Sunday, 30 June 2013

ന.മോ.യുടെ അദ്ഭുതവൃത്തികള്‍


ഭാവിപ്രധാനമന്ത്രിയുടെ സത്കര്‍മങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. അദ്വാനി ആരാധകര്‍ മുതല്‍ കൊടിയ രാഷ്ട്രശത്രുക്കള്‍വരെ നരേന്ദ്രമോഡിജിയുടെ യശസ്സില്‍ കരിയോയില്‍ ഒഴിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നുണ്ടെന്നത് സത്യം. പക്ഷേ, അവരുടെ എല്ലാ കുടിലശ്രമങ്ങള്‍ക്കും മീതെ ഉയര്‍ന്നുപറക്കുകയാണ് ന.മോ.യുടെ കീര്‍ത്തി. ലിസ്റ്റില്‍ ഒടുവിലുള്ള രണ്ടില്‍ ആദ്യത്തേത് നാലഞ്ച് രാഷ്ട്രശത്രുക്കളെ ഗുജറാത്ത് പോലീസ് പച്ചയ്ക്ക് വെടിവെച്ചുകൊന്നു എന്നതാണ്. ഈ രാജ്യസേവനത്തിന് വ്യാജഏറ്റുമുട്ടല്‍ക്കൊല എന്നാണ് വ്യാജമതേതരക്കാര്‍ വിളിക്കുന്ന പേര്. അവരുടെ പോലീസ് ഇതിന്റെ പേരില്‍ കേസുണ്ടാക്കുകയും ചെയ്യുന്നു. സംഗതി സബ്ജുഡിസ് ആണ്. കോടതിക്കുപുറത്ത് ചര്‍ച്ച പാടില്ല. രണ്ടാമത്തേത് ഉത്തരാഖണ്ഡിലെ അദ്ഭുതപ്രവൃത്തിയാണ്. അതിനെക്കുറിച്ച് ആജീവനാന്ത ചര്‍ച്ചയാകാം.
പ്രളയത്തില്‍ കുടുങ്ങിപ്പോയ 15,000 ഗുജറാത്തികളെ ന.മോ. പറന്നുചെന്ന് ഒരുദിവസംകൊണ്ട് രക്ഷപ്പെടുത്തിയെന്ന് കേട്ടപ്പോഴുണ്ടായ രോമാഞ്ചം ഇപ്പോഴും എഴുന്നുനില്‍ക്കുകയാണ്. മാധ്യമങ്ങളിലും സോഷ്യല്‍ മാധ്യമങ്ങളിലും അക്കഥ പാടി രസിക്കുകയായിരുന്നു മോഡിയാരാധകര്‍. ഇംഗ്ലീഷ് സിനിമകളില്‍ റാംബോ എന്നൊരു കഥാപാത്രമുണ്ടല്ലോ. ശത്രുവിനെ തുരത്താനായാലും ശരി മിത്രത്തെ രക്ഷിക്കാനായാലും ശരി, എന്തും ചെയ്യും ഗുജറാത്തി റാംബോ ആയി ന.മോ. സീതയെ രക്ഷിക്കാന്‍ ഹനൂമാന്‍ കടല്‍ ചാടിക്കടന്ന് ലങ്കയില്‍ പോയതാണ് ജനത്തിന് ഓര്‍മവന്നത്. അദ്ഭുതകഥകളുടെ ഒരു കുഴപ്പം ആഴ്ചയൊന്ന് കഴിയുമ്പോള്‍ അതിന് താനേ കാറ്റുപോകും എന്നതാണ്.

80 ഇന്നോവകാറുകള്‍ ഇറക്കിയാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായി നിര്‍വഹിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. റോഡ്തന്നെ ഇല്ലാതായ നാട്ടിലെങ്ങനെയാണ് ഇന്നോവ ഓടിയതെന്നായി ചോദ്യം. 15,000 പേരെ രക്ഷിക്കാന്‍ എത്ര ഹെലികോപ്റ്റര്‍ ഇറക്കിയിരിക്കാം എന്നായി അടുത്ത അസംബന്ധചോദ്യം. പട്ടാളം ആഴ്ചകള്‍ ചത്തുപണിയെടുത്ത് രക്ഷപ്പെടുത്തിയത് 40,000 പേരെയാണ്. ന.മോ. ഒരുദിവസംകൊണ്ട് രക്ഷിച്ചത് 15,000 പേരെയും! 80 ഇന്നോവകാറുകള്‍ക്ക് ഇത്രയും പേരെ സമതലത്തിലെത്തിക്കാന്‍ 10 ദിവസം ചുരുങ്ങിയത് വേണ്ടിവരുമെന്ന് ചില ട്രാന്‍സ്‌പോര്‍ട്ട് വിദഗ്ധര്‍ കണക്കുകൂട്ടുന്നുണ്ടായിരുന്നു. ദുരന്തം ഒരു ദേശീയ ദുരന്തമായിരിക്കെ, മുഖ്യമന്ത്രിമാര്‍ ലോറിയും ഓട്ടോറിക്ഷയുമായി വന്നാല്‍ ഉപദ്രവമാകുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കര്‍ശനമായി വിലക്കുമ്പോഴാണോ ഒരു മുഖ്യമന്ത്രി മുന്തിയ കാറുകളും ബസ്സുകളുമായി വന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്? രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ളവര്‍ നിന്ന് നരകിക്കുമ്പോള്‍ ഭാവിപ്രധാനമന്ത്രി എങ്ങനെ സ്വന്തം സംസ്ഥാനക്കാരെമാത്രം തിരഞ്ഞുപിടിച്ച് രക്ഷിച്ചു എന്നായി ചില സംശയരോഗികളുടെ അന്വേഷണം.

സത്യം പറയണമല്ലോ, പതിനയ്യായിരത്തിന്റെ കഥയൊന്നും നരേന്ദ്രമോഡി പറഞ്ഞതല്ല. വിനയവാനായതുകൊണ്ട് ഇത്തരം അവകാശവാദങ്ങളൊന്നും ഉന്നയിക്കാറില്ല. പതിനയ്യായിരം പേരെ രക്ഷിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ നെഞ്ചളവ് ഇനിയും കൂട്ടാന്‍ കഴിയില്ല. അത് മാക്‌സിമത്തില്‍ നില്‍ക്കുകയാണല്ലോ. കണക്കൊന്നും പറഞ്ഞിട്ടേയില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞപ്പോള്‍, പിന്നെ ആരുപറഞ്ഞതാണെന്ന അന്വേഷണമായി പാര്‍ട്ടി. പ്രസിഡന്റ് രാജ്‌നാഥ്‌സിങ് മോഡിയെത്തന്നെ വിളിച്ചുചോദിച്ചു. സംഗതി മാധ്യമസൃഷ്ടിയാണെന്ന നിഗമനത്തിലെത്തി പാര്‍ട്ടി. അങ്ങനെവിട്ടാല്‍ പറ്റില്ലല്ലോ. ദേശീയപത്രങ്ങളും അന്വേഷണമായി. ഒടുവിലിതാ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നു- ഉത്തരാഖണ്ഡിലെ ഹല്‍ഡ്വാണിയിലെ പാര്‍ട്ടിവക്താവ് പറഞ്ഞതാണ് പതിനയ്യായിരത്തിന്റെ കണക്ക്. പക്ഷേ, അയാള്‍ക്കും ന്യായീകരണമുണ്ട്. രക്ഷിച്ചുകൊണ്ടുപോയി എന്നല്ല പറഞ്ഞത്. മോഡിയുടെ വരവ് പതിനയ്യായിരം ഗുജറാത്തുകാര്‍ക്ക് പ്രയോജനപ്പെട്ടു എന്നാണ്. ഉള്ളിയുടെ തോല് പൊളിച്ചുപൊളിച്ച് ചെന്നാല്‍ അവസാനത്തെ ഒരു തുമ്പുണ്ടല്ലോ, അതാണ് ഇത്.

വേറെയും ചില വിവരങ്ങള്‍ അന്വേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മോഡിയല്ല, അദ്ദേഹത്തിന്റെ പ്രതിച്ഛായനിര്‍മാണ സ്ഥാപനമായ അപ്‌കോ വേള്‍ഡ് വൈഡ് ആണ് ഇക്കഥ സൃഷ്ടിച്ചതത്രേ. അമേരിക്കന്‍ കമ്പനിയാണ്. ചില്ലറക്കാരല്ല ഇവര്‍. കസാഖിസ്താനിലെയും അസര്‍ബൈജാനിലെയും തുര്‍ക്‌മെനിസ്താനിലെയും നൈജീരിയയിലെയുമെല്ലാം ഏകാധിപതിമാര്‍ക്ക് പ്രതിച്ഛായ സമാവറില്‍ തിളപ്പിച്ചെടുക്കുന്നത് ഇവരത്രേ. പുകവലികൊണ്ട് ഗുണമേയുള്ളൂവെന്ന് ജനത്തെ വിശ്വസിപ്പിക്കാന്‍ സിഗരറ്റ്കമ്പനികളുടെ വക്കാലത്ത് എടുത്ത കൂട്ടര്‍ക്ക് എന്താണ് പാടില്ലാത്തത്? ആറുവര്‍ഷംമുമ്പ് വൈബ്രന്‍ഡ് ഗുജറാത്ത് പൊലിപ്പിച്ചെടുക്കാന്‍ ഇവര്‍ക്ക് മാസം 25,000 ഡോളറാണ് കൂലി കൊടുത്തിരുന്നതത്രേ. ഒരു പ്രധാനമന്ത്രിയെ സൃഷ്ടിച്ചെടുക്കാന്‍ മാസം എന്ത് ചെലവുവരുമെന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാണ്.
പക്ഷേ, നാട്ടിന്‍പുറത്ത് പറയുന്നതുപോലെ വാര്‍ക്കുമ്പോള്‍ കാതുള്ള ചെമ്പ് വാര്‍ക്കണം. എങ്കിലേ പിടിക്കാന്‍ കിട്ടൂ. ഇല്ലെങ്കില്‍ വീണ് പൊട്ടിപ്പൊളിഞ്ഞുപോകും. വേറെ പ്രശ്‌നമൊന്നുമില്ല.

* * * *

കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരും കുടുങ്ങിപ്പോയിരുന്നു ഉത്തരാഖണ്ഡില്‍. അവരെ കൊണ്ടുവരാന്‍ മലയാളിറാംബോമാരൊന്നും കുതിച്ചുചെല്ലാഞ്ഞതില്‍ പരിഭവവും പരാതിയും സ്വഭാവികംമാത്രം. പക്ഷേ, വലിയ പ്രതിഷേധമുണ്ടായത് ഇവിടെനിന്നുപോയ സന്ന്യാസിമാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിലാണ്. യുക്തിവാദികള്‍ക്ക് എന്തും പറയാം. തീര്‍ഥാടകരെയും സന്ന്യാസിമാരെയും രക്ഷിക്കാന്‍ ദൈവം ഹെലികോപ്റ്റര്‍ അയയ്ക്കട്ടെയെന്നുമാത്രം അവര്‍ പറയില്ല. കാരണം, അവര്‍ക്ക് ദൈവമില്ലല്ലോ! സന്ന്യാസിമാര്‍ സത്യാഗ്രഹം ഇരിക്കേണ്ടത് സന്ന്യാസിമാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെടാനല്ല, സാധാരണ തീര്‍ഥാടകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെടാനാണ് എന്നുംമറ്റും പ്രസ്താവനയിറക്കാം. അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ എന്ന് പറഞ്ഞതുപോലെ, സ്വന്തം കാര്യം വരുമ്പോഴാണോ സിദ്ധാന്തം പറയേണ്ടത്.
ഇന്നോവകാര്‍ അയച്ചുതരട്ടേയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി വിളിച്ചുചോദിച്ചെന്നും ഇവിടെനിന്ന് ഉമ്മന്‍ചാണ്ടി ഏതാനും നാനോ കാര്‍ എങ്കിലും അയച്ചുതരുമെന്ന പ്രതീക്ഷയില്‍ അത് നിരസിച്ചെന്നും സന്ന്യാസിമാര്‍ പറഞ്ഞതായി കേള്‍ക്കുന്നുണ്ട്. സത്യമാവാനിടയില്ല. പ്രളയഭൂമിയില്‍ മരണത്തെ മുന്നില്‍ക്കണ്ടുനില്‍ക്കുന്നവര്‍ കാളവണ്ടിയില്‍ പിടിച്ചുതൂങ്ങിയും രക്ഷപ്പെടും. ബദരീനാഥിലെ ബോലാനന്ദ ആശ്രമത്തില്‍ സാമാന്യം ഭേദപ്പെട്ടനിലയില്‍ കഴിയുന്നവര്‍ക്ക് അങ്ങനെ ധൃതിപ്പെടേണ്ട കാര്യമൊന്നുമില്ലല്ലോ. ബദരീനാഥിലെ ആസ്ഥാന പുരോഹിതനായ റാവല്‍ജിയുടെ സഹായമുണ്ടായിട്ടുംകേരള സന്ന്യാസിമാര്‍, തങ്ങളെ കേരള സര്‍ക്കാര്‍ ഹെലികോപ്റ്ററയച്ചുതന്നെ രക്ഷപ്പെടുത്തണമെന്ന് വാശിപിടിച്ചതായി പത്രവാര്‍ത്തയുണ്ട്. അതും മാധ്യമസൃഷ്ടിയാവും. ഇനി സത്യമാണെങ്കില്‍ത്തന്നെ അത് തെറ്റല്ല. എല്ലാവരെയുംപോലെ റോഡ്മാര്‍ഗം പോവേണ്ടവരല്ല തങ്ങള്‍ എന്നുതോന്നിയാല്‍ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ?

മരണം താണ്ഡവനൃത്തം ചവിട്ടുന്ന പ്രളയഭൂമിയില്‍ ഒരുവശത്ത് രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള അല്പത്തം നിറഞ്ഞ വിക്രിയകള്‍, തന്‍പോരിമ കാട്ടുന്ന ചെറിയ മനുഷ്യര്‍, കൊള്ളകള്‍, തട്ടിപ്പുകള്‍, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്. ബലാത്സംഗംപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു ആ പുണ്യഭൂമിയില്‍നിന്ന്. പാലുള്ള അകിട്ടില്‍ ചോരതന്നെ കൊതുക് നോക്കുന്നത്. ആദര്‍ശവും ആത്മീയതയും ഒന്നും നെറ്റിയിലൊട്ടിച്ചുനടക്കാത്തതിന്റെ ദോഷമാവും, നാല് കുറ്റംപറയിപ്പിക്കാന്‍ പട്ടാളക്കാര്‍ക്കുമാത്രം കഴിഞ്ഞില്ല. മോശമായിപ്പോയി.

* * *

66 വര്‍ഷമായി കോണ്‍ഗ്രസ് ഭരണകക്ഷി-പ്രതിപക്ഷം കളിക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോഴിതാ സോളാര്‍ ഫെയിം സരിതാനായര്‍ വേണ്ടിവന്നു പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിക്കാന്‍. മന്ത്രിമാരെ പാര്‍ട്ടി കയറൂരിവിട്ടതിന്റെ ഫലമാണത്രേ യു.ഡി.എഫ്. ഇപ്പോള്‍ അനുഭവിക്കുന്ന ധനനഷ്ടം, ആള്‍നഷ്ടം, മാനനഷ്ടം തുടങ്ങിയ സകലമാന ദുരന്തങ്ങളും. മന്ത്രിമാരെ പാര്‍ട്ടി നിയമിക്കുന്നു. പിന്നെയെല്ലാം മന്ത്രിയായി, മന്ത്രിയുടെ പാടായി. മന്ത്രിമാരുടെ സ്റ്റാഫിനെ നിയമിക്കുന്നതില്‍ പാവപ്പെട്ട കെ.പി.സി.സി. പ്രസിഡന്റിനെ അടുപ്പിക്കുകയേ ഇല്ല. ഇനിമേല്‍ അത് നടപ്പില്ല. ഇനി എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നിതാ പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരിക്കുന്നു.

കളി കൈവിട്ടുപോയിരിക്കുന്നു എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ പേഴ്‌സണല്‍ സ്റ്റാഫിന് പെരുമാറ്റച്ചട്ടം ഉണ്ടാക്കിയത്. ഉണ്ടാക്കിയത് പാര്‍ട്ടിയാണോ ഉദ്യോഗസ്ഥരാണോ എന്ന് വ്യക്തമല്ല. ആകപ്പാടെ ഒരു സമാധാനമുള്ളത് മന്ത്രിസഭ അധികാരത്തില്‍ വന്നാല്‍ കൊല്ലം മൂന്ന് കഴിയും കോര്‍പ്പറേഷനും ബോര്‍ഡുകളുമെല്ലാം ഓഹരിവെച്ച് നിയമനം നടത്താന്‍. പേഴ്‌സണല്‍ സ്റ്റാഫ് നിയന്ത്രണം പതിന്മടങ്ങ് സങ്കീര്‍ണമാണ്. അഞ്ചുവര്‍ഷ കാലാവധിയോട് അടുക്കുമ്പോഴേ അതുണ്ടാകാന്‍ വഴിയുള്ളൂ. അതുവരെ ഒന്നോ രണ്ടോ ബുദ്ധിയുള്ള ഐ.എ.എസ്സുകാരെവെച്ച് കാര്യംനടത്തിയാല്‍ ഭരണം അടിപൊളിയാവും. ജനത്തിന് അത്രയും നികുതിപ്പണം ലാഭമാവുകയും ചെയ്യും.


Sunday, 23 June 2013

എന്തൊരു കരുതല്‍ !

ക്ലിക്കാവുന്ന മുദ്രാവാക്യങ്ങളുണ്ട്; ദുശ്ശകുനമായി മാറുന്നവയുമുണ്ട്. മുഷ്ടിചുരുട്ടി അലറുന്ന മുദ്രാവാക്യത്തെക്കുറിച്ചല്ല പറയുന്നത്. കേരള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി പോലുള്ള ഭംഗിവാക്കുകളെക്കുറിച്ചാണ്. എന്തൊരു അസംബന്ധ വാക്യമാണതെന്ന് ഓര്‍ത്താല്‍ ചിരി നിര്‍ത്താന്‍ കഴിയില്ല. പക്ഷേ, സംഗതി ക്ലിക്കായി. വാക്യത്തിന്റെ പേറ്റന്റ് മറ്റാരുടേതോ ആണെന്നും കോപ്പിറൈറ്റ് ലംഘനത്തിന് കേസില്ലാത്തത് എന്തോ ഭാഗ്യമാണെന്നും പറയുന്നത് കേട്ടിട്ടുണ്ട്. എന്തോ ആവട്ടെ, സംഗതി ക്ലിക്കായല്ലോ അതുമതി. ഇത്തരം ഓരോ മുദ്രാവാക്യങ്ങള്‍ ഉണ്ടാവേണ്ടത് കച്ചവടം മെച്ചപ്പെടുത്താന്‍ ആവശ്യമാണ്. കച്ചവടത്തിന്റെ കൂട്ടത്തില്‍ രാഷ്ട്രീയവും പെടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുദ്രാവാക്യനിര്‍മാണത്തിന് ലോകോത്തര എഴുത്തുകാരുടെയും പരസ്യവാചക നിര്‍മാതാക്കളുടെയും സേവനം ഉപയോഗപ്പെടുത്തുന്നവരാണ് ദേശീയ നേതാക്കള്‍.

കേരളത്തിലെ പാര്‍ട്ടികള്‍ക്കൊന്നും ആ ലവലില്‍ പോകാന്‍ കഴിയില്ല. അവര്‍ പാര്‍ട്ടി ആസ്ഥാനത്തെ ബുജികളെ പണിയേല്‍പ്പിക്കുകയാണ് പതിവ്. യു.ഡി.എഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഉയര്‍ത്തിയ മുഖ്യ മുദ്രാവാക്യം ഈ ഗണത്തില്‍പ്പെടും. 'വികസനവും കരുതലും'. ആംഗലത്തില്‍നിന്നാണ് അതിന്റെ ഒറിജിനല്‍ വന്നത്- ഡെവലപ്‌മെന്റ് ആന്‍ഡ് കെയര്‍. ഇംഗ്ലീഷുകൂടി കേട്ടാലേ പല മലയാളംവാക്കിന്റെയും അര്‍ഥം പിടികിട്ടൂ. യു.ഡി.എഫിന്റെ മാനിഫെസ്റ്റോയില്‍ ബ്രാക്കറ്റില്‍ കൊടുത്തത് വായിച്ചവര്‍ക്ക് സംശയമുണ്ടായി. വികസനം, ഡെവലപ്‌മെന്റാണ് എന്നതില്‍ തര്‍ക്കമില്ല. കരുതല്‍ എന്താണ് പടച്ചോനെ? കെയര്‍ ആണോ കരുതല്‍? അതെന്തോ ആവട്ടെ... യു.ഡി.എഫിന് വോട്ട് ചെയ്തവരാരും അത് അന്വേഷിച്ചിട്ടില്ല. വോട്ട് ചെയ്യാത്തവരും അന്വേഷിച്ചിട്ടില്ല. ജനനത്തില്‍ത്തന്നെ ചത്തുപോയ ഒരു മുദ്രാവാക്യമായിരുന്നു അതെന്ന് ചുരുക്കം.

എങ്കില്‍പിന്നെ, ഇപ്പോഴെന്തിനാണ് അത് വീണ്ടും എഴുന്നള്ളിച്ച് കൊണ്ടുവരുന്നത് എന്നാരും ചോദിച്ചുപോകും. ഇന്നലെ ചത്ത ചില മുദ്രാവാക്യങ്ങള്‍ ഇന്ന് എഴുന്നേറ്റുവരും, ദുശ്ശകുനങ്ങളായി. യു.ഡി.എഫ്. ഭരണത്തില്‍ ഏറ്റവും പ്രസക്തമായ വാക്കാണ് 'കരുതല്‍' എന്നുവന്നിരിക്കുന്നു. കരുതല്‍ ഇല്ലായ്മ എന്ന് ചേര്‍ക്കണമെന്നേയുള്ളൂ. തിരഞ്ഞെടുപ്പില്‍ കഷ്ടിച്ചാണ് ജയിച്ചതെങ്കിലും പിറവം നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പോടെ ടോപ്ഗിയറില്‍ ഓടിയ യു.ഡി.എഫ്. വണ്ടി ഓട്ടംനിര്‍ത്തി. ഇപ്പോഴത് റിവേഴ്‌സ് ഗിയറിലും ആണ്. ഡ്രൈവര്‍തന്നെയാണ് വണ്ടിയുടെ ഗിയര്‍ റിവേഴ്‌സിലാക്കിയത്. വേറെ ആരെയും പഴിച്ചിട്ട് കാര്യമില്ല.
കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന രമേശ് ചെന്നിത്തലയെക്കൊണ്ട് നിയമസഭയിലേക്ക് നോമിനേഷന്‍ കൊടുപ്പിച്ചുകൊണ്ടാണ് കരുതല്‍ പ്രക്രിയ ഉദ്ഘാടനംചെയ്തത്. എന്തൊരു ബുദ്ധിയായിരുന്നു! ഒരു നായര്‍ മുഖ്യമന്ത്രിയാകാനുള്ള വിദൂരസാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാല്‍ മുന്നണിക്ക് വോട്ടുചെയ്യുന്നവരാണ് ഭൂരിപക്ഷ സമുദായക്കാരെന്ന മുന്‍കരുതലായിരുന്നു സംഗതിയുടെ പിന്നില്‍. ചെന്നിത്തല മുഖ്യമന്ത്രിയുമായില്ല, ഉപനുമായില്ല. ലവലേശം ഉണ്ടായിരുന്ന ഐക്യവും ഭരണമികവും സല്‍പേരും ഉപമുഖ്യമന്ത്രി വിവാദത്തോടെ കാശിക്കുപോയി. പോട്ടെ.

എത്ര കരുതലോടെയാണ് മുഖ്യമന്ത്രി സുതാര്യത ഉപമുഖ്യ മുദ്രാവാക്യമായി കൊണ്ടുനടന്നതെന്നോര്‍ത്തുനോക്കൂ. സുതാര്യത- എത്ര സുന്ദരമായ പദം. ലോകം സുന്ദരമായതിനെ കേള്‍ക്കാന്‍ കൊള്ളാത്ത നാണക്കേടാക്കി മാറ്റുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ളവരാണ് നാം. സുതാര്യതയ്ക്കാണ് ഇതില്‍ ഒന്നാംസ്ഥാനം. സൗരോര്‍ജം ലോകത്തിന്റെ ഭാവിപ്രതീക്ഷയാണ്. ഇപ്പോള്‍ അതൊരു തെറിവാക്കായിട്ടുണ്ട്- 'ഐസ്‌ക്രീം' പോലെ. വീടിനുമുകളില്‍ സൗരോര്‍ജപാനല്‍ വെച്ചവര്‍ ആളുകാണാതിരിക്കാന്‍ ടാര്‍പോളിനിട്ട് മറച്ചാലോ എന്ന് ആലോചിക്കുകയാണ്. വൈദ്യുതി കിട്ടിയില്ലെങ്കിലും സാരമില്ല, നാണക്കേടില്ലല്ലോ. കാര്യക്ഷമതയുടെ ലോകമാതൃകയായ ജപ്പാന്റെ, കേരളത്തിലെ പ്രതീകം റോഡിലെ ജപ്പാന്‍കുഴികളാണ്. അറിഞ്ഞാല്‍ അവര്‍ ഹരാകിരി നടത്തി സ്വന്തം ജീവനൊടുക്കും. അത്ര അഭിമാനികളാണ് അവര്‍. ശരിക്കും അവര്‍ വാളുമായി വന്ന് കുത്തിക്കീറേണ്ടത് നമ്മുടെ കുടലാണ്.

സ്റ്റാച്യു ജങ്ഷനിലെ പലചരക്കുകടയില്‍ നില്‍ക്കുമ്പോഴാണ് വീട്ടിലെ വിളക്ക് കത്തുന്നില്ലെന്ന് ഓര്‍മ വരുന്നതെങ്കില്‍ കെ.എസ്.ഇ.ബി.യില്‍ പോകുന്നതിലും സൗകര്യം കേറി ഒരു നിവേദനം എഴുതി മുഖ്യമന്ത്രിയെ ഏല്‍പ്പിക്കലാണ്. മുഖ്യമന്ത്രിയുടെ മുറിയില്‍ വീഡിയോ ക്യാമറ വെച്ചതിലെ കരുതലിന്റെ അടുത്തുവരില്ല മറ്റൊന്നും. മുഖ്യമന്ത്രിയുടെ കസേരയില്‍ ഭ്രാന്തന്‍ വന്നിരുന്നത് നാട്ടുകാര്‍ക്കെല്ലാം കാണാനും അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസ് ചാനലിന്റെ ടാം റേറ്റിങ് കൂട്ടാനും കഴിഞ്ഞു. ഭ്രാന്തനുപകരം തോക്കും കൊണ്ടൊരു തീവ്രവാദി വരാതിരുന്നത് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയായതുകൊണ്ട് മൂപ്പര് വേണ്ടെന്നുവെച്ചതാകാനേ തരമുള്ളൂ.

ഏറ്റവും കരുതലോടെ ഓഫീസ് ജീവനക്കാരെ തിരഞ്ഞെടുത്തതിന് ഐക്യരാഷ്ട്രസഭ അവാര്‍ഡ് ഏര്‍പ്പെടുത്തിയാല്‍ അതും നമുക്കായിരിക്കുമെന്ന് ഉറപ്പ്. എന്‍ട്രി അയയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസുകാര്‍ക്ക് സമയം കിട്ടുമോ എന്നേ നോക്കേണ്ടൂ. കേന്ദ്ര കാബിനറ്റ് മന്ത്രിക്കുള്ളതിന്റെ ഇരട്ടിയാളുകള്‍ ഇവിടെ ഓരോ മന്ത്രിക്കുമുണ്ടെങ്കിലും പിടിപ്പത് പണിയാണ് എല്ലാവര്‍ക്കും. നാല് കാശുണ്ടാക്കാന്‍ നടക്കുന്ന സകലരെയും സഹായിക്കാനുള്ള ചുമതല അവരുടേതല്ലേ. വികസനവും കരുതലും എന്ന് എഴുതിയത് വെറുതെയാണോ? വനിതാ വികസനത്തിന്റെ പോര്‍ട്ട്‌ഫോളിയോയും പേഴ്‌സണല്‍ സ്റ്റാഫിനെ ഏല്പിച്ചതായാണ് ഒടുവില്‍ കേള്‍ക്കുന്ന വിവരം. സത്യമാണോ എന്നുറപ്പില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ മാന്യന്മാരെല്ലാം പ്രതിസന്ധിയിലാണ്. അവരാരും ജോലി മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എന്ന് പറയുന്നുണ്ടാവില്ല. സെക്രട്ടേറിയറ്റ് കാന്റീനിലാണ് പണി എന്ന് പറഞ്ഞാലേ കൂടുതല്‍ ചോദ്യമൊന്നും ചോദിക്കാതെ പോകാനനുവദിക്കൂ എന്നതാണ് കാരണം.

മൊബൈല്‍ഫോണ്‍ വേണ്ട എന്ന് തീരുമാനിച്ചതിലെ കരുതല്‍ അല്പമൊന്ന് പിശകിയോ എന്ന സംശയം മുഖ്യമന്ത്രിക്കുണ്ട്. ഫോണ്‍ വാങ്ങുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഫോണ്‍ ഉണ്ടായിട്ടും വലിയ വിശേഷമൊന്നുമില്ല. അതും വല്ല ജോപ്പനെയും ഏല്പിച്ചാലല്ലാതെ മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ പണി നടത്താനാവില്ല. എപ്പോഴും ഫോണ്‍ അറ്റന്‍ഡ് ചെയ്തുകൊണ്ടിരുന്നാല്‍ നിവേദനം വാങ്ങുക, വല്ലതും തിന്നുക, കുടിക്കുക, ഉറങ്ങുക തുടങ്ങിയ പണികളും ജോപ്പന്മാരെ ഏല്പിക്കേണ്ടിവരില്ലേ ? അതും ബുദ്ധിമുട്ടാണ്. ആകപ്പാടെ നോക്കുമ്പോള്‍ ഉണ്ടായാലും പാട്, ഇല്ലെങ്കില്‍ പെടാപ്പാട് എന്ന നിലയായിരിക്കുന്നു.

* * *

കരണക്കുറ്റിക്ക് അടി കിട്ടേണ്ട വര്‍ത്തമാനമാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ നടത്തിയതെന്ന അഭിപ്രായം പ്രതിപക്ഷനേതാവിനുണ്ടായിരുന്നു. തിരുവഞ്ചൂര്‍ എന്താണ് പറഞ്ഞത് എന്ന് പത്രങ്ങളിലൊന്നും കണ്ടില്ല. അതെന്തോ ആവട്ടെ, പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തെ സകല മാന്യന്മാരും സമ്മര്‍ദം ചെലുത്തി പിന്‍വലിപ്പിച്ചുകളഞ്ഞു.
കരണക്കുറ്റിക്ക് ഓരോന്ന് കൊടുക്കേണ്ടവരുടെ പട്ടിക പൊതുജനം മനസ്സില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് സഖാവ് വി.എസ്. ഈ പരാമര്‍ശം നടത്തിയത്. കരണക്കുറ്റി അടിയുടെ പ്രായോഗികവശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം ജനത്തിന് നലേ്കണ്ടതായിരുന്നു. അത് കിട്ടിയില്ല.

സംസാരത്തിന്റെ നിലവാരത്തെ കരണക്കുറ്റിപ്രഹരത്തിന്റെ മാനദണ്ഡമാക്കുന്നത് ശാസ്ത്രീയമല്ല. ചെയ്തികളുടെ നിലവാരം വേണം പരിഗണിക്കാന്‍. എങ്കില്‍ അധികം പേര്‍ക്ക് കരണക്കുറ്റിയില്‍ ഗുഡ്‌സര്‍വീസ് എന്‍ട്രി കിട്ടുന്നതില്‍ നിന്നൊഴിഞ്ഞുനില്ക്കാന്‍ പറ്റില്ല. മാത്രവുമല്ല, 'ഒരാള്‍ക്ക് ഒരടി, എല്ലാവര്‍ക്കും അടി' എന്ന സോഷ്യലിസ്റ്റ് തത്ത്വവും ശരിയല്ല. ഓരോരുത്തര്‍ക്കും അവരുടെ നിലവാരമനുസരിച്ചുവേണം കൊടുക്കാന്‍. ദിവസവും അയ്യഞ്ചുകിട്ടേണ്ടവരും കാണും, വല്ലപ്പോഴും ഒന്നുകിട്ടേണ്ടവരും കാണും. ഇതിന്റെ റെയ്റ്റ് തീരുമാനിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചാലും ദോഷം വരില്ല. പൊതുജനത്തിന് ഉടന്‍ മനസ്സമാധാനം ആവശ്യമാണ് എന്ന് തോന്നുന്നുണ്ടെങ്കില്‍ വഴിയോരത്ത് ഓരോരുത്തരുടെയും കോലം കെട്ടിത്തൂക്കി അതിന്റെ കരണത്ത് പ്രതീകാത്മകമായി അടി കൊടുക്കാവുന്നതുമാണ്.

Sunday, 16 June 2013

സുതാര്യം സരിതാര്യം


ഭരണം സുതാര്യമാക്കുന്ന പ്രക്രിയ അതിന്റെ മൂര്‍ധന്യഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിനപ്പുറം പോകാന്‍ ഇനി ഇടംകാണുന്നില്ല. സുതാര്യത മൂക്കുമ്പോള്‍ ഒപ്പം സമത്വം, സാഹോദര്യം എന്നീ ആദര്‍ശങ്ങളും നടപ്പാക്കേണ്ടതുണ്ടല്ലോ. ഇപ്പോള്‍ അതാണ് കണ്ടത്. മാനുഷരെല്ലാരുമൊന്നുപോലെ എന്നതാണ് സമത്വത്തിന്റെ ഏറ്റവും മുന്തിയ അവസ്ഥ. മുഖ്യമന്ത്രിയുടെ ഓഫീസിലും മാനുഷരെല്ലാരുമൊന്നുപോലെയാണ്. കയറിവരുന്ന പൗരന്‍ ഋഷിയാവട്ടെ, നരകംപൂകിയ വീരപ്പന്റെ പുതുരൂപം ആകട്ടെ, ഇരിക്കാം, സംസാരിക്കാം, കാര്യംനേടാം, പോകാം. സഹായത്തിന് പി.എ.മാരുണ്ടാകും. മുഖ്യമന്ത്രിയുടെ മുറിയിലേ വെബ് ക്യാമറ ഉള്ളൂ, പി.എ.മാരുടെ മുറികളിലില്ല.

2010 ജനവരി പത്തിന് സകലപത്രങ്ങളിലും വന്ന വാര്‍ത്ത ഇപ്പോള്‍ എല്ലാവരും ഓര്‍ക്കുന്നുണ്ട്, പ്രതിഭാശാലികളായ ദമ്പതിമാരെക്കുറിച്ചുള്ളതാണ്. ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍, ഭാര്യ സരിത എസ്. നായര്‍. രണ്ടുപേരും അക്കാലത്ത് സോളാര്യത്തിലേക്ക് കടന്നിട്ടില്ല. വേറെ ഒരു മേഖലയിലാണ് പ്രതിഭതെളിയിച്ചുകൊണ്ടിരുന്നത്. ദേശസാത്കൃത ബാങ്കുകളില്‍നിന്ന് അതിവേഗം വായ്പവാങ്ങിക്കൊടുക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് കണ്‍സള്‍ട്ടന്റ് എന്നായിരുന്നു ബിജുവിന്റെ വേഷം. ദമ്പതികള്‍ പ്രമുഖനായ ഒരു കെട്ടിടനിര്‍മാതാവില്‍നിന്ന് തട്ടിയത് കോടികള്‍. പരാതിയെത്തുടര്‍ന്ന് പോലീസ് രണ്ടിനെയും അറസ്റ്റുചെയ്‌തെന്നായിരുന്നു വാര്‍ത്ത. അന്ന് ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ ടീമിനെ ഉണ്ടാക്കി അന്വേഷണം തുടങ്ങിയതാണ്. വ്യാജ ബാങ്ക്‌രേഖകള്‍ ഉണ്ടാക്കിയാണ് ശ്രേഷ്ഠദമ്പതികള്‍ ആളുകളെ വീഴ്ത്താറുള്ളതെന്ന് അന്നുതന്നെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് പത്രത്തിലുണ്ട്. ബിജുവിന്റെ മുന്‍ ഭാര്യ രശ്മി മരിച്ചതാണോ കൊന്നതാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്നതാണ് പോലീസ് പുറത്തുവിട്ട മറ്റൊരു രഹസ്യം. രണ്ടിനെയും രണ്ടാഴ്ച റിമാന്‍ഡ് ചെയ്‌തെന്നും വാര്‍ത്ത പറയുന്നു.

തുടര്‍ന്നുള്ള മൂന്നുവര്‍ഷക്കാലം ഇവരുടെ വിളയാട്ടമായിരുന്നു കേരളത്തിലും തമിഴ്‌നാട്ടിലും. കേസുകള്‍ എത്രയെന്നോ അറസ്റ്റുകള്‍ എത്രയെന്നോ ഇവര്‍ക്കുതന്നെ നിശ്ചയമില്ലാത്ത അവസ്ഥയെത്തിയിട്ടുണ്ടാകണം. ഇതേ ദമ്പതികളാണ് നമ്മുടെ തലസ്ഥാനത്ത് ഭരണത്തിന്റെ ഇടനാഴികളില്‍ പുതിയമേഖലകള്‍ കീഴടക്കിയത്. ബാങ്ക് വായ്പയുടെ ഇടനിലത്തട്ടിപ്പില്‍നിന്ന് കുറേക്കൂടി അത്യന്താധുനികമായ മേഖലകളിലേക്ക് അവര്‍ നീങ്ങിയിരുന്നു. അധികംപേര്‍ക്ക് അറിയാത്ത സൗരോര്‍ജം, കാറ്റാടി പോലുള്ള സംഗതികള്‍. പാരമ്പര്യേതര ഊര്‍ജതട്ടിപ്പുകളായതുകൊണ്ട് ഈ രംഗത്ത് അവര്‍ക്ക് മത്സരിക്കാന്‍ എതിരാളികളില്ലെന്ന സൗകര്യമുണ്ടായിരുന്നു. രണ്ട് സംസ്ഥാനങ്ങളില്‍ വലവീശി കോടികള്‍ കൈയിലാക്കിയപ്പോഴേ പരാതിയും അറസ്റ്റുമൊക്കെ ഉണ്ടായുള്ളൂ.

സരിത നായര്‍ ആളത്ര ശരിയല്ല എന്ന് താന്‍ മുഖ്യമന്ത്രിയോട് സ്വകാര്യമായി പറഞ്ഞെന്നാണ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ചാനലില്‍ വെളിപ്പെടുത്തിയത്. അത് പറയാന്‍ പി.സി. ജോര്‍ജ് വേണ്ട. തലസ്ഥാനത്തെ ഏത് പോലീസുകാരനും അറിയേണ്ടതാണ്. പക്ഷേ, മുഖ്യമന്ത്രി അറിഞ്ഞില്ല. അവളുടെ അറസ്റ്റിനുശേഷം മാത്രമാണ് പി.സി. ജോര്‍ജ് പറഞ്ഞത് എന്നാണ് മുഖ്യമന്ത്രിയുടെ പരിഭവം. മുമ്പേ പറഞ്ഞിരുന്നെങ്കില്‍ കാണാമായിരുന്നു എന്ന് സാരം. മുമ്പാണോ ശേഷമാണോ എന്ന് ജോര്‍ജിന് അത്ര ഉറപ്പുപോര. എന്തിന് പി.സി. ജോര്‍ജ് വരണം ഇത് പറയാന്‍ ? മുഖ്യമന്ത്രിയോട് പറയേണ്ടത് പോലീസ് ഇന്റലിജന്‍സല്ലേ? ഇത്രയും കേസും പരാതിയുമുള്ള ഒരാണും പെണ്ണും വന്ന് മുഖ്യമന്ത്രിയെത്തന്നെ പറ്റിച്ചുപോകുന്നുവെങ്കില്‍ അത് മുഖ്യമന്ത്രിയുടെ മാത്രം ഗുണംകൊണ്ടാവില്ല, പോലീസിനും കൊടുക്കണം ഒരു വിശിഷ്ടസേവനമെഡല്‍. എല്ലാം തുറന്ന പുസ്തകമായതുകൊണ്ട് ഒന്നും പറയേണ്ട എന്നവര്‍ തീരുമാനിച്ചുകാണും. പി.എ.മാരെ കാണുമ്പോള്‍ സല്യൂട്ട് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെന്തിന് പി.എ.മാര്‍ കൂടെക്കൊണ്ടുനടക്കുന്ന സോളാര്യക്കാരുടെ ഗുണവും ദോഷവും തിരക്കണം?

പാര്‍ലമെന്റ് നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു പത്രം ഒരാളെ നിയോഗിച്ചാല്‍, പോലീസിന്റെ ഏറ്റവും താഴെക്കിടയില്‍ ഒരു തസ്തികയില്‍ കേറാന്‍, പാസ്‌പോര്‍ട്ട് വാങ്ങാന്‍... എല്ലാം വേണം സ്‌പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട്. മന്ത്രിമാരുടെ പി.എ. ആയി മന്ത്രിയേക്കാള്‍ അധികാരം കൈയാളാന്‍ യാതൊന്നും വേണ്ട. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് കാര്യങ്ങള്‍ നിര്‍വഹിക്കുന്നവരെ ആരാണ് തിരഞ്ഞെടുക്കുന്നത് എന്ന് അറിഞ്ഞുകൂടാ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നു. മുഖ്യമന്ത്രിയാണോ മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരെ നിയോഗിക്കുന്നത്? അവരുടെ ഗുണദോഷങ്ങളെക്കുറിച്ച് പാര്‍ട്ടിയുണ്ടോ വല്ലതും അറിയുന്നു. അറിയില്ല, ആരോ ലിസ്റ്റുണ്ടാക്കുന്നു, മന്ത്രിമാര്‍ നിയമിക്കുന്നു. ശമ്പളവും പെന്‍ഷനും ഉറപ്പ്. കിമ്പളവും ആവാം വേണമെന്നുണ്ടെങ്കില്‍. നിയമിച്ചവരുടെ നടപടികള്‍ ആരും അന്വേഷിക്കുന്നില്ല. കേസിലും അറസ്റ്റിലും ചെന്നുപെടുന്നതുവരെ മന്ത്രിയും പാര്‍ട്ടിയും അവരെ പേറിക്കൊള്ളുമെന്നതുകൊണ്ട് ഒന്നും പേടിക്കാനില്ല.

പി.സി. ജോര്‍ജ് ഉള്ളതുകൊണ്ട് പക്ഷേ, നമുക്ക് ധൈര്യമായിരിക്കാം. മുന്നണിയില്‍ ഒരു ശത്രുവെങ്കിലും ഉണ്ടാകണമെന്നേ ഉള്ളൂ ജോര്‍ജിന്. ഗണേശ്കുമാര്‍ ഉള്ളകാലത്തോളം അതിനും പഞ്ഞമില്ല. ഒരുവിധപ്പെട്ട എല്ലാ സ്ത്രീവിഷയങ്ങളും ഗണേശിലെത്തുമെന്നുള്ളതുകൊണ്ട് ജോര്‍ജ് ഹാപ്പി. എല്ലാ വിഴുപ്പും പുറത്തിട്ട് അലക്കാം. സര്‍വത്ര സുതാര്യം.

* * *

വീട്ടിലെത്താനുള്ള ലാസ്റ്റ് ബസ്സിന് പാഞ്ഞിട്ട് അത് കിട്ടാതെപോയാലുള്ള പ്രയാസം അനുഭവിച്ചവര്‍ക്കേ അറിയൂ. ലാല്‍ കിഷന്‍ അഡ്വാണിക്ക് രണ്ടായിരത്തി നാലിലെ ബസ് കിട്ടുമായിരുന്നു. ആക്‌സിലറേറ്റര്‍ ഒന്ന് ചെറുതായി അമര്‍ത്തിയാല്‍ മതിയായിരുന്നു. പക്ഷേ, ആള്‍ മാന്യനായതുകൊണ്ട് ചെയ്തില്ല. മൂന്നുനാല് വയസ്സെങ്കിലും കൂടുതലുള്ള വാജ്‌പേയ് ആവട്ടെ പ്രധാനമന്ത്രി എന്ന് സമ്മതംമൂളി. നെഹ്രു-സര്‍ദാര്‍ പട്ടേല്‍ സ്റ്റൈലില്‍ ആഭ്യന്തരം കൈയിലുള്ള ഉപപ്രധാനമന്ത്രിയായി കാര്യങ്ങള്‍ കൈകാര്യംചെയ്യാം. വാജ്‌പേയ് കവിത വായിച്ചും കവിത പ്രസംഗിച്ചും മുന്നില്‍ നിന്നോട്ടെ. ഭരണം മൊത്തത്തില്‍ തിളങ്ങിയതുകൊണ്ട് രണ്ടാംവട്ടം ഉറപ്പല്ലേ എന്നോര്‍ത്ത് ക്ഷമിച്ചു.

രണ്ടാംവട്ടം ഉണ്ടായില്ല. ആ ബസ് പോകട്ടെ. ലാസ്റ്റ് ബസ് കൂടെക്കൂടെ എന്നാരോ പറഞ്ഞതുപോലെ ഇനിയുമുണ്ടല്ലോ അവസരം. നോക്കണേ രാജ്യത്തിന്റെ ഓരോരോ നിര്‍ഭാഗ്യങ്ങള്‍. അഞ്ചുവര്‍ഷം തിളങ്ങിയ വാജ്‌പേയിക്കില്ലാത്ത രണ്ടാംവട്ടം, അഞ്ചുവര്‍ഷം മൗനവ്രതം അനുഷ്ഠിച്ച മൗനമോഹന്‍സിങ്ങിന് ജനം നല്‍കി. എന്നിട്ടും അഡ്വാണിജി അപാരമായ ക്ഷമയോടെ കാത്തിരുന്നു. ഇനി മതേതരത്വത്തിന്റെ ചെറിയ മെയ്ക്കപ്പിന്റെ കുറവ് ഉണ്ടാകരുതല്ലോ എന്ന് വിചാരിച്ച് പോകാവുന്നതിന്റെ പരമാവധി പോയി. എം.എ. ജിന്ന ആള്‍ യോഗ്യനായിരുന്നു, മതേതരനേതാവായിരുന്നു എന്നൊക്കെ പ്രസംഗിച്ചു. വെളുക്കാന്‍ തേച്ചത് പാണ്ടായോ ആവോ. പാര്‍ട്ടിയിതാ വോട്ട്കമ്പം തലയില്‍ക്കേറി അഡ്വാണിജിയെ തഴഞ്ഞിരിക്കുന്നു. വയസ്സ് 85 തികഞ്ഞ സീനിയര്‍മോസ്റ്റ് നേതാവിനെ അല്ലേ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ആര്‍ഷഭാരത സംസ്‌കാരപ്രകാരം നിര്‍ദേശിക്കേണ്ടത്?

ഒരു നാളെങ്കിലും പ്രധാനമന്ത്രിയാകുക എന്ന ജീവിതാഭിലാഷം ഏതെല്ലാം നിസ്സാരന്മാര്‍ എത്ര നിഷ്‌നപ്രയാസം നേടിയിട്ടുണ്ടെന്നാലോചിച്ചാല്‍ ആര്‍ക്കാണ് സങ്കടം സഹിക്കാന്‍ കഴിയുക? നെഹ്രുവും ശാസ്ത്രിയും ഇന്ദിരയുമൊക്കെ പോകട്ടെ, മൊറാര്‍ജിയും ചരണ്‍സിങ്ങും ചന്ദ്രശേഖറും വാജ്‌പേയിയും അവിടെ നില്‍ക്കട്ടെ... ദേവഗൗഡയും ഗുജ്‌റാളും വരെ ഇരുന്ന കസേര... ഇനി ഒരു പോരാട്ടത്തിന് ബലമില്ല, ഒറ്റയാന്‍ പോരിന് ഒട്ടുമില്ല. ജയ് ശ്രീറാം !

Sunday, 9 June 2013

വിവരക്കേടവകാശ നിയമംപാര്‍ലമെന്റ് നിയമം പാസാക്കി അഞ്ചെട്ട് കൊല്ലം കഴിഞ്ഞപ്പോഴാണ് കേന്ദ്ര വിവരാവകാശ കമ്മീഷന് പെട്ടെന്ന് ഒരുള്‍വിളി തോന്നിയത്. മുമ്പാണെങ്കില്‍, 'ഉണ്ടിരിക്കുന്ന നായര്‍ക്ക് ഒരു ഉള്‍വിളി തോന്നിയത്' എന്നാണ് എഴുതേണ്ടത്. ഇപ്പോഴങ്ങനെ എഴുതിക്കൂടാ. എന്‍.എസ്.എസ്സുകാര്‍ മാനനഷ്ടക്കേസുമായി വന്നാല്‍ പൊല്ലാപ്പാകും. ശരി, വിവരാവകാശ കമ്മീഷണര്‍മാക്ക് ഉള്‍വിളിയുണ്ടായി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൊതുഅധികാരകേന്ദ്രമാണ്, അവകളെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തുല്യമായി പരിഗണിക്കേണ്ടതാണ്. വില്ലേജ് ഓഫീസും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. വിവരം ചോദിച്ചാല്‍ വിവരം കൊടുക്കണം. ഇല്ലെങ്കില്‍ വിവരമറിയും. 2013 മെയ് രണ്ടാം തിയ്യതി എത്ര രൂപയാണ് വില്ലേജ് ഓഫീസില്‍ ഭൂനികുതി പിരിച്ചത് എന്ന് ചോദിച്ചാല്‍ മറുപടി കൊടുത്തേ തീരൂ. അതാണ് നിയമം. വിവരാവകാശ കമ്മീഷന്റെ പുതിയ ഉത്തരവനുസരിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍, മെയ് രണ്ടിന് കോണ്‍ഗ്രസ് കമ്മിറ്റി എത്ര രൂപയാണ് പിരിവെടുത്തത്, അതിലെത്ര രൂപയാണ് പുട്ടടിക്കാന്‍ ചെലവാക്കിയത് എന്ന് സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറി ചെന്നുചോദിച്ചാല്‍ മറുപടി കൊടുത്തേ പറ്റൂ. വിവരം കൊടുക്കാന്‍ മുപ്പത് ദിവസം എടുക്കാം, പക്ഷേ, കൊടുത്തേ പറ്റൂ.

ആദ്യത്തെ ഒരു ഞെട്ടലില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് സംഗതിയുടെ കിടപ്പ് മുഴുവനായി പിടികിട്ടിയിരുന്നില്ല. ചില കൂട്ടര്‍ ചാടിക്കേറി കമ്മീഷന്‍ ഉത്തരവിനെ സ്വാഗതം ചെയ്യുകപോലും ചെയ്തു. സമാജ്‌വാദി പോലുള്ള പാര്‍ട്ടികള്‍ ഉത്തരവിനെ സ്വാഗതം ചെയ്തത് കാര്യം അറിയാഞ്ഞിട്ടാണ് എന്നും കരുതിക്കൂടാ. വലിയ വ്യത്യാസമുണ്ട്. കള്ളപ്പണം കോടികള്‍ വിദേശബാങ്കില്‍ നിക്ഷേപിച്ച ഒരാള്‍ക്ക് വില്ലേജ് ഓഫീസില്‍ പോയി ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കാന്‍ മടിക്കേണ്ടതില്ല. നാട്ടില്‍ അഞ്ചുരൂപ സമ്പാദ്യമോ നിക്ഷേപമോ ഇല്ലാത്ത ആള്‍ ആരെ പേടിക്കാനാണ്? സമാജ്‌വാദികള്‍ക്ക് കണക്കും ഇല്ല കണക്കപ്പിള്ളയും ഇല്ല. എഴുതിയ രേഖയല്ലേ വിവരാവകാശ നിയമപ്രകാരം ചോദിക്കാന്‍ പറ്റൂ. നേതാവിന്റെ വീട്ടിലും ഓഫീസിലും ഫാം ഹൗസിലും ചാക്കില്‍ കെട്ടിവെച്ച കാശിന്റെ കണക്ക് ചോദിച്ചാല്‍ കൊടുക്കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയില്ല. അതിന് സി.ബി.ഐ.യോ മറ്റോ ആളെ അയയ്‌ക്കേണ്ടിവരും. അത്തരം പാര്‍ട്ടികള്‍ക്ക് ഒരു നിയമത്തെയും പേടിക്കാനില്ല. അതല്ലല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാര്യം.

കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ത്തന്നെ കൈ കുറച്ച് പൊള്ളിയിട്ടുണ്ട്. പാര്‍ട്ടിയുടെ വരുമാനക്കണക്കുകള്‍ ആദായ നികുതി വകുപ്പിന് കൊടുക്കണമെന്ന വ്യവസ്ഥ പണ്ടേ ഉണ്ട്. കൊടുത്ത കണക്കൊന്നും നാട്ടുകാര്‍ക്ക് കിട്ടുമായിരുന്നില്ല. വിവരാവകാശനിയമം വന്നതോടെ അത് കിട്ടുമെന്നായി. 20,000 രൂപയില്‍ കൂടുതല്‍ ആരില്‍ നിന്നെങ്കിലും സംഭാവന വാങ്ങിയാല്‍ അതിന്റെ കണക്കുകൊടുക്കണം. അതൊന്നും മറച്ചുവെക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. 20,000 രൂപയില്‍ കൂടുതല്‍ വാങ്ങിയിട്ടേ ഇല്ല എന്നെഴുതിയാല്‍ മതി. മുഴുവന്‍ തുകയും സമാഹരിച്ചത് അഞ്ചുരൂപയുടെ കൂപ്പണ്‍ വിറ്റിട്ടാണ് എന്നുപറഞ്ഞാല്‍ ഇന്‍കം ടാക്‌സുകാര്‍ കമാ എന്ന് മിണ്ടില്ല. കേരളത്തിലാണെങ്കില്‍ ബക്കറ്റ് പിരിവ് വഴി കിട്ടിയതാണ് എന്നെഴുതായാലും മതി. പക്ഷേ, നിക്ഷേപങ്ങളുടെ കണക്ക് കൊടുത്തേ പറ്റൂ. പാര്‍ട്ടികള്‍ക്ക് വിദേശ ബാങ്കില്‍ പണമിടാന്‍ പറ്റില്ല. മുതലാളിത്തത്തെ എതിര്‍ക്കുന്ന പാര്‍ട്ടിക്കും വേണമെങ്കില്‍ ഓഹരിവിപണിയില്‍ പണം നിക്ഷേപിക്കാം. ഇന്‍കം ടാക്‌സ് വകുപ്പിന് അത് പ്രശ്‌നമല്ല. പക്ഷേ, വിവരാവകാശക്കാരന്‍ ഇത് പുറത്തുകൊണ്ടുവന്നാല്‍ വഴിയേ പോകുന്ന വിമര്‍ശകര്‍ മുഴുവന്‍ പാര്‍ട്ടിയുടെ മേക്കിട്ടുകേറും. അത് കുറച്ച് അനുഭവിച്ചുകഴിഞ്ഞതുകൊണ്ടാവും നിയമം ഇങ്ങോട്ടും വരുന്നു എന്ന് കേട്ടപ്പോള്‍ത്തന്നെ സി.പി.എം. ജനറല്‍സെക്രട്ടറി സമയം പാഴാക്കാതെ അതിനെതിരെ ചാടിയിറങ്ങിയത്.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള പങ്കിനെ തെറ്റായി മനസ്സിലാക്കിയതിന്റെ ഫലമാണ് കമ്മീഷന്റെ പുതിയ ഉത്തരവ് എന്നാണ് പ്രകാശ് കാരാട്ട് എഴുതിയത്. ആള്‍ അടിമുടി മാന്യനായതുകൊണ്ടാണ് ഇങ്ങനെ എഴുതിയത്. വിവരാവകാശ കമ്മീഷന്റെ വിവരക്കേട് കൊണ്ടാണ് ഈ ഉത്തരവ് എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ മലയാളം. അതില്‍ കഴമ്പില്ല എന്ന് പറഞ്ഞുകൂടാ. ഏത് പൗരന്‍ വന്ന്‌ചോദിച്ചാലും ഫയല്‍തുറന്ന് കാണിക്കേണ്ട സര്‍ക്കാര്‍ ഓഫീസ് അല്ല രാഷ്ട്രീയപ്പാര്‍ട്ടിഓഫീസ്. സര്‍ക്കാര്‍ ഓഫീസിന്റെ സുതാര്യത വേറെ, പാര്‍ട്ടികളുടെ സ്വകാര്യത വേറെ. അതുകാരണം പൊതുവായ ഒരേ നിയമം കൊണ്ട് പാര്‍ട്ടി ഓഫീസിനെയും സര്‍ക്കാര്‍ ഓഫീസിനെയും വരിഞ്ഞുകെട്ടാന്‍ പറ്റില്ല. കവുങ്ങുകേറാന്‍ ഉപയോഗിക്കുന്ന തളപ്പുകൊണ്ട് തെങ്ങും പനയും കേറണമെന്ന് വാശിപിടിക്കാന്‍ പറ്റില്ല. പൊതുയോഗത്തില്‍ പറയുന്നത് കാക്കത്തൊള്ളായിരം നാട്ടുകാര്‍ക്ക് കേള്‍ക്കാന്‍ ഉള്ളതാണ്. അതല്ല പാര്‍ട്ടി യോഗത്തില്‍ പറയുക. രണ്ടിടത്തും ഒന്നുതന്നെ പറയാന്‍ മഹാത്മാഗാന്ധി പുനര്‍ജനിച്ചുവരണം. ജിന്നയുടെ പ്രസംഗത്തിന്റെ ടേപ്പ് ചോദിച്ചാല്‍ ആകാശവാണി കൊടുക്കണം. ആരോ ചോദിച്ചല്ലോ. പക്ഷേ, പാര്‍ട്ടി ഓഫീസില്‍ ആരെയോ പെരുമാറ്റദൂഷ്യക്കേസില്‍ കുടുക്കാന്‍ വെച്ച രഹസ്യക്ക്യാമറയിലെ ദൃശ്യങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍പ്പെടുത്തിയാല്‍ പാര്‍ട്ടിയുടെ ഓഫീസ് പൂട്ടുകയേ ഉള്ളൂ.

പ്രകാശ് കാരാട്ടിന് വേറെ ഒരു പ്രശ്‌നവുമുണ്ട്. ബൂര്‍ഷ്വാപാര്‍ട്ടിക്കാര്‍ക്കും മാധ്യമക്കാര്‍ക്കും മനസ്സിലാവില്ല, തിരഞ്ഞെടുപ്പ്- വിവരാവകാശ കമ്മീഷനുകള്‍ക്കും മനസ്സിലാവില്ല. സി.പി.എം. മറ്റ് പാര്‍ലമെന്ററി പാര്‍ട്ടികളെ പോലെയല്ല. അതൊരു വിപ്ലവപ്പാര്‍ട്ടിയാണ്. എപ്പോഴാണ് വിപ്ലവത്തിലേക്ക് നീങ്ങുക എന്ന് പറയാനാവില്ല. ഭൗതികസാഹചര്യങ്ങള്‍ അനുയോജ്യമായാല്‍ പാര്‍ലമെന്റിനെത്തന്നെ ഇടിച്ചുതാഴെയിട്ട് വിപ്ലവത്തിന് ഇറങ്ങേണ്ട പാര്‍ട്ടിയാണിത്. അത് മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ ചിലപ്പോള്‍ അണിയറയില്‍ നടത്തേണ്ടിയും വന്നേക്കും. അതൊന്നും വിവരാകാശവിവരക്കേടുകാര്‍ ചോദ്യം ചോദിക്കുന്നതിനനുസരിച്ച് എഴുതിക്കൊടുക്കാന്‍ പറ്റില്ല. തല പോയാലും പറ്റില്ലതന്നെ.

നിയമം വ്യാഖ്യാനിച്ച കമ്മീഷന് പാര്‍ട്ടികളെപ്പറ്റി വ്യക്തമായ ധാരണയില്ലെന്ന് പറഞ്ഞതില്‍ കാമ്പുണ്ട്. പാര്‍ട്ടികളെ തുല്യപ്പെടുത്തേണ്ടത് സര്‍ക്കാര്‍ ഓഫീസുകളുമായല്ല. നിയമത്തില്‍ത്തന്നെ അതിന് വേറെ വകുപ്പുണ്ട്. വ്യവസായസ്ഥാപനങ്ങള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും ചില സംരക്ഷണങ്ങള്‍ ഉണ്ട്. അവരുടെ കച്ചവടം പൊളിക്കുന്ന രഹസ്യങ്ങള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ പെടില്ല. സോപ്പ് ഉണ്ടാക്കാന്‍ എന്തെല്ലാമാണ് ഉപയോഗിക്കുന്നത് എന്ന് വെളിപ്പെടുത്തിയാല്‍ സോപ്പുകച്ചവടം പൊട്ടും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഈ വകുപ്പാണ് ബാധകമാകേണ്ടത്. അവരുടെ കച്ചവടവും പൊളിച്ചുകൂടാ. കച്ചവടസ്ഥാപനങ്ങളുമായാണ് പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സാദൃശ്യമെന്ന് പറഞ്ഞാല്‍ പിണങ്ങരുത്. അവരുടെ രഹസ്യങ്ങള്‍ പുറത്തുകൊടുത്താല്‍, ജനാധിപത്യം പൊളിയില്ലായിരിക്കും പക്ഷേ, പാര്‍ട്ടികള്‍ പൊളിയും. അതുകൊണ്ട് ജനാധിപത്യം നിലനിര്‍ത്താന്‍ കമ്മീഷന്‍ ഉത്തരവ് തിരുത്തുകയാണ് നല്ലത്.

ജീവിക്കുമോ മരിക്കുമോ എന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ വിവരാവകാശനിയമം. നിയമം അസല്‍നിയമം തന്നെ. പക്ഷേ, അത് ഇവിടെ വേണ്ട-നോട്ട് ഇന്‍ മൈ ബാക്‌യാഡ് എന്ന് പറയാറില്ലേ, അതുതന്നെ. എനിക്ക് നിയമം ബാധകമാക്കരുത്. ബാക്കി നാട്ടിലെ കാക്കത്തൊള്ളായിരം സ്ഥാപനങ്ങള്‍ക്കും ബാധകമാക്കണം. ബില്‍ ഒപ്പുവെച്ച രാഷ്ട്രപതിയുടെ ഓഫീസുതന്നെ ആദ്യമേ പറഞ്ഞു. രാഷ്ട്രപതിക്ക് ഇത് ബാധകമല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസും പറഞ്ഞു ചീഫ് ജസ്റ്റിസിനും ബാധകമല്ല എന്ന്. പട്ടാളവും പോലീസും തുടക്കത്തിലേ ഇതിനെ എതിര്‍ത്തിട്ടുണ്ട്. ഇപ്പോഴിതാ തള്ളയും തന്തയും പരിതപിക്കുന്നു, ഇങ്ങനെയൊരു മുടിയനായ പുത്രനെ സൃഷ്ടിച്ചുപോയല്ലോ പടച്ചോനേ... ഇതിങ്ങനെ തിരിഞ്ഞുകടിക്കുന്ന സാധനമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇതിന് ജന്മം നല്‍കുമായിരുന്നില്ലല്ലോ. ഇനി ശ്വാസം മുട്ടിച്ചുകൊല്ലുകതന്നെ. വേറെ വഴിയില്ല.


Sunday, 2 June 2013

ഉപ പൊതിയാത്തേങ്ങ


ഉപമുഖ്യമന്ത്രിസ്ഥാനമെന്ന പൊതിയാത്തേങ്ങ കടിച്ചുപൊളിക്കാന്‍നോക്കി ഐ.ജ. മുന്നണിയുടെ പല്ലും നഖവും ദ്രവിച്ച് നിലംപതിച്ചുകഴിഞ്ഞു. തേങ്ങയ്ക്കുചുറ്റും കൂടിയ ഘടകകക്ഷികള്‍ തമ്മിലായിരിക്കുന്നു ഇപ്പോള്‍ കടിപിടി. പല്ലില്ലാത്തതുകൊണ്ട് വലിയ തോതില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കാന്‍ കഴിയുന്നില്ല എന്നതുമാത്രമാണ് ആശ്വാസം. എന്നാലും, കടിപിടിയെ അനുഗമിക്കുന്ന അമറലും ആക്രോശവും അസഹ്യംതന്നെ.

കേരളചരിത്രത്തില്‍ ഇതുവരെ, ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ മറ്റൊരു കോണ്‍ഗ്രസ്സുകാരന് ഉപമുഖ്യമന്ത്രിയാകണമെന്ന ചിന്ത ഉണ്ടായതായി തെളിവില്ല. ആര്‍. ശങ്കറാണ് ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി. അന്ന് പി.ടി. ചാക്കോ ചോദിച്ചാല്‍ ഡെപ്യൂട്ടി പദവി കൊടുക്കാതെ പറ്റുമായിരുന്നോ? കോണ്‍ഗ്രസ്, ചെറിയ പാര്‍ട്ടിയായ സി.പി.ഐ.ക്ക് ഒന്നിലേറെത്തവണ മുഖ്യമന്ത്രിസ്ഥാനം കൊടുത്തിട്ടുണ്ട്. സി. അച്യുതമേനോന് കൊടുത്തപ്പോള്‍ കെ. കരുണാകരന്‍ ചോദിച്ചില്ല തുക്കിടിസ്ഥാനം. തലമൂപ്പില്ലാത്ത പി.കെ. വാസുദേവന്‍നായര്‍ മുഖ്യമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസ് ഡെപ്യൂട്ടി എന്ന് തികച്ചും പറയേണ്ട, 'ഡാഇ' എന്ന് ഉച്ചരിച്ചിരുന്നെങ്കില്‍ സ്ഥാനം താലത്തില്‍ വെച്ചുകൊടുക്കുമായിരുന്നു മുന്നണി. അന്നും ചോദിച്ചില്ല.

ഐക്യകേരളത്തിലെ രണ്ടാംമന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയുണ്ടായിരുന്നു. പടുകൂറ്റനായ സോഷ്യലിസ്റ്റ് പട്ടം താണുപ്പിള്ള മുഖ്യമന്ത്രി, കൂറ്റനായ കോണ്‍ഗ്രസ്സുകാരന്‍ ആര്‍. ശങ്കര്‍ ഉപമുഖ്യനും. ഒരേ കക്ഷിക്കാര്‍ മുഖ്യനും ഉപമുഖ്യനുമായ ചരിത്രമില്ല. സി.എച്ച്. മുഹമ്മദ്‌കോയയും അവുക്കാദര്‍കുട്ടി നഹയും ഉപസ്ഥാനത്ത് ഉപവിഷ്ടരായത് മുന്നണിനേതൃത്വം കോണ്‍ഗ്രസ്സിന്റെ കൈയിലായിരുന്നപ്പോഴാണ്. മുഖ്യ സ്ഥാനവും ഉപസ്ഥാനവും തങ്ങള്‍ക്കുതന്നെ വേണം എന്നാവശ്യപ്പെടാന്‍മാത്രം മുന്നണിയില്‍ വലുതായോ കോണ്‍ഗ്രസ്? ഇല്ല. പാര്‍ട്ടികള്‍ കൂടുതല്‍ സ്ഥാനം ചോദിക്കുക വലുതാവുമ്പോഴല്ല, ചെറുതാവുമ്പോഴാണ്.

സാധാരണനിലയ്ക്കാണെങ്കില്‍ ഉറക്കത്തില്‍പോലും രമേശ് ചെന്നിത്തലയ്ക്ക് ഈ വിഷക്കനി കഴിക്കണമെന്ന ദുഷ്ചിന്ത വരാനിടയില്ല. അത് വരുത്തിക്കൊടുത്തത് ഒന്നാംതരം മിത്രങ്ങള്‍തന്നെയാവാനേ തരമുള്ളൂ. ഈ ഇനം മിത്രങ്ങള്‍ ഉണ്ടെങ്കില്‍ ശത്രുക്കള്‍ വേറെവേണ്ട. തത്ഫലമായി, ഇടുങ്ങിയ ചെമ്പുപാത്രത്തില്‍ തലയിട്ട ശ്വാനന്റെ അവസ്ഥയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍. തലയൂരിക്കാന്‍ ഡല്‍ഹിയില്‍നിന്ന് ശസ്ത്രക്രിയാവിദഗ്ധരെ വരുത്തുന്നുണ്ടത്രേ. ഈശ്വരോ രക്ഷത്...

ചെന്നിത്തലയില്‍ 'ഉപ' വൈറസ് കടത്തിവിട്ടവര്‍ സമുദായനേതാക്കളാണ്. സാമൂഹിക പരിഷ്‌കര്‍ത്താക്കളാണ്. സാത്വിക പരബ്രഹ്മങ്ങളാണ്. 24ന്ദ7 ഈശ്വരചിന്തയിതൊന്നേ ഉള്ളൂ. ആര്‍. ശങ്കര്‍ മുതല്‍ ഉമ്മന്‍ചാണ്ടിവരെ സകല യു.ഡി.എഫ്. മുഖ്യമന്ത്രിമാരെയും കയറ്റിയിരുത്തിയത് ഇവരാണ്. എ.കെ. ആന്റണി കേന്ദ്രമന്ത്രിയായതും ഡോ. മന്‍മോഹന്‍സിങ് ഒമ്പതുവര്‍ഷം തികച്ചതുമെല്ലാം ഇവരുടെ ഔദാര്യത്തിലാണ്. യു.ഡി.എഫ്. ജയിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇവര്‍ ആ പക്ഷത്തും അല്ലാത്തപ്പോള്‍ നിഷ്പക്ഷ പക്ഷത്തും ആണ് നില്‍ക്കാറുള്ളത്. ഏതുപക്ഷത്തായിരുന്നു എന്ന് തിരഞ്ഞെടുപ്പുകഴിഞ്ഞേ വെളിപ്പെടുത്താറുള്ളൂ. പണ്ടൊരു ജോത്സ്യന്‍ സമാനമായ ബുദ്ധി പ്രയോഗിക്കാറുണ്ടായിരുന്നു. കുട്ടി ആണോ പെണ്ണോ എന്ന് പ്രവചിക്കും. പ്രവചിച്ചത് ആണ് എന്നും ജനിക്കുന്നത് പെണ്ണും ആണെങ്കില്‍ പെണ്ണ് എന്നെഴുതിയ കടലാസ് ട്രൗസറിന്റെ പോക്കറ്റില്‍നിന്ന് എടുത്തുകാട്ടും. 'ഇതുകണ്ടില്ലേ, എനിക്ക് തെറ്റുപറ്റില്ല...'

ഈയിടെയായി രണ്ട് കിങ്‌മേക്കര്‍മാരും വലിയ ഐക്യത്തിലാണ്. കുറേക്കാലം പരസ്പരം പോരടിച്ച് മടുത്ത രണ്ട് നാടന്‍ ദാദമാര്‍ ഒടുവില്‍ തോളില്‍ കൈയിട്ട് ''ഇനി നമ്മളോട് കളിക്കാന്‍ ആരുണ്ടെടാ...'' എന്ന് ചോദിച്ചതുപോലെ. അല്ലെങ്കിലും ഒരു കാര്യത്തിലേ ഇവര്‍തമ്മില്‍ മത്സരം ഉണ്ടായിരുന്നുള്ളൂ.

സാംസ്‌കാരികമായി മുന്നില്‍ ഞാനോ നീയോ എന്ന കാര്യത്തില്‍. വെള്ളാപ്പള്ളി നടേശനാണ് ഏറെമുമ്പില്‍ എന്നൊരു ധാരണ നേരത്തേ ഉണ്ടായിരുന്നു. സുകുമാരന്‍നായര്‍ അക്കാലത്ത് അധികം സംസാരിക്കാറില്ലാത്തതുകൊണ്ടാണ്. അത് നാരായണപ്പണിക്കരൊക്കെ ജീവിച്ചിരുന്ന കാലമല്ലേ. ഇനി എന്ത് നോക്കാനാണ്. സുകുമാരന്‍നായര്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ ജനം സമ്മതിച്ചുപോയി. വെള്ളാപ്പള്ളി നടേശന്‍ എത്ര നിസ്സാരന്‍. ''ഇവന്റെ അച്ഛന്‍ എത്ര മാന്യനായിരുന്നു'' എന്നൊരു യുവതോണിക്കാരനെക്കുറിച്ച് നാട്ടില്‍ പെണ്ണുങ്ങള്‍ പറഞ്ഞ കഥയാണ് സമാനം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കറക്ട് സമദൂരത്തിലായിരുന്നിട്ടും യു.ഡി.എഫ്. കഷ്ടിച്ച് ജയിച്ചത് ഇവരുടെ പിന്തുണകൊണ്ടാണ്. ഇവര്‍ സമദൂരത്തില്‍ ഒപ്പമുണ്ടായിരുന്നപ്പോഴാണ് മുന്‍തിരഞ്ഞെടുപ്പില്‍ മുന്നണി എട്ടുനിലയില്‍ പൊട്ടിയത്, ഇവരുണ്ടായിരുന്നപ്പോള്‍ത്തന്നെയാണ് അതിനുമുമ്പ് സീറ്റ് നൂറുനേടി തകര്‍പ്പന്‍ ജയം ജയിച്ചതും. രണ്ടുസീറ്റ് ഭൂരിപക്ഷത്തില്‍ നാണംകെട്ട് ജയിച്ചതും ഇവരുള്ളപ്പോള്‍ത്തന്നെ. ഇവരുണ്ടായാലും ഇല്ലെങ്കിലും എന്തുവ്യത്യാസമെന്ന് അറിയില്ല. സ്വന്തമായി ഓരോ പാര്‍ട്ടിയുണ്ടാക്കി കേരളത്തെ നന്നാക്കിക്കളയാമെന്ന് ഇവര്‍ക്ക് മുമ്പൊരു മോഹമുദിച്ചിരുന്നു. അതോര്‍ക്കുമ്പോള്‍ കരച്ചില്‍ വരും. രാഷ്ട്രീയത്തിലെ ആദ്യത്തെ നവജാതശിശുമരണം അതായിരുന്നുപോലും.

ഇനി, ഇത്രയെല്ലാം നാവില്‍ വെള്ളമൂറാന്‍മാത്രം എന്താണ് ഈ ഡെപ്യൂട്ടി പദവി? രേഖപ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരുമേ ഉള്ളൂ. ഫസ്റ്റ് എമങ് ഈക്വല്‍സ് മാത്രമാണ് മുഖ്യമന്ത്രി. സെക്കന്‍ഡ് എമങ് ഈക്വല്‍സ് എന്നൊന്നില്ല. പ്രോട്ടോക്കോളിലും ഇല്ല ഉപന്‍. മുഖ്യമന്ത്രി എങ്ങാനും പോവുകയാണെങ്കില്‍ ഉപന് മുഖ്യമന്ത്രിയായി അഭിനയിക്കാം. അതിന് മുഖ്യമന്ത്രി എങ്ങാനും പോയിട്ടുവേണ്ടേ! ബോധമുണ്ടെങ്കില്‍ പോവില്ല. ഇനി ഒട്ടുമില്ല.

യു.ഡി.എഫുമായുള്ള വിഹിതവും അവിഹിതവുമായ എല്ലാ ബന്ധവും അവസാനിപ്പിച്ചതായി എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി.യും പ്രഖ്യാപിച്ചുകഴിഞ്ഞു. ബന്ധത്തിന്റെ ബലത്തില്‍ കിട്ടിയ സന്താനങ്ങളെ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇനി കാണാം യു.ഡി.എഫിന്റെ നെഞ്ചത്തടിയും നിലവിളിയും. അനുഭവിച്ചേ പോവൂ....

 * * * *

ഓരോ അസംബന്ധ നിയമങ്ങളേയ്... മന്ത്രിമാരുടെ എണ്ണത്തിന് പരിധിയുണ്ടത്രെ. മന്ത്രിസഭയിലേക്ക് രമേശ് വരികയാണെങ്കില്‍ ഗണേശിന് വരാന്‍പറ്റില്ല. എണ്ണം പരിധി കടക്കുമത്രെ. പുത്രന്‍ ഗണേശിനുപകരം നേരത്തേ അച്ഛന്‍ ബാലേശ് മന്ത്രിയാകുന്നതിന് തടസ്സമായത് വേറെ ഏതോ അസംബന്ധ നിയമമായിരുന്നു. എന്തായാലെന്ത്, എല്ലാറ്റിനെയും മറികടക്കാന്‍ നമുക്ക് സൂത്രങ്ങളുണ്ട്. അച്ഛന് മുന്നാക്കകമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം കൊടുക്കാം. ചെയര്‍മാന് കാബിനറ്റ്പദവി കൊടുക്കാം.

കാക്കത്തൊള്ളായിരം കമ്മീഷനുകളും ബോര്‍ഡുകളും ഉണ്ട് കേരളത്തില്‍. ന്യൂനപക്ഷകമ്മീഷന്‍, പിന്നാക്ക കമ്മീഷന്‍, പബ്ലിക് സര്‍വീസ് കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, വിവരാവകാശ കമ്മീഷന്‍ എന്നിത്യാദി. ഇവയേക്കാളെല്ലാം ബഹുകാതം മുന്നില്‍ നില്‍ക്കുന്നതല്ലേ മുന്നാക്കകമ്മീഷന്‍? മന്ത്രിപദവിയെങ്കിലും ഇല്ലെങ്കില്‍ മുന്നാക്കകമ്മീഷന്‍ ആ പേരിനുതന്നെ അനര്‍ഹമാകും. മുന്നാക്ക, പിന്നാക്ക, പിണ്ണാക്ക് കമ്മീഷനുകളുടെ ചെയര്‍മാന്മാരുടെ കൂട്ടത്തില്‍ മന്ത്രിപദവിക്ക് അര്‍ഹതയുള്ള വേറൊരുപേര് പറയാന്‍ പറ്റുമോ? കൊടുക്കേണ്ടിയിരുന്നത് മന്ത്രിപദവിയല്ല. ഉപമുഖ്യമന്ത്രി പദവിയാണ്. ഒരു ഉപമുഖ്യമന്ത്രിയെയുംകൊണ്ട് പുലിവാലുപിടിച്ച് നില്‍ക്കുമ്പോള്‍ വേറൊന്നുകൂടി വയ്യ എന്ന് വിചാരിച്ചുകാണും യു.ഡി.എഫ്. മേലാളന്മാര്‍.

ബാലന്‍പിള്ളസാറിന് സംഗതി ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. പാവപ്പെട്ട മുന്നാക്കക്കാരെ മോചിപ്പിച്ച് പിന്നാക്കാവസ്ഥയിലാക്കാന്‍ സാറുതന്നെ വേണം എന്ന് സര്‍വരും സമ്മര്‍ദം ചെലുത്തിയതുകൊണ്ട് മാത്രമാണ് അദ്ദേഹം 'വഴങ്ങിയത്'. അപ്പോഴും ഒരു പ്രശ്‌നം അവശേഷിക്കുന്നുണ്ട്. മുന്നാക്കകമ്മീഷന്‍ ചെയര്‍മാന്‍ പാര്‍ട്ടിക്ക് വഴങ്ങിയതുകൊണ്ടൊന്നും അഞ്ചുപൈസയുടെ ഗുണം കിട്ടില്ല. പാര്‍ട്ടിക്ക് മന്ത്രിവേണം, മന്ത്രിക്ക് വനംവകുപ്പ് പോലുള്ള ഗുണമുള്ള വകുപ്പ് വേണം, മന്ത്രി പാര്‍ട്ടിക്ക് 'വഴങ്ങുകയും' വേണം. അല്ലാതെങ്ങനാ കഴിഞ്ഞുകൂടി പോകുന്നത് ?

 * * * *

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വ്യാഴാഴ്ച തലസ്ഥാനത്ത് നടത്തിയ ഭീകരപ്രവര്‍ത്തനത്തെക്കുറിച്ച് നേര് നേരത്തേ അറിയിക്കുന്ന പത്രമല്ലാതെ മറ്റാരും റിപ്പോര്‍ട്ട്‌ചെയ്തില്ല. ഫ്രണ്ടുകാര്‍ എന്തോ ന്യായംപറഞ്ഞ് തലസ്ഥാനത്ത് വന്‍പ്രകടനം സംഘടിപ്പിച്ചു. അതിന്റെ തുടക്കം പരിപാവനമായ എ.കെ.ജി. സെന്ററിനുമുന്നില്‍ നിശ്ചയിച്ചത് കലാപം സൃഷ്ടിക്കാനല്ലെങ്കില്‍ മറ്റെന്തിനാണ്? പ്രകടനം തുടങ്ങാനും ആളൊഴിയാനും മണിക്കൂറുകള്‍ എടുക്കുമെന്ന് ഇക്കൂട്ടര്‍ക്ക് അറിയാത്തതല്ലല്ലോ. അത്രയും സമയം എ.കെ.ജി. സെന്ററിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ആര്‍ക്കും അകത്തും പുറത്തും കടക്കാനായില്ല. വല്ല സെക്രട്ടേറിയറ്റോ ജില്ലാ ആസ്പത്രിയോ ആണോ എ.കെ.ജി.സെന്റര്‍? സി.പി.എമ്മിനെതിരെ മുദ്രാവാക്യം വിളിക്കാനുള്ള ഔദ്ധത്യവും അവര്‍ കാട്ടി.

സഖാക്കള്‍ കടുത്ത ആത്മനിയന്ത്രണം പുലര്‍ത്തിയതുകൊണ്ട് ചോരപ്പുഴ ഒഴുകിയില്ലെന്നേയുള്ളൂ. പോലീസ് വന്ന് വെറുതേ നോക്കിനിന്നു. ലാത്തിച്ചാര്‍ജോ വെടിവെപ്പോ നടത്തി എ.കെ.ജി.സെന്ററിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. പാല്‍, പത്രം, ആസ്പത്രി, എ.കെ.ജി.സെന്റര്‍ എന്നിവയെ ഇത്തരം പ്രകടനങ്ങളുടെ ഉപദ്രവങ്ങളില്‍നിന്ന് ഒഴിവാക്കേണ്ടതാണ്. സര്‍ക്കാര്‍ നിയമംകൊണ്ടുവന്നാലും തെറ്റില്ല.