Sunday, 29 December 2013

കെജ്‌രിവാളും ഡമോക്ലീസ് വാളുംഇന്ദ്രപ്രസ്ഥത്തില്‍ ആദര്‍ശാത്മക ജനാധിപത്യവിപ്ലവം ഭാഗികമായി ജയിച്ചു. പക്ഷേ, അതിന്റെ ഉദ്ഘാടനം നടക്കുന്നത് ലേശം ആദര്‍ശവിരുദ്ധമായാണോ എന്ന് സംശയമുണ്ട്. ഡല്‍ഹിയിലെ ജനം തീരുമാനിച്ചത് ബി.ജെ.പി.യെ ഒന്നാംനമ്പര്‍ കക്ഷിയാക്കാനാണ്. കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് ജനത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അവര്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നല്‍കുമായിരുന്നു. നല്‍കിയിട്ടില്ല. മണ്ഡലത്തില്‍നിന്ന് പ്രതിനിധിയെ തിരഞ്ഞെടുക്കുക ഭൂരിപക്ഷം വോട്ടര്‍മാര്‍ ആരെ പിന്തുണച്ചു എന്നുനോക്കിയല്ല. കൂടുതല്‍ വോട്ടര്‍മാര്‍ ആരെ പിന്തുണച്ചു എന്നുനോക്കിയാണ്. ആ ന്യായം മന്ത്രിസഭ ഉണ്ടാക്കുമ്പോള്‍ അന്യായമാകും. അവിടെ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയാല്‍ പോര; ഭൂരിപക്ഷം വോട്ടുതന്നെ കിട്ടണം. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായത്, ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രിയാക്കാന്‍വേണ്ടി ജയിച്ചവരുടെ പിന്തുണയോടെയാണ്.

കൂടുതല്‍ വോട്ടുകിട്ടി ഒന്നാംസ്ഥാനത്തെത്തിയ ആളെ തോ ല്‍പ്പിക്കാന്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ കൂട്ടുകൂടുന്നത് പുതിയ ഏര്‍പ്പാടൊന്നുമല്ല. അത് ജനാഭിലാഷത്തിന് എതിരാണെന്ന് ഒന്നാംസ്ഥാനത്തുള്ളവര്‍ വിമര്‍ശിക്കാറുമുണ്ട്. ജനാധിപത്യം നടന്നുപോകണമെങ്കില്‍ ഇങ്ങനെ ചില ജനാധിപത്യവിരുദ്ധ സംഗതികള്‍ സഹിക്കേണ്ടിവരും. ചില്ലറ ജനാധിപത്യവിരുദ്ധ നടപടികളെയെല്ലാം വ്യാഖ്യാനിച്ച് തികച്ചും ജനാധിപത്യപരം എന്ന് സ്ഥാപിക്കാനാവും. നല്ല നാക്കുവേണം എന്നേയുള്ളൂ. ഡല്‍ഹിയില്‍ അതിനുള്ള അവസരം കെജ്‌രിവാളിനാണ് കിട്ടിയത്. തുടക്കം മോശമായിട്ടില്ല. മറ്റുപല രാജ്യങ്ങളിലുമുള്ളതുപോലെ ഇന്ത്യയില്‍ വോട്ടര്‍ക്ക് തന്റെ രണ്ടാമത്തെ ഇഷ്ടം രേഖപ്പെടുത്താന്‍ ബാലറ്റ് പേപ്പറില്‍ സൗകര്യം നല്‍കിയിരുന്നെങ്കില്‍ കെജ്‌രിവാളിന് ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്ന് വ്യക്തം. റിയാലിറ്റി ഷോയിലൊക്കെ ഉള്ളതുപോലെ ഡല്‍ഹിയില്‍ ആം ആദ്മി വക എസ്.എം.എസ്. രണ്ടാംവോട്ട് ഉണ്ടായിരുന്നു. അതില്‍ കെജ്‌രിവാളിനാണത്രേ ഭൂരിപക്ഷം!

എന്തായാലും ആജന്മശത്രുവായ കോണ്‍ഗ്രസ്സിന്റെ ഷീലാ ദീക്ഷിത് തീരുമാനിക്കും കെജ്‌രിവാള്‍ എത്രനാള്‍
മുഖ്യമന്ത്രിയായിരിക്കണമെന്ന്. ഇതിലും വലിയ ശിക്ഷ ഒരു വിജയിക്ക് കിട്ടാനില്ല. ഭരണം പിടിച്ചാല്‍ ആദ്യം ചെയ്യുക ഷീലാ ദീക്ഷിതിനെയും കൂട്ടരെയും ജയിലിലടയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച ആം ആദ്മിക്കാരോട് ഇതിലും വലിയ പ്രതികാരം എങ്ങനെ ചെയ്യാനാണ്.

എതിരാളിയെ ഭരണത്തിലിരുത്തി തന്റെ ആജ്ഞാനുവര്‍ത്തിയാക്കുന്നതിന്റെ രസം പലരും മുമ്പ് ആസ്വദിച്ചിട്ടുണ്ട്. 1996-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഒന്നാംസ്ഥാനത്തും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുമായിരുന്നു. 13 പാര്‍ട്ടികളുള്ള മൂന്നാം മുന്നണിയെ കോണ്‍ഗ്രസ് പിന്തുണച്ച് കേന്ദ്രത്തില്‍ അധികാരത്തിലേറ്റിയത് ബി.ജെ.പി.യെ അകറ്റാനാണ്. 13 നാള്‍ ഭരിച്ച വാജ്‌പേയിയെ വീഴ്ത്തി മൂന്നാംമുന്നണിയില്‍പ്പെട്ട ജനതാദളിന്റെ എച്ച്.ഡി. ദേവഗൗഡയെ പ്രധാനമന്ത്രിയാക്കി. തുമ്പിയെക്കൊണ്ട് കുട്ടികള്‍ കല്ലെടുപ്പിക്കുന്നതുപോലെ കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരി പ്രധാനമന്ത്രി ഗൗഡയെക്കൊണ്ട് പലതും എടുപ്പിച്ചു. രണ്ടുപേരും ഒരേ നിലവാരക്കാരായിരുന്നിട്ടും വിനോദം അധികം നീണ്ടില്ല. കെ. കരുണാകരന്റെ വീട്ടില്‍ എട്ടുതവണ ഇരുട്ടത്ത് തലയില്‍ മുണ്ടിട്ട് ചെന്ന ഗൗഡ, തന്റെ വീട്ടില്‍ രണ്ടുതവണയേ വന്നുള്ളൂവെന്ന് പരിഭവിച്ചാണ് കേസരി ഗൗഡയെ താഴെയിറക്കിയതത്രേ. പിന്നെ ഗുജ്‌റാളിനെ കയറ്റി. അതും അധികം നീണ്ടുപോയില്ല.

അതിനുമുമ്പ് 1989-ല്‍ ഇതേനില ഉണ്ടായപ്പോള്‍ വി.പി. സിങ്ങിന്റെ മന്ത്രിസഭയെ നിലനിര്‍ത്തിയത് കീരിയും പാമ്പും കളിച്ചിരുന്ന ഇടതുപക്ഷവും ബി.ജെ.പി.യും ചേര്‍ന്നാണ്. പ്രഭാതഭക്ഷണത്തിന് സിങ് ബി.ജെ.പി.ക്കാരെ വിളിക്കും. ഇടതുപക്ഷക്കാരെ വിളിക്കുക വൈകീട്ടത്തെ ചായയ്ക്കാണ്. അനിഷ്ടസംഭവം വല്ലതുമുണ്ടായാലോ എന്നുഭയന്നാണ് രണ്ടിനെയും ഒന്നിച്ച് വിളിക്കാതിരുന്നത്. ബാബറി മസ്ജിദ് പ്രശ്‌നത്തില്‍ ബി.ജെ.പി. പിന്തുണ പിന്‍വലിച്ചപ്പോള്‍ രാജി വെച്ച വി.പി.സിങ്ങിനെ പിന്തുടര്‍ന്ന് പ്രധാനമന്ത്രിയായ ചന്ദ്രശേഖറെ രാജീവ്ഗാന്ധി കല്ലെടുപ്പിക്കാന്‍ നോക്കിയിരുന്നു.വെറും 64 എം.പി.മാരുള്ള കക്ഷിയുടെ പ്രധാനമന്ത്രിയായതുകൊണ്ട് ഏതുകല്ലും പേറിക്കോളും എന്നായിരുന്നു രാജീവിന്റെ ധാരണ. അത് നടന്നില്ല. പ്രധാനമന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ് ചന്ദ്രശേഖര്‍ ഇറങ്ങിപ്പോയി.

കെജ്‌രിവാളിന് ദേവഗൗഡയാകാന്‍ പറ്റില്ല. ആയാല്‍ ജനം അദ്ദേഹത്തെ വഴിനടക്കാന്‍ സമ്മതിക്കില്ല. അദ്ദേഹത്തിന്റെ കണ്ണ് ഈ മുഖ്യമന്ത്രിസ്ഥാനത്തിലേ അല്ല. അടുത്ത തിരഞ്ഞെടുപ്പിലാണ്. തലയ്ക്കുമുകളില്‍ തൂങ്ങിനില്‍ക്കുന്ന ഡമോക്ലീസിന്റെ വാള്‍ പേടിച്ച് മുഖ്യമന്ത്രിക്കസേരയില്‍ അധികം നാളിരിക്കുന്ന പ്രശ്‌നമില്ല. എത്രയും കുറച്ചുനാള്‍കൊണ്ട് എത്രയും വൃത്തിയായി പുരപ്പുറം തൂക്കാന്‍ കെജ്‌രിവാള്‍ തന്റെ ചൂല്‍ ഉപയോഗിക്കുന്നുവോ അത്രയും നല്ലത്. കോണ്‍ഗ്രസ്സിന് കെജ്‌രിവാള്‍ വൈറസിനെ അധികം പൊറുപ്പിക്കാന്‍ പറ്റില്ല. പടരാന്‍ നല്ല സാധ്യതയുള്ള അപകടകാരിയാണ്. പോലീസ്‌കാവലോ ആഡംബര ജീവിതമോ അഴിമതിയോ വാഗ്ദാനലംഘനമോ ഒന്നുമില്ലാതെ ഭരിക്കാന്‍ പറ്റുമെന്ന് തെളിയിക്കാനുള്ള അവസരം ആര്‍ക്കും കൊടുത്തുകൂടാ. അതുകൊണ്ടുതന്നെ കെജ്‌രിവാളിനെ, കയറിയ അതേവേഗത്തില്‍ താഴെയിറക്കിയേ പറ്റൂ. അക്കാര്യത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും നാളെ യോജിച്ചാലും അദ്ഭുതമില്ല. ജനാധിപത്യത്തില്‍ അദ്ഭുതങ്ങള്‍ അവസാനിക്കുകയില്ല.

* * * *

പോലീസ് സംരക്ഷണമൊന്നും വേണ്ട. തന്റെ ജീവന്‍ ദൈവം രക്ഷിക്കട്ടെ എന്നത്രേ കെജ്‌രിവാളിന്റെ ലൈന്‍. വീടുകാവലിനുവന്ന പോലീസിനെ അദ്ദേഹം നിര്‍ബന്ധിച്ച് തിരിച്ചയച്ചെന്ന് വാര്‍ത്തയുണ്ടായിരുന്നു. രാഷ്ട്രപിതാവും ഒരു പ്രധാനമന്ത്രിയും വെടിയേറ്റുമരിച്ച പട്ടണമാണ് ഡല്‍ഹി. ജനിച്ചാല്‍ മരിച്ചല്ലേ പറ്റൂ. അതിന്റെ ടൈംടേബിള്‍ നിങ്ങള്‍തന്നെ തീരുമാനിച്ചാല്‍മതി എന്ന ലൈനിലാണ് ദൈവം തമ്പുരാന്‍. ഡല്‍ഹിയിലെ നിര്‍ഭയ പെണ്‍കുട്ടിയുടെ കൊലയാളിക്ക് ജഡ്ജി വധശിക്ഷ വിധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത് ദൈവം ജഡ്ജിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതായി തോന്നി എന്നാണ്. അവിടെയാണ് കുഴപ്പം. 2012 ഡിസംബര്‍ 16-ന് ആ നിഷ്ഠുരസംഭവം നടക്കുമ്പോള്‍ ദൈവം ഒരു പോലീസുകാരന്റെ രൂപത്തിലെങ്കിലും അവിടെ എത്തിയിരുന്നെങ്കില്‍ എന്നാണ് ആരും ആലോചിച്ചുപോവുക. അത്രയേ ഉള്ളൂ ദൈവത്തിന്റെ കാര്യം.

അഴിമതിക്കാരായ മുന്‍ മന്ത്രിമാരെ ജയിലിലടയ്ക്കുക, കുടിവെള്ള മാഫിയയുടെ കഥകഴിക്കുംവിധം സൗജന്യവിതരണം നടപ്പാക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയാല്‍ പോലീസ് സംരക്ഷണം മതിയാകാതെ പോവും. ദൈവം അപ്പോള്‍ ആം ആദ്മി
എന്ന ബഹുജനത്തിന്റെ രൂപത്തില്‍ വന്നാലേ രക്ഷയുണ്ടാവൂ.

* * * *

കോണ്‍ഗ്രസ് നേതൃത്വത്തിലെ അഴിമതിയും ഭരണത്തകര്‍ച്ചയുമാണ് ജനത്തെ ശത്രുക്കളാക്കിയതെന്ന് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് കുറച്ചുമുമ്പുതന്നെ മനസ്സിലായിരുന്നു. ഭരണത്തിനും നേതൃത്വത്തിനുമെതിരായ വികാരത്തില്‍ താനുംകൂടി പങ്കാളിയാവുകയാണ് അതിനെ ചെറുക്കാനുള്ള വഴി എന്ന് അദ്ദേഹത്തെ പഠിപ്പിച്ചതും കോണ്‍ഗ്രസ്സുകാരായിരിക്കണം. വൃദ്ധകോണ്‍ഗ്രസ്സിനെതിരെ പൊരുതിയാണ് ഇന്ദിരാഗാന്ധി ജനപ്രിയയായത്. രാജീവ്ഗാന്ധി പിന്തുണ പിടിച്ചുപറ്റിയതും അധികാര ദല്ലാളുമാര്‍ക്കെതിരെ പോരുവിളിച്ചുകൊണ്ടാണ്. പലവട്ടം പ്രയോഗിച്ചതാണെങ്കിലും രോഗചികിത്സയ്ക്ക് വേറെ മരുന്നൊന്നും ഇല്ലാത്തതുകൊണ്ട് ഈ ഒറ്റമുലിതന്നെയാണ് രാഹുലിന്റെയും കൈയിലുള്ളത്.

രാഹുലിന് പക്ഷേ, സോണിയാജിക്കും മന്‍മോഹന്‍സിങ്ങിനും എതിരെ തിരിയാന്‍ വയ്യ. അങ്ങനെ ചെയ്താല്‍ ഉള്ള പിന്തുണയും പോകുമെന്ന റിസ്‌കുമുണ്ട്. എങ്കിലും ഇടയ്ക്ക് റിബല്‍ ചമഞ്ഞുനോക്കുകയെങ്കിലും വേണമല്ലോ. അഴിമതിക്കേസുള്ള ജനപ്രതിനിധികള്‍ക്ക് അനുകൂലമായ നിയമനിര്‍മാണത്തിനെതിരെയുള്ള രാഹുലിന്റെ വാള്‍വീശല്‍ ലേശം പിടിപ്പുകെട്ട നിലയിലായിപ്പോയതിനാല്‍ ഗുണത്തിലേറെ ദോഷംചെയ്തു. ആദര്‍ശ് അഴിമതിക്കാര്‍ക്ക് അനുകൂലമായ മഹാരാഷ്ട്ര സര്‍ക്കാറിന്റെ നിലപാടിനെതിരെയാണ് രാഹുല്‍ ഒടുവില്‍ വാളെടുത്തത്. കാര്യമായൊന്നും ഏശുന്നില്ല. ഒട്ടുമില്ലാത്തതിലും ഭേദം അല്പം എന്നലൈനില്‍ കുറച്ചൊക്കെ ശരിതന്നെ. പക്ഷേ, ഇരമ്പിവരുന്ന കടലിനെ ചെറുക്കാന്‍ ഈ മണ്ണണ പോരെന്നത് പകല്‍പോലെ വ്യക്തം.


Sunday, 22 December 2013

പുലിവാല്‍ സമരങ്ങള്‍


മുഖ്യമന്ത്രി രാജിവെക്കുംവരെ സമരം എന്നാണ് തീരുമാനം. വേണ്ടത്ര ആലോചിച്ചാവും അങ്ങനെ തീരുമാനിച്ചത് എന്നുവേണം കരുതാന്‍. മുതലക്കുഞ്ഞിനെ നീന്താന്‍ പഠിപ്പിക്കേണ്ട എന്നുപറഞ്ഞതുപോലെ സമരം ചെയ്യാന്‍ ഇടതുപക്ഷത്തെ ആരും പഠിപ്പിക്കേണ്ട. സമരത്തിന്റെ ഫലമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വയം ബോധ്യമാകും, താന്‍ സോളാര്‍തട്ടിപ്പില്‍ പങ്കാളിയായിരുന്നു എന്ന്. തുടര്‍ന്ന് അദ്ദേഹം രാജിസമര്‍പ്പിച്ച് കാശിക്കോ വേളാങ്കണ്ണിക്കോ പോകും. ഇതാവും ഇടതുമുന്നണി സങ്കല്പിച്ച നടപടിക്രമം.

മരണംവരെ ഉപവാസംപോലുള്ള കടുംകൈ ആണ് രാജിവരെ സമരവും. മരണംവരെ എന്നുപറഞ്ഞ് പലരും ഉണ്ണാവ്രതം തുടങ്ങാറുണ്ടെങ്കിലും മരിക്കുക പതിവില്ല. നാലുദിവസം കഴിയുമ്പോള്‍ വല്ല പിടിവള്ളിയും കിട്ടും, നാരാങ്ങാവെള്ളം കുടിക്കാന്‍. അല്ലെങ്കില്‍ പോലീസ് പിടിച്ച് ആസ്​പത്രിയിലാക്കിയാല്‍ ഗ്ലൂക്കോസ് കിട്ടും. രാജിവരെ സമരത്തിന് ഈ സൗകര്യങ്ങളൊന്നുമില്ല. പുലിവാല്‍ പിടിച്ചതുപോലെയാണ്. ഉമ്മന്‍ചാണ്ടിക്ക് മാനസാന്തരമുണ്ടായി അദ്ദേഹം രാജിവെച്ചുകൊള്ളും, സമരം തുടങ്ങിക്കോളൂ എന്ന് ആരാണാവോ ഇടതുമുന്നണിയെ ഉപദേശിച്ചത്? സരിതാനായരെ സഹായിച്ചയാളാണല്ലോ മുഖ്യമന്ത്രി. അയ്യോ പാവം വിചാരിച്ച് സഹായിച്ചതല്ല. തട്ടിപ്പില്‍ പങ്കാളിയാണ് ഉമ്മന്‍ചാണ്ടി എന്നുതന്നെയാണ് ഇടതുനിലപാട്. അങ്ങനെയുള്ള ഒരു മഹാപാപി ചില്ലറ സമരമൊക്കെക്കണ്ട് മാനസാന്തരംവന്ന് രാജിവെച്ച് ഇറങ്ങിപ്പോകുമോ? സമരം നടത്തി ഒരു പഞ്ചായത്ത് പ്രസിഡന്റിനെക്കൊണ്ടുപോലും രാജിവെപ്പിക്കുക പ്രയാസമാണ്. പിന്നെയല്ലേ മുഖ്യമന്ത്രിയെ രാജിവെപ്പിക്കുന്നത്.

നാടുനീളെ കലാപവും മരണങ്ങളും ലാത്തിച്ചാര്‍ജും അക്രമവും തീവെപ്പും ആയിരങ്ങളുടെ അറസ്റ്റും ഉണ്ടായിട്ടും ഒന്നാമത്തെ ഇടതുമന്ത്രിസഭ രാജിവെച്ച് പോവുകയുണ്ടായില്ല. അന്നത്തെ സമരക്കാര്‍ക്ക് കേന്ദ്രത്തെക്കൊണ്ടും അമേരിക്കയെക്കൊണ്ടും മറ്റും ഇടപെടീക്കാനുള്ള സ്വാധീനമുണ്ടായിരുന്നു. ഇന്ന് പാര്‍ട്ടികളുടെ കേന്ദ്രനേതൃത്വങ്ങള്‍പോലും ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ല. അക്രമാസക്തസമരം നടത്തി നാടുവിറപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിവില്ല എന്നാരും കരുതേണ്ട. അതിനൊക്കെയുള്ള ശേഷി ഇപ്പോഴുമുണ്ട്. പക്ഷേ, ജനം പണ്ടത്തെപ്പോലെയല്ല; സുഖിയന്മാരാണ്. മുഖ്യമന്ത്രിയെ രാജിവെപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം നേടാന്‍ ചില്ലറ ത്യാഗത്തിനുപോലും അവര്‍ തയ്യാറല്ല. പെണ്ണുങ്ങള്‍വരെ എന്തിനും ഒരുമ്പെടുന്ന കാലമാണ്. ചാനല്‍ ക്യാമറകള്‍ക്കുമുന്നില്‍ അപമാനിച്ചുകളയും. പോരാത്തതിന് തിരഞ്ഞെടുപ്പാണ് വരുന്നത്. എന്തെങ്കിലും പിടിവള്ളി കിട്ടാനാണ് ഭരണമുന്നണി കാത്തുനില്‍ക്കുന്നത്. ആ ലൈനിലും പ്രതീക്ഷവേണ്ട. സമരക്കാരുടെ കഷ്ടപ്പാടുകണ്ട് മനസ്സലിഞ്ഞ് രാജിവെക്കുമോ ഉമ്മന്‍ചാണ്ടി. സെക്രട്ടേറിയറ്റ് ഉപരോധം, ജില്ലാ ആസ്ഥാനത്തെ 24 മണിക്കൂര്‍ കുത്തിയിരിപ്പ്, കരിങ്കൊടികാട്ടി തല്ലുവാങ്ങല്‍, ജനസമ്പര്‍ക്ക ഉപരോധം തുടങ്ങിയവ കണ്ടാല്‍ ആര്‍ക്കും സഹതാപം തോന്നുമെന്നത് ശരിതന്നെ. പക്ഷേ, ഉമ്മന്‍ചാണ്ടിയില്‍നിന്ന് അതും പ്രതീക്ഷിക്കേണ്ട. ചോരപ്പുഴയൊഴുക്കിയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന നിഷ്ഠുരന്‍, കുടിലബുദ്ധി, വക്രബുദ്ധി തുടങ്ങിയ ബഹുമതി ബിരുദങ്ങളാണ് പ്രതിപക്ഷനേതാവും പാര്‍ട്ടിസെക്രട്ടറിയും മുഖ്യന് നല്‍കിയിട്ടുള്ളത്. പ്രതീക്ഷ വേണ്ട.

അണികള്‍ക്കുതന്നെയും സമരത്തില്‍ വലിയ താത്പര്യം കാണാത്തതിനെ കുറ്റപ്പെടുത്താന്‍ പറ്റില്ല. മുഖ്യമന്ത്രിയുടെ വീടുവളഞ്ഞ സ്ത്രീകള്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിപത്രം റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്. സോളാര്‍തട്ടിപ്പിനെക്കുറിച്ച് അവരൊന്നും പറഞ്ഞില്ല. പക്ഷേ, വിലക്കയറ്റത്തെക്കുറിച്ച് പറയാനുണ്ട്, പാചകവാതകത്തിന് അനുദിനം വിലകൂട്ടുന്നതിനെക്കുറിച്ച് പറയാനുണ്ട്, ഒരു പെന്‍ഷനും കൃത്യസമയത്ത് നല്‍കാത്തതിനെക്കുറിച്ച് പറയാനുണ്ട്, സ്‌കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം നല്‍കാത്തതിനെക്കുറിച്ച് പറയാനുണ്ട്, കൊച്ചുകുഞ്ഞുങ്ങള്‍ക്കുപോലും നാട്ടില്‍ സുരക്ഷയില്ലാത്തതിനെക്കുറിച്ച് പറയാനുണ്ട്. സമരം നടക്കുന്നത് ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിക്കാന്‍മാത്രം. ഉമ്മന്‍ചാണ്ടി രാജിവെച്ചാല്‍ പകരം വരിക കെജ്‌രിവാളൊന്നുമല്ലല്ലോ. മറ്റൊരു ഉമ്മന്‍ചാണ്ടിവരും. അഴിമതി അതിന്റെ വഴിക്ക് നടക്കും.

വഴിക്കുവെച്ച് തടിയൂരാനുള്ള വകുപ്പ് കാണാതെ ഒരു സമരവും തുടങ്ങരുതെന്ന ബാലപാഠം അത്യാവേശത്തിനിടയില്‍ മറന്നുപോകുന്നു. സെക്രട്ടേറിയറ്റ് ഉപരോധം 24 മണിക്കൂര്‍കൊണ്ട് നിര്‍ത്തിപ്പോകാമെങ്കില്‍ ഏത് സമരപ്പുലിവാലിലെ പിടിയാണ് വിട്ടുകൂടാത്തത്. ഈ പുലിയെ ഒട്ടും പേടിക്കേണ്ട. അത് തിരിഞ്ഞുകടിക്കില്ല. കടിച്ചാലും നോവില്ല. പല്ലില്ലാത്ത പുലിയാണ്. ധൈര്യമായി പിടിവിടാം.

* * *

കാലം മാറുമ്പോള്‍ പല രൂപങ്ങളും മാറും. ഉയരങ്ങള്‍ താഴ്ചകളാകും. താഴ്ചകള്‍ ഉയരങ്ങളാകും. ഏറ്റവും ഉയരമുള്ള ഇന്ത്യക്കാരന്‍ ഇക്കാലംവരെ മഹാത്മാഗാന്ധിയായിരുന്നു. ഇപ്പോള്‍ ആരാണ്? സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന് ചോദിക്കരുത്. ഓരോതരം പരിണാമങ്ങളാണ്.

സര്‍ദാര്‍ പട്ടേലിനെ ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനാക്കാനുള്ള പണി ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കയാണ്. അമേരിക്കയുടെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരമുള്ള പ്രതിമ വരുന്നതോടെ അത് സംഭവിക്കും. അതോടെ മറ്റൊരു ഗുജറാത്തുകാരനായ മഹാത്മാഗാന്ധി ചെറുതാകും. വലിയ വരയെ മായ്ക്കാതെ ചെറുതാക്കാനുള്ള വിദ്യ അതിനടുത്ത് അതിലും വലിയ വര വരയ്ക്കുകയാണ്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക് 182 മീറ്ററാണ് ഉയരം. ഈ ജാതി ഒരു പ്രതിമ ലോകത്ത് ആരും ഉണ്ടാക്കിയിട്ടില്ല. സ്റ്റാലിന്റെയും ലെനിന്റെയും മാവോയുടെയുമൊക്കെ മൃതദേഹം ഐസിലിട്ട് ചീയാതെ സൂക്ഷിക്കാറുണ്ടെന്നല്ലാതെ അവരുടെയും ഇത്തരം പ്രതിമകളില്ല. മാവോ സേ തൂങ്ങിന്റെ സ്വര്‍ണപ്രതിമ ഉണ്ടാക്കിയെന്ന് കേട്ടു. ചെലവ് രൂഫാക്കണക്കില്‍ വെറും നൂറുകോടിയേ വരൂ. ഉയരം 80 സെന്റിമീറ്റര്‍മാത്രം. നമ്മുടെ സര്‍ദാറിന്റെ കാല്‍മുട്ടോളം വരില്ല സാധനം.

ഒറ്റയ്‌ക്കൊരു പ്രതിമ വഴിയോരത്ത് വെയിലും മഴയും കാക്കക്കാഷ്ഠവും ഏറ്റുവാങ്ങി നില്‍ക്കുന്ന ദയനീയത എന്തായാലും സര്‍ദാറിന് ഉണ്ടാകില്ല. പ്രതിമക്കൂറ്റനോട് ചേര്‍ന്ന് സ്മാരകമന്ദിരം, സന്ദര്‍ശകമന്ദിരം, പൂന്തോട്ടം, ഭക്ഷണാലയം, കണ്‍വെന്‍ഷന്‍ സെന്റര്‍, എമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗവേഷണാലയം എന്നിവയെല്ലാമുണ്ട്. എല്ലാറ്റിനും ചേര്‍ന്നുള്ള ചെലവ് 2500 കോടി രൂപ വരും. 2500 കോടി രൂപ!

ഈ ഏര്‍പ്പാടിന്റെയെല്ലാം പിന്നിലുള്ളത് മഹാത്മാ നരേന്ദ്രമോദിയാണ്. സര്‍ദാര്‍ പ്രതിമ ഉയരുമ്പോള്‍ അതിനൊത്ത് മോദിയുടെ തലയും ആകാശംമുട്ടെ ഉയരും. ആര്‍.എസ്.എസ്സിനെ ഗാന്ധിവധത്തിന്റെ പേരില്‍ നിരോധിച്ചയാളാണ് ഈ സര്‍ദാര്‍ പട്ടേല്‍. അതേ പട്ടേലിനെ മോദി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഒരക്ഷരം മിണ്ടാനൊക്കില്ല കോണ്‍ഗ്രസ്സിനും. നാടുനീളെ പ്രതിമകള്‍ ഉയരട്ടെ. ഉയരട്ടങ്ങനെ ഉയരട്ടെ...

* * *

ഒരുകൂട്ടര്‍ക്ക് നരേന്ദ്രമോദിയുടെ ഫോട്ടോയുള്ള ബനിയനിട്ട് ചാടിക്കളിക്കാന്‍ മടിയില്ല. ചാടിക്കളിച്ചോട്ടെ. പക്ഷേ, വേറൊരു കൂട്ടര്‍ക്ക് വിരോധം മോദിയോടും ബി.ജെ.പി.യോടും മാത്രമല്ല; ഗുജറാത്ത് സംസ്ഥാനത്തോടുതന്നെയാണ്. ഗുജറാത്തില്‍നിന്നുള്ള മന്ത്രിതലസംഘത്തെ നമ്മുടെ മന്ത്രിമാര്‍ കണ്ടുകൂടാ. ഗുജറാത്തിലെ സൂറത്തിലാണ് ഏറ്റവും മികച്ച മാലിന്യസംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തിയത്. പക്ഷേ, അത് കണ്ടുപഠിക്കാന്‍ ഇവിടെനിന്നാരും പോയിക്കൂടാ. പോകുന്നത് മതേതരത്വത്തിന്റെ ലംഘനമാണ്. ഈ നിലയില്‍പ്പോയാല്‍ ഗുജറാത്തിനെ ഇന്ത്യയില്‍നിന്ന് അറുത്തുമാറ്റണമെന്ന് വാദിക്കാനും ആളുണ്ടായേക്കാം. അതും നടക്കട്ടെ.

Sunday, 15 December 2013

വേണം ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി


വാണ്ടഡ് എ പ്രൈം മിനിസ്റ്റര്‍ കാന്‍ഡിഡേറ്റ് എന്നൊരു വലിയ പരസ്യം കോണ്‍ഗ്രസ്സിന്റെ വെബ്‌സൈറ്റിലോ ദേശീയപത്രങ്ങളിലോ സമീപനാളില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ട. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്. പറ്റിയ പെണ്ണിനെ കിട്ടിയില്ലെന്നു പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടുപോകാം, രാഹുല്‍ഗാന്ധിയെപ്പോലെ. പക്ഷേ, നല്ല പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ കിട്ടിയില്ലെന്നു പറഞ്ഞ് പൊതുതിരഞ്ഞെടുപ്പ് നീട്ടാന്‍ പറ്റില്ല.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയില്ല. രാഹുല്‍ ഇല്ലേ എന്ന് ചോദിക്കാം. ഉണ്ട് എന്ന് സോണിയാജി പോലും ഉറപ്പിച്ചുപറയുന്നില്ല. മാത്രമല്ല, ഡല്‍ഹിയില്‍ മാന്യന്മാര്‍ വൈകുന്നേരങ്ങളില്‍ കിസ്സ പറയാന്‍വരുന്ന ക്ലബ്ബുകളിലും ഹാളുകളിലും വേറെ ആരെയെങ്കിലും കിട്ടുമോ എന്നുനോക്കാന്‍ സംഘങ്ങളെ പറഞ്ഞയച്ചതായി കേള്‍ക്കുന്നുമുണ്ട്. ആധാറുണ്ടാക്കിയതിന്റെ ക്രെഡിറ്റില്‍ നില്‍ക്കുന്ന നന്ദന്‍ നിലേകനിയെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹം വഴങ്ങിയില്ലത്രെ. ഇനി ഒരു പക്ഷേ, സച്ചിന്‍ തെണ്ടുല്‍ക്കറെ സമീപിക്കുമായിരിക്കും. പുള്ളിക്കാരന് വേറെ പണിയൊന്നുമില്ല. കോണ്‍ഗ്രസ്സിന്റെ നേതൃദാരിദ്ര്യത്തേക്കാ ള്‍ ഭീകരമാണ് ചാനലുകള്‍ ചില ദിവസങ്ങള്‍ അനുഭവിക്കുന്ന വാര്‍ത്താദാരിദ്ര്യം എന്നതുകൊണ്ട് ഒന്നും വിശ്വസിക്കാന്‍പറ്റില്ല. എന്തായാലും താത്പര്യമുള്ളവര്‍ എ.ഐ.സി.സി. ഓഫീസ് പരിസരത്ത് കറങ്ങിനടക്കുന്നത് ബുദ്ധിയായിരിക്കും. സോണിയാജിയുടെ പ്രത്യേകാന്വേഷണസംഘത്തിന്റെ കണ്ണില്‍പ്പെട്ടാല്‍ രക്ഷപ്പെടും. എപ്പോഴാണ് ഭാഗ്യംതെളിയുക എന്നാര്‍ക്ക് പറയാനാകും.

പെട്ടെന്ന് ഉണ്ടായതല്ല ദേശീയപാര്‍ട്ടിയുടെ നേതൃദാരിദ്ര്യപ്രശ്‌നം. പത്തറുപത് വര്‍ഷമായി വളരെ പ്രയാസപ്പെട്ട് വളര്‍ത്തിയെടുത്തതാണ്. പാര്‍ട്ടിയില്‍ നേതാക്കന്മാര്‍ ആവശ്യത്തിലേറെ ഉള്ളതാണ് പല പാര്‍ട്ടികളുടെയും പ്രശ്‌നം. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഇല്ലാതായതുതന്നെ, പന്തല്‍ നിറയെ തൂണാണെന്നു പറഞ്ഞതുപോലെ പാര്‍ട്ടി നിറയെ നേതാക്കളുണ്ടായതുകൊണ്ടാണ്. ഇപ്പോഴവരും പാഠം പഠിച്ചു. ഒരു നേതാവിന് ഒരു പാര്‍ട്ടി എന്ന തത്ത്വം സ്വീകരിച്ചതുകൊണ്ട് ബുദ്ധിമുട്ടില്ല. പാര്‍ട്ടിയുടെ പേരിലെവിടെയെങ്കിലും ജനത എന്നോ സമാജ്‌വാദി എന്നോ ഉണ്ടെങ്കില്‍ അതെല്ലാം സോഷ്യലിസ്റ്റ് വംശപരമ്പരയില്‍പ്പെട്ടവയാണെന്ന് ഉറപ്പിച്ചുകൊള്ളുക. വോട്ടര്‍മാരും അണികളും ഇല്ലെന്ന പ്രശ്‌നം അവര്‍ക്കില്ല, നേതാക്കളേറെ ഉണ്ടെന്ന തൊന്തരവും ഇല്ല. ഉള്ളത് ഓഹരിവെച്ചെടുക്കാം. വലിയ സമാധാനമാണ്.

കോണ്‍ഗ്രസ്സിന്റെ പ്രശ്‌നമതല്ല. സ്വാതന്ത്ര്യം കിട്ടിയ കാലത്തുതന്നെ നെഹ്രുകുടുംബത്തെ ശ്രേഷ്ഠകുടുംബമായി പ്രഖ്യാപിച്ചതാണ്. നെഹ്രുവിനേക്കാള്‍ വലിയ നേതാക്കള്‍തന്നെ നിരവധി ഉണ്ടായിരുന്നു. ക്രമേണ സ്ഥിതി മാറി. വേറെ ഇനം നേതാക്കളെ അധികം പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നായി നിലപാട്. കഴിവും യോഗ്യതയുമൊക്കെ നോക്കി പ്രധാനമന്ത്രിമാരെ കണ്ടെത്താന്‍ മെനക്കെട്ടാല്‍ പാര്‍ട്ടി പിളര്‍ന്നില്ലാതായേക്കുമെന്ന അപകടം തിരിച്ചറിഞ്ഞു. അതുകൊണ്ട് അത്തരം ജനാധിപത്യവിരുദ്ധപ്രവണതകളെ പരമാവധി നിരുത്സാഹപ്പെടുത്തി. ശ്രേഷ്ഠകുടുംബത്തില്‍ നിന്നാരെങ്കിലുംമതി എന്നുവെച്ചാല്‍ സംഗതി അനായാസമായി.

എന്തുകൊണ്ട് പാടില്ല? നേതൃപദവി മക്കളിലേക്ക് കൈമാറുന്നത് കുറ്റകൃത്യമാണെന്നും അപകടകരമാണെന്നുംമറ്റും ചില അസൂയക്കാര്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. താമസിക്കുന്ന വീടുമുതല്‍ ബഹുരാഷ്ട്രക്കമ്പനി ഓഹരിവരെ മക്കളിലേക്കാണ് കൈമാറുന്നത്. തലമുറയില്‍നിന്ന് തലമുറയിലേക്കാണ് ലോകം പോകുന്നതുതന്നെ. പിന്നെ പാര്‍ട്ടിനേതൃപദവികള്‍മാത്രം അങ്ങനെ പാടില്ല എന്നെങ്ങനെ പറയും ? തീര്‍ത്തും ശാസ്ത്രീയമാണ് സംഗതി. പൊതുജനത്തിനും പാരമ്പര്യസിദ്ധാന്തത്തില്‍ എതിര്‍പ്പില്ല. രാഷ്ട്രീയതത്ത്വശാസ്ത്രവും പ്രത്യയശാസ്ത്രവുമൊന്നും അന്വേഷിക്കാന്‍ പോകേണ്ട. പിതാവാര് എന്ന് അന്വേഷിച്ചാല്‍മതിയല്ലോ. വിത്തുഗുണം പത്തുഗുണം.

നെഹ്രുകുടുംബം എന്ന ബ്രാന്‍ഡിന് വിപണിയില്‍ നല്ല പേരായിരുന്നു. രാജീവ്ഗാന്ധിയുടെ കാലംവരെ വെച്ചടി കയറ്റവുമായിരുന്നു. അടിയന്തരാവസ്ഥ എന്ന കടുംകൈ ഉണ്ടായതുകൊണ്ട് ഒരുവട്ടം ജനം കൈവെടിഞ്ഞെങ്കിലും ഉടനെ മാപ്പുകൊടുത്ത് തിരിച്ചുകൊണ്ടുവന്നു. മുത്തച്ഛന്റെ കാലത്തേക്കാളും മാതാജിയുടെ കാലത്തേക്കാളും ജനപിന്തുണ കിട്ടിയിട്ടുണ്ട് രാജീവ്ഗാന്ധിക്ക്. നെഹ്രുകുടുംബം എന്ന കമ്പനി ബ്രാന്‍ഡ്‌നാമം ഗാന്ധികുടുംബം എന്നായി മാറിയതെങ്ങനെ എന്ന് ആര്‍ക്കും വലിയ പിടിയില്ല. ഇത് ഗവേഷണം നടത്താനൊക്കെ എവിടെ നേരം? മഹാത്മാഗാന്ധിയുടെ മോളാണ് ഇന്ദിരാഗാന്ധിയെന്ന് കരുതുന്നവരുടെ എണ്ണം അന്നും ഇന്നും കുറവല്ല. ഗാന്ധികുടുംബവുമായി പുലബന്ധമില്ലാത്ത ഫിറോസ് ഗാന്ധിയില്‍നിന്നാണല്ലോ ഇന്ദിരാഗാന്ധിക്ക് ഗാന്ധി ബ്രാന്‍ഡ് നെയിം പകര്‍ന്നുകിട്ടിയത്. ചില രോഗങ്ങള്‍ പോലെയാണ് ഇതും. പരമ്പരാഗതമായും കിട്ടാം, അടുത്തടുത്തു നിന്നാലോ കിടന്നാലോ പകര്‍ന്നുകിട്ടാം. ഫിറോസ്ഗാന്ധി ഗാന്ധിയല്ല, ഗാണ്ടി എന്നതാണ് അവരുടെ കുടുംബപ്പേരെന്ന ഒരു സിദ്ധാന്തവും നിലവിലുണ്ട്. ഗാന്ധിജി ഫിറോസ് ഗാന്ധിയെ ദത്തെടുത്തതുകൊണ്ടാണ് ഗാന്ധിനാമം പതിച്ചുകിട്ടിയതെന്ന വേറെ സിദ്ധാന്തവുമുണ്ട്. അക്കഥ പറഞ്ഞാല്‍ തീരില്ല. നെഹ്രുകുടുംബം ഗാന്ധികുടുംബം ആയെന്നു മാത്രം അറിഞ്ഞാല്‍മതി. രണ്ടിന്റെയും ഗുണം ഒന്നില്‍ ലഭ്യമാക്കുന്ന ഒരിനം കോര്‍പ്പറേറ്റ് മെര്‍ജര്‍ അല്ലെങ്കില്‍ ജൈവശാസ്ത്രലൈനില്‍ പറഞ്ഞാല്‍ ഒരിനം സങ്കരജീവി. തുടക്കത്തില്‍ രണ്ടിന്റെയും ഗുണം ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നിന്റെയും ഗുണം ഇല്ല. അതാണ് പ്രശ്‌നം.

അകാലത്ത് രാജീവ്ജി മരിച്ചതോടെയാണ് ഇന്നത്തെ പ്രതിസന്ധിയുടെ തുടക്കം. കോണ്‍ഗ്രസ്സുകാര്‍ പെരുവഴിയിലായിരുന്നു. ഇനി രക്തബന്ധമുണ്ടോ എന്നൊന്നും നോക്കേണ്ടതില്ല എന്നവര്‍ തീരുമാനിച്ചു. പക്ഷേ, സോണിയാമാഡം കൂട്ടാക്കിയില്ല. കൂട്ടനിലവിളി, അഖണ്ഡ നെഞ്ചിലിടി, കാല്‍മുട്ടിനിഴയല്‍, മരണംവരെ ഉപവാസം തുടങ്ങിയ പലപല മനംമാറ്റ സൂത്രങ്ങളും പത്തുവര്‍ഷത്തോളം പ്രയോഗിച്ചാണ് അവര്‍ സോണിയാജിയെ ഒരുവിധം തള്ളിയിറക്കിയത്. തിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് ജയിച്ചെങ്കിലും പ്രധാനമന്ത്രിസ്ഥാനം മാഡം ഏറ്റെടുത്തില്ല. നല്ല അനുസരണശീലം, ജനത്തെ കണ്ടാല്‍ ആ ഭാഗത്ത് നോക്കാതിരിക്കുന്ന ജനാധിപത്യബോധം, മൗനം ഭൂഷണം എന്ന ശാശ്വതസ്വഭാവം, റൊബോട്ടുമായി ചലനസാദൃശ്യം തുടങ്ങിയ സ്വഭാവഗുണങ്ങള്‍ നോക്കിയാണ് പ്രധാനമന്ത്രിയെ നിശ്ചയിച്ചത്. ഒരു സാമ്പത്തികശാസ്ത്രജ്ഞന്‍ പത്തുവര്‍ഷമായി ഭരിച്ച രാജ്യം വേറെ ഏതുണ്ട്? ഒടുവില്‍ ഭൂരിപക്ഷത്തിനും ഉച്ചക്കഞ്ഞിക്ക് ബുദ്ധിമുട്ടുണ്ടെന്നത് വേറെ കാര്യം.

കുടുംബത്തിലെ അനന്തരാവകാശിക്ക് പ്രായപൂര്‍ത്തിയാകാന്‍വേണ്ടിയാണ് ആദ്യത്തെ ടേം കഴിഞ്ഞിട്ടും മന്‍മോഹന്‍ജിക്ക് തുടരേണ്ടിവന്നത്. ജനം വീണ്ടും തിരഞ്ഞെടുത്തുകളയും എന്ന് ആ പാവം സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. രണ്ടാമത്തെ അഞ്ചുവര്‍ഷവും അദ്ദേഹത്തെക്കൊണ്ട് കുരിശ് താങ്ങിച്ചു. കാലാവധിക്കിടയില്‍ രാഹുല്‍രാജകുമാരന് പ്രായപൂര്‍ത്തിയാകും എന്ന പ്രതീക്ഷയില്‍ അദ്ദേഹം ആ പാപഭാരം പേറുകയായിരുന്നു. സമീപകാലത്തൊന്നും രാഹുല്‍ഗാന്ധിക്ക് പ്രായപൂര്‍ത്തിയാകുകയില്ല എന്നതാണ് ഈ രാജ്യം അഭിമുഖീകരിക്കുന്ന ദേശീയപ്രതിസന്ധി.

ഒരുഭാഗത്തുനിന്ന് നരേന്ദ്രമോദി എന്ന ഭീകരന്‍ പട നയിച്ചുവരുന്നു. വാജ്‌പേയിക്ക് പല്ലും നഖവും കൂര്‍ത്താലുള്ള രൂപമാണ് അദ്വാനി. അദ്വാനിക്ക് പല്ലും നഖവും കൂര്‍ത്താലുള്ള രൂപമാണ് നരേന്ദ്രമോദി. മോഡിക്കുമുന്നില്‍ അദ്വാനി ശുദ്ധസാത്വികന്‍, മഹാത്മാഗാന്ധി. ഈ ഭയാനകരൂപത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ രാഹുല്‍ജി പോര എന്ന് സോണിയാജിക്കുതന്നെ തോന്നുന്നുണ്ടാവണം. അതിനിടയിലാണ് കുറ്റിച്ചൂല്‍ വാളാക്കി കെജ്‌രിവാള്‍ വരുന്നത്. ആകപ്പാടെ വലിയ പ്രതിസന്ധിതന്നെ. ഇളയകുഞ്ഞ് കുളത്തില്‍ വീഴുകയും മൂത്തത് കിണറ്റില്‍ ചാടുകയും ഭാര്യ പിറകെ ചാടുകയും വീടിന് തീപിടിക്കുകയുമൊക്കെ ഒരേ സമയത്ത് സംഭവിച്ചാല്‍ മനുഷ്യന്‍ വേറെന്ത് ചെയ്യാനാണ്? ഒരു ബീഡി കൊളുത്തുകതന്നെ. വരാനുള്ളത് വഴിയില്‍ തങ്ങില്ല.


Sunday, 8 December 2013

ഒരു നീതിമാന്റെ രക്തംജയില്‍ ഡി.ജി.പി. മാധ്യമങ്ങളുമായി സംസാരിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് പിടികിട്ടിയത്. കഴുതയായ ജനം ഇതുവരെ ധരിച്ചിരുന്നത് കുറ്റവാളികളും കുറ്റാരോപിതരും ആണ് ജയിലില്‍ അഴികള്‍ക്ക് പിന്നില്‍ അടിമകളായി കഴിഞ്ഞുപോരുന്നത് എന്നാണ്. ചങ്ക് തുറന്നുകാട്ടി ഡി.ജി.പി. കാര്യം പറഞ്ഞു. ഇരുമ്പഴികള്‍ക്ക് പിന്നില്‍ ബന്ധിതരായിട്ടുള്ളത് ജയിലുദ്യോഗസ്ഥരാണ്. ജയില്‍പ്പുള്ളികളാണ് ജയില്‍ ഭരിക്കുന്നത്. രാഷ്ട്രീയ, ക്രിമിനല്‍ സംഘങ്ങളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും ദാക്ഷിണ്യത്തില്‍ കഷ്ടിച്ച് കഴിഞ്ഞുകൂടുകയാണ് ജയില്‍ ഉദ്യോഗസ്ഥര്‍. ജീവനക്കാര്‍ക്ക് 55 വയസ്സുവരെ ഇതില്‍നിന്ന് മോചനമില്ല. ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് ഒരു ട്രിക്ക് പ്രയോഗിച്ച് മോചനംനേടി. ഇനി സെന്‍കുമാറാണ് 'സെല്‍'കുമാര്‍. എങ്ങനെയാണ് അദ്ദേഹം സെല്ലില്‍നിന്ന് രക്ഷപ്പെടുക എന്നറിയില്ല. ഈശ്വരോ രക്ഷതു...

വഴിയോരത്ത് മാജിക് കാട്ടുന്ന ഒരു പാവത്തിന്റെ കഥ ഉണ്ട്. എന്ത് മാജിക് കാട്ടിയാലും അത് വെറും ട്രിക്കാന്‍ഡ്രാ എന്നുപറഞ്ഞ ആള്‍ക്കൂട്ടം, ചങ്ക് പറിച്ചുകാട്ടിയപ്പോഴും പറഞ്ഞത് അതുതന്നെയാണ്. ചങ്കെടുത്ത് കാട്ടുകയാണ് ഞാന്‍ എന്നാണ് ഡി.ജി.പി.യും പറഞ്ഞത്. ഇനി ഇതും വിവാദമാക്കരുതേ എന്നും കേണുപറഞ്ഞു. ജയില്‍മോചിതനാവാന്‍ കാട്ടിയ ട്രിക്കാണതെന്ന് പിറകേ മനസ്സിലായി. ജയില്‍വകുപ്പ് ഭരിക്കുന്ന ഐ.പി.എസ്സുകാരന്‍ അതിബുദ്ധിമാനായിരിക്കും എന്നാര്‍ക്കാണ് അറിയാത്തത്? പോരാത്തതിന് കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയും സര്‍ട്ടിഫിക്കറ്റുമുണ്ട്. യു.ഡി.എഫ്. സര്‍ക്കാറിന്റെ പീഡനം സഹിക്കാതെയാണ് ഡി.ജി.പി. ചങ്കെടുത്തുകാട്ടിയത് എന്ന വ്യത്യാസമേ ഉള്ളൂ.

അതീവനീതിമാനാണ് അദ്ദേഹം. ജയില്‍പ്പുള്ളികളോടുള്ള സ്‌നേഹം കരകവിഞ്ഞൊഴുകുന്നുണ്ട് ഒരോ വാക്കിലും. അവരെയും അവരുടെ കുടുംബത്തെയും രക്ഷിക്കുന്നതിനാണ് അദ്ദേഹം ജയിലില്‍ ചപ്പാത്തി ഉണ്ടാക്കി വില്‍ക്കുന്നത്. അലസമനസ്സില്‍ പിശാച് തമ്പടിക്കും. ചപ്പാത്തി പരത്തുമ്പോള്‍ മനസ്സ് ശാന്തമാകും. ജയിലുദ്യോഗസ്ഥനെ ബെഞ്ചില്‍ കിടത്തി ഉരുട്ടുകയാണെന്ന് സങ്കല്‍പ്പിച്ച് ചപ്പാത്തി ഉരുട്ടിപ്പരത്തിയാല്‍ നല്ല മനഃസുഖവും കിട്ടും. കൂലി വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യാം. ഒഴിവുസമയത്ത് ഫേസ്ബുക്ക് നോക്കാം. യൂട്യൂബും ആവാം, സിനിമയും കാണാം. തൊഴില്‍രഹിതരെയെല്ലാം ജയിലിലേക്ക് ആകര്‍ഷിക്കുന്നത് വലിയ പ്രയോജനം ചെയ്യും. നാട്ടില്‍ ക്രമസമാധാനം മെച്ചപ്പെടും, പോലീസിന് പണികുറയും.

ജയില്‍പ്പുള്ളികളെക്കുറിച്ച് എഴുതിയതൊന്നും ഡി.ജി.പി. അങ്ങനെയങ്ങ് വിശ്വസിക്കുന്നില്ല. തെളിവുവേണം. ശാസ്ത്രീയമായി തെളിയിക്കണം. ജയിലില്‍നിന്ന് പുറത്തേക്ക് വിളിച്ചതിന് തെളിവില്ല. ചാര്‍ജറും മറ്റും പുറത്തെറിഞ്ഞത് ജയില്‍പ്പുള്ളികളാണെതിന് തെളിവില്ല. ഫേസ്ബുക്കില്‍ ജയിലിലെ ഫോട്ടോകള്‍ ഇട്ടു എന്നതിന് തെളിവില്ല. ഫേസ്ബുക്ക് വിവാദം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധിവരാനിരിക്കെ ജഡ്ജിയെ സ്വാധീനിക്കാനുള്ള വിദ്യയാവാനാണ് സാധ്യത. പ്രതികള്‍ ഫേസ്ബുക്ക് ഉപയോഗിച്ചു എന്നറിഞ്ഞാല്‍, പ്രതിയെ വെറുതെ വിടണമെന്ന് വിചാരിച്ച ജഡ്ജി വധശിക്ഷ വിധിക്കും. അത്ര കലിയാണ് ജഡ്ജിക്ക് ഫേസ്ബുക്കിനോട്. ഇത് മനസ്സിലാക്കി യു.ഡി.എഫ്. ഭീകരര്‍ ആസൂത്രണംചെയ്ത കുതന്ത്രമാവും ഫേസ്ബുക്ക് കഥ. ശാസ്ത്രീയമായി തെളിയിക്കാത്ത ഒന്നും ഡി.ജി.പി. കേട്ടുസഹിക്കില്ല. പത്രസമ്മേളനത്തിനിടെ ഒരു ലേഖകന്‍ ജയിലിലുള്ള പ്രതികളെ കൊടുംകുറ്റവാളികള്‍ എന്നാക്ഷേപിച്ചുകളഞ്ഞു. സഹിക്കുമോ നീതിമാനായ ഡി.ജി.പി.ക്ക്! വാചകം പൂര്‍ത്തിയാകുംമുമ്പേ അദ്ദേഹം തടഞ്ഞു - 'പറയരുതങ്ങനെ. അവര്‍ കൊടുംകുറ്റവാളികളാണ് എന്ന് തെളിയിക്കപ്പെട്ടിട്ടില്ല'.

പക്ഷേ, ജയില്‍പ്പുള്ളികള്‍ക്കുള്ള ഈ പരിഗണനയൊന്നും മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹിക്കുന്നില്ല കേട്ടോ. ജയിലില്‍ ചപ്പാത്തി ഉണ്ടാക്കി വില്‍ക്കുന്നതിനെതിരെ ചില പത്രങ്ങള്‍ എഴുതിയത് എന്തുകൊണ്ടാണ്? ചപ്പാത്തിക്കച്ചവടംമൂലം നഷ്ടമുണ്ടായ ഹോട്ടല്‍ മുതലാളിമാര്‍ പത്രക്കാര്‍ക്ക് കാശുകൊടുത്ത് എഴുതിച്ചതാണെന്ന് ഡി.ജി.പി.ക്ക് ഉറപ്പ്. തെളിവോ? ആവശ്യമില്ല. ജയില്‍പ്പുള്ളികളെക്കുറിച്ച് പറയാനേ തെളിവുവേണ്ടൂ. പത്രക്കാരെക്കുറിച്ച് പറയാന്‍ തെളിവുവേണ്ട.

ജയിലില്‍ കിടക്കുന്ന നിരപരാധിയായ സി.പി.എം. നേതാവിന് എം.എല്‍.എ. ആയ ഭാര്യ ഹോട്ടലില്‍ കൊണ്ടുപോയി ചായവാങ്ങിക്കൊടുത്തതിന്റെ നിയമവശം പറഞ്ഞത് ജയില്‍ ഡി.ജി.പി.യാണ്. ഭാര്യ ഭര്‍ത്താവിനെ കാണുന്നത് കുറ്റമല്ല. എം.എല്‍.എ.യ്ക്ക് ഏത് ജയില്‍പ്പുള്ളിയെയും കാണാം. ചായവാങ്ങിക്കൊടുക്കുകയും ചെയ്യാം. അതിന് ചട്ടവും വകുപ്പും ബാധകമല്ല, അനുമതിയും വേണ്ട. അതിനുള്ള സഹായം ചെയ്യുകയാണ് പോലീസിന്റെ ചുമതല. എന്നിട്ട് ആ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതോ? മാധ്യമക്കാരുടെയും സര്‍ക്കാറിന്റെയും ദുഷ്ടത്തരം അല്ലാതെന്ത്?

എന്തായാലും കേരളാ പോലീസിലെ ഒരു നീതിമാന്റെ രക്തം കുത്തിയെടുത്തു മാധ്യമക്കാരും ഭരണാധികാരികളും. ഇവര്‍ക്ക് മാപ്പില്ല. പ്രതികാരം പിറകേ വരും. നീതിമാന്റെ രക്തത്തിന് നിങ്ങള്‍ വലിയ വിലകൊടുക്കേണ്ടിവരും യു.ഡി.എഫുകാരേ...

 * * *

ദീര്‍ഘവീക്ഷണമുള്ളവരാണ് കോണ്‍ഗ്രസ്സുകാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. കീഴ്‌വഴക്കമനുസരിച്ച് യു.ഡി.എഫ്. എട്ടുനിലയില്‍ പൊട്ടണം. പൊട്ടില്ല എന്നാണ് ഭാവമെങ്കില്‍ പൊട്ടിക്കണം. പത്തുവര്‍ഷം മുമ്പ് എന്താണ് സംഭവിച്ചത് എന്നോര്‍മയുണ്ടോ? നമ്മുടെ പുണ്യപുരുഷന്‍ എ.കെ. ആന്റണി, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണി പൊട്ടിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ആന്റണി ചെയ്തത് ശിഷ്യന്‍ ഉമ്മന്‍ചാണ്ടി ചെയ്യാതിരിക്കുന്നതെങ്ങനെ?

ഉമ്മന്‍ചാണ്ടി രാജിവെച്ചാല്‍ എന്തുസംഭവിക്കും? ആഭ്യന്തരവകുപ്പ് വഹിക്കുന്ന ആളാണ് രണ്ടാമന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയാകും. അതിലും വലിയ ഒരനര്‍ഥം സംഭവിക്കാനില്ല. അതൊഴിവാക്കിയല്ലേ തീരൂ. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ കൈയില്‍ത്തന്നെ ആയാല്‍ ആ പ്രശ്‌നമില്ല. പി.സി.സി. പ്രസിഡന്റുതന്നെ അപ്പോള്‍ യോഗ്യന്‍. ഉമ്മന്‍ചാണ്ടി ആരാ മോന്‍. ഇതൊഴിവാക്കാനാണ് ഒരവസരം കിട്ടിയപ്പോള്‍ ഇരുചെവിയറിയാതെ ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നീക്കിക്കൊടുത്തത്. അപ്പോള്‍ എന്തുചെയ്യണം? തിരുവഞ്ചൂരിന്റെ പേര് വെട്ടിയേ തീരൂ. അതിനുള്ള നാടകങ്ങള്‍ ഇനിയുള്ള നാളുകളില്‍ അരങ്ങേറും. ക്ഷമാപൂര്‍വം കാത്തിരിക്കുക.

 * * *

ഒടുവില്‍ വിധി വന്നു. അന്തിമവിധിയാണ്. വിവാദവ്യവസായിയുടെ വര്‍ണശബള പ്ലീന അഭിവാദ്യ പരസ്യം പാര്‍ട്ടിപ്പത്രത്തില്‍ വന്നത് പരസ്യവിഭാഗത്തിന്റെ വീഴ്ചയാണ്. ക്ലര്‍ക്കിന്റെയോ പ്യൂണിന്റെയോ മറ്റോ വീഴ്ച. പരസ്യക്കാരന്റെ ദുരുദ്ദേശ്യം തിരിച്ചറിയുന്നതില്‍ അവരാണ് പരാജയപ്പെട്ടത്. പരസ്യക്കാരന്റെ ഉള്ളിലിരിപ്പ് അറിയേണ്ടത് അവരല്ലേ?

പരസ്യം സ്വീകരിച്ചതില്‍ പിശകുപറ്റിയോ എന്ന് പാര്‍ട്ടി പരിശോധിക്കുമെന്ന് സെക്രട്ടറി പറഞ്ഞശേഷവും പരസ്യം സ്വീകരിച്ചതിനെ ന്യായീകരിച്ച് നീണ്ട മുഖപ്രസംഗമെഴുതി പത്രം. കളങ്കിതരില്‍നിന്നും പണംവാങ്ങാം എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടത്രെ. ഗാന്ധിജി പലതും പറഞ്ഞിട്ടുണ്ട്. അതില്‍ ഇതിലേറെ സ്വീകാര്യമായി മറ്റെന്തുണ്ട്?

പരസ്യത്തെ ന്യായീകരിച്ച് മാധ്യമപ്രവര്‍ത്തകരുടെ നേരേ തട്ടിക്കയറിയ പ്രിന്ററും പബ്ലിഷറുമായ സഖാവിനെയും പത്രം ന്യായീകരിച്ചു. ഈ തത്ത്വം ബൂര്‍ഷ്വാ പത്രങ്ങള്‍ക്ക് ബാധകമല്ല. അവരുടെ ചരമക്കോളത്തില്‍ തെറ്റുവന്നാലും കുറ്റം പത്രസ്ഥാപന തലവന്റേതാണ്. ആള്‍ മറ്റേതെങ്കിലും പാര്‍ട്ടിക്കാരനാണെങ്കില്‍ പറയാനുമില്ല. ആളുടെ മുന്‍-പിന്‍ തലമുറകളെ കൊടുംകുറ്റം ചുമത്തി പ്രതിക്കൂട്ടില്‍ കയറ്റും. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ പത്രത്തില്‍ കുറ്റം തൊഴിലാളിക്കുമാത്രം.

Sunday, 1 December 2013

പെരുമാറ്റച്ചട്ടം പെരുമാറ്റച്ചാട്ടം


പെരുമാറ്റച്ചട്ടത്തിലെ ഇനങ്ങള്‍ 32 ആയാലും 101 ആയാലും പൊതുജനം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അഭിപ്രായത്തിന്റെ കാര്യത്തില്‍ സി.വി. കുഞ്ഞുരാമന്‍ പറഞ്ഞതുപോലെ പെരുമാറ്റച്ചട്ടവും ഇരുമ്പുലക്കയല്ല. ചട്ടത്തിന് പുറത്തേക്കുള്ള ചാട്ടത്തിനും പഴുതുണ്ട്. ആര്‍ക്ക് എപ്പോള്‍ ചാടാം എന്ന് ചട്ടത്തില്‍ വ്യവസ്ഥചെയ്യാന്‍ കഴിയില്ല. എന്നാല്‍, ചാട്ടം അനിവാര്യമാണ്. വളയമിട്ട് ചാടിപ്പഠിക്കുന്നത് വളയമില്ലാതെ ചാടുന്നതിന് സഹായകമാകും.

ജാതി, മത സംഘടനകളുമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടുകൂടാ. എന്നുവെച്ച് ജാതി, മത സംഘടനകളെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുക പാര്‍ട്ടിനയമല്ല. എന്നാല്‍, വോട്ടുകിട്ടാന്‍ ഇവരുടെ പിറകേ നടക്കുന്നത് പാര്‍ട്ടിവിരുദ്ധമല്ല. ബ്ലേഡ്, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ പാര്‍ട്ടിപ്രവര്‍ത്തകന് ആശാസ്യമല്ല. എന്നാല്‍, ഭൂമുഖത്തുനിന്ന് ബ്ലേഡ്, റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ ഉന്മൂലനംചെയ്യാനൊന്നും പാര്‍ട്ടി കരാറെടുത്തിട്ടില്ല. അത്യാവശ്യംവന്നാല്‍ അവരുടെ അടുത്തുചെന്ന് സംഭാവന പിരിക്കുകയും ചെയ്യാം. അത് അനാശാസ്യപ്രവര്‍ത്തനമല്ല. വീടുകയറിയും പീടികകയറിയും പിരിവെടുക്കുമ്പോള്‍ അക്കൂട്ടത്തില്‍ അഴിമതിക്കാരുണ്ടോ ക്രിമിനല്‍ക്കേസിലെ പ്രതികളുണ്ടോ സ്വര്‍ണം കള്ളക്കടത്തുകാരുണ്ടോ മദ്യരാജാവുണ്ടോ ബ്ലേഡ്, റിയല്‍ എസ്റ്റേറ്റുകാരുണ്ടോ എന്നെല്ലാം എങ്ങനെ നോക്കാനാണ്?

ഇത്രയുമെല്ലാം ആമുഖം പരത്തിപ്പറയേണ്ടിവന്നത് സി.പി.എം. പ്ലീനത്തിന്റെ സമാപനവെടിക്കെട്ടായി ഒരു വിവാദവ്യവസായിയുടെ അഭിവാദ്യപരസ്യം പാര്‍ട്ടിപ്പത്രത്തിന്റെ ഒന്നാംപേജില്‍ രക്തവര്‍ണത്തില്‍ പ്രസിദ്ധപ്പെടുത്തിയതുകൊണ്ടാണ്. ബില്‍ഡേഴ്‌സ് റിയാല്‍ട്ടേഴ്‌സ് ഹോട്ടലിയേഴ്‌സ് കോണ്‍ട്രാക്ടേഴ്‌സ് എന്ന് പരസ്യത്തില്‍ പറയുന്ന കമ്പനിയുടേതാണ് പരസ്യം. ഉടമസ്ഥന്റെ ഫോട്ടോയുമുണ്ട് പരസ്യത്തില്‍. പൊതുവേ പരസ്യത്തില്‍ തലകാണിക്കുന്നവരല്ല കമ്പനി ഉടമസ്ഥന്മാര്‍. ബില്‍ഡേഴ്‌സ് റിയാല്‍ട്ടേഴ്‌സ് എന്നൊക്കെ പരസ്യത്തില്‍ നല്ലഭാഷയില്‍ പറയുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയ എന്ന് പത്രവാര്‍ത്തയില്‍ പറയുന്ന സംഭവംതന്നെയാണ്. അപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍നിന്ന് മാറിനില്‍ക്കണമെന്ന് പെരുമാറ്റച്ചട്ടത്തില്‍ പറയുകയും അത്തരക്കാരില്‍നിന്ന് പാര്‍ട്ടിപ്പത്രം പരസ്യം സ്വീകരിക്കുകയും ചെയ്യുന്നത് ശരിയോ എന്ന ചോദ്യം വിവരദോഷികള്‍ ഉയര്‍ത്തിയേക്കും. ഇതിനുള്ള മറുപടി പാര്‍ട്ടിപ്പത്രം മാനേജര്‍ ഇ.പി.ജയരാജന്‍ വിനയാന്വിതനായി മാധ്യമലേഖകരോട് പറയുന്നത് ചാനലുകളില്‍ കണ്ടല്ലോ?- ''ഞങ്ങള്‍ക്ക് തോന്നുന്നവരില്‍നിന്ന് ഞങ്ങള്‍ വാങ്ങും.'' വിശദീകരണം തൃപ്തികരമാണെന്ന് കരുതുന്നു.

വിവാദവ്യവസായി പ്ലീനത്തിന് ആശംസകള്‍ നേരുകയല്ല ചെയ്തത്. അത് ഏത് കോണ്‍ഗ്രസ്സുകാരനും നേരാം. അഭിവാദ്യംചെയ്യുകയാണ് ചെയ്തത്. ഇതിന്റെ അര്‍ഥവും വ്യാകരണവും നോക്കിയിട്ട് കാര്യമില്ല. സമാനമനസ്‌കരാണ് അഭിവാദ്യംചെയ്യുക. അങ്ങനെ പെരുമാറ്റച്ചട്ടത്തിലോ ഭരണഘടനയിലോ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കരുത്. അതാണ് നാട്ടുനടപ്പ്. സമ്മേളനം നടക്കുമ്പോള്‍ റോഡരികില്‍ ഫ്‌ളക്‌സില്‍ ആരെങ്കിലും അഭിവാദ്യം എഴുതിവെച്ചാല്‍ അതിന് പാര്‍ട്ടി ഉത്തരവാദിയല്ല. പക്ഷേ, അഭിവാദ്യം പാര്‍ട്ടിപ്പത്രത്തിലാവുമ്പോള്‍ കളിമാറി. കൊലക്കേസിലും മറ്റുപലയിനം പ്രതിയായ ആള്‍ക്ക് ഇതിലേറെ ലാഭമുള്ള കച്ചവടം വേറേതുണ്ട്. ഇത് സിമ്പിള്‍ കച്ചവടമാണ് സഖാവേ... വിവാദവ്യവസായിയില്‍നിന്ന് പരസ്യംവക കിട്ടിയത്- ലക്ഷം രൂപ. പരസ്യം ഉണ്ടാക്കിയ വിവാദംവഴി പാര്‍ട്ടിക്കുണ്ടായ മാനനഷ്ടം- ഒരു കോടി രൂപ. വിവാദംവഴി പരസ്യക്കാരന് കിട്ടിയ (കു)പ്രസിദ്ധി- പത്തുകോടിരൂപ. പത്രത്തിന് കച്ചവടം ലാഭം. പരസ്യക്കാരന് 'പൈസ വസൂല്‍'. ഇങ്ങനെ കച്ചവടം നടത്തിയാല്‍ പാര്‍ട്ടി പാളീസാകും.

പത്രം മാനേജര്‍ ഇ.പി. ജയരാജന്‍ മാധ്യമങ്ങളോട് തട്ടിക്കയറി അധിക്ഷേപിച്ചു എന്നുകേട്ടു. ജയരാജന്‍ അത്രയല്ലേ ചെയ്തുള്ളൂവെന്ന് ആശ്വസിക്കുകയാണ് വേണ്ടത്. എവിടെനിന്നെങ്കിലും പത്തുരൂപ സമ്പാദിച്ച് പത്രം നടത്താന്‍ സമ്മതിക്കില്ല എന്നുവെച്ചാല്‍ എന്താണ് ചെയ്യുക! ബൂര്‍ഷ്വാപാതയിലൂടെ പത്രം വഴിമാറി സഞ്ചരിച്ചതുകൊണ്ട് ഇപ്പോള്‍ പണ്ടത്തെപ്പോലെ ബക്കറ്റ് പിരിവൊന്നും വേണ്ടിവരാറില്ല. മുമ്പൊരിക്കല്‍ ലോട്ടറി രാജാവ് മാര്‍ട്ടിന്റെ കൈയില്‍നിന്ന് കടംവാങ്ങിയെന്നുപറഞ്ഞ് വിവാദമുണ്ടാക്കിയാണ് ജയരാജന്റെ പണികളഞ്ഞത്. ഇപ്പോഴിതാ വന്നിരിക്കുന്നൂ വിവാദവ്യവസായിയെയുംകൊണ്ട്. വീണ്ടും പണി കളയിക്കാനുള്ള നീക്കമാണ്. സഹിക്കില്ല ആരും.

പാര്‍ട്ടിയോടും പാര്‍ട്ടിപ്പത്രത്തോടുമുള്ള വിരോധം തീര്‍ക്കാനാണ് ബൂര്‍ഷ്വാപത്രങ്ങളും ചാനലുകളും ഈ വിധത്തില്‍ പരസ്യക്കാര്യമൊക്കെ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് തെറ്റിദ്ധരിക്കരുത് ജയരാജനും സഖാക്കളും. ബൂര്‍ഷ്വാപത്രങ്ങള്‍ മുതലാളിത്തത്തിന്റെ ജീര്‍ണതയില്‍ പുഴുക്കളെപ്പോലെ നുരയ്ക്കുകയാണ്. പരസ്യം സ്വീകരിക്കുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയാണോ വിവാഹത്തട്ടിപ്പാണോ മായാമോഹിനി വശ്യമാന്ത്രിക ഏലസ്സാണോ ചാത്തന്‍മഠമാണോ എന്നൊന്നും നോക്കാന്‍ പാവപ്പെട്ട ബൂര്‍ഷ്വാപത്രങ്ങള്‍ക്ക് കഴിയില്ലല്ലോ. വല്ല വിധേനയും ജീവിച്ചുപോകണ്ടേ? പാര്‍ട്ടിപ്പത്രം ഈ നിലവാരത്തിലേക്ക് താഴ്ന്നുവരുന്നത് അവര്‍പോലും സഹിക്കില്ല. അതുകൊണ്ടാണ് വിമര്‍ശിക്കുന്നതും ചാനല്‍ ചര്‍ച്ച നടത്തുന്നതുമെല്ലാം. പരിഭവിക്കരുത് സഖാക്കളേ...

* * * *

ഒരു വര്‍ഷംകൊണ്ട് പാര്‍ട്ടിയെ ശുദ്ധീകരിച്ച് വെടിപ്പാക്കാനാണ് പ്ലീനം പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്ശി ബുദ്ധിമുട്ടാവും. പാര്‍ട്ടി മന്ദിരമോ രക്തസാക്ഷിസ്മാരകമോ പണിയാന്‍ പണംപിരിച്ചാല്‍ മതി. സമയബന്ധിതമായി പണി തീര്‍ക്കാം. പാര്‍ട്ടി മെമ്പര്‍ഷിപ്പ് രണ്ടുലക്ഷം കൂട്ടണമെന്ന് തീരുമാനിച്ചാലും സാധിക്കും. പക്ഷേ, മനുഷ്യന്റെ മനസ്സ് നന്നാക്കാന്‍ ഒരുവര്‍ഷം!

മദ്യപാനശീലംതന്നെയെടുക്കാം. സാധാരണ പാര്‍ട്ടിസമ്മേളനം കഴിഞ്ഞ് രണ്ടുപെഗ്ഗ് വീശി വീട്ടിലെത്തുന്ന പലരും വെള്ളിയാഴ്ച പ്ലീനം കഴിഞ്ഞ് ഡീസന്റായി ചെന്നെന്നാണ് പ്ലീനം സംഘാടകസമിതി ചെയര്‍മാന്‍ എ.കെ. ബാലന്‍ അവകാശപ്പെട്ടത്. ബാലന്‍ സഖാവിന് ദ്രാവകത്തിന്റെ ആകര്‍ഷണശക്തിയെക്കുറിച്ച് ഒരു പിടിയുമില്ലെന്നുവേണം കരുതാന്‍. പ്ലീനാഹ്വാനത്തിന്റെ ആവേശത്തില്‍ ഒരു ദിവസം... രണ്ടുദിവസം ക്ലീനായി വീട്ടില്‍പ്പോയെന്നുവരും. അതുകഴിഞ്ഞാല്‍ ശങ്കരന്‍ പിന്നേം തെങ്ങിലാവും. വര്‍ഷങ്ങളായി ഭാര്യയും മക്കളും പറഞ്ഞത് കേള്‍ക്കാത്ത ആളുടെ മദ്യാസക്തിമാറ്റാന്‍ പ്ലീനം സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുകേട്ടിട്ടില്ല.

എന്നാല്‍, മറ്റ് ജീര്‍ണതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മദ്യാസക്തിയാണ് ഭേദം. ചികിത്സകൊണ്ടെങ്കിലും അത് മാറ്റാം. ധനമോഹവും മതവികാരവും ജാതിബോധവും ഇല്ലായ്മചെയ്യാന്‍ ഇതുവരെ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. ജാതിയും മതവും ധനാസക്തിയും മോശമാണെന്ന് പ്രമേയത്തില്‍ പറയാനേ പറ്റൂ. അവയൊന്നും വേണ്ടെന്നുപറയാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ല. പാര്‍ട്ടിനടത്താന്‍ പണംവേണം, വോട്ടുകിട്ടാന്‍ ജാതിയും മതവും വേണം.