Tuesday, 30 July 2013

വി.പി.ആര്‍ - മാധ്യമരംഗത്തെ ഒരതികായന്‍

സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ മാധ്യമബഹുമതിയായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം വി.പി.ആറിന് മുഖ്യമന്ത്രി സമ്മാനിക്കുന്ന ചടങ്ങില്‍ ആശംസ നേരാന്‍ വേദിയിലെത്തിയപ്പോള്‍ ഓര്‍മ വന്നത് 32 വര്‍ഷം മുമ്പ് മാതൃഭൂമിയില്‍ ജേണലിസം ട്രെയിനി സെലക്ഷനുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതാണ്. എന്റെ ചെറിയ ആശംസാപ്രസംഗം ആരംഭിച്ചതും അതോര്‍മിച്ചുതന്നെ.

32 വര്‍ഷം ! വി.പി.ആര്‍ ഇന്നും അന്നത്തെ പോലെ തന്നെയുണ്ട്. ഞങ്ങളൊക്കെയാണ് വൃദ്ധന്മാരായത് !

മാതൃഭൂമിയുടെ കൊച്ചി ഓഫീസിലായിരുന്നു ഇന്റര്‍വ്യൂ. ഉച്ച കഴിഞ്ഞാണ് എന്നെ ഇന്റര്‍വ്യൂവിന് വിളിച്ചത്. അതുവരെ വരാന്തയില്‍ നിലയുറപ്പിച്ച് ആളുകളോട് സംസാരിച്ചുകൊണ്ടിരുന്നു. ഇന്റര്‍വ്യൂകളില്‍ അനുഭവിക്കാറുള്ള പതിവ് ടെന്‍ഷന്‍ ലവലേശമില്ല. രണ്ട് കാരണങ്ങള്‍ കൊണ്ട്- ഒന്ന്, ഇന്റര്‍വ്യൂവിന് വന്നവരെ ഏതാണ്ടെല്ലാവരെയും പരിചയപ്പെട്ടപ്പോള്‍ ഒരു കാര്യം ബോധ്യപ്പെട്ടു. എന്നെക്കാള്‍ യോഗ്യന്മാരാണ് അവരെല്ലാം. കേരളത്തിലാകെ അറിയപ്പെട്ടിരുന്ന എഴുത്തുകാര്‍ തന്നെ അര ഡസന്‍ എത്തിയിരുന്നു. ചിലര്‍ ഒരു ചുമട് പ്രസിദ്ധീകരണങ്ങളുമായാണ് വന്നിരുന്നത്. എല്ലാം അവരുടെ ലേഖനങ്ങളും മറ്റ് കൃതികളും പ്രസിദ്ധീകരിച്ച മാഗസീനുകള്‍. എനിക്കാണെങ്കില്‍ കാട്ടാന്‍ ഒരു സായാഹ്നപത്രം പോലുമില്ല. ചില രാഷ്ട്രീയ  പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങളാണ് എനിക്കുള്ളത്. അത് എടുത്തുകാണിച്ചാല്‍ ജോലി കിട്ടാന്‍ ഉള്ള സാധ്യതയും ഇല്ലാതാവുകയേ ഉള്ളൂ എന്നുറപ്പുണ്ടായിരുന്നു. അതുകൊണ്ട് ധൈര്യമായി ഇരിപ്പുറപ്പിച്ചു- ഈ പണി കിട്ടുന്ന പ്രശ്‌നമില്ല.

ധൈര്യമായി ഇരിക്കാം,കാരണം ഞാന്‍ അന്നേ കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ക്ലാസ് വണ്‍ അസിസ്റ്റന്റാണ്. ഒരു കമ്പം തോന്നി അപേക്ഷിച്ചുവെന്നുമാത്രം. കോളേജില്‍ പഠിക്കുന്ന കാലത്തേ ഉള്ളതാണ് പത്രപ്രവര്‍ത്തനകമ്പം. പക്ഷേ, മാതൃഭൂമിയില്‍ ജേണലിസം ട്രെയിനിക്ക് ഒരു തൊഴില്‍ സുരക്ഷിതത്ത്വവുമില്ല. രണ്ട് വര്‍ഷം ട്രെയ്‌നിക്ക് കിട്ടുക സ്‌റ്റൈപ്പന്റ്  മാത്രം. അതാകട്ടെ യൂണിവേഴ്‌സിറ്റിയില്‍ കിട്ടുന്ന ശമ്പളത്തേക്കാള്‍ കുറവും. പത്രപ്രവര്‍ത്തകനാകണം എന്നാഗ്രഹമുണ്ട്. പക്ഷേ, കിട്ടിയേ തീരൂ എന്ന വാശിയൊന്നുമില്ല.  കിട്ടിയാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലീവ് എടുത്ത് വരാമെന്നായിരുന്നു പരിപാടി. അത് നടന്നില്ലെന്നത് വേറെ കാര്യം.

ഇന്റര്‍വ്യൂബോര്‍ഡില്‍ പത്രാധിപരും സീനിയര്‍ ജേണലിസ്റ്റുകളുമേ ഉളളൂ. കമ്പനി ഡയറക്റ്റര്‍മാര്‍ ജേണലിസ്റ്റ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടാകാറില്ല. വി.പി.ആറിന് പുറമെ വി.എം. കൊറാത്തും വിംസിയും ടി.വേണുഗോപാലുമുണ്ടായിരുന്നു എന്ന് ഓര്‍മയുണ്ട്. മറ്റുള്ളവരെ അത്ര പിടിയില്ല. ഇന്റര്‍വ്യൂവില്‍ വാചകമടിക്കാന്‍ ഒട്ടും ഭയം തോന്നിയില്ല. എല്ലാ ദിവസവും എന്തിനാണ് ഇങ്ങനെ മുഖപ്രസംഗമെഴുതി ന്യൂസ് പ്രിന്റ് കളയുന്നത് എന്ന് ചോദിക്കാനുള്ള മണ്ടത്തരവും അന്ന് പ്രകടിപ്പിച്ചു. താങ്കള്‍ക്ക് പ്രസംഗത്തില്‍ മാത്രമേ കമ്പമുള്ളൂ എന്ന് അന്ന് വി.പി.ആര്‍ തിരിച്ചുചോദിച്ചത് മറന്നിട്ടില്ല.

താങ്കളെ തിരഞ്ഞെടുത്തിട്ടുണ്ട്, കോഴിക്കോട്ട് വന്ന് ജോയിന്‍ ചെയ്യണം എന്നറിയിക്കുന്ന കത്ത് കിട്ടിയപ്പോള്‍ അമ്പരന്നുപോയി. അറിയപ്പെടുന്ന സാഹിത്യകാരന്മാരെയൊന്നും തിരഞ്ഞെടുത്തിട്ടില്ല. സാഹിത്യമെഴുതലല്ല പത്രപ്രവര്‍ത്തനം എന്ന് പത്രാധിപര്‍ ഉറച്ച നിലപാടെടുത്തത് കൊണ്ടാണ് എന്നെപ്പോലത്തെ കൂട്ടര്‍ക്ക് പണി കിട്ടിയതെന്ന് പിന്നീട് ചിലരെല്ലാം പറഞ്ഞു. എന്തായാലും കോഴിക്കോട്ട് ജോയിന്‍ ചെയ്തു.

ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഇതിന്റെ തുടര്‍ച്ചയെന്ന് പറയാവുന്ന ഒരു സംഭവവുണ്ടായി. അന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത, അക്കാലത്തുതന്നെ എഴുത്തുകാരനായി അറിയപ്പെട്ടിരുന്ന ഒരു സുഹൃത്തുമൊത്ത് ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേ പലതും പറഞ്ഞ കൂട്ടത്തില്‍ സുഹൃത്ത് ഒരു ചോദ്യം ചോദിച്ചു. ' രാജേന്ദ്രാ..നമ്മള്‍ ഒന്നിച്ചാണ് മാതൃഭൂമി ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത് എന്നും എനിക്ക് അന്ന് സിലക്ഷന്‍ കിട്ടിയില്ല എന്നും രാജേന്ദ്രന് ഓര്‍മയുണ്ടോ ? ' ഓര്‍മയില്ലാഞ്ഞിട്ടായിരുന്നില്ല. ഞാനത് ബോധപൂര്‍വം ഓര്‍മിപ്പിക്കാതിരുന്നതാണ്. കാര്യം മറ്റൊന്നുമല്ല. എന്റെ ഭാഗ്യം കൊണ്ടാണ് എനിക്ക് മാതൃഭൂമിയില്‍ ജോലികിട്ടിയത്. അദ്ദേഹത്തിന്റെ ഭാഗ്യം കൊണ്ടാണ് അദ്ദേഹത്തിന് ജോലി കിട്ടാതിരുന്നത്. അദ്ദേഹം ലക്ചറര്‍ ആയി സര്‍ക്കാര്‍ കോളേജില്‍ തുടര്‍ന്നു. പ്രിന്‍സിപ്പാളായി പിരിഞ്ഞു. എണ്ണപ്പെട്ട എഴുത്തുകാരനായി വളര്‍ന്നു. ഇന്ന്  കൂടിയ  സംഖ്യ യൂ.ജി.സി.നിരക്കില്‍ പെന്‍ഷന്‍ വാങ്ങുന്നു. വി.പി.ആറിന് സ്തുതി !

വി.പി.ആര്‍ പിന്നെ രണ്ടര മൂന്നുവര്‍ഷത്തിലധികം മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചില്ല. മാനേജ്‌മെന്റുമായി പിണങ്ങിപ്പോയെങ്കിലും പത്രപ്രവര്‍ത്തനം അവസാനിപ്പിച്ചില്ല. മലയാളം എക്‌സ്പത്രത്തിലെ ചെറിയ കാലത്തെ സേവനത്തിന് ശേഷം കേരള പ്രസ് അക്കാദമിയില്‍ ഡയറക്റ്ററായി ചേര്‍ന്നു. നാല് വര്‍ഷക്കാലം ഡയറക്റ്ററും പിന്നെ ഏഴുവര്‍ഷം ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ തൊണ്ണൂറാം വയസ്സില്‍ വിശ്രമജീവിതം നയിക്കുമ്പോഴാണ് അദ്ദേഹത്തെത്തേടി കേരളത്തിലെ ഏറ്റവും ഉന്നത മാധ്യമപുരസ്‌കാരം എത്തിയത്.

ഞങ്ങളുടെ തലമുറയുടെ ഗുരുദക്ഷിണയാണ് ഈ ബഹുമതി എന്ന് ഞാന്‍ കൊച്ചിയിലെ അവാര്‍ഡ് ചടങ്ങില്‍ പറയുകയുണ്ടായി.  അത് എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ സത്യം കൂടിയാണ്. ക്ലാസ് മുറിയിലിരുന്ന് പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകനുമായെന്ന പോലത്തെ ബന്ധം പത്രാധിപരുമായി ജേണലിസം ട്രെയ്‌നികള്‍ക്കില്ല എന്നത് ശരിയെങ്കിലും വിശാലമായ അര്‍ത്ഥത്തില്‍ അദ്ദേഹം ഗുരു തന്നെയായിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച, പ്രസ് അക്കാദമി ചെയര്‍മാനും മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ തോമസ് ജേക്കമ്പും ദ ഹിന്ദു കേരള എഡിറ്റര്‍ സി.ഗൗരീദാസന്‍ നായരും അടങ്ങിയ ജുറി കമ്മിറ്റി തിരുവനന്തപുരത്ത് സമ്മേളിച്ചപ്പോള്‍ വി.പി.ആറിന്റെ പേര് അംഗീകരിക്കാന്‍ ഏതാനും മിനിട്ട് നേരത്തെ ചര്‍ച്ചയേ വേണ്ടിവന്നുള്ളൂ

മാതൃഭൂമി ഒരു കോണ്‍ഗ്രസ് അനുകൂല ദേശീയപത്രം എന്ന നിലയില്‍ നിന്ന് തനി പ്രൊഫഷനല്‍ പത്രമാകുന്നതിന് തുടക്കം കുറിച്ചത് വി.പി.ആറിന്റെ പത്രാധിപത്യത്തോടെ ആയിരുന്നു എന്ന് എല്ലാവരും സമ്മതിക്കും. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാധിനിധ്യം നല്‍കുന്ന, പ്രൊഫഷനല്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കിപ്പോന്ന പത്രാധിപരായിരുന്നു അദ്ദേഹം.  കൊച്ചിയിലെ അവാര്‍ഡ് ദാനച്ചടങ്ങില്‍ കെ.എം.റോയി പറഞ്ഞത് അര്‍ത്ഥവത്തായിരുന്നു- മലയാളത്തിലെ വംശനാശം വന്നുകൊണ്ടിരിക്കുന്ന പത്രാധിപ വംശത്തിലെ അവസാനത്തെ പത്രാധിപന്മാരില്‍ ഒരാളാണ് വി.പി.ആര്‍.

വി.പി.ആര്‍ ഏഴുവര്‍ഷം ഇരുന്ന അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഞാന്‍ ഇരിക്കുന്നു എന്നത് കാലദോഷം തന്നെയാണ്. കെ.എ.ദാമോദരമേനോന്റെയും പി.ഗോവിന്ദപ്പിള്ളയുടെയും ടി.കെ.ജി.നായരുടെയുമെല്ലാം ആത്മാക്കള്‍ ദു:ഖിക്കട്ടെ. എല്ലാ രംഗത്തും ഉണ്ടാകുന്ന ഈ മൂല്യശോഷണത്തില്‍ ഞാന്‍ കുറ്റവാളിയല്ല എന്നാശ്വസിക്കാനേ എനിക്കാവൂ.

ഏതാനും ദിവസം മുമ്പ് വി.പി.ആര്‍ എന്നെ വിളിച്ച് ഒരു കാര്യം പറഞ്ഞു. ഒരു ജീവചരിത്രം ഒരാള്‍ എഴുതിയിട്ടുണ്ട്. പ്രസ് അക്കാദമിക്ക് പ്രസിദ്ധീകരിക്കാന്‍ പറ്റുമോ എന്ന് നോക്കണം എന്നാണ് പറഞ്ഞത്. തീര്‍ച്ചയായും അയക്കണം എന്ന് ഞാനും പറഞ്ഞു. രണ്ട് നാള്‍ കഴിഞ്ഞ് തപ്പാല്‍ വന്നപ്പോഴാണ് മനസ്സിലായത് അത് വി.പി.ആറിന്റെ തന്നെ ജീവിതകഥയാണ്. ആത്മകഥ എന്നും പറയാം,  ജീവചരിത്രം എന്നും പറയാം. വി.പി.ആര്‍ പറഞ്ഞുകൊടുത്തത് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് വിദ്യാര്‍ത്ഥിയും കുടുംബസുഹൃത്ത് പ്രൊഫ. ജോയ് ജോസഫിന്റെ മകളാണ് -അങ്കിത ചീരക്കതില്‍- എഴുതിയെടുത്തത്. അത് എന്നാല്‍ ഒരു ആത്മകഥയുമല്ല. ഞാന്‍ എഴുതുകയാണെങ്കില്‍ എഴുതേണ്ടത് പലതും ഇതില്‍ എഴുതിയിട്ടില്ല. അത്‌കൊണ്ട് ആത്മകഥ എന്ന് വിളിക്കാന്‍ പറ്റില്ല എന്നദ്ദേഹം പറയുന്നു. എന്തായാലും കേരള പ്രസ് അക്കാദമി അത് വൈകാതെ പ്രസിദ്ധീകരിക്കും എന്ന് ഞാന്‍ ഉറപ്പുകൊടുക്കുകയും ചെയ്തു.

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ്, പരിമിതമായ വിദ്യാഭ്യാസ യോഗ്യതയുമായി പൂനെക്ക് വണ്ടികയറിയ വി.പി.ആര്‍  പത്രപ്രവര്‍ത്തനത്തിന്റെ ഔന്നത്യം താണ്ടിയത് പുതിയ തലമുറ വായിച്ചറിയേണ്ട, ആവേശം കൊള്ളേണ്ട, പ്രചോദനം ഉള്‍ക്കൊള്ളേണ്ട വിജയകഥ തന്നെയാണ്.

താന്‍ ഒരു ടെലിപ്രിന്റര്‍ ഓപറേറ്ററായാണ് തൊഴില്‍ തുടങ്ങിയത് എന്ന് പറയാന്‍ വി.പി.ആറിന് മടിയില്ല. സ്വാതന്ത്ര്യ ലബ്ധി, ഇന്ത്യാ വിഭജനം, സാമുദായിക ലഹള, ഇന്ത്യയുടെ സംസ്ഥാന ഏകീകരണം, ഇന്ത്യാ-പാക് യുദ്ധങ്ങള്‍, ഇന്ത്യാ-ചൈന യുദ്ധം, അടിയന്തരാവസ്ഥയിലെ ഏകാധിപത്യവാഴ്ച തുടങ്ങിയ എന്തെല്ലാം ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നു ഈ പത്രപ്രര്‍ത്തകന്‍. ന്യൂസ് ഏജന്‍സി ലേഖകന്മാര്‍ മിക്കപ്പോഴും അജ്ഞാതന്മാരായി ജീവിക്കുകയും അജ്ഞാതന്മാരായി മരിക്കുകയും ചെയ്യാറാണ് പതിവ്. വി.പി.ആര്‍ അവരില്‍ നിന്ന് വ്യത്യസ്തനായി, മാധ്യമരംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമായി. അറുപത് വര്‍ഷം മുമ്പ് ഗുവാഹതിയില്‍ റിപ്പോര്‍ട്ടറായിരിക്കുക, ചൈന ഇന്ത്യയുടെ വടക്ക് കിഴക്ക് പടയോട്ടം നടത്തുമ്പോള്‍ അതുറിപ്പോര്‍ട്ട്‌ചെയ്യുക, ലോകം ഭയന്ന ഏകാധിപതി ഇദി അമീനോട് ചോദ്യം ചോദിക്കുക തുടങ്ങി രേഖപ്പെടുത്തേണ്ട ഏറെ അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ട്. അതൊന്നും അദ്ദേഹം കാര്യമായിട്ടെടുക്കുന്നില്ല എന്നത് വേറെ  കാര്യം.

നന്ദിയും കടപ്പാടും ചാരിതാര്‍ത്ഥ്യവും പ്രകടിപ്പിക്കാനേ ഇപ്പോള്‍ കഴിയൂ. ഇനിയുമേറെക്കാലം നമുക്കൊപ്പം അദ്ദേഹം ഉണ്ടായിരിക്കുട്ടെ, ആരോഗ്യത്തോടെ....


Sunday, 28 July 2013

രാജിയുടെ താത്ത്വിക പ്രശ്‌നങ്ങള്‍


കോണ്‍ഗ്രസ്സില്‍ ആദര്‍ശധീരത എന്ന അസുഖത്തിന്റെ ഒരു ലക്ഷണം ആള്‍ ഇടയ്‌ക്കെല്ലാം ഒന്ന് രാജിവെക്കും എന്നുള്ളതാണ്. എന്നാല്‍, രാജി എപ്പോള്‍ വെക്കണം എന്നകാര്യത്തില്‍ ആദര്‍ശധീരന്മാര്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല. ദേശീയതലത്തിലും ഇതുതന്നെയാണ് സ്ഥിതി. കഴിയുന്നത്ര നിസ്സാരമായ കാരണം കണ്ടുപിടിച്ചാണ് രാജിവെക്കേണ്ടത് എന്ന ഒരു തിയറി നിലവിലുണ്ട്. എന്തായാലും ഒരു കാര്യത്തില്‍ അഭിപ്രായൈക്യമുണ്ട് -ഗൗരവമുള്ള വീഴ്ചകള്‍ പറ്റിയാലൊന്നും രാജിവെച്ചുകൂടാ.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കാര്യമാണ് ചര്‍ച്ചാവിഷയമെന്ന് ധരിക്കരുത്. ഇന്ന് രാജിവെക്കുമോ നാളെ രാജിവെക്കുമോ എന്നൊരു അനിശ്ചിതത്വമൊന്നും മുഖ്യമന്ത്രിയുടെ കാര്യത്തിലില്ല. രാജിവെക്കില്ലെന്ന് കട്ടായം. മൂന്നുനാല് സംഗതികളാണ് പൊതുവേ കോണ്‍ഗ്രസ്മന്ത്രിമാരുടെ ഓര്‍ക്കാപ്പുറത്തുള്ള രാജിക്ക് കാരണമാകാറ്. മനസ്സാക്ഷിയാണ് ഇതിലൊന്ന്. എപ്പോഴാണ് ഇതിന്റെ കുത്ത് ഉണ്ടാവുകയെന്ന് പ്രവചിക്കാനാവില്ല. ഇക്കാലത്ത് അതുള്ളവര്‍ നന്നേ അപൂര്‍വമാണെന്നതും അല്പസ്വല്പം അതുള്ളവരും സാഹചര്യം നോക്കിയേ അങ്ങനെ ചെയ്യാറുള്ളൂ എന്നതുമാണ് വലിയ ആശ്വാസം. ധാര്‍മികത എന്നൊരു സാധനം വേറെയുണ്ട്. ഇക്കാര്യത്തിലുമില്ല വ്യവസ്ഥയും ചട്ടവുമൊന്നും. എവിടെയോ തീവണ്ടി മറിഞ്ഞ് കുറച്ചുപേര്‍ മരിച്ചതിന്റെ പേരില്‍ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് പണ്ടൊരു റെയില്‍വേമന്ത്രി രാജിവെക്കുകയുണ്ടായി. പില്‍ക്കാലത്ത് അതിലും വലിയ അപകടങ്ങള്‍ നൂറെണ്ണമുണ്ടായി. ഒരു വണ്ടിഡ്രൈവര്‍പോലും രാജിവെച്ചില്ല. രാജി ഒരു കീഴ്‌വഴക്കമായിരുന്നെങ്കില്‍ മന്ത്രിപ്പണിക്ക് ആളെക്കിട്ടാതെ ജനാധിപത്യം കുളംതോണ്ടിപ്പോകുമായിരുന്നു.

ഹൈക്കമാന്‍ഡ് എന്ന അരൂപി ഇടപെട്ടളഞ്ഞാലും രാജിവെക്കേണ്ടിവരാറുണ്ട്.
ആദര്‍ശം ധാര്‍മികത തുടങ്ങിയ മുഖംമൂടികളൊന്നും അതിനില്ല. അപ്രിയമുണ്ടെങ്കില്‍ രാജിവെക്കാന്‍ പറയുക, പ്രിയ പ്രിയപ്പെട്ടവരെ മുഖ്യമന്ത്രിയാക്കുക എന്നതാണ് ഹൈക്കമാന്‍ഡിന്റെ പൊതുതത്ത്വം. സ്വന്തക്കാരാണെങ്കില്‍ തലപോയാലും രാജി ആവശ്യപ്പെടില്ല. രാജിവെക്കണം എന്ന് പറയിക്കാനും പറയിപ്പിക്കാതിരിക്കാനുമായി സകല സംസ്ഥാനങ്ങളില്‍നിന്നും കോണ്‍ഗ്രസ്സുകാര്‍ ആഴ്ചതോറും കൂട്ടംകൂട്ടമായി ഡല്‍ഹിക്കുപോകുന്നതുകൊണ്ടാണ് വിമാനക്കമ്പനികള്‍ കഷ്ടിച്ച് നിലനിന്നുപോകുന്നത്.

മുഖ്യമന്ത്രിയുടെ ഡല്‍ഹി റേറ്റിങ് ഇപ്പോഴും സ്റ്റെഡി ആണ്. അതുകൊണ്ട് അദ്ദേഹം രാജിവെക്കില്ല.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷക്കാര്‍ കരിങ്കൊടി, ചെങ്കൊടി തുടങ്ങിയ പലതും കാണിക്കുന്നുണ്ട്. എം.വി. രാഘവനെ പണ്ട് തടഞ്ഞതിനുശേഷം ഈ വിധമൊരു സാഹസത്തിന് മുതിര്‍ന്നിട്ടില്ല. ഇനിയെത്രകാലം മഴയിലും തണുപ്പിലും രാത്രി തെരുവോരത്ത് കിടക്കേണ്ടിവരും എന്നറിയില്ല.

മഴക്കാലത്താണെങ്കില്‍ കൊതുകിന് ശൗര്യം ഡബിളാവും.

ആരും പറയുംമുമ്പ് രാജിവെക്കുന്ന ആന്റണിയുടെ നേര്‍പതിപ്പാണ് ഉമ്മന്‍ചാണ്ടി എന്നാണ് കേട്ടിരുന്നത്.

അത് വെറും മാധ്യമസൃഷ്ടി. ഇപ്പോള്‍ ആരുപറഞ്ഞാലും രാജിവെക്കില്ല. ഞാനായിരുന്നെങ്കില്‍ പണ്ടേ രാജിവെക്കുമായിരുന്നുവെന്ന് മന്ത്രിതുല്യ ചീഫ് വിപ്പ് പറഞ്ഞതോടെ ആദര്‍ശത്തിന്റെ ഇന്‍ഡക്‌സില്‍ പി.സി. ജോര്‍ജിനും താഴേക്ക് ഉരുണ്ടുവീണിരിക്കുന്നു ആദര്‍ശവാനായ ഉമ്മന്‍ചാണ്ടി. ഇതിനേക്കാള്‍ താഴേക്ക് ഇനി വീഴാന്‍ ബുദ്ധിമുട്ടാണ്.

കോടതി പറഞ്ഞാല്‍ രാജിവെക്കും എന്നുപറയുന്നുണ്ട് എ ഗ്രൂപ്പുകാര്‍. ഇക്കാലംവരെ കോടതി ആരോടും രാജിവെക്കാന്‍ പറഞ്ഞിട്ടില്ല. കോടതിയുടെ പണി അതല്ല. വിധി പ്രസ്താവനയിലെ വരികള്‍ക്കിടയില്‍ വായിച്ചുവേണം രാജിവെക്കാനാണോ തുടരാനാണോ പറഞ്ഞതെന്ന് കണ്ടുപിടിക്കാന്‍. വലിയ പാടാണ്. രാജിവെച്ചില്ലെങ്കില്‍ പിറ്റേന്ന് ജഡ്ജി പത്രസമ്മേളനം വിളിച്ചുകൂട്ടി മന്ത്രിയെ വിമര്‍ശിക്കുകയോ ചാനലില്‍ കേറി അട്ടഹസിക്കുകയോ ഒന്നുമില്ല. കോടതി ലിഖിതമായ വിധിയില്‍ അഭിപ്രായം പറഞ്ഞാലേ രാജിവെക്കേണ്ട കാര്യമുള്ളൂ. വിചാരണക്കിടയിലെ കമന്റ്‌സ് വിധിയല്ല. ഒരു കേസില്‍ ഒരു വിധിയേ പറയാനൊക്കൂ. കമന്റ്‌സ് പത്തെണ്ണം പറയാം. പത്രത്തില്‍ തലക്കെട്ട് വരും. രാവും പകലും ബ്രേക്കിങ് ന്യൂസ് വരും. പാതിരാത്രിവരെ ചാനല്‍ ചര്‍ച്ചയും നടക്കും.

അന്തിമവിധി വ്യത്യസ്തമാകാം. പത്രപ്രവര്‍ത്തനത്തില്‍ ഒരു മഹദ്വചനമുണ്ട്-വസ്തുതകള്‍ പവിത്രവും അഭിപ്രായം സ്വതന്ത്രവുമാണ്. ഫാക്ട്‌സ് ആര്‍ സേക്രഡ്, കമന്റ്‌സ് ആര്‍ ഫ്രീ. കോടതിയിലും ഇത് ബാധകമാണ്. കമന്റ്‌സ് ഫ്രീ ആയി ഇഷ്ടംപോലെ കിട്ടും. രാജിവെക്കുകയോ വെക്കാതിരിക്കുകയോ തരംപോലെ ചെയ്യാം.

അങ്ങനെയങ്ങനെ സരിതോര്‍ജ ക്രൈം സ്റ്റണ്ട് സെക്‌സ് സസ്‌പെന്‍സ് ത്രില്ലര്‍ സീരിയല്‍ അനിശ്ചിതകാലത്തേക്ക് തുടരും. സഹിച്ചേ പറ്റൂ

* * * *
ചാരക്കേസ് കാലത്ത് മുഖ്യമന്ത്രി കെ. കരുണാകരനെക്കൊണ്ട് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പുകാരും രാജിവെപ്പിച്ചതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് തോന്നിപ്പോകും പഴയ പത്രറിപ്പോര്‍ട്ടുകള്‍ നിരത്തിയുള്ള പ്രതിപക്ഷനേതാവ് വി.എസ്സിന്റെ വാദം കേട്ടാല്‍. ഇരുമ്പുലക്കപോലെ ഉറച്ച സോളാര്‍ തട്ടിപ്പിനെ മണല്‍ക്കോട്ടപോലെ കാറ്റത്ത് അപ്രത്യക്ഷമായ ചാരക്കേസുമായി താരതമ്യപ്പെടുത്തുകയോ? ലീഡറുടെ പേര് അന്നാരും പറഞ്ഞിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രിയെ പുറത്തുകളഞ്ഞു എന്നത് ശരി. പക്ഷേ, ഒടുവില്‍, മറിയം റഷീദതന്നെ നിരപരാധിയാണെന്ന് തെളിഞ്ഞു. വിവാദം പത്രങ്ങളില്‍ പൊടിപാറുന്നതിനിടയില്‍ ഹൈക്കോടതിയുടെ ചില ബഞ്ചുകളില്‍നിന്ന് കമന്റുകള്‍ ഇഷ്ടംപോലെ ഫ്രീ ആയി കിട്ടിയതാണ്. അതെല്ലാം ലീഡര്‍ക്കെതിരെ ആഘോഷപൂര്‍വം ഉപയോഗപ്പെടുത്തി മാധ്യമങ്ങളും പ്രതിപക്ഷവും എ ഗ്രൂപ്പും. അങ്ങനെയാണ് സര്‍ക്കാറിന്റെ പ്രതിച്ഛായ തണുത്ത ചായപോലെ ഓവുചാലില്‍ ഒഴുക്കേണ്ട നിലയിലായത്. അതുപോലൊരു മാധ്യമസൃഷ്ടിയാണോ സോളാര്‍ കേസ് ? അഭിനവ മറിയം റഷീദയാണോ സരിതാനായര്‍ ?

അന്നത്തെ യു.ഡി.എഫ്. സര്‍ക്കാറിന്റെ പ്രതിച്ഛായ ഓവുചാലില്‍ കിടക്കുമ്പോള്‍ അത് വീണ്ടെടുക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച ഒറ്റമൂലിയാണ് മുഖ്യമന്ത്രിയുടെ രാജി. ഒരാടിന്റെ കഴുത്തറുത്ത് ബലിയാടാക്കുക. ചാരപ്പെണ്ണിന്റെ നാലയലത്ത് പോയിട്ടില്ലാത്ത മുഖ്യമന്ത്രിയെ അങ്ങനെ ബലിയാടാക്കാമെങ്കില്‍ സോളാറില്‍ വലുതും ചെറുതുമായ ആടുകളുടെ എണ്ണം ഡസന്‍കണക്കിനാണ്. പുത്തരിക്കണ്ടം മൈതാനത്ത് ബിരിയാണിസദ്യ നടത്താന്‍മാത്രം ആട്ടിറച്ചി കിട്ടും.

കോടതി, കുറ്റവാളിയാണെന്ന് വിധിക്കുന്നതുവരെ മുഖ്യമന്ത്രിയെ നിരപരാധിയായി കണക്കാക്കിക്കൂടേ എന്നാണ് ചാണ്ടി അനുചരന്മാരുടെ ചോദ്യം. നല്ല ചോദ്യമാണ്. ശിക്ഷിക്കുന്നതുവരെ പ്രതി നിരപരാധിയാണെന്നത് സാധാരണക്കാര്‍ക്ക് ബാധകമായ തത്ത്വമാണ്. നൂറ് അപരാധിയെ വിട്ടാലും ഒരു നിരപരാധിയെ ശിക്ഷിച്ചുകൂടാ. സമ്മതിച്ചു. പക്ഷേ, ജുഡീഷ്യല്‍ തത്ത്വമല്ല ജനകീയ കോടതിയിലെ തത്ത്വം. മന്ത്രിക്കെതിരെ, മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം വന്നാല്‍ കുറ്റവാളിയല്ലെന്ന് തെളിയിക്കപ്പെടുംവരെ ജനകീയക്കോടതി വെറുതെ വിടില്ല. ആരോപിച്ചവര്‍ക്ക് കുറ്റം തെളിയിക്കാനൊന്നും ബാധ്യതയില്ല. ആരോപണം ഏറ്റുവാങ്ങിയവര്‍ വേണം നിരപരാധിത്വം തെളിയിക്കാന്‍. സ്ത്രീപീഡനക്കേസ് പോലെത്തന്നെ. മറിച്ച് തെളിയിച്ചാലും ആളുകളുടെ സംശയം തീരില്ല.

* * * *

സോളാറിന്റെ തീവ്രജ്വരത്തിനിടയില്‍ ഒരു പണി ഒപ്പിച്ചത് അധികം ചര്‍ച്ചയായില്ല. ക്രിമിനല്‍കേസില്‍ ശിക്ഷിക്കപ്പെടണമെന്നില്ല, ജയിലില്‍ കിടക്കുന്നുണ്ടെങ്കില്‍ത്തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന് കോടതി വിലക്കി. സൂര്യന്‍ നാലുവട്ടം അസ്തമിക്കുന്നതിന് മുമ്പാണ് നമ്മളത് ചെയ്തത്. കോടതി ശിക്ഷിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍തന്നെ അയോഗ്യതയുള്ള ആളെ മന്ത്രിതുല്യപദവിയില്‍ ഒരു കമ്മീഷന്റെ തലവനാക്കിയിരിക്കുന്നു.

പിന്നാക്കക്കാര്‍ക്ക് കമ്മീഷനുണ്ട്, ന്യൂനപക്ഷങ്ങള്‍ക്ക് കമ്മീഷനുണ്ട്, വനിതകള്‍ക്ക് കമ്മീഷനുണ്ട്, യുവജനങ്ങള്‍ക്ക് കമ്മീഷനുണ്ട്, മനുഷ്യാവകാശത്തിന് കമ്മീഷനുണ്ട്, വിവരാവകാശത്തിന് കമ്മീഷനുണ്ട്... അവയ്‌ക്കൊന്നുമില്ലാത്ത മന്ത്രിതുല്യപദവിയാണ് മുന്നാക്കക്കമ്മീഷന്‍ തലവന് നല്‍കിയിരിക്കുന്നത്. മന്ത്രിതന്നെ നേതൃത്വംനല്‍കാന്‍മാത്രം പിന്നാക്കമാണ് മുന്നാക്കമെന്ന് ജനമറിഞ്ഞിരുന്നില്ല. അങ്ങനെ എന്തെല്ലാം അറിയാനിരിക്കുന്നു.

Sunday, 14 July 2013

പ്രതിയുടെ ഛായ


പ്രതിച്ഛായയാണ് ഇപ്പോഴത്തെ പ്രശ്‌നം. യു.ഡി.എഫിന് ഇപ്പോഴത്തെ മാത്രമല്ല എന്നത്തെയും പ്രശ്‌നമാണ് പ്രതിച്ഛായ. മറ്റെന്ത് സംഭവിച്ചാലും പൊറുക്കും. പ്രതിച്ഛായയ്ക്ക് കോട്ടംസംഭവിച്ചാല്‍ പൊറുക്കില്ല, കെ.പി.സി.സി. തൊട്ട് മേല്‍പ്പോട്ട് ഹൈക്കമാന്‍ഡ് തന്നെയും ഇടപെടും. ചെയ്തത് ശരിയോ തെറ്റോ എന്നത് പ്രശ്‌നമല്ല. പ്രതിച്ഛായ പോകരുത്. പോയാല്‍ അടുത്തതിരഞ്ഞെടുപ്പില്‍ തോറ്റ് കഞ്ഞികുടിമുട്ടും.
പ്രതിച്ഛായയുടെ ഗ്രാഫ് സദാ നിരീക്ഷിക്കാനും അത് താഴേക്കുവരുന്നത് അപ്പോഴപ്പോള്‍ അറിയിക്കാനും കെ.പി.സി.സി. ഓഫീസില്‍ സംവിധാനമുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. കാലാവസ്ഥാ റിപ്പോര്‍ട്ടുപോലെ അത് എല്ലാദിവസവും പ്രത്യേക ബുള്ളറ്റിനായി അറിയിക്കേണ്ടവരെയെല്ലാം അറിയിക്കുന്നുണ്ട്. ലേറ്റസ്റ്റ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് രമേശ് ചെന്നിത്തല ഡല്‍ഹിക്ക് വിട്ടത്. കെ.പി.സി.സി.യുടെ ഡസന്‍ കണക്കിന് സെക്രട്ടറിമാരില്‍ ഒരാളുടെ ഡസിഗേ്‌നഷന്‍, സെക്രട്ടറി (പ്രതിച്ഛായാ നിരീക്ഷണം) എന്നായിരിക്കാനിടയുണ്ട്. പ്രതിച്ഛായ വീഴുമ്പോള്‍ താങ്ങിനിര്‍ത്താനുള്ള സ്ഥിരം സംവിധാനങ്ങളൊന്നും ഫലിക്കാതെ വരുമ്പോഴാണ് കേന്ദ്രത്തില്‍ വിവരമറിയിക്കുന്നതും അടിയന്തര ഇടപെടലിന് അവിടെനിന്ന് വിദഗ്ധരെ അയയ്ക്കുന്നതും. സംസ്ഥാനങ്ങളില്‍ പ്രതിച്ഛായ ഇല്ലാതാക്കിയതിന്റെ പേരില്‍ 'കിക്ക്ഡ് അപ്‌വേഡ്‌സ്' ആയവരാണ് ഈ വിദഗ്ധന്മാരില്‍ ബഹുഭൂരിഭാഗവും. വി.ഡി.സതീശനെ പ്പോലെ ചിലര്‍ അബദ്ധത്തില്‍ എത്തിപ്പെടാറുണ്ടെന്നത് വേറെക്കാര്യം.

പ്രതിച്ഛായാദോഷത്തിന് എന്താണ് പ്രതിവിധി? നമുക്ക് കീഴ്‌വഴക്കങ്ങള്‍ നോക്കാം. സര്‍ക്കാര്‍ ഓഫീസുകളില്‍ നോക്കുന്നതുപോലെ ബാക്ക് ഫയല്‍സും പ്രീസിഡന്‍സും നോക്കണം. പത്തിരുപത് വര്‍ഷംമുമ്പാണ് യു.ഡി.എഫില്‍ ലക്ഷണമൊത്ത ഒരു പ്രതിച്ഛായാ പ്രതിസന്ധി ഉണ്ടായത്. അന്ന് ചാരക്കേസിന്റെ പേരിലാണ് മുഖ്യമന്ത്രിക്ക് പ്രതിയുടെ ഛായ വന്നത്. മാലിയില്‍നിന്ന് വന്ന അക്ഷരാഭ്യാസം നേരാംവണ്ണമില്ലാത്ത ഒരു പെണ്ണ് റോക്കറ്റ് വിക്ഷേപണത്തിന്റെ സാങ്കേതികവിദ്യ ചോര്‍ത്തി എന്ന നട്ടാല്‍ മുളയ്ക്കാത്തവിത്താണ് ചാരക്കേസ് എന്നത്. അത് കത്തിപ്പടര്‍ന്ന് കുറെ പേരുടെ ജീവിതം നാശമാക്കി.സോളാര്‍ വിവാദത്തെ ചാരക്കേസുമായി താരതമ്യം ചെയ്യുന്നതിന് പിന്നിലെ ഗൂഢോദ്ദേശ്യം കോണ്‍ഗ്രസ്സിലെ അവശിഷ്ട എ ഗ്രൂപ്പുകാര്‍ക്ക് മനസ്സിലാകും. ചാരക്കേസിലും സോളാര്‍ കേസി ലും വനിതാപ്രാതിനിധ്യം ഉണ്ട് എന്നതുമാത്രമല്ല രണ്ടിലെയും പൊതുഘടകം. അന്ന് പ്രതിച്ഛായാനഷ്ടക്കച്ചവടത്തില്‍ നിന്ന് കരകേറാന്‍ നിര്‍ദേശിക്കപ്പെട്ട ഒറ്റമൂലി നേതൃമാറ്റമായിരുന്നു. ഇന്ന് സോളാര്‍ കേസിന്റെ ഫലമായും യു.ഡി.എഫ്. സര്‍ക്കാറിന്റെ പ്രതിച്ഛായ അറബിക്കടലില്‍. ഇന്ന് നേതൃമാറ്റം സംഭവിച്ചാല്‍ ഉള്ള പ്രതിച്ഛായയുംപോകും. മുഖ്യമന്ത്രിയുടെ പ്രതിച്ഛായതന്നെ ഇപ്പോഴും കൈമുതല്‍.
തലേലെഴുത്ത് രൂപപ്പെടുത്തുന്നതില്‍ പടച്ചതമ്പുരാന് പോലും പങ്കില്ലെന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ മറിയം റഷീദയുടെയോ മറ്റ് മാലിക്കാരികളുടെയോ ഐ.എസ്.ആര്‍.ഒ. വിന്റെയോ ഒന്നും നാലയലത്ത് പോയിട്ടില്ലാത്ത മുഖ്യമന്ത്രി കെ. കരുണാകരന്‍ അതില്‍ ബലിയാടാവുന്നത് തടയാന്‍ എന്തേ കഴിഞ്ഞില്ലാര്‍ക്കും ? മറിയം റഷീദ കെ. കരുണാകരന്റെ ഓഫീസില്‍ വന്നെന്നോ അവര്‍ക്ക് സഹായം ചെയ്തതിന് ഓഫീസിലെ ജീവനക്കാരന്‍ അറസ്റ്റിലായെന്നോ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്‌തെന്നോ ഒന്നും ആരും സ്വപ്നത്തില്‍ പ്പോലും കണ്ടില്ല. ആരില്‍ നിന്നെങ്കിലും പണം പറ്റിയിട്ടില്ല. ആരെയും ആയിരംവട്ടം ഫോണില്‍ വിളിച്ചിട്ടില്ല. ലക്ഷം ലക്ഷം പാര്‍ട്ടിക്ക് സംഭാവന ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെന്നല്ല, സെക്രട്ടേറിയറ്റിനുമുന്നിലെ റോഡ് വഴി പോലും പ്രതികള്‍ നടന്നതായി പരാതിയില്ലാര്‍ക്കും. എന്നിട്ടും പ്രതിച്ഛായ രക്ഷിക്കാന്‍ മുഖ്യമന്ത്രിയെ താഴെയിറക്കി. അയ്യോ പാവം...

അന്ന് എ ഗ്രൂപ്പുകാരാണ് കരുണാകരനെ ഇറക്കാന്‍ ഗൂഢാലോചന നടത്തിയതെന്ന് കോണ്‍ഗ്രസ് ഗൂഢാലോചനാ ചരിത്രകാരനായ ചെറിയാന്‍ ഫിലിപ്പ് പ്രസ്താവിച്ചത് സമീപകാലത്താണ്. കെ.മുരളീധരന്‍ കുറച്ച് ശ്രമിച്ചുനോക്കിയതാണ് ആരെങ്കിലും അതൊന്ന് ഏറ്റുപിടിക്കുമോ എന്നറിയാന്‍. എല്ലാമറിയുന്ന രമേശ് ചെന്നിത്തല എന്താണ് ഒന്നും മിണ്ടാത്തതെന്ന് ചോദിച്ചുനോക്കി മുരളി. എന്നിട്ടും മിണ്ടിയില്ല രമേശ്. ഐ ഗ്രൂപ്പില്‍ പ്രാഥമികാംഗത്വം കിട്ടിയശേഷം മുരളീധരനിപ്പോള്‍ രമേശിന്റെ കൂട്ടാളിയാണ്. ഉമ്മന്‍ ചാണ്ടിയെ ഇറക്കിയാല്‍ കേറാന്‍ ചാന്‍സുണ്ട്. പക്ഷേ, രമേശ് ആള് മാന്യനാ... തോക്ക് ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിക്കുന്നില്ല. പ്രതിപക്ഷത്തിനും അതത്ര സഹിക്കുന്നില്ല കേട്ടോ. വി.എസ്.- കോടിയേരി പെര്‍ഫോമന്‍സ് മത്സരത്തില്‍ ഇത്തവണ ബഹുദൂരം മുന്നിട്ടുനില്‍ക്കുന്നത് കോടിയേരിയാണ്. ഗ്രനേഡുപൊട്ടി ആസ്​പത്രിയില്‍ കിടന്നിട്ടും വി.എസ്സിന് മുന്നോട്ടുകടക്കാനായിട്ടില്ല. എ.കെ.ആന്റണി പറഞ്ഞത് ഭരണമാറ്റം ഇല്ല എന്നുമാത്രമാണ്, നേതൃമാറ്റം ഇല്ലെന്ന് പറയാതിരുന്നത് ബോധപൂര്‍വമാണെന്ന തിയറിയുമായി വന്നു കോടിയേരി. കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കിക്കൂടേ എന്നൊരു നമ്പറും ഇറക്കിനോക്കി. നല്ല വിറകായിട്ടും പരിപ്പ് വേവുന്നില്ല.
ഗട്ടറില്‍ കിടക്കുന്ന പ്രതിച്ഛായ എങ്ങനെയാണു പോലും ഉയര്‍ത്തിക്കൊണ്ടുവരിക? അറിയില്ല. എന്തുകൊണ്ടാണുപോലും പ്രതിച്ഛായ ഗട്ടറിലെത്തിയത് ?
അന്വേഷണമില്ല.

മൂന്നുവര്‍ഷംമുമ്പ് തട്ടിപ്പുകേസില്‍ പ്രതിയായ, കൊലക്കേസില്‍ പ്രതിയാകേണ്ട ആള്‍ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങുകയും മന്ത്രിമാരുടെ സ്വന്തക്കാരാവുകയും സര്‍ക്കാര്‍ വാഹനങ്ങളില്‍ കറങ്ങുകയുമെല്ലാം ചെയ്ത സാഹചര്യം പരിശോധിക്കേണ്ടത് എ.ഡി.ജി.പി. ഹേമചന്ദ്രന്‍ മാത്രമാണോ ?
ഓ അറിയില്ല.

സുതാര്യതയുടെ മറവില്‍ ആര്‍ക്കും കയറിവന്ന് എന്തുംചെയ്യാം എന്ന അവസ്ഥ സദ്ഭരണരീതിയാണോ ?
സുതാര്യതയെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്.
സ്ഥാനങ്ങള്‍ ഓഹരിവെച്ചുകൊടുക്കുകയല്ലാതെ വേറെ ഉത്തരവാദിത്വമൊന്നും പാര്‍ട്ടിക്കും മുന്നണിക്കുമില്ലേ ? പാര്‍ട്ടി ഇതിനെക്കുറിച്ച് എന്തെങ്കിലും ആലോചിച്ചോ അന്വേഷിച്ചോ ?
ഇല്ല, തിരക്കായിരുന്നു. അലക്ക് തീര്‍ന്നിട്ടുവേണം കാശിക്ക് പോകാന്‍. സോളാര്‍ കേസില്‍ ഇനിയൊന്നും ചെയ്യാനില്ല. സര്‍ക്കാറിന് വീഴ്ചയില്ല, മുഖ്യമന്ത്രിക്ക് വീഴ്ചയില്ല, ആഭ്യന്തരമന്ത്രിക്ക് വീഴ്ചയില്ല. എല്ലാം പോലീസിന്റെയും കോടതിയുടെയും കൈയില്‍. കോടതി പറഞ്ഞാല്‍ രാജിവെക്കാം. രാജിവെച്ചാല്‍ തീരും പ്രശ്‌നമെന്ന് പ്രതിപക്ഷവും. ജയിലില്‍കിടന്ന് സരിത-ബിജുമാര്‍ ഒരു അബദ്ധംപറ്റിയതില്‍ സങ്കടപ്പെടുന്നുണ്ടാവും. 20,000 തവണ ഭരണത്തിലുള്ളവരെ ഫോണ്‍ വിളിക്കുന്നകൂട്ടത്തില്‍ ആയിരംവിളി പ്രതിപക്ഷനേതാക്കളെയും വിളിക്കാനുള്ള ബുദ്ധി അന്നുണ്ടായില്ല. എങ്കില്‍ പ്രതിപക്ഷത്തെയും പ്രതിയുടെ പക്ഷത്താക്കാമായിരുന്നു. അതുംകൂടി ഉണ്ടായിരുന്നെങ്കില്‍ എല്ലാം ശുഭമായി കലാശിക്കുമായിരുന്നു.
അത്രയും കേരളത്തിന്റെ ഭാഗ്യം.

* * * *

ഭാര്യയ്ക്ക് പ്രസവവേദന തുടങ്ങിയിരിക്കുന്നു, പയ്യന്‍ കിണറ്റില്‍ വീണിരിക്കുന്നു, പെണ്ണിനെ പട്ടി കടിച്ചിരിക്കുന്നു......അയ്യയ്യോ ഞാന്‍ എന്താ ചെയ്യുക ഭഗവാനേ..... നീ ആ ചെല്ലം ഇങ്ങോട്ടെടുക്ക് ഞാന്‍ ഒന്ന് മുറുക്കട്ടെ ..... എന്നൊരു വിദ്വാന്‍ പണ്ടെന്നോ ബുദ്ധിപൂര്‍വം പ്രതികരിച്ചതായി കഥയുണ്ട്. പ്രതിസന്ധി മൂര്‍ച്ഛിച്ചാല്‍ ചിലര്‍ ഇങ്ങനെയാണ്. വിസ്തരിച്ചൊന്ന് മുറുക്കും. കൂടുതല്‍ ദോഷമില്ല എന്നൊരുഗുണമെങ്കിലും അതിനുണ്ട്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏതാണ്ട് തത്തുല്യമായ അവസ്ഥയിലാണ്. സോളാര്‍ വിവാദം കത്തിപ്പടരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടഞ്ഞതായി പത്രവാര്‍ത്തയുണ്ട്. ഫോണ്‍വിളി ലിസ്റ്റുകള്‍ പത്രത്തില്‍ കൊടുത്തത് ആഭ്യന്തരമന്ത്രി തന്നെയാണ് എന്ന് പരാതിയുയരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് അത് ചെയ്തതതെന്ന് പറയാന്‍തന്നെ ഉന്നതന്‍ പ്രേരിപ്പിക്കുന്നതായി ക്രൈം റെക്കോഡ്‌സ് ഐ.ജി. വെളിപ്പെടുത്തുന്നു. ഫോണ്‍ലിസ്റ്റ് ചോര്‍ന്നതിനുപുറമേ ഫോണ്‍ലിസ്റ്റ് ഉള്‍ക്കൊള്ളുന്ന സി.ഡി. നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. ശിവ ശിവ...

ചെല്ലമിങ്ങെടുക്ക് ഒന്ന് മുറുക്കട്ടെ എന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞിരുന്നതെങ്കില്‍ പൊറുക്കുമായിരുന്നു. അതല്ലചെയ്തത്. ഇത്രയുമായ സ്ഥിതിക്ക് ഞാന്‍ പുരയ്ക്ക് തീ വെക്കുകകൂടി ചെയ്യട്ടെ, അതുമൊരു രസം തന്നെയല്ലേ എന്നാണ് പ്രതികരണം. സംസ്ഥാന ആഭ്യന്തരന്‍ കേന്ദ്ര ആഭ്യന്തരന്റെ കോളറിനുപിടിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികളുടെ ലിസ്റ്റ് തന്നെന്നോ മറ്റോ...പോരേ പൂരം..
മുല്ലപ്പള്ളിയും തിരുവഞ്ചൂരും സംഗതി മധ്യസ്ഥത്തില്‍ തീര്‍ത്തു. ഇനി പരാമര്‍ശം നിയമസഭയിലെ രേഖയില്‍നിന്ന് നീക്കണമത്രെ. അതവിടെ കിടന്നോട്ടെ. ഭാവി ഗവേഷകര്‍ക്കെങ്കിലും പ്രയോജനപ്പെടട്ടെ.....

Thursday, 4 July 2013

' വിസില്‍ വിളി ' ക്കാന്‍ ഇവിടെ ആരുമില്ലേ ?

വിസില്‍ബ്ലോവര്‍മാര്‍ ലോകശ്രദ്ധയാകര്‍ഷിച്ചുവരികയാണ്. കുറച്ചുകാലം മുമ്പുവരെ കേട്ടുകേള്‍വി ഇല്ലാത്ത ഒരു പ്രതിഭാസമായിരുന്നു ഇത്.  സ്വന്തം സ്ഥാപനത്തിന്റെയോ ഡിപാര്‍ട്‌മെന്റിന്റെയോ മേലുദ്യോഗസ്ഥന്റെയോ നിയമവിരുദ്ധ പ്രവര്‍ത്തനം ഭരണകൂടത്തിന്റെയോ ജനങ്ങളുടെയോ ശ്രദ്ധയില്‍ പെടുത്തി അത് തടയുന്നവരെയാണ് വിസില്‍ബ്ലോവര്‍ എന്ന് വിളിക്കുന്നത്. കളിയില്‍ ഫൗള്‍ കാണുമ്പോള്‍ റഫറി മുഴക്കുന്ന വിസില്‍ ആവാം ഈ പേരിന്റെ ആധാരം.

മാധ്യമങ്ങളുടെ രഹസ്യസോഴ്‌സുകളായി മറയത്തുനിന്നിരുന്നു മുന്‍കാല വിസില്‍ബ്ലോവര്‍മാര്‍. പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമ്പോള്‍ തന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിരാളികളായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ആസ്ഥാനത്ത് നടത്തിയ രഹസ്യം ചോര്‍ത്തല്‍ വെളിച്ചത്ത് കൊണ്ടുവന്നത് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ.) രണ്ടാമന്‍ ആയിരുന്ന മാര്‍ക്ക് ഫെല്‍ട്ടണ്‍ ആണ്. വാര്‍ത്ത കൊടുത്ത മാര്‍ക്ക് ഫെല്‍ട്ടന് വാഷിംഗ്ടണ്‍ പോസ്റ്റ് കൊടുത്ത രഹസ്യപ്പേര് 'ഡീപ്പ് ത്രോട്ട്' എന്നായിരുന്നു. മാര്‍ക്ക് ഫെല്‍ട്ടണ്‍ അടുത്ത കാലം വരെ രഹസ്യമറയ്ക്ക് പിന്നിലായിരുന്നു.  ലോകചരിത്രത്തില്‍ ഇത്തരത്തില്‍ ഏറെ സംഭവങ്ങളുണ്ട്. മറയത്തിരുന്ന് വിസില്‍ വിളിക്കുന്നവരും യഥാര്‍ത്ഥ വിസില്‍ ബ്ലോവര്‍മാരുമായി ഒരു വ്യത്യാസമുള്ളത് യഥാര്‍ത്ഥ വിസില്‍ബ്ലോവര്‍മാര്‍  അനീതി, അക്രമം അല്ലെങ്കില്‍ നിയമലംഘനം വെളിച്ചത്തുകൊണ്ടുവരാനും അതിനെ ചെറുക്കാനും ജീവന്‍തന്നെ വെടിയാന്‍ സന്നദ്ധരാണ് എന്നതാണ്. മറ്റേക്കൂട്ടര്‍ക്ക് സാമൂഹ്യപ്രതിബദ്ധത ആവണമെന്നില്ല പ്രചോദനം. തന്നോടുകാട്ടിയ എന്തെങ്കിലും അനീതിയോടുള്ള പ്രതികാരപരമായ പ്രതികരണം മാത്രമാവാം അവരെ രഹസ്യം വെളിപ്പെടുത്താന്‍ പ്രേരിപ്പിച്ചക്കുന്നത്. എന്നാല്‍ സത്യസന്ധമാണ് വെളിപ്പെടുത്തല്‍ എങ്കില്‍ രണ്ടുതരവും സാമൂഹ്യമായി പ്രയോജനപ്രദവും സ്വീകാര്യവുമാണ്.


വിസില്‍ബ്ലോയിങ് അപായകരമായ ഒരു നടപടിയാണ്. ഇന്ത്യയില്‍ കുറച്ച് മുമ്പുണ്ടായത് ഞെട്ടിക്കുന്ന സംഭവമാണ്. 1400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗ്രാന്‍ഡ് ട്രങ്ക് റോഡ് നിര്‍മാണത്തിലെ അഴിമതി പ്രധാനമന്ത്രിയെ അറിയിച്ച ബിഹാറുകാരനായ യുവ എന്‍ജിനീയര്‍ സത്യേന്ദ്ര ദുബെയ്ക്ക് തന്റെ രാജ്യസ്‌നേഹത്തിന് ജീവന്‍വില നല്‍കേണ്ടിവന്നു. കോണ്‍ട്രാക്റ്റ് മാഫിയയുടെ കൊലക്കത്തിയില്‍നിന്ന് ദുബെയെ രക്ഷിക്കാന്‍ പ്രധാനമന്ത്രിക്കുപോലും കഴിഞ്ഞില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. റാഞ്ചിയില്‍ ഗ്രാമീണ തൊഴില്‍ദാന പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവന്ന പൊതുപ്രവര്‍ത്തകനായ ലളിത് മേത്തയ്ക്കും ഇതേ ഗതി ഉണ്ടായി. ഇന്ത്യയെമ്പാടും വിവരാവകാശനിയമം അഴിമതിക്കെതിരായ ആയുധമായി ഉപയോഗപ്പെടുത്തിയ എത്രയെത്ര പേരെയാണ് അഴിമതിക്കാരും ഭൂമാഫിയക്കാരും കൊന്നത്. റുപര്‍ട്ട് മുര്‍ഡോക്കിന്റെ ന്യൂസ്  ഓഫ് ദ വേള്‍ഡ് സ്ഥാപനത്തിന്റെ ഫോണ്‍ ഹാക്കിങ്ങ് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ പുറത്തുകൊണ്ടുവന്ന ന്യൂസ് ഓഫ് ദ വേള്‍ഡ് ബിസിനസ് റിപ്പോര്‍ട്ടര്‍ സീന്‍ ഹോരെയും ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ വിസില്‍ മുഴക്കിയ രണ്ടുപേര്‍ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജുലിയന്‍ അസാന്‍ജെ ആണ് ആദ്യത്തെ ആള്‍. യഥാര്‍ഥത്തില്‍ അസാന്‍ജെ വിസില്‍ബ്ലോവര്‍ നിര്‍വചനത്തില്‍ വരുന്നില്ല. അദ്ദേഹം എഡിറ്ററും പ്രക്ഷോഭകാരിയായ പൊതുപ്രവര്‍ത്തകനുമായിരുന്നു. അമേരിക്കന്‍ നയതന്ത്ര ഓഫീസുകളില്‍ നിന്നുള്ള എണ്ണമറ്റ രേഖകള്‍ ലോകത്തുടനീളം വാരിവിതറിയ അസാന്‍ജെ മാധ്യമസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള ഒരു പ്രസ്ഥാനമായാണ് തന്റെ രേഖചോര്‍ത്തലിനെ കാണുന്നത്. എണ്ണമറ്റ വിസില്‍ബ്ലോവര്‍മാരുടെ പിന്‍ബലത്തോടെയാണ് അദ്ദേഹം രേഖകള്‍ സംഭരിച്ചത്. അസാന്‍ജെ ഇന്ന് ജയില്‍വാസതുല്യമായ അവസ്ഥയില്‍ ലണ്ടനിലെ ഇക്വഡോര്‍ നയതന്ത്രകാര്യലയത്തില്‍ കഴിഞ്ഞുകൂടുകയാണ്. പുറുത്തിറങ്ങിയാല്‍ പിടിക്കാന്‍ പോലീസ് കാവലുണ്ട്. ഏറ്റവും ഒടുവില്‍ യു.എസ്. രഹസ്യവിഭാഗം ഉദ്യോഗസ്ഥനായിരുന്ന എഡ്‌വേഡ് സ്‌നോഡന്‍ ആണ് യഥാര്‍ഥത്തിലുള്ള ഒരു  വമ്പന്‍ വിസില്‍വിളി സംരംഭത്തിലേര്‍പ്പെട്ട് ലോകശ്രദ്ധയാകര്‍ഷിച്ചത്. അമേരിക്കന്‍  രഹസ്യന്വേഷണ ഏജന്‍സിയില്‍ ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ ശേഖരിച്ച രഹസ്യ വിവരങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്. മുഴുവന്‍ പൗരന്മാരുടെയും സ്വകാര്യവിവരങ്ങള്‍ ശേഖരിക്കാനുള്ള യു.എസ് സര്‍ക്കാറിന്റെ രഹസ്യാന്വേഷണ സംരംഭത്തെ തകിടംമറിച്ച വെളിപ്പെടുത്തല്‍ സ്‌നോഡന്റെ ജീവനും അപകടത്തിലാക്കിയിരിക്കുകയാണ്.

തനിക്ക് ഉപജീവനമാര്‍ഗം നല്‍കുന്ന സ്ഥാപനത്തിന്റെ രഹസ്യങ്ങളും പൊതുതാല്പര്യാര്‍ത്ഥം വെളിപ്പെടുത്താം. അങ്ങനെ ചെയ്യുന്നത് ശരിയും ന്യായവും സംരക്ഷണം അര്‍ഹിക്കുന്നതുമായ നടപടിയാണ് എന്ന തത്ത്വം ജനാധിപത്യ മൂല്യങ്ങളുടെ മുഖ്യഘടകമായി വളര്‍ന്നുവരികയാണ്. ഈ തത്ത്വം സ്വീകരിച്ചുകൊണ്ടാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ വിസില്‍ ബ്ലോവര്‍ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. വിസില്‍ബ്ലോവര്‍മാര്‍ക്ക് സംരക്ഷണം നല്കുന്നതിനുള്ള നമ്മുടെ നിയമം ( ജൗയഹശര കിലേൃലേെ ഉശരെഹീൗെൃല മിറ ജൃീലേരശേീി ീേ ജലൃീെി െങമസശിഴ വേല ഉശരെഹീൗെൃല ആശഹഹ, 2010) ഇപ്പോഴും പ്രാബല്യത്തില്‍ വന്നിട്ടില്ല. മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയതാണ് ഇതിനുള്ള ശ്രമങ്ങള്‍. പല അപാകങ്ങളും പരിമിതികളും ഉള്ള ഒരു നിയമമാണെങ്കിലും ശരിയായ തത്ത്വം നിയമപരമായി ഉറപ്പിക്കുന്ന നിയമം എന്ന നിലയില്‍ ഇത് സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ രാജ്യസഭയുടെ പരിഗണന കാത്തിരിക്കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെ മാത്രം ബാധിക്കുന്ന ഒന്നാണ്. സ്വകാര്യമേഖലയെയും  സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഐ.ടി.ആക്റ്റ് പോലുള്ള പല സുപ്രധാന നിയമനിര്‍മാണങ്ങള്‍ക്കുമുണ്ടായ ഗതികേട് ഈ നിയമത്തിനും പാര്‍ലമെന്റിലുണ്ടായി. ഒരു ചര്‍ച്ചയും കൂടാതെ ഏതോ ബഹളത്തിനിടയില്‍  ലോക്‌സഭയില്‍ ബില്‍ പാസ്സാക്കപ്പെട്ടു. രാജ്യസഭയില്‍ ഇത് അവതരിപ്പിക്കപ്പെട്ടിട്ടുപോലുമില്ല.

വിസില്‍ ബ്ലോവിങ്ങ് എന്നത് മാധ്യമപ്രവര്‍ത്തനവുമായ ബന്ധമുള്ള ഒരു പ്രവര്‍ത്തനമാണ്. പക്ഷേ, ഇപ്പോള്‍ പരിഗണനയിലുള്ള നിയമം ആ വശം പരാമര്‍ശിക്കുന്നുതന്നെയില്ല. സര്‍ക്കാറിനെ  അഴിമതിവിവരം അറിയിച്ചവര്‍ക്ക് മാത്രം നല്‍കിയാല്‍പോര സംരക്ഷണം. മാധ്യമങ്ങളെയും ഇതിന്റെ ഭാഗമാക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍  ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല.

പതിവുപോലെ നാം- കേരളീയരും മാധ്യമപ്രവര്‍ത്തകരും- ഇത്തരം പുരോഗമനപരമായ നീക്കങ്ങളോട് തികഞ്ഞ നിസംഗതയാണ് പുലര്‍ത്തുന്നത്. വിവരാവകാശം ഗോവയും തമിഴ്‌നാടും ഗുജറാത്തും പോലുള്ള സംസ്ഥാനങ്ങള്‍ നിയമമാക്കിയപ്പോള്‍ കേരളം ആ ഭാഗത്തേക്ക് നോക്കുക പോലും ചെയ്തില്ല. കേന്ദ്രം ഇതുസംബന്ധിച്ച അത്യന്തം പുരോഗമന പരമായ നിയമമുണ്ടാക്കിയപ്പോള്‍ അത് ഉപയോഗപ്പെടുത്തുന്നതില്‍ വളരെ പിറകില്‍ നില്‍ക്കുകയാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. ആര്‍.ടി.ഐ.പ്രവര്‍ത്തകര്‍ക്കുപോലും വഴികാട്ടികളാവേണ്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. പക്ഷേ, വിവരാവകാശപ്രവര്‍ത്തകര്‍ ശേഖരിക്കുന്ന വിവരം വാര്‍ത്തയാക്കി മേനി നടിക്കുകയാണ് നാം പലപ്പോഴും. വിസില്‍ ബ്ലോയിങ്ങ് സംരക്ഷണനിയമത്തെയും കാത്തിരിക്കുന്നത് ഇത്തരം ഒരു ഗതികേടാവരുത്.

വല്ലപ്പോഴും ചെറിയ വാര്‍ത്തകള്‍ പത്രപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സോഴ്‌സുകളില്‍ നിന്ന് കിട്ടുന്നില്ല എന്നല്ല. എന്നാല്‍, കക്ഷി രാഷ്ട്രീയത്തിന്റെയും സംഘടനാ  രാഷ്ട്രീയത്തിന്റെയും താത്പര്യങ്ങളാണ് കേരളത്തില്‍ എല്ലാതട്ടിലുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ  നയിക്കുന്നത്. പലരും വാര്‍ത്ത നല്‍കുന്നത് ഭരിക്കുന്ന കക്ഷിയെയോ മുമ്പ് ഭരിച്ച കക്ഷിയെയോ തുറന്നുകാട്ടാന്‍, അല്ലെങ്കില്‍ എതിര്‍സംഘടനക്കാരനെയോ വിരോധമുള്ള ആരെയെങ്കിലുമോ കുഴപ്പത്തില്‍ചാടിക്കാന്‍.....ഇതിനൊക്കെ വേണ്ടിയല്ലാതെ നൂറുശതമാനം സമൂഹതാല്പര്യം മുന്നില്‍വെച്ച് എത്ര വിസില്‍വിളികള്‍ ഉണ്ടായിട്ടുള്ള ഈ കേരളത്തില്‍ ?

ലോകത്ത് പലേടത്തും പത്രപ്രവര്‍ത്തക സമ്മേളനങ്ങളുടെ ഭാഗമായിത്തന്നെ വിസില്‍ബ്ലോവര്‍ സമ്മേളനങ്ങള്‍ നടക്കുന്നുണ്ട് ഇപ്പോള്‍. ബ്രിട്ടീഷ് കാലഘട്ടത്തിലെ കര്‍ക്കശ സര്‍വീസ് നിയമങ്ങളുടെ തടവില്‍ കഴിയുകയാണ് നമ്മുടെ ഉദ്യോഗസ്ഥവര്‍ഗം. ഉദ്യോഗസ്ഥന്‍ കവിതയില്‍ വല്ല അഭിപ്രായവും പറഞ്ഞിട്ടുണ്ടെങ്കില്‍ അതുകണ്ടെത്തി അയാളെ ശിക്ഷിക്കാന്‍ വഴിതേടുകയാണ് അഭിപ്രായസ്വാതന്ത്ര്യം കൊണ്ടുമാത്രം ഉപജീവനം കഴിക്കുന്ന മാധ്യമപ്രവര്‍ത്തകരും. രാഷ്ട്രീയക്കാരെക്കാള്‍ മോശമായ രീതിയില്‍ ജനങ്ങളുടെ മേല്‍ അധികാരഗര്‍വ് പ്രകടിപ്പിക്കുന്നു യുവാക്കളും സര്‍വീസ് സംഘടനാപ്രവര്‍ത്തകരുമായ ഉദ്യോഗസ്ഥര്‍ പോലും. ജനാധിപത്യപരമായ ആഴത്തിലുള്ള മാറ്റം എല്ലാവരിലും ഉണ്ടാകേണ്ടതുണ്ട്. ഉദ്യോഗസ്ഥരാവട്ടെ ഫാക്റ്ററി തൊഴിലാളികളികളാകട്ടെ മാധ്യമപ്രവര്‍ത്തകരാകട്ടെ, ആത്യന്തികമായി സമൂഹമാണ് അവന് അന്നം തരുന്നത്. നിയമന ഉത്തരവും ശമ്പള ബില്ലും ഒപ്പിടുന്നവരല്ല ദൈവങ്ങള്‍. സമൂഹമാണ്, ജനങ്ങളാണ് മനുഷനാണ് വലുത് എന്നതാണ് വിസില്‍ബ്ലോയിങ്ങിന്റെ ആദ്യത്തെയും അവസാനത്തെയും സന്ദേശം.