Sunday, 29 September 2013

പിന്നാക്കംതന്നെ മുന്നാക്കം


വികസനംകൊണ്ട് നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതാകുന്ന ലക്ഷണമുണ്ട്. വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ രണ്ടാംറാങ്കായി ചേര്‍ത്തത് വലിയ ഗൂഢാലോചനയുടെ ഫലമാണ്. കേരളമോഡല്‍ എന്ന് ഡോ. തോമസ് ഐസക് മുതല്‍ അമര്‍ത്യാസെന്‍ വരെയുള്ള ആഗോള സാമ്പത്തികശാസ്ത്രജ്ഞര്‍ കൊട്ടിപ്പാടാറുണ്ട് എന്നത് ശരിതന്നെ. പക്ഷേ, അതൊക്കെ സായ്പ്പന്മാരുടെ മുന്നില്‍ ഞെളിയാന്‍ നമ്മള്‍ കാണിക്കുന്ന ചില അടവുതന്ത്രങ്ങളില്‍ ഒന്നുമാത്രമാണ് എന്നെന്തേ ഇവര്‍ക്ക് മനസ്സിലായില്ല? റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇതൊക്കെ അങ്ങനെ സീരിയസ്സായി എടുക്കാന്‍ പാടുണ്ടോ ?

പഴയകാലത്തെ സോഷ്യലിസ്റ്റ് സിംഹമായിരുന്ന കര്‍പ്പൂരി താക്കൂര്‍ മുതല്‍ പുതിയകാലത്തെ സിംഹങ്ങളായ ലാലുപ്രസാദ് യാദവ്, നിതീഷ് കുമാര്‍ എന്നിവരും പോരാത്തതിന് ഇടയ്ക്ക് റാബ്രി ദേവി സിംഹിയും ഭരിച്ച ബിഹാര്‍ സംസ്ഥാനം തീര്‍ത്തും പട്ടിണി ജാതി വര്‍ഗമാണെന്ന് പെട്ടെന്ന് ബോധോദയമുണ്ടായതാണല്ലോ പുതിയ പ്രശ്‌നത്തിന്റെ തുടക്കം. അടിയന്തരമായി പ്രഖ്യാപനം നടത്തി ഇടക്കാലാശ്വാസമായി 50,000 കോടി രൂപ(വെറും അമ്പതിനായിരം കോടി രൂഫായേ!) സഹായം നല്‍കണമെന്ന് ബി.ജെ.പി.യുടെ പ്രതിനിധിസംഘം ഗവര്‍ണറെക്കണ്ട് ആവശ്യപ്പെടുകയുണ്ടായി. അത്രയൊന്നും ചെയ്തില്ലെങ്കിലും ചില്ലറ എന്തെല്ലാമോ കൊടുക്കുകയുണ്ടായി കേന്ദ്രം. ഇത് അവിടത്തെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കേന്ദ്രഭരണമുന്നണിയില്‍ ചേര്‍ക്കാന്‍വേണ്ടിയുള്ള കോഴയാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുകയുമുണ്ടായി. അത്തരം ദുരുദ്ദേശ്യങ്ങളൊന്നും ഇല്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് നമുക്കറിഞ്ഞുകൂടേ! പക്ഷേ, റിസര്‍വ് ബാങ്കിലും ധനകാര്യവകുപ്പിലും ഇരിക്കുന്ന സാമ്പത്തികശാസ്ത്രികള്‍ക്ക് അതത്ര പിടിച്ചില്ല. ബിഹാറിനെ പിന്നാക്ക സംസ്ഥാനമായി പ്രഖ്യാപിച്ചാല്‍ ബാക്കി 28 സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉയര്‍ത്തുമെന്ന് അവര്‍ പേടിച്ചുകാണും.

കേന്ദ്ര ഭരണാധികാരികള്‍ക്ക് ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല. സമ്പന്നസംസ്ഥാനം, ദരിദ്രസംസ്ഥാനം എന്ന വേര്‍തിരിവ് പാടില്ലെന്ന കാര്യത്തിലേ നിര്‍ബന്ധമുള്ളൂ. കാരണം, ഇന്ത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. അത് ഭരണഘടനയിലുണ്ട്. അതുകൊണ്ട്, ഇവിടെ ധനിക-ദരിദ്ര അസമത്വം പാടില്ല. മൊത്തം ദരിദ്രമായി പ്രഖ്യാപിക്കാം. പത്തുവര്‍ഷമായി ഒന്നാംകിട സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഭരിക്കുന്ന ലോകത്തെ ഏക രാജ്യമാണല്ലോ നമ്മുടേത്. പക്ഷേ, ഉദ്യോഗസ്ഥ-ധനവകുപ്പ് ദുഷ്പ്രഭൃതികള്‍ക്ക് ഈ സിദ്ധാന്തമൊന്നും ദഹിച്ചില്ല. അവരാണ് മന്ത്രിമാരെ തെറ്റിദ്ധരിപ്പിച്ച് അടിയന്തരമായി റിപ്പോര്‍ട്ടുണ്ടാക്കിയത്.

ശരിക്കണക്ക് വേറെ, രാഷ്ട്രീയക്കണക്ക് വേറെ. ഇന്ത്യ ഹ്യൂമന്‍ ഡവലപ്‌മെന്റ് റിപ്പോര്‍ട്ട് എന്ന പേരില്‍ ഒരു എപ്പേര്‍പ്പെട്ട റിപ്പോര്‍ട്ട് കൊല്ലംതോറും ഇറങ്ങുന്നുണ്ട്. അതും പ്ലാനിങ് കമ്മീഷന്‍ വക കസര്‍ത്തുതന്നെ. നാന്നൂറും അഞ്ഞൂറും പേജുള്ള കേമന്‍ റിപ്പോര്‍ട്ടുകളാണ് ഇറക്കുക. നേതാക്കള്‍ കൊട്ടിഗ്‌ഘോഷിക്കുന്ന അവകാശവാദങ്ങളൊന്നും അല്ല റിപ്പോര്‍ട്ടില്‍ കാണുക. ഗുജറാത്ത് പത്തുവര്‍ഷത്തോളമായി ഭരിച്ച് വികസിപ്പിച്ച് വികസിപ്പിച്ച് മുടുത്തിട്ടാണ് നരേന്ദ്രമോഡി രാജ്യത്തെ മൊത്തം ഗുജറാത്താക്കാന്‍ പുറപ്പെട്ടത്. പക്ഷേ, റിപ്പോര്‍ട്ട് പ്രകാരം പോഷകാഹാരക്കുറവുപോലും പരിഹരിക്കപ്പെട്ടിട്ടില്ല. ദരിദ്രസംസ്ഥാനമെന്ന് പറയുന്ന ഉത്തര്‍പ്രദേശും ബിഹാറുമെല്ലാം എത്രയോ മുന്നിലാണത്രെ. അങ്ങനെയെന്തെല്ലാം കണക്കുകള്‍. നാട്ടിന്‍പുറത്ത് പറയുംപോലെ, എല്ലാം കണക്കുതന്നെ.

ഗവര്‍ണര്‍ രഘുറാം രാജന്‍ കമ്മിറ്റി കേരളത്തെ രണ്ടാം റാങ്കാക്കി എന്നതാണല്ലോ നമ്മുടെ പ്രശ്‌നം. ഇത് വലിയ പ്രശ്‌നമാണ്. പിന്നില്‍ നില്‍ക്കുന്നവരെ മുന്നിലെത്തിക്കലാണല്ലോ ആസൂത്രണത്തിന്റെയും വികസനത്തിന്റെയും ഉദ്ദേശ്യം. അതംഗീകരിച്ചാല്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് കൂടുതലും മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് കുറവുമേ കേന്ദ്രത്തില്‍നിന്ന് കിട്ടൂ. അത് പാടില്ല. പിന്നാക്കമായാലും മുന്നാക്കമായാലും നമുക്ക് കിട്ടുന്നത് കുറയരുത്. നമ്മള്‍ ശാശ്വതമായി പിന്നാക്കവിഭാഗമാണെന്ന് കേന്ദ്രം അംഗീകരിച്ചുതരണം.

വ്യക്തികളുടെ കാര്യത്തിലും ഇതേ തത്ത്വമാണ് സ്വീകരിക്കേണ്ടത്. ബി.പി.എല്‍., എ.പി.എല്‍. വ്യത്യാസമൊന്നും കേരളത്തില്‍ വേണ്ട. എല്ലാവരെയും ബി.പി.എല്‍. പട്ടികയില്‍ പെടുത്തണം. എല്ലാവര്‍ക്കും സൗജന്യറേഷനും കൊടുക്കണം. മുന്നാക്കം നില്‍ക്കുന്നു എന്നുപറയുന്ന എല്ലാ ജാതികളെയും പിടിച്ച് പട്ടികജാതി-വര്‍ഗത്തില്‍പ്പെടുത്തി സംവരണവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. എന്തുചെയ്യാനാണ്. ഈ കോടതി സമ്മതിക്കില്ല. അതുകൂടി ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ സൊമാലിയയോടും റുവാണ്ടയോടുമൊക്കെ മത്സരിച്ച് ഐക്യരാഷ്ട്രസഭയില്‍നിന്ന് വല്ലതും കിട്ടുമോ എന്ന് നോക്കാമായിരുന്നു.

* * * *

ഋഷിരാജ് സിങ് ഗതാഗതരംഗത്ത് നടത്തുന്ന ശുദ്ധീകരണം വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ നാള്‍ നീണ്ടുനിന്നു. ബസ് ഉടമസ്ഥര്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ ആളുകള്‍ ഉറപ്പിച്ചതാണ്, ഇത് ഋഷിരാജിനെയുംകൊണ്ടേ പോവൂ എന്ന്. ഒന്നും സംഭവിച്ചില്ല. സംസ്ഥാനത്തുടനീളം ഹെല്‍മെറ്റ്‌വിരുദ്ധ ഇരുചക്രജീവികള്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ 'ഹെല്‍മെറ്റ് വേട്ട' എന്ന വികൃതപ്രയോഗം അധികം കണ്ടില്ല, ഭാഗ്യം.

ട്രാഫിക് നിയന്ത്രണ നടപടികള്‍ പലര്‍ക്കും ഒട്ടും പിടിച്ചിട്ടില്ലെന്നത് സത്യം. സംസ്ഥാനത്തുടനീളം പോലീസ് നായാട്ടാണെന്ന് ചിത്രീകരിച്ച് അസംതൃപ്തരുടെ കൈയടി കിട്ടാന്‍ ചിലര്‍ ഇറങ്ങിനോക്കിയെങ്കിലും ഫലിച്ചില്ലെന്നതാണ് മറ്റൊരു സത്യം. കേരളം എത്ര ഗുരുതരമായ അവസ്ഥയിലാണെന്നത് ശ്രദ്ധിക്കാത്തവര്‍ കേരളീയര്‍ മാത്രമാണ്. ഒരിക്കലെങ്കിലും കേരളത്തില്‍ വന്നവര്‍ തെരുവുകളില്‍ നടക്കുന്ന കൂട്ടക്കൊലകണ്ട് ഞെട്ടിവിറയ്ക്കുന്നു. സ്വകാര്യബസ്സില്‍ കയറിയവര്‍ ഇനിയിങ്ങോട്ടില്ലെന്ന് ഉറപ്പിക്കുന്നു. കഴിഞ്ഞദിവസം പത്രത്തില്‍ക്കണ്ട കണക്ക് കേരളീയരെയെങ്കിലും ചിരിപ്പിക്കേണ്ടതാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനകം വര്‍ഗീയസംഘട്ടനത്തില്‍ ഇന്ത്യയില്‍ 2,500 പേര്‍ മരിച്ചെന്ന്. എത്ര കഠിനം, കഠോരം.

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്താണ് വര്‍ഗീയത എന്നാണ് കേട്ടിട്ടുള്ളത്. പതിന്മടങ്ങ് വലിയ വിപത്താണ് കേരളത്തിലെ റോഡുകളില്‍ നടക്കുന്ന നരഹത്യ. ഒരു വര്‍ഷം കേരളത്തില്‍ വാഹനാപകടത്തില്‍ മരിക്കുന്നത് 4,000 പേരാണ്. ഇന്ത്യയിലൊട്ടാകെയല്ല, കേരളത്തില്‍ മാത്രം. പത്തുവര്‍ഷത്തിനിടയിലല്ല, ഒരു വര്‍ഷംകൊണ്ടുമാത്രം. പത്തുവര്‍ഷംകൊണ്ട് രാജ്യത്ത് വര്‍ഗീയസംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 2,500 പേര്‍ക്ക് മാത്രം. കേരളത്തിലെ കൂട്ടക്കൊല തടയാന്‍ ഋഷിരാജ് സിങ്ങിനെയല്ല, പട്ടാളത്തെ ഇറക്കിയാലും തെറ്റില്ല.

* * * *

എന്തൊരു വലിയ 'വിപത്താ'ണ് കേരളത്തില്‍ ഓണക്കാലത്തുണ്ടായത്! ഓണക്കാലത്തെ മദ്യവില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞത്രെ. എകൈ്‌സസ് മന്ത്രി പറഞ്ഞാല്‍ അവിശ്വസിക്കാറില്ല. പക്ഷേ, ഇത് വിശ്വസിക്കണമെങ്കില്‍ മന്ത്രി വേറെ തെളിവുകള്‍കൂടി ഹാജരാക്കേണ്ടിവരും. പെട്ടെന്ന് മദ്യാസക്തി കുറയാന്‍ എന്തേ കാരണമെന്നാരും വിലയിരുത്തിക്കണ്ടില്ല. ചാനല്‍ ചര്‍ച്ചയും കണ്ടില്ല. മദ്യപര്‍ അറിയാതെ മദ്യപാനാസക്തി ഇല്ലാതാക്കുന്ന മരുന്നുകള്‍ ഉള്ളതായി പത്രങ്ങളില്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ കാണാറുണ്ട്. ഈ ഇനം വല്ലതും ബിവറേജസ്സുകാര്‍ കുപ്പികളില്‍ ചേര്‍ത്തുകയുണ്ടായോ എന്തോ.

ബിവറേജസ്സില്‍ വിറ്റ മദ്യത്തിന്റെ കണക്കുമാത്രം നോക്കിയാല്‍ പോര, ബാറുകളിലെ കണക്കും നോക്കണം എന്നാണ് മദ്യരംഗത്തെ പരിചയസമ്പന്നര്‍ പറയുന്നത്. ജനത്തിന്റെ പ്രിയ ബ്രാന്‍ഡുകള്‍ പലതും ബിവറേജസ്സില്‍ കിട്ടാറില്ലെന്നും അതുകൊണ്ട് പലരും ബാറില്‍പ്പോയി ഇരട്ടിവില കൊടുത്താണ് കുടിക്കുന്നതെന്നും കേള്‍ക്കുന്നു. സത്യമറിയാന്‍ ഇനി ഇതിനും വിവരാവകാശ ഹര്‍ജി വേണ്ടിവരുമോ ആവോ...

Sunday, 22 September 2013

കൃഷ്ണയ്യരുടെ മോഡി


നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കാനുള്ള വോട്ടെടുപ്പിന്റെ ഉദ്ഘാടനം വന്ദ്യവയോധികനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെക്കൊണ്ട് നിര്‍വഹിപ്പിക്കാനായതില്‍ മോഡിത്വവിശ്വാസികള്‍ ആനന്ദനൃത്തം ചവിട്ടുന്നതായി ഗുജറാത്ത്, ഡല്‍ഹി പ്രവിശ്യകളില്‍നിന്ന് റിപ്പോര്‍ട്ടുണ്ട്. ചെങ്കോട്ടയിലേക്കുള്ള ഫ്‌ളൈറ്റിന് മോഡിജിക്ക് പാര്‍ട്ടിടിക്കറ്റ് കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി മൂന്നുമാസം കൊണ്ടൊരു തരംഗം വളര്‍ത്തിയെടുക്കണം. അതിനാണ് സഖാവ് ജസ്റ്റിസ് തുടക്കമിട്ടിട്ടുള്ളത്. നീതിയുടെ പ്രതീകം, ശുദ്ധ മതേതരത്വവാദി, മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍ എന്നീ ദോഷങ്ങള്‍ക്ക് പുറമേ ആറുപതിറ്റാണ്ട് പഴക്കമുള്ള കമ്യൂണിസ്റ്റ് എന്ന കൊടും ദോഷവുമുള്ള സ്വാമിയെത്തന്നെ മോഡിയനുകൂല തരംഗനിര്‍മിതിക്ക് തുടക്കമിടാന്‍ ലഭിച്ചത് ചില്ലറ കാര്യമല്ല. രാഷ്ട്രപതിയാകാന്‍ കുപ്പായമിട്ട് നിരാശനായ ആളെന്ന നക്ഷത്രദോഷം അപകടമുണ്ടാക്കുമോ എന്നൊരു ശ ങ്ക ഇല്ലാതില്ല. അത് സാരമില്ലെന്ന് ജ്യോത്സ്യസമ്മതംകിട്ടിക്കാണണം.

ദേശീയ മാധ്യമങ്ങളില്‍ തരംഗം തുടങ്ങിക്കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. തങ്ങളാണ് രാജ്യം എന്ന് തെറ്റിദ്ധരിച്ചിട്ടുള്ള കുറേ ചാനല്‍ പ്രഭുക്കന്മാര്‍ അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി എന്ന് നെറ്റിയില്‍ ബോര്‍ഡ്‌വെച്ച് വോട്ടുപിടിത്തം തുടങ്ങിക്കഴിഞ്ഞു. രാജ്യസ്‌നേഹം കവിഞ്ഞൊഴുകുന്ന ദേശീയ-ആഗോള ധനാഢ്യന്മാര്‍ ഇതിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതായി സൂചനയുണ്ട്. എന്തായാലും പൊതുതിരഞ്ഞെടുപ്പ് മത്സരത്തിനുള്ള വിശാലമായ ഗ്രൗണ്ടില്‍ ഇപ്പോള്‍ ഒരു ടീമേ പന്തുതട്ടിക്കളിക്കുന്നുള്ളൂ, അത് മോഡിയുടെ ടീം ആണ്. മത്സരം തുടങ്ങാന്‍ വിസില്‍ അടിച്ചിട്ടില്ലെങ്കിലും മോഡി ഗോളടിക്കുന്നുണ്ട്. മറ്റേ ടീം ഇതുവരെ ക്യാപ്റ്റന്‍ ആരെന്നുപോലും തീരുമാനിച്ചിട്ടില്ല. റഫറി വരുംമുമ്പ് കളി തീരുമോ എന്ന ഭയം ഇല്ലാതില്ല.
ദേശീയതലത്തിലെ ഉത്സാഹക്കമ്മിറ്റിയുടെ ഭാഗമാണ് കൃഷ്ണയ്യര്‍ എന്നാരും തെറ്റിദ്ധരിക്കരുത്. കേരളത്തില്‍ വേറെ എണ്ണപ്പെട്ട വന്ദ്യവയോധികന്മാര്‍ ഇല്ലാത്തതുകൊണ്ട് സദുദ്ദേശ്യസംഘങ്ങള്‍ ഓരോ പ്രസ്താവന ടൈപ്പ് ചെയ്‌തെടുത്ത് നേരം പുലരുമ്പോള്‍ ജസ്റ്റിസിന്റെ വീട്ടിലെത്തി ഒപ്പ് വാങ്ങിക്കാറുണ്ടെന്നത് ശരിയാണ്. ജനാധിപത്യം ശക്തിപ്പെടുത്തുക, ദാരിദ്ര്യം ഇല്ലാതാക്കുക, മദനിക്ക് നീതിനല്‍കുക, കൊതുകുശല്യം തീര്‍ക്കുക, ഉമ്മന്‍ചാണ്ടി രാജിവെക്കുക തുടങ്ങി ആര്‍ക്കും എപ്പോഴും പറയാവുന്ന സംഗതികളാവും ഇങ്ങനെ എഴുതിക്കൊണ്ടുവരാറുള്ളത് എന്നതുകൊണ്ട് ഒപ്പിടണമോ വേണ്ടയോ എന്ന് കാര്യമായി ആലോചിക്കേണ്ടിവരാറില്ല. അതിനുള്ള രാസഘടകങ്ങള്‍ മസ്തിഷ്‌കത്തില്‍ ഇപ്പോള്‍ അധികമൊന്നുമില്ലതാനും. മോഡിജിയുടെ കാര്യം അങ്ങനെയല്ല. എന്തുകൊണ്ട് മോഡി പ്രധാനമന്ത്രിയാകണം എന്നുള്ളതിന്റെ കാരണങ്ങള്‍ വണ്‍, ടു, ത്രീ എന്നിങ്ങനെ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഇത് വായിച്ചുകഴിഞ്ഞപ്പോഴാണ് നരേന്ദ്രമോഡിക്കുതന്നെ പ്രധാനമന്ത്രിയാകാനുള്ള തന്റെ യോഗ്യതയെക്കുറിച്ച് ഉറപ്പുണ്ടായതെന്ന് അഹമ്മദാബാദില്‍നിന്ന് റിപ്പോര്‍ട്ടുണ്ട്.


സമീപകാലത്ത് ഏറ്റവുമധികം കേട്ടിട്ടുള്ളത് മോഡിയുടെ വ്യവസായവികസന നയങ്ങളെക്കുറിച്ചാണ്. ഗുജറാത്തില്‍ പണവുമായി ചെന്നാല്‍ മതി, വ്യവസായം തുടങ്ങാനുള്ള ഒത്താശ സര്‍ക്കാറില്‍നിന്ന് ലഭിക്കും. കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്ര എളുപ്പമാണുപോലും അവിടെ വ്യവസായം തുടങ്ങല്‍. ആവോ. അതുകുറേ ശരിയാണെന്ന് വ്യവസായികള്‍ തന്നെ സമ്മതിക്കുന്ന സ്ഥിതിക്ക് നമ്മള് എതിരുപറയേണ്ട കാര്യമില്ല. പക്ഷേ, കൃഷ്ണയ്യര്‍ അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. പറഞ്ഞത് വേറെ ചില കാര്യങ്ങളാണ്. മോഡി സോഷ്യലിസ്റ്റാണ്, ഗാന്ധിയനാണ്, സ്വരാജ് സ്ഥാപിക്കുന്നയാളാണ്... എല്ലാം സഹിക്കാം.മോഡി മതേതരത്വവാദിയാണ് എന്നുംകൂടി പറഞ്ഞുകളഞ്ഞു കൃഷ്ണയ്യര്‍ജി. മോഡിക്കുതന്നെയും സംശയം. എന്നെക്കുറിച്ചുതന്നെയാണോ പടച്ചോനെ ഇപ്പറയുന്നതെല്ലാം...

2002-ല്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച പൗരസംഘത്തിന്റെ തലവനായിരുന്നു കൃഷ്ണയ്യര്‍. കൂട്ടക്കൊലയുടെ ഉത്തരവാദിത്വം നരേന്ദ്രമോഡിക്കാണെന്ന് വ്യക്തമാക്കിയിരുന്നു കമ്മീഷന്‍. 'മുഖ്യമന്ത്രിയും ഗവണ്മെന്റും ചേര്‍ന്ന് നടപ്പാക്കിയ സംഘടിത കുറ്റകൃത്യമായിരുന്നു ഈ കലാപം' എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വീട്ടില്‍ ചെന്നൊപ്പിടുവിക്കുന്ന പ്രസ്താവനകള്‍ പോലെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടുകളും എന്നുവേണം കരുതാന്‍. ആരോ എഴുതുന്നു, വായിച്ചും വായിക്കാതെയും ആരെല്ലാമോ ഒപ്പുവെക്കുന്നു.
കൃഷ്ണയ്യര്‍ കാലുമാറി മോഡിപക്ഷത്തേക്ക് ചാഞ്ഞതാണ് എന്ന് കരുതേണ്ട. മോഡിയുടെ ഗുണഗണങ്ങള്‍ കൃഷ്ണയ്യര്‍ പണ്ടേ കണ്ടറിഞ്ഞതാണ്. ഗുജറാത്ത് വോട്ടര്‍മാര്‍ രണ്ടാംവട്ടം മോഡിക്ക് ഭൂരിപക്ഷം നല്‍കിയപ്പോള്‍ കൃഷ്ണയ്യര്‍ പ്രവചിച്ചത് കേട്ട് ബി.ജെ.പി.ക്കാര്‍ പോലും അന്തംവിട്ടിരിക്കണം. 'താങ്കള്‍ ഗവണ്മെന്റിനെ അഴിമതിമുക്തമാക്കി. സംസ്ഥാനത്തിന് മദ്യാസക്തിയില്‍നിന്ന് ഒഴിവുനല്‍കി. താങ്കള്‍ യഥാര്‍ഥ നേതാവുതന്നെ. സമയമാകുമ്പോള്‍ ആര്‍ജവമുള്ള സോഷ്യലിസ്റ്റ്, മതേതര മദ്യവിരുദ്ധ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ താങ്കള്‍ രാജ്യത്തെ നയിക്കൂ.' എന്നാണദ്ദേഹം എഴുതിയത്. അഴിമതിമുക്തമായ ഒരു സര്‍ക്കാര്‍ ഈ ഭൂമിയില്‍ ഉണ്ടെന്ന് നമ്മള്‍ മനസ്സിലാക്കിയത് അന്നാണ്. മോഡി മുഖ്യമന്ത്രിയാകും മുമ്പ് മദ്യനിരോധനമുണ്ട് ഗുജറാത്തില്‍. സാധനം ഏത് റോഡോരത്തും കിട്ടും എന്നുമാത്രം. മദ്യമുക്തി പോലെയാണോ അഴിമതിമുക്തി എന്നറിയില്ല.

ഗുജറാത്തില്‍ സോളാര്‍ വൈദ്യുതി പരക്കെ ഉണ്ടാക്കുന്നു എന്നതാണത്രെ മോഡിയുടെ മറ്റൊരു യോഗ്യത. സൗരോര്‍ജം നല്ലകാര്യംതന്നെ. പക്ഷേ ആണവനിലയം വേണ്ടെന്ന് മോഡി പറഞ്ഞതായി അറിവില്ല. ആണവനിലയം വേണ്ടെന്ന് പറഞ്ഞാലും അണുബോംബ് വേണ്ടെന്ന് പറയില്ല എന്നുറപ്പ്.
ചെയ്തുപോയ പല അബദ്ധങ്ങളും തിരുത്താനേ പറ്റില്ല. ഗുജറാത്ത് കലാപത്തിലെ ദുരിതങ്ങള്‍ കണ്ട് മടങ്ങുകയായിരുന്ന പ്രധാനമന്ത്രി വാജ്‌പേയി ദുഃഖിതനായിരുന്നുവെന്നും മോഡിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേ തീരൂ എന്ന തീരുമാനത്തില്‍ എത്തിയിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന ജസ്വന്ത് സിങ് പറഞ്ഞതായി മുന്‍ സ്​പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. അന്ന് വാജ്‌പേയിയെ തടയിട്ടത് എല്‍.കെ. അദ്വാനിയായിരുന്നുവത്രെ. അതിന്റെ ഫലമാവാം ഇന്ന് അദ്വാനി അനുഭവിക്കുന്നത്, ആര്‍ക്കറിയാം.
മോഡി പ്രധാനമന്ത്രിയാകാന്‍ നേര്‍ച്ചനേരുന്നു ഒരു ഇടതുപക്ഷ ബുദ്ധിജീവി. മോഡി അധികാരത്തില്‍ വരികയാണെങ്കില്‍ ഉടന്‍ രാജ്യം വിടാന്‍ ടിക്കറ്റ് ഇപ്പോഴേ ബുക്ക് ചെയ്തിരിക്കുന്നു സോഷ്യലിസ്റ്റ് ബുദ്ധിജീവി അനന്തമൂര്‍ത്തി. ഒന്നുകില്‍ മോഡി അല്ലെങ്കില്‍ അമേരിക്ക!?

* * * *

വിവാദം ഉണ്ടാക്കാന്‍ പറ്റാത്തതായി ഒരു വിഷയവും ലോകത്തില്ല. ദേ പുതിയത്, ആഗോള പൗരന്‍ ശശി തരൂരിന്റെ വക ലേറ്റസ്റ്റ്. സ്വാമി വിവേകാനന്ദന്‍ മദ്യം കഴിക്കുമായിരുന്നുവത്രെ. കേട്ടത് പാതി കേള്‍ക്കാത്തത് പാതി, ആരാധകസംഘം ഉടനിറങ്ങി ശശി തരൂരിന്റെ കഥകഴിക്കാന്‍.
സ്വമിജി മദ്യപിച്ചതായി ഏതെങ്കിലും ഒരു പുസ്തകത്തില്‍ ആരെങ്കിലും എഴുതിയതായി തെളിയിക്കാമോ എന്ന വെല്ലുവിളിയുമായി പത്രലേഖനത്തിലൂടെ ഒരു സന്ന്യാസി ഇറങ്ങിയിട്ടുണ്ട്. ആറേഴുമാസം മുമ്പ് ഫ്രണ്ട്‌ലൈന്‍ വാരിക ഇറക്കിയ വിവേകാനന്ദ സ്‌പെഷലിലെ ഒരു ലേഖനം സ്വാമിജിയുടെ പാശ്ചാത്യയാത്രകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചാണ്. മകരന്ദ് ആര്‍. പരഞ്ച്‌പേ എഴുതിയ ഗവേഷണപ്രബന്ധംപോലെ വിസ്താരമുള്ള ലേഖനത്തില്‍ കൊല്‍ക്കത്ത അദൈ്വതാശ്രമം പ്രസിദ്ധപ്പെടുത്തിയ മേരി ലൂയിസ് ബര്‍ക്കിന്റെ ആറ് വാള്യങ്ങളുള്ള വിവേകാനന്ദ ഇന്‍ ദ വെസ്റ്റ് - ന്യൂ ഡിസ്‌കവറീസ് എന്ന പുസ്തകം ഉദ്ധരിക്കുന്നുണ്ട്. അതില്‍ വിവാദകാര്യം സ്ഥിരീകരിക്കുന്നുണ്ട്.
സാധാരണ മനുഷ്യനായി ജീവിക്കുകയും അസാധാരണ മനുഷ്യനായി ചിന്തിക്കുകയും പ്രവര്‍ത്തിക്കകുയും ചെയ്തു സ്വാമിജി. കാമവും ധനവും ത്യജിക്കാനേ താന്‍ പ്രതിജ്ഞയെടുത്തിട്ടുള്ളൂ എന്ന് അദ്ദേഹം പറയാറുള്ളതായി ലേഖനത്തില്‍ പറയുന്നുണ്ട്. അതെന്തോ ആകട്ടെ, അകിട് നിറയെ പാലുള്ളപ്പോള്‍ നമ്മളെന്തിന് കുത്തിചോര നക്കണം?

Sunday, 8 September 2013

കൈവിട്ട കളികള്‍നവനവങ്ങളായ ആശയങ്ങളാണ് ലോകത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. അത് പോലീസിനും ബാധകമാണ്. കുറ്റാന്വേഷണത്തില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായി ? ഇക്കാലത്ത് കൊന്നും കൊള്ളയടിച്ചും രക്ഷപ്പെടുന്നവര്‍ അപൂര്‍വം. ഹൈടെക് ആണ് പോലീസും. മുന്തിയ ടെക്‌നോളജി, മുന്തിയ പോലീസ്.
പക്ഷേ, കേസന്വേഷണം ഹൈടെക് ആണെങ്കിലും അതുകഴിഞ്ഞുള്ള പരിപാടികളെല്ലാം ലോടെക്തന്നെ. ലോക്കപ്പിനകത്തായാലും പുറത്തായാലും പീഡനത്തിന് പഴയ ടെക്‌നിക്കേ സാധിക്കുന്നുള്ളൂ. അക്രമാസക്തരാ യ ആള്‍ക്കൂട്ടത്തെ നേരിടാന്‍ ലാത്തിയും തോക്കുമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ടിയര്‍ഗ്യാസും ഈയിടെ ഗ്രനേഡും ഇറങ്ങി. തീര്‍ന്നു. ലാത്തിയടിയുടെയും വെടിയുടെയും സുഖം ഇതിനൊന്നുമില്ലതാനും. കൈത്തരിപ്പ് തീര്‍ക്കാന്‍ പിന്നെ വേറെവല്ലതും ചെയ്യേണ്ടി വരും. ശാസ്ത്രം പുരോഗമിച്ചിട്ടൊന്നും വലിയ പ്രയോജനമില്ല. ലക്ഷം ആളുകള്‍ അക്രമാസക്തരായി വരുമ്പോള്‍ ഒരു ഗ്രനേഡ് എറിഞ്ഞാല്‍ ലക്ഷംപേരും റോഡില്‍വീണ് 24 മണിക്കൂര്‍ നേരത്തേക്ക് ഉറങ്ങിപ്പോകുന്ന വിദ്യയൊന്നും എന്താണ് ആരും കണ്ടുപിടിക്കാത്തത്? സിറിയയില്‍ പ്രയോഗിച്ചതരം രാസായുധം കിട്ടിയേക്കും. പക്ഷേ, കടന്നകൈ ആയിപ്പോകും. ഒബാമ ഇടപെട്ടുകളയും.
നിരാശപ്പെടേണ്ട. ടിയര്‍ ഗ്യാസിനെയും ഗ്രനേഡിനെയും വെല്ലുന്ന പുത്തന്‍ പ്രയോഗങ്ങള്‍ പോലീസ് കണ്ടെത്തിക്കൊണ്ടിരിക്കുന്നു എന്നാണ് ആനയറയില്‍നിന്ന് കിട്ടുന്നവിവരം. സമരരംഗത്തെ കൈയാങ്കളി ഇതാദ്യമല്ല. എന്തെല്ലാം കണ്ടിരിക്കുന്നു ഈ കേരളം. സ്വാതന്ത്ര്യം കിട്ടിയശേഷമാണ് നാം ശരിക്കും സമരം ചെയ്യാനും പോലീസ് വെടിവെക്കാനും പഠിച്ചത്. കേരളത്തില്‍ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് നടന്നതിലേറെ പോലീസ് വെടിവെപ്പും മരണവും കമ്യൂണിസ്റ്റ് ഭരണത്തിന് എതിരെനടന്ന വിമോചനസമരത്തിനിടെ ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ബെഞ്ചില്‍ കിടത്തി തുടയില്‍ ദണ്ഡുകൊണ്ട് ഉരുട്ടുക എന്ന അതിനൂതനമായ വിദ്യയാണ് പ്രയോഗിച്ചത്. ലോക്കപ്പിനകത്ത് സമ്പൂര്‍ണസ്വാതന്ത്ര്യമുള്ളതുകൊണ്ട് ആളെ സിദ്ധികൂടാത്ത എന്ത് വിദ്യയും പ്രയോഗിക്കാം. ഇത്തരം ആശയങ്ങള്‍ ആര് കണ്ടുപിടിച്ചു, ആരാണ് ആദ്യം പ്രയോഗിച്ചത് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിവെക്കാന്‍ സംവിധാനമില്ല എന്നതാണ് സങ്കടം.

ആനയറ മോഡ് ഓഫ് മോബ് കണ്‍ട്രോളിലേക്ക് വരാം. സാധാരണ പോലീസുകാര്‍ക്ക് ഈ പണി ചെയ്യാന്‍ പറ്റില്ല. പൊതുനിരത്തില്‍ ടി.വി.ചാനലുകള്‍ കണ്‍മിഴിച്ച് നില്‍ക്കെ ഈ കൈക്രിയ സാധിക്കണമെങ്കില്‍ പ്രത്യേക തരം സാഡിസരോഗം കലശലായി വേണം. സമരക്കാര്‍ക്ക് എതിരെ നാളെ കൂട്ടത്തോടെ ഈ അറ്റകൈ പ്രയോഗം നടത്തിക്കൂടെന്നില്ല. സമരക്കാര്‍ ഈ വിദ്യ തിരിച്ചുപ്രയോഗിച്ചേക്കും എന്നതുമാത്രമാണ് അപകടസാധ്യത. ഇതിന് പ്രതിരോധം ഇല്ലെന്നല്ല. ഉണ്ട്. ക്രിക്കറ്റുകളിക്കാര്‍, ബാറ്റ് ചെയ്യുമ്പോള്‍ കാലിന് മാത്രമല്ല സംരക്ഷണം ഏര്‍പ്പെടുത്താറ്. കേന്ദ്രാവയവത്തെ സംരക്ഷിക്കുന്നതിന് പ്രത്യേക പാഡ് ഉണ്ട്. ചില കളിക്കാര്‍ അലങ്കാരമായി അത് പാന്റ്‌സിന് പുറത്ത് ആളുകള്‍ കാണുന്ന തരത്തില്‍തന്നെ കെട്ടാറുണ്ട്. ലാത്തിത്തല്ല് നേരിടാന്‍ ഹെല്‍മെറ്റ്, കാലില്‍ പാഡ് എന്നിവയ്ക്ക് പുറമേ കൈക്രിയ തടയാന്‍ കേന്ദ്രാവയത്തിനുള്ള പാഡും ഭാവിയില്‍ സംഘടനകള്‍ വിതരണം ചെയ്യേണ്ടിവരുമെന്ന് വേണം കരുതാന്‍.
സെക്രട്ടേറിയറ്റ് ഉപരോധം പാളീസായശേഷം സമരത്തിന്റെ രൂപം മാറുമെന്നുള്ള വാഗ്ദാനമാണ് ആനയറയില്‍ പാലിച്ചതെന്ന് തോന്നുന്നു. കരിങ്കൊടി വീശല്‍, തെരുവില്‍ തടയല്‍ എന്നിവയ്ക്കുശേഷം മൂന്നാമത്തേതാണ് ചീമുട്ടയേറ്. കേള്‍ക്കുമ്പോള്‍ തമാശതോന്നും. അതിന്റെ പ്രയാസം പാര്‍ട്ടിക്കേ അറിയൂ. കാശുകൊടുത്താല്‍ എത്ര ലോഡ് മുട്ട വേണമെങ്കിലും കിട്ടും. പത്ത് ചീഞ്ഞ മുട്ട കിട്ടാനുള്ള ബുദ്ധിമുട്ട് അത് ശേഖരിക്കാന്‍ നടന്നാലേ അറിയൂ. ചിലപ്പോള്‍ തമിഴ്‌നാട്ടില്‍ ഓര്‍ഡര്‍ കൊടുത്താല്‍ അവര്‍ സാധനം സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്പപ്പോള്‍ ചീയിച്ച് തരുമായിരിക്കും. മുഖ്യമന്ത്രിയുടെ ടൂര്‍ പ്രോഗ്രാംനോക്കി ലോഡ് വിട്ടാല്‍ മതിയാകും.

മുഖ്യമന്ത്രി രാജിവെക്കുന്നില്ലെങ്കില്‍ സമരത്തിന്റെ രൂപം ഒന്നുകൂടി മാറുമെന്ന് ഇടതുനേതാക്കള്‍ പറഞ്ഞത് നമ്മള്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. മൂന്നാം ഘട്ടമോ നാലാം ഘട്ടമോ ആയിട്ടാണ് ചീമുട്ട പ്രയോഗിച്ചത്. അടുത്ത ഘട്ടത്തില്‍ എറിയുന്നത് പാലും ഐസ് ക്രീമും ബോംബുമൊന്നും ആവില്ലെന്ന് ഉറപ്പ്. ചീമുട്ടയേക്കാള്‍ ദുര്‍ഗന്ധവും അറപ്പും ഉളവാക്കുന്ന സാധനമായിരിക്കുമെന്ന് ഉറപ്പ്. അതാണ് ആശങ്ക. ദൈവത്തിന്റെ സ്വന്തംനാട്ടില്‍ സംഭവിക്കാത്തതായി യാതൊന്നുമില്ല.

* * * *

സോളാര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ സിറ്റിങ് ജഡ്ജിയെ കിട്ടാതിരുന്നത് സര്‍ക്കാര്‍ വേണ്ടത്രസമ്മര്‍ദം ചെലുത്താതിരുന്നതുകൊണ്ടാണെന്ന് ഇടതുപക്ഷത്തിന് ആക്ഷേപമുണ്ട്.
സത്യമാണ് കേട്ടോ. സര്‍ക്കാര്‍ ഒരു കത്തയച്ചു ചീഫ് ജസ്റ്റിസിന്. സിറ്റിങ് ജഡ്ജിയെ പുറംപണിക്ക് നിയോഗിക്കേണ്ടെന്ന് മറുപടി അയച്ചു. വീണ്ടും സര്‍ക്കാര്‍ കത്തുകൊടുത്തു. വീണ്ടുംകിട്ടി നിഷേധ മറുപടി.

ഇങ്ങനെയാണോ ഉത്തരവാദിത്വബോധമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് ? ആദ്യത്തെ കത്ത് തന്നെ ഒരുവക്കീല്‍ നോട്ടീസായി രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ അയയ്‌ക്കേണ്ടതായിരുന്നു. ഇത് കൈപ്പറ്റി നാലുനാള്‍ക്കകം, ഹൈക്കോടതി ഒരു സിറ്റിങ് ജഡ്ജിയെ വിട്ടുതന്നില്ലെങ്കില്‍ സിവിലായും ക്രിമിനലായും നടപടി എടുക്കുമെന്ന് മിസൈല്‍പോലെ രേഖവിടണം. അതുനടന്നില്ലെങ്കില്‍ നിയമസഭയുടെ പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടി ഏകകണ്ഠമായ പ്രമേയത്തില്‍ ഹൈക്കോടതിയോട് സംഗതി ആവശ്യപ്പെടാമായിരുന്നു. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍, മുഖ്യമന്ത്രി ഹൈക്കോടതിക്കുമുന്നില്‍ മരണംവരെ ഉപവാസം പ്രഖ്യാപിക്കണം. മുഖ്യമന്ത്രി മരണംവരെ ഉപവാസം തീരുമാനിച്ചിരുന്നെങ്കില്‍ പ്രതിപക്ഷനേതാവും പാര്‍ട്ടി സെക്രട്ടറിയും എല്ലാം മറന്ന്, ഉപവാസം ഉദ്ഘാടനം ചെയ്യാന്‍ പാഞ്ഞെത്തുമായിരുന്നല്ലോ. സര്‍വകക്ഷി നിവേദനം, രാപകല്‍ സമരം, ഉപരോധം, ചീമുട്ട തുടങ്ങിയ എന്തെല്ലാം സമ്മര്‍ദതന്ത്രങ്ങള്‍ സര്‍ക്കാറിന് തുടര്‍ന്ന് ഉപയോഗിക്കാമായിരുന്നു. മുഖ്യമന്ത്രി
സ്വന്തം കസേര സംരക്ഷിക്കാന്‍ വേണ്ടിത്തന്നെയാണ് ഇതൊന്നും ചെയ്യാതിരുന്നത്. സംശല്യ. സ്റ്റാന്‍ഡിങ്ങും വോക്കിങ്ങും ഒന്നും പറ്റില്ല, സിറ്റിങ് തന്നെ വേണമെന്ന് പറയുന്നത് എന്തുകൊണ്ടെന്ന് പലരും ചോദിക്കുന്നുണ്ട്. അറിയില്ലാ ? 60 കഴിഞ്ഞ് ഗൗണ്‍ അഴിക്കുമ്പോഴേക്ക് അവര്‍ക്ക് അള്‍ഷിമേഴ്‌സ് എന്നും മറ്റുംവിളിക്കുന്ന രോഗംപിടിപെടും. നിയമവും വകുപ്പുമൊക്കെ മറന്നുപോകും. തീര്‍ന്നില്ല, നിഷ്പക്ഷത, സത്യസന്ധത, നീതിബോധം തുടങ്ങിയ ഗുണങ്ങള്‍ അറുപത് കഴിഞ്ഞാല്‍ നരച്ചമുടി കൊഴിയുംപോലെ വീണുപോകും. പിന്നെ സദാസമയം 'ഉമ്മന്‍ചാണ്ട്യായ നമഹ' എന്ന് ജപിച്ചുകൊണ്ടേയിരിക്കും. ഇതാണ് സിറ്റിങ്ങില്‍ പിടിമുറുക്കാന്‍ കാരണം. മനസ്സിലായാ ?

* * * *

ഒരു വൈസ് ചാന്‍സലര്‍ക്ക് അതിനുള്ള യോഗ്യതയില്ല എന്ന് ചീഫ് സെക്രട്ടറി കണ്ടുപിടിക്കുകയും ചാന്‍സലര്‍ക്ക് കത്തെഴുതുകയും ചെയ്തത്രെ. ചീഫ് സെക്രട്ടറിയോട് സഹതപിക്കാനേ നിവൃത്തിയുള്ളൂ. ചീഫ് സെക്രട്ടറി തടസ്സം പറഞ്ഞിട്ടും ഒരാള്‍ വൈസ് ചാന്‍സലറായെങ്കില്‍ ആ ആള്‍ യോഗ്യന്‍തന്നെ, വേറെ തെളിവുവേണ്ട. ചാന്‍സലര്‍ വിചാരിച്ചാലും ചിലരെ തടയാന്‍പറ്റില്ല. അതുതന്നെ അവരുടെ യോഗ്യത. യോഗ്യത സംബന്ധിച്ച പഴഞ്ചന്‍ ആശയങ്ങള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നവര്‍ക്ക് ചീഫ് സെക്രട്ടറിയാകാന്‍ യോഗ്യതയുണ്ടോയെന്നാണ് ഇനി സംശയിക്കേണ്ടത്.

ചീഫ് സെക്രട്ടറിയുടെ അതേ ഗണത്തില്‍പ്പെട്ട ഒരു വിദ്യാഭ്യാസ സെക്രട്ടറി ഈയിടെ പ്ലസ് ടു അധ്യാപകരെ യോഗ്യതനോക്കിയേ നിയമിക്കാവൂ എന്നൊരു ഉത്തരവിറക്കി. വിവരം കിട്ടിയയുടനെ മന്ത്രിസഭയുടെ അടുത്തയോഗം ആ ഉത്തരവ് റദ്ദാക്കി. പ്ലസ് ടു പഠിപ്പിക്കാനും യോഗ്യത നോക്കണംപോലും. യോഗ്യത എന്നൊരുവാക്ക് ഇനിയാരും ഇവിടെ ഉച്ചരിച്ചുപോകരുത്.

Sunday, 1 September 2013

പ്രശ്‌നമോ പ്രതിസന്ധിയോ?


ഈ പ്രതിപക്ഷക്കാര്‍ക്കും പത്രക്കാര്‍ക്കും ലവലേശമില്ലാത്ത വസ്തുവാണ് സാമാന്യബുദ്ധി എന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു, അതിന് പ്രത്യേക തെളിവൊന്നും ആവശ്യമില്ലെങ്കിലും. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇക്കൂട്ടര്‍ വിളിച്ചുചോദിച്ചത് - എന്തേ മാണിസാറിനെ മുഖ്യമന്ത്രിയാക്കിക്കൂടേ എന്ന്. ഇക്കൂട്ടര്‍ ഇപ്പോള്‍ പറയുന്നത് നേരേ തിരിച്ചാണ്. മാണിസാറിന്റെ അതിവിദഗ്ധമായ ഭരണം കാരണം കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണത്രെ.

ഈ അവസ്ഥ കേരളീയര്‍ അവരുടെ ഏറ്റവും മോശം ദുഃസ്വപ്നത്തില്‍പ്പോലും കണ്ടതല്ല. ക്രമസമാധാനവും അഴിമതിയുമൊക്കെ പെരുകി കേരളം അഗാധഗര്‍ത്തത്തില്‍ വീണാലും സാരമില്ല, സാമ്പത്തികപ്രശ്‌നത്തെക്കുറിച്ച് മാത്രം നമ്മളിനി പേടിക്കേണ്ട എന്നുറപ്പിച്ച് സമാധാനമായി ഉറങ്ങുകയായിരുന്നു കുറേക്കാലമായി കേരളീയര്‍. കാരണം, കേരളം ഭരിക്കുന്നത് ഇടതുപക്ഷമാകട്ടെ, മറ്റേ പക്ഷമാകട്ടെ ധനതത്ത്വശാസ്ത്രത്തില്‍ നമ്മളെ കഴിച്ചേ ലോകത്ത് ആരും വരൂ. ഒരു ഭാഗത്ത് മാണിസാര്‍. ജോണ്‍ മെയ്‌നാഡ് കെയിന്‍സിനുശേഷം ഇതുപോലൊരു പ്രതിഭ ആ രംഗത്ത് ഉണ്ടായിട്ടില്ല. മാണിസാറിന്റെ പേരിന് മുന്നില്‍വെക്കാന്‍ ഒരു ഡോ ഇല്ല എന്നത് ഒരു കുറവേ അല്ല. സാമ്പത്തിക മാനേജ്‌മെന്റ് അരച്ചുകലക്കിക്കുടിച്ച ആളാണ്. സാറിനെ വെല്ലുന്ന ആരെങ്കിലും ഇനി ജനിച്ചാലായി.

ലോകബാങ്ക് പ്രസിഡന്റിന് വല്ല സംശയവും ഉണ്ടായാല്‍ ഇങ്ങോട്ട് വിളിക്കാറാണ് പതിവ്. അതുകൊണ്ട് യു.ഡി.എഫ്. ഭരിക്കുമ്പോള്‍ ആരും ഒന്നും പേടിക്കേണ്ട. ഭരിക്കുന്നത് എല്‍.ഡി.എഫ്. ആണെങ്കിലോ? അപ്പോഴും വേണ്ട പേടി. ചൈനാ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വാങ് ഗാങ്ങിന് സംശയംവന്നാലും വിളിക്കാവുന്ന ആളാണ് മാരാരിക്കുളം ഫെയിം ജുബ്ബക്കാരന്‍ താടിക്കാരന്‍. പാലാക്കാരന്‍ ബജറ്റ് അവതരിപ്പിച്ചാല്‍ മാരാരിക്കുളക്കാരന്‍ ഖണ്ഡനവിമര്‍ശനം നടത്തും. മറിച്ചും. തലനാരിഴയ്ക്ക് വിട്ടുകൊടുക്കില്ല. പിന്നെന്തുപേടിക്കാന്‍? കാലം കുറേയായി രണ്ടുപേരും പരസ്​പരം തിരുത്തിക്കളിക്കുകയായിരുന്നു. എന്നിട്ടെന്തായി, സുഖനിദ്ര ഗ്യാറണ്ടീഡ് അല്ല എന്ന് മനസ്സിലായി. ധനപ്രതിസന്ധി വന്നിരിക്കുന്നുവത്രെ... ധനപ്രതിസന്ധി... രക്ഷപ്പെട്ടുകൊള്ളുവിന്‍... വല്ല കുണ്ടിലോ കുഴിയിലോ ചാടി രക്ഷപ്പെട്ടുകൊള്ളുവിന്‍...

ഭാഗ്യവശാല്‍, മാണിസാറോ ധനവകുപ്പോ ഇതംഗീകരിക്കുന്നില്ല. ഇപ്പോള്‍ മുന്നിലുള്ള ജന്തു, പ്രതിസന്ധി എന്ന സ്​പീഷീസില്‍ പെട്ടതല്ല എന്നാണ് ധനവകുപ്പ് വിസ്തരിച്ച് തയ്യാറാക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഇത് വെറുമൊരു പ്രശ്‌നം മാത്രമാണ്. കാട്ടുപൂച്ചയെ കണ്ട് പുലിയാണെന്ന് പറഞ്ഞാല്‍ സമ്മതിക്കാന്‍ ഒക്കില്ല. പുലി പുലിയാണ്, പൂച്ച പൂച്ചയാണ്. പെരുത്ത കടമുണ്ട്. ഓണത്തിന് ഇരട്ടശമ്പളം കൊടുക്കാന്‍ കാശില്ല. സപ്തംബര്‍ പാതിക്കുമുമ്പ് 2,500 കോടി കൈയില്‍ കിട്ടിയില്ലെങ്കില്‍ ഓണം കുളമാകും. ട്രഷറി പൂട്ടും. നാണക്കേടാകും. സോളാറും മറ്റും ഉണ്ടാക്കിയ നാണക്കേടിനേക്കാള്‍ വലുത് ട്രഷറിയല്ല, സെക്രട്ടേറിയറ്റ് പൂട്ടിയാലും വരാനില്ലെന്നത് വേറെ കാര്യം (ഒരു സാമ്പിള്‍ ആയി രണ്ടുദിവസം സെക്രട്ടേറിയറ്റ് പൂട്ടിനോക്കിയതുമാണ്). കൊടുക്കാനുള്ളതൊക്കെ ലാവിഷായി കൊടുത്തതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ ഈ പ്രശ്‌നം ഉണ്ടായതെന്ന് എന്തേ ഈ പ്രതിപക്ഷക്കാരും പത്രക്കാരും താടി, ജുബ്ബക്കാരുമൊന്നും മനസ്സിലാക്കാത്തത്?

കുടിശ്ശിക ചോദിച്ചവര്‍ക്ക് കുടിശ്ശിക കൊടുത്തു. ട്രാന്‍. കോര്‍പ്പറേഷന്‍ 150 കോടി ചോദിച്ചു, ഉടനെ കൊടുത്തു. വൈദ്യുതി ബോര്‍ഡിന് 205 കോടി നീക്കിവെച്ചു, പാതി കൈയില്‍ കൊടുത്തു. വിലക്കയറ്റം തടയാന്‍ കൊടുത്തു കുറേ കോടി, റോഡ് നന്നാക്കാന്‍ കൊടുത്തു... ചോദിച്ച സകലതിനും കൊടുത്തു. ചോദിക്കുന്നവരോട് മാത്രമല്ല ലാവിഷായത്. നികുതി കൊടുക്കാന്‍ വയ്യെന്ന പരാതിയുമായി വന്നവര്‍ക്കെല്ലാം മനസ്സറിഞ്ഞ് സഹായം ചെയ്തതുകൊണ്ടും വേറെ പുറത്തുപറയാന്‍ കൊള്ളാത്ത പല കാരണങ്ങള്‍ കൊണ്ടും വരുമാനം കുറയുകയും ചെയ്തു. അത്‌കൊണ്ടാണ് ഇന്നത്തെ പ്രശ്‌നം ഉണ്ടായത്. പ്രശ്‌നം മാത്രം, പ്രതിസന്ധിയല്ല. പ്രതി എന്ന രണ്ടക്ഷരമുള്ള വാക്കുമാത്രം ആരും മിണ്ടിപ്പോകരുത്. പലരും 'പ്രതി'കളായിട്ടാണ് ഇവിടെ ഒരു സര്‍ക്കാര്‍ 'പ്രതി'ച്ഛായ തകര്‍ന്ന് അവശനിലയിലായത്. അതിനുശേഷമിനി വേറൊരു 'പ്രതി'സന്ധികൂടി വയ്യ.


ചോദിക്കുന്നവര്‍ക്കെല്ലാം മുന്‍പിന്‍ നോട്ടമില്ലാതെ എടുത്തുകൊടുത്ത് ഗതിയില്ലാതാകുന്നതിനെ നാം നിത്യജീവിതത്തില്‍ വേറെ പലപേരുകളുമാണ് വിളിക്കുക. അത്തരമാളുകള്‍ പലരും വിഷമോ ഒരു മീറ്റര്‍ കയറോ വാങ്ങി ജീവനൊടുക്കുകയാണ് ചെയ്യുക. സര്‍ക്കാര്‍ ആവുമ്പോള്‍ അതുവേണ്ട. ഏറിയാല്‍ ട്രഷറി പൂട്ടിയാല്‍ മതി. പ്രശ്‌നം പ്രതിസന്ധിയിലേക്ക് ഒറ്റയടിക്ക് കടക്കുകയില്ല. ഘട്ടംഘട്ടമായാണ് മരണം സംഭവിക്കുക. ട്രഷറി പൂട്ടുക എന്ന് പറഞ്ഞാല്‍ സര്‍ക്കാറിന്റെ ചെക്കും കൊണ്ട് ട്രഷറിയില്‍ ചെന്നാല്‍ അങ്ങോട്ട് കേറ്റില്ല എന്നര്‍ഥം. ബാങ്കാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ ബാങ്ക് പൊളിഞ്ഞു എന്നാണ് പറയുക. ബാങ്കുകാരെ ഉടന്‍ തിരഞ്ഞുപിടിച്ച് ജയിലിലാക്കും. സര്‍ക്കാര്‍ ആകുമ്പോള്‍ പണംകിട്ടണമെന്ന് വാശിപിടിക്കുന്നവനെയാണ് ജയിലിലാക്കുക. അങ്ങനെ പല സൗകര്യങ്ങളുമുണ്ട്. യഥാര്‍ഥത്തില്‍ പ്രതിസന്ധിപോലും വലിയ പ്രശ്‌നമല്ല. അതിനപ്പുറം എന്തെല്ലാം ഘട്ടങ്ങളുണ്ടെന്നോ... പല പ്രതിസന്ധികള്‍ പ്രകടനമായി വരുന്ന ഒരു ഘട്ടമുണ്ട്. മൊത്തം പാപ്പരാവുന്ന ഘട്ടം. അന്ത്യം ചിന്ത്യം. അതിനിനി എത്രദൂരം ബാക്കിനില്‍ക്കുന്നു.

സര്‍ക്കാറും മുന്നണിയും മന്ത്രിയും കൊടിയുടെ നിറവും ഒക്കെ മാറും എന്നേ ഉള്ളൂ. ഭാഷ മാറില്ല. ഓര്‍മയുണ്ടോ പഴയ പ്രതിസന്ധി? അധികം കാലമൊന്നും മുമ്പല്ല ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയും ശിവദാസമേനോന്‍ ധനകാര്യമന്ത്രിയും ആയി ഇടതുഭരണം പൊടിപൊടിച്ചത്. ട്രഷറി സ്ഥിരമായി പൂട്ടിയതുകൊണ്ട് പൂട്ട് തുരുമ്പെടുത്തകാലം. കടുത്ത പ്രതിസന്ധി എന്ന് പ്രതിപക്ഷം മുറവിളികൂട്ടി. അന്ന് മുഖ്യമന്ത്രി നായനാര്‍ തറപ്പിച്ചുപറഞ്ഞു - ഇതുവെറും സാമ്പത്തികപ്രശ്‌നം മാത്രം, പ്രതിസന്ധി അല്ലേയല്ല. 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിക്കല്ലേ' എന്ന് കവി പാടിയതുപോലെ. ഒടുവില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വിവരമറിഞ്ഞു. ഇടതുമുന്നണിതന്നെ പ്രതിസന്ധിയിലായി.

പ്രതിസന്ധി ആവട്ടെ, ബജറ്റ് ഉള്‍പ്പെടെ മറ്റെന്തുമാകട്ടെ. ഒരേ വാക്കുകളും ഒരേ വിമര്‍ശനവും ഒരേ കണക്കുകളും മതി ഇരുപക്ഷത്തിനും. എതിര്‍പക്ഷം ഭരണത്തിലുള്ളപ്പോള്‍ പറയുന്നത് സ്വന്തം മുന്നണി ഭരിക്കുമ്പോള്‍ പറയരുതെന്ന് മാത്രം. പത്രപ്രസ്താവനയില്‍പ്പോലും പേര് മാറ്റിയാല്‍ മതി. വി.എസ്. എന്നത് ഉമ്മന്‍ചാണ്ടി എന്നാക്കണം, മറിച്ചും. വേറെ പ്രശ്‌നമില്ല.

* * *

മാണിസാറിനെയും തോമസ് ഐസക് സാറിനെയുമെല്ലാം വെല്ലുന്ന ലോക സാമ്പത്തികശാസ്ത്രജ്ഞന്‍ അഞ്ചുപത്തുവര്‍ഷമായി ഭരിക്കുന്ന ഇന്ത്യാ മഹാരാജ്യം സ്വര്‍ഗതുല്യമായ അവസ്ഥയിലെത്തേണ്ട സമയമായി. സാമ്പത്തികശാസ്ത്രത്തിലും രാഷ്ട്രീയജ്ഞാനത്തിലും ഡോ. മന്‍മോഹന്‍ജിയെ കവച്ചുവെക്കുന്ന ഒരു പ്രധാനമന്ത്രി ലോകത്തില്ല. പിന്നെ സ്വര്‍ഗരാജ്യം പണിതുയര്‍ത്താന്‍ എന്ത് തടസ്സം!

പക്ഷേ, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് കേള്‍ക്കുന്നത്. രൂപയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പുല്ലുവില എന്ന് പറയുന്നതുപോലും വസ്തുതാപരമായി ശരിയല്ല. പുല്ലിന് ഇക്കാലത്ത് വലിയ വിലയാണ്. വളര്‍ച്ച താഴോട്ട്, മാന്ദ്യം മേലോട്ട്. ഇതാണ് ഇന്ത്യന്‍ അവസ്ഥ. പ്രതിസന്ധി തീരുമ്പോഴേക്ക് ജനത്തിന്റെ നടുവൊടിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ആകെ ഒരു സമാധാനം അതേ ഉള്ളൂ. വിദഗ്ധര്‍ പറയുന്നത് സംഭവിക്കാറ് പതിവില്ലല്ലോ.

ഗള്‍ഫിലെത്താന്‍വേണ്ടി പുരയും പറമ്പും പണയംവെച്ച് പണംകൊടുത്ത് ഉരുവില്‍ കേറിയവര്‍ രാത്രി കേരളത്തിലെ കടലോരത്തുതന്നെ നീന്തിക്കയറുന്നതായി ചിത്രീകരിച്ച സിനിമപോലെയാണ് ഇന്ത്യയുടെ നില. 1991-ല്‍ ലോകബാങ്കില്‍ സ്വര്‍ണം പണയംവെച്ചാണ് തടികാത്തത്. പിന്നെ ആഗോളീകരണ-ഉദാരീകരണ വിമാനത്തിലായിരുന്നു യാത്ര. വികസിതമായ മധുരമനോജ്ഞ ഭാരതത്തിലാണ് ഇനി ലാന്‍ഡ് ചെയ്യുക എന്നാണ് പറഞ്ഞിരുന്നത്. ഇതാ നമ്മള്‍ പുറപ്പെട്ട '91-ല്‍ തന്നെ തിരിച്ചെത്തിയിരിക്കുന്നു.