Sunday, 13 October 2013

സമ്മതിദാനം പവിത്രം ; സമ്മതി നിഷേധവുംഅറുപത് വര്‍ഷത്തിലേറെയായി വോട്ട് ചെയ്യാന്‍ തുടങ്ങിയിട്ട്. ഭയങ്കര ബോറായിരിക്കുന്നു. ബാലറ്റ് പെട്ടി പോയി ഇലക്‌ട്രോണിക്‌സ് വന്നതാണ് ആകെയുണ്ടായ മാറ്റം. കടലാസായിരുന്ന കാലത്ത് വോട്ട് അസാധുവാക്കാമായിരുന്നു. അതിന്റെ രസമൊന്നുവേറെ. വോട്ട് ചെയ്യാന്‍ പോയില്ലെങ്കില്‍ നാട്ടിലെ സര്‍വ പാര്‍ട്ടിക്കാരും മുഷിയും. അവറ്റകള്‍ സംഘടിതമായി വന്ന് പറമ്പിലെ വാഴ വെട്ടിയെന്ന് വരാം. ബാലറ്റ് പേപ്പറില്‍ എല്ലാവര്‍ക്കും വോട്ട് ചെയ്താല്‍ ആരും മുഷിയില്ല. റിസല്‍റ്റ് പ്രഖ്യാപിക്കുമ്പോള്‍ പത്രത്തില്‍ അസാധുവിന്റെ വോട്ട് വായിക്കുമ്പോഴത്തെ സന്തോഷം ജനാധിപത്യവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ ആണെന്നാരും ഇതുവരെ വിധിച്ചിട്ടില്ല. അസാധുവിനേക്കാള്‍ കുറഞ്ഞ വോട്ടുകിട്ടിയാലും ജയിക്കും. പാര്‍ലമെന്റില്‍ ആ അംഗത്തിന്റെ വോട്ടിന് വിലയൊട്ടും കുറയില്ല. സിറ്റിങ്ങ് ഫീസും കുറയില്ല. പിന്നെയെന്ത് പ്രശ്‌നം?

ഇലക്‌ട്രോണിക്‌സ് വന്നതോടെ ആ സുഖം പോയി. അസാധു അന്തരിച്ചു. ഒരു സ്ഥാനാര്‍ഥിയെയും ഇഷ്ടമില്ലെങ്കിലും വോട്ട് കുത്തിയേ തീരൂ. വോട്ട് ചെയ്യാതെ മടങ്ങാം. അതിന് പിന്നെ അങ്ങോട്ട് പോകണമോ വീട്ടിലിരുന്നാല്‍ പോരേ എന്ന ചോദ്യമുണ്ട്. വോട്ട് ചെയ്യാതെ വീട്ടിലിരുന്നാല്‍ രാഷ്ട്രീയ ദിവ്യന്മാരുടെ നോട്ടപ്പുള്ളിയാകും. ബൂത്ത് വരെ പോയി, വോട്ട് ചെയ്യുന്നില്ല എന്ന് എഴുതിക്കൊടുത്ത് മടങ്ങിയാല്‍ ആള്‍ വട്ടനാണ് എന്ന സല്‍പ്പേരും കിട്ടും.

ഗൗരവമേറിയ ഈ അതിജീവനപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കി സുപ്രീംകോടതി. ജനപ്രതിനിധികള്‍ മനസ്സ് വെക്കാത്തതുകൊണ്ടാണ് ബഹു. ജസ്റ്റിസുമാര്‍ക്ക് ഇത് ചെയ്യേണ്ടി വന്നത്. വിപ്ലവകരമായ മാറ്റംതന്നെ. ആരാണ് തന്നെ പ്രതിനിധീകരിക്കേണ്ടത് എന്ന് പറയുന്നതുപോലെതന്നെ പ്രധാനമാണ് ആരും തന്നെ പ്രതിനിധീകരിക്കാന്‍ യോഗ്യരല്ല എന്ന് പറയുന്നതും. അഭിപ്രായ സ്വാതന്ത്ര്യമാണ് പ്രശ്‌നം. അത് കിട്ടി. അതില്ലാത്തതുകൊണ്ട് ഇനി ആര്‍ക്കും ഉറക്കം നഷ്ടപ്പെടുകയില്ല. സമ്മതിദാനം പവിത്രം, സമ്മതി നിഷേധവും അത്രതന്നെ പവിത്രം. ബഹുസന്തോഷം.

ആ സന്തോഷത്തിലങ്ങനെ നിര്‍വൃതി കൊള്ളുമ്പോഴാണ് ഓരോരോ അരസികന്മാര്‍ കുത്തുവാക്കുകളും സംശയങ്ങളും തൊടുത്തുവിട്ട് നമ്മെ അലോസരപ്പെടുത്തുന്നത്. ജയിലിലെ ഭക്ഷണം മോശമായാലും തിന്നേ തീരൂ. ആ ഗതികേട് മാറ്റാന്‍ 'ഭക്ഷണം മോശമാണ്, ഞാന്‍ തിന്നുകയില്ല' എന്നെഴുതിക്കൊടുക്കാന്‍ അവകാശം കിട്ടിയാല്‍ സുഖാവ്വോ ? പട്ടിണി കിടന്നുചാവുകയേ ഉള്ളൂ. ബാലറ്റ് പേപ്പറിലെ അഞ്ചുപേരും യൂസ്‌ലെസ്സുകളാണ് എന്ന് 95 ശതമാനം ജനവും വിധിയെഴുതി എന്ന് സങ്കല്‍പ്പിക്കൂ. എന്തുസംഭവിക്കും? ഒന്നും സംഭവിക്കില്ല. ബാക്കി അഞ്ചുശതമാനം വോട്ടില്‍ കൂടുതല്‍ കിട്ടിയ സ്ഥാനാര്‍ഥി ജയിക്കും. ഒരു ശതമാനം കിട്ടിയ ആള്‍ക്കും ജയിക്കാവുന്നവിധം വിശാലമാണ് ജനാധിപത്യം. ബാക്കി സ്ഥാനാര്‍ഥികള്‍ക്ക് അതിലും കുറവേ കിട്ടാവൂ എന്നുമാത്രം. മത്സരങ്ങള്‍ അങ്ങനെയാണ്. മുന്നില്‍ എത്തുന്ന ആളല്ലേ ഒളിമ്പിക്‌സ് ഓട്ടത്തിലും ജയിക്കുക? അങ്ങനെ ജയിക്കുന്ന ആളും 100 ശതമാനം ജനത്തിന്റെ പ്രതിനിധിയായി വിലസും അഞ്ചുകൊല്ലവും. ബത്തയും കുറയില്ല. കശ്മീരില്‍ ജനം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച കാലത്ത് ഒരു ശതമാനം വോട്ട് കിട്ടിയവരും ജയിച്ചിട്ടുണ്ട്. അഞ്ചുകൊല്ലം ഭരിച്ചിട്ടുമുണ്ട്.

വോട്ട് നിഷേധത്തില്‍ മാനസിക സുഖം ഉണ്ടെന്നത് സത്യംതന്നെ. പ്രയോജനം ഉണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഒരുവട്ടം വോട്ട് നിഷേധിക്കുന്നത് സുഖംതന്നെ. ഒരു വട്ടം കൂടി അത് ചെയ്ത് സുഖിക്കാം. പിന്നെ സുഖം തീരും. ആ പണിക്ക് പോവില്ല. അപ്പോഴായിരിക്കും ആരെങ്കിലും അടുത്ത കേസുമായി കോടതിയില്‍ പോവുക. യുവര്‍ ഹൈനസ്സേ, അഞ്ചുശതമാനം വോട്ട് മാത്രം കിട്ടിയ ആള്‍ നൂറുശതമാനത്തിന്റെയും പ്രതിനിധിയായി ഞെളിഞ്ഞുനടക്കുന്നത് തടയണം എന്ന് ഹര്‍ജി കൊടുക്കും. നിശ്ചിത ശതമാനം വോട്ട് ചെയ്യുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പ് റദ്ദാകും എന്നൊരു ഉത്തരവ് വന്നാല്‍ കൈയടി ജോറാകും. പക്ഷേ, സംഗതി അതോടെ കൂടുതല്‍ വലിയ പൊല്ലാപ്പാകുമെന്നാണ് അറിവുള്ള ആളുകള്‍ പറയുന്നത്.

ഒരു സെറ്റ് സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ നിഷേധിച്ചാല്‍ വീണ്ടും നടക്കുന്ന തിരഞ്ഞെടുപ്പിലും ഇവര്‍ തന്നെ മത്സരിച്ചാലോ ? വേറെ സ്ഥാനാര്‍ഥികളാണ് എന്നുകരുതുക. അവരെയും ജനം നിരസിച്ചാല്‍ എന്തുചെയ്യും ? എത്ര തവണ ഇങ്ങനെ വോട്ടെടുപ്പ് നടത്താം ? ഒരു തവണ അയോഗ്യരായവര്‍ക്ക് വീണ്ടും മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടാകുമോ ? ലോക്‌സഭയിലെ അമ്പത് ശതമാനം മണ്ഡലത്തിലും തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെട്ടാല്‍ എങ്ങനെ അടുത്ത ഗവണ്മെന്റ് രൂപവത്കരിക്കും? ഉപതിരഞ്ഞെടുപ്പിലും ജനം ആരെയും ജയിപ്പിച്ചില്ലെങ്കിലെന്തുചെയ്യും. അഞ്ചുകൊല്ലവും വോട്ടെടുപ്പ് നടത്തിക്കൊണ്ടിരിക്കാന്‍ പറ്റുമോ ? ജനത്തിന് എപ്പോഴും വോട്ട് ചെയ്തുകൊണ്ടിരിക്കലാണോ പണി ? എപ്പോഴും വോട്ടുപിടിച്ചാല്‍ പാര്‍ട്ടികളുടെ എല്ലൊടിയില്ലേ, എപ്പോഴും തിരഞ്ഞെടുപ്പുനടത്തിയാല്‍ സര്‍ക്കാറുകളുടെ എല്ലൊടിയില്ലേ... ചോദ്യങ്ങള്‍ തീരുകയില്ല. മുന്‍ ഇലക്ഷന്‍ കമ്മീഷനംഗം എസ്.വി. ഖുറേഷി ഈ വിധം എട്ടുപത്ത് ചോദ്യങ്ങള്‍ ചോദിച്ച് പത്രത്തില്‍ ലേഖനമെഴുതിയിട്ടുണ്ട്. അത് വായിച്ചാല്‍ ആരും പറഞ്ഞുപോകും... വെളുക്കാന്‍ തേച്ചത് പാണ്ടല്ല അര്‍ബുദംതന്നെ ആയേക്കുമെന്ന്. തത്കാലം വോട്ട് നിഷേധിച്ച് സമാധാനപ്പെടാം. അത്ര മനഃസുഖം മതി. കൂടുതലായാല്‍ കരഞ്ഞുപോകും.

* * *

ഇന്ദിരയെ വിളിക്കൂ... രാജ്യത്തെ രക്ഷിക്കൂ എന്നൊരു മുദ്രാവാക്യം കുറേക്കാലം മുമ്പ് കേട്ടിരുന്നു. ഇന്ദിരയെ വിളിച്ചു. രാജ്യം രക്ഷപ്പെട്ടോ എന്നറിയില്ല. ഇന്ദിരയെ രക്ഷിക്കാന്‍ രാജ്യത്തിന് കഴിഞ്ഞുമില്ല. അതുപോകട്ടെ, ഇപ്പോഴിതാ എ.കെ. ആന്റണിയെ വിളിക്കൂ...യു.ഡി.എഫിനെ രക്ഷിക്കൂ എന്ന് നിലവിളികള്‍ കേള്‍ക്കുന്നു.

കേള്‍ക്കേണ്ടാത്തത് ഒന്നും ആന്റണി കേള്‍ക്കില്ല. അതൊരു പ്രത്യേക കഴിവാണ്. ഈയിടെയായി അദ്ദേഹം കേരളത്തില്‍ നിന്നുള്ള അപശബ്ദങ്ങള്‍ ഒന്നും കേള്‍ക്കാറില്ല. ശസ്ത്രക്രിയ കാരണം വിശ്രമത്തിലായതുകൊണ്ടാണ് കേള്‍ക്കാത്തത് എന്ന് ധരിക്കേണ്ട. ഇപ്പോഴാണ് കേള്‍ക്കാന്‍ ഏറ്റവും സൗകര്യം. എന്നാലും കേള്‍ക്കില്ല. സാമാന്യബുദ്ധിയുള്ള ആരും കേള്‍ക്കില്ല. മൂന്നാം തവണ കൈവന്ന മുഖ്യമന്ത്രി പദവി വിട്ടെറിഞ്ഞ് എട്ടൊമ്പത് വര്‍ഷം മുമ്പ് കേന്ദ്രത്തിലേക്ക് പോയത് യു.ഡി.എഫിനെ രക്ഷിക്കാന്‍ കഴിയാതെയാണ്. പിന്നെ നല്ല മനഃസമാധാനം ഉണ്ടായിക്കാണും. ഏറ്റവും നീണ്ടകാലം ഇന്ത്യയുടെ രാജ്യരക്ഷാപദവി വഹിക്കുന്ന ആളെന്ന റെക്കോഡ് അടുത്ത ദിവസം ആന്റണിയുടെ പേരില്‍ രേഖപ്പെടുത്തും. ലിംകയോ ഗിന്നസ്സോ എന്നറിയില്ല. അപ്പോഴാണ് ഓരോരുത്തര്‍ ഇങ്ങോട്ട് ക്ഷണിക്കുന്നത്. ഇത്രയും ശത്രുത പാടില്ല കേട്ടോ....

അധികാരമോഹിയായതുകൊണ്ട് ആന്റണി പാഞ്ഞുവന്ന് മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്ന് പറയുന്നുണ്ട് ചെറിയാന്‍ ഫിലിപ്പ്. ആന്റണി-ചെറിയാന്‍ഫിലിപ്പ് ഇരിപ്പ് വശം നമുക്കറിയുന്നതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് പോകേണ്ട. പ്രധാനമന്ത്രിക്ക് തൊട്ടുതാഴെയുള്ള രാജ്യരക്ഷാമന്ത്രി സ്ഥാനത്തേക്കാള്‍ വലുതാണ് കൊച്ചുകേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം എന്ന് തോന്നണമെങ്കില്‍ അധികാരമോഹം മാത്രം പോര, വേറെ മാനഃസിക പ്രശ്‌നങ്ങള്‍ വേണം. 2014 മാര്‍ച്ചിന് ശേഷം കേന്ദ്രത്തില്‍ മന്ത്രിസ്ഥാനമില്ലാതെ തിരിച്ചുപോരേണ്ടി വരും എന്നാണോ ? ആന്റണി എന്തിന് ഭയപ്പെടണം...ഇടതുപക്ഷ-മൂന്നാം മുന്നണി പിന്‍ബലത്തോടെ ഒരു കൈ നോക്കിക്കൂടേ ? ചെറിയാന്‍ ഫിലിപ്പിന് മുഷിയുമോ ?

* * *

ഉമ്മന്‍ചാണ്ടി ശൈലി മാറ്റണം എന്നാണ് കെ. മുരളീധരന്റെ അഭിപ്രായം. ഉമ്മന്‍ചാണ്ടി കരുതിയേ പറ്റൂ. ഇതിനുമുമ്പ് ശൈലി മാറ്റണമെന്ന ഡിമാന്‍ഡ് ഉയര്‍ന്നത് എപ്പോഴായിരുന്നു എന്ന് ആരുമറന്നാലും കെ. മുരളീധരന്‍ മറക്കില്ല. കെ. കരുണാകരന്റെ ശൈലി മാറ്റണം എന്നായിരുന്നു അന്നത്തെ ഡിമാന്‍ഡ്. ഉയര്‍ത്തിയത് അന്നത്തെ എ ഗ്രൂപ്പ്. അതിന്റെ അന്നത്തെ വര്‍ക്കിങ് തലവന്‍ ഉമ്മന്‍ചാണ്ടി. അതവസാനിച്ചത് കെ. കരുണാകരന്റെ രാജിയില്‍. ജാഗ്രതൈ.....

No comments:

Post a comment