വി.പി.ആര്‍ - മാധ്യമരംഗത്തെ ഒരതികായന്‍

സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ മാധ്യമബഹുമതിയായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം വി.പി.ആറിന് മുഖ്യമന്ത്രി സമ്മാനിക്കുന്ന ചടങ്ങില്‍ ആശംസ നേരാന്‍ വേദിയിലെത്തിയപ്പോള്‍ ഓര്‍മ വന്നത് 32 വര്‍ഷം മുമ്പ് മാതൃഭൂമിയില്‍ ജേണലിസം ട്രെയിനി സെലക്ഷനുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതാണ്. എന്റെ ചെറിയ ആശംസാപ്രസംഗം ആരംഭിച്ചതും അതോര്‍മിച്ചുതന്നെ.

32 വര്‍ഷം ! വി.പി.ആര്‍ ഇന്നും അന്നത്തെ പോലെ തന്നെയുണ്ട്. ഞങ്ങളൊക്കെയാണ് വൃദ്ധന്മാരായത് !

മാതൃഭൂമിയുടെ കൊച്ചി ഓഫീസിലായിരുന്നു ഇന്റര്‍വ്യൂ. ഉച്ച കഴിഞ്ഞാണ് എന്നെ ഇന്റര്‍വ്യൂവിന് വിളിച്ചത്. അതുവരെ വരാന്തയില്‍ നിലയുറപ്പിച്ച് ആളുകളോട് സംസാരിച്ചുകൊണ്ടിരുന്നു. ഇന്റര്‍വ്യൂകളില്‍ അനുഭവിക്കാറുള്ള പതിവ് ടെന്‍ഷന്‍ ലവലേശമില്ല. രണ്ട് കാരണങ്ങള്‍ കൊണ്ട്- ഒന്ന്, ഇന്റര്‍വ്യൂവിന് വന്നവരെ ഏതാണ്ടെല്ലാവരെയും പരിചയപ്പെട്ടപ്പോള്‍ ഒരു കാര്യം ബോധ്യപ്പെട്ടു. എന്നെക്കാള്‍ യോഗ്യന്മാരാണ് അവരെല്ലാം. കേരളത്തിലാകെ അറിയപ്പെട്ടിരുന്ന എഴുത്തുകാര്‍ തന്നെ അര ഡസന്‍ എത്തിയിരുന്നു. ചിലര്‍ ഒരു ചുമട് പ്രസിദ്ധീകരണങ്ങളുമായാണ് വന്നിരുന്നത്. എല്ലാം അവരുടെ ലേഖനങ്ങളും മറ്റ് കൃതികളും പ്രസിദ്ധീകരിച്ച മാഗസീനുകള്‍. എനിക്കാണെങ്കില്‍ കാട്ടാന്‍ ഒരു സായാഹ്നപത്രം പോലുമില്ല. ചില രാഷ്ട്രീയ  പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങളാണ് എനിക്കുള്ളത്. അത് എടുത്തുകാണിച്ചാല്‍ ജോലി കിട്ടാന്‍ ഉള്ള സാധ്യതയും ഇല്ലാതാവുകയേ ഉള്ളൂ എന്നുറപ്പുണ്ടായിരുന്നു. അതുകൊണ്ട് ധൈര്യമായി ഇരിപ്പുറപ്പിച്ചു- ഈ പണി കിട്ടുന്ന പ്രശ്‌നമില്ല.

ധൈര്യമായി ഇരിക്കാം,കാരണം ഞാന്‍ അന്നേ കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ക്ലാസ് വണ്‍ അസിസ്റ്റന്റാണ്. ഒരു കമ്പം തോന്നി അപേക്ഷിച്ചുവെന്നുമാത്രം. കോളേജില്‍ പഠിക്കുന്ന കാലത്തേ ഉള്ളതാണ് പത്രപ്രവര്‍ത്തനകമ്പം. പക്ഷേ, മാതൃഭൂമിയില്‍ ജേണലിസം ട്രെയിനിക്ക് ഒരു തൊഴില്‍ സുരക്ഷിതത്ത്വവുമില്ല. രണ്ട് വര്‍ഷം ട്രെയ്‌നിക്ക് കിട്ടുക സ്‌റ്റൈപ്പന്റ്  മാത്രം. അതാകട്ടെ യൂണിവേഴ്‌സിറ്റിയില്‍ കിട്ടുന്ന ശമ്പളത്തേക്കാള്‍ കുറവും. പത്രപ്രവര്‍ത്തകനാകണം എന്നാഗ്രഹമുണ്ട്. പക്ഷേ, കിട്ടിയേ തീരൂ എന്ന വാശിയൊന്നുമില്ല.  കിട്ടിയാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലീവ് എടുത്ത് വരാമെന്നായിരുന്നു പരിപാടി. അത് നടന്നില്ലെന്നത് വേറെ കാര്യം.

ഇന്റര്‍വ്യൂബോര്‍ഡില്‍ പത്രാധിപരും സീനിയര്‍ ജേണലിസ്റ്റുകളുമേ ഉളളൂ. കമ്പനി ഡയറക്റ്റര്‍മാര്‍ ജേണലിസ്റ്റ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടാകാറില്ല. വി.പി.ആറിന് പുറമെ വി.എം. കൊറാത്തും വിംസിയും ടി.വേണുഗോപാലുമുണ്ടായിരുന്നു എന്ന് ഓര്‍മയുണ്ട്. മറ്റുള്ളവരെ അത്ര പിടിയില്ല. ഇന്റര്‍വ്യൂവില്‍ വാചകമടിക്കാന്‍ ഒട്ടും ഭയം തോന്നിയില്ല. എല്ലാ ദിവസവും എന്തിനാണ് ഇങ്ങനെ മുഖപ്രസംഗമെഴുതി ന്യൂസ് പ്രിന്റ് കളയുന്നത് എന്ന് ചോദിക്കാനുള്ള മണ്ടത്തരവും അന്ന് പ്രകടിപ്പിച്ചു. താങ്കള്‍ക്ക് പ്രസംഗത്തില്‍ മാത്രമേ കമ്പമുള്ളൂ എന്ന് അന്ന് വി.പി.ആര്‍ തിരിച്ചുചോദിച്ചത് മറന്നിട്ടില്ല.

താങ്കളെ തിരഞ്ഞെടുത്തിട്ടുണ്ട്, കോഴിക്കോട്ട് വന്ന് ജോയിന്‍ ചെയ്യണം എന്നറിയിക്കുന്ന കത്ത് കിട്ടിയപ്പോള്‍ അമ്പരന്നുപോയി. അറിയപ്പെടുന്ന സാഹിത്യകാരന്മാരെയൊന്നും തിരഞ്ഞെടുത്തിട്ടില്ല. സാഹിത്യമെഴുതലല്ല പത്രപ്രവര്‍ത്തനം എന്ന് പത്രാധിപര്‍ ഉറച്ച നിലപാടെടുത്തത് കൊണ്ടാണ് എന്നെപ്പോലത്തെ കൂട്ടര്‍ക്ക് പണി കിട്ടിയതെന്ന് പിന്നീട് ചിലരെല്ലാം പറഞ്ഞു. എന്തായാലും കോഴിക്കോട്ട് ജോയിന്‍ ചെയ്തു.

ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഇതിന്റെ തുടര്‍ച്ചയെന്ന് പറയാവുന്ന ഒരു സംഭവവുണ്ടായി. അന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത, അക്കാലത്തുതന്നെ എഴുത്തുകാരനായി അറിയപ്പെട്ടിരുന്ന ഒരു സുഹൃത്തുമൊത്ത് ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേ പലതും പറഞ്ഞ കൂട്ടത്തില്‍ സുഹൃത്ത് ഒരു ചോദ്യം ചോദിച്ചു. ' രാജേന്ദ്രാ..നമ്മള്‍ ഒന്നിച്ചാണ് മാതൃഭൂമി ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത് എന്നും എനിക്ക് അന്ന് സിലക്ഷന്‍ കിട്ടിയില്ല എന്നും രാജേന്ദ്രന് ഓര്‍മയുണ്ടോ ? ' ഓര്‍മയില്ലാഞ്ഞിട്ടായിരുന്നില്ല. ഞാനത് ബോധപൂര്‍വം ഓര്‍മിപ്പിക്കാതിരുന്നതാണ്. കാര്യം മറ്റൊന്നുമല്ല. എന്റെ ഭാഗ്യം കൊണ്ടാണ് എനിക്ക് മാതൃഭൂമിയില്‍ ജോലികിട്ടിയത്. അദ്ദേഹത്തിന്റെ ഭാഗ്യം കൊണ്ടാണ് അദ്ദേഹത്തിന് ജോലി കിട്ടാതിരുന്നത്. അദ്ദേഹം ലക്ചറര്‍ ആയി സര്‍ക്കാര്‍ കോളേജില്‍ തുടര്‍ന്നു. പ്രിന്‍സിപ്പാളായി പിരിഞ്ഞു. എണ്ണപ്പെട്ട എഴുത്തുകാരനായി വളര്‍ന്നു. ഇന്ന്  കൂടിയ  സംഖ്യ യൂ.ജി.സി.നിരക്കില്‍ പെന്‍ഷന്‍ വാങ്ങുന്നു. വി.പി.ആറിന് സ്തുതി !

വി.പി.ആര്‍ പിന്നെ രണ്ടര മൂന്നുവര്‍ഷത്തിലധികം മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചില്ല. മാനേജ്‌മെന്റുമായി പിണങ്ങിപ്പോയെങ്കിലും പത്രപ്രവര്‍ത്തനം അവസാനിപ്പിച്ചില്ല. മലയാളം എക്‌സ്പത്രത്തിലെ ചെറിയ കാലത്തെ സേവനത്തിന് ശേഷം കേരള പ്രസ് അക്കാദമിയില്‍ ഡയറക്റ്ററായി ചേര്‍ന്നു. നാല് വര്‍ഷക്കാലം ഡയറക്റ്ററും പിന്നെ ഏഴുവര്‍ഷം ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ തൊണ്ണൂറാം വയസ്സില്‍ വിശ്രമജീവിതം നയിക്കുമ്പോഴാണ് അദ്ദേഹത്തെത്തേടി കേരളത്തിലെ ഏറ്റവും ഉന്നത മാധ്യമപുരസ്‌കാരം എത്തിയത്.

ഞങ്ങളുടെ തലമുറയുടെ ഗുരുദക്ഷിണയാണ് ഈ ബഹുമതി എന്ന് ഞാന്‍ കൊച്ചിയിലെ അവാര്‍ഡ് ചടങ്ങില്‍ പറയുകയുണ്ടായി.  അത് എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ സത്യം കൂടിയാണ്. ക്ലാസ് മുറിയിലിരുന്ന് പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകനുമായെന്ന പോലത്തെ ബന്ധം പത്രാധിപരുമായി ജേണലിസം ട്രെയ്‌നികള്‍ക്കില്ല എന്നത് ശരിയെങ്കിലും വിശാലമായ അര്‍ത്ഥത്തില്‍ അദ്ദേഹം ഗുരു തന്നെയായിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച, പ്രസ് അക്കാദമി ചെയര്‍മാനും മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ തോമസ് ജേക്കമ്പും ദ ഹിന്ദു കേരള എഡിറ്റര്‍ സി.ഗൗരീദാസന്‍ നായരും അടങ്ങിയ ജുറി കമ്മിറ്റി തിരുവനന്തപുരത്ത് സമ്മേളിച്ചപ്പോള്‍ വി.പി.ആറിന്റെ പേര് അംഗീകരിക്കാന്‍ ഏതാനും മിനിട്ട് നേരത്തെ ചര്‍ച്ചയേ വേണ്ടിവന്നുള്ളൂ

മാതൃഭൂമി ഒരു കോണ്‍ഗ്രസ് അനുകൂല ദേശീയപത്രം എന്ന നിലയില്‍ നിന്ന് തനി പ്രൊഫഷനല്‍ പത്രമാകുന്നതിന് തുടക്കം കുറിച്ചത് വി.പി.ആറിന്റെ പത്രാധിപത്യത്തോടെ ആയിരുന്നു എന്ന് എല്ലാവരും സമ്മതിക്കും. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാധിനിധ്യം നല്‍കുന്ന, പ്രൊഫഷനല്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കിപ്പോന്ന പത്രാധിപരായിരുന്നു അദ്ദേഹം.  കൊച്ചിയിലെ അവാര്‍ഡ് ദാനച്ചടങ്ങില്‍ കെ.എം.റോയി പറഞ്ഞത് അര്‍ത്ഥവത്തായിരുന്നു- മലയാളത്തിലെ വംശനാശം വന്നുകൊണ്ടിരിക്കുന്ന പത്രാധിപ വംശത്തിലെ അവസാനത്തെ പത്രാധിപന്മാരില്‍ ഒരാളാണ് വി.പി.ആര്‍.

വി.പി.ആര്‍ ഏഴുവര്‍ഷം ഇരുന്ന അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഞാന്‍ ഇരിക്കുന്നു എന്നത് കാലദോഷം തന്നെയാണ്. കെ.എ.ദാമോദരമേനോന്റെയും പി.ഗോവിന്ദപ്പിള്ളയുടെയും ടി.കെ.ജി.നായരുടെയുമെല്ലാം ആത്മാക്കള്‍ ദു:ഖിക്കട്ടെ. എല്ലാ രംഗത്തും ഉണ്ടാകുന്ന ഈ മൂല്യശോഷണത്തില്‍ ഞാന്‍ കുറ്റവാളിയല്ല എന്നാശ്വസിക്കാനേ എനിക്കാവൂ.

ഏതാനും ദിവസം മുമ്പ് വി.പി.ആര്‍ എന്നെ വിളിച്ച് ഒരു കാര്യം പറഞ്ഞു. ഒരു ജീവചരിത്രം ഒരാള്‍ എഴുതിയിട്ടുണ്ട്. പ്രസ് അക്കാദമിക്ക് പ്രസിദ്ധീകരിക്കാന്‍ പറ്റുമോ എന്ന് നോക്കണം എന്നാണ് പറഞ്ഞത്. തീര്‍ച്ചയായും അയക്കണം എന്ന് ഞാനും പറഞ്ഞു. രണ്ട് നാള്‍ കഴിഞ്ഞ് തപ്പാല്‍ വന്നപ്പോഴാണ് മനസ്സിലായത് അത് വി.പി.ആറിന്റെ തന്നെ ജീവിതകഥയാണ്. ആത്മകഥ എന്നും പറയാം,  ജീവചരിത്രം എന്നും പറയാം. വി.പി.ആര്‍ പറഞ്ഞുകൊടുത്തത് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് വിദ്യാര്‍ത്ഥിയും കുടുംബസുഹൃത്ത് പ്രൊഫ. ജോയ് ജോസഫിന്റെ മകളാണ് -അങ്കിത ചീരക്കതില്‍- എഴുതിയെടുത്തത്. അത് എന്നാല്‍ ഒരു ആത്മകഥയുമല്ല. ഞാന്‍ എഴുതുകയാണെങ്കില്‍ എഴുതേണ്ടത് പലതും ഇതില്‍ എഴുതിയിട്ടില്ല. അത്‌കൊണ്ട് ആത്മകഥ എന്ന് വിളിക്കാന്‍ പറ്റില്ല എന്നദ്ദേഹം പറയുന്നു. എന്തായാലും കേരള പ്രസ് അക്കാദമി അത് വൈകാതെ പ്രസിദ്ധീകരിക്കും എന്ന് ഞാന്‍ ഉറപ്പുകൊടുക്കുകയും ചെയ്തു.

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ്, പരിമിതമായ വിദ്യാഭ്യാസ യോഗ്യതയുമായി പൂനെക്ക് വണ്ടികയറിയ വി.പി.ആര്‍  പത്രപ്രവര്‍ത്തനത്തിന്റെ ഔന്നത്യം താണ്ടിയത് പുതിയ തലമുറ വായിച്ചറിയേണ്ട, ആവേശം കൊള്ളേണ്ട, പ്രചോദനം ഉള്‍ക്കൊള്ളേണ്ട വിജയകഥ തന്നെയാണ്.

താന്‍ ഒരു ടെലിപ്രിന്റര്‍ ഓപറേറ്ററായാണ് തൊഴില്‍ തുടങ്ങിയത് എന്ന് പറയാന്‍ വി.പി.ആറിന് മടിയില്ല. സ്വാതന്ത്ര്യ ലബ്ധി, ഇന്ത്യാ വിഭജനം, സാമുദായിക ലഹള, ഇന്ത്യയുടെ സംസ്ഥാന ഏകീകരണം, ഇന്ത്യാ-പാക് യുദ്ധങ്ങള്‍, ഇന്ത്യാ-ചൈന യുദ്ധം, അടിയന്തരാവസ്ഥയിലെ ഏകാധിപത്യവാഴ്ച തുടങ്ങിയ എന്തെല്ലാം ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നു ഈ പത്രപ്രര്‍ത്തകന്‍. ന്യൂസ് ഏജന്‍സി ലേഖകന്മാര്‍ മിക്കപ്പോഴും അജ്ഞാതന്മാരായി ജീവിക്കുകയും അജ്ഞാതന്മാരായി മരിക്കുകയും ചെയ്യാറാണ് പതിവ്. വി.പി.ആര്‍ അവരില്‍ നിന്ന് വ്യത്യസ്തനായി, മാധ്യമരംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമായി. അറുപത് വര്‍ഷം മുമ്പ് ഗുവാഹതിയില്‍ റിപ്പോര്‍ട്ടറായിരിക്കുക, ചൈന ഇന്ത്യയുടെ വടക്ക് കിഴക്ക് പടയോട്ടം നടത്തുമ്പോള്‍ അതുറിപ്പോര്‍ട്ട്‌ചെയ്യുക, ലോകം ഭയന്ന ഏകാധിപതി ഇദി അമീനോട് ചോദ്യം ചോദിക്കുക തുടങ്ങി രേഖപ്പെടുത്തേണ്ട ഏറെ അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ട്. അതൊന്നും അദ്ദേഹം കാര്യമായിട്ടെടുക്കുന്നില്ല എന്നത് വേറെ  കാര്യം.

നന്ദിയും കടപ്പാടും ചാരിതാര്‍ത്ഥ്യവും പ്രകടിപ്പിക്കാനേ ഇപ്പോള്‍ കഴിയൂ. ഇനിയുമേറെക്കാലം നമുക്കൊപ്പം അദ്ദേഹം ഉണ്ടായിരിക്കുട്ടെ, ആരോഗ്യത്തോടെ....


അഭിപ്രായങ്ങള്‍

  1. നന്നായി എന പി ആര..ഇതൊക്കെ ആണല്ലോ ഗുരു ദക്ഷിണ.

    മറുപടിഇല്ലാതാക്കൂ
  2. ഇത്തരത്തിലുള്ള ഒരു വലിയ മനുഷ്യനെ പരിചയപ്പെടുത്തിത്തന്നതിന് നന്ദി. പുതുതലമുറക്ക് പുതിയൊരു അനുഭവമാണിത്.

    മറുപടിഇല്ലാതാക്കൂ
  3. സർ,നമസ്കാരം.തമസ്ക്കരിക്കപ്പെടുന്ന വ്യക്തിത്വങ്ങളുടെ ഈ പ്രളയകാലത്ത്,ഇദ്ദേഹത്തെപ്പോലുള്ള ഒരു വലിയ മനുഷ്യനെ പരിചയപ്പെടുത്തിയതിനു നന്ദിഏറ്റവും ഒടുവിലത്തെ ‘വിശേഷാൽ പ്രതി’യും വായിച്ചു.നന്നായിയെന്ന് എളിമയോടെ പറയട്ടെ.വിനയപൂർവം ഹരി ചാരുത

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി