Sunday, 26 May 2013

ഇതാ 'ശ്രേഷ്ഠ' രാഷ്ട്രീയം


ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രണ്ടുവര്‍ഷമായി ഗ്രൂപ്പിസമില്ലാതെ ഒത്തുപിടിച്ച്  ഭരിക്കുകയായിരുന്നു എന്ന വാര്‍ത്തകേട്ട് കേരളീയരുടെ കരളലിഞ്ഞ് പോയിക്കാണണം. രണ്ടുവര്‍ഷം ശ്വാസോച്ഛ്വാസം ചെയ്യാതെ ഒരാള്‍ കഴിച്ചുകൂട്ടി എന്ന് തെളിയിച്ചാല്‍ ശാസ്ത്രജ്ഞന്‍ എങ്ങനെ ഞെട്ടുമോ അതുപോലെയാണ് ഗ്രൂപ്പിസമില്ലാതെ കോണ്‍ഗ്രസ്  ജീവന്‍ നിലനിര്‍ത്തിയെന്നുകേട്ട് ജനം ഞെട്ടിയത്. യഥാര്‍ഥത്തില്‍, ജനസമ്പര്‍ക്കത്തിനുള്ള അവാര്‍ഡിന് പുറമേ ഐക്യരാഷ്ട്രസഭ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ദ്വിവര്‍ഷ ഗ്രൂപ്പിസരഹിത അതിജീവനത്തിനുള്ള സഹിഷ്ണുതാ അവാര്‍ഡും നല്‍കേണ്ടിയിരുന്നു. ഒരു ഉപബഹുമതി തീര്‍ച്ചയായും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും നല്‍കണം.
രണ്ടുവര്‍ഷം സസ്‌പെന്റഡ് അനിമേഷനില്‍ നിര്‍ത്തിയത് ഗ്രൂപ്പുപോരാണ്.

പോര് നിര്‍ത്തിയാല്‍ വാര്‍ത്ത ഉണ്ടാവില്ല. അതുകൊണ്ട്, ജനത്തിന് ഏത് നേതാവ് ഏത് ഗ്രൂപ്പില്‍ എന്ന് ഓര്‍മ വന്നില്ല. ചില പത്രങ്ങള്‍ ഗ്രൂപ്പുതിരിച്ച് നേതാക്കളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത് ജനത്തിന് പ്രയോജനം ചെയ്തുകാണണം. എ ഗ്രൂപ്പിന്റെ മാര്‍പാപ്പ ഇപ്പോള്‍ ആരാണ് എന്നറിയില്ല. 'എ' എന്നാല്‍, ആന്റണി എന്നാണ് സൂചന എന്ന് പഴയ തലമുറയ്ക്ക് അറിയാം. ആന്റണിയുടെ പേരില്‍ ഗ്രൂപ്പുണ്ട് എന്നുവെച്ച് ഗ്രൂപ്പില്‍ ആന്റണിയുണ്ട് എന്ന് ധരിക്കേണ്ട - ആന്റണി ഗ്രൂപ്പില്‍ ആന്റണിയില്ല. പണ്ട് ഉണ്ടായിരുന്നിരിക്കാം- മുതലക്കുളം മൈതാനമുള്ളയിടത്ത് പണ്ട് കുളവും മുതലയും ഉണ്ടായിരുന്നിരിക്കാം എന്ന പോലെ. ആന്റണി ഗ്രൂപ്പ് പിരിച്ചുവിട്ടിട്ടൊന്നുമല്ല ഇന്ദ്രപ്രസ്ഥത്തിലേക്ക് വണ്ടികയറിയത്. ഗ്രൂപ്പ് അനന്തമായ ഒരു പ്രവാഹമാണ്. ഒരിക്കലും നിലയ്ക്കില്ല.

ഐ ഗ്രൂപ്പിലെ 'ഐ'യുടെ അര്‍ഥം പലരും ധരിച്ചത് പോലെയല്ല. ഐ എന്നതിന് ഞാന്‍ എന്നല്ല അര്‍ഥം, പ്രയോഗത്തില്‍ അങ്ങനെ ആണെങ്കിലും. ഇന്ദിരയുടെ പേരിലെ 'ഐ' ആണ് അതിലെ ഐ എന്നും ഗ്രൂപ്പ് സ്ഥാപകന്‍ ലീഡര്‍ കെ. കരുണാകരനാണ് എന്നും ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തലയാണ് വര്‍ത്തമാനകാല നേതാവ്. ഭൂതത്തില്‍, അത് ഭാഗികസത്യം മാത്രമായിരുന്നു. ലീഡറെ എതിര്‍ത്ത് ഗ്രൂപ്പുമാറിയ രമേശ്, ഗ്രൂപ്പ് നേതാവായും ഗ്രൂപ്പിനുവേണ്ടി കുറേ ഉറക്കമിളയ്ക്കുകയും തലപുകയ്ക്കുകയും പരക്കംപായുകയും ചെയ്ത കരുണാകരപുത്രന്‍ അതിന്റെ നാലയലത്തൊന്നും അടുക്കാനാവാതെ അലയുന്നതും ഗ്രൂപ്പിസനാടകത്തിലെ സസ്‌പെന്‍സ് രംഗങ്ങളാണ്.

പറഞ്ഞുവന്നത് ഗ്രൂപ്പിസം നിര്‍ത്തിവെച്ചതിനെ കുറിച്ചാണല്ലോ. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഗ്രൂപ്പിസംകൊണ്ട് വലിയ പ്രയോജനമില്ല. ഭരണം നടക്കുമ്പോഴാണ് ഗ്രൂപ്പിസം സര്‍വ വിധ്വംസക രൂപ ഭാവഹാവാദികളോടെ അവതരിക്കാറ്. എണ്ണമറ്റ സര്‍ക്കാര്‍സ്ഥാനങ്ങള്‍ ഓഹരി വെക്കുക എന്ന 'ഹെര്‍ക്കുലിയന്‍' സാഹസത്തിനിടയില്‍ ഗ്രൂപ്പിസയുദ്ധം പൂര്‍വാധികം ആക്രമണോത്സുകമായി മാറും. ഇത്തവണ ഓഹരിവെപ്പ് ഒരുഭാഗത്തും ഗ്രൂപ്പിസരഹിത യജ്ഞം മറുഭാഗത്തും നിര്‍വിഘ്‌നം നടന്നത്രേ. കാക്ക മലര്‍ന്നും പറന്നു. ഓഹരിവെപ്പാകട്ടെ തീര്‍ന്നുമില്ല. അഞ്ചുവര്‍ഷത്തെ ഭരണകാലാവധി തീരുംമുമ്പ് അത് പൂര്‍ത്തിയാക്കാനായിരുന്നു പ്ലാന്‍. പക്ഷേ, അതിനി നടക്കുമെന്ന് തോന്നുന്നില്ല. സ്ഥാനമൊന്നും കിട്ടിയില്ലെങ്കിലെന്ത് ? ഇനി ഗ്രൂപ്പ് യുദ്ധം തുടങ്ങാം. വാര്‍ഡ് മുതല്‍ കെ.പി.സി.സി.വരെ റിബല്‍ കമ്മിറ്റികള്‍, ബദല്‍ കമ്മിറ്റികള്‍, സമാന്തര സമ്മേളനങ്ങള്‍, ചാനലിലും പത്രസമ്മേളനത്തിലും വിഴുപ്പലക്കലുകള്‍, തെരുവ് യുദ്ധം, മുണ്ടുരിയല്‍ ...ഹ ഹ...എന്തെല്ലാം എന്തെല്ലാം കാണാനിരിക്കുന്നു.

ഗ്രൂപ്പിസമില്ലാതെ രണ്ടുവര്‍ഷം ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നോ വലിയ നേട്ടങ്ങളുണ്ടാക്കിയെന്നോ ആരും അവകാശപ്പെടുന്നില്ല. എന്നാലും വഷളാകുന്നതിന്റെ തോത് ലേശം കുറയ്ക്കാനായിട്ടുണ്ടാകാം. രണ്ടാള്‍ ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാര്‍ രണ്ടുമാസം കൊണ്ട് നിലംപതിക്കേണ്ടതാണ്. പക്ഷേ, രണ്ടുവര്‍ഷം തികച്ചു. വലിയനേട്ടം തന്നെ. ഭൂരിപക്ഷം രണ്ടേ ഉള്ളൂ എന്നതാണ് ഗ്രൂപ്പിസ വിരാമത്തിന് കാരണം എന്നൊരു വാദമുണ്ട്. ഏത് ജീവിക്കും അതിജീവനബുദ്ധി ഉണ്ടാകുമെന്നും അതുള്ള കൂട്ടമേ നിലനില്‍ക്കൂ എന്നും പരിണാമ സിദ്ധാന്തക്കാര്‍ പറയും. കോണ്‍ഗ്രസ് ജീവിക്ക് അത് ബാധകമല്ല. അതിജീവനബുദ്ധിയുള്ള ജീവികള്‍ മാത്രമല്ല, ആത്മഹത്യാപ്രവണതയുള്ള ബുദ്ധിജീവികളും ഭൂമിയിലുണ്ടല്ലോ.

രണ്ടംഗഭൂരിപക്ഷം മൂലമുണ്ടായ സഹിഷ്ണുത അഭൂതപൂര്‍വമായ തൊലിക്കട്ടിവികാസത്തിലേക്ക് നയിച്ചതിന്റെ ലക്ഷണങ്ങളും കാണാമായിരുന്നു. വഴിയോരത്ത് കെട്ടിയ ചെണ്ടയുടെ മേലെന്നപോലെ ആര്‍ക്കും വഴിനടക്കുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റിനെ വെറുതേ ഒന്നുകൊട്ടാം. കൊട്ടിയാലും മാന്തിയാലും തല്ലിയാല്‍ത്തന്നെയും ഒരു പ്രതികരണവുമുണ്ടാകില്ല. കെ.പി.സി.സി. പ്രസിഡന്റിനെ ദിവസവും രണ്ട് തെറി പറയാതെ എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറിക്ക് ഉറക്കം വരില്ല. ചതിയന്‍, വഞ്ചകന്‍, കാശിന് കൊള്ളാത്തവന്‍ തുടങ്ങിയ ഒട്ടനവധി ശ്രേഷ്ഠബഹുമതികളാണ് ജാതിവോട്ടുബാങ്കുടമകള്‍ ഈ പാവപ്പെട്ട വായ്പാകുടിശ്ശികക്കാരന് സമ്മാനിച്ചിട്ടുള്ളത്. ഇവരുടെ ശ്രേഷ്ഠഭാഷ കേട്ട് മന്നത്ത് പത്മനാഭനും കിടങ്ങൂരുമൊക്കെ പരലോകത്തിന്റെ മതില്‍ചാടി പെരുന്നയില്‍വന്ന് ജനറല്‍സെക്രട്ടറിക്ക് രണ്ട് കൊടുക്കുമോ എന്ന് നമ്മള്‍ ഭയപ്പെടും. പക്ഷേ, കെ.പി.സി.സി. പ്രസിഡന്റ് ഒരക്ഷരം മിണ്ടുകയില്ല. ക്ഷമയ്ക്കും സമാധാനത്തിനുമുള്ള അടുത്ത  നൊബേല്‍സമ്മാനം കെ.പി.സി.സി. പ്രസിഡന്റിന് കിട്ടാനിടയുണ്ട്. പണ്ടായിരുന്നെങ്കില്‍, പ്രസിഡന്റിനെക്കുറിച്ച് ആരെങ്കിലും മോശമായി വല്ലതും പറഞ്ഞാല്‍ പ്രസിഡന്റിന്റെ ഗ്രൂപ്പുകാരെങ്കിലും ചാടിക്കടിക്കുമായിരുന്നു. ഗ്രൂപ്പിസം നിര്‍ത്തിയതുകൊണ്ടാണ് അതില്ലാതായത് എന്നുധരിക്കേണ്ട. സ്ഥാനത്തിനും വോട്ടിനുംവേണ്ടി പെരുന്നയിലെ ഗേറ്റിന് മുട്ടാത്ത, നാളെ മുട്ടില്ലെന്ന് ഉറപ്പുള്ള കോണ്‍ഗ്രസ്സുകാര്‍ അധികം നാട്ടിലില്ലാത്തതുകൊണ്ടാണ്.

നാട്ടിലെ കൊള്ളപ്പലിശക്കാര്‍ ജാതിവോട്ടുബാങ്ക് മുതലാളിമാരേക്കാള്‍ മാന്യന്മാരാണ്. കടംവാങ്ങിയ പണവും പലിശയും തിരിച്ചുകിട്ടിയില്ലെങ്കില്‍ അവര്‍ ക്വട്ടേഷന്‍ ഗുണ്ടകളെ അയച്ച് കിട്ടാനുള്ളതൊക്കെ പെറുക്കിക്കൊണ്ടുപോവുകയോ ഒന്നും കിട്ടിയില്ലെങ്കില്‍ തല്ലി കാലൊടിക്കുകയോ മാത്രമേ ചെയ്യൂ. ദിവസവും കടംവാങ്ങിയവന്റെ വീടിനുമുന്നില്‍ ചെന്നുനിന്ന് പൂരപ്പാട്ട് പാടുകയില്ല. ജാതിവോട്ടുബാങ്കിലെ കൊള്ളപ്പലിശ സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് കൊടുക്കണം. ഇല്ലെങ്കില്‍ അന്ന് രാത്രിതന്നെ കിട്ടാനുള്ളത് കിട്ടും. കാലുതടവുമ്പോള്‍ കിട്ടുന്ന ചവിട്ടുകളെ തലോടല്‍പോലെ സ്വീകരിച്ചല്ലേ പറ്റൂ; ശീലമായാല്‍ പ്രശ്‌നമുണ്ടാകില്ല.

ചില കൊള്ളപ്പലിശക്കാരുടെ പ്രേരണയ്ക്ക് വഴങ്ങിയാണ് കോണ്‍ഗ്രസ്സുകാര്‍ മൂലയില്‍ക്കിടന്ന ഉപമുഖ്യമന്ത്രിമഴു എടുത്ത് കാലിനിട്ടത്. അസമയത്ത് ദുരൂഹമായ കാരണങ്ങളാല്‍ കെ.പി.സി.സി. പ്രസിഡന്റ് നടത്തിയ യാത്രയ്ക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ഭരണ വാര്‍ഷികാഘോഷം പൊടിപൊടിക്കുന്നതിനിടയിലാണ് പ്രസിഡന്റ് വടക്കുതെക്ക് യാത്രതിരിച്ചത്. ഏത് യാത്രയ്ക്കും ഒരു രഹസ്യ ലക്ഷ്യസ്ഥാനം കൂടിയുണ്ടാവും എന്നാരോ എഴുതിയിട്ടുണ്ട്. നല്ലയിനം എ.സി. വണ്ടിയിലൊക്കെത്തന്നെ ആണെങ്കിലും ഈ വരണ്ട വേനലില്‍ ഏത് രഹസ്യസ്ഥാനത്തേക്കാവും പ്രസിഡന്റ് പുറപ്പെട്ടത് എന്ന് പ്രസിഡന്റിന് തന്നെയേ അറിയൂ. ഉപമുഖ്യമന്ത്രിയാകാന്‍ ഇപ്പണി ചെയ്യേണ്ട കാര്യമില്ലല്ലോ. യാത്ര, തിരുവനന്തപുരത്ത് എത്തുമ്പോള്‍ കൂരിരുള്‍ പരക്കുമെന്നോ ഇടിമിന്നലുകള്‍ ഭൂമിയെ പിളര്‍ക്കുമെന്നോ മറ്റോ പ്രസിഡന്റ് പ്രവചിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിത്ര ദയനീയമാകുമെന്ന് ആരും കരുതിയിരുന്നില്ല. ഇനി അനുഭവിക്കുക തന്നെ, നേതാക്കളും ജനവും.

Sunday, 19 May 2013

വെറും മന്ത്രി അത്ര പോരരമേശ് ചെന്നിത്തല അല്പാല്പം അയയുന്നുണ്ട്. എല്ലാം പടച്ചവന്‍ നിശ്ചയിക്കും എന്ന് സാധാരണ മനുഷ്യര്‍ പറയുന്ന സ്ഥാനത്ത് കോണ്‍ഗ്രസ്സുകാര്‍ പറയുക എല്ലാം ഹൈക്കമാന്‍ഡ് നിശ്ചയിക്കും എന്നാണ്. താന്‍ മന്ത്രിയാകുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നാണ് കേരളയാത്ര തീര്‍ന്നപ്പോള്‍ പറഞ്ഞത്. യാത്ര തുടങ്ങുമ്പോള്‍ പറഞ്ഞത് മന്ത്രിയാകാന്‍ താനില്ല, പ്രസിഡന്റ് സ്ഥാനമെന്താ മോശമാണോ എന്നും മറ്റുമാണ്. കേരളയാത്രകൊണ്ട് പ്രയോജനമില്ല എന്ന് പറഞ്ഞൂകൂടാ. വര്‍ഷം കുറേയായില്ലേ പ്രസിഡന്‍േറ തെക്കുവടക്കുനടക്കാന്‍ തുടങ്ങിയിട്ട്. ഇനി പോയി മന്ത്രിയാകാന്‍ നോക്ക് എന്ന് ജനം ഉപദേശിച്ചുകാണും. ജനം പറഞ്ഞാല്‍ അനുസരിക്കാതെ പറ്റില്ലല്ലോ.

മന്ത്രിയാകുന്നതിനെ കുറിച്ച് ചെന്നിത്തലയും സ്വപ്നം കാണ്ടിരിക്കാം. പണ്ടെന്നോ ചെറുപ്രായത്തിലാണ് അത് സാധിച്ചത്. അന്ന് പൂതിമാറുവോളം സാധിച്ചില്ല, പിന്നീടിക്കാലംവരെ സംഗതി നടന്നില്ല. മനുഷ്യരല്ലേ... അതൊക്കെ എങ്ങനെ ഉപേക്ഷിക്കാനാണ്. ആ സ്വപ്നത്തിന് ഒരു കുഴപ്പമുണ്ട്. അതുകണ്ടാല്‍ ഉടന്‍ ഞെട്ടിയുണരും. കെ. മുരളീധരന്‍ സ്വപ്നത്തില്‍ ചാടിക്കേറി വന്നുകളയുന്നതാണ് കാരണം. പിന്നെ അന്ന് രാത്രി ഉറങ്ങാന്‍ പറ്റില്ല. തുടര്‍ന്ന് അടുത്ത ദിവസം 'മന്ത്രിയാകാനൊന്നും ഞാനില്ല' എന്ന് ഉറച്ച ശബ്ദത്തില്‍ ചെന്നിത്തല പത്രക്കാരോട് പറയും. കെ. മുരളീധരന്റെ കഥ ഓര്‍മയുള്ള ആരും കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം വെടിഞ്ഞ് മന്ത്രിയാകാന്‍ മുതിരില്ല. മുരളി എം.എല്‍.എ.ആയിരുന്നില്ല. അതാകാനുള്ള ശ്രമമാണ് എട്ടുനിലയില്‍ പൊട്ടിയത്. രമേശ് ചെന്നിത്തലയ്ക്ക് അങ്ങനെ സംഭവിക്കുകയില്ല. അദ്ദേഹം ഇത് മുന്‍കൂട്ടിക്കണ്ട്, നേരത്തേതന്നെ എം.എല്‍.എ. ആയ മഹാനാണ്. ഇതിനെയാണ് ദീര്‍ഘവീക്ഷണം എന്ന് വിളിക്കുന്നത്.

രമേശിന് എപ്പോള്‍ വേണമെങ്കിലും മന്ത്രിയാകാം എന്ന് മുഖ്യമന്ത്രി പറയുന്നതുകേട്ട്, അയ്യോ ഇതെന്തൊരു ഉദാരമതി എന്നെല്ലാവരും വിചാരിച്ചേക്കും. രമേശ് ചെന്നിത്തല ഏതായാലും ആ കെണിയില്‍ വീഴില്ല. തിരുവഞ്ചൂരിനും കെ.സി. ജോസഫിനും അനില്‍കുമാറിനും ആര്യാടനും കെ. ബാബുവിനും സി.എന്‍. ബാലകൃഷ്ണനും അടൂര്‍ പ്രകാശിനും ശിവകുമാറിനും ഒപ്പം വെറുമൊരു മന്ത്രിയായിരിക്കാന്‍ രമേശിന് വയ്യ. മന്ത്രിസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ എല്ലാവരും തുല്യരാണ്. രണ്ടാമന്‍ എന്ന റാങ്ക്‌സര്‍ട്ടിഫിക്കറ്റുമായി ചെന്നില്ലെങ്കില്‍ മൂന്നുമാസം കഴിഞ്ഞാല്‍ രമേശ് ചെന്നിത്തലയും വെറും മന്ത്രിമാത്രമാകും. പ്രസിഡന്റായിരുന്നതൊക്കെ ജനമങ്ങ് മറക്കും. കെ.പി.സി.സി. പ്രസിഡന്റ് ആയിരുന്നില്ലേ കെ. മുരളീധരനും? ഇപ്പോഴെവിടെയാണ് ഇരിക്കുന്നത്?

ആഭ്യന്തരമന്ത്രിസ്ഥാനം ഓര്‍ക്കാപ്പുറത്ത് എടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊടുത്തത് മുഖ്യമന്ത്രി തന്നൊടുചെയ്ത കൊലച്ചതിയാണെന്ന് രമേശ് ചെന്നിത്തല ഉറച്ചുവിശ്വസിക്കുന്നുണ്ടാകണം. ചെന്നിത്തലയേക്കാള്‍ സീനിയര്‍ നേതാവാണ് തിരുവഞ്ചൂര്‍. കെ.പി.സി.സി. പ്രസിഡന്റായില്ലെന്നേ ഉള്ളൂ. 1974-ല്‍ ചെന്നിത്തല പ്രീഡിഗ്രി പഠിക്കുമ്പോള്‍ തിരുവഞ്ചൂര്‍ കെ.എസ്.യു. പ്രഡിഡന്റാണ്. ആ ഇനത്തില്‍ പെട്ടവരാണ് ജി. കാര്‍ത്തികേയനും കെ.സി. ജോസഫുമൊക്കെ. ആര്യാടന്‍ അതിലുമെല്ലാം മേലെയാണ് - മേലെ ആകാശം താഴെ ഭൂമി. അപ്പോള്‍ പിന്നെ ഉപമുഖ്യമന്ത്രി ക്ലെയിമിന് ചെന്നിത്തലയ്ക്ക് ബലംപോര.
കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തിരിക്കെ എന്‍.എസ്.എസ്സുകാരുടെ പ്രേരണയ്ക്ക് വഴങ്ങിയാണ് ചെന്നിത്തല നിയമസഭാംഗമായതത്രെ. ഹരിപ്പാടുകാര്‍ക്ക് നല്ലൊരു എം.എല്‍.എ. ഇല്ലാതെ ഉറക്കം കിട്ടാത്തതുകൊണ്ടല്ലല്ലോ രമേശിനെ എം.എല്‍.എ. ആക്കിയത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും എന്നുകൂടി പ്രചരിച്ചാവും നായന്മാരുടെ വോട്ടുപിടിച്ചത്. മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ രമേശ് വെറും എം.എല്‍.എ. ഇനിയിപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രമേശിനെ മുന്നില്‍നിര്‍ത്തിയാല്‍ നാല് വോട്ടുകിട്ടുമോ എന്നേ നോട്ടമുള്ളൂ.

എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി.യും എന്തുപറഞ്ഞാലും ക്രിസ്ത്യന്‍-മുസ്‌ലിം പാര്‍ട്ടികള്‍ കാര്യമായൊന്നും മറുപടി പറയാറില്ല. ഈ വീമ്പുപറച്ചിലിലൊന്നും കഴമ്പില്ല എന്നവര്‍ക്കറിയാം. കേരളത്തില്‍ കമ്യൂണിസ്റ്റ് ഇതരര്‍ ഭരണത്തില്‍ വരുന്നത് ഹിന്ദുക്കളുടെ സഹായത്തേക്കാള്‍ ന്യൂനപക്ഷങ്ങളുടെ സഹായംകൊണ്ടാണ്. ഭൂരിപക്ഷസമുദായത്തില്‍ ഭൂരിപക്ഷവും ഇടതുപക്ഷത്തിനാണ് വോട്ടുചെയ്യുന്നത്. ക്രിസ്ത്യന്‍-മുസ്‌ലിം വോട്ടില്ലായിരുന്നെങ്കില്‍ ആജന്മകാലം യു.ഡി.എഫ്. അധികാരത്തില്‍ വരില്ല. 65 ക്രിസ്ത്യന്‍ മുസ്‌ലിം സ്ഥാനാര്‍ഥികളില്‍നിന്നാണ് യു.ഡി.എഫിന് 45 എം.എല്‍.എ.മാരെ കിട്ടിയത്. 75 ഹിന്ദുസ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ട് കിട്ടിയത് 27 എം.എല്‍.എ.മാരെ മാത്രം. വെള്ളാപ്പള്ളി നടേശനും സുകുമാരന്‍നായര്‍ക്കും ഇന്ന് യു.ഡി.എഫിനെതിരെ പറയാന്‍ കഴിയുന്നതിന് ലീഗിനോടും കേരളാകോണ്‍ഗ്രസ്സിനോടും വേണം നന്ദി പറയാന്‍. സാരമില്ല, മുഖ്യമന്ത്രിക്കും രണ്ട് മന്ത്രിമുഖ്യന്മാര്‍ക്കും ഇടയില്‍ ഒരു നായരുംകൂടി ഇരിക്കട്ടെ. സാമുദായികസന്തുലനത്തിന് അതും നല്ലതാണ്.

 * * *

എന്തെല്ലാം മനഃപരിവര്‍ത്തനങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ പാര്‍ട്ടി ഇക്കാലം മുഴുവന്‍ രാജ്യം ഭരിച്ചിട്ടും വധശിക്ഷ ഇല്ലാതാക്കിയിട്ടില്ല. ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയിട്ടുണ്ട് അഹിംസാവാദികള്‍. പ്രധാനമന്ത്രി നെഹ്‌റുവും ഗാന്ധിജിയുടെ രണ്ട് മക്കളും ആവശ്യപ്പെട്ടിട്ടും വധശിക്ഷ ഉപേക്ഷിക്കാന്‍ ഭരണകൂടം തയ്യാറായില്ല. അഹിംസയുടെ നാലയലത്തുപോകാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഇതാ വധശിക്ഷ ഇല്ലായ്മചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.

വധശിക്ഷക്കെതിരെ രംഗത്തുവന്ന ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സി.പി.എം. എന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. അത് ശരിയല്ല. നമ്മള്‍ ഭരണത്തിലിരിക്കുന്നുണ്ടെങ്കില്‍ മാത്രമേ വധശിക്ഷ നിലനിര്‍ത്തേണ്ട കാര്യമുള്ളൂ. വര്‍ഗവഞ്ചകര്‍, പ്രതിവിപ്ലവകാരികള്‍ തുടങ്ങിയ നികൃഷ്ടജീവികള്‍ക്ക് വധശിക്ഷയല്ലാതെ മറ്റെന്ത് കൊടുക്കാനാണ്. പക്ഷേ, പാര്‍ട്ടി ഭരണത്തിലില്ലെങ്കില്‍ വധശിക്ഷ ഇല്ലാതാക്കുന്നതാണ് നല്ലത്. വെറുതെ നമ്മള്‍പോയി തലകൊടുക്കേണ്ടല്ലോ. ഭരണത്തിലില്ല എന്നുമാത്രമല്ല അത് സംഭവിക്കാനുള്ള വിദൂരസാധ്യതപോലും ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല അമേരിക്കയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി 2005-ല്‍ വധശിക്ഷ നിരോധിക്കണമെന്ന് പ്രമേയം പാസ്സാക്കി. സംസ്‌കാരത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന ഒരു സമൂഹത്തിനും വധശിക്ഷയെ ന്യായീകരിക്കാവുന്ന ഒരു തത്ത്വവും എടുത്തുകാട്ടാനാവില്ല എന്ന മാര്‍ക്‌സ്‌വചനം ഉദ്ധരിച്ചാണ് പാര്‍ട്ടി വധശിക്ഷയ്‌ക്കെതിരെ പ്രസ്താവന ഇറക്കിയത്. സംസ്‌കാരത്തെക്കുറിച്ച് അവകാശവാദമൊന്നും ഇല്ലാതിരുന്നതിനാലാവാം കമ്യൂണിസ്റ്റ് ഭരണമുള്ള ഒരു രാജ്യവും വധശിക്ഷ കൈയൊഴിയാറില്ല. റഷ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അന്നും ഇന്നും വധശിക്ഷയ്ക്ക് അനുകൂലമാണ്. ഭരണകൂടം നിര്‍ത്തിവെച്ച വധശിക്ഷ പുനരാരംഭിക്കണമെന്നാണ് പാര്‍ട്ടി ഈയിടെയാണ് ആവശ്യപ്പെട്ടത്.

പാര്‍ട്ടിയെ എതിര്‍ത്തൂ എന്ന കുറ്റമേ ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ ചെയ്തിരുന്നുള്ളൂ. അതിന്റെ പേരില്‍ ക്രൂരമായി വധശിക്ഷ നടപ്പാക്കിയതിന്റെ വിചാരണ കോഴിക്കോട്ടെ കോടതിയില്‍ നടക്കുമ്പോഴാണ് വധശിക്ഷയ്‌ക്കെതിരെ പാര്‍ട്ടി കേന്ദ്രനേതൃത്വം രംഗത്തുവന്നത്. നിരാശപ്പെടേണ്ട. പൊളിറ്റ് ബ്യൂറോവിന് അങ്ങനെ എന്തും പറയാം. പരിഷ്‌കൃത സംസ്‌കൃത സമൂഹത്തിലേ വധശിക്ഷ ഉപേക്ഷിക്കാനാവൂ എന്ന് മാര്‍ക്‌സ് പറഞ്ഞിട്ടില്ലേ? അത് വരാന്‍ ഇനിയും നൂറ്റാണ്ട് കഴിയേണ്ടേ? അതുവരെ നമുക്ക് വധശിക്ഷ തുടരാം. സര്‍ക്കാര്‍ വേണമെങ്കില്‍ നിര്‍ത്തിക്കോട്ടെ.

 * * * *

ഒരു ചങ്ങാതിക്ക് പാര്‍ട്ടി വധശിക്ഷ വിധിച്ചു. വിധിച്ചുകഴിഞ്ഞാല്‍ വളരെ മാന്യമായി, അഹിംസാത്മകമായി, പരമാവധി കുറച്ച് വേദന മാത്രം ഉണ്ടാക്കി, അന്ത്യാഭിലാഷം വല്ലതും ഉണ്ടെങ്കില്‍ അത് അനുവദിച്ച് ശിക്ഷ നടപ്പാക്കണം എന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. പറ്റുമായിരുന്നെങ്കില്‍ പരിഷ്‌കൃതരാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ ഇലക്ട്രിക് കസേരയില്‍ ഇരുത്തിയോ വിഷം കുത്തിവെച്ചോ സംഗതി നിര്‍വഹിക്കുമായിരുന്നു. അതല്ലെങ്കില്‍, സോവിയറ്റ് യൂണിയനിലും മറ്റ് സ്വര്‍ഗരാജ്യങ്ങളിലും ചെയ്തിരുന്നതുപോലെ ഒറ്റവെടിക്ക് കഥകഴിക്കാമായിരുന്നു. ഇപ്പറഞ്ഞതരം സാധനങ്ങളൊന്നും ലഭ്യമല്ലാത്തതുകൊണ്ടാണ് കത്തി, കൊടുവാള്‍, വടിവാള്‍ തുടങ്ങിയ സാമഗ്രികള്‍ ഉപയോഗിക്കേണ്ടിവന്നത്. ഒഞ്ചിയത്തുകാരന്‍ കുലംകുത്തി ചന്ദ്രശേഖരനെയും ഈവിധം സാധ്യമായേടത്തോളം അഹിംസാത്മകമായാണ് കാലപുരിക്കയച്ചത്.

നോക്കണേ, നാട്ടില്‍ എന്തെല്ലാം അനീതികളാണ് നടമാടുന്നത്. നെറികെട്ട യു.ഡി.എഫിന്റെ കുടില പോലീസും മാധ്യമഭീകരന്മാരും കൂടി പ്രചരിപ്പിച്ച കഥ കേട്ടിരുന്നില്ലേ? 51 വെട്ടുവെട്ടിയാണത്രെ ചന്ദ്രശേഖരനെ സഖാക്കള്‍ വധിച്ചത്. ആ പേരില്‍ പുസ്തകം വരെ ഇറക്കിവിറ്റ് കാശാക്കി നീചന്മാര്‍. പാര്‍ട്ടി പത്രം വെള്ളിയാഴ്ച ആ കുപ്രചാരണത്തിലെ അസത്യം വലിച്ചുകീറി പുറത്തിട്ടിട്ടുണ്ട്. വെറും 15 വെട്ടുമാത്രം വെട്ടിയാണ് സഖാക്കള്‍ ചന്ദ്രശേഖരന്റെ കഥകഴിച്ചത്. 15 നെ 51 ആക്കുന്ന അധാര്‍മികതയ്‌ക്കെതിരെ ആഞ്ഞടിക്കേണ്ടതുണ്ട് സമൂഹം. ഇടതുബുദ്ധിജീവികളുടെ സംയുക്തപ്രസ്താവന, മുഖപ്രസംഗം, സായാഹ്നധര്‍ണ, സെമിനാര്‍, പരമ്പര എന്നിവ ഉടനുണ്ടാകും. വെറുതെ വിടരുത് കശ്മലന്മാരെ. പാവപ്പെട്ട കൊലയാളികള്‍ക്കെതിരെ അപഖ്യാതി പ്രചരിപ്പിക്കുകയോ... വിടരുത് ഒരുത്തനെയും...

Sunday, 12 May 2013

എന്നും തോല്‍ക്കുന്ന ജനം


പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അധികം സംസാരിക്കാറില്ല. സദാ മൗനിമോഹന്‍സിങ്ങാണ്. എന്നാലോ, പറഞ്ഞുതുടങ്ങിയാല്‍ പല മഹദ്‌വചനങ്ങളും പറയും. കര്‍ണാടകയില്‍ ബി.ജെ.പി. തോറ്റുതുന്നംപാടുകയും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുകയും ചെയ്തപ്പോള്‍ മന്‍മോഹന്‍ജിയും വാചാലനായി. തിരഞ്ഞെടുപ്പുജയം സംബന്ധിച്ച അദ്ദേഹത്തിന്റെ വിദഗ്ധാഭിപ്രായം ആരെയും ഇരുത്തിച്ചിന്തിപ്പിക്കും.

സ്വന്തം യോഗ്യതകൊണ്ടല്ല കോണ്‍ഗ്രസ് ജയിച്ചത്. ചിലര്‍ തോല്‍ക്കുമ്പോള്‍ വേറെചിലര്‍ ജയിച്ചല്ലേ പറ്റൂ. അത് കോണ്‍ഗ്രസ്സുകാര്‍ക്കും അറിയാം. ബി.ജെ.പി. മൂന്നായി പിളരുകയും മോന്‍ ചത്താലും സാരമില്ല, മരുമോള്‍ കരയുന്നതൊന്ന് കണ്ടാല്‍മതി എന്നലൈനില്‍ യെദ്യൂരപ്പ പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുകയും ചെയ്തതുകൊണ്ടാണ് കോണ്‍ഗ്രസ് ജയിച്ചത്. 2008-ല്‍തോറ്റപ്പോള്‍ കിട്ടിയതിനേക്കാള്‍ വളരെക്കൂടുതല്‍ വോട്ടൊന്നും ഇത്തവണ ജയിക്കുമ്പോഴും പാര്‍ട്ടിക്ക് കിട്ടിയിട്ടില്ല. അത് നമ്മുടെ വോട്ടിങ്‌രീതിയുടെ ഒരു വിചിത്രസൗകര്യമാണ്. അങ്ങനെ സൗകര്യങ്ങള്‍ പലതുണ്ട്. ശതമാനക്കണക്ക് നോക്കിയാല്‍ കോണ്‍ഗ്രസ് ഭരിക്കുകയേവേണ്ട എന്നാണ് ഭൂരിപക്ഷം ആളുകള്‍ വിധിയെഴുതിയതെങ്കിലും ഭരണം കോണ്‍ഗ്രസ്സിന് കിട്ടി. രണ്ടുകാലും ഒപ്പം ഓടുമ്പോള്‍ ഒരുകാലുള്ള ആള്‍ക്ക് ജയിക്കാം. ബി.ജെ.പി.യുടെ അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരായ ജനവിധിയെന്ന് പ്രധാനമന്ത്രി പറഞ്ഞതിന്റെ അര്‍ഥം ഇതുതന്നെയാവാം.

അഴിമതിയില്‍ മുങ്ങിക്കുളിച്ച പാര്‍ട്ടിയെയാണ് കര്‍ണാടക വോട്ടര്‍മാര്‍ താഴെയിറക്കിയത്. എന്നിട്ട് തിരഞ്ഞെടുത്തത് അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത പാര്‍ട്ടിയെ ആണോ എന്നാരും ചോദിക്കരുത്. ഇല്ല, നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അതിന് വകുപ്പില്ല. ഭരണത്തിലുള്ള പാര്‍ട്ടിയോളം അഴിമതിനടത്താന്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടിക്ക് കഴിയില്ല. അതുകൊണ്ട്, ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന പാര്‍ട്ടിയെ ഈ തിരഞ്ഞെടുപ്പില്‍ പുറത്താക്കുകയും പ്രതിപക്ഷത്തുള്ള മറ്റേപ്പാര്‍ട്ടിയെ അധികാരത്തിലേറ്റുകയുമാണ് വോട്ടര്‍ക്ക് ചെയ്യാന്‍ കഴിയുക. വലത്തേ കാലിലെ മന്ത് ഇടത്തേ കാലിലാക്കുന്നതിനെ പരിഹസിക്കുന്നവര്‍ കാണും. വലത്തേക്കാല്‍ അല്പനേരത്തേക്കായാലും ഫ്രീയായിക്കിട്ടുന്നതിന്റെ സുഖം അവര്‍ക്ക് അറിയാഞ്ഞിട്ടായിരിക്കും. അത് സ്ഥായിയായ സുഖം അല്ലായിരിക്കാം. ഏതുസുഖമാണ് സ്ഥായി? കുറച്ചുനാളത്തെ സുഖംകഴിഞ്ഞാല്‍ ശങ്കരന്‍ വീണ്ടുംതെങ്ങില്‍ത്തന്നെ എത്തും. അഴിമതിയില്‍ മുന്‍ഗാമിയെ വെട്ടിക്കാനുള്ള ഓട്ടപ്പന്തയമാണ് പിന്നെ നടക്കുക. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ സഹികെട്ട് പഴയ അഴിമതിക്കാരെ വീണ്ടും അധികാരത്തിലേറ്റാം. ഇതിനാണ് ജനങ്ങളുടെ വിജയം എന്നുപറയുന്നത്.

കര്‍ണാടകയിലെ അഴിമതികൊണ്ടാണ് ജനം കൈയൊഴിഞ്ഞതെന്ന് ബി.ജെ.പി. ഒരിക്കലും വിശ്വസിക്കുകയില്ല. അതിനുമാത്രം അഴിമതിയൊന്നും നടന്നിട്ടില്ല ഹേ... കേന്ദ്രത്തിലെ അഴിമതിയുടെ നാലയലത്ത് വരുമോ ഇത്?-ബി.ജെ.പി.ക്കാര്‍ മനംനൊന്ത് ചോദിക്കുന്നുണ്ട്. അതിനും ജനാധിപത്യത്തില്‍ വകുപ്പില്ല. കേന്ദ്രത്തിലെ ലക്ഷം കോടിയുമായി കര്‍ണാടകയിലെ ലക്ഷം കോടിയെ താരതമ്യപ്പെടുത്താനുള്ള ഗണിതജ്ഞാനമൊന്നും വോട്ടര്‍മാരില്‍നിന്ന് പ്രതീക്ഷിച്ചുകൂടാ. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ത്തന്നെ അഴിമതിക്കഥകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ പാര്‍ട്ടിയാണ് കര്‍ണാടക കോണ്‍ഗ്രസ്. അതിലും വലിയ അഴിമതിഖനികള്‍ മറുപക്ഷത്തുള്ളതുകൊണ്ട് വേറെ ഒന്നും കുഴിച്ചുനോക്കേണ്ടിവന്നില്ല.

തമ്മില്‍ഭേദം തൊമ്മന്‍ സിദ്ധാന്തപ്രകാരം ബി.ജെ.പി.യെ വീണ്ടും അധികാരത്തിലേറ്റുമെന്നാണ് അവര്‍ കരുതിയിരുന്നത്. ഏറ്റി, പക്ഷേ കഴുമരത്തിലാണ് എന്നുമാത്രം. ഭരണകക്ഷി തോറ്റകഥ ചരിത്രത്തില്‍ ഉടനീളമുണ്ട്. പക്ഷേ, ഭരണകക്ഷി തോറ്റ് മൂന്നാം സ്ഥാനത്തിനുവേണ്ടി പെടാപ്പാടുപെടുക എന്നത് ശ്ശി അപൂര്‍വംതന്നെയാണ്. പ്രധാനമന്ത്രിയുടെ ജുബ്ബയും തയ്പ്പിച്ച് നടക്കുന്ന മോഡിക്കുണ്ടായ ചീത്തപ്പേര് ചെറുതല്ല. വര്‍ഗീയത സഹിക്കാഞ്ഞാണ് ജനങ്ങള്‍ ബി.ജെ.പി.യെ കൈയൊഴിഞ്ഞതെന്നും പ്രധാനമന്ത്രി വിലയിരുത്തുകയുണ്ടായി. ഇത്തവണ നരേന്ദ്രമോഡി വന്ന് പ്രസംഗിച്ചിട്ടും വര്‍ഗീയവികാരമുണര്‍ന്നില്ല. ഗുജറാത്ത് ലഹളച്ചിത്രങ്ങള്‍ ജനമനസ്സില്‍ കുത്തിക്കയറ്റിയ ബി.ജെ.പി.വിരുദ്ധരും വര്‍ഗീയവികാരമുണ്ടാക്കാനാണ് അറിയാതെ ശ്രമിച്ചത്. അതുണര്‍ന്നില്ല. പ്രസംഗിച്ചിടത്തെല്ലാം കോണ്‍ഗ്രസ്സിനെ തോല്പിക്കുന്ന നേതാവെന്ന ഖ്യാതി നിലനിര്‍ത്താന്‍ രാഹുലിനായില്ല.

എന്തായാലും 2014-ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പ് ഇനി വേറെ സംസ്ഥാന തിരഞ്ഞെടുപ്പൊന്നും നടത്തേണ്ടി വരരുതേ എന്ന് കോണ്‍ഗ്രസ് പ്രാര്‍ഥിക്കുകയാണ്. എടുത്തുകാട്ടാന്‍ കര്‍ണാടകയും ഇല്ലാതായാല്‍ തിരഞ്ഞെടുപ്പിന്റെ ഫണ്ടുപിരിവുപോലും ഗോപിയാകും. കാലം മോശമാണ്.

* * *

ശത്രുരാജ്യത്തിന്റെ രഹസ്യം ചോര്‍ത്താന്‍ ചാരന്മാരെ പറഞ്ഞുവിടുന്നത് സാധാരണം. മിത്രരാജ്യത്തും ചാരനെ വിടാം. പക്ഷേ, ഒരു സംസ്ഥാനസര്‍ക്കാര്‍ അയല്‍സംസ്ഥാനത്തിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ചാരനെ അയച്ചു എന്നുകേട്ടാല്‍ ഞെട്ടാതെ വയ്യ. തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് അയച്ചെന്നുപറയുന്ന ചാരന്‍ മലയാളിയത്രേ. ഹാവൂ... ഒരു മുഴുനീള സസ്‌പെന്‍സ്, ക്രൈം, സ്‌പൈ ത്രില്ലറിനുള്ള സകല സാധ്യതയുമുണ്ട്. സെക്‌സ് ഉണ്ടോ എന്നറിയില്ല. ചുഴിഞ്ഞുനോക്കിയാല്‍ അതും കണ്ടേക്കും. തിരക്കഥയെഴുത്തുകാര്‍ പണി തുടങ്ങിക്കാണണം.

വിവരാവകാശ നിയമപ്രകാരം ഹര്‍ജി കൊടുത്താല്‍ കിട്ടാത്ത വിവരമൊന്നും നമ്മുടെ സെക്രട്ടേറിയറ്റിനകത്ത് അധികമില്ല. ഉള്ളത് എന്തെല്ലാമാണ് തമിഴ്‌നാട് കൈവശപ്പെടുത്തിയത് ? അത് ഒഫീഷ്യല്‍ സീക്രട്‌സ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യമാണോ ? അതിന്റെ പേരില്‍ ആര്‍ക്കെങ്കിലും എതിരെ നടപടി ഉണ്ടായോ? യാതൊന്നും നമുക്കറിഞ്ഞുകൂടാ. അതിനെക്കുറിച്ചൊന്നും ഒരു ചര്‍ച്ചയും കേരളത്തിലില്ല. ഒരു ചര്‍ച്ചമാത്രം കേമമായി നടന്നു. മൂന്നുപത്രങ്ങളിലെ ആരോ ചാരനെ സഹായിച്ചു, ചാരനില്‍നിന്ന് പ്രതിഫലംപറ്റി സംസ്ഥാനതാത്പര്യത്തിനെതിരെ പത്രവാര്‍ത്ത കൊടുത്തു- പോരേ പൂരം. പത്ര അധിപന്മാരുടെ പ്രസ്താവന വന്നപ്പോഴേ ജനത്തിന് സംഗതിയുടെ ഗൗരവം മനസ്സിലായുള്ളൂ. സാധാരണഗതിയില്‍ ആകാശം ഇടിഞ്ഞുവീഴുന്നതുപോലുള്ള വെരി ഡേഞ്ചറസ് സംഗതി ഉണ്ടായാല്‍മാത്രമേ പത്ര അധിപന്മാര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാറുള്ളൂ. ഇവിടെ അത് സംഭവിച്ചു.

ചീഫ് സെക്രട്ടറി സംഗതി അന്വേഷിച്ച് പത്രങ്ങളെ കുറ്റവിമുക്തമാക്കി എന്നാണ് മുഖ്യമന്ത്രി നമ്മെ അറിയിച്ചിരിക്കുന്നത്. സമാധാനമായി. ഇനി നമ്പിനാരായണന്‍, കൂമര്‍ നാരായണ്‍ ടൈപ്പ് കഥകള്‍ക്കൊന്നും സാധ്യതയില്ലായിരിക്കും. ഒരു കാര്യം അരക്കിട്ടുറപ്പിക്കാം. സംസ്ഥാനതാത്പര്യമെന്ന് വിളിക്കപ്പെടുന്നതെന്തോ അതിനാണ് പരമപ്രാധാന്യം. രാജ്യതാത്പര്യം പ്രശ്‌നമല്ല, സത്യവും ന്യായവും നോക്കേണ്ട, ഭരണഘടനയും നിയമവും ധാര്‍മികതയും തിരക്കേണ്ട, തമിഴ്‌നാട്ടിലെ ലക്ഷം ലക്ഷം മലയാളികളുടെ താത്പര്യവും നോക്കേണ്ട. തമിഴ്‌നാടിനെ നിരപ്പാക്കാന്‍ കേരളം പട്ടാളത്തെ റിക്രൂട്ട്‌ചെയ്യണമെന്ന് ഒരു പത്രം മുഖപ്രസംഗമെഴുതിയാല്‍ അതും സംസ്ഥാനതാത്പര്യം തന്നെ. എഴുതാത്തവന്‍ സംസ്ഥാനവിരുദ്ധനും ശത്രുവുമാണ്. കല്ലെറിഞ്ഞ് കൊല്ലണം അവനെ....
* * *

ടി.പി.ചന്ദ്രശേഖരന്റെ വധംകഴിഞ്ഞ് വര്‍ഷമൊന്നുതികഞ്ഞ സമയത്ത് വി.എസ്സിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ഓര്‍മവന്നു. ടി.പി.വധത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്തായി?

ഓര്‍മിപ്പിച്ചത് നന്നായി. കേന്ദ്രസര്‍ക്കാര്‍ കൂട്ടിലിട്ട് വളര്‍ത്തുന്ന സി.ബി.ഐ.യെപ്പോലൊന്നാവാനിടയില്ല പാര്‍ട്ടിയുടെ അന്വേഷണക്കമ്മിറ്റി. പാര്‍ട്ടി ഓഫീസില്‍ നടന്ന രഹസ്യക്യാമറ ഏര്‍പ്പാടൊന്നുമല്ലല്ലോ അന്വേഷണവിഷയം. പച്ചക്കൊലയാണ്. വിദേശത്തുനിന്നുവന്ന കിടിലന്‍ പ്രൊഫഷണല്‍ ഡിറ്റക്ടീവുകളാകും അന്വേഷിച്ചിരിക്കുക.

വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നും യു.ഡി.എഫിന് തിരഞ്ഞെടുപ്പില്‍ ജയിക്കാനും സി.പി.എമ്മിനെ കൊലയാളിപ്പാര്‍ട്ടിയായി ചിത്രീകരിച്ച് നശിപ്പിക്കാനുമുള്ള ഗൂഢാലോചനയുടെ ഫലമായി സംഭവിച്ചതാണ് ടി.പി.വധമെന്നും പോലീസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്വട്ടേഷന്‍ ഗ്രൂപ്പാണ് കൊല നടത്തിയതെന്നുമെല്ലാം പാര്‍ട്ടിക്കറിയാം. അതുകണ്ടെത്താന്‍ ഡിറ്റക്ടീവുകളുടെ ആവശ്യമൊന്നുമില്ല. ഇപ്പറഞ്ഞതെല്ലാം കരിമ്പാറപോലെ ഉറപ്പുള്ള തെളിവുസഹിതം പുറത്തുകൊണ്ടുവന്ന് യു.ഡി.എഫിന്റെ സ്‌കൂള് പൂട്ടിക്കുകയാണ് അന്വേഷണത്തിന്റെ ഉദ്ദേശ്യമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. അതുകൊണ്ട് സഖാക്കളേ... ഇനിയും ജനത്തിനെ സസ്‌പെന്‍സിന്റെ കുന്തമുനയില്‍ കുത്തി നിര്‍ത്തി പീഡിപ്പിക്കരുത്. റിപ്പോര്‍ട്ട് എടുത്ത് പുറത്തിട്ട് ആര്‍.എം.പി. മുതല്‍ ബൂര്‍ഷ്വാമാധ്യമങ്ങളടക്കമുള്ള സകല ശത്രുക്കളുടെയും മുഖംമൂടി വലിച്ചുകീറിയെറിയുന്നത് ഇപ്പോള്‍ത്തന്നെ നന്നേ വൈകി. ഇനിയും വൈകരുതേ...