ക് തസ്തിക മാധ്യമപ്രവര്‍ത്തനത്തേക്കാള്‍ സാമ്പത്തികമായി ആകര്‍ഷകമായിരിക്കുന്നു. സര്‍ക്കാര്‍ സര്‍ക്കാര്‍ നിയോഗിച്ച വേജ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് നടപ്പാക്കിക്കാനുള്ള നെട്ടെല്ലില്ലാത്ത സര്‍ക്കാറുകളാണോ നാളെ  നാളെ പത്രപ്രവര്‍ത്തകന് മിനിമം വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കാന്‍ പോകുന്നത് ?

ആവര്‍ത്തിക്കട്ടെ, മാധ്യമവിദ്യാഭ്യസം പ്രധാനമല്ല എന്ന വാദം ഇല്ലേയില്ല. അത് പ്രധാനമാണ്. മാധ്യമവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ പ്രസ് കൗണ്‍സില്‍ ശ്രമിക്കണം. സമഗ്രമായി വേണം ഈ പ്രശ്‌നത്തെ കാണാന്‍. മാധ്യമവിദ്യാഭ്യാസം, തൊഴില്‍ ലഭ്യത, തൊഴില്‍ സുരക്ഷിതത്ത്വം, വേതനം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ചേര്‍ത്തുവെച്ചുവേണം പ്രശ്‌നത്തെ സമീപിക്കാന്‍. മാധ്യമപ്രവര്‍ത്തകര്‍ വേണ്ടത്ര യോഗ്യത ഉള്ളവരല്ല എന്നതിനേക്കാള്‍ വലിയ പ്രശ്‌നംപ്രസ് കൗണ്‍സില്‍ ചെയര്‍മാനുപോലും വേണ്ടത്ര മാധ്യമവിദ്യാഭ്യസം ഇല്ല എന്നതാണ്.  മാധ്യമം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാതെ മറ്റെന്ത് അറിഞ്ഞിട്ടെന്തുകാര്യം !