Sunday, 26 May 2013

ഇതാ 'ശ്രേഷ്ഠ' രാഷ്ട്രീയം


ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രണ്ടുവര്‍ഷമായി ഗ്രൂപ്പിസമില്ലാതെ ഒത്തുപിടിച്ച്  ഭരിക്കുകയായിരുന്നു എന്ന വാര്‍ത്തകേട്ട് കേരളീയരുടെ കരളലിഞ്ഞ് പോയിക്കാണണം. രണ്ടുവര്‍ഷം ശ്വാസോച്ഛ്വാസം ചെയ്യാതെ ഒരാള്‍ കഴിച്ചുകൂട്ടി എന്ന് തെളിയിച്ചാല്‍ ശാസ്ത്രജ്ഞന്‍ എങ്ങനെ ഞെട്ടുമോ അതുപോലെയാണ് ഗ്രൂപ്പിസമില്ലാതെ കോണ്‍ഗ്രസ്  ജീവന്‍ നിലനിര്‍ത്തിയെന്നുകേട്ട് ജനം ഞെട്ടിയത്. യഥാര്‍ഥത്തില്‍, ജനസമ്പര്‍ക്കത്തിനുള്ള അവാര്‍ഡിന് പുറമേ ഐക്യരാഷ്ട്രസഭ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ദ്വിവര്‍ഷ ഗ്രൂപ്പിസരഹിത അതിജീവനത്തിനുള്ള സഹിഷ്ണുതാ അവാര്‍ഡും നല്‍കേണ്ടിയിരുന്നു. ഒരു ഉപബഹുമതി തീര്‍ച്ചയായും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും നല്‍കണം.
രണ്ടുവര്‍ഷം സസ്‌പെന്റഡ് അനിമേഷനില്‍ നിര്‍ത്തിയത് ഗ്രൂപ്പുപോരാണ്.

പോര് നിര്‍ത്തിയാല്‍ വാര്‍ത്ത ഉണ്ടാവില്ല. അതുകൊണ്ട്, ജനത്തിന് ഏത് നേതാവ് ഏത് ഗ്രൂപ്പില്‍ എന്ന് ഓര്‍മ വന്നില്ല. ചില പത്രങ്ങള്‍ ഗ്രൂപ്പുതിരിച്ച് നേതാക്കളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത് ജനത്തിന് പ്രയോജനം ചെയ്തുകാണണം. എ ഗ്രൂപ്പിന്റെ മാര്‍പാപ്പ ഇപ്പോള്‍ ആരാണ് എന്നറിയില്ല. 'എ' എന്നാല്‍, ആന്റണി എന്നാണ് സൂചന എന്ന് പഴയ തലമുറയ്ക്ക് അറിയാം. ആന്റണിയുടെ പേരില്‍ ഗ്രൂപ്പുണ്ട് എന്നുവെച്ച് ഗ്രൂപ്പില്‍ ആന്റണിയുണ്ട് എന്ന് ധരിക്കേണ്ട - ആന്റണി ഗ്രൂപ്പില്‍ ആന്റണിയില്ല. പണ്ട് ഉണ്ടായിരുന്നിരിക്കാം- മുതലക്കുളം മൈതാനമുള്ളയിടത്ത് പണ്ട് കുളവും മുതലയും ഉണ്ടായിരുന്നിരിക്കാം എന്ന പോലെ. ആന്റണി ഗ്രൂപ്പ് പിരിച്ചുവിട്ടിട്ടൊന്നുമല്ല ഇന്ദ്രപ്രസ്ഥത്തിലേക്ക് വണ്ടികയറിയത്. ഗ്രൂപ്പ് അനന്തമായ ഒരു പ്രവാഹമാണ്. ഒരിക്കലും നിലയ്ക്കില്ല.

ഐ ഗ്രൂപ്പിലെ 'ഐ'യുടെ അര്‍ഥം പലരും ധരിച്ചത് പോലെയല്ല. ഐ എന്നതിന് ഞാന്‍ എന്നല്ല അര്‍ഥം, പ്രയോഗത്തില്‍ അങ്ങനെ ആണെങ്കിലും. ഇന്ദിരയുടെ പേരിലെ 'ഐ' ആണ് അതിലെ ഐ എന്നും ഗ്രൂപ്പ് സ്ഥാപകന്‍ ലീഡര്‍ കെ. കരുണാകരനാണ് എന്നും ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തലയാണ് വര്‍ത്തമാനകാല നേതാവ്. ഭൂതത്തില്‍, അത് ഭാഗികസത്യം മാത്രമായിരുന്നു. ലീഡറെ എതിര്‍ത്ത് ഗ്രൂപ്പുമാറിയ രമേശ്, ഗ്രൂപ്പ് നേതാവായും ഗ്രൂപ്പിനുവേണ്ടി കുറേ ഉറക്കമിളയ്ക്കുകയും തലപുകയ്ക്കുകയും പരക്കംപായുകയും ചെയ്ത കരുണാകരപുത്രന്‍ അതിന്റെ നാലയലത്തൊന്നും അടുക്കാനാവാതെ അലയുന്നതും ഗ്രൂപ്പിസനാടകത്തിലെ സസ്‌പെന്‍സ് രംഗങ്ങളാണ്.

പറഞ്ഞുവന്നത് ഗ്രൂപ്പിസം നിര്‍ത്തിവെച്ചതിനെ കുറിച്ചാണല്ലോ. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഗ്രൂപ്പിസംകൊണ്ട് വലിയ പ്രയോജനമില്ല. ഭരണം നടക്കുമ്പോഴാണ് ഗ്രൂപ്പിസം സര്‍വ വിധ്വംസക രൂപ ഭാവഹാവാദികളോടെ അവതരിക്കാറ്. എണ്ണമറ്റ സര്‍ക്കാര്‍സ്ഥാനങ്ങള്‍ ഓഹരി വെക്കുക എന്ന 'ഹെര്‍ക്കുലിയന്‍' സാഹസത്തിനിടയില്‍ ഗ്രൂപ്പിസയുദ്ധം പൂര്‍വാധികം ആക്രമണോത്സുകമായി മാറും. ഇത്തവണ ഓഹരിവെപ്പ് ഒരുഭാഗത്തും ഗ്രൂപ്പിസരഹിത യജ്ഞം മറുഭാഗത്തും നിര്‍വിഘ്‌നം നടന്നത്രേ. കാക്ക മലര്‍ന്നും പറന്നു. ഓഹരിവെപ്പാകട്ടെ തീര്‍ന്നുമില്ല. അഞ്ചുവര്‍ഷത്തെ ഭരണകാലാവധി തീരുംമുമ്പ് അത് പൂര്‍ത്തിയാക്കാനായിരുന്നു പ്ലാന്‍. പക്ഷേ, അതിനി നടക്കുമെന്ന് തോന്നുന്നില്ല. സ്ഥാനമൊന്നും കിട്ടിയില്ലെങ്കിലെന്ത് ? ഇനി ഗ്രൂപ്പ് യുദ്ധം തുടങ്ങാം. വാര്‍ഡ് മുതല്‍ കെ.പി.സി.സി.വരെ റിബല്‍ കമ്മിറ്റികള്‍, ബദല്‍ കമ്മിറ്റികള്‍, സമാന്തര സമ്മേളനങ്ങള്‍, ചാനലിലും പത്രസമ്മേളനത്തിലും വിഴുപ്പലക്കലുകള്‍, തെരുവ് യുദ്ധം, മുണ്ടുരിയല്‍ ...ഹ ഹ...എന്തെല്ലാം എന്തെല്ലാം കാണാനിരിക്കുന്നു.

ഗ്രൂപ്പിസമില്ലാതെ രണ്ടുവര്‍ഷം ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നോ വലിയ നേട്ടങ്ങളുണ്ടാക്കിയെന്നോ ആരും അവകാശപ്പെടുന്നില്ല. എന്നാലും വഷളാകുന്നതിന്റെ തോത് ലേശം കുറയ്ക്കാനായിട്ടുണ്ടാകാം. രണ്ടാള്‍ ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാര്‍ രണ്ടുമാസം കൊണ്ട് നിലംപതിക്കേണ്ടതാണ്. പക്ഷേ, രണ്ടുവര്‍ഷം തികച്ചു. വലിയനേട്ടം തന്നെ. ഭൂരിപക്ഷം രണ്ടേ ഉള്ളൂ എന്നതാണ് ഗ്രൂപ്പിസ വിരാമത്തിന് കാരണം എന്നൊരു വാദമുണ്ട്. ഏത് ജീവിക്കും അതിജീവനബുദ്ധി ഉണ്ടാകുമെന്നും അതുള്ള കൂട്ടമേ നിലനില്‍ക്കൂ എന്നും പരിണാമ സിദ്ധാന്തക്കാര്‍ പറയും. കോണ്‍ഗ്രസ് ജീവിക്ക് അത് ബാധകമല്ല. അതിജീവനബുദ്ധിയുള്ള ജീവികള്‍ മാത്രമല്ല, ആത്മഹത്യാപ്രവണതയുള്ള ബുദ്ധിജീവികളും ഭൂമിയിലുണ്ടല്ലോ.

രണ്ടംഗഭൂരിപക്ഷം മൂലമുണ്ടായ സഹിഷ്ണുത അഭൂതപൂര്‍വമായ തൊലിക്കട്ടിവികാസത്തിലേക്ക് നയിച്ചതിന്റെ ലക്ഷണങ്ങളും കാണാമായിരുന്നു. വഴിയോരത്ത് കെട്ടിയ ചെണ്ടയുടെ മേലെന്നപോലെ ആര്‍ക്കും വഴിനടക്കുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റിനെ വെറുതേ ഒന്നുകൊട്ടാം. കൊട്ടിയാലും മാന്തിയാലും തല്ലിയാല്‍ത്തന്നെയും ഒരു പ്രതികരണവുമുണ്ടാകില്ല. കെ.പി.സി.സി. പ്രസിഡന്റിനെ ദിവസവും രണ്ട് തെറി പറയാതെ എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറിക്ക് ഉറക്കം വരില്ല. ചതിയന്‍, വഞ്ചകന്‍, കാശിന് കൊള്ളാത്തവന്‍ തുടങ്ങിയ ഒട്ടനവധി ശ്രേഷ്ഠബഹുമതികളാണ് ജാതിവോട്ടുബാങ്കുടമകള്‍ ഈ പാവപ്പെട്ട വായ്പാകുടിശ്ശികക്കാരന് സമ്മാനിച്ചിട്ടുള്ളത്. ഇവരുടെ ശ്രേഷ്ഠഭാഷ കേട്ട് മന്നത്ത് പത്മനാഭനും കിടങ്ങൂരുമൊക്കെ പരലോകത്തിന്റെ മതില്‍ചാടി പെരുന്നയില്‍വന്ന് ജനറല്‍സെക്രട്ടറിക്ക് രണ്ട് കൊടുക്കുമോ എന്ന് നമ്മള്‍ ഭയപ്പെടും. പക്ഷേ, കെ.പി.സി.സി. പ്രസിഡന്റ് ഒരക്ഷരം മിണ്ടുകയില്ല. ക്ഷമയ്ക്കും സമാധാനത്തിനുമുള്ള അടുത്ത  നൊബേല്‍സമ്മാനം കെ.പി.സി.സി. പ്രസിഡന്റിന് കിട്ടാനിടയുണ്ട്. പണ്ടായിരുന്നെങ്കില്‍, പ്രസിഡന്റിനെക്കുറിച്ച് ആരെങ്കിലും മോശമായി വല്ലതും പറഞ്ഞാല്‍ പ്രസിഡന്റിന്റെ ഗ്രൂപ്പുകാരെങ്കിലും ചാടിക്കടിക്കുമായിരുന്നു. ഗ്രൂപ്പിസം നിര്‍ത്തിയതുകൊണ്ടാണ് അതില്ലാതായത് എന്നുധരിക്കേണ്ട. സ്ഥാനത്തിനും വോട്ടിനുംവേണ്ടി പെരുന്നയിലെ ഗേറ്റിന് മുട്ടാത്ത, നാളെ മുട്ടില്ലെന്ന് ഉറപ്പുള്ള കോണ്‍ഗ്രസ്സുകാര്‍ അധികം നാട്ടിലില്ലാത്തതുകൊണ്ടാണ്.

നാട്ടിലെ കൊള്ളപ്പലിശക്കാര്‍ ജാതിവോട്ടുബാങ്ക് മുതലാളിമാരേക്കാള്‍ മാന്യന്മാരാണ്. കടംവാങ്ങിയ പണവും പലിശയും തിരിച്ചുകിട്ടിയില്ലെങ്കില്‍ അവര്‍ ക്വട്ടേഷന്‍ ഗുണ്ടകളെ അയച്ച് കിട്ടാനുള്ളതൊക്കെ പെറുക്കിക്കൊണ്ടുപോവുകയോ ഒന്നും കിട്ടിയില്ലെങ്കില്‍ തല്ലി കാലൊടിക്കുകയോ മാത്രമേ ചെയ്യൂ. ദിവസവും കടംവാങ്ങിയവന്റെ വീടിനുമുന്നില്‍ ചെന്നുനിന്ന് പൂരപ്പാട്ട് പാടുകയില്ല. ജാതിവോട്ടുബാങ്കിലെ കൊള്ളപ്പലിശ സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് കൊടുക്കണം. ഇല്ലെങ്കില്‍ അന്ന് രാത്രിതന്നെ കിട്ടാനുള്ളത് കിട്ടും. കാലുതടവുമ്പോള്‍ കിട്ടുന്ന ചവിട്ടുകളെ തലോടല്‍പോലെ സ്വീകരിച്ചല്ലേ പറ്റൂ; ശീലമായാല്‍ പ്രശ്‌നമുണ്ടാകില്ല.

ചില കൊള്ളപ്പലിശക്കാരുടെ പ്രേരണയ്ക്ക് വഴങ്ങിയാണ് കോണ്‍ഗ്രസ്സുകാര്‍ മൂലയില്‍ക്കിടന്ന ഉപമുഖ്യമന്ത്രിമഴു എടുത്ത് കാലിനിട്ടത്. അസമയത്ത് ദുരൂഹമായ കാരണങ്ങളാല്‍ കെ.പി.സി.സി. പ്രസിഡന്റ് നടത്തിയ യാത്രയ്ക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ഭരണ വാര്‍ഷികാഘോഷം പൊടിപൊടിക്കുന്നതിനിടയിലാണ് പ്രസിഡന്റ് വടക്കുതെക്ക് യാത്രതിരിച്ചത്. ഏത് യാത്രയ്ക്കും ഒരു രഹസ്യ ലക്ഷ്യസ്ഥാനം കൂടിയുണ്ടാവും എന്നാരോ എഴുതിയിട്ടുണ്ട്. നല്ലയിനം എ.സി. വണ്ടിയിലൊക്കെത്തന്നെ ആണെങ്കിലും ഈ വരണ്ട വേനലില്‍ ഏത് രഹസ്യസ്ഥാനത്തേക്കാവും പ്രസിഡന്റ് പുറപ്പെട്ടത് എന്ന് പ്രസിഡന്റിന് തന്നെയേ അറിയൂ. ഉപമുഖ്യമന്ത്രിയാകാന്‍ ഇപ്പണി ചെയ്യേണ്ട കാര്യമില്ലല്ലോ. യാത്ര, തിരുവനന്തപുരത്ത് എത്തുമ്പോള്‍ കൂരിരുള്‍ പരക്കുമെന്നോ ഇടിമിന്നലുകള്‍ ഭൂമിയെ പിളര്‍ക്കുമെന്നോ മറ്റോ പ്രസിഡന്റ് പ്രവചിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിത്ര ദയനീയമാകുമെന്ന് ആരും കരുതിയിരുന്നില്ല. ഇനി അനുഭവിക്കുക തന്നെ, നേതാക്കളും ജനവും.

No comments:

Post a comment