Sunday, 24 November 2013

അതിലോലം ഇടതുപരിതഃസ്ഥിതി


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് ഹര്‍ത്താല്‍ നടത്തുന്നവരാരെങ്കിലും റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന് ബഹു. കോടതി ചോദിച്ചുവല്ലോ. ഇത്തരമൊരു അബദ്ധചോദ്യം ചോദിച്ചതിന് ഒരു ജനപ്രതിനിധി കോടതിയെ രൂക്ഷമായി വിമര്‍ശിച്ചതായി വായിച്ചു. വിമര്‍ശിക്കുക തന്നെ വേണം, ഘോരഘോരം വിമര്‍ശിക്കണം.

കാര്യങ്ങള്‍ വായിച്ചറിഞ്ഞശേഷമേ ഹര്‍ത്താല്‍ നടത്താവൂ എന്നൊക്കെ നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങിയാല്‍ ജനാധിപത്യം കുട്ടിച്ചോറാകും. നടപടിയെ എതിര്‍ക്കണമോ അനുകൂലിക്കണമോ എന്ന് തീരുമാനിക്കുന്നത് അതിനെക്കുറിച്ച് മുഴുവനായി പഠിച്ചശേഷമേ ആകാവൂ എന്ന് ജഡ്ജിമാര്‍ക്ക് പറയാം. തീര്‍ച്ചയായും അവര്‍ വായിച്ചുപഠിച്ചാവും കേസ് വിധിക്കുന്നത്. എന്നുവെച്ച് കേരളത്തിലെല്ലാവര്‍ക്കും ജഡ്ജിമാരാവാന്‍ പറ്റുമോ? സംഗതി പഠിച്ചേ പക്ഷം തീരുമാനിക്കൂ എന്ന് കടുംപിടിത്തം പിടിച്ചാല്‍ വക്കീല്‍മാരുടെ കാര്യംപോലും കട്ടപ്പൊകയായിപ്പോകും. ഏതുപക്ഷം ആദ്യം സമീപിച്ച് ഇടപാട് ഉറപ്പാക്കുന്നുവോ അവരുടെ പക്ഷത്താണ് വക്കീല്‍. എതിര്‍പക്ഷത്താണ് ന്യായം എന്ന് ബോധ്യപ്പെട്ടാലും വക്കീലിന് കാലുമാറാനൊക്കില്ല. ഫീസ് തരുന്ന പക്ഷമാണ് നമ്മുടെ പക്ഷം. അതാണ് തൊഴില്‍മര്യാദയും. നേട്ടം കിട്ടുന്ന പക്ഷമാണ് നമ്മുടെ പക്ഷം. എന്തേ... ഇത് പാര്‍ട്ടിക്കാര്‍ക്കും പട്ടക്കാര്‍ക്കും പത്രക്കാര്‍ക്കും ബാധകമല്ലേ?

വായിക്കാന്‍ തുടങ്ങിയാല്‍ ഒരുപാട് വായിക്കേണ്ടിവരും യുവര്‍ ഓണര്‍. കസ്തൂരിരംഗനില്‍ അവസാനിപ്പിക്കാന്‍ പറ്റില്ല. കസ്തൂരിക്ക് മുമ്പേ ഉള്ള പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടും വായിക്കണം. എന്തിനാണ് ഡോ. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയത്? അതിന്റെ കഥ അറിയാന്‍ അതിന് മുമ്പ് സുപ്രീംകോടതി നല്‍കിയ വിധി വായിക്കണം. ആകപ്പാടെ പൊല്ലാപ്പാണ്. വായന തുടങ്ങിയാല്‍ പിന്നെ അതിനേ നേരമുണ്ടാകൂ... കൊടിപിടിക്കാനും പറ്റില്ല, ഹര്‍ത്താല്‍ നടത്താനും പറ്റില്ല.

പൊതുതിരഞ്ഞെടുപ്പ് നാലഞ്ചുമാസം മാത്രം അകലെനില്‍ക്കുമ്പോള്‍ റിപ്പോര്‍ട്ടും പുസ്തകവും വായിച്ചിരിക്കാന്‍ പറ്റുമോ? ഈ അസമയത്ത് ഇങ്ങനെയൊരു ഉത്തരവിറക്കിയ കേന്ദ്ര മന്ദബുദ്ധിജീവികളെ സമ്മതിക്കണം. കേരളത്തിലെ ഇടതുബുദ്ധിജീവികളെ കണ്ടുവേണം അവര്‍ പരിസ്ഥിതിയും രാഷ്ട്രീയവും പഠിക്കാന്‍. പരിസ്ഥിതിപ്രേമ, പ്രകൃതിസ്‌നേഹ, വനമാഫിയ വിരുദ്ധ, ഖനനമാഫിയ വിരുദ്ധ പ്രസംഗങ്ങള്‍ നടത്താന്‍ എത്രയോ സമയം പിന്നീട് കിട്ടും. സാധാരണ ഈ ജാതിയൊന്നും വകവെക്കാത്ത വി.എസ്. സഖാവിനുപോലും കാര്യം മനസ്സിലായി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആണ് ശരി എന്ന് മുമ്പ് പറഞ്ഞ വി.എസ്സിന് ഇപ്പോള്‍ കസ്തൂരിയെ തന്നെ പിടിക്കുന്നില്ല.

പരിസ്ഥിതിരാഷ്ട്രീയം പഠിക്കുന്നതിന് മുമ്പ് പഠിക്കേണ്ട സംഗതിയാണ് പരിതഃസ്ഥിതി രാഷ്ട്രീയം. കേരളത്തിന്റെ പരിതഃസ്ഥിതി പഠിക്കാന്‍ കമ്മിറ്റിയും കമ്മീഷനുമൊന്നും വേണ്ട. ബഹുഭൂരിപക്ഷം ക്രൈസ്തവരും മുസ്‌ലിങ്ങളും തുണയ്ക്കുന്നതുകൊണ്ടാണ് ഇടയ്‌ക്കെങ്കിലും ഇവിടെ കോണ്‍ഗ്രസ് പക്ഷം ഭരണത്തില്‍ വരുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്? ഇവര്‍ രണ്ടുകൂട്ടരുമുണ്ടായിരുന്നില്ലെങ്കില്‍ 1957-ല്‍ തുടങ്ങിയ ഇടതുപക്ഷ ഭരണം ഇന്നും അവസാനിച്ചിട്ടുണ്ടാവുമായിരുന്നില്ല. അവരെ എങ്ങനെയെങ്കിലുമൊന്ന് അടുപ്പിക്കാന്‍ ന്യൂനപക്ഷ സമ്മേളനം, കുടിയേറ്റ പഠന സെമിനാര്‍ തുടങ്ങിയ ചില്ലറ പൊടിക്കൈകള്‍ പരീക്ഷിക്കുന്നതിനിടയിലാണ് കസ്തൂരിരംഗനെ വീണുകിട്ടിയത്. ഇനി പരിസ്ഥിതിപ്രസംഗമൊന്നും ആറുമാസത്തേക്ക് വേണ്ട. പള്ളിപക്ഷത്തെ ഇടയന്മാര്‍ക്കും കുഞ്ഞാടുകള്‍ക്കും ഒപ്പമാവട്ടെ നമ്മുടെ കുഞ്ഞാടുകളും ഇടയന്മാരും. ഇതുപോലൊരു സുവര്‍ണാവസരം ഇനി കിട്ടാനില്ല. ദൈവത്തിന് സ്തുതിയായിരിക്കട്ടെ....

ഈ ബഹളത്തിനെല്ലാമിടയില്‍ സത്യം പറഞ്ഞിട്ടുണ്ട് നമ്മുടെ മന്ത്രി പി.ജെ. ജോസഫ്. മുല്ലപ്പെരിയാര്‍ വിഷയം പോലെയാണ് കസ്തൂരിരംഗന്‍ പ്രശ്‌നവും. സമാധാനമായി. ഒരുവര്‍ഷം ആളുകളുടെ മനസ്സമാധാനം നഷ്ടപ്പെടുത്തുകയും മക്കളുടെ ഉറക്കം കെടുത്തുകയുമൊക്കെ ചെയ്യുമെന്നല്ലേ ഉള്ളൂ. അടുത്ത വര്‍ഷം ഒച്ചയും അനക്കവും ഉണ്ടാവില്ലല്ലോ. ശാന്തം സമാധാനം.

* * *

പശ്ചിമഘട്ടത്തെപ്പറ്റി റിപ്പോര്‍ട്ടെഴുതാന്‍ പശ്ചിമഘട്ടത്തെപ്പറ്റി പഠിച്ച ആള്‍തന്നെ വേണമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചുകളഞ്ഞു കേന്ദ്രത്തിനെ. തെറ്റ് വേഗം തിരുത്തിയെന്നത് സത്യം. പരിസ്ഥിതി പണ്ഡിതനാണ് പ്രൊഫ. ഗാഡ്ഗില്‍. ഇദ്ദേഹത്തിന്റെ ഒരു പഠനമേഖലയാണ് ഹ്യൂമണ്‍ ഇക്കോളജി. ഭൂമിശാസ്ത്രവും സാമൂഹ്യശാസ്ത്രവും മനഃശാസ്ത്രവും നരവംശശാസ്ത്രവും പരിസ്ഥിതിശാസ്ത്രവും തുടങ്ങി സകല ശാസ്ത്രങ്ങളും കലക്കിക്കുടിക്കുന്നതാണ് ഈ ഇടപാട്. അദ്ദേഹത്തിന് പശ്ചിമഘട്ടത്തെപ്പറ്റിയുള്ള അറിവ് കുറച്ചധികമായിപ്പോയി എന്ന് റിപ്പോര്‍ട്ട് വായിച്ചപ്പോഴേ സര്‍ക്കാറിന് മനസ്സിലായുള്ളൂ. പരിസ്ഥിതിയെപ്പറ്റി അറിയുന്നവരെ പരിസ്ഥിതി പഠിക്കാന്‍ ഏല്പിച്ചുകൂടാ. അങ്ങനെയാണ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ട് പഠിച്ച് തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ ഡോ. കസ്തൂരിരംഗനെ നിയോഗിച്ചത്. സര്‍ക്കാറിന്റെ ബുദ്ധി ഭയങ്കര ബുദ്ധിയാണ്. കസ്തൂരിരംഗന്‍ പശ്ചിമഘട്ടത്തെപ്പറ്റി ഒന്നും അറിയാത്ത ബഹിരാകാശ ശാസ്ത്രജ്ഞനാണ് എന്ന് ശത്രുക്കള്‍ പറഞ്ഞേക്കാം. അറിയേണ്ടല്ലോ, അദ്ദേഹത്തിന് ഐ.എസ്.ആര്‍.ഒ.യും പാര്‍ലമെന്റും ജെ.എന്‍.യു.വും ബാഹ്യാകാശവും റോക്കറ്റുമെല്ലാം അറിയാം. പോരേ? പരിസ്ഥിതി ഔട്ട്, പരിതഃസ്ഥിതി ഇന്‍.

തന്നെ തള്ളിപ്പറയുന്ന പുത്തന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കസ്തുരിരംഗന് ഒരു തുറന്ന കത്തെഴുതി ഗാഡ്ഗില്‍. നാം സങ്കല്പിക്കുന്നതിനേക്കാള്‍ വിചിത്രമാണ് യാഥാര്‍ഥ്യം എന്നല്ല അറിയേണ്ടത്, നമുക്ക് സങ്കല്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ വിചിത്രമാണ് യാഥാര്‍ഥ്യം എന്നാണ് അറിയേണ്ടത് എന്ന ജെ.ബി.എസ്. ഹാല്‍ഡെയിന്റെ വചനം അദ്ദേഹം കത്തില്‍ എടുത്തുപറഞ്ഞു. 'ഇങ്ങനെയൊരു റിപ്പോര്‍ട്ട് താങ്കള്‍ എഴുതുമെന്ന് ഞാന്‍ സങ്കല്പിച്ചിരുന്നേ ഇല്ല. എഴുതി എന്നതാണ് യാഥാര്‍ഥ്യം'.

ശുദ്ധപാലില്‍ വെള്ളം ചേര്‍ക്കാനാണ് കസ്തൂരിരംഗനെ കൊണ്ടുവന്നത്. എന്നിട്ടും പറയുന്നത് വെള്ളം പോര എന്നാണ്. പാല്‍ ഒട്ടും വേണ്ട, വെള്ളം മതി. കസ്തൂരി റിപ്പോര്‍ട്ട് മഹാഅബദ്ധം, നമുക്കും കിട്ടണം വോട്ട്...

* * *

ചരിത്രത്തിലെ എല്ലാ സത്യങ്ങളെയും പില്‍ക്കാലത്ത് തലകുത്തനെ നിര്‍ത്താം. ചിലരിതിനെ പുനര്‍വായന എന്നൊക്കെ വിളിക്കുന്നുണ്ട്. ചില അത്യാധുനിക ബുദ്ധിജീവികള്‍ക്കേ ഇതിന്റെ ഗുട്ടന്‍സ് പിടികിട്ടാറുള്ളൂ. ഇന്നത്തെ നിലയില്‍ പോയാല്‍ ഗാന്ധിജി നാഥുറാം ഗോഡ്‌സെയെ ആണ് വെടിവെച്ചുകൊന്നതെന്ന സിദ്ധാന്തം നാളെ ഉണ്ടായേക്കാം. ഈ ഇനത്തില്‍പ്പെട്ട ഒന്നാണ് ഈയിടെ കേട്ടത്. കസ്തൂരി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കേരളത്തില്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കും. യേത്?

എന്താണുപോലും ഈ ജാലിയന്‍വാലാബാഗ് സംഭവം? സ്‌കൂള്‍ പാഠപുസ്തകത്തിലും ചരിത്രപുസ്തകത്തിലുമൊക്കെ പലതും കണ്ടേക്കും. അതൊന്നും വായിക്കരുത്. വായിച്ചാല്‍തന്നെ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പോലെ തള്ളിക്കളയണം. പഞ്ചാബില്‍ 1919-ല്‍ ഇരുപതിനായിരത്തോളം ആളുകള്‍ സമാധാനപരമായി സമ്മേളിച്ച ഇടുങ്ങിയ വഴി മാത്രമുള്ള സ്ഥലത്തേക്ക് കടന്നുചെന്ന് തലയ്ക്ക് വെളിവില്ലാത്ത പോലീസ് ഓഫീസര്‍ ഒരു പ്രകോപനവുമില്ലാതെ വെടിവെച്ചുകൊന്നതാണ് സംഭവം എന്നല്ലേ ചരിത്രത്തിലുള്ളത്? വെടിവെപ്പിലും ജനക്കൂട്ടത്തിന്റെ മരണപ്പാച്ചിലിലുമായി 1500 പേരെങ്കിലും മരിച്ചെന്നല്ലേ കേട്ടത്? മഹാത്മാഗാന്ധി തുടക്കംകുറിച്ച അഹിംസാത്മക പ്രക്ഷോഭത്തിന്റെ ആദ്യഘട്ട സമരമായിരുന്നു എന്നും കേട്ടിട്ടില്ലേ? ഒന്നും വാസ്തവമല്ല. അത് താമരശ്ശേരിയിലും മറ്റും നടന്നതുപോലുള്ള കൂത്താട്ടമായിരുന്നു. രാവുപകല്‍ കൊള്ളയും കൊള്ളിവെപ്പും പൊതുസ്വത്തുനശിപ്പിക്കലും നടന്നിട്ടും പോലീസ് ഒരു വെടിപോലും വെച്ചില്ല. അതാണ് കേരളം മുഴുവന്‍ ആവര്‍ത്തിക്കുമെന്ന് മതമേധാവി ഉദ്ദേശിച്ചത്. തീര്‍ത്തും സമാധാനപരമായ അഴിഞ്ഞാട്ടവും തീവെപ്പും.

ഓരോരുത്തരുടെ മോഹമല്ലേ... പിന്താങ്ങാന്‍ കോണ്‍ഗ്രസ്സിന്റെ ഒരു എം.പി.യും വേദിയിലുണ്ടായിരുന്നു. വോട്ടല്ലേ വലുത്, വേറെ എന്തുനോക്കാന്‍! വോട്ടിന്റെ ഭീഷണിയെ ഭയപ്പെടാതെ പറയാനുള്ളത് നിവര്‍ന്നുനിന്ന് പറഞ്ഞ ഇടുക്കി എം.പി. പി.ടി. തോമസും ഇതേ പാര്‍ട്ടിയിലാണ്. ഏത് കൂരിരുട്ടിലും കാണും നക്ഷത്രങ്ങള്‍. അത്ഭുതമില്ല, പുലിയും പോത്തും മാനും കഴുകനും കഴുതയും ഒരേസമയം ഇരതേടുന്ന നിബിഢവനമാണല്ലോ കോണ്‍ഗ്രസ്.

No comments:

Post a comment