Sunday, 3 November 2013

വധശ്രമമാണ് പോലും...


കണ്ണൂരില്‍ സി.പി.എം. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാനാണ് പ്ലാനിട്ടിരുന്നതെന്ന ആരോപണം കണ്ണൂരുകാരെ മൊത്തം അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് എന്നുറപ്പ്. കണ്ണൂരില്‍ പലരെയും പലവിധത്തില്‍ കൊന്നിട്ടുണ്ട്. വൈവിധ്യമാര്‍ന്ന രീതികള്‍ കണ്ടെത്തിയാണ് അവിടെ കുറച്ചുകാലംമുമ്പുവരെ ആളുകളെ കാലപുരിക്കയച്ചുകൊണ്ടിരുന്നത്. ഈ സാങ്കേതികവിദ്യയില്‍ വേറെപലരും ഒരുകൈ നോക്കിയിട്ടുണ്ടെങ്കിലും സി.പി.എം., ബി.ജെ.പി. പാര്‍ട്ടികള്‍ ബഹുകാതം മുന്നിലാണ്. എന്തോ കാരണത്താല്‍ ശത്രുസംഹാരത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. അടിച്ചും വെട്ടിയും കുത്തിയും ബോംബെറിഞ്ഞും കഴുത്തറത്തും എല്ലാം കൊല്ലാറുണ്ടെങ്കിലും പടച്ചവനാണേ സത്യം, ഇന്നുവരെ അവിടെയാരെയും കല്ലെറിഞ്ഞ് കൊന്നിട്ടില്ല. അതുചില അപരിഷ്‌കൃത അറേബ്യന്‍നാടുകളില്‍ നടക്കുന്ന ഏര്‍പ്പാടല്ലേ? സാമാന്യബുദ്ധിയുള്ളവരാരെങ്കിലും ഇക്കാലത്ത് മനുഷ്യനെ കല്ലെറിഞ്ഞുകൊല്ലുമോ?

പരിഷ്‌കൃത ജനാധിപത്യങ്ങളില്‍ 15 വെട്ടുവെട്ടി (കൊല്ലാന്‍ വെട്ട് 51 വേണം എന്നത് യു.ഡി.എഫുകാര്‍ പാര്‍ട്ടിയെ അപമാനിക്കാന്‍ ഉണ്ടാക്കിയ കള്ളക്കഥയാണ്) ആളുകളെ കൊല്ലാനാവുമെന്നിരിക്കെ ആരെങ്കിലും കാറില്‍പോകുന്ന ഒരാളെ കല്ലെറിഞ്ഞ് കൊല്ലാന്‍ നോക്കുമോ ? അതും രണ്ടേരണ്ട് കല്ലെറിഞ്ഞ്? ഒരു മുഖ്യമന്ത്രിയെ? ഒരു കോഴിയെപ്പോലും അങ്ങനെ കൊല്ലാനാവില്ല എന്നറിയാത്തവര്‍ കണ്ണൂരില്‍ കാണില്ല. പുതുപ്പള്ളി, ചെന്നിത്തല, തിരുവഞ്ചൂര്‍ പ്രദേശങ്ങളില്‍ കാണുമായിരിക്കും. മുഖ്യമന്ത്രിമാരൊക്കെ സഞ്ചരിക്കുക ബുള്ളറ്റ്പ്രൂഫ് കാറിലാണ്. ഉമ്മന്‍ചാണ്ടിക്ക് അത്തരമൊരു കാറില്ലെന്ന് അറിഞ്ഞാല്‍പോലും കാര്‍ ചുരുങ്ങിയത് കരിങ്കല്ല്പ്രൂഫ് എങ്കിലും ആയിരിക്കുമെന്നേ ആരും ധരിക്കൂ. അതുകൊണ്ട് മുഖ്യമന്ത്രിയെ കൊല്ലാന്‍ കല്ലെറിയില്ലാരും; സി.പി.എമ്മുകാര്‍ ഒട്ടുമില്ല.

സി.പി.എം. നേതാവ് പിണറായി വിജയന്‍ ആവിഷ്‌കരിച്ചിട്ടുള്ള 'ഗുണഭോക്താവ് തിയറി' അനുസരിച്ച് പാര്‍ട്ടിക്കാര്‍ മുഖ്യമന്ത്രിയെ കല്ലെറിയുകയില്ല. ഗുണം കിട്ടുന്ന പണിയേ നമ്മള്‍ ചെയ്യൂ. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞാല്‍ അതിന്റെ ഗുണം കോണ്‍ഗ്രസ്സിനാണ് കിട്ടുക. എം.വി. രാഘവനെ പണ്ട് കൊല്ലാന്‍തന്നെ നോക്കിയിട്ടുണ്ട്. അതിന്റെ ഗുണം രാഘവന്റെ പാര്‍ട്ടിക്കല്ല, തങ്ങള്‍ക്കുതന്നെയെന്ന് ഉറപ്പാക്കിയിട്ടാണ് അങ്ങനെ ചെയ്തത്. ഓരോ കൊലയും അങ്ങനെത്തന്നെ. ആലപ്പുഴയില്‍ പി. കൃഷ്ണപ്പിള്ളസ്മാരകം തകര്‍ത്തത് ആരെന്ന് കണ്ടെത്തുന്നത് സാധാരണ ക്രിമിനല്‍ക്കേസ് അന്വേഷണരീതി അനുസരിച്ചാണോ അതല്ല,ഗുണഭോക്താവ് തിയറി അനുസരിച്ചോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. തിയറി പ്രകാരം കോണ്‍ഗ്രസ്സുകാരാണ് ഉമ്മന്‍ചാണ്ടിയെ കൊല്ലേണ്ടത്. രണ്ട് കല്ല് വീണതുകൊണ്ട് ഇത്രയും ഗുണംകിട്ടിയ സ്ഥിതിക്ക് വെടിയുണ്ടയാണ് വീണിരുന്നതെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി? രണ്ട് തിരഞ്ഞെടുപ്പുകാലത്തേക്കെങ്കിലും സി.പി.എം. കേരളത്തില്‍ നിലംതൊടില്ല എന്നുറപ്പ്. എന്നിട്ടുമെന്തേ അവര്‍ അങ്ങനെ ചെയ്തില്ല? ഉമ്മന്‍ചാണ്ടിയുടെ ഭാഗ്യം, കോണ്‍ഗ്രസ്സുകാര്‍ സാമാന്യവിവരംപോലും ഇല്ലാത്തവരായിപ്പോയത്.

മറ്റുജില്ലകളില്‍ കരിങ്കൊടിമാത്രം വീശിയ പാര്‍ട്ടി കണ്ണൂരില്‍ മുഖ്യമന്ത്രിയെ തടയാന്‍ മുഴുവന്‍ വഴികളും ബ്ലോക്ക്‌ചെയ്തതും കാറിന് കല്ലെറിഞ്ഞതും കുറച്ച് ഗുണം അദ്ദേഹത്തിന് കിട്ടിക്കോട്ടെ എന്ന് വിചാരിച്ചാവാനേ ഇടയുള്ളൂ. മുഖ്യമന്ത്രിക്ക് പരിക്കുപറ്റിയാല്‍ പോലീസിനും കോണ്‍ഗ്രസ്സുകാര്‍ക്കും പ്രാന്തുപിടിക്കാം. ലാത്തിച്ചാര്‍ജുതൊട്ട് മേലോട്ടുള്ള ഹിംസാത്മക പ്രതികരണങ്ങള്‍ ഉണ്ടാവും. വെടിവെപ്പിനുള്ള സാധ്യതപോലും തള്ളിക്കളഞ്ഞുകൂടാ. അനന്തസാധ്യതകളാണ് അതിനുള്ളത്. മുമ്പ് കൂത്തുപറമ്പില്‍ വെടിവെപ്പ് ഉണ്ടാക്കിയതിന്റെ ലാഭവിഹിതം അടുത്ത കാലംവരെ കിട്ടിയതാണ്. മാസം മൂന്നായി സോളാറെന്നും മുഖ്യമന്ത്രിയുടെ രാജിയെന്നും പറഞ്ഞ് സമരം ചെയ്യുന്നു. ഒത്തുതീര്‍പ്പിന് വകുപ്പില്ലാത്ത സമരവുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ ആലോചിക്കാത്തതാണ് ഈ പൊല്ലാപ്പ്. മുന്നോട്ട് കൊണ്ടുപോകാനും വയ്യ, വഴിയില്‍ വലിച്ചെറിയാനും വയ്യ. ഒരു ലാത്തിച്ചാര്‍ജുപോലും തരാക്കാതെ എത്ര കാലമാണ് ഇങ്ങനെ വെറുതേ കരിങ്കൊടി വീശുക?

* * *

''കണ്ണൂരില്‍ പ്രകോപനമുണ്ടാക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. അക്രമം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പോലീസിനെ നിഷ്‌ക്രിയമാക്കി'' -പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഈ വിമര്‍ശം ഗൗരവത്തിലെടുത്തില്ല ആരും. അക്രമം സി.പി.എമ്മുകാര്‍ നടത്തുമെന്ന് എന്തായാലും ഇന്റലിജന്‍സുകാര്‍ റിപ്പോര്‍ട്ട് ചെയ്യാനിടയില്ല. സി.പി.എം. അക്രമം നടത്താറില്ലല്ലോ. അക്രമം കോണ്‍ഗ്രസ്സുകാര്‍ നടത്തും. അത് തടയാന്‍ പോലീസ് നിഷ്‌ക്രിയത വെടിഞ്ഞ് സി.പി.എം. പ്രകടനക്കാരെ അടിച്ച് നിലംപരിശാക്കണമായിരുന്നു. അത് ചെയ്യിച്ചില്ല മുഖ്യമന്ത്രി. കടുത്ത പ്രകോപനംതന്നെ.

മുഖ്യമന്ത്രി ഉണ്ടാക്കിയ പ്രകോപനങ്ങളുടെ ലിസ്റ്റ്‌നീണ്ടതാണ്. രാജിവെക്കാന്‍ സി.പി.എം. പറഞ്ഞിട്ട് രാജി വെക്കാതിരുന്നതുതന്നെ പ്രകോപനം നമ്പര്‍ വണ്‍. കണ്ണൂരില്‍ വന്നത് രണ്ടാമത്തെ പ്രകോപനം. അക്രമം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ചെയ്തിട്ടും പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടത് പ്രകോപനം. പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് സമരക്കാരെ അടിച്ച് ലവലാക്കാതിരുന്നത് പ്രകോപനം. കല്ലേറുകൊണ്ടിട്ടുപോലും ലാത്തിച്ചാര്‍ജോ വെടിവെപ്പോ നടത്താതിരുന്നത് പ്രകോപനം. എല്ലാം കഴിഞ്ഞിട്ടും പിറ്റേന്ന് സംസ്ഥാനഹര്‍ത്താല്‍ പ്രഖ്യാപിച്ച് നാടുനീളെ സി.പി.എം. ഓഫീസ് ആക്രമിക്കാനും സംഘട്ടനങ്ങള്‍ ഉണ്ടാക്കാനും തയ്യാറാകാത്തത് പ്രകോപനം. ഇത്രയും പ്രകോപനകാരിയായ മുഖ്യമന്ത്രിയെ പിരിച്ചുവിടാന്‍ ഇനി വൈകിക്കൂടാ. രാഷ്ട്രപതിഭവന് മുന്നിലാണ് ഇനി സമരം വേണ്ടത്.

* * * *

പണ്ട് പഠിച്ചിരുന്ന ഒരു പാഠമുണ്ട്. ഫോട്ടോ കള്ളം പറയില്ല. ഫോട്ടോയെക്കൊണ്ട് കള്ളം പറയിക്കാനുള്ള സാങ്കേതികവിദ്യ അടുത്തകാലത്താണ് ഉണ്ടായത് എന്നേ ഇതിന് അര്‍ഥമുള്ളൂ. ഇന്ന് എന്തും സാധ്യമാണ്. ഫോട്ടോ കള്ളമേ പറയൂ എന്നായിട്ടുണ്ട് അവസ്ഥ.

എല്ലാവരെയും എല്ലാകാലത്തേക്കും തെറ്റിദ്ധരിപ്പിക്കാനേ കഴിയാതുള്ളൂ. കുറച്ചുപേരെ കുറച്ചുസമയം തെറ്റിദ്ധരിപ്പിക്കാന്‍ ഫോട്ടോഷോപ്പ് സംവിധാനങ്ങള്‍ ധാരാളം മതി. പക്ഷേ, സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പഠിച്ചാല്‍ പോര. ബുദ്ധിപൂര്‍വംവേണം അതിലെ ആളുകളെ മാറ്റുന്നതും സ്ഥലംമാറ്റുന്നതും തല മാറ്റുന്നതുമെല്ലാം. മാഹിയില്‍ മുഖ്യമന്ത്രിയെ കള്ളച്ചെക്ക് കേസ് പ്രതി സ്വീകരിക്കാനെത്തി. കക്ഷി മുന്നില്‍ത്തന്നെ നിന്നു. പത്രത്തില്‍ ഫോട്ടോവന്നാല്‍ ചീത്തപ്പേരാണ്. പത്രഫോട്ടോഗ്രാഫര്‍മാര്‍ സ്ഥലത്തില്ലാഞ്ഞതുകൊണ്ട് സംഗതി എളുപ്പമായി. ആ ആളെ വെട്ടിമാറ്റിയ ഫോട്ടോ ആണ് പാര്‍ട്ടിക്കാര്‍ പത്രങ്ങള്‍ക്ക് കൊടുത്തത്. പകരം വെച്ച പോലീസുകാരന്‍ ഫോട്ടോയില്‍ വേറൊരിടത്തും നില്‍ക്കുന്നു! പണി പാളി.

സി.പി.എമ്മുകാരെങ്കിലും ഇത്തരം കാര്യങ്ങളില്‍ കുറച്ച് പ്രൊഫഷണലിസം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കണ്ണൂരില്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ എവിടെയോനിന്ന് ആരെയോ കല്ലെറിയുന്ന ഫോട്ടോ സി.പി.എമ്മുകാരുടെ കൈയിലുണ്ടായിരുന്നു. അയാളെ വെട്ടി, മുഖ്യമന്ത്രിയുടെനേരെ കല്ലേറുനടന്ന സ്ഥലത്ത് സ്ഥാപിക്കാന്‍ ഒരു പ്രയാസവുമില്ലായിരുന്നു. അതല്ല ചെയ്തത്. ഫോട്ടോയിലെ പശ്ചാത്തലംമാത്രം മുറിച്ചുമാറ്റി. ഇവിടെയും പണി പാളി. ഫോട്ടോഷോപ്പ് സാങ്കേതികവിദ്യ കാശുകൊടുത്താല്‍ കിട്ടും. ബുദ്ധി വിലയ്ക്ക് കിട്ടില്ല.

എല്ലാം കാണാന്‍ മുകളിലൊരു ദൈവമുണ്ട് എന്ന് പഴയ ആളുകള്‍ പറയാറുണ്ട്. അതുണ്ടോ ഇല്ലയോ എന്നത് അവിടെ നില്‍ക്കട്ടെ. മുറിയിലായാലും റോഡിലായാലും മുകളിലൊരു ക്യാമറയുണ്ട് എന്നതാണ് പുതിയ സത്യം. ദൈവത്തെ മറക്കാം, ക്യാമറയെ മറന്നാല്‍ കളിമാറും. പൊതുചടങ്ങില്‍ നടിയെ ശല്യപ്പെടുത്തിയിട്ട് ക്യാമറയില്‍ക്കണ്ടത് മോര്‍ഫിങ് ആണെന്ന് പറഞ്ഞാലൊന്നും രക്ഷപ്പെടുകയില്ല. കൈപ്രയോഗം നടത്തുന്നയാള്‍ക്ക് എന്തും പറഞ്ഞൊഴിയാന്‍ ശ്രമിക്കാം. പക്ഷേ, സ്ത്രീക്ക് മനസ്സിലാവും തട്ടിയതാണോ തട്ടിപ്പോയതാണോ എന്ന്. ഒരു തവണയേ തട്ടിപ്പോകൂ, പലവട്ടം തട്ടിപ്പോകില്ല.

No comments:

Post a comment