Sunday, 28 December 2014

മുരളീരക്ഷാപതക്കം ആര്‍ക്ക് ?

മഹാത്മാക്കളും മനുഷ്യര്‍തന്നെയാണല്ലോ. മഹാത്മാ സുധീരനും ഒരു ദുര്‍ബലനിമിഷത്തില്‍ അതായിപ്പോയി. തന്റെ ജനപക്ഷ ജാഥയ്ക്ക് ഒരു കൈയടി മുരളിയില്‍നിന്ന് പ്രതീക്ഷിച്ചുപോയി. കൈയടി കിട്ടിയുമില്ല പിറകില്‍നിന്ന് ഒരടി കരണത്ത് കിട്ടുകയും ചെയ്തു.

കെ.മുരളീധരന്റെ പഴയ അനുഭവം കോണ്‍ഗ്രസ്സുകാരെ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുക എന്നത് മുന്‍ എഐ ഗ്രൂപ്പുകാരുടെ ഒരു വിനോദമാണ്. വമ്പിച്ച മനഃസുഖമാണ് അവര്‍ക്ക് അതില്‍നിന്ന് കൈവരാറുള്ളത്. കെ. കരുണാകരന്റെ അനുസ്മരണങ്ങളാണ് ഇതിനുള്ള അവസരമായി അവര്‍ തിരഞ്ഞെടുക്കാറുള്ളത്. ഇത്തവണ കോണ്‍ഗ്രസ്സുകാര്‍ ഒരുപടി മുന്നില്‍ക്കടന്ന് ലീഡര്‍പുത്രനുമായി ബന്ധപ്പെട്ട് സെമിനാര്‍പരമ്പരതന്നെ നടത്തി. ലീഡര്‍പുത്രനെ രക്ഷിച്ചത് ആര് എന്നതായിരുന്നു സെമിനാര്‍ വിഷയം. താനാണ് ആ സല്‍കൃത്യം ചെയ്തത് എന്ന അവകാശവാദം കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ഉന്നയിച്ചു. കെ. മുരളീധരന്‍ അതുംമറന്നു, വന്ന റൂട്ടും മറന്നു എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്തൊരു നന്ദികേട്. സുധീരപരിഭവ വചനത്തെത്തുടര്‍ന്ന് മുരളീജീവന്‍രക്ഷാ പതക്കിനുള്ള അവകാശവാദവുമായി മുന്‍പ്രസിഡന്റ് രമേശ് ചെന്നിത്തലയും എന്‍ട്രി സമര്‍പ്പിച്ചു. ഇനിയും പലരും രംഗത്തുവന്നേക്കാം. 

കോണ്‍ഗ്രസ് സമുദ്രത്തില്‍ സുഖംപോരാഞ്ഞ് പൊട്ടക്കിണറിലേക്ക് എടുത്തുചാടി ശ്വാസംമുട്ടി വെപ്രാളപ്പെട്ടിട്ടുണ്ട് ലീഡറും മകനും എന്നത് സത്യംതന്നെ. പക്ഷേ, ഇവരെ ആരാണ് കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുകൊണ്ടുവന്നത് എന്നുചോദിച്ചാല്‍ തര്‍ക്കം മുറുകും. സ്വമേധയാ വന്നതല്ല, ബലമായി കൊണ്ടുവന്നതാണ് എന്ന് തോന്നിപ്പോകും അവകാശവാദങ്ങള്‍ കേട്ടാല്‍. പോകാന്‍ തോന്നിയപ്പോള്‍ പോയി, വരാന്‍ തോന്നിയപ്പോള്‍ വന്നു എന്നുമാത്രമേ പൊതുവേ പറയാറുള്ളൂ. അച്ഛനമ്മമാരോട് പിണങ്ങി കള്ളവണ്ടികേറിപ്പോയ കൊച്ചുപയ്യന്മാരല്ലല്ലോ ലീഡറും പുത്രനും. പോകാനും വരാനും രണ്ട് ഗേറ്റുകള്‍ സദാ തുറന്നുവെച്ചിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പോകാം, വരാം. അങ്ങനെ പോകുകയും വരികയും ചെയ്തവരാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയും സുധീരനുമെല്ലാം. കോണ്‍ഗ്രസ്സില്‍നിന്ന് അപൂര്‍വമായേ ആരെയെങ്കിലും പുറത്താക്കാറുള്ളൂ. അതിലും അപൂര്‍വമായേ വരാന്‍ തയ്യാറാകുന്ന ആരെയെങ്കിലും തടയാറുമുള്ളൂ.

ഇടക്കൊരു ഹെഡ്ഡിങ്ങും ബൈറ്റും വരാന്‍ വല്ലതും പറയുമെന്നല്ലാതെ കൊടും വിവാദം ഉണ്ടാക്കാനൊന്നും കെ. മുരളീധരനും ഇപ്പോള്‍ ശേഷിപോരാ. തിരിച്ചെടുക്കേണ്ട കാലം കഴിഞ്ഞിട്ടും വഴിയില്‍ നിര്‍ത്തിയവരും ഇപ്പോള്‍ അവകാശവാദങ്ങളുമായി രംഗത്തുവന്നത് കാണായ്കയല്ല. ലീഡറെ തിരിച്ചെടുത്ത് ഒരു വര്‍ഷത്തോളമായിട്ടും മുരളിയെ തിരിച്ചെടുത്തിരുന്നില്ല. തിരിച്ചെടുത്തില്ലെങ്കില്‍ ഇന്ദിരാഭവനുമുന്നില്‍ ഉപവാസം കിടക്കുമെന്ന് മുരളി പ്രഖ്യാപിച്ചതും മുരളിയെ കിടത്തിക്കരുതേ എന്നപേക്ഷിച്ച് കരുണാകരന്‍ ഹൈക്കമാന്‍ഡിന് കത്തെഴുതിയതും എന്നിട്ടും തീരുമാനം മാസങ്ങളോളം വൈകിച്ചതും ചിലര്‍ മറന്നുകാണും. തല്ലിയവര്‍ മറന്നാലും തല്ലുകിട്ടിയവര്‍ മറക്കില്ലല്ലോ.

രാഷ്ട്രീയത്തില്‍ ആരെയെങ്കിലും പിന്താങ്ങുകയോ സഹായിക്കുകയോ ചെയ്യുന്നത് സ്വര്‍ഗത്തില്‍ പോകാനല്ല; തിരിച്ചുള്ള സഹായം കിട്ടാനാണ്. തിരിച്ചുകൊണ്ടുവന്നാല്‍ പാരയാകും എന്ന് ഭയന്നാണ് പലരും മുരളിയെ തടഞ്ഞുവെച്ചത്. സുധീരന് സ്ഥാനമൊന്നും ഇല്ലാതിരുന്നതുകൊണ്ട് ആ പേടി ഉണ്ടായിരുന്നില്ല. പില്‍ക്കാലത്ത് താന്‍ ജനപക്ഷജാഥ നടത്തുമ്പോള്‍ മുരളീധരന്‍ തനിക്ക് നോട്ടുമാലയ്ക്കുള്ള പണം പിരിച്ചുതരുമെന്ന് വിചാരിച്ചല്ല സുധീരന്‍ മുരളിയെ പിന്താങ്ങിയത്. ജാഥയെ നല്ല നോണ്‍ വെജിറ്റേറിയന്‍ ജാഥ എന്ന് പ്രശംസിക്കുമെന്ന് കരുതിയുമാവില്ല. മുരളി പെരുവഴിയില്‍ വെയിലുകൊണ്ട് നില്‍ക്കേണ്ട ആളല്ല എന്ന ബോധ്യംകൊണ്ടുതന്നെയാവും.

മഹാത്മാക്കളും മനുഷ്യര്‍തന്നെയാണല്ലോ. മഹാത്മാ സുധീരനും ഒരു ദുര്‍ബലനിമിഷത്തില്‍ അതായിപ്പോയി. തന്റെ ജനപക്ഷ ജാഥയ്ക്ക് ഒരു കൈയടി മുരളിയില്‍നിന്ന് പ്രതീക്ഷിച്ചുപോയി. കൈയടി കിട്ടിയുമില്ല പിറകില്‍നിന്ന് ഒരടി കരണത്ത് കിട്ടുകയും ചെയ്തു. അതിന്റെ സങ്കടത്തിലാണ്, വന്നവഴി മറക്കരുത്, അധികാരം പോയാല്‍ പെരുവഴിയിലാവും തുടങ്ങിയ മഹദ്വചനങ്ങള്‍ ഉരുവിട്ടുപോയത്. ഇന്ദിരാഗാന്ധി പൊളിഞ്ഞ് പാളീസായി കിടക്കുമ്പോള്‍ അവരെ വിട്ടുപോയി വേറെ പാര്‍ട്ടിയുണ്ടാക്കിയവര്‍ പിന്നെ നിഷ്പ്രയാസം തിരിച്ചുകയറി. ഞാനാണ് അവരെ പ്രവേശിപ്പിച്ചത് എന്നൊന്നും കെ. കരുണാകരന്‍ അവകാശവാദം ഉന്നയിച്ചില്ല. പോയിവന്നവര്‍ പലവട്ടം മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പി.സി.സി. പ്രസിഡന്റുമാരും ആയി. വന്നവഴി അവര്‍ മറന്നോ എന്തോ, കെ. കരുണാകന്റെ മകന്‍ കെ. മുരളീധരന്‍ എന്ന മുന്‍ കെ.പി.സി.സി. പ്രസിഡന്റ് ഇപ്പോഴും ഔട്ട്ഹൗസിന്റെ കോലായയിലാണ് കിടപ്പ്. അയ്യോ കഷ്ടം.

                                                        ****
മാവോവാദികള്‍ എന്നാല്‍, എന്താണ് സാധനം എന്ന് പോലീസ്വകുപ്പിന് ഇപ്പോഴും പിടികിട്ടിയിട്ടില്ലത്രെ. കുറേദിവസം രാത്രിയും പകലും ചില കൂട്ടരുടെ വീട്ടിനുപിറകില്‍ ഒളിച്ചിരിക്കുകയും പോക്കുവരവുകള്‍ നിരീക്ഷിക്കുകയും ചെയ്ത ശേഷമാണത്രേ ഇത് ഇനം വേറെയാണ് എന്ന് തിരിച്ചറിഞ്ഞത്. ഉറക്കമൊഴിഞ്ഞത് ലാഭം. പണ്ട് സി.പി.ഐ. എം.എല്‍. എന്നാല്‍ നക്‌സലൈറ്റാണ്. കൊല്ലുന്ന കൂട്ടരാണ്. പക്ഷേ, പഴയ ഓര്‍മയുംകൊണ്ട് അവരെ പിടികൂടാന്‍ ചെന്നാല്‍ പണികിട്ടും. ഇന്നത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിമാത്രം. എങ്ങനെയാണ് മാവോവാദികളെ തിരിച്ചറിയുക ? കൊമ്പുള്ള ഇനമാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ചുംബനസമരത്തിനുപിറകില്‍ താടിക്കാരെ കണ്ടിട്ട് അത് മാവോവാദിക്കാരാണ് എന്ന് ഇന്റലിജന്‍സുകാര്‍ തെറ്റിദ്ധരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

18 വര്‍ഷമായി തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി മാസികയുടെ ഓഫീസില്‍ പാതിരാത്രിക്ക് പത്തുനാല്‍പ്പത് സായുധ പോലീസുകാര്‍ ഇരമ്പിക്കയറി 'ആയുധം താഴെവെക്കൂ, കീഴടങ്ങൂ' എന്നും മറ്റും അലറിയതായും തോക്ക് സിനിമയില്‍മാത്രം കണ്ടിട്ടുള്ള മൂന്നുപേര്‍ ഉറക്കച്ചടവില്‍ അന്തംവിട്ടതായും റിപ്പോര്‍ട്ടുണ്ട്. പരിസ്ഥിതി എന്ന് പറയുന്നതും എന്തോ മാവോവാദി ഏര്‍പ്പാടാണെന്ന് ധരിച്ചതാവുമോ? ആ കാട്ടില്‍ കണ്ടു, മറ്റേ കാട്ടില്‍ കണ്ടു എന്നുപറയുന്നത് ചാരായം വാറ്റുകാരെയോ മറ്റോ കണ്ടിട്ടാണോ എന്ന സംശയവുമുണ്ട്.
റെന്‍മിന്‍ബി നോട്ടിന്മേല്‍ കാണുന്ന ഒരു മുഖം മാത്രമാണ് ചൈനക്കാര്‍ക്ക് ഇപ്പോള്‍ മാവോ സേ തുങ്. മാവോയിസം പേരിനുപോലുമില്ല. ആ സാധനമാണ് ഇപ്പോള്‍ ഇങ്ങോട്ട് ഇറക്കുമതിചെയ്ത് ഇവിടെ മെനക്കേട് ഉണ്ടാക്കുന്നത്. ഇവിടെയിപ്പോള്‍ അതിന്റെ ആവശ്യമേ ഇല്ല. നമുക്ക് ഇവിടെ വിപ്ലവപ്പാര്‍ട്ടികള്‍ക്ക് ഒരു ക്ഷാമവുമില്ല. അറിയുമോ എത്ര കമ്യൂണിസ്റ്റ് സായുധപാര്‍ട്ടികളുണ്ട് എന്ന്? അഞ്ചാറ് മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാര്യം അവിടെ നില്‍ക്കട്ടെ. ചൈനാ അനുകൂല, മാവോ കിത്താബ് കൈവശംവെക്കുന്ന 40 കമ്യൂ. വിപ്ലവപാര്‍ട്ടികളുണ്ട് ഇന്ത്യയില്‍. ഇതില്‍ 33 എണ്ണത്തിന്റെ പേരിലും മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റ് എന്ന പേര് ബ്രാക്കറ്റില്‍ ഉണ്ട്. ബ്രാക്കറ്റില്‍ മാവോയിസ്റ്റ് ഉള്ളത് ഒരേയൊരു പാര്‍ട്ടിക്കുമാത്രം. വിപ്ലവകാരികള്‍ക്കുതന്നെ തന്റെ പാര്‍ട്ടിയേത് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. പിന്നെ പോലീസുകാരെ പറഞ്ഞിട്ട് എന്തുകാര്യം !

                                                    ****
2021 ആവുമ്പോഴേക്ക് ഇന്ത്യയെ ഹിന്ദുക്കള്‍മാത്രമുള്ള രാജ്യമാക്കാന്‍ നടക്കുന്നു ഒരു കൂട്ടര്‍, ഇന്ത്യ ഇപ്പോള്‍തന്നെ ഹിന്ദുരാജ്യമാണെന്ന് വേറൊരു കൂട്ടര്‍, ബി.ജെ.പി. അല്ലാത്ത വേറെ പാര്‍ട്ടി ഇല്ലാതാകണമെന്ന് ഇനിയൊരു കൂട്ടര്‍... സ്വാമി വിവേകാനന്ദന്‍ പണ്ട് കേരളത്തെക്കുറിച്ച് പറഞ്ഞേടത്ത് ഇന്ത്യ ആകെ എത്തിയ ലക്ഷണമുണ്ട്. മാവോവാദമാണ് ഭേദമെന്ന് ആളുകള്‍ക്ക് തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല. 

ഒരു സൂപ്പര്‍സ്റ്റാര്‍ നടന്‍, കൊല്ലും കൊലയും ഇല്ലാത്ത മാവോയിസം ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് പറഞ്ഞതായി വായിച്ചു. എരിവില്ലാത്ത കാന്താരിമുളക് കിട്ടാന്‍ പ്രയാസമാണെങ്കിലും ആഗ്രഹിക്കുന്നതില്‍ തെറ്റില്ല.

Tuesday, 23 December 2014

കോണ്‍ഗ്രസ് ലജ്ജിക്കട്ടെ...

രാഷ്ട്രീയവാരഫലം


ധര്‍മ്മരാജന്‍

പരിഹരിക്കേണ്ട നൂറുപ്രശ്‌നങ്ങളുള്ള ഒരു സംസ്ഥാനത്ത് മാധ്യമതലവാചകങ്ങളാവാന്‍ മാത്രം യോഗ്യതയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവിടുകയും അതില്‍ കടിച്ചുകീറുകയും  ചെയ്യുകയാണ് കോണ്‍ഗ്രസ്. അവര്‍ അതില്‍ ലജ്ജിക്കുകയെങ്കിലും വേണം.  

ഗ്രൂപ്പ് ഒത്തുതീര്‍പ്പിന്റെ നറുക്കെടുപ്പില്‍ വിജയിച്ചല്ല വി.എം. സുധീരന്‍ കെ.പി.സി.സി.  പ്രസിഡന്റായത്. കേന്ദ്രനേതൃത്വത്തിന്റെ അപ്രതീക്ഷിതമായ ഒരു നിയമനമായിരുന്നു അത്. വലിയ ജനാധിപത്യപാര്‍ട്ടിയിലെ ആദര്‍ശധീരനായ നേതാവാണെങ്കിലും ജനാധിപത്യപരമായ സംഘടനാതിരഞ്ഞെടുപ്പിലൂടെയേ പ്രസിഡന്റാവൂ എന്ന് വാശി പിടിക്കാനുള്ള വിഡ്ഡിത്തമൊന്നും സുധീരനെന്നല്ല ഒരു കോണ്‍ഗ്രസ് നേതാവിനും ഉണ്ടാവുകയില്ലെന്ന് തീര്‍ച്ച. എന്തായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാധീനിച്ചിരിക്കുക ? സ്ഥാനത്തിന് വേണ്ടി ഡല്‍ഹിയില്‍ അനുയായികള്‍ക്കൊപ്പം ചെന്ന് ലോബിയിങ്ങ് നടത്തുന്ന ആളല്ല സുധീരന്‍. കെ.പി.സി.സി.പ്രസിഡന്റ് പദവി അദ്ദേഹം സ്വപ്നം  കണ്ടുകാണില്ലെന്നും ഉറപ്പ്. എന്നിട്ടും എന്തുകൊണ്ട് സുധീരന്‍ ?

ഇടക്കിടെ  വിമതസ്വരം ഉച്ചത്തില്‍ ഉയര്‍ത്തി വേറിട്ടൊരു വഴിയെ സഞ്ചരിക്കുന്ന നേതാവായിരുന്നു സുധീരന്‍. എന്നാല്‍ അത് അദ്ദേഹം സമീപകാലത്ത് മാത്രം  സ്വീകരിച്ച ഒരു മുഖമാണ്. കെ.എസ്.യു പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പിന്നീട് മന്ത്രിയും  സ്പീക്കറും ആയപ്പോഴെല്ലാം അദ്ദേഹം എ.കെ.ആന്റണി ഗ്രൂപ്പിന്റെ ആദര്‍ശധീരനായ എന്നാല്‍ അച്ചടക്കമുള്ള പടയാളി തന്നെയായിരുന്നു. ഒറ്റയാന്‍ അമറലുകള്‍ അക്കാലത്ത് ഉണ്ടായിട്ടില്ല. നിശ്ചിതമായ നയപരിപാടികള്‍ ഉയര്‍ത്തിപ്പിടിച്ച് അവയുടെ അംഗീകാരത്തിന് വേണ്ടി  പാര്‍ട്ടിയില്‍ പ്രചാരണം നടത്തുന്ന ഗൂപ്പിനെയൊന്നും അദ്ദേഹം ഒരുകാലത്തും നയിച്ചിട്ടുമില്ല. സംഘടനയുടെ മുഖ്യധാരയില്‍ നിന്ന് മാറി വിമതനായത് സമീപകാലത്ത് മാത്രമാണ്.  മത്സരിക്കാന്‍ സീറ്റ്് ചോദിക്കാതെ, നേതൃത്വപരമായ ചുമതലകളില്‍ നിന്ന് അകന്ന് ആരോഗ്യപരമോ മാനസികമോ ആയ കാരണങ്ങളാല്‍ സക്രിയത കുറഞ്ഞ ഒരു ശൈലിയിലേക്ക് നീങ്ങുകയിരുന്നു അദ്ദേഹം. എന്നാല്‍, അല്പം നിസ്സംഗതയോടെയാണെങ്കിലും  പാര്‍ട്ടിയിലെ വഴി പിഴച്ച പോക്കുകളെ അദ്ദേഹം ചോദ്യം ചെയ്തുകൊണ്ടിരുന്നത് പൊതുജനങ്ങള്‍ക്ക് ആശ്വാസമേകിയിരുന്നു. ഗ്രൂപ്പുകള്‍ക്ക് അതീതമായ തിരുത്തല്‍ ശക്തിയായി രംഗത്ത് വന്ന നേതാവ് എന്ന നിലയില്‍ നല്ല പേരും അദ്ദേഹത്തിന് ലഭിച്ചിരുന്നു.  ആദര്‍ശധീരതയും കാര്യശേഷിയും ചലനാത്മകതയുമുള്ള, ഗ്രൂപ്പ് രഹിതനായ സീനിയര്‍ നേതാവ്. ഏതെങ്കിലും വിഭാഗത്തിന് പ്രത്യേകശത്രുതയൊന്നുമില്ലാത്ത വ്യക്തിത്വം. പാര്‍ട്ടിക്ക് പുറത്തും നല്ല പ്രതിച്ഛായ. എല്ലാറ്റിനുമുപരി സംസ്ഥാനത്തെ സി.പി.എമ്മിന്റെ ഏറ്റവും വലിയ വോട്ട്  ബാങ്ക് ആയ സമുദായത്തില്‍നിന്നുള്ള നേതാവ്- ഈ ഘടകങ്ങളാവും ഹൈക്കമാന്‍ഡ് പരിഗണിച്ചിരിക്കുക. ലോക് സഭാ തിരഞ്ഞെടുപ്പ് തൊട്ടുമുമ്പില്‍ വന്നുനില്‍ക്കെയുള്ള തീരുമാനത്തിലെ മുഖ്യപരിഗണന തിരഞ്ഞെടുപ്പ് വിജയം ആയിരിക്കുക സ്വാഭാവികം മാത്രം. ആ കണക്കുകൂട്ടലുകളൊന്നും പാഴായില്ല. ബുദ്ധിപൂര്‍വകമായ തീരുമാനം- സര്‍വരും സമ്മതിച്ചു.

പക്ഷേ, തിരഞ്ഞെടുപ്പിന് ശേഷമോ ?  കെ.പി.സി.സി. പ്രസിഡന്റിന്റെ പോക്ക് അനായാസമാവില്ല എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. സുധീരനെ പ്രസിഡന്റാക്കിയതോടെ ഹൈക്കമാന്‍ഡ് അറിഞ്ഞോ അറിയാതെയോ രണ്ട് കാര്യങ്ങള്‍ ചെയ്തു. ഒന്ന്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു നിരന്തര തലവേദന സംഭാവന ചെയ്തു. പെട്ടന്ന് തിരിച്ചടിക്കാതെ സാവകാശം എതിരാളിയെ നിഷ്‌ക്രിയമാക്കുക എന്ന ശൈലി പിന്തുടന്ന ആളായതുകൊണ്ട് പരസ്യചര്‍ച്ചക്ക് വിഷയമാകുന്ന പ്രതികരണങ്ങളൊന്നും ഉമ്മന്‍ചാണ്ടിയില്‍നിന്ന് ഉണ്ടായില്ല. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സുധീരനെ പ്രസിഡന്റാക്കി ഇറക്കിക്കൊടുത്തിരുന്നത് എങ്കില്‍ ഇതിനകം തമ്മില്‍തല്ലി ഇരുവരും പിരിഞ്ഞിട്ടുണ്ടാകുമായിരുന്നു. അതവിടെ  നില്‍ക്കട്ടെ. ഹൈക്കമാന്‍ഡ് ചെയ്ത രണ്ടാമത്തെ കാര്യം കോണ്‍ഗ്രസ്സിന് മറ്റൊരു മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെക്കൂടി എറിഞ്ഞുകൊടുത്തു എന്നതാണ്. പോരാട്ടത്തിനുള്ള വീറോ വാശിയോ ഊര്‍ജമോ നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരാള്‍ അപ്രതീക്ഷിതമായി നേതൃത്വ പദവിയിലേക്ക് വരുമ്പോള്‍ മറ്റ് സീനിയര്‍ നേതാക്കള്‍ സംശയത്തോടെയേ നോക്കിക്കാണൂ എന്ന് ആര്‍ക്കാണ് അറിയാത്തത് ?  ഉമ്മന്‍ ചാണ്ടിക്ക് വല്ല കാരണവശാലും സ്ഥാനമൊഴിയേണ്ടിവന്നാല്‍ അടുത്ത മുഖ്യമന്ത്രി എന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ നിയമസഭാംഗത്വത്തിന്റെ അര്‍ത്ഥംതന്നെ.  ഉപമുഖ്യമന്ത്രിയായി അദ്ദേഹത്തെ കൊണ്ടുവരാനുള്ള ശക്തമായ നീക്കത്തെ വട്ടംചുറ്റിയായിരുന്നു കുറെ കാലം നമ്മുടെ രാഷ്ട്രീയ ചര്‍ച്ചകള്‍ നീങ്ങിയിരുന്നത്. ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ല. പക്ഷേ, അദ്ദേഹം ആഭ്യന്തരമന്ത്രിയാണ്. ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയിലൊഴികെ കേരളത്തിലെ ഏതാണ്ടെല്ലാ മന്ത്രിസഭകളിലും  ആഭ്യന്തരമന്ത്രി മന്ത്രിസഭയിലെ രണ്ടാമനാണ്. ചെന്നിത്തലയും അതെ. ശക്തനായ പി.സി.സി പ്രസിഡന്റ് എക്കാലത്തും നല്ല സാധ്യതയുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ്. ഇന്നത്തെ മുഖ്യമന്ത്രിയും നാളത്തെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥികളും സംശയത്തോടും ഭീതിയോടും മാത്രമേ പരസ്പരം നോക്കൂ. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം. സുധീരനും കെട്ടിപ്പിടിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമൊന്നും കണ്ട് ആരും തെറ്റിദ്ധരിക്കാനൊന്നും പോകുന്നില്ല. അവര്‍ ഓരോരുത്തരുടെയും  ഉറക്കം നഷ്ടപ്പെടുത്തുകയാണ് മറ്റു രണ്ടുപേരുമം. സംശയംവേണ്ട, നമ്മുടെ സമയം വെറതെ മെനക്കെടുത്തുന്ന മദ്യവിവാദത്തിന്റെ പിന്നിലെ കാരണവും ഇതുമാത്രമാണ്.  

പരസ്പരം തോല്‍പ്പിക്കാന്‍ വി.എം.സുധീരനും ഉമ്മന്‍ചാണ്ടിയും നടത്തിയ നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു, ജനമധ്യത്തില്‍ പരിഹാസ്യമാക്കിയിരിക്കുന്നു. ഐക്യം ശക്തിപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട പ്രസിഡന്റ് കൂടുതല്‍ അപകടകരമായ അനൈക്യത്തിന്റെയും ഗ്രൂപ്പ് പോരിന്റെയും വിത്ത് വിതറിയിരിക്കുന്നു. പേറ്റെടുക്കാന്‍ വന്നവള്‍ ഇരട്ടപെറ്റു എന്നുപറഞ്ഞതുപോലെ. ഏറ്റവും ഒടുവിലത്തെ മദ്യനയ മാറ്റത്തിന്റെയും അതിനോടുള്ള കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രതികരണത്തിന്റെയും അര്‍ത്ഥം ഇതുമാത്രമാണ്. ജനങ്ങളുടെ വിശ്വാസം ഉണ്ടാക്കാനെന്ന് പറഞ്ഞ് സ്വീകരിച്ച നടപടി പാര്‍ട്ടി നയിക്കുന്ന മന്ത്രിസഭയില്‍ നേരത്തെ ഉള്ള വിശ്വാസം പോലും ഇല്ലാതാക്കിയിരിക്കുന്നു.

മദ്യലോബിയുടെ താത്പര്യമാണ് താന്‍ നയിക്കുന്ന കോണ്‍ഗ്രസ്സിന്റെ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പരസ്യമായി പറഞ്ഞു കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ്.  ഈ മന്ത്രിസഭ സ്ഥാനമേറ്റ ശേഷം ഉയര്‍ന്നുവന്ന ഏറ്റവും കഠിനമായ ആരോപണമാണിത്. കേട്ടില്ലെന്ന് നടിച്ച് മൗനംപാലിക്കാന്‍ മറുപക്ഷത്തെ അനുവദിച്ചുകൂടാത്തതാണ്.   ഈ വിമര്‍ശനം ജനങ്ങളില്‍ ഉണ്ടാക്കുന്നത് വലിയ ആശയക്കുഴപ്പമാണ്. മദ്യലോബിക്ക് വേണ്ടി ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് ഒരു ആദര്‍ശവാദിക്കെങ്ങിനെ അരനിമിഷമെങ്കിലും  ഇരിക്കാന്‍ കഴിയും ? അത്തരമൊരു മുഖ്യമന്ത്രിയെ എങ്ങനെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകും ? മുഖ്യമന്ത്രിയെ മാറ്റാനും ജനതാത്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന നേതാവിനെ ആ സ്ഥാനത്തിരുത്താനും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുകയാണ് ഹൈക്കമാന്‍ഡ് നോമിനിയായ ഒരു കെ.പി.സി.സി.പ്രസിഡന്റിന് ചെയ്യാനാവുക. ഗവണ്മെന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്ഥാനമൊഴിയാന്‍ സുധീരന് കഴിയില്ലെന്ന്  എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തില്‍ ഹൈക്കമാന്‍ഡ് അര്‍പ്പിച്ച വിശ്വസത്തെ ചവിട്ടിയരക്കുകയാവും  അതുവഴി ചെയ്യുന്നത്. ചെകുത്താനും കടലിനും മധ്യേ അധികനാള്‍ ശങ്കിച്ചുനില്‍ക്കാനാവില്ല.  ഒന്നുകില്‍, രാജി വെച്ച് പുറത്തിറങ്ങി തന്റെ ആദര്‍ശങ്ങള്‍ക്കൊത്ത ഭരണമുണ്ടാക്കാനുള്ള നീക്കങ്ങളില്‍ ഏര്‍പ്പെടണം. അല്ലെങ്കില്‍, മാണി മാന്യനാണ് എന്ന പറഞ്ഞതുപോലെ, പറഞ്ഞതെല്ലാം തിരുത്തി ഉമ്മന്‍ ചാണ്ടിയും മാന്യനാണ്, തനിക്ക് തെറ്റിയതാണ് എന്നെങ്കിലും പറയണം.

മദ്യവിരുദ്ധര്‍ നല്ല മനസ്സുള്ളവരാണ്. മദ്യം ഇല്ലാതാക്കി കുടുംബങ്ങളിലും നാട്ടിലും സമാധാനം ഉണ്ടാക്കണം എന്ന സദുദ്ദേശമേ അവര്‍ക്കുള്ളൂ. മദ്യത്തെ അനുകൂലിക്കുന്നവരില്‍ നല്ലൊരു പങ്ക് മദ്യം ഉപയോഗിക്കുന്നവരല്ല. മദ്യം വിറ്റും മറ്റുതരത്തില്‍ അതുപയോഗപ്പെടുത്തിയും സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുന്നവരാണ് അവരില്‍നല്ലൊരു പങ്ക്. എന്നാല്‍, അതൊരു നിയമാനുസൃത  വ്യാപാരമാണ്. അത് നിലനിര്‍ത്താന്‍ അനുവദിക്കണം എന്ന് പറയുന്നവരെല്ലാം ബാര്‍ലോബിയും മദ്യമാഫിയയുമൊന്നുമവണമെന്നില്ല എന്നെങ്കിലും അംഗീകരിച്ചേ പറ്റൂ.  അത്രയും ജനാധിപത്യബോധമെങ്കിലും നയരൂപവല്‍ക്കരണത്തിലും സംവാദങ്ങളിലും ആവശ്യമാണ്. ഒരു വെളിപാടില്‍ ഉണ്ടാവുകയും മറ്റൊരു വെളിപാടില്‍ തിരുത്തുകയും ചെയ്യേണ്ടവയില്ല നയങ്ങള്‍. പക്വതയുള്ളവരെന്ന് കരുതിയ നേതൃത്വങ്ങളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത അപക്വതകളും എടുത്തുചാട്ടങ്ങളും സഹിക്കാന്‍ ജനങ്ങള്‍ക്കാകില്ല. പരിഹരിക്കേണ്ട നൂറുപ്രശ്‌നങ്ങളുള്ള ഒരു സംസ്ഥാനത്ത് മാധ്യമതലവാചകങ്ങളാവാന്‍ മാത്രം യോഗ്യതയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവിടുകയും അതില്‍ കടിച്ചുകീറുകയും  ചെയ്യുകയാണ് കോണ്‍ഗ്രസ്. അവര്‍ അതില്‍ ലജ്ജിക്കുകയെങ്കിലും വേണം.  

മാവോവാദികള്‍ ചുംബിക്കാറുണ്ടോ ?

സംസ്ഥാനത്ത് പലേടത്തും നടന്ന ചുംബനസമരങ്ങള്‍ക്ക് പിന്നില്‍ മാവോവാദികള്‍ ഉണ്ടത്രെ. ഇന്റലിജന്‍സ് വിഭാഗം നോക്കുന്നേടത്തെല്ലാം മാവോവാദികളെ കാണുന്നുണ്ട്. ചുംബനസമരത്തില്‍ മാവോവാദികളെ അവര്‍ കണ്ടു. മദ്യവിവാദത്തില്‍ ഉണ്ടോ എന്നറിവായിട്ടില്ല. സൂക്ഷ്മദര്‍ശിനികള്‍ ഉപയോഗിച്ച് നോക്കുന്നുണ്ട്. മാവോവാദികള്‍ മനുഷ്യനെ കൊല്ലുന്നവരാണ് എന്നാണ് കേട്ടിരുന്നത്, ചുംബിക്കുന്നവരാണ് എന്നറിയുന്നതില്‍ സന്തോഷമുണ്ട്.  

ഇതൊരു മാനസിക പ്രശ്‌നം കൂടിയാണ്. നോക്കുന്നേടത്തെല്ലാം ഇല്ലാത്ത സാധനങ്ങള്‍ കാണുന്ന രോഗം ചികിത്സ കൊണ്ട് മാറുമോ എന്നറിയില്ല.  മാവോവാദികള്‍ ഉണ്ടാകേണ്ടത് പോലീസിന്റെയും സര്‍ക്കാറിന്റെയും കൂടി ആവശ്യമായി മാറിയിട്ടുണ്ട്. ഇന്ത്യാസര്‍ക്കാര്‍ മാവോവാദികള്‍ ഉള്ള സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് കൊടുക്കുന്നുണ്ടത്രെ. പ്രതിരോധത്തിനുള്ള ആയുധങ്ങള്‍, വാഹനങ്ങള്‍,  കെട്ടിടങ്ങള്‍ എന്നിവയ്ക്കുള്ള സംഖ്യ ചെറുതൊന്നുമായിരിക്കില്ല. ഇപ്പോള്‍ മാവോവാദികള്‍ ഇല്ലായിരിക്കാം, നാളെ ഉണ്ടായിക്കൂടെന്നില്ലല്ലോ. നമുക്ക് എല്ലാം തയ്യാറാക്കി സജ്ജമായിരിക്കാം. അവര്‍ വരികയോ വരാതിരിക്കുകയോ  ചെയ്യട്ടെ. ആരും വന്നില്ലെങ്കില്‍ ആരെയെങ്കിലും മാവോയിസ്റ്റ് വേഷം കെട്ടിക്കാനും പ്രയാസമൊന്നുമില്ല.

ഇതില്‍ വേറെ അജന്‍ഡയുമുണ്ട്. കോഴിക്കോട്ട് ചുംബനസമരം നടന്നതിന്റെ പിറ്റേന്ന്, സമരക്കാരെ അടിക്കാന്‍ രംഗത്തിറങ്ങിയ സംഘടനക്കാര്‍ പറഞ്ഞത്  മറന്നുകൂടാ. കൊച്ചി ചുംബനസമരം നടന്ന ശേഷമാണ് വയനാട്ടില്‍നിന്നുള്ള മാവോവാദി വാര്‍ത്തകള്‍ ആദ്യം ഉണ്ടായത് എന്നവര്‍ ദുരര്‍ത്ഥങ്ങളോടെ സൂചിപ്പിച്ചു. കോഴിക്കോട്ട് ന്യൂനപക്ഷസമുദായക്കാര്‍ നടത്തുന്ന ഹോട്ടലിന് നേരെ യുവ മോര്‍ച്ചക്കാര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയ സമരത്തെ മാവോയിസ്റ്റ് മുദ്ര കുത്തി തടങ്കല്‍പ്പാളയത്തിലാക്കാനുള്ള ഗൂഡാലോചന കണ്ടില്ലെന്ന മട്ടില്‍ നടന്നുപോയിക്കൂടാ ആരും.

 ഹിന്ദുത്വവാദികളുടെ അജന്‍ഡകള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളായി വരുന്നത് ഇതാദ്യമായല്ല. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളോ അരിച്ചുനോക്കാവുന്ന തെളിവുകളോ അല്ല മിക്ക ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്കും ആധാരം.  പത്രറിപ്പോര്‍ട്ടുകള്‍ക്ക് ഉള്ള ആധികാരികതയോ വിശ്വാസ്യതയോ പോലും അവയ്ക്കില്ലതാനും. കേട്ടുകേള്‍വികളും ഇന്റലിജന്റ് അല്ലാത്ത ഊഹോപോഹങ്ങളും അധികാരികള്‍ക്ക് അയച്ചുകൊടുക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തെകുറിച്ചുള്ള സാമാന്യബോധം പോലും ഇല്ലാത്തവയാണ് പല  റിപ്പോര്‍ട്ടുകളുമെന്ന് അവയെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍ തോന്നാറുണ്ട്. അവര്‍തന്നെയാണ് അവരുടെ റിപ്പോര്‍ട്ട് പത്രവാര്‍ത്തയാക്കാനുള്ള അണിയറപ്പണികളും  ചെയ്യാറുള്ളത്. കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. സങ്കീര്‍ണമായ ഈ ചുതമലകള്‍ നിര്‍വഹിക്കാനുള്ള പരിശീലനവും വിദ്യാഭ്യാസവും അവര്‍ക്ക് നല്‍കുന്നില്ല. പോരാത്തതിന് വര്‍ഗീയ സാന്നിദ്ധ്യവും പെരുകുന്നു. അതിനെകുറിച്ചും ഒരു ഇന്റലിജന്‍സ് അന്വേഷണത്തിന് സമയമായി.

ഗണേശ് കുമാര്‍ തുറക്കട്ടെ ഒരു അക്കൗണ്ട് 

കേരളത്തില്‍ ബി.ജെ.പി.ക്ക്  അക്കൗണ്ട് തുടങ്ങാന്‍ ഇനി വൈകിക്കൂടാ എന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. നരേന്ദ്രമോദിയുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് പോലെ അത്ര എളുപ്പം തുടങ്ങാവുന്ന ഒന്നല്ല ഇത്. തിരഞ്ഞെടുപ്പില്‍ ജയിച്ച് അക്കൗണ്ട് തുടങ്ങുന്നതിനേക്കാള്‍ എളുപ്പം  തിരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങുകയാണ്. കാശൊന്നും കാര്യമായി മുടക്കേണ്ട.  കാലുമാറാന്‍ നിയമതടസ്സമില്ലാത്ത, ഹിന്ദുത്വ വേഷം കെട്ടാന്‍ വലിയ ഒരുക്കങ്ങളൊന്നും ആവശ്യമില്ലാത്ത പല പാര്‍ട്ടികളെ പരിശോധിച്ചതില്‍ ലക്ഷണമൊത്ത ഒന്നിനെ കണ്ടെത്തിയതിന്റെ സൂചനകള്‍ പത്രവാര്‍ത്തകളായും വിവാദങ്ങളായും പുറത്തുവന്നിട്ടുണ്ട്. ഇത് മുടക്കാന്‍ മാത്രമായി കേരളത്തിലെ മന്ത്രിസഭാംഗങ്ങളുടെ എണ്ണം കൂട്ടാന്‍ തുനിഞ്ഞേക്കുമോ എന്നേ പേടിയുള്ളൂ. മദ്യത്തിന്റെ ലഹരി ശരിക്കിറങ്ങാതെ ഇതൊക്കെ ചിന്തിക്കാന്‍ സമയമെവിടെ ?

Article published in southlive.in
.

Sunday, 21 December 2014

മദ്യ പൂര്‍വസ്ഥിതി


വി.എം. സുധീരന്‍ ഇതോടെ രാജിവെച്ച് ഇറങ്ങിപ്പോകും എന്ന് ചില കൂട്ടര്‍

പ്രചരിപ്പിക്കുന്നുണ്ട്. ഇതുകേട്ടാല്‍തോന്നും കേരളത്തില്‍ മദ്യനിരോധം
നടപ്പാക്കാനാണ് ഹൈക്കമാന്‍ഡ് സുധീരനെ ഇങ്ങോട്ടയച്ചതെന്ന്.
ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന് അങ്ങനെ യാതൊരു ദുരുദ്ദേശ്യവുമില്ല


മദ്യവിരുദ്ധലഹരി മറ്റേതുപോലെയും എളുപ്പം ഇറങ്ങുകയില്ല എന്ന് അറിയാമല്ലോ. മിക്കവര്‍ക്കുമത് ആജീവനാന്തം നിലനില്‍ക്കും. യു.ഡി.എഫ്. സര്‍ക്കാറിന്റേത് യഥാര്‍ഥ
മദ്യവിരുദ്ധം തന്മയത്വമായി അഭിനയിക്കാന്‍ എ.കെ. ആന്റണിക്ക് കുറേയൊക്കെ പറ്റിയിരുന്നു. ഓവര്‍ ആക്ടിങ്ങിന് പോകാഞ്ഞതുകൊണ്ട് അപകടത്തില്‍ ചാടിയില്ല. വി.എം. സുധീരനാണ് ഓവര്‍ ആക്ടിങ്ങ് തുടങ്ങിവെച്ചത്. അത് കണ്ട്, മോശക്കാരനാവരുതല്ലോ എന്ന് വാശി കേറിയാണ് മുഖ്യമന്ത്രിയും കൂട്ടരും അതിന് ഒരുമ്പെട്ടത്. ആദര്‍ശവും അഴിമതിവിരുദ്ധതയും സോഷ്യലിസവുമെല്ലാം ആര്‍ക്കും അഭിനയിക്കാം. ജീവിതകാലം മുഴുവന്‍ അഭിനയിച്ചാലും കള്ളം വെളിച്ചത്താവില്ല. അതുപോലല്ല മദ്യവിരോധം. വേഗം പൊളിയും. കണ്ടല്ലോ...
യു.ഡി.എഫ്. ഘടകകക്ഷികളുടെ കൂട്ടത്തില്‍ അഭിനയമല്ലാത്ത മദ്യവിരുദ്ധതയുള്ള പാര്‍ട്ടി മുസ്ലിംലീഗ് മാത്രമാണ്. ബിയറോ നല്ലിളംകള്ളോ പോലും തൊടില്ല. നീര പാടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇതൊക്കെയാണെങ്കിലും പ്രായോഗികതയുടെ കാര്യത്തില്‍ മുസ്ലിംലീഗിനെ കടത്തിവെട്ടാന്‍ ഉമ്മന്‍ ചാണ്ടിക്കുപോലും ആവതില്ല. നാല്‍പ്പത്തേഴുവര്‍ഷം മുമ്പ് കേരളത്തില്‍ മദ്യനിരോധനം അവസാനിപ്പിച്ചത് മുസ്ലിം ലീഗ് കൂടിയുള്ള മന്ത്രിസഭയാണ് എന്ന് പറഞ്ഞാല്‍ യൂത്ത് ലീഗുകാര്‍ വിശ്വസിക്കില്ല. ഇന്നത്തെ ടൈപ്പ് നേതാക്കളല്ല അന്ന് ലീഗിനെ നയിച്ചിരുന്നത് എന്നോര്‍ക്കണം. പത്തരമാറ്റ് തങ്കപ്പെട്ട നേതാക്കളായിരുന്നു ഓരോരുത്തരും. പക്ഷേ, മദ്യനിരോധനം അവസാനിപ്പിക്കാന്‍ മുന്നണി തീരുമാനിച്ചു. മുസ്ലിംലീഗ് രാജിവെച്ച് പോയതൊന്നുമില്ല. അഭിപ്രായവ്യത്യാസം കറുകറുത്ത മഷി കൊണ്ട് മിനുട്‌സ് ബുക്കില്‍ കടുപ്പിച്ചുതന്നെ എഴുതിവെച്ചു. അതുകൊണ്ട് നാളെ മരിച്ച് നരകത്തില്‍ പോകുന്നത് ഒഴിവാക്കാനായി. ഇപ്പോള്‍ അത്തരം താത്ത്വികപ്രശ്‌നമൊന്നുമില്ല. മദ്യം കിട്ടും. ഞായറാഴ്ച ചെന്നാല്‍ കിട്ടുമോ അതല്ല ശനിയാഴ്ച വാങ്ങിവെക്കണമോ എന്നേ ചോദ്യമുള്ളൂ.

യു.ഡി.എഫിലെ ശേഷം കക്ഷികളായ കേരളാ കോണ്‍ഗ്രസ്സുകള്‍ (എത്ര എന്ന് വ്യക്തമല്ല), അതിവിപ്ലവ സോഷ്യലിസ്റ്റ് പാര്‍ട്ടി (രണ്ടിനം), ജനാധിപത്യവും സോഷ്യലിസവും തിന്നുജീവിക്കുന്ന ജനത (തത്കാലം ഒരിനം വര്‍ധിക്കാനിടയുണ്ട്) എന്നീ ആദര്‍ശപാര്‍ട്ടികളുടെ താത്ത്വിക കിത്താബുകളിലൊന്നും മദ്യത്തെക്കുറിച്ച് പരാമര്‍ശമില്ലാത്തതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല. വേണ്ടവര്‍ക്ക് കഴിക്കാം, ആരെയും നിര്‍ബന്ധിച്ച് കഴിപ്പിക്കില്ല. മദ്യപാനിയുടെ വോട്ട് വേണ്ട എന്ന് ഒരിക്കലും പറയില്ല. വോട്ടിന് വേണ്ടി മദ്യം കൊടുക്കില്ല എന്നുപോലും പറയില്ല. മദ്യപിച്ച് വോട്ട് ചെയ്യാന്‍ വരരുത് എന്നേ നിര്‍ബന്ധിക്കൂ. ചിഹ്നം മാറിപ്പോകും. ഏണി ചാരി വെച്ചതുകണ്ടാല്‍ പാമ്പാണെന്ന് തോന്നിപ്പോകും. പാര്‍ട്ടി നേതാക്കള്‍ ബാറുനടത്തുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. ഇക്കാരണം പറഞ്ഞ് പാര്‍ട്ടിക്കുള്ള സംഭാവന കുറയ്ക്കരുതെന്ന് മാത്രം. മദ്യലഹരി യഥേഷ്ടമുള്ള, മദ്യവിരുദ്ധലഹരി ഒട്ടുമില്ലാത്ത സുന്ദരന്‍ പാര്‍ട്ടികളാണ് ഇവയെല്ലാം.
ആകപ്പാടെ പ്രശ്‌നം കോണ്‍ഗ്രസ്സിന് മാത്രമാണ്. മഹാത്മാഗാന്ധിയുടെ പാര്‍ട്ടിയാണ്. ഭരണഘടനയുടെ നിര്‍ദേശകതത്ത്വങ്ങളില്‍ മദ്യനിരോധനം എഴുതിവെച്ച പാര്‍ട്ടിയാണ്. അതുകൊണ്ട്, മദ്യം ഉള്ള കാലത്തോളം മദ്യനിരോധനം മുറുകെപ്പിടിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പ്രായോഗിക കാരണങ്ങളാല്‍ ലോകാവസാനം വരെ മദ്യനിരോധനം ഏര്‍പ്പെടുത്തുകയില്ല എന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. നിര്‍ദേശകതത്ത്വങ്ങളില്‍ എഴുതിവെച്ചിട്ടും എന്താണ് നടപ്പാക്കാത്തത് എന്ന് ശുദ്ധമനസ്‌കരമായ ചില അംഗങ്ങള്‍ രോഷംകൊള്ളാറുണ്ട്. അപ്പോള്‍, അവരെ കെ.പി.സി.സി. ഓഫീസില്‍ വിളിച്ചുകൊണ്ടുവന്ന് ഭരണഘടന എടുത്ത് നിര്‍ദേശകതത്ത്വങ്ങള്‍ എന്ന അധ്യായം വായിച്ചുകേള്‍പ്പിക്കുകയാണ് പതിവ്. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയ്ക്കുക, എല്ലാ പൗരന്മാര്‍ക്കും ജീവനോപാധി നല്‍കുക, സ്വത്ത് കുന്നുകൂട്ടുന്നത് തടയുക, തൊഴില്‍ മൗലികാവകാശമാക്കുക, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക, ഗോവധനിരോധനം നടപ്പാക്കുക തുടങ്ങിയ തത്ത്വങ്ങള്‍ വിശദീകരിക്കുന്ന ഖണ്ഡികകള്‍ വായിക്കുമ്പോഴേക്ക് വിദ്വാന്‍ ജനല്‍വഴി ചാടി രക്ഷപ്പെട്ടിരിക്കും. ഇതൊക്കെ നടപ്പാക്കുമ്പോഴേക്ക് ആയിരം വര്‍ഷമെടുക്കും. മദ്യനിരോധനം പിന്നെയല്ലേ വരുള്ളൂ.
പെട്ടെന്ന് ഉണ്ടായ മദ്യവിരുദ്ധലഹരി ചിലയിനം പനി പോലെയുമാണ്. വരവ് കണ്ടാല്‍ ഇവന്‍ നമ്മളെയും കൊണ്ടേ പോവൂ എന്ന് തോന്നിപ്പോകും. കോഴിപ്പനി പോലെത്തന്നെ. വേഗം മൂര്‍ദ്ദന്യത്തിലെത്തും. മാധ്യമങ്ങളില്‍ വലിയ കോലാഹലമൊക്കെയായിരിക്കും. സ്ഥിതി ഭേദപ്പെട്ടു, നില നിയന്ത്രണാധീനം തുടങ്ങിയ പത്രക്കുറിപ്പുകള്‍ വരുന്നതോടെ ആശങ്ക കുറയും. പ്രയോഗികത, മുന്നണി ഐക്യം തുടങ്ങിയ വൈറസുകള്‍ കയറ്റിയാണ് മദ്യവിരുദ്ധരോഗത്തെ പ്രതിരോധിക്കുക. ഉത്തമൗഷധം എന്തോ ഒരെണ്ണം ബാര്‍ലോബിക്കാരുടെ കൈയിലുണ്ടത്രെ. അത് പ്രയോഗിച്ചാല്‍ സംഗതി എളുപ്പമാകും. വളഞ്ഞുകൊടുക്കം, ഇല്ലെങ്കില്‍ പൊട്ടിപ്പോകും

                                                                 ****

വി.എം.സുധീരന്‍ ഇതോടെ രാജിവെച്ചു ഇറങ്ങിപ്പോകും എന്ന് ചില കൂട്ടര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതുകേട്ടാല്‍തോന്നും കേരളത്തില്‍ മദ്യനിരോധം നടപ്പാക്കാനാണ് ഹൈക്കമാന്‍ഡ് സുധീരനെ ഇങ്ങോട്ടയച്ചതെന്ന്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന് അങ്ങനെ യാതൊരു ദുരുദ്ദേശ്യവുമില്ലല്ലോ. സുധീരനെ കെ.പി.സി.സി.യുടെ പ്രസിഡന്റായാണ് ഇങ്ങോട്ടയച്ചത്, കേരള പ്രദേശ് മദ്യനിരോധനസംഘം പ്രസിഡന്റായിട്ടല്ല. ഇവിടത്തെ അംഗങ്ങള്‍ ചേര്‍ന്ന് തിരഞ്ഞെടുത്ത പ്രസിഡന്റായിരുന്നുവെങ്കില്‍ ആരോടും ചോദിക്കാതെ രാജിവെച്ച് ഇറങ്ങിപ്പോകാമായിരുന്നു. ഹൈക്കമാന്‍ഡ് നിയോഗിച്ച പ്രസിഡന്റിന് രാജിവെക്കാന്‍ ഹൈക്കമാന്‍ഡിന്റെ അനുമതി വേണം. മദ്യത്തിന്റെ പേര് പറഞ്ഞ് രാജിവെച്ചിട്ട് അങ്ങോട്ടുചെന്നാല്‍ കണക്കിന് കിട്ടും. കുഴപ്പമൊന്നുമുണ്ടാക്കാതെ, ഐക്യത്തോടെ ഭരിക്കണമെന്ന് രാഹുല്‍ജി വന്ന് ഉപദേശിച്ച് പോയിട്ട് അധികദിവസമായിട്ടില്ലതാനും.
സുധീരന്‍ പക്ഷേ, മദ്യനിരോധനനയത്തില്‍ ഉറച്ചുനില്‍ക്കും. അതില്‍ അഭിനയമൊന്നുമില്ല. അതുകൊണ്ട് കോണ്‍ഗ്രസ്സിന് നഷ്ടമൊന്നും ഇല്ല കേട്ടോ. മദ്യവിരുദ്ധരും കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കും മദ്യപക്ഷവും നില്‍ക്കും. മദ്യലോബിക്കെതിരെ സുധീരന്‍ തുടര്‍ന്നും ആഞ്ഞടിക്കും. വേറെ ഏത് പാര്‍ട്ടിയില്‍ ഇതുസാധിക്കും?

****

ഇന്ത്യന്‍ വിപ്ലവത്തെ ബാധിക്കാനിടയുള്ള ഗുരുതരമായ ഒരു പ്രശ്‌നം റവ.സോഷ്യ. പാര്‍ട്ടിയുടെ ദേശീയ എക്‌സി. പരിഹരിച്ചതായുള്ള റിപ്പോര്‍ട്ട് മനം കുളിര്‍പ്പിച്ചു. ആര്‍.എസ്.പി. കേരള ഘടകം കോണ്‍ഗ്രസ് മുന്നണിയിലും ബംഗാള്‍ ഘടകം ഇടതുമുന്നണിയിലും നില്‍ക്കുന്നതില്‍ എന്തോ വൈരുദ്ധ്യമുണ്ടെന്ന ഒരു സംശയം സംശയം മാത്രം ആര്‍.എസ്.പി. നേതൃത്വത്തിന് ഉണ്ടായിരുന്നുവത്രെ. അതിന് കാരണമുണ്ട്. ആര്‍.എസ്.പി. ഒരു ഇടതുപക്ഷപാര്‍ട്ടിയാണെന്ന ധാരണ ഇപ്പോഴും പരക്കെ ഉണ്ടല്ലോ. മാത്രവുമല്ല, കഴിഞ്ഞ ദേശീയസമ്മേളനം ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് കടമ എന്ന് പ്രഖ്യാപിച്ചിരുന്നുവത്രെ. ഈ ജൂണില്‍ വീണ്ടും ദേശീയ സമ്മേളനം കൂടുമ്പോള്‍, ശക്തിപ്പെടലൊക്കെ എവിടെയെത്തി എന്ന് അംഗങ്ങള്‍ ചോദിച്ചാല്‍ എന്തുപറയും?

എന്തായാലും ഇപ്പോള്‍ പണ്ടത്തെപ്പോലെ രാജ്യത്തെല്ലായിടത്തും ഒരേ നയമൊന്നും സ്വീകരിക്കാന്‍ പറ്റില്ല എന്ന് സെന്‍ട്രല്‍ കമ്മിറ്റി തീരുമാനിച്ചു. വിപ്ലവകരമായ തീരുമാനത്തെ പാര്‍ട്ടിയുടെ കേരളഘടകം സഹര്‍ഷം സ്വാഗതം ചെയ്തു. ഓരോ സംസ്ഥാനത്തിനും ഓരോ നയം ആകാം. കേരളത്തില്‍ ഒരു മുന്നണി, പ.ബംഗാളില്‍ വേറൊരു മുന്നണി, കേന്ദ്രത്തില്‍ മൂന്നാമതൊരുമുന്നണി. ഇനി അഥവാ വരുന്ന ദേശീയസമ്മേളനം ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന നയം തുടരണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ അതിനുമുണ്ട് പരിഹാരം. കേരളത്തിലെ കോണ്‍ഗ്രസ് ഇടതുപക്ഷമാണ് എന്ന് പ്രഖ്യാപിച്ചാല്‍മതി. കേരളത്തിലെ ലീഗ് വര്‍ഗീയമല്ല എന്ന് പ്രഖ്യാപിച്ചാണ് പണ്ട് കോണ്‍ഗ്രസ് അവരുടെ ലീഗ് വിരുദ്ധ ദേശീയ നിലപാടില്‍ വെള്ളം ചേര്‍ത്തത്. ആര്‍.എസ്.പി.ക്കും ആകാമതുപോലെ. എന്‍.സി.പി. എന്ന പവാര്‍ പാര്‍ട്ടിയില്‍നിന്ന് പഠിക്കണം എല്ലാവരും. കേരളത്തില്‍ എല്‍.ഡി.എഫ്., കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, മഹാരാഷ്ട്രയില്‍ ബി.ജെ.പി. ഒരു പ്രശ്‌നവുമില്ല ആര്‍ക്കും. സി.പി.എം., സി.പി.ഐ. വിപ്ലവകക്ഷികള്‍ക്ക് ഇത്രയും സ്വീകാര്യമെങ്കില്‍ ആര്‍.എസ്.പി.ക്കാണോ പറ്റാത്തത്?

Monday, 15 December 2014

കമ്യൂണിസ്റ്റ് അനൈക്യ ശീതസമരംപോയ വാരവും പത്രങ്ങളുടെയും ചാനലുകളുടെയും ഏറെ സ്ഥലവും സമയവും  സിപിഎംസിപിഐ ശീതസമരം അപഹരിച്ചു. ഉണ്ണുന്നവന് മടുക്കുന്നില്ലെങ്കില്‍ വിളമ്പുന്നവനെങ്കിലും മടുക്കണം എന്ന് പറഞ്ഞതുപോലെ കലഹിക്കുന്നവര്‍ക്ക് മടുപ്പില്ലെങ്കിലും കലഹം വായിക്കുന്നവര്‍ക്ക് മടുക്കുന്നതായി പത്രങ്ങള്‍ക്ക് തോന്നിക്കാണാം. കലഹം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന സ്ഥലവും സമയവും കുറഞ്ഞുവരുന്നു എന്നത് ശ്രദ്ധേയം. ആര്‍ക്കുണ്ട് താല്പര്യം ഈ വൃഥാ വ്യായാമത്തില്‍? സാധാരണ ജനത്തിന് താല്പര്യമുള്ള നൂറുവിഷയങ്ങള്‍ വേറെയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പോലും ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ നടക്കുന്ന വാക്‌പോരാട്ടത്തില്‍ എന്തെങ്കിലും കഴമ്പ് കണ്ടെത്താന്‍ കഴിയുന്നില്ല. ഇവര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന ചോദ്യമാണ് ഇതിനെകുറിച്ച് ചോദിച്ചാല്‍ ആരുടേയും നാവിന്‍തുമ്പത്ത് നിന്ന് ഉതിര്‍ന്നുവീഴുന്ന മറുപടി.

ഈ പോര് നിലനിര്‍ത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നത് സിപിഐ സംസ്ഥാന നേതൃത്വംതന്നെയാണ്. ഈ പോരില്‍ അണികള്‍ക്ക് വലിയ താത്പര്യമുണ്ട് എന്ന് നേതൃത്വം വിശ്വസിക്കുന്നുണ്ടാവാം. അമ്പത് വര്‍ഷം മുമ്പ് നടന്ന, കൊടുംചതി എന്നവര്‍ വിശ്വസിക്കുന്ന പിളര്‍പ്പിന്റെ ഓര്‍മകള്‍, വൈരങ്ങള്‍, പ്രതികാരങ്ങള്‍ എല്ലാം ഉയര്‍ന്നുവരുന്നത് സ്വാഭാവികം മാത്രം. അമ്പത് വര്‍ഷം അവര്‍ പിന്നിട്ടത്, പിറകില്‍ നിന്നുകുത്തിയ വഞ്ചകരായി എതിര്‍പക്ഷത്തെ കണ്ടുകൊണ്ടാണ്. പുറത്തുപ്രകടിപ്പിക്കുന്നതിലേറെ രോഷവും വൈരവും അവര്‍ തമ്മിലുണ്ട്. ഇഎംഎസ്സിനെയും പികെവിയും പോലുള്ള മാന്യന്മാര്‍ക്ക് ഉണ്ടായിരുന്ന സ്വയം നിയന്ത്രണം പന്ന്യനില്‍ നിന്നും പിണറായിയില്‍നിന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഐക്യമോഹം പുറത്തുകാട്ടി നല്ല വാക്കുകള്‍ പറയുമ്പോഴും അനൈക്യം പെരുപ്പിക്കുന്ന പൊടിക്കൈകളും ചതിപ്പണികളും ഇരുപക്ഷവും ഒപ്പിച്ചുവെക്കാറുണ്ട്.

സിപിഐക്കാരുടെ വൈരം തീരാത്തത് ആര്‍ക്കും മനസ്സിലാകും. അമ്പത് വര്‍ഷം മുമ്പ് പാര്‍ട്ടി സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയി പാര്‍ട്ടിയെ പിളര്‍ത്തുകയായിരുന്നു സിപിഎംകാര്‍. അറുപത്തിനാലിലെ പിളര്‍പ്പ് കഴിഞ്ഞ് വെറും മൂന്ന് വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുണ്ടാക്കാന്‍ വേണ്ടി പഴയ വിരോധം മാറ്റിവെക്കാന്‍ തയ്യാറായതാണ് സിപിഐ നേതൃത്വം. മറക്കാനും പൊറുക്കാനുമുള്ള വലിയ മനസ്സ് അവര്‍ പ്രകടിപ്പിച്ചു. കേരളത്തിലും പ.ബംഗാളിലും സിപിഎം നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ പങ്കാളിയാവാനും അവര്‍ തയ്യാറായി.  പക്ഷേ, വേഗം അവര്‍ പിണങ്ങിപ്പിരിഞ്ഞു. സിപിഐ കോണ്‍ഗ്രസ്സിനൊപ്പം പോയി. അടിയന്തരാവസ്ഥയുടെ അസ്വസ്ഥമായ അനുഭവങ്ങള്‍ക്ക് ശേഷം തിരിച്ചുവന്നുവെങ്കിലും ആ വരവ് കുറ്റബോധത്തോടെയായിരുന്നു. വീടുവിട്ടോടിപ്പോയ വികൃതിച്ചെറുക്കന്‍ ഒടുവില്‍ നിവൃത്തികേടുകൊണ്ട് തിരിച്ചുവരുന്നത് മനസ്സിലാക്കാം. മുതിര്‍ന്നവരുടെ കുത്തുവാക്കുകള്‍ അവന്‍ സഹിക്കണമല്ലോ. പക്ഷേ, വീട് വിട്ടോടിപ്പോയ മരുമക്കളാണ് തിരിച്ചുവന്ന് വീട്ടില്‍കയറാതെ കാരണവര്‍ക്ക് നേരെ കുത്തുവാക്കുകളും പരിഹാസവും ഉതിര്‍ക്കുന്നത്. അനന്തരവന്മാരുടെ കൈയില്‍ ഇപ്പോള്‍ ബംഗാളിലും കേരളത്തിലും ത്രിപുരയിലും ഇഷ്ടംപോലെ സ്വത്തും സമ്പാദ്യവുമുണ്ട്. കാരണവര്‍ക്ക് കഴിഞ്ഞ കൂടാനുള്ള വക തന്നെയില്ല. പഴയ പ്രതാപം പറഞ്ഞിരിക്കാം. വഴിപിഴച്ച മരുമക്കള്‍ പ്രതാപികളായി നടക്കുന്നു. നമുക്ക് ഇനി ഒന്നിക്കാം എന്നൊരുപാട്  തവണ പറഞ്ഞുനോക്കി. പുച്ഛിച്ചുതള്ളി
പണ്ട് ഇഎംഎസ്, പിന്നെ ഇപ്പോള്‍ കാരാട്ടും പിണറായിയും.

മാണിയെ പ്രലോഭിപ്പിച്ച് മുന്നണി മാറ്റിക്കാന്‍ ശ്രമിച്ചതില്‍ സിപിഐക്കും പങ്കുണ്ട്. സിക്രട്ടറിയേറ്റ് വളയല്‍ ഉള്‍പ്പെടെയുള്ള സമരം പിന്‍വലിച്ചതില്‍ സിപിഐക്കും പങ്കുണ്ട്. പ്രതിപക്ഷത്തിന്റെ വിശ്വാസ്യതാതകര്‍ച്ചയില്‍ സിപിഐക്കും പങ്കുണ്ട്. എല്ലാറ്റിനും സിപിഎം നേതൃത്വത്തെ കുറ്റപ്പെടുത്തിയും വിമര്‍ശിച്ചും നല്ലപിള്ള ചമയുവാനുള്ള സിപിഐ ശ്രമം യഥാര്‍ത്ഥത്തില്‍ ഭരണമുന്നണിക്കാണ് ആശ്വാസമേകുന്നത്. സരിത മുതല്‍ മാണി വരെയുള്ള ഭരണപക്ഷ വീഴ്ചകളിലെല്ലാം ചര്‍ച്ച അതിവേഗം പ്രതിപക്ഷവീഴ്ച്ചകളിലേക്ക് മാറ്റാനും ജനശ്രദ്ധ തിരിക്കാനും യുഡിഎഫ് ഓപറേറ്റര്‍മാര്‍ക്ക് എളുപ്പം കഴിഞ്ഞു. കുറ്റകൃത്യങ്ങള്‍ എപ്പോഴും ഭരണപക്ഷത്ത് നടക്കുമ്പോഴും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പ്രതിപക്ഷം.  അച്യുതമേനോനെയും ഇഎംഎസ്സിനെയും അടിയന്താരവസ്ഥയെയും കുറിച്ച് തിരിച്ചും മറിച്ചും ചര്‍ച്ച ചെയ്തും പരസ്പരം കുത്തിനോവിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സമയം പാഴാക്കുന്നു. ജനങ്ങളുടെ കണ്ണില്‍ പരിഹാസ്യരാവുന്നു. അതിനിടെ രണ്ട് പാര്‍ട്ടികളിലും പേമെന്റ് സീറ്റും കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്തതും പോലുള്ള പുണ്ണുകള്‍ പൊട്ടിയൊലിച്ച് ദുര്‍ഗന്ധം പരക്കുകയും  ചെയ്യുന്നു.

ചുംബനസമരത്തിന്റെ പരിണാമം

ചുംബനസമരം സജീവ ചര്‍ച്ചവിഷയമായി തുടര്‍ന്നു. ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ്  പുതുതലമുറക്കാര്‍ പുത്തനൊരു സമരരീതിക്ക് തുടക്കം കുറിച്ചത്. നിങ്ങള്‍ പറയുന്നതെല്ലാം ശരിതന്നെ, പക്ഷേ റോഡിലിറങ്ങി പരസ്യമായി ചുംബിച്ചാണോ മതഫാസിസത്തെ നേരിടേണ്ടത് എന്ന ചോദ്യം ചോദിച്ച് സംശയാലുക്കളായി മാറിനിന്നു പൊതുജനത്തില്‍ നല്ലൊരു പങ്ക്. സമരം പുതിയ കേന്ദ്രങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു. മുന്നറിയിപ്പില്ലാതെ അവിടെയും ഇവിടെയും നടക്കുന്നു. ആരംഭത്തിലെ വിഷയം മാറിയിരിക്കുന്നു. അന്നുന്നയിച്ച ചോദ്യങ്ങള്‍ ജനം മറന്നിരിക്കുന്നു. വന്നുവന്ന്. തരംകിട്ടിയാല്‍ എവിടെയെങ്കിലും വട്ടംകൂടി കെട്ടിപ്പിടിച്ച് ചുംബിക്കുകയാണോ ഇവരുടെ പരിപാടി എന്ന സംശയം ഉയരുകയായി. സദാചാരഗുണ്ടകളല്ല തെറ്റുകാര്‍, ചുംബനക്കാരാണ് എന്ന് സാധാരണക്കാര്‍ പറയുന്നേടത്തോളം എത്തിനില്‍ക്കുന്നു.


കോഴിക്കോട്ടെ ചുംബനസമരത്തിനിടയില്‍ നടന്ന സംഗതികള്‍ സെക്കുലര്‍ പുരോഗമന പ്രസ്ഥാനങ്ങളെ ഞെട്ടിപ്പിക്കേണ്ടതായിരുന്നു. കൊച്ചിയില്‍നിന്ന് വ്യത്യസ്ഥമായി മുഖ്യധാരാ മതമൗലികവാദികള്‍ രംഗത്തുവരാതെ മാറിനിന്നപ്പോള്‍ പുതിയ പ്രാകൃതക്കൂട്ടമാണ് രംഗം കൈയടക്കിയത്. അക്രമാസക്തമായി അവര്‍ സമരത്തെ എതിരിട്ടു. മനസ്സുകൊണ്ടും ശരീരം കൊണ്ടും അവര്‍ക്കൊപ്പമായിരുന്നു കേരളാപോലീസ്. റോഡും റെയിലും തടഞ്ഞ് ജനങ്ങളെ കഷ്ടപ്പെടുത്തുന്ന സമരക്കാര്‍ക്ക് സംരക്ഷണം നല്‍കാറുള്ള പോലീസ്  ഇവിടെ സമരവിരുദ്ധ അക്രമാസക്ത സംഘത്തെയാണ് ഫലത്തില്‍ സംരക്ഷിച്ചത്.

ഹനുമാന്റെയും കുരങ്ങന്റെയും പേരിലുള്ളതായിരുന്നു സമരക്കാരെ തല്ലിയോടിക്കാന്‍ വന്ന സംഘങ്ങള്‍. ഹനുമാനും മറ്റ് കുരങ്ങന്മാരും ഏതിനം സദാചാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് വ്യക്തമല്ല. ഹനുമാന്റെ ജന്മം സംഭവിച്ചത് സംബന്ധിച്ച പുരാണകഥകള്‍ കേട്ടവരാരും തങ്ങളുടെ സദാചാരപോലീസ് സംഘത്തിന് ഹനുമാന്റെ പേരിടുമായിരുന്നില്ല. വളരെ ഉദാരമായ ലൈംഗിക സ്വാതന്ത്ര്യങ്ങള്‍ അനുഭവിച്ച പൗരന്മാരെക്കുറിച്ചാണ് പുരാണകഥകള്‍ പറയുന്നത്. ഹനുമാന്റെ ജന്മത്തെകുറിച്ചുള്ള കഥകള്‍ ഒന്നും ഇന്നത്തെ അര്‍ത്ഥത്തിലുള്ള സദാചാരത്തിന്റെ പരിധിയില്‍ വരുന്നില്ല. അത് വേറെ കാര്യം. എന്ത് പേരിടുന്നു എന്നതല്ല. പുതിയ ഒരിനം ഫാസിസം നമ്മുടെ തെരുവുകളില്‍ അതിന്റെ വികൃതാവയവങ്ങള്‍ കാട്ടി ആക്രോശിച്ചുതുടങ്ങിയിരിക്കുന്നു എന്ന് സെക്കുലര്‍ സമൂഹം തിരിച്ചറിയാന്‍ സമയമായി.

നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. പക്ഷേ, അതുപറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി മരിക്കാനും ഞാന്‍ ഒരുക്കമാണ് എന്ന് പറഞ്ഞത് വോള്‍ട്ടയര്‍ ആണല്ലോ. ചുംബനസമരത്തോട് യോജിപ്പില്ലാത്തവരും ആ സമരം നടത്താനുള്ള യുവജനതയുടെ അവകാശം സംരക്ഷിക്കാന്‍ അവര്‍ക്കൊപ്പം നില്‍ക്കണമായിരുന്നു. നിര്‍ഭാഗ്യവശാല്‍, തുടക്കത്തില്‍ പ്രതീക്ഷയുണര്‍ത്തിയ ഇടതുപക്ഷം പോലും ഒന്നുറങ്ങി ഉണര്‍ന്നപ്പോള്‍ പഴയ  കിഴട്ട് കാരണവന്മാരെപ്പോലെ ചെറുപ്പക്കാരോട് മുരളുകയും അമറുകയും ചെയ്യുന്നുണ്ടായിരുന്നു.

ഗണേശന്റെ വെടി

ഭരണപക്ഷം അതിന്റെ വികൃതമുഖം ഒരിക്കല്‍കൂടി പ്രദര്‍ശനത്തിന് വച്ചു. നിയമസഭയില്‍ ഒരു മുന്നറിയിപ്പും നല്‍കാതെ ഒരു മുന്‍മന്ത്രി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. പൊതുമരാമത്ത് വകുപ്പ് സിക്രട്ടറിയുടെ അഴിമതിയെയും സ്വത്ത് സമ്പാദനത്തെയും കുറിച്ചുള്ള കഥകള്‍ നാട്ടില്‍ പാട്ടാകുന്നതിനിടെയാണ് വകുപ്പ് ്ര്രമന്തിയുടെ ഓഫീസിനെ കുറിച്ച് ഞെട്ടിക്കുന്നതെന്ന് പത്രങ്ങള്‍ വിശേഷിപ്പിച്ച ആരോപണങ്ങള്‍ ഉയര്‍ന്നത്. എഞ്ചിനീയര്‍മാരുടെ സ്ഥലംമാറ്റത്തിന് കോഴ വാങ്ങുന്നു, വേറെയെന്തിനെല്ലാമോ കോഴ വാങ്ങുന്നു, കാട്ടുപോത്തുനടക്കുമ്പോള്‍ കുഴയുന്ന മണ്ണിലെത്തുന്ന കൊക്ക് മാത്രമാണ് ടിഒ സൂരജ് തുടങ്ങിയ പരാമര്‍ശങ്ങള്‍ ആരെ ഞെട്ടിക്കാനാണ് ? ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍മന്ത്രിയുടെ രാഷ്ട്രീയവ്യക്തിപര സദാചാരങ്ങളുടെ അവസ്ഥയെന്താണ് ?

ഇനി ഇതിനെക്കുറിച്ചൊന്നും അധികം കേട്ടുകൊള്ളണമെന്നില്ല. എല്ലാ ദിവസവും ഇങ്ങനെ എന്തെല്ലാം കേള്‍ക്കുന്നു. പഴയ കാലത്ത്  ' അഴിമതി തുറന്നുകാട്ടല്‍'   നിത്യവൃത്തിയാക്കിയ ചില ചെറുകിട പത്രങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. ഇന്നയാളുടെ ഇന്ന അഴിമതിയെ കുറിച്ച് വിവരം കിട്ടിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അടുത്ത ലക്കത്തില്‍ എന്ന് അറിയിപ്പുണ്ടാകും. അടുത്ത ലക്കത്തില്‍ സംഭവത്തെകുറിച്ച് ഒരു വിവരവും കാണില്ല. അഴിമതിക്കാരന്‍ പത്രാധിപരെ കണ്ട് പ്രശ്‌നം പരിഹരിക്കും. പിന്നെ വേറെ അഴിമതിക്കാരനെ നോക്കാമല്ലോ.

ഗണേശ്  കുമാറിന്റെ ധാര്‍മികരോഷപ്രകടനം കണ്ടാല്‍ തോന്നുക മന്ത്രിസഭയിലെ പത്തിരുപത് അംഗങ്ങളില്‍ ഒരു മന്ത്രിയുടെ ഓഫീസ് ജീവനക്കാരില്‍ മാത്രം എന്തോ വന്‍ അഴിമതി അദ്ദേഹം കണ്ടെത്തി എന്നാണ്. ബാക്കി മന്ത്രിമാരും അവരുടെ സ്റ്റാഫും എല്ലാം സത്യസന്ധന്മാര്‍. അഴിമതിയുടെ പൊടി പോലും അവിടെയൊന്നും കാണാനില്ല. ഇനി പൊതുമരാമത്ത് അഴിമതിയെ കുറിച്ച് കേള്‍ക്കില്ല. ഗണേശും പൊതുമരാമത്ത് മന്ത്രിയും തമ്മില്‍ കണ്ട് പ്രശ്‌നം സലാമത്താക്കും. ഗണേശന്‍ മന്ത്രിസ്ഥാനവും ഇല്ല വകുപ്പുമില്ലാതെ  എത്ര മാസമായി നടക്കുന്നു. എന്നും ഇങ്ങനെ നടന്നാല്‍ മതിയോ ?

എന്തൊരു ഔദാര്യം !

കാല്‍കാശിന് ഗതിയില്ലാത്ത സ്ഥാപനമാണ് കെഎസ്ആര്‍ടിസി. മുന്‍ ജീവനക്കാര്‍ പെന്‍ഷന്‍ മുടങ്ങി നിരാശരായി ആത്മഹത്യ ചെയ്യുന്നു. ശമ്പളം കൊടുക്കാന്‍ ഓരോ മാസവും ധനമന്ത്രിയുടെ മുമ്പില്‍ പോയി ഇരക്കുന്നു. എങ്ങനെ മുന്നോട്ട് പോകണമെന്നതിന് ഒരു രൂപവുമില്ല. എങ്കിലെന്ത്, നമ്മള്‍ പഴയ ആഡ്യത്വം ഉപേക്ഷിക്കരുതല്ലോ. ഔദാര്യം നമ്മുടെ കൂടെപ്പിറപ്പാണ്. പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാം. വിദ്യാര്‍ത്ഥികളൊന്നും അങ്ങനെ ഒരു ആനുകൂല്യം ആവശ്യപ്പെട്ടിരുന്നില്ലെന്നോ. സാരമില്ല. എല്ലാം അറിഞ്ഞു ചെയ്യണം.
പ്രശ്‌നമൊന്നുമുണ്ടാവില്ല. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും എല്ലാ ദിവസവും രണ്ട് നേരം സര്‍ക്കാര്‍ ബസ്സില്‍ കയറി സ്‌കൂളില്‍ പോയിവരുന്നതായി കണക്കാക്കി അതിന്റെ നഷ്ടപരിഹാരം തരാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുക. കുട്ടികളെ റോഡില്‍കണ്ടാല്‍ കയറ്റണമെന്ന് നിര്‍ബന്ധമില്ല. പണം സര്‍ക്കാര്‍ തന്നാല്‍  മതി. ഒറ്റയടിക്ക് സ്ഥാപനത്തിന്റെ ദാരിദ്ര്യം തീര്‍ക്കാം. എന്നന്നേക്കും.

southlive.in
15Dec 2014

Sunday, 14 December 2014

വാസ്തവം-
 കെ.ജയചന്ദ്രന്‍

കെണിയില്‍ വീണ മാണി
മാണിസാര്‍ സംസ്ഥാനത്തിന്റെ ആദ്യത്തെ സര്‍വസമ്മതമുഖ്യമന്ത്രി ആയിക്കൂടെന്നില്ല എന്ന നിലയെത്തിനില്‍ക്കുമ്പോഴിതാ വിജിലന്‍സ് കോഴക്കേസില്‍ പ്രതിയായിരിക്കുന്നു. സകലരുടെയും പുണ്യപുരുഷന്‍ ഒറ്റരാത്രികൊണ്ട് എടുക്കാച്ചരക്കായി. ദൈവം ഇല്ല എന്ന് നാസ്തികര്‍ പറയുന്നതില്‍ കഴമ്പില്ലേ എന്ന് കേരളാ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു നിമിഷം തോന്നിയിരിക്കും. പേടിക്കാനില്ല. എല്ലാം പരീക്ഷണങ്ങള്‍മാത്രം. ദൈവം രക്ഷിക്കും


കോഴവാങ്ങി എന്നതിന് കേരളത്തില്‍ ഒരു മന്ത്രി ആദ്യമായാണുപോലും കേസില്‍ കുടുങ്ങുന്നത്. എന്തൊരു അദ്ഭുതം! ആദ്യമായി കേസില്‍ കുടുങ്ങിയ മന്ത്രി എന്നേ പറഞ്ഞിട്ടുള്ളൂ. ആദ്യമായി കോഴവാങ്ങിയ മന്ത്രി എന്നൊരു ബഹുമതി ആരും മാണിസാറിന് ചാര്‍ത്തിക്കൊടുക്കുകയില്ല. ഏതെല്ലാം മന്തന്മാര്‍ എത്രയെല്ലാം വാങ്ങിക്കൂട്ടിയിരിക്കുന്നു. അവരാരും ഇത്തരമൊരു കേസില്‍ പെട്ടില്ല. അത്യന്തം കാര്യക്ഷമമാണ് നമ്മുടെ അഴിമതി നിയന്ത്രണ വിജിലന്‍സ്‌രാഷ്ട്രീയ സംവിധാനം. സംശുദ്ധകേരളം, അഴിമതിരഹിതകേരളം! സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഒരു മന്ത്രി കോഴക്കേസില്‍ പ്രതി. എന്തുകാര്യത്തിലും മുന്നില്‍ മാണിസാര്‍തന്നെ വേണമല്ലോ.
പത്രക്കാരും രാഷ്ട്രീയക്കാരും പറഞ്ഞുപറഞ്ഞ് കുഴിയാനയെ ചിലപ്പോള്‍ കൊമ്പനാനയാക്കിക്കളയും. മുമ്പ് കേട്ടിരുന്നത് കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കൗശലങ്ങള്‍ ഏറെ സ്റ്റോക്കുള്ളത് മാണിസാറിനാണ് എന്നാണ്. കരുണാകരനുശേഷം അതുമാറി. മാണിതന്നെ മുന്നില്‍. തന്ത്രകുതന്ത്രം പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസില്‍ ലോകറാങ്കും ഡോക്ടറേറ്റും ഉള്ള ഏക ഇന്ത്യക്കാരനാണ് കെ.എം. മാണിയെന്ന് ആരാധകര്‍ പറഞ്ഞുനടക്കുന്നുണ്ടായിരുന്നു. 50 വര്‍ഷമായി മാണിസാര്‍ സ്വന്തമായൊരു പാര്‍ട്ടി ചുമലിലേന്തി നടക്കുന്നു. വര്‍ഷംതോറും പിളര്‍പ്പും ലയനവും സംഘടിപ്പിക്കാന്‍ കാശ് കുറച്ചൊന്നും പോരല്ലോ. ഇടവിട്ടിടവിട്ട് സംസ്ഥാന ധനമന്ത്രി. അവതരിപ്പിച്ചത് 12 ബജറ്റ്. കോണ്‍ഗ്രസ് വിട്ട് വേറെ കോണ്‍ഗ്രസ് ഉണ്ടാക്കിയവരൊന്നും ഇന്ത്യയിലൊരിടത്തും വേരുപിടിച്ചിട്ടില്ല.

കേരളാ കോണ്‍ഗ്രസ്സിന് നല്ലവണ്ണം വേരുപിടിച്ചെന്ന് മാത്രമല്ല, 50 വര്‍ഷമായി കനത്ത വിളവുമായിരുന്നു. നാണ്യവിളകളായിരുന്നതുകൊണ്ട് കാശിനും പഞ്ഞമില്ല. എല്ലാം മാണിസാറിന്റെ മിടുക്കുകൊണ്ടാണ് എന്നല്ലേ നമ്മള്‍ വിശ്വസിച്ചിരുന്നത്. വഹിച്ച മന്ത്രിസ്ഥാനങ്ങളെല്ലാം നല്ല ചക്കരക്കുടങ്ങള്‍ ആയിരുന്നിട്ടും മാണിസാര്‍ ഒരു വിജിലന്‍സ് അന്വേഷണത്തിനും മറുപടി പറയേണ്ടിവന്നിരുന്നില്ല. അധ്വാനവര്‍ഗസിദ്ധാന്തത്തിന് നൊബേല്‍ പുരസ്‌കാരം തലനാരിഴയ്ക്കാണ് മിസ്സായതെന്ന് പാലാക്കാര്‍ കരുതുന്നു. മാണിസാര്‍ സംസ്ഥാനത്തിന്റെ ആദ്യത്തെ സര്‍വസമ്മത മുഖ്യമന്ത്രി ആയിക്കൂടെന്നില്ല എന്ന നിലയെത്തിനില്‍ക്കുമ്പോഴിതാ വിജിലന്‍സ് കോഴക്കേസില്‍ പ്രതിയായിരിക്കുന്നു. സകലരുടെയും പുണ്യപുരുഷന്‍ ഒറ്റ രാത്രികൊണ്ട് എടുക്കാച്ചരക്കായി. ദൈവം ഇല്ല എന്ന് നാസ്തികര്‍ പറയുന്നതില്‍ കഴമ്പില്ലേ എന്ന് കേരളാ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു നിമിഷം തോന്നിയിരിക്കും. പേടിക്കാനില്ല. എല്ലാം പരീക്ഷണങ്ങള്‍മാത്രം. ദൈവം രക്ഷിക്കും. മുഖ്യമന്ത്രിസ്ഥാനം തരാനേ പാര്‍ട്ടികളുടെ ഔദാര്യം വേണ്ടൂ. വിജിലന്‍സ് കേസില്‍നിന്ന്് രക്ഷിക്കാന്‍ ദൈവം മതി.

ഇതിനേക്കാള്‍ വലിയ ഡസന്‍ കേസ് വന്നിട്ടും ഈ കോണ്‍ഗ്രസ്സുകാര്‍ എങ്ങനെയാണ് ഓരോന്നില്‍നിന്നും തടിയൂരിപ്പോന്നത്? വിജിലന്‍സ് കേസില്‍ അന്വേഷണത്തെ നേരിടാത്ത മന്ത്രിയാരുണ്ട് കേരളത്തില്‍? കേസുള്ളവരൊക്കെ രാജിവെച്ചാല്‍ പിന്നെ ആര് മന്ത്രിയാകും? മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്യംതന്നെ എടുക്കൂ. മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ സകലേടത്തുനിന്നും കിട്ടിയിട്ടുണ്ട് പിടിപ്പത് വിമര്‍ശനം. നാലഞ്ച് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പുറത്തുപറയാന്‍ കൊള്ളാത്ത കേസുകളില്‍പ്പോലും കുടുങ്ങി. സരിത, സലിംരാജ്, ടൈറ്റാനിയം, പാമോലിന്‍ തുടങ്ങി എത്രയെത്ര കേസുകള്‍ വിടാതെ പിന്തുടരുന്നു. നിയമം അതിന്റെ വഴിക്കുപോകുമെന്ന് ഇടയ്ക്കിടെ ജപിക്കുന്നതുകൊണ്ടാണെന്ന് തോന്നുന്നു, കേസൊന്നും ഇങ്ങോട്ടടുക്കുന്നില്ല. മുന്‍കാലത്ത് ഇതിന്റെ പാതി ആരോപണം ഉയര്‍ന്നപ്പോള്‍ മന്ത്രിമാര്‍ രാജിവെച്ചുപോയിട്ടുണ്ട്. അവര്‍ക്ക് ധാര്‍മികത്തിന്റെ അസുഖം ഉണ്ടായതാണ് കാരണം. മുഖ്യന് അങ്ങനെയാരു പ്രശ്‌നമില്ല. സെക്രട്ടേറിയറ്റ് വളഞ്ഞാലും നിവര്‍ന്നാലും പ്രശ്‌നമല്ല. വീട് ഉപരോധിച്ചാലും കുലുങ്ങില്ല കേളന്‍. ആഴ്ചയില്‍ രണ്ട് എന്ന തോതിലാണ് രാഷ്ട്രീയപ്രതിസന്ധി. പാര്‍ട്ടിയിലും മുന്നണിയിലും അഖണ്ഡ തമ്മില്‍ത്തല്ലും. എന്നിട്ടും തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടും സീറ്റും കൂടുതല്‍ നേടി മുന്നണി. ഇതെന്താണ് വിദ്യയെന്ന് മാണിക്കുപോലും മനസ്സിലായിട്ടില്ല.

മുഖ്യമന്ത്രിയുടെ കിങ്കരന്മാരുടെ ഗൂഢാലോചനകൊണ്ടാണോ അതല്ല, സംസ്ഥാനത്തെ കുടിയന്മാരുടെ ശാപം കൊണ്ടാണോ മാണിസാര്‍ കെണിയില്‍ കുടുങ്ങിയതെന്ന് വ്യക്തമല്ല. കേരളാകോണ്‍ഗ്രസ്സുകാര്‍ വിശ്വസിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ ദൗത്യസംഘമാണ് കുടിലവൃത്തിയുടെ പിന്നിലെന്നാണ്. അതില്‍ യുക്തിയില്ലാതില്ല. സര്‍വസമ്മതനായിരുന്നു മാണി. ബി.ജെ.പി. മുഖപത്രംപോലും പാലേലെ 'മാണി'ക്യത്തെ വാനോളം പൊക്കിയതാണ്. അസൂയ മൂത്തിട്ടാവും കോണ്‍ഗ്രസ്സുകാര്‍ ഗൂഢാലോചന
നടത്തിയത്. മദ്യം മാണിയുടെ വകുപ്പല്ല. അദ്ദേഹത്തിന്റെ കൈവശമുള്ള നിയമവകുപ്പിന് ചില്ലറ ദ്രോഹമൊക്കെ ചെയ്യാന്‍ കഴിയുമായിരിക്കും. അത്രയേ ഉള്ളൂ. മദ്യവില്പനക്കാരുടെ സംഘടന മാണിക്കുമാത്രം കോഴ കൊടുക്കില്ലെന്ന് ഏത് കടുംപൊട്ടനും അറിയാം. എന്നിട്ടും ആരോപണവും വിജിലന്‍സും കേസുമെല്ലാം മാണിക്കെതിരെ മാത്രം. ഒരായുസ്സുകൊണ്ട് ഉണ്ടാക്കിയ കീര്‍ത്തിയെല്ലാം ഇതാ കിടക്കുന്നു ധരണിയില്‍. മുമ്പൊരുതവണ കേന്ദ്രമന്ത്രിയാകാനുള്ള സകല ലക്ഷണവും ഒത്തുവന്നതാണ്. അന്ന് ലീഡറാണ് പാലംവലിച്ചതെന്ന് പലരും പറഞ്ഞു. പോകട്ടെ, മുഖ്യമന്ത്രിസ്ഥാനം? അതും പോകട്ടെ, ഉപമുഖ്യമന്ത്രിസ്ഥാനമെങ്കിലും? ഒന്നുമുണ്ടായില്ല. അവസാനകാലത്ത് ഉണ്ടായത് പിടിപ്പത് ദുഷ്‌പേര്.

                                                        ****
സംസ്ഥാനരാഷ്ട്രീയത്തിന്റെ ചര്‍ച്ചയില്‍ മൃഗസാന്നിധ്യം പതിവായിരിക്കുന്നു. കാട്ടുപോത്ത്, കണ്ടാമൃഗം എന്നിവയാണ് പ്രതീകങ്ങളായി സദാ രംഗത്തുവരുന്നത്. ചിലര്‍ക്ക് യക്ഷികളുടെ ഉപദ്രവമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. മന്ത്രിമാരില്‍ ചിലര്‍ കാട്ടുപോത്തുകളാണെന്നും അവര്‍ നടക്കുമ്പോള്‍ ഇളകുന്ന മണ്ണിലെ പുഴുക്കളെ കൊത്തുന്നവരാണ് ഉദ്യോഗസ്ഥരെന്നും പറഞ്ഞത് മന്ത്രിസ്ഥാനത്തിരുന്ന് നല്ല അനുഭവമുള്ള ഗണേശ് കുമാര്‍ ആണ്. സത്യമാവും.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വമ്പന്‍ അഴിമതി നടക്കുന്നതായുള്ള ആരോപണം കേട്ട് മുഖ്യമന്ത്രിക്കും കെ.പി.സി.സി. പ്രസിഡന്റിനും ആശ്വാസം തോന്നിയിരിക്കണം. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തില്‍ അഴിമതിനടന്നു എന്നല്ല ആരോപിച്ചിട്ടുള്ളത്. പൊതുവെ അഴിമതിയാണ് എന്നുമാത്രം. ഇത് കേട്ടാല്‍ തോന്നുക പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍മാത്രമാണ് അഴിമതി കണ്ടത് എന്നാണ്. ബാക്കി മന്ത്രിയാപ്പീസുകളെല്ലാം ശുദ്ധം.

അഴിമതിക്കേസില്‍ പിടിയിലായ ഉദ്യോഗസ്ഥന്‍ നാടുമുഴുക്കെ വീടും ഫ്‌ളാറ്റും എസ്റ്റേറ്റും വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. അഴിമതിക്കാരായ വലിയവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നൊരു നമ്പര്‍ വിദ്വാന്‍ ഇറക്കിനോക്കി. സരിതയ്ക്ക് കഴിയുന്നത് സൂരജിന് കഴിയില്ല. അഴിമതിക്കാരന്‍ അഴിമതിക്കൂട്ടാളിയുടെ പേര് പറയില്ല.നാളെ തലയൂരാന്‍ അവന്റെ സഹായമെങ്കിലുംകിട്ടണ്ടേ?
പാര്‍ട്ടിക്കാര്‍ക്കെല്ലാം അറിയാം എവിടെയെല്ലാം എത്രയെല്ലാം അഴിമതിയുണ്ടെന്ന്. പക്ഷേ, മിണ്ടില്ല. മദ്യക്കച്ചവടക്കാരന്‍ പറയുംവരെ മന്ത്രി മാണി പ്രതിപക്ഷത്തിനും സംശുദ്ധനായിരുന്നതുപോലെ. അഴിമതിയെക്കുറിച്ച് മിണ്ടാതിരിക്കുന്നതും മിണ്ടുന്നതും രാഷ്ട്രീയലക്ഷ്യത്തോടെ. വെളിപ്പെടുത്തലുകള്‍ കേട്ട് കൈയടിക്കുന്ന ജനം വിഡ്ഢി.

****
കേന്ദ്രസര്‍ക്കാറിന് നന്ദി, ഇനി ആത്മഹത്യചെയ്യാന്‍ പേടിക്കേണ്ട. ശ്രമം പരാജയപ്പെട്ടാല്‍ ഒരുകൊല്ലം ജയിലിലാകില്ല എന്നുവേണമെങ്കില്‍ പരിഹസിക്കാം. പക്ഷേ, രാജ്യത്തെ വലിയ വിഡ്ഢിനിയമം മാറ്റാന്‍ ഇപ്പോഴെങ്കിലും തയ്യാറായ സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
ഏത് നിയമവും സഭയില്‍ ചര്‍ച്ചപോലും നടത്താതെ നിമിഷംകൊണ്ട് പാസാക്കാം. പക്ഷേ, നിയമം ഇല്ലാതാക്കാന്‍ ചില്ലറയൊന്നുമല്ല പാട്. 42 വര്‍ഷംമുമ്പ് ആരംഭിച്ചതാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 309ാം വകുപ്പ് റദ്ദാക്കാന്‍ വേണ്ടിയുള്ള ശ്രമമെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു. തട്ടിയും മുട്ടിയും അതങ്ങനെ നീണ്ടുപോയി. ഇപ്പോഴേ അതിന്റെ സമയമായുള്ളൂ.
ഫോട്ടോസ്റ്റാറ്റ് ലോകം മുഴുവന്‍ നിലവില്‍വന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മാര്‍ക് ലിസ്റ്റ് ഗസറ്റഡ് ഓഫീസറെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിച്ചുകൊണ്ടുവരാന്‍ കല്പിക്കുന്ന ചട്ടങ്ങള്‍ നിലനിന്നു. മോദി സര്‍ക്കാര്‍ വേണ്ടിവന്നു അതും മാറ്റാന്‍. ഇപ്പോഴും പല സംസ്ഥാനസര്‍ക്കാറുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബോധമുദിച്ചിട്ടില്ല.

Tuesday, 9 December 2014

മദ്യനിരോധനപുലിവാല്‍


മദ്യനിരോധനം പ്രഖ്യാപിച്ചത് അതിന്റെ പ്രായോഗികതയെകുറിച്ച് വേണ്ടത്ര പഠിച്ചല്ല എന്ന സത്യം അവശേഷിക്കുന്നു. ഹോട്ടല്‍ വ്യവസായത്തെയും ടൂറിസത്തെയും ബാധിക്കുന്ന കുറെ നിയന്ത്രണങ്ങള്‍ നീക്കേണ്ടി വരും. രണ്ടിനും ഇടയില്‍ വട്ടംകറങ്ങുകയാണ് യു.ഡി.എഫ്.
    മാസം മൂന്നെങ്കിലുമായി യു.ഡി.എഫ് മദ്യനിരോധനപ്പുലിയുടെ വാലില്‍ പിടിച്ചിട്ട്. പുലിവാല്‍ പിടിക്കുക എന്ന് കേട്ടിട്ടേയുള്ളൂ. അതിത്ര അപകടകാരിയാകുമെന്ന് ആരും നേരില്‍ കണ്ടുകാണില്ല. അപകടമില്ലാതെ തലയൂരാന്‍ മുഖ്യമന്ത്രിക്കും മറ്റ് യു.ഡി.എഫുകാര്‍ക്കും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. പക്ഷേ, വി.എം.സുധീരന്‍ സമ്മതിക്കില്ല. ഉമ്മന്‍ചാണ്ടി പിടി വിട്ടാല്‍ പുലി ചാണ്ടിയെ വക വരുത്തും. പിടിയൂരാനായില്ലെങ്കില്‍ തളര്‍ന്നുവീണ് ഉമ്മന്‍ ചാണ്ടിയുടെ കഥ കഴിയും. രണ്ടായാലും സുധീരന് ഒന്നും നഷ്ടപ്പെടാനില്ല.

    ഒരു കാരണവും പ്രകോപനവുമില്ലാതെയാണ് യു.ഡി.എഫ് ബാര്‍ പ്രശ്‌നം എന്ന പുലിയുടെ വാലില്‍ കയറിപ്പിടിച്ചത്. യു.ഡി.എഫിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മാനിഫെസ്റ്റോവിലോ മറ്റേതെങ്കിലും നയപ്രഖ്യാപനത്തിലോ, സംസ്ഥാനത്തെ അമിത  മദ്യോപയോഗം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള സകല ബാറുകളും പൂട്ടുമെന്ന് പറഞ്ഞിട്ടില്ല. പൂട്ടണമെന്ന് പലരും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറെയായിക്കാണും. ഘട്ടം ഘട്ടമായി പൂട്ടും എന്ന് ഉറപ്പ് നല്‍കി വര്‍ഷമെത്രയായി ഇത് തുടരുന്നു. ഇപ്പോള്‍ ബാര്‍ പൂട്ടിച്ചവരൊന്നും ബാര്‍ പൂട്ടണമെന്ന് ആഗ്രഹിച്ചവരല്ല. പക്ഷേ, എന്തുചെയ്യും. അവര്‍ക്കിപ്പോള്‍ മദ്യവിരുദ്ധ പോരാളികളായി അഭിനയിക്കുകയും വേണം, വല്ല വിധേനയും ബാര്‍ തുറക്കാന്‍ വഴികാണുകയും വേണം എന്നുവന്നിരിക്കുന്നു.

    മദ്യ ഉപയോക്താക്കള്‍ക്കുള്ള സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി തുടങ്ങിയ നടപടിയാണ് ഈ പൊല്ലാപ്പില്‍ കലാശിച്ചത് എന്നോര്‍ക്കുമ്പോള്‍ ആര്‍ക്കാണ് ചിരി വരാതിരിക്കുക? കുറെ  ബാറുകള്‍ക്ക് നിശ്ചിത നിലവാരമില്ല. നിലവാരം ഉയര്‍ത്താന്‍ എക്‌സൈസ് വകുപ്പ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ചട്ടത്തില്‍ പറഞ്ഞ നിലവാരം ഉണ്ടാക്കുക പണച്ചെലവുള്ള പണിയാണ്. അതിലും ലാഭം നിലവാരം പരിശോധിക്കാന്‍ വരുന്നവരെ സന്തോഷിപ്പിക്കലാണ്.  മദ്യം കഴിക്കാന്‍ വരുന്നവര്‍ക്ക് എളുപ്പം കാര്യം നടക്കണമെന്നേ ഉള്ളൂ. മദ്യത്തിന്റെ നിലവാരത്തെ കുറിച്ചുപോലും ചിന്തിക്കാത്തവര്‍ക്ക് എന്തിന് വേറെ സൗകര്യം !. ഉദ്യോസ്ഥരെ സന്തോഷിപ്പിച്ച്  ബാറുടമകള്‍ സ്ഥിരമായി സംഗതി ഒപ്പിച്ചെടുക്കുന്നതില്‍ അമര്‍ഷം  പൂണ്ട എക്‌സൈസ് ഉന്നതര്‍ ആണ് ബാര്‍ അടപ്പിച്ചതെന്ന് മദ്യമേഖലയിലുള്ളവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.  ഇത്രയും ബാറുകള്‍ എന്നന്നേക്കും അടപ്പിക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് എക്‌സൈസ് മന്ത്രിയോ മുഖ്യമന്ത്രിയോ പറഞ്ഞിരുന്നില്ല. അടച്ചപ്പോഴല്ലേ അതാ വരുന്നു ഇതുവരെയില്ലാത്ത പൊല്ലാപ്പുകള്‍. നിലവാരം ഉണ്ടാക്കുകയല്ല,  ബാറേ ഇല്ലാതാക്കുകയാണ് വേണ്ടത് എന്നായി മദ്യവിരുദ്ധപ്രസ്ഥാനങ്ങള്‍. ഓര്‍ക്കാപ്പുറത്ത് വീണുകിട്ടിയ അവസരം ഉപയോഗപ്പെടുത്താന്‍ പാഞ്ഞെത്തി കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍.

    ഹൈക്കമാന്‍ഡ് ആഗ്രഹിച്ചുചെയ്തതാവില്ലെന്നത് ശരി. പക്ഷേ, അവരുടെ നടപടി കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് ഒരു പ്രതിച്ഛായാ ശീതസമരത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. വി.എസ്. അച്യുതാനന്ദന്റെ കോണ്‍ഗ്രസ് എഡിഷന്‍ ആകാനാണ് സുധീരന്‍ ശ്രമിക്കുന്നതെന്ന്  ആദര്‍ശമൊക്കെ പണ്ടേ ഉപേക്ഷിച്ച മറ്റുകോണ്‍ഗ്രസ് ഗ്രൂപ്പുകാര്‍ക്ക് മുമ്പേതന്നെ പരാതിയുണ്ടായിരുന്നു. പ്രായോഗിക ആദര്‍ശവാദിയാണല്ലോ ഉമ്മന്‍ ചാണ്ടി. ഇടയിലൂടെ ചെന്നിത്തലയും വന്നു. ഓരോരുത്തരും ഓരോ ബ്രാന്‍ഡുകള്‍ ഇറക്കി സെല്‍ഫ് മാര്‍ക്കറ്റിങ്ങ് നടത്തുന്നുണ്ടായിരുന്നു. പക്ഷേ, മദ്യത്തില്‍ സുധീരന്‍ പിടിക്കുന്ന അത്ര ബലംപിടിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. സുധീരന്‍ പ്രതിച്ഛായാമത്സരത്തില്‍ വല്ലാതെ പോയന്റ് നേടുന്നു എന്നുതോന്നിയപ്പോഴാണല്ലോ ബാക്കി ബാറുകളും അടച്ചുപൂട്ടുക എന്ന കടുംകൈക്ക് മുഖ്യമന്ത്രി മുതിര്‍ന്നത്.

    ചെയ്തത് അതിക്രമമാണ് എന്ന് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും അറിയായ്കയല്ല. മദ്യവില്പനയും ഒരു വ്യവസായമാണ്. നിയമാനുസൃത വ്യവസായംതന്നെയാണ്. അവര്‍ അധോലോക മാഫിയകള്‍ അല്ല. ബാങ്കില്‍നിന്ന് കടമെടുത്തും സമ്പാദ്യമെടുത്തും തുടങ്ങിയിട്ടുള്ള സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക്  കുടുംബമുണ്ട്. സര്‍ക്കാറിന്റെ സാമ്പത്തികനയങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ് ഏത് രംഗത്തും മൂലധനമിറക്കുന്നത്. ചെയ്യാന്‍ പോകുന്നത് പറയണം, പറഞ്ഞതേ ചെയ്യാന്‍ പാടുള്ളൂ എന്നത് വ്യവസായ നയരംഗത്ത് പ്രധാനപ്പെട്ട കാര്യമാണ്. നേതാക്കള്‍ക്ക് ഓര്‍ക്കാപ്പുറത്ത് ഉണ്ടാകുന്ന ഉള്‍വിളികള്‍ക്കൊത്തല്ല നയങ്ങളും നിയമങ്ങളും മാറ്റിമറിക്കേണ്ടത്. രാഷ്ട്രീയ അടിയന്തരങ്ങള്‍ക്ക്  വഴങ്ങിയാണ് പൊടുന്നനെ യു.ഡി.എഫ് ഭാഗിക മദ്യനിരോധം ഏര്‍പ്പെടുത്തിയത് എന്ന യാഥാര്‍ത്ഥ്യം ആര്‍ക്ക് നിഷേധിക്കാനാകും ? അങ്ങനെതന്നെയായിരുന്നു പഴയ ചാരായനിരോധനവും.

    മദ്യനയത്തില്‍ സര്‍ക്കാറിന്റെ നയമെന്ത് എന്ന് കോടതി ഇക്കഴിഞ്ഞ ആഴ്ചയും ചോദിച്ചു. സത്യമായും സര്‍ക്കാറിന് കൃത്യമായ നയമില്ല. ആര്‍ക്കാണ് ഉള്ളത് ? ആരും കോടതികളോട് ചോദ്യം ചോദിക്കില്ല എന്നത് സൗകര്യംതന്നെ. പക്ഷേ, മദ്യവിഷയത്തില്‍ കോടതികള്‍ക്കുണ്ടോ വ്യക്തമായ കാഴ്ചപ്പാട് ? ഓരോ വിധിയിലും നിയമജ്ഞരുടെ ആത്മനിഷ്ഠമായ നിരീക്ഷണങ്ങള്‍ക്കാണ് പ്രാമുഖ്യം വരുന്നത്. വ്യത്യസ്തകോടതികള്‍ വ്യത്യസ്തരീതിയിലാണ് നിയമത്തെ വ്യാഖ്യാനിക്കുന്നത്. എല്ലാ ഫോര്‍ സ്റ്റാറുകള്‍ക്കും മദ്യം, കൂടുതല്‍ ഹോട്ടലുകള്‍ക്ക് ഫോര്‍സ്റ്റാര്‍ പദവി... ഇതെല്ലാം കോടതി ഉത്തരവുകളിലൂടെ ഉണ്ടാകുന്ന തിരുത്തലുകളാണ്.  ' പെട്ടെന്ന് മദ്യമില്ലാതാക്കിയാല്‍ ജനങ്ങള്‍ മറ്റുമാര്‍ഗങ്ങള്‍ തേടും. മദ്യക്കടത്ത്, വ്യാജമദ്യം, മറ്റുലഹരികള്‍ എന്നിവ  മദ്യത്തിന് പകരം സ്ഥാനം പിടിക്കും. മദ്യ ഉപയോഗം കുറയ്ക്കണമെന്ന ലക്ഷ്യത്തില്‍ നടപ്പാക്കിയ ചാരായ നിരോധനവും എക്‌സൈസ് തീരുവ വര്‍ദ്ധനയും ഫലമുണ്ടാക്കിയില്ല' ഹൈക്കോടതിയുടെ നിരീക്ഷണമാണിത്. ഇതേ കോടതിതന്നെ സര്‍ക്കാര്‍ മദ്യംവില്‍ക്കുന്നതിലെ അധാര്‍മികതയെക്കുറിച്ചും വിമര്‍ശിച്ചിട്ടുണ്ട്.

    ലേശം യാഥാര്‍ത്ഥ്യബോധത്തിന്റെ കുറവ് മദ്യനയരൂപവല്‍ക്കരണത്തില്‍ ഉണ്ടായെന്ന് പറയാതെ പറയുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. പ്രായോഗികതയില്‍ പിടിച്ചാണ് ഇപ്പോള്‍ നയമാറ്റത്തെകുറിച്ചുള്ള ആലോചന മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. മദ്യനയമാകുമ്പോള്‍ പ്രായോഗികതയ്ക്ക് പല അര്‍ത്ഥങ്ങള്‍ കാണും. യു.ഡി.എഫ് ഭരണനേതൃത്വത്തെ ബാര്‍ ഉടമസ്ഥരുടെ ശക്തമായ ലോബിയിങ്ങ് അലട്ടുന്നുണ്ടാകുമെന്ന തീര്‍ച്ച. എന്തും നേടാന്‍ പണത്തിന്റെ ശക്തി കൊണ്ട് കഴിയുമെന്ന് അവര്‍ക്കറിയാം. നയത്തില്‍ ചെറിയ മാറ്റമെങ്കിലും വരുത്തിയാല്‍ ബാറുകാരില്‍നിന്ന് പണം വാങ്ങി നയം മാറ്റി എന്ന ആരോപണം സര്‍ക്കാര്‍ നേരിടേണ്ടിവരും. പക്ഷേ, മദ്യനിരോധനം പ്രഖ്യാപിച്ചത് അതിന്റെ പ്രായോഗികതയെകുറിച്ച് വേണ്ടത്ര പഠിച്ചല്ല എന്ന സത്യം അവശേഷിക്കുന്നു. ഹോട്ടല്‍ വ്യവസായത്തെയും ടൂറിസത്തെയും ബാധിക്കുന്ന കുറെ നിയന്ത്രണങ്ങള്‍ നീക്കേണ്ടി വരും. രണ്ടിനും ഇടയില്‍ വട്ടംകറങ്ങുകയാണ് യു.ഡി.എഫ്.

    തീരുമാനം കോടതികള്‍ക്ക് വിടുകയാവും യു.ഡി.എഫിന്റെ ആരോഗ്യത്തിന് നല്ലത്. ഇല്ലെങ്കില്‍ തമ്മില്‍തല്ല് ആത്മഹത്യപരമായേക്കും.

    ****

    വിനാശകാരിയാണ് മദ്യം എന്ന യാഥാര്‍ത്ഥ്യത്തെ ആര്‍ക്ക് നിഷേധിക്കാന്‍ കഴിയും? ചെപ്പടിവിദ്യകള്‍കൊണ്ട് നേരിടാന്‍ കഴിയില്ല ആ മാരകദൂഷ്യത്തെ. ശ്രീകൃഷ്ണഭഗവാന്റെ കണ്‍മുമ്പിലാണ് യാദവകുലത്തിലെ അവസാനത്തെ പോരാളികള്‍ മദ്യപിച്ച് ഇരുമ്പുദണ്ഡ് കൊണ്ട് പരസ്പരം  തല തല്ലിപ്പൊളിച്ച് മരിച്ചുനശിച്ചത് എന്ന് പുരാണം പറയുന്നു.

    ആര്‍ക്കറിയാം, ഭഗവാന് കഴിയാഞ്ഞത് നമുക്ക് കഴിയുമായിരിക്കും.

    ***
    കോഴിക്കോട്ടും ചുംബനസമരം വരുന്നു. നല്ലതുതന്നെ. സദാചാരഗുണ്ടകള്‍ ഞെട്ടട്ടെ. പക്ഷേ, ഈ സമരം ഒരു ശീലമാക്കാന്‍ പറ്റിയ ഇനമല്ല. സമരക്കാര്‍ക്ക് മടുക്കില്ലായിരിക്കും. പക്ഷേ, നാട്ടുകാര്‍ക്ക് വേഗം മടുക്കും, സൂക്ഷിക്കണം.
'മലക്കപ്പിശാചു'കള്‍


ഡോ. മന്‍മോഹന്‍ജിയെ ജീവനോടെ വറച്ചട്ടിയിലിട്ട് പൊരിച്ച ആളുകള്‍ക്ക് അതേ കാര്യം മോദി ചെയ്തപ്പോള്‍ മിണ്ടാട്ടമില്ല. മന്‍മോഹന്റെ താടിയല്ല താടി. മോദിയുടെ താടിയെയേ പേടിയുള്ളൂ.


മലക്കംമറിയലില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ലോകറെക്കോഡ് നേടിയതായി റിപ്പോര്‍ട്ട് ഉണ്ട്. ആറുമാസം കൊണ്ട് 25 മലക്കങ്ങളാണത്രെ മറിഞ്ഞത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സ്ഥിതിവിവരക്കണക്ക് വകുപ്പാണ് ഇക്കാര്യം കണ്ടെത്തിയത്. അവര്‍ക്ക് ഇപ്പോള്‍ വേറെ പണിയൊന്നുമില്ലല്ലോ. ഇക്കാര്യത്തിലുള്ള തങ്ങളുടെ അഭിനന്ദനം അറിയിക്കുന്നതിന് കഴിഞ്ഞ ദിവസം അവരുടെ വക്താവ് മാധ്യമസമ്മേളനംതന്നെ വിളിച്ചുകൂട്ടുകയുണ്ടായി. മോദിസര്‍ക്കാറിന് പ്രശംസാപത്രവും ഉപഹാരവും നല്‍കി. ഓരോ മലക്കത്തിന്റെയും ആസ്വാദനം ഉള്‍ക്കൊള്ളുന്ന 30 പേജുള്ള ലഘുലേഖ തദവസരത്തില്‍ പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. ആറുമാസത്തില്‍ 25 മലക്കം എന്നുപറഞ്ഞാല്‍ ആഴ്ചയില്‍ ഒന്ന് വരും. ഒട്ടും മോശമല്ല. അറുപത് വര്‍ഷത്തോളം ഭരിച്ചിട്ടും കോണ്‍ഗ്രസ്സുകാര്‍ക്ക് മോദിജിയുടെ ആറുമാസത്തിന് അടുത്തൊന്നും എത്താന്‍ കഴിഞ്ഞിരുന്നില്ല പോലും.;

ഭരണത്തില്‍ വരാന്‍ വേണ്ടി ഒന്ന് പറയുക, വന്നുകഴിഞ്ഞാല്‍ തിരിച്ചുപറയുക എന്നതിനാണ് ദേശീയ രാഷ്ട്രീയത്തില്‍ മലക്കം എന്ന് പറയുക. ഈ വിദ്യ കലയായി വളര്‍ത്തിയവരെ സര്‍ക്കസ്സിലാണ് ധാരാളമായി കാണുക. നമ്മുടെ നാട്ടുകാരനായ ഒരു മലക്കംമറിച്ചിലുകാരന്റെ പ്രകടനം കണ്ട് ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലര്‍ ഞെട്ടിയതായും മലക്കപ്പിശാച് എന്ന് വിശേഷിപ്പിച്ചതായും കേട്ടിട്ടുണ്ട്. രാഷ്ട്രീയം ആണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍ക്കസ്. രാഷ്ട്രീയത്തിലെ മലക്കപ്പിശാചുകളെ കണ്ടിരുന്നുവെങ്കില്‍ ഹിറ്റ്‌ലര്‍ കാല്‍തൊട്ട് വണങ്ങുമായിരുന്നു. ഒറിജിനല്‍ സര്‍ക്കസ്സിലെന്നപോലെ കേരളീയരാണ് രാഷ്ട്രീയസര്‍ക്കസ്സിലും മുന്നില്‍. അത് വിഷയം വേറെ. ഇവിടെ ദേശീയപ്രശ്‌നം മാത്രം കൈകാര്യം ചെയ്യാം.

കോണ്‍ഗ്രസ്സിന്റെ അത്യുല്‍സാഹത്തിന് മതിയായ കാരണമുണ്ട്. ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഭരണത്തെ ജനം പിച്ചിച്ചീന്തിയെറിയാന്‍ കാരണമായ നൂറ്റൊന്നു സംഗതികളില്‍ നാലിലൊന്ന് വെറും ആറുമാസത്തിനകം ബി.ജെ.പി.സര്‍ക്കാര്‍ സ്വന്തമാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് ചെയ്തപ്പോള്‍ ഇതിനേക്കാള്‍ മോശമായ മറ്റൊരു സംഗതി ഭൂലോകത്തില്ലെന്ന് പറഞ്ഞുനടന്നവരാണ് ബി.ജെ.പി.ക്കാര്‍. അതില്‍ ആധാറും ഗ്യാസ് സബ്‌സിഡി ബാങ്കിലൂടെ ആക്കിയതും പെടും. മന്‍മോഹന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ പേരും ലേബലും മാറ്റി മോദി സര്‍ക്കാര്‍ അടിച്ചുമാറ്റുന്നു എന്നാണ് പരാതി. പത്തുകൊല്ലം ഭരിച്ചിട്ടും ഇത്തരം സംഗതികള്‍ ബൗദ്ധിക സ്വത്തവകാശത്തില്‍ പെടുത്താന്‍ മന്‍മോഹന്‍ജിക്ക് തോന്നിയില്ല. ഇനി പറഞ്ഞിട്ട് കാര്യമില്ല.
മലക്കംമറിഞ്ഞു എന്നല്ല കോണ്‍ഗ്രസ്സിന്റെ പരാതി. 25 വിഷയത്തില്‍ യു ടേണ്‍ എടുത്തു എന്നാണ് പറഞ്ഞത്. (മലയാളത്തിലെ യു അല്ല. ഇംഗ്ലീഷിലെ ഡ). വണ്ടിയോടിച്ചുപോകുമ്പോള്‍ വളവിന്റെ ഡിഗ്രി നോക്കിയിട്ടല്ലല്ലോ ടേണ്‍ എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എങ്ങോട്ടാണ് പോകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇത്. പണ്ട് തെറ്റെന്ന് ബി.ജെ.പി.ക്കാര്‍ പറഞ്ഞ നയങ്ങള്‍ ഇപ്പോള്‍ മോദി സ്വന്തമാക്കുന്നുവെങ്കില്‍ ഗുണ്ട് പൊട്ടിച്ച് ആഹ്‌ളാദം പ്രകടിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നത് എന്ന അഭിപ്രായക്കാരുമുണ്ട്.

ഇരുപത്തഞ്ച് മലക്കങ്ങളും ഇവിടെ വിസ്തരിക്കാന്‍ പറ്റില്ല, ചിലതുമാത്രം പറയാം. ഭരണം ഏറ്റ് നൂറുദിവസത്തിനകം സ്വിസ് ബാങ്കിലെ കോണ്‍ഗ്രസ്സുകാരുടെ കള്ളനിക്ഷേപം മുഴുവന്‍ പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വീതിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനം. സ്വിറ്റ്‌സര്‍ലന്‍ഡ് കൊച്ചുരാജ്യമാണ്. സി.ബി.ഐ.യിലെ രണ്ട് കോണ്‍സ്റ്റബിള്‍മാരെ അയച്ചാല്‍ സംഗതി നടക്കുമെന്ന് ആരെങ്കിലും മോദിജിയെ തെറ്റിദ്ധരിപ്പിച്ചിരുന്നുവോ എന്നറിയില്ല. അധികാരത്തിലേറി സംഗതികള്‍ അന്വേഷിച്ചപ്പോഴാണ് പ്രതിപക്ഷത്തിരുന്ന് ബഹളംവെക്കുന്നതുപോലൊന്നുമല്ല കേസ് എന്ന് മനസ്സിലായത്. മീശ പിരിച്ചുകാട്ടിയാലൊന്നും സംഗതി നടക്കില്ല. കടുകട്ടിയായ എവിഡന്‍സ് വേണമത്രെ. അതിന് ഇനി എവിടെ പോകാനാണ് ?

വേറെ ഒരബദ്ധവും പറ്റി. വിദേശബാങ്കുകളിലുള്ള അനധികൃത നിക്ഷേപം മുഴുവന്‍ പിടിച്ചെടുത്ത് ഇന്ത്യക്കാര്‍ക്കിടയില്‍ തുല്യമായി വീതിച്ചുനല്‍കുമെന്ന് മോദിജി തിരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചിരുന്നുവത്രെ. ആവോ. ആവേശത്തില്‍ വല്ലതും പറഞ്ഞുകാണും. മൊത്തം സംഖ്യ ഊഹമാണ്. സോഷ്യല്‍ മീഡിയയിലെ സാമ്പത്തിക വിദഗ്ധന്മാരുടെ കണക്കനുസരിച്ചാണെങ്കില്‍ വിദേശബാങ്കിലെ സംഖ്യ കിട്ടിയാല്‍ പിന്നെ ഇന്ത്യക്കാര്‍ നൂറുകൊല്ലത്തേക്ക് പണിയെടുക്കേണ്ട. തിന്നാനുംകുടിക്കാനും ഉടുക്കാനുമുള്ളതെല്ലാം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് സൗജന്യമായി വിതരണം ചെയ്യാം. ചുമ്മാ പോയി ക്യൂ നിന്നാല്‍ മതി (ബിവറേജസിലെ സാധനം ഇതില്‍ പെടില്ല). ബി.ജെ.പി. ആസ്ഥാന വിദഗ്ധര്‍ കണക്ക് കൂട്ടിയപ്പോള്‍ ഓരോ ഇന്ത്യക്കാരനും 15 ലക്ഷം കിട്ടും എന്നേ കണ്ടിരുന്നുള്ളൂ. മോദിജി അധികാരത്തില്‍ വന്നയുടനെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ഉത്തരവിടുകയും യുദ്ധകാലാടിസ്ഥാനത്തില്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്തപ്പോള്‍ പാവങ്ങള്‍ വിചാരിച്ചത് ഈ 15 ലക്ഷം അക്കൗണ്ടിലേക്ക് ഉടന്‍ വരും എന്നാണ്. പാവങ്ങള്‍ ഇടയ്ക്കിടെ ബാങ്കുകളില്‍ ചെന്ന് 'മോദിയുടെ പൈശ ബന്നോ' എന്ന് ചോദിക്കാറുമുണ്ട്. ഇനിയും എത്ര കാലം ചോദിക്കുമോ എന്തോ..

അമേരിക്കയുമായുള്ള ആണവക്കരാര്‍, അസം ഭൂമി ബംഗ്‌ളാദേശിന് നല്‍കുന്ന കാര്യം, നേതാജിയുടെ മരണം അന്വേഷിക്കല്‍, ആധാര്‍, ബാങ്ക് സബ്‌സിഡി എന്നിങ്ങനെ പോകുന്നു കോണ്‍ഗ്രസ്സില്‍ നിന്ന് അടിച്ചുമാറ്റിയ വിഷയങ്ങള്‍. കുറെയെല്ലാം സത്യംതന്നെ. ഡോ. മന്‍മോഹന്‍ജിയെ ജീവനോടെ വറച്ചട്ടിയിലിട്ട് പൊരിച്ച ആളുകള്‍ക്ക് അതേ കാര്യം മോദി ചെയ്തപ്പോള്‍ മിണ്ടാട്ടമില്ല. മന്‍മോഹന്റെ താടിയല്ല താടി. മോദിയുടെ താടിയെയേ പേടിയുള്ളൂ.

മോദിയുടെ മലക്കങ്ങള്‍ പരസ്യപ്പെടുത്താന്‍ മാധ്യമസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ നിയോഗിക്കപ്പെട്ടത് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കനെ ആയിരുന്നു. ഹൈക്കമാന്‍ഡിന്റെ ഔചിത്യബോധത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സ്ഥാനം വഹിക്കുന്നവര്‍ക്കെതിരെ കേസുണ്ടായാല്‍ സ്ഥാനം ഒഴിയണമെന്ന കോടതി വിധി മറികടക്കാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതിനെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് വക്താവ് മാധ്യമസമ്മേളനം വിളിച്ചു ചേര്‍ക്കുകയും ആ യോഗത്തില്‍ പാഞ്ഞുകയറി രാഹുല്‍ഗാന്ധി ഓര്‍ഡിനന്‍സ് വലിച്ചുകീറുകയും ചെയ്തത് ഇന്ത്യക്കാര്‍ മറക്കുകയില്ല. ഓര്‍ഡിനന്‍സിനെ വക്താവ് അജയ് മാക്കന്‍ ന്യായീകരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു യുവരാജാ പ്രകടനം. തലേന്ന് ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച അപമാനിത താരം അജയ് മാക്കന് പിറ്റേന്ന് ബോധോദയമുണ്ടായി. ഓര്‍ഡിനന്‍സ് വലിച്ചുകീറേണ്ടതുതന്നെയായിരുന്നു എന്നാണ് അദ്ദേഹം പത്രക്കാരോട് പറഞ്ഞത്! മക്കാന്‍ തന്നെ അസല്‍ മലക്കപ്പിശാച് !

                                                                                    ****

സിവില്‍ കോടതിയുടെ അധികാരമുള്ള സ്ഥാപനമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ എന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. പേടിക്കണം. ഇനി കോടതിയലക്ഷ്യത്തിന് ശിക്ഷിക്കാന്‍ പവ്വറുണ്ടോ എന്നും അറിഞ്ഞുകൂടാ. സൂക്ഷിക്കണമല്ലോ. സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ ന്യൂനപക്ഷസമുദായാംഗങ്ങള്‍ക്ക് കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനാണ് സ്ഥാപനം എന്നാണ് കേട്ടിരുന്നത്. ആര്‍ക്കും വിരോധമില്ല.
പക്ഷേ, ഇപ്പോള്‍ തോന്നുന്നത് മുസ്ലിങ്ങളുടെ സകല കാര്യങ്ങളും തീരുമാനിക്കാനുള്ള ഖിലാഫത്ത് അധികാരം കൂടി കമ്മീഷന് സര്‍ക്കാര്‍ രഹസ്യമായി നല്‍കിയിട്ടുണ്ട് എന്നാണ്. പര്‍ദ ഇടണമെന്ന് ഇസ്ലാം നിര്‍ബന്ധിക്കുന്നില്ല എന്ന് പറഞ്ഞ എം.ഇ.എസ്. സ്‌റ്റേറ്റ് പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂറിനോട് വിശദീകരണം ചോദിച്ചിരിക്കുന്നവത്രെ കമ്മീഷന്‍. ഇനി പിടിച്ചുജയിലിലിടുമോ എന്തോ..
ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നതിന് എതിരെ ഒരു സര്‍ക്കാര്‍ സ്ഥാപനംതന്നെ രംഗത്ത് വന്നാല്‍ പൊതുജനം എന്തുചെയ്യും? ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന് മനുഷ്യാവകാശകമ്മീഷന്‍ നോട്ടീസയയ്‌ക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.

                                                                                              ****

ജ്യോത്സ്യം ശാസ്ത്രത്തേക്കാള്‍ മുകളിലാണെന്ന് കരുതുന്ന ഭരണകക്ഷി എം.പി., രാമന്റെ സന്തതികളല്ലാത്തവര്‍ ജാരസന്താനങ്ങളാണെന്ന് കരുതുന്ന കേന്ദ്രമന്ത്രി, പുരാണകോട്ടയുടെ അടിയില്‍ സ്വര്‍ണനിക്ഷേപമുണ്ടെന്ന് സ്വപ്നം കണ്ടതിന്റെ പേരില്‍ ഖനനം നടത്താന്‍ ഉത്തരവിട്ട മറ്റൊരു കേന്ദ്രമന്ത്രി, ഭാവിയില്‍ രാഷ്ട്രപതിയാവുമെന്ന ജോത്സ്യന്റെ പ്രവചനത്തില്‍ സ്വയം മയങ്ങിപ്പോയ കേന്ദ്രവിദ്യാഭ്യാസമന്ത്രി, പുരാണ കാലത്തേ ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറിയുള്ളതിന് തെളിവാണ് ആനയുടെ തലയുള്ള ഗണേശനെന്ന് വിശ്വസിക്കുന്ന മറ്റൊരു കേന്ദ്രമന്ത്രി, കര്‍ണന്‍ മാതാവിന്റെ വയറ്റില്‍ പിറന്നതല്ല എന്ന വിശ്വാസത്തിന്റെ അര്‍ഥം അക്കാലത്ത് ജനിതകശാസ്ത്രം അത്രയും വികസിച്ചിരുന്നു എന്നാണെന്ന് കരുതുന്ന പ്രധാനമന്ത്രി....
അന്ധവിശ്വാസത്തിനെതിരെ നിയമം കൊണ്ടുവരാന്‍ ചില സംസ്ഥാനങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടത്രെ. ഒരു പ്രയോജനവുമുണ്ടാവില്ല. അന്ധവിശ്വാസം എന്ന സങ്കല്‍പ്പം ഭരണഘടനാവിരുദ്ധമാണെന്ന പ്രഖ്യാപനം വരാന്‍ ഇനി വലിയ കാലതാമസമുണ്ടാകില്ല.

nprindran@gmail.com

Wednesday, 3 December 2014

വേണം, മാധ്യമങ്ങള്‍ക്ക് മേലെയും ഒരു കണ്ണ്

Monday, 1 December 2014

യാത്രകള്‍ അന്തമില്ലാത്ത യാത്രകള്‍

രാഷ്ട്രീയവാരഫലംഎല്ലാ രാഷ്ട്രീയ യാത്രകളും ജനപക്ഷത്ത് നിന്നുകൊണ്ടേ നടത്താറുള്ളൂ. അതുപ്രത്യേകം പറയേണ്ടതില്ല. ജനവിരുദ്ധ പക്ഷത്ത് എങ്ങനെ നില്‍ക്കാനാണ്. തീര്‍ച്ചയായും കെ.പി.സി.സി.പ്രസിഡന്റ് വി.എം. സുധീരന്റെ യാത്രയും ജനപക്ഷത്ത് നിന്നുകൊണ്ടുള്ളതാണ്; യാത്രയുടെ പേരുതന്നെ അതായതുകൊണ്ട് അക്കാര്യത്തില്‍ സംശയമുണ്ടാവില്ല. കേരളത്തില്‍ കാസര്‍ഗോഡ് ടു ട്രിവാന്‍ഡ്രം ആദ്യത്തെ യാത്രയല്ല ഇത്. അവസാനത്തേതുമല്ല. അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. യാത്ര തിരുവനന്തപുരം എത്തുമ്പോഴേക്ക് ആകാശം ഇടിഞ്ഞുവീഴുമെന്നൊക്കെ പണ്ട് പലരും ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും ഒന്നും സംഭവിക്കാറില്ല.

എന്നാണ് ആദ്യം ഇത് നടത്തിയത് എന്ന് കണ്ടെത്താന്‍ ഗവേഷണം വേണ്ടിവരും. സ്വാതന്ത്ര്യസമരകാലത്ത് പട്ടിണിജാഥകളും ഉപ്പ് കുറുക്ക് ജാഥകളും സംസ്ഥാനത്ത് തലങ്ങും വിലങ്ങും നടന്നിട്ടുണ്ട്. കാല്‍നട ജാഥകള്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷവും നടന്നിട്ടുണ്ട്. എ.കെ.ജി. മുതല്‍ എ.കെ.ആന്റണി വരെ നിരവധി നേതാക്കള്‍ കാസര്‍ഗോഡ് മുതല്‍ തലസ്ഥാനം വരെ കാല്‍നട ജാഥ തന്നെ നടത്തിയിട്ടുണ്ട്. കാല്‍നട ഇപ്പോള്‍ പതിവില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞതുകൊണ്ടാവണം ! ഗാന്ധിയന്‍-വിപ്ലവപാര്‍ട്ടി ഭേദമില്ലാതെ ഇപ്പോള്‍ എ.സി. കാറുകളിലേ ഇത് നടക്കാറുള്ളൂ. കാലത്തിനനുസരിച്ച് നമ്മളും മാറണമല്ലോ. പഴയകാലത്തെ യാത്രകള്‍ വലിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ ജനജാഗരണ പടയോട്ടങ്ങളായിരുന്നു. ജനങ്ങളുടെ ആവേശത്തില്‍ ഭരണകൂടങ്ങള്‍ ഇളകിയാടിയിട്ടുണ്ട്.

കാല്‍നട ജാഥകളില്‍ വെച്ചേറ്റവും കേമം മുന്‍കാല യുവതുര്‍ക്കി ചന്ദ്രശേഖര്‍ കന്യാകുമാരി മുതല്‍ ന്യൂഡല്‍ഹി വരെ കാല്‍നടയായി നടത്തിയതാണ്. അത് നമ്മുടെ ഓര്‍മയില്‍ ഉണ്ട്. അദ്ദേഹത്തിന് പിന്നീട് പ്രധാനമന്ത്രിസ്ഥാനത്തിരിക്കാന്‍ അവസരം ലഭിച്ചു. പഴയ ജനതാപാര്‍ട്ടി നേതാവ് കന്യാകുമാരിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ആറുമാസത്തോളം നീണ്ട പദയാത്രയാണ് നടത്തിയത്. 1983 ജനവരി ആറിന് തുടങ്ങി കേരളം വഴി 4260 കിലോ മീറ്റര്‍ പിന്നിട്ട് അദ്ദേഹം ജൂണ്‍ 25നാണ് ഡല്‍ഹിയിലെത്തിയത്. ഇന്ന് ഒരു പക്ഷേ വിശ്വസിക്കാന്‍ പ്രയാസം തോന്നും. അമ്പത്താറാമത്തെ വയസ്സിലാണ് ആ മനുഷ്യന്‍ ഇത്രയും ദൂരം കാല്‍നടയായി, അതെ കാല്‍നടയായി സഞ്ചരിച്ചത്. ( ആ യാത്രക്ക്  ഞായറാഴ്ച അവധി ഉണ്ടായിരുന്നില്ല !) എന്തിനാണ് ഇത്രയും കഷ്ടപ്പെട്ടത് എന്നറിഞ്ഞുകൂടാ. യാത്രയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുക, അവരില്‍ സാമൂഹ്യമാറ്റത്തെ  കുറിച്ച് പ്രതീക്ഷ വളര്‍ത്തുക എന്നൊക്കെയായിരുന്നു. അതുവല്ലതും നടന്നുവോ എന്നറിയുകയില്ല. ആറേഴ് വര്‍ഷം കഴിഞ്ഞ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായത് ഈ ദീര്‍ഘയാത്രയുടെ ഗുണം കൊണ്ടല്ല. പാര്‍ട്ടി പിളര്‍ത്തി, കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ്അധികാരത്തില്‍ കേറിപ്പറ്റുകയായിരുന്നു. അത് അധികം നീണ്ടുനിന്നതുമില്ല. കൂട്ടത്തില്‍ പറഞ്ഞെന്നുമാത്രം ഇത് നമ്മുടെ വിഷയത്തില്‍ വരുന്ന കാര്യമല്ല.

വി.എം.സുധീരന്റേതുള്‍പ്പെടെ ഇത്തരം സകല യാത്രകള്‍ക്കും പൊതുവായ ഒരു രീതിയും ഏതാണ്ട് സമാനമായ അജന്‍ഡയമുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മാത്രം, തിരിച്ച് കാസര്‍ഗോഡേക്ക് ആരെങ്കിലും ജാഥ നടത്തിയതായി ഓര്‍മയിലില്ല. തലസ്ഥാനമാണല്ലോ എല്ലാവരും ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട് റൂട്ട് ശരിയല്ല എന്ന് കുറ്റപ്പെടുത്താന്‍ പറ്റില്ല. യാത്രകള്‍ മുഴുവന്‍ ഒരു നേതാവ് ആദ്യവസാനം നയിക്കുന്നതായാണ് കാണുന്നത്. ഇടയ്ക്ക് വച്ച് ബാറ്റന്‍ മറ്റൊരാള്‍ക്ക് കൈമാറിയാല്‍ സംഗതി പൊളിഞ്ഞുപോകുമോ എന്തോ. വിപ്ലവപാര്‍ട്ടിയാകട്ടെ, വര്‍ഗീയ ഹിന്ദുത്വ പാര്‍ട്ടിയാകട്ടെ ഒരാളേ ആദ്യാവസാനം സംഗതി നയിക്കാറുള്ളൂ. സംസ്ഥാനം മുഴുവന്‍ നേതാവിന്റെ ഫോട്ടോ- ഫഌക്‌സിലായാലും കടലാസിലായാലും- ഏതാണ്ട് ഒരേ സ്‌റ്റൈലിലാവും. മുഴുനീള സൈസില്‍ വലതുകൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യണം. സുധീരന്റേത് സുന്ദര മുഖം ആയതുകൊണ്ടാവണം അതുതന്നെയാണ് സംസ്ഥാനം മുഴുവന്‍ പോസ്റ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.  കൈവീശല്‍ അധികമില്ല. ഫഌക്‌സ് പാടില്ല എന്നൊക്കെ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും നടപ്പാകാന്‍ ഇടയില്ല. കോണ്‍ഗ്രസ്സല്ലേ കക്ഷി. ബാറുകാരുടെ അടുത്തുനിന്ന് പണം വാങ്ങരുതെന്ന് പറഞ്ഞാല്‍ അവര്‍ ബാറുകാരുടെ അടുത്തുനിന്നേ പണം വാങ്ങൂ. എന്നിട്ടത് അവര്‍തന്നെ പത്രക്കാരോട് പറയുകയും ചെയ്യും.

ജാഥയെകുറിച്ച് പഴയ  കാല കെ.പി.സി.സി. പ്രസിഡന്റ് കെ.മുരളീധരന് വലിയ  മതിപ്പില്ല. വെജിറ്റേറിയന്‍ ജാഥ ആണെന്നാണ് അദ്ദേഹം പരിഹസിച്ചത്. ഇപ്പോള്‍ പക്ഷിപ്പനിയും കൊളസ്റ്ററോള്‍ പ്രശ്‌നങ്ങളുമെല്ലാം ഉള്ളതുകൊണ്ട് വെജിറ്റേറിയനാണ് നല്ലത്. ജൈവകൃഷി, മാലിന്യനിര്‍മാര്‍ജനം എന്നിവയും ഫാഷനായിട്ടുണ്ട്. ഒരു നേതാവ് നടത്തുന്ന യാത്ര ആ ആള്‍ക്ക് വേണ്ടിയുള്ള ഏര്‍പ്പാടാണെന്ന ധാരണ പൊതുവെ ഉള്ളതാണ്. നടത്തുന്ന ആള്‍ക്ക്  മുഖ്യമന്ത്രിയാകാനുള്ള ഏര്‍പ്പാട്. ആ നിലയ്ക്കാണെങ്കില്‍ പിണറായി വിജയന്‍ രണ്ടോ മൂന്നോ വട്ടം മുഖ്യമന്ത്രിയാകേണ്ട സമയം കഴിഞ്ഞു. നടത്തുന്നവന്‍ വലിയ ആളായിക്കളയുമോ എന്ന ഭീതി കോണ്‍ഗ്രസ്സില്‍ പരക്കെ പടരും. അതുകൊണ്ട് പരമാവധി ചീത്തപ്പേര് കക്ഷിക്കുണ്ടാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും മറ്റുള്ളവര്‍ ശ്രമിക്കുന്നുണ്ട്. ബാര്‍പിരിവും അതിന്റെ ചാനല്‍ സ്റ്റിങ്ങും വെറുതെ പൊട്ടിമുളക്കുന്നതല്ലെന്ന്  ഏത് മന്ദബുദ്ധിക്കാണ് അറിയാത്തത് ! സാമാന്യം നല്ല ചീത്തപ്പേരുണ്ടാക്കിയാണ് ജാഥ മുന്നേറുന്നത്.

ജ്യോത്സ്യരുടെ ഉപദേശം തേടാഞ്ഞതുകൊണ്ടോ എന്തോ, നല്ല സമയത്തല്ല സുധീരന്റെ ജാഥ തുടങ്ങിയതെന്ന സംശയമുണ്ട്. തുടങ്ങിയപ്പോഴേ പൊട്ടിവീണത് കെ.എം.മാണിയുടെ ബാര്‍ കോഴ ആരോപണമാണ്. മുമ്പത്തെ പോലെ പുണ്യവാളന്‍ വേഷമിട്ട്, അന്വേഷിക്കണം,  വിജിലന്‍സിനെ ഏല്‍പ്പിക്കണം , സി.ബി.ഐ. അന്വേഷിക്കണം എന്നും മറ്റും പ്രസ്താവിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ബാര്‍ കോഴ ആരോപണം സുധീരനെ തളര്‍ത്തിയില്ല. വിദേശ ഗൂഡാലോചന ഉണ്ടെന്നും മറ്റും ആരോപിച്ച് പിടിച്ച് നിന്നു. അതങ്ങനെയങ്ങ് കെട്ടടങ്ങിയതുമില്ല. എന്തായാലും ബാര്‍ കോഴ ആക്ഷേപം മാണിയുടെ ഒരു രാഷ്ട്രീയജീവിതത്തിലെ വിനാശകാരിയായി പ്രതിസന്ധിയായി മാറി. അദ്ദേഹത്തെ പ്രീണിപ്പിച്ച് ഒപ്പംചേര്‍ക്കാന്‍ ഇടതുമുന്നണി നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങള്‍ക്ക് ഇതോടെ അന്ത്യമായി. സംഘപരിവാര്‍ പോലും തെല്ലൊരു സോഫ്റ്റ് കോര്‍ണറോടെ തലോടിയിരുന്ന സകലരുടെയും പ്രിയപ്പെട്ട മാണിസാര്‍ പെട്ടെന്നാണ് ആര്‍ക്കും വേണ്ടാത്ത എടുക്കാത്ത മുക്കാലായത്.  ഇതിന്റെ പിന്നിലെ ബുദ്ധി ആരുടേതാണ് ? ഇതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസ്സാണ്. അതുകൊണ്ടുതന്നെ തെളിവൊന്നുമില്ലെങ്കിലും വിരല്‍ ചൂണ്ടപ്പെടുന്നത് മുഖ്യമന്ത്രിക്ക് നേരെയാണ്. സംഗതി സത്യമെങ്കില്‍ പത്ത് കെ. കരുണാകരന്മാരുടെ കൗടില്യം ഉമ്മന്‍ ചാണ്ടി ആര്‍ജിച്ചുകഴിഞ്ഞു എന്നേ പറയാനുള്ളൂ. നോക്കണേ,  മാണിക്കെതിരായ ആരോപണം ഇപ്പോള്‍ അലട്ടിക്കൊണ്ടിരിക്കുന്നത് യു.ഡി.എഫിനെ അല്ല, എല്‍.ഡി.എഫിനെയാണ്. എവര്‍ സ്‌മൈലിങ്ങ് മാണിയുടെ മാത്രമല്ല,  നോണ്‍ സ്‌മൈലിങ്ങ് പിണറായി വിജയന്റെയും മുഖം ഇരുണ്ടിരിക്കുന്നു.

ബാര്‍കോഴയുടെ പുക കെട്ടുതുടങ്ങിയിട്ടുണ്ട്. പക്ഷിപ്പനിയുടെ പുകയാണ് എങ്ങും. ലക്ഷം താറാവിനെ കൊല്ലുമ്പോള്‍ പുക കുറെ  ഏറെ ഉയരുമല്ലോ.

കൂത്തുപറമ്പില്‍ പുതിയ തുടക്കം


സി.പി.എം. പഴയ നേതാവും പില്‍ക്കാല കൊടും ശത്രുവുമായ എം.വി.രാഘവന് മരണാനന്തര മാപ്പ് പ്രഖ്യാപിച്ചുവോ എന്നതാണ് പോയ വാരം  ഉയര്‍ന്ന വലിയ ചോദ്യം. കഷ്ടകാലത്തിന്, രാഘവന്‍ മരണമടഞ്ഞത് കുത്തുപറമ്പ് വെടിവെപ്പിന്റെ ഇരുപതാം വാര്‍ഷികത്തിന് തൊട്ട് മുമ്പായിപ്പോയി. ഇരുപത് വര്‍ഷമായി കൂത്തുപറമ്പില്‍ ഈ സമ്മേളനം നടക്കുന്നതിന്റെ നാലയലത്ത് എം.വി.ആറോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ ആരെങ്കിലുമോ എത്തിനോക്കാറുപോലുമില്ല. കൈയില്‍ കിട്ടിയാല്‍ കഥ കഴിക്കും. അഞ്ചുസഖാക്കളെയാണ് വെടിവെച്ചുകൊന്നത്. മന്ത്രി എം.വി.രാഘവന് ഒരു ബാങ്ക് ഉദ്ഘാടനം ചെയ്യാനുള്ള വഴിയൊരുക്കാന്‍ വേണ്ടി. വിമോചനസമരകാലത്ത് സമരക്കാരെ തുരത്താന്‍ നടത്തിയ വെടിവെപ്പുകള്‍ക്ക് ശേഷം ഇത്രയും ജീവനാശം ഒരൊറ്റ സംഭവത്തില്‍ വേറെ ഉണ്ടായിട്ടില്ല. അഞ്ച് രക്തസാക്ഷികളുടെ ചോരയെകുറിച്ച് വീരഗാഥകള്‍ പാടി യുവാക്കള്‍ ആവേശഭരിതരായി ചെങ്കൊടി ഉയര്‍ത്തി മുന്നേറുമ്പോഴാണ് അപ്രതീക്ഷിതമായി എം.വി.ആര്‍ മെല്ലെ ലൈന്‍ മാറ്റിത്തുടങ്ങിയത്. യു.ഡി.എഫുകാരുടെ കൊള്ളരുതായ്മ ആണെന്ന് പറഞ്ഞാല്‍മതിയല്ലോ. എം.വി.ആറിനെ അവരൊട്ടും വകവെച്ചില്ല.  നിയമസഭയില്‍ സീറ്റ് ഇല്ലാത്ത ആരേയും വകവെക്കേണ്ട എന്നതാണ് അവരുടെ കുബുദ്ധിപൂര്‍വകമായ ലൈന്‍. അത് ഗൗരിയമ്മയായാലും ശരി എം.വി.ആറായാലും ശരി. സി.പി.എമ്മിനോട് പിണങ്ങിയാല്‍ യു.ഡി.എഫ്, യു.ഡി.എഫിനോട് പിണങ്ങിയാല്‍ എല്‍.ഡി.എഫ് എന്നതാണ് കേരളത്തിലെ പൊതുവായ ലൈന്‍. എം.വി.ആര്‍ മുതല്‍ എന്‍.കെ.പ്രേമചന്ദ്രന്‍ വരെ ഒരു വിപ്ലവകാരിയും ലോഹ്യാ സോഷ്യലിസ്റ്റുകളും അക്കാര്യത്തില്‍ ലവലേശം മടികാട്ടിയിട്ടില്ല.  ഇങ്ങോട്ട് ചാടിയവന് ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അങ്ങോട്ടും ചാടാം.

എന്തായാലും, കുറച്ചായി പിണക്കത്തിലായിരുന്നു എം.വി.ആര്‍. .യു.ഡി.എഫുകാര്‍ വകവെക്കാറുമില്ല. അവശനായ എം.വി.ആര്‍ വേണ്ട, അതിബുദ്ധിജീവിയായ സി.പി.ജോണ്‍ മതി എന്ന തീരുമാനത്തിലാണ് അവര്‍ നിന്നത്. ഓര്‍ക്കാപ്പുറത്ത്  പിണറായി വിജയന്‍ എം.വി.ആറിനെ വീട്ടില്‍ സന്ദര്‍ശിച്ചത് സി.എം.പി.ക്കാരെ കണ്ണീരണിയിച്ചെങ്കില്‍ കുറ്റപ്പെടുത്താന്‍ പറ്റില്ല. സി.പി.ജോണ്‍ സ്‌റ്റോക്‌ഹോം സിന്‍ഡ്രോം എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചതുകൊണ്ട് ഒപ്പമുണ്ടായിരുന്ന ഒരാള്‍ കൂടി അപ്പുറം പോയത് ലാഭം. കൊല്ലാന്‍ നടന്ന ആള്‍ വന്ന് സ്‌നേഹം പ്രകടിപ്പിച്ചാല്‍ ആരാണ് വീണുപോകാത്തത് ? ഒരു തെറ്റൊക്കെ ആര്‍ക്കാണ് പറ്റാത്തത്- അവര്‍ സി.പി.എമ്മിനോടുള്ള വൈരത്തിന്റെ ഡോസ് കുറച്ചുകൊണ്ടിരുന്നതാണ്. ഊരുവിലക്ക് പ്രഖ്യാപിച്ച വര്‍ഗശത്രുവിന്റെ ശവമടക്കിന് പോകുന്നതുപോലും വലിയ കുറ്റമായിരുന്നു പണ്ടൊക്കെ. എല്ലാമെല്ലാമായിരുന്ന പി.വി.കുഞ്ഞിക്കണ്ണനെ പതിറ്റാണ്ടുകളോളം തിരിഞ്ഞുനോക്കിയിട്ടില്ലാത്ത കക്ഷികളാണ്. എം.എന്‍.വിജയന്‍ മരിച്ചുവീണപ്പോള്‍ ആ വഴിക്ക് പോയിട്ടില്ല ഈ നേതാക്കളൊന്നും. നല്ല മാഷായിരുന്നു അദ്ദേഹമെന്നാണ് ശിഷ്യന്‍ പിണറായി വിജയന്‍ അനുസ്മരിച്ചത്. പക്ഷേ, കാലം മാറി. ഗാന്ധിസം, സസ്യഭക്ഷണം, മാലിന്യനിര്‍മാര്‍ജനം, സാന്ത്വന ചികിത്സ, വയോജന പരിരക്ഷ തുടങ്ങിയ ഫീല്‍ഡുകളിലും പാര്‍ട്ടി ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്. തങ്കപ്പെട്ട സ്വഭാവമാണ് ഇപ്പോള്‍. ഇടയ്ക്ക് ഒരു നേരംപോക്കിന് ഓരോരുത്തരെ കൊല്ലുമെന്നേ ഉള്ളൂ. നമ്മളെ കൊല്ലാതിരുന്നാല്‍ മതിയല്ലോ.

അങ്ങനെയിരിക്കെ പെട്ടെന്ന് സഖാവ് രാഘവന്‍ അന്തരിച്ചത്. സി.പി.എം നിമിഷം വെടിയാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ എന്ന ലൈനിലായി സി.എം.പി, സി.പി.എം പാര്‍ട്ടികള്‍. മരണ ശേഷം ആദ്യം  നടന്ന കൂത്തുപറമ്പ് രക്തസാക്ഷിദിനത്തില്‍ സ്വാഭാവികമായും രാഘവനെ ഓര്‍ക്കാതിരിക്കാന്‍ പാര്‍ട്ടി പ്രത്യേകം ശ്രദ്ധിച്ചു. പഴയ രോഷമില്ല.അധിക്ഷേപമില്ല. നാലുനാള്‍ മുമ്പുമാത്രം മരിച്ച ആളെ അധിക്ഷേപിക്കുക ശരിയല്ല.  പക്ഷേ അതിനപ്പുറം ഇത് പുതിയ തുടക്കം തന്നെയാണ്. എല്ലാം മറക്കും, പൊറുക്കും. സി.എം.പി.യുടെ ഒരക്ഷരമെടുത്ത് മാറ്റിയിട്ടാല്‍ സി.പി.എം. ആയി. എപ്പോള്‍ വേണമെങ്കിലും ലയിച്ചുചേരാം. ഇനി വൈകില്ല.

സി.പി.എമ്മില്‍ ഇക്കാര്യത്തില്‍ ഒരു എതിര്‍ശബ്ദവുമില്ല എന്ന് പറഞ്ഞുകൂടാ. പിണറായി വിജയന്റെ നേരനുയായി, ഡി.വൈ.എഫ്.ഐ സിക്രട്ടറി എം.സ്വരാജ് പാര്‍ട്ടിപത്രത്തിലെഴുതിയ ലേഖനത്തില്‍ “ഒരു സാഭാവിക മരണമൊന്നും ആരെയും വിശുദ്ധനായി പ്രഖ്യാപിക്കാന്‍ പര്യാപ്തഅഷ്ട” എന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സാരമില്ല. ഒറ്റയടിക്ക് വേണ്ട. ക്രമേണ മതി, ഘട്ടം ഘട്ടമായി ഏത് കാട്ടാളനെയാണ് ദേവനാക്കാന്‍ പറ്റാത്തത്. ഒരു ഘട്ടത്തില്‍ കെ.കരുണാകരനെ വരെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ വക്കത്ത് എത്തിയതാണ്. ശ്രമിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല.

എന്തിന് തൊഴില്‍വകുപ്പ് ? 


കേരളത്തിലെ തൊഴില്‍വകുപ്പ് സമ്പൂര്‍ണപരാജയമാണ് എന്ന് ആരോപിച്ചിരിക്കുന്നു. ആര് എന്നോ ? പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനോ സി.ഐ.ടി.യു സംസ്ഥാനപ്രസിഡന്റ് ആനത്തലവട്ടം ആനന്ദനോ അല്ല. സംസ്ഥാന തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ തന്നെയാണ്, സ്വന്തം വകുപ്പിന് ഒരു മന്ത്രിയും നല്‍കാന്‍ ഇടയില്ലാത്ത സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് ഒരു സുരക്ഷയുമില്ല, മനുഷ്യന്മാര്‍ക്ക് പണിയെടുക്കാന്‍ പറ്റുന്ന പരിതസ്ഥിതിയില്ല, കമ്പനിയിധികൃതര്‍ ബോധിപ്പിക്കുന്ന അവകാശവാദങ്ങളെല്ലാം തെറ്റാണ്, ഓവര്‍ടൈം പണിയെടുപ്പിക്കുന്നു പക്ഷേ ആനുകൂല്യം നല്‍കുന്നില്ല  എന്നിങ്ങനെ പോകുന്നു മന്ത്രി കഞ്ചിക്കോട്ടെ ഒരു ഇരുമ്പുരുക്ക് ഫാകറ്ററി സന്ദര്‍ശിച്ച ശേഷം ഉന്നയിച്ച പരാതികള്‍. ഏതാണ് ഫാക്റ്ററി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. വേണ്ട പൊല്ലാപ്പ് എന്ന് കരുതിയിട്ടാവും. കഞ്ചിക്കോട്ട് ഡസന്‍ കണക്കിന് സ്റ്റീല്‍ ഫാക്റ്ററികള്‍ ഉണ്ടെന്നാണ് കഞ്ചിക്കോട് ഇന്റസ്റ്റ്രീസ് ഫോറത്തിന്റെ ഡയറക്റ്ററിയില്‍ കാണുന്നത്. അതുകൊണ്ട് പേര് പറയുന്നതില്‍ കാര്യമില്ല. ഒരുപക്ഷേ, എല്ലായിടത്തും ഇതുതന്നെയാവും സ്ഥിതി.

കാര്യമതല്ല. എന്തിനാണ് നമുക്ക് ഒരു തൊഴില്‍വകുപ്പ് ?  തൊഴില്‍വകുപ്പ് കൊണ്ട് തൊഴിലാളിക്കോ തൊഴില്‍ സ്ഥാപനങ്ങള്‍ക്കോ വല്ല പ്രയോജനവുമുണ്ടോ ? തൊഴിലാളി സംഘടനകളെക്കൊണ്ടുപോലും പ്രയോജനമില്ലാത്ത അവസ്ഥയാണ് കേരളത്തിലല്ല പുറത്തും രൂപം കൊണ്ടുവരുന്നത്. ഏത് നിയമവും ഏത് തൊഴിലുടമയ്ക്കും ലംഘിക്കാം. പരാതിപ്പെടാന്‍ തൊഴിലാളിക്ക് കഴിയില്ല. തൊഴില്‍ സുരക്ഷിതത്ത്വം എന്നൊരു സംഗതി തൊഴില്‍രംഗത്ത് അപ്രത്യക്ഷമാവുന്നു. പരാതിപ്പെടുന്ന തൊഴിലാളി പിറ്റേന്ന് തെരുവുതെണ്ടേണ്ടി വരും. രാവിലെ തൊട്ട് രാത്രിയാകും വരെ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളിക്ക് ഒരു മിനിട്ട് സ്റ്റൂളിലിരിക്കാന്‍ പാടില്ല, മൂത്രമൊഴിക്കാന്‍ പാടില്ല എന്നെല്ലാമുള്ള കിരാതത്ത്വങ്ങള്‍ ഈ കേരളത്തില്‍ നിലനില്‍ക്കുന്നു. തൊഴില്‍വകുപ്പ് പോകട്ടെ, തൊഴിലാളിസംഘടനകള്‍ക്കുപോലും മിണ്ടാട്ടമില്ല. ചാര്‍ലി ചാപ്ലിന്റെ മോഡേണ്‍ ടൈംസ് സിനിമയിലെ തൊഴിലാളി 1936 ലേതല്ല 2014 ലേതുകൂടിയാണ്.  പ്രാകൃതമുതലാളിത്തത്തേക്കാള്‍ പ്രാകൃതമാണ് ആഗോളീകരണ കാലത്തെ മുതലാളിത്തം......

ശുഭവാര്‍ത്ത : മലയാളം മനസ്സില്‍ നിറച്ച് അസം ബാലിക എന്നൊരു വാര്‍ത്ത ചിത്രസഹിതം നവംബര്‍ 28 ന്റെ മാതൃഭൂമിയിലുണ്ട്. അന്യസംസ്ഥാനതൊഴിലാളി അവിടെ ജീവിച്ചുപോകാന്‍ ഗതിയില്ലാതെ കേരളത്തിലേക്ക് വരുന്നു. ആദ്യം തനിച്ച്, പിന്നെ ഭാര്യ, പിന്നെ കുഞ്ഞു. പഠിക്കാന്‍ സ്‌കൂളില്‍ ചേരുന്ന കുട്ടി മനോഹരമായി മലയാളം പറയുകയും എഴുതുകയുമെല്ലാം ചെയ്യുന്നു. സമ്മാനങ്ങള്‍ വാങ്ങുന്നു.

ഒരു പാട് അര്‍ത്ഥങ്ങളും പ്രതീക്ഷകളും ചിത്രങ്ങളും വെല്ലുവിളികള്‍ മനസ്സിലുയര്‍ത്തുന്നു പി.ഇക്ബാല്‍ പേര് വെച്ചെഴുതിയ ഈ വാര്‍ത്ത. കുട്ടികളെ കിട്ടാതെ പൂട്ടിത്തുടങ്ങിയ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, കുറഞ്ഞുവന്നേക്കും എന്ന് ഭയപ്പെടുന്ന ജനസംഖ്യ,  അന്യസംസ്ഥാനത്ത് നിന്നുള്ള ആയിരങ്ങള്‍ എത്തുമ്പോഴത്തെ സാമുഹിക-സാമ്പത്തിക-ആരോഗ്യരംഗങ്ങളിലെ മാറ്റങ്ങള്‍, പ്രതീക്ഷകള്‍.... സാമൂഹ്യ ശാസ്ത്രജ്ഞര്‍ക്കും ജനസംഖ്യാവിദഗ്ദ്ധര്‍ക്കും സാമ്പത്തിക ആസൂത്രകര്‍ക്കും നയരൂപവല്‍ക്കരണ രംഗത്തുള്ളവര്‍ക്കും ആലോചിക്കാന്‍ ഒരു പാട് കാര്യങ്ങള്‍ ഈ വാര്‍ത്ത തൊടുത്തുവിടുന്നുണ്ട്.

വചനം :  മനുഷ്യന്‍ പ്രകൃത്യാ തന്നെ ഒരു രാഷ്ട്രീയ മൃഗമാണ്.- അരിസ്‌റ്റോട്ടില്‍Sunday, 30 November 2014

ആ കേസ് ക്ലോസ്സാക്കി

അബദ്ധത്തില്‍ രാഘവന്റെ കൂടെപ്പോയ കുറേ അനുയായികള്‍, അവര്‍ പണിതുയര്‍ത്തിയ സഹകരണ സ്ഥാപനങ്ങള്‍, കോടാനുകോടി രൂപ വിലമതിക്കുന്ന ഓഫീസുകള്‍, സ്മാരകക്കെട്ടിടങ്ങള്‍ എന്നിവ അനാഥമായിപ്പോകുന്നത് കണ്ടുസഹിക്കാന്‍ പാര്‍ട്ടിക്ക് പറ്റില്ല. അവയെല്ലാം ക്രമേണ ഏറ്റെടുത്ത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടുക എന്ന ചുമതലയില്‍നിന്നെങ്ങനെ ഒഴിഞ്ഞുമാറും?

കൂത്തുപറമ്പ് രക്തസാക്ഷിത്വം ആഘോഷിക്കുക ഒഴിവാക്കാനാകാത്ത ഒരു വാര്‍ഷികപരിപാടിയാണ്. തുടങ്ങിവെച്ച ഒരാഘോഷവും ഉപേക്ഷിച്ചുകൂടാ. കൂട്ടമരണമാണെങ്കില്‍പ്പോലും ദുഃഖം ഒന്നോ രണ്ടോ വര്‍ഷത്തേക്കേ തീവ്രമായി നിലനില്‍ക്കൂ. പിന്നീട് ആഘോഷങ്ങളാകും. കൂത്തുപറമ്പില്‍ ഇത് ഇരുപതാം വര്‍ഷമായിരുന്നു. ഇരുപത്തഞ്ച്, അമ്പത്, എഴുപത്തഞ്ച് തുടങ്ങിയ റൗണ്ട് സംഖ്യകള്‍ക്കാണ് പൊലിമ. ഇരുപതും ഒപ്പിക്കാം. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇടയ്‌ക്കൊരു മരണമുണ്ടായി. കുടുംബത്തില്‍ മരണമുണ്ടായാല്‍ പുലയാണ്. ആഘോഷം പാടില്ല. എങ്കിലും നടത്തി.

കുടുംബത്തില്‍ മരണമോ? ആര് എപ്പോള്‍? എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ കേള്‍ക്കുന്നുണ്ട്. സംശയിക്കുന്നതില്‍ തെറ്റില്ല. പാര്‍ട്ടിനേതാക്കളാരും അടുത്തെങ്ങും മരിച്ചില്ലല്ലോ. എം.വി. രാഘവന്‍ ഭൂതകാല നേതാവാണ്. തൊഴിലാളിവര്‍ഗ കുടുംബത്തിലൊരാള്‍തന്നെ. ഇടയ്ക്ക്, കുലംകുത്തുക പോലുള്ള ചില്ലറ തെറ്റുകള്‍ ചെയ്തുപോയെന്നേ ഉള്ളൂ. അത് താത്കാലിക വ്യതിയാനങ്ങളാണ്. കനത്ത ശിക്ഷ കൊടുത്തേനെ. കണക്കറ്റ് ശ്രമിച്ചതാണ്. സാധിച്ചില്ല. സാധിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നമൊന്നുമുണ്ടാവുമായിരുന്നില്ല. അതുപോകട്ടെ, എം.വി. രാഘവന്‍ കമ്യൂണിസ്റ്റ് കുടുംബത്തില്‍പ്പെട്ട ആള്‍തന്നെ. അടുത്ത തിരഞ്ഞെടുപ്പുവരെ നീണ്ടിരുന്നെങ്കില്‍ ഇടതുമുന്നണിയില്‍ത്തന്നെ വന്നുപെട്ടേനെ.

പാര്‍ട്ടിവിരുദ്ധര്‍ കൂത്തുപറമ്പ് ആഘോഷത്തില്‍ വലിയ താത്പര്യമാണല്ലോ പ്രകടിപ്പിച്ചത്. പ്രകടനത്തിലെ മുദ്രാവാക്യങ്ങള്‍ എന്തെല്ലാമായിരുന്നു, പ്രസംഗങ്ങളില്‍ ഏതെല്ലാം പാര്‍ട്ടിശത്രുക്കളെ പേരെടുത്ത് അധിക്ഷേപിച്ചു, നികൃഷ്ടന്‍, കുലംകുത്തി, ശുംഭന്‍, പരനാറി തുടങ്ങിയ ശ്രേഷ്ഠപദങ്ങള്‍ ഇപയോഗിച്ച് ആരെയെങ്കിലും ആദരിച്ചുവോ?... തുടങ്ങിയ ചോദ്യങ്ങളാണ് സകലരും ചോദിച്ചത്. സ്വാഭാവികമായും എം.വി. രാഘവനെ ആവുമല്ലോ ഇവരെല്ലാം മനസ്സില്‍ കണ്ടത്. ഈ കൂട്ടര്‍ക്കൊന്നും പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ സംസ്‌കാരത്തെക്കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാ. ചിലപ്പോള്‍ ചിലരെ കൊല്ലേണ്ടിവന്നേക്കാം. പക്ഷേ, സ്വാഭാവികമരണം നേടാന്‍ ഭാഗ്യമുണ്ടായവരെ പാര്‍ട്ടി ആദരിക്കുകതന്നെ ചെയ്യും. റീത്തുവെക്കും, ഹര്‍ത്താല്‍ ആഹ്വാനംചെയ്യും, ഗദ്ഗദകണ്ഠരായി അനുശോചനപ്രസംഗം നടത്തും. മരിക്കണമെന്നില്ല, അതിനുമുമ്പും പോയി ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. ഇനി ഇയാളെക്കൊണ്ട് ഉപദ്രവമുണ്ടാകില്ല എന്ന് ഉറപ്പായാലും മതി. രക്തസാക്ഷിത്വ ആഘോഷങ്ങളില്‍ ഇവരെക്കുറിച്ച് വിപരീത പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. എം.വി. രാഘവന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു എന്നുപോലും ഇത്തവണത്തെ കൂത്തുപറമ്പ് പ്രസംഗങ്ങള്‍ കേട്ടപ്പോള്‍ തോന്നാഞ്ഞതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.

അഞ്ചുപേരുടെ രക്തസാക്ഷിത്വത്തിനും ഒരു പ്രവര്‍ത്തകന്റെ അതിലേറെ ദുഃഖകരമായ അതിജീവനത്തിനും കാരണക്കാരനായ ഹീനന്‍ എന്ന ഒന്നാംപ്രതിസ്ഥാനത്തുനിന്ന് എം.വി.ആറിനെ പാര്‍ട്ടി മോചിപ്പിച്ചെന്നത് ശരിയാണ്. റാങ്ക് താഴോട്ട് ഇറക്കിയിട്ടുണ്ട്. എം.വി. രാഘവനൊന്നുമല്ല, ആഗോളവത്കരണമാണ് യഥാര്‍ഥത്തില്‍ കേസ്സിലെ പ്രധാനപ്രതി. സാമ്രാജ്യത്വം, മുതലാളിത്തം തുടങ്ങിയ കൂട്ടുപ്രതികള്‍ വേറെയുമുണ്ട്. ഇവരുമായെല്ലാം ചേര്‍ന്ന് യു.ഡി.എഫുകാര്‍ നടത്തിയ സി.പി.എം. വിരുദ്ധ ഗൂഢാലോചനയില്‍ രാഘവനും ചെന്നുപെട്ടു എന്നേയുള്ളൂ. കണ്ണൂരിലെ സാമ്രാജ്യത്വ ചെരിപ്പുനക്കികളായ കുറേ പോലീസ് ഉദ്യോഗസ്ഥര്‍, വെടിയുതിര്‍ത്ത തോക്ക്, ഉണ്ടകള്‍ തുടങ്ങിയവയാണ് സഖാക്കളുടെ രക്തസാക്ഷിത്വത്തിന് കാരണം. രാഘവനെ മാത്രമങ്ങനെ കുറ്റപ്പെടുത്തേണ്ട. നിസ്സാരനായ മന്ത്രി മാത്രമായിരുന്നല്ലോ എം.വി.ആര്‍. എന്തായാലും അന്നത്തെ തെറ്റ് രാഘവന് ബോധ്യപ്പെട്ടിരുന്നുവെന്നും തിരുത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നും വിശ്വാസയോഗ്യമായ വിവരം പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. അഞ്ചുപേരെ വെടിവെച്ചുകൊല്ലിച്ചു എന്ന പാര്‍ട്ടിക്കോടതിവിധി തിരുത്താന്‍ ഇത് മതിയായ കാരണമാണ്. പ്രതി മരിച്ചതോടെ കേസ് റദ്ദായി... ഓ.കെ. ?

അബദ്ധത്തില്‍ രാഘവന്റെ കൂടെപ്പോയ കുറേ അനുയായികള്‍, അവര്‍ പണിതുയര്‍ത്തിയ സഹകരണ സ്ഥാപനങ്ങള്‍, കോടാനുകോടി രൂപ വിലമതിക്കുന്ന ഓഫീസുകള്‍, സ്മാരകക്കെട്ടിടങ്ങള്‍ എന്നിവ അനാഥമായിപ്പോകുന്നത് കണ്ടുസഹിക്കാന്‍ പാര്‍ട്ടിക്ക് പറ്റില്ല. അവയെല്ലാം ക്രമേണ ഏറ്റെടുത്ത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടുക എന്ന ചുമതലയില്‍നിന്നെങ്ങനെ ഒഴിഞ്ഞുമാറും?

മരിച്ചുപോകുന്ന ഒന്നല്ല ചരിത്രം എന്നും വ്യക്തി മരിച്ചാല്‍ ചരിത്രം മരിക്കില്ല എന്നും ഒരു സ്വാഭാവിക മരണം ആരേയും വിശുദ്ധനാക്കില്ല എന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സഖാവ് എം. സ്വരാജ് പാര്‍ട്ടിപത്രത്തില്‍ എഴുതിയിട്ടുണ്ട്. ചരിത്രം അറിയേണ്ടവര്‍ പഴയ പത്രം നോക്കിയാല്‍ മതി. എപ്പോഴും അത് പറഞ്ഞുകൊണ്ടേ ഇരിക്കേണ്ട കാര്യമില്ല. ചരിത്രത്തിന്റെ ചില ഘട്ടങ്ങളില്‍ ചിലരെ കരിങ്കാലികളായും കൊലയാളികളായും വര്‍ഗവഞ്ചകരായും മുദ്രകുത്തിയെന്നുവരും. കൊലയാളി, കരിങ്കാലി ലേബലുകാരെത്തന്നെ പില്‍ക്കാലത്ത് വിശുദ്ധന്മാരായി പ്രഖ്യാപിക്കുകയും ചെയ്‌തേക്കാം. വിപ്ലവം വരുന്നതുവരെ വോട്ടുതന്നെ പ്രധാനം. നാണംകെട്ടും വോട്ടുനേടിയാല്‍ നാണക്കേടത് തീര്‍ത്തുകൊള്ളും എന്നതാണ് ജനാധിപത്യകാലത്തെ പ്രമാണം. അതുകൊണ്ട് ആ കേസ് ക്ലോസ്സാക്കി, വേറെ പ്രശ്‌നമൊന്നുമില്ല.

                                                                     ****
മദ്യവില്‍പ്പനക്കാരുടെ വോട്ടുവേണ്ട, നോട്ടും വേണ്ട എന്ന പ്രഖ്യാപനം കേട്ടല്ലോ. ഇത്രയും സുധീരമായ ഒരു പ്രഖ്യാപനം സാര്‍വത്രിക വോട്ടവകാശം നടപ്പായശേഷം ലോകത്തൊരു രാജ്യത്തും ആരും നടത്തിയിട്ടില്ല എന്നാണ് കാര്യവിവരമുള്ളവര്‍ പറയുന്നത്. വി.എം. സുധീരന്‍ ഇനി മത്സരിക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാവും അങ്ങനെ പറഞ്ഞതെന്നൊരു ഭേദഗതി വി.ഡി. സതീശന്‍ വക ഉണ്ടായി. പോട്ടെ മോനെ സതീശാ... മത്സരിക്കാതിരിക്കാനല്ല, മത്സരിക്കാന്‍ തന്നെയാണ് ഈ പാടെല്ലാം പെടുന്നത്.
ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും നികൃഷ്ടരായ കൂട്ടര്‍ മദ്യവില്‍പ്പനക്കാരാണ്. വ്യാജമദ്യം വിറ്റ് കാശുണ്ടാക്കിയവര്‍, വിഷമദ്യം വിറ്റ് കൂട്ടക്കൊല നടത്തിയവര്‍, വില്‍ക്കപ്പെടുന്ന വിഷത്തിന് ഉപഭോക്താവിന്റെ കഴുത്തറത്ത് നൂറിരട്ടി നികുതി പിരിക്കുന്ന സര്‍ക്കാര്‍, അതിന്റെ തലപ്പത്ത് കേറിയിരുന്ന് ധൂര്‍ത്തടിച്ച് തിമിര്‍ക്കുന്ന മന്ത്രിഉദ്യോഗസ്ഥ പ്രമാണികള്‍ എന്നിവരില്‍ നികൃഷ്ടര്‍ സര്‍ക്കാര്‍ ലൈസന്‍സോടെ നിയമവിധേയമായി പണം മുടക്കി ബാര്‍ നടത്തുന്നവര്‍ മാത്രം. സംസ്ഥാനത്തെ ഏറ്റവും വലിയ മദ്യവില്‍പ്പനക്കാര്‍ സര്‍ക്കാര്‍ വക ബിവറേജസ് കോര്‍പ്പറേഷന്‍ഇതില്‍പ്പെടുമോ? ഇല്ല, പെടില്ല. ബിവറേജസ് കോര്‍പ്പറേഷന് വോട്ടില്ല.

കള്ളന്മാര്‍, അഴിമതിക്കാര്‍, കള്ളപ്പണക്കാര്‍, വ്യഭിചാരികള്‍, ബലാത്സംഗക്കാര്‍, കൊള്ളസംഘക്കാര്‍, കൊലയാളികള്‍, വര്‍ഗീയവാദികള്‍, മതഭ്രാന്തന്മാര്‍, ശിശുപീഡകര്‍... ഇങ്ങനെ എന്തെല്ലാംതരം അധമര്‍ നാട്ടിലുണ്ട്. അവരുടെ വോട്ടുവേണ്ട എന്നിതുവരെ ഒരു പാര്‍ട്ടിയും പ്രഖ്യാപിച്ചിട്ടില്ല. അവരെയൊന്നും മതത്തില്‍വേണ്ട എന്നൊരു മതവും പ്രഖ്യാപിച്ചിട്ടില്ല. ഇവരുടെയൊക്കെ മേലേത്തട്ടിലാണല്ലോ മദ്യവില്‍പ്പനക്കാരുടെ കിടപ്പ്. ഇവരുടെ വോട്ടവകാശം മാത്രമല്ല, തരംകിട്ടിയാല്‍ മറ്റ് പൗരാവകാശങ്ങളും റദ്ദാക്കേണ്ടതാണ്.
മൂക്കറ്റം മദ്യപിച്ചാലുള്ള ലഹരിപോലും മൂക്കറ്റം മദ്യവിരുദ്ധ ലഹരിക്കടലില്‍ വീണാലുള്ള ലഹരിയുടെ നാലയലത്ത് വരില്ല. മഹാത്മാഗാന്ധി മുതല്‍ ജി. കുമരപ്പിള്ളസാര്‍ വരെയുള്ള മദ്യവിരുദ്ധര്‍ ലജ്ജിക്കട്ടെ. ഇപ്പം കുടിച്ചതാണ് ശരിയായ കള്ള്!

                                                                  ****
ബി.ആര്‍. അംബേദ്കര്‍ മുതലുള്ള അതികായന്മാര്‍ രണ്ടുവര്‍ഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം കുത്തിയിരുന്ന് തലയിട്ടടിച്ച് 80,000 വാക്കുവരുന്ന ഭരണഘടന എഴുതിക്കൂട്ടിയിട്ടുണ്ട്. എന്തുപ്രയോജനം? സുപ്രധാനമായ കാര്യം അവര്‍ ഒഴിവാക്കിക്കളഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടവകാശം സകലരും വിനിയോഗിക്കണം, ഇല്ലെങ്കില്‍ പിടിച്ച് ജയിലിലിടും എന്നെഴുതിവെച്ചില്ല. എന്തൊരു അബദ്ധം. നരേന്ദ്രമോദിജിയുടെ ഗുജറാത്ത്മഹാത്മാഗാന്ധിയുടേതല്ലഅഞ്ചുവര്‍ഷം മുമ്പ് വോട്ടവകാശം നിര്‍ബന്ധമാക്കുന്ന നിയമമുണ്ടാക്കിയതാണ്. ഒരു യൂസ്ലസ് ഗവര്‍ണര്‍ ഒപ്പിടാതെ അത് കെട്ടിപ്പൂട്ടിവെച്ചു. ഇപ്പോള്‍ മോദിജി നിയോഗിച്ച ഗവര്‍ണര്‍ വന്നത് ഒപ്പുചാര്‍ത്തി നിയമമാക്കി. സൂക്ഷിച്ചോ, ഇനിയിത് കേന്ദ്രത്തിലും നിയമമാക്കും. കേരളീയരെയും വെറുതെ വിടില്ല...
ഇരുന്നൂറിനടുത്ത് രാജ്യങ്ങളുണ്ട് ലോകത്തില്‍. 22 ഇടത്തേ വോട്ടിങ് നിര്‍ബന്ധമാക്കിയിട്ടുള്ളൂ. 11 ഇടത്തേ ഇത് നടപ്പാക്കിയിട്ടുള്ളൂ. അതില്‍ത്തന്നെ ചിലേടത്ത് വോട്ട് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ശിക്ഷയില്ല, ചിലേടത്ത് രാവിലെ തലവേദനയായിരുന്നു എന്ന് പറഞ്ഞാലും മതി, ശിക്ഷയില്ല. അനേകകോടി വോട്ടര്‍മാരുള്ള ഈ നാട്ടില്‍ തിരഞ്ഞെടുപ്പ് നടത്തുകതന്നെ പ്രയാസം. പോരാഞ്ഞിട്ടാണ് വോട്ട് ചെയ്‌തോ ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് നോക്കേണ്ടതും ശിക്ഷിക്കേണ്ടതുമെല്ലാം. നടപ്പുള്ള കാര്യംതന്നെ. വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ അര്‍ഥം വോട്ട് ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അര്‍ഥം അഭിപ്രായം പറയാത്തവനെ ശിക്ഷിക്കും എന്നല്ല. മതസ്വാതന്ത്ര്യത്തിന്റെ അര്‍ഥം മതമില്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യം കൂടിയാണ്.
ആരോട് പറയാന്‍! ഇനി ഇവിടെ എന്തെല്ലാം കാണാനിരിക്കുന്നു !


Sunday, 23 November 2014

രാഹുലിന് പ്ലാസ്റ്റിക് സര്‍ജറി
കോണ്‍ഗ്രസ്സുമായുള്ള സി.പി.ഐ.യുടെ കേരള മുന്നണിബന്ധം അവിഹിതമൊന്നും ആയിരുന്നില്ല. അത് നാലാള്‍ അറിഞ്ഞ് മുന്നണി രജിസ്റ്ററാക്കിയ ബന്ധമായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥയിലെ ബന്ധം രജിസ്റ്റര്‍ചെയ്തിരുന്നില്ല. അതും അവിഹിതമല്ല. കാരണം, സോവിയറ്റ് രക്ഷിതാക്കളുടെ അനുമതി വാങ്ങിയാണ് കോണ്‍ഗ്രസ്സിന്റെകൂടെ കൂടിയത്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയശേഷം തുടങ്ങിയതാണ് മൗഢ്യം. എന്താണ് സംഭവിച്ചത് എന്ന് പിടികിട്ടിയില്ല. ഗാന്ധിയന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുമെന്നും ജൂനിയര്‍മോസ്റ്റ് ഗാന്ധി പ്രധാനമന്ത്രിയാകും എന്നുമായിരുന്നു വിശ്വാസം. മാധ്യമ, രാഷ്ട്രീയ നിരീക്ഷകര്‍, അഭിപ്രായ വോട്ടെടുപ്പുകാര്‍, എക്‌സിറ്റ് പോളുകാര്‍ തുടങ്ങിയ വിശ്വസിക്കാന്‍ കൊള്ളാത്ത കക്ഷികള്‍ ആര്‍ഷഭാരതപാര്‍ട്ടിക്കാര്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്നും ഗുജറാത്തില്‍നിന്നുള്ള ഗാന്ധിവിരുദ്ധന്‍ പ്രധാനമന്ത്രിയായേക്കുമെന്നും പ്രവചിച്ചിരുന്നുവെന്നത് സത്യം. രാഹുല്‍ജി എങ്ങനെ വിശ്വസിക്കാനാണ്. പാര്‍ട്ടിയിലെ വിശ്വസ്തന്മാരൊന്നും ഇങ്ങനെ സംഭവിക്കുമെന്ന് പറഞ്ഞിട്ടില്ല. വോട്ടെണ്ണിയപ്പോള്‍ ആകപ്പാടെ അബദ്ധായി. പാര്‍ട്ടിയില്‍ ആശയക്കുഴപ്പായി, തമ്മില്‍ത്തല്ലായി... പിന്നെ ഒരു കാര്യം സമയം പാഴാക്കാതെ വേഗമങ്ങട് ചെയ്തു. പാര്‍ട്ടി എങ്ങനെ തോറ്റു എന്ന് കണ്ടെത്താന്‍ കമ്മിറ്റിയെ നിയമിച്ചു. അതിന്റെ ദേശീയതല എക്‌സ്പര്‍ട്ട് എ.കെ. ആന്റണിജി ഡല്‍ഹിയില്‍ത്തന്നെ ഉള്ളതുകൊണ്ട് സംഗതി എളുപ്പമായി. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ചേര്‍ന്ന് ചെയ്ത പണിയാണിത്. നരേന്ദ്രമോദി എന്തോ മഹാ അവതാരമാണെന്ന് അവര്‍ ജനത്തെ തെറ്റിദ്ധരിപ്പിച്ചുകളഞ്ഞു, അതാണ് തോല്‍ക്കാന്‍ കാരണം. ആന്റണിജിയെ വിശ്വസിച്ചല്ലേ പറ്റൂ. രാഹുലിന്റെ കുഴപ്പംകൊണ്ടല്ല തോല്‍വി എന്ന് ആന്റണി സര്‍ട്ടിഫിക്കറ്റ് കൊടുത്തതാണ്. പക്ഷേ, എന്തുചെയ്യാം, രാഹുലിന്റെ മൗഢ്യം മാറിയില്ല.


ഇനി എന്തുചെയ്യണമെന്ന് ആലോചിച്ച് ആറുമാസം ഇരുന്നപ്പോഴാണ് ഇനിയും ഇങ്ങനെ ഇരുന്നുകൂടാ എന്ന് ബോധ്യപ്പെട്ടത്. പരീക്ഷയില്‍ തോറ്റ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപദേശം കൊടുക്കുന്ന ടൈപ്പ് കൗണ്‍സലര്‍മാരെ രാഹുല്‍ജിയെ സഹായിക്കാന്‍ അയച്ചതായി കേള്‍ക്കുന്നുണ്ട്. കേരളത്തില്‍നിന്നാവാം അയച്ചത്. ഇവിടെ ഇപ്പോള്‍ കുട്ടികളാരും പരീക്ഷയില്‍ തോല്‍ക്കാത്തതുകൊണ്ട് കൗണ്‍സലര്‍മാര്‍ക്ക് പണിയില്ലല്ലോ. ഒടുവില്‍ തീരുമാനിച്ചു, പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ വിഷയം തുറന്ന് ചര്‍ച്ചചെയ്യണമെന്ന്. അതിന് കാരണമുണ്ട്. ചിലകൂട്ടര്‍ വിവരമില്ലാത്ത കൂട്ടരാണെന്ന് വ്യക്തംരാഹുല്‍ജിയാണ് പരാജയത്തിന് കാരണം എന്ന് പരസ്യവേദികളില്‍ തുറന്നടിക്കുകയുണ്ടായി. അത് മോശമല്ലേ? എല്ലാവരെയും വിളിച്ചുകൂട്ടി അഭിപ്രായം ചോദിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ പരസ്യതുറന്നുപറച്ചിലെങ്കിലും നിലയ്ക്കുമല്ലോ. ഒക്ടോബറില്‍ ആ പരിപാടി തുടങ്ങി. സംഭവമിതാ തീരാറായി.
പാര്‍ട്ടിനേതാക്കള്‍ മുമ്പൊന്നും കാണാത്തതരത്തില്‍, ചര്‍ച്ചയില്‍ സത്യം പറയുന്നത് സകലരെയും അത്ഭുതപ്പെടുത്തിയത്രെ. സത്യം പറയല്‍ പാര്‍ട്ടിയില്‍ പതിവുള്ളതല്ലല്ലോ. സ്തുതികേള്‍ക്കാനാണ് തലപ്പത്തുള്ളവര്‍ക്ക് താത്പര്യം എന്ന് മനസ്സിലായാല്‍ പിന്നെ എല്ലാവരും ആ വഴിക്കുപോകും. പാര്‍ട്ടി ഭരിക്കുമ്പോള്‍ അപ്രിയസത്യം അത്രയ്ക്കങ്ങട് പറഞ്ഞുകൂടാ എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയുകയും ചെയ്യാം. ഇപ്പോള്‍ ഭാഗ്യവശാല്‍ എങ്ങും ഭരണഭാരം ഇല്ലാത്തതുകൊണ്ട് നേതാക്കള്‍ നിര്‍ഭയം സത്യം പറഞ്ഞത്രെ. ചര്‍ച്ചകള്‍ തുടങ്ങി കുറച്ചുനേരം കഴിഞ്ഞാല്‍, ഇനി നിങ്ങള്‍ ചര്‍ച്ച നടത്തൂ, ഞാന്‍ ഇപ്പോള്‍ വരാം എന്നും പറഞ്ഞ് സ്ഥലം വിടുകയായിരുന്നത്രെ രാഹുല്‍ജിയുടെ പതിവ്. വൈസ് പ്രസിഡന്റ് ഇല്ലാതെന്ത് ചര്‍ച്ച ചെയ്യാന്‍ എന്നും പറഞ്ഞ് ബാക്കിയുള്ളവരും സ്ഥലംകാലിയാക്കും. ഇത്തവണ അങ്ങനെയായിരുന്നില്ല ചര്‍ച്ച. രാഹുല്‍ മുഴുവന്‍സമയം ചര്‍ച്ച കേട്ടു. തന്നെക്കുറിച്ച് പറഞ്ഞതും ക്ഷമയോടെ കേട്ടു. ആള് കൊള്ളാല്ലോ എന്നാണ് പ്രതിനിധികള്‍ ഇപ്പോള്‍ പറയുന്നതത്രെ. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ രാഹുലിനോട് തോന്നിയ വിരോധം, അമര്‍ഷം, പുച്ഛം എല്ലാം ഇതോടെ നന്നേ കുറഞ്ഞത്രെ.

നമുക്ക് നേതാവ് രാഹുല്‍തന്നെ മതി. (മറ്റെ പെങ്കൊച്ച് ലവലേശം വഴങ്ങുന്നില്ല) പക്ഷേ, ഒരു കാര്യംണ്ട്. രാഹുല്‍ അപ്പടി മാറണം. അടിമുടി മാറണം. പേര് മാറണമെന്നില്ല. ബാക്കി സകലതും മാറണം. ഇതാണത്രെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന പ്രധാന പോയന്റ്. രാഹുല്‍ സംസ്ഥാനങ്ങളില്‍ മിന്നല്‍പര്യടനം നടത്തുന്ന സമ്പ്രദായം ആര്‍ക്കും അത്ര പിടിക്കുന്നില്ല. തട്ടുകടയില്‍ പാഞ്ഞുകേറുന്നതിനെക്കുറിച്ച് ആരും കുറ്റം പറഞ്ഞതായി റിപ്പോര്‍ട്ടില്ല. സംസ്ഥാനങ്ങളില്‍ പോയാല്‍ ജനമനസ്സറിയാനും നേതാക്കളുമായി സംസാരിക്കാനും സമയം കാണണമെന്ന് പലരും പറഞ്ഞു. എന്തിനെങ്കിലും ഇറങ്ങിത്തിരിച്ചാല്‍ തിരിച്ചതിനേക്കാള്‍ സ്?പീഡില്‍ പിന്തിരിയുന്ന സ്വഭാവം പുള്ളിക്കാരന്‍ മാറ്റണമെന്നാണ് ചില നേതാക്കള്‍ പറഞ്ഞത് (വേറെ എന്തെല്ലാം പണികിടക്കുന്നു, ഇവര്‍ക്കതുവല്ലതും അറിയുമോ!). പാര്‍ലമെന്റില്‍ എല്ലാ ദിവസവും മുന്നില്‍നിന്ന് നയിക്കണം, ചര്‍ച്ചകളില്‍ ആഞ്ഞടിക്കണം, നരേന്ദ്രമോദിയെ വിറപ്പിക്കണം, ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയകുശാഗ്രബുദ്ധി പ്രകടിപ്പിക്കണം, ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ജനപ്രീതിനേടണം, മഹാത്മാഗാന്ധിയുടെ അത്ര ആരാധന പിടിച്ചുപറ്റണം, രാജീവ് ഗാന്ധിയെപ്പോലെ പുത്തന്‍ ആശയങ്ങള്‍ കണ്ടെത്തണം, അംബേദ്കറെപ്പോലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ആശ്രയമാകണം, കാറല്‍മാര്‍ക്‌സ് ആവണം, ശ്രീബുദ്ധനാവണം... തുടങ്ങിയ നിരവധി ക്രിയാത്മക പ്രായോഗിക നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി.
രാഹുല്‍ജി എല്ലാം ഏറ്റിട്ടുണ്ട്. ഇപ്പം ശര്യാക്കിത്തരാം. സമ്പൂര്‍ണമായ ഒരു പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപവും ഭാവവും മാറ്റിയെടുക്കാനാണ് പരിപാടി. അതുടനെ ചെയ്യും. പിന്നെയൊരു വരവുണ്ട്. വരുന്നേടത്തുവെച്ച് കാണാം നമുക്ക്.
                                                                       ****
തെരുവില്‍ അവിഹിതബന്ധങ്ങളെപ്പറ്റിയുള്ള വക്കാണംപോലെ ഇടതുമുന്നണിയിലെ പൂര്‍വകാല ബന്ധചര്‍ച്ച പുരോഗമിക്കുന്നുണ്ടോ എന്നൊരു സംശയം. അറിയാത്തത് പലതും ജനം അറിയുന്നു ഇപ്പോള്‍. കേള്‍ക്കാത്തത് പലതും കേള്‍ക്കുന്നു. നിവൃത്തിയുണ്ടെങ്കില്‍ ഈ ചര്‍ച്ച ഒരു അഡ്ജസ്റ്റുമെന്റില്‍ അവസാനിപ്പിക്കുകയാണ് കമ്യൂണിസ്റ്റ് ഐക്യത്തിന് നല്ലതെന്ന് തോന്നുന്നുണ്ട് ജനത്തിന്.
കോണ്‍ഗ്രസ്സുമായുള്ള സി.പി.ഐ.യുടെ കേരള മുന്നണി ബന്ധം അവിഹിതമൊന്നുമായിരുന്നില്ല. അത് നാലാള്‍ അറിഞ്ഞ് മുന്നണി രജിസ്റ്ററാക്കിയ ബന്ധമായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥയിലെ ബന്ധം രജിസ്റ്റര്‍ചെയ്തിരുന്നില്ല. അതും അവിഹിതമല്ല. കാരണം, സോവിയറ്റ് രക്ഷിതാക്കളുടെ അനുമതി വാങ്ങിയാണ് കോണ്‍ഗ്രസ്സിന്റെകൂടെ കൂടിയത്. ഇന്ത്യയില്‍ എന്തിനാണ് ഒരു പ്രതിപക്ഷം എന്ന് ചോദിക്കുന്ന കൂട്ടരായിരുന്നല്ലോ സോവിയറ്റ് പാര്‍ട്ടി തലവന്മാര്‍. പില്‍ക്കാലത്ത് ഇന്ദ്രജിത് ഗുപ്തയെ കേന്ദ്ര ആഭ്യന്തരമന്ത്രിയാക്കിയതും പരസ്യമായാണ്. സി.പി.എം. സോമനാഥ്ജിയെ പാര്‍ട്ടിക്കുപ്പായം അഴിപ്പിച്ച് ലോക്‌സഭാ സ്?പീക്കറാക്കിയത് വിഹിതമോ അവിഹിതമോ? ജനതാ ടിക്കറ്റില്‍ മത്സരിച്ച ജനസംഘം നേതാക്കളെ ജയിപ്പിച്ചത് വിഹിതമോ അവിഹിതമോ? ചോദ്യങ്ങള്‍ ഇരുപക്ഷവും തുടര്‍ന്നാല്‍ കേട്ടുനില്‍ക്കുന്നവര്‍ ഇടപെട്ടേക്കും. ഇരുപത്തഞ്ച് വയസ്സില്ലാത്തവരാണ് വോട്ടര്‍മാരില്‍ ഭൂരിപക്ഷവും. പഴയ കഥകള്‍ അധികമൊന്നും അവര്‍ക്കറിയില്ല. എന്തിന് വെറുതേ മലര്‍ന്നുകിടന്ന് മേലോട്ട് തുപ്പുന്നു? ജനകീയ ജനാധിപത്യം, ദേശീയ ജനാധിപത്യം, പെറ്റി ബൂര്‍ഷ്വ, ബൂര്‍ഷ്വ ഭൂവുടമ പാര്‍ട്ടി, കോംപ്രഡോര്‍ ബൂര്‍ഷ്വാപാര്‍ട്ടി തുടങ്ങി ആളുകള്‍ക്ക് മനസ്സിലാവാത്ത വിഷയങ്ങളും ആക്ഷേപങ്ങളും പരസ്?പരം ഉന്നയിച്ചാല്‍ പോരേ?
                                                                             ****
സമരത്തില്‍ അഡ്ജസ്റ്റ്‌മെന്റ് പാടില്ലെന്നാണ് സി.പി.ഐ. പക്ഷം. ഒരാവശ്യം ഉന്നയിച്ച് സമരം തുടങ്ങിയാല്‍ രണ്ടിലൊന്നായാലേ സി.പി.ഐ. സമരം നിര്‍ത്തൂ. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്നും പറഞ്ഞ് പണ്ടൊരു സമരം തുടങ്ങിയാണ് സര്‍വ സി.പി.ഐ.ക്കാര്‍ക്കും തൊഴിലായത്. പിന്നീട് സ്വന്തമായൊരു സമരവും ചെയ്തിട്ടില്ലാത്തതുകൊണ്ട് അഡ്ജസ്റ്റ്‌മെന്റിന്റെ ആവശ്യം വന്നില്ല.
സി.പി.എമ്മുകാര്‍ അങ്ങനെയല്ല. ഭരണത്തിലുള്ളവരുമായി അഡ്ജസ്റ്റ്‌ചെയ്ത് സമരം നിര്‍ത്തിക്കളയുന്നു. ഈ ആരോപണംതന്നെ ഒരു സി.പി.എം.സി.പി.ഐ. അഡ്ജസ്റ്റ്‌മെന്റാണെന്ന് കരുതുന്നവരും കാണും. സമരം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ വല്ല എല്ലിന്‍തുണ്ടും എറിഞ്ഞുകൊടുക്കും. അതില്‍ ചാടിപ്പിടിച്ച് സമരം അവസാനിപ്പിക്കും. അതാണ് അഡ്ജസ്റ്റ്‌മെന്റ്. അത് ചെയ്തില്ലെങ്കില്‍ സമരം പുലിവാല്‍ സമരമാവും. സെക്രട്ടേറിയറ്റ് വളയല്‍ നിര്‍ത്താന്‍ 24 മണിക്കൂറിലധികം വേണ്ടിവന്നില്ല. സമരം നിര്‍ത്തരുതെന്ന് സി.പി.ഐ.യും പറഞ്ഞിട്ടില്ല. പിന്നെ, സ്വന്തമായി സമരം ചെയ്യാത്ത സി.പി.ഐ.ക്കാര്‍ക്ക് അതൊന്നും ചിന്തിക്കേണ്ട ആവശ്യം വരില്ല.


Sunday, 16 November 2014

പരവശ ജനതാ പരിവാര്‍
75 വയസ്സാണ് ജനതാ പരിവാര്‍ പ്രസ്ഥാനത്തില്‍ ചേരാനുള്ള മിനിമം പ്രായം. അഞ്ച് എം.പി.മാരില്‍ കൂടുതലുള്ള പാര്‍ട്ടികളെ വേണ്ട. സമാജ്വാദി,സമത, ലോക് ദള്‍, അപ്നാ ദള്‍,മേരാ ദള്‍, തുമാരാ ദള്‍ തുടങ്ങികാഴ്ചബംഗ്ലാവുകളില്‍ വെക്കേണ്ട വിചിത്രയിനങ്ങള്‍
പലതുണ്ട്പുനരപി മരണം, പുനരപി ജനനം എന്ന് പറഞ്ഞതുപോലെയാണ് ജനതാപാര്‍ട്ടികളുടെ കാര്യം. ജനതയാകുന്നതിന് മുമ്പത്തെ സോഷ്യലിസ്റ്റ് കാലത്തേ ഉള്ളതാണ് നിശ്ചിത ഇടവേളകളിലെ ജനനവും മരണവുംപിളര്‍പ്പും ലയനവും. കുറച്ചുകാലമായി അതിനും വയ്യാത്ത അവസ്ഥയായിരുന്നു. തമ്മിലടിച്ച് തളര്‍ന്ന് അവശരായി ഓരോരുത്തര്‍ അവരുടെ പ്രവിശ്യകളില്‍ കഴിഞ്ഞുകൂടുകയായിരുന്നു. ഇപ്പോള്‍ എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. സോഷ്യലിസത്തിന് വന്‍നാശം സംഭവിക്കാന്‍പോകുന്നു എന്നോ മറ്റോ ദുഃസ്വപ്നം കണ്ടിരിക്കാം. അവരിതാ ഒത്തുകൂടാന്‍ പോകുന്നു. ഊക്കന്‍ പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നു. പാവം, നരേന്ദ്രമോദിക്ക് ഉറക്കം നഷ്ടപ്പെടുമോ എന്തോ...

സംഘപരിവാറിനെ നേരിടാന് ഇറങ്ങിത്തിരിച്ചിട്ടുള്ള ജനതാപരിവാര്‍ നേതാക്കളെല്ലാം ഒന്നിനൊന്ന് യോഗ്യന്മാര്‍തന്നെ. കൊല്ലം കുറേയായി ബി.ജെ.പി.ക്കൊപ്പം ബിഹാര്‍ ഭരിച്ച നിതീഷ് കുമാറാണ് തലവന്‍. കുറ്റം പറയരുതല്ലോ. കൂട്ടത്തില്‍ ഭേദം ഇദ്ദേഹംതന്നെ. ബിഹാറി ബി.ജെ.പി.യെക്കുറിച്ച് അദ്ദേഹത്തിന് നല്ല അഭിപ്രായമാണ്. ഗുജറാത്ത് ബി.ജെ.പി.യെപ്പോലെ കഠിനഹൃദയരും ക്രൂരന്മാരും കൊലയാളികളുമല്ല. താരതമ്യേന ലോലഹൃദയരാണ്. മറ്റൊരു സോഷ്യലിസ്റ്റ് ആ നാട്ടിലുണ്ടായിരുന്നതുകൊണ്ട് മുഖ്യശത്രു അതായി ലാലു പ്രസാദ് യാദവ്. പത്തിരുപത് വര്‍ഷമായി ഇരുവരും തമ്മിലായിരുന്നു യുദ്ധം. ഇരുവര്‍ക്കും മടുത്തു.
അഴിമതിവിരുദ്ധ പോരാട്ടത്തില്‍ തുടങ്ങി ഒടുവില്‍ അഴിമതിക്കേസില്‍ ജയിലില്‍ക്കിടന്ന് കുപ്രസിദ്ധിനേടി ലാലു. നീണ്ടകാലം ഭരിച്ച് ബിഹാറിന് രാജ്യത്തെ ഏറ്റവും ഭരണരഹിത അരാജക സംസ്ഥാനമെന്ന കീര്‍ത്തി നേടിക്കൊടുത്തത് ലാലുവാണ്. ആ പ്രാകൃത ബിഹാറിനെ കഷ്ടപ്പെട്ട് നേരേയാക്കി വരികയായിരുന്നു നിതീഷ്. അപ്പോഴാണ് നരേന്ദ്രമോദിയെ പൊക്കിപ്പിടിച്ച് ബി.ജെ.പി. രംഗത്തുവരുന്നത്. ബിഹാര്‍ അല്ല, ഗുജറാത്താണത്രെ വികസനത്തിന്റെ മോഡല്‍. നിതീഷ് എങ്ങനെ സഹിക്കും. ലാലുനിതീഷ് പുനസ്സംഗമത്തിന് അതോടെയാണ് അരങ്ങൊരുങ്ങിയത്.

രാജ്യത്ത് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള മൂന്ന് മുന്‍പ്രധാനമന്ത്രിമാരില്‍ നാട്ടിലിറങ്ങി നടക്കാന്‍ കഴിയുന്നത് ദേവഗൗഡയ്ക്ക് മാത്രമാണ്. അബദ്ധവശാല്‍ പ്രധാനമന്ത്രിയായവരില്‍ ഒന്നാംറാങ്ക് യഥാര്‍ഥത്തില്‍ കൊടുക്കേണ്ടത് മന്‍മോഹനല്ല, ദേവഗൗഡയ്ക്കാണ്; വേറെ ദോഷം പലതുണ്ടെങ്കിലും. മുന്‍ സോഷ്യലിസ്റ്റ് അല്ല. അങ്ങനെ അവകാശപ്പെടാറേ ഇല്ല. കൈവശമുള്ള ഭൂമി ഏക്കര്‍ അഞ്ഞൂറാണോ അയ്യായിരമാണോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. പക്ഷേ, വിനീതകര്‍ഷകനാണ്, മുന്‍ സംഘടനാ കോണ്‍ഗ്രസ്സുകാരനാണ്. ആരുമായും കൂട്ടുകൂടും. പുത്രനെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി.യുമായും കൂടി.

ജനതാപരിവാര്‍ സംഘാടകസംഘത്തെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം വിശേഷിപ്പിച്ചത് 'ദി ടയേഡ് ആന്‍ഡ് ദി റിട്ടയേഡ്' എന്നാണ്. ഏതാണ്ട് റിട്ടയേഡ് ആണെങ്കിലും ടയേഡ് അല്ലാത്ത ഒരാളാണ് മുലായംസിങ് യാദവ്. പ്രധാനമന്ത്രിയാകാമെന്ന മോഹം ഈ ജന്മത്ത് ഇനി നടക്കില്ലെന്ന് ഏതാണ്ട് ബോധ്യമായതിന്റെ മനഃപ്രയാസത്തോടെ ജീവിച്ചുവരികയാണ്. പുത്രനെ മുഖ്യമന്ത്രിയാക്കാന്‍ കഴിഞ്ഞതാണ് എടുത്തുപറയേണ്ട നേട്ടം. ഇടയ്ക്കിടെ ചില്ലറ വിവാദമുണ്ടാക്കും. ഒടുവിലത്തേത് നല്ല കുപ്രശസ്തി ഉണ്ടാക്കി. ബലാത്സംഗക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നൊക്കെ ആവശ്യമുയര്‍ന്ന കാലത്ത് അദ്ദേഹം പറഞ്ഞു 'ആണ്‍കുട്ടികള്‍ക്ക് ചില തെറ്റെല്ലാം പറ്റും. അതിന്റെ പേരിലൊന്നും ആരെയും തൂക്കിക്കൊല്ലാന്‍ പാടില്ല.'

75 വയസ്സാണ് ജനതാ പരിവാര്‍ പ്രസ്ഥാനത്തില്‍ ചേരാനുള്ള മിനിമം പ്രായം. അഞ്ച് എം.പി.മാരില്‍ കൂടുതലുള്ള പാര്‍ട്ടികളെ വേണ്ട. സമാജ്വാദി, സമത, ലോക് ദള്‍, അപ്നാ ദള്‍, മേരാ ദള്‍, തുമാരാ ദള്‍ തുടങ്ങി കാഴ്ചബംഗ്ലാവുകളില്‍ വെക്കേണ്ട വിചിത്രയിനങ്ങള്‍ പലതുണ്ട്. അഞ്ച് സീറ്റുള്ളത് മുലായത്തിനുമാത്രം. 20 സീറ്റ് സ്വന്തമായുള്ള ഒരാളുണ്ട് അകലെ നില്‍ക്കുന്നു. ഒഡിഷയിലെ നവീന്‍ പട്‌നായിക്. ബിജു ജനതാദള്‍ എന്ന പാര്‍ട്ടിപ്പേരില്‍ ജനതയുണ്ട് എന്നൊരു ദോഷമേയുള്ളൂ. ജനതാപരിവാറിന്റെ നാലയലത്ത് പോകില്ല. ഒഡിഷക്കാര്‍ക്ക് പൂര്‍ണ തൃപ്തിയാണ്. മര്യാദയായി ഭരിക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ പാച്ചിലൊക്കെ ഉണ്ടായിട്ടും 21ല്‍ 20 സീറ്റും ജയിച്ചു നവീന്‍. അച്ഛന്റെ പേരിലാണ് പാര്‍ട്ടിയെങ്കിലും അച്ഛന്‍ മരിച്ചശേഷം രാഷ്ട്രീയത്തില്‍വന്ന് അച്ഛനേക്കാള്‍ ജനപിന്തുണ നേടിയ കക്ഷിയാണ്. ഇതെല്ലാം ജനതാപരിവാറില്‍ ചേരാനുള്ള അയോഗ്യതകളാണ്.

എല്ലാ വ്യത്യസ്തയിനം ജനതകള്‍ കൂടിച്ചേര്‍ന്നാലും 20 തികയില്ല ലോക്‌സഭയില്‍ അംഗബലം. 15 വര്‍ഷംമുമ്പ് ജനത പരിവാര്‍ പാര്‍ട്ടികളില്‍പ്പെട്ട നൂറോളം എം.പി.മാര്‍ ലോക്‌സഭയിലുണ്ടായിരുന്നു. അന്നൊന്നും ഈ ബോധമേ ഉണ്ടായില്ല. പോയ ബുദ്ധി ആന വലിച്ചാല്‍ വരില്ല എന്നുപറയും നാട്ടിന്‍പുറത്ത്. ഇനി, ഉള്ള ശേഷികൊണ്ട് പരിവാറിനെ വലിക്കുകതന്നെ. കുറച്ചുകൂടി കഴിഞ്ഞാല്‍ അതിനും വയ്യാതാവും.

                                                          *********
എന്‍.സി.പി.യുടെ കേരളഘടകത്തിന് വേവലാതി ഒഴിഞ്ഞ കാലമില്ല. ഇത്രയും കാലം പാര്‍ട്ടി കേന്ദ്രത്തില്‍ ഭരണപക്ഷത്തും കേരളത്തില്‍ ഇടതുപക്ഷത്തും ആയിരുന്നു. പാര്‍ട്ടിതലവന്‍ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി. കേന്ദ്രത്തിനെതിരെ സമരത്തിനും പോകണം കേന്ദ്രമന്ത്രിയെക്കണ്ട് സലാം പറയാനും പോകണം എന്തൊരു പാടാണ് എന്നോര്‍ത്തേ... ഡല്‍ഹിയില്‍ വലതുപക്ഷത്താണെന്നത് ഇവിടെ ഇടതുപക്ഷത്ത് നില്‍ക്കുന്നതിന് തടസ്സമായി ആരും കണ്ടില്ലെന്നത് സന്തോഷം. ബി.ജെ.പി. അധികാരത്തില്‍ വരാതിരിക്കാനാണ് ഇത്രയും കഷ്ടപ്പെട്ട് പവാര്‍ കേന്ദ്രമന്ത്രിസ്ഥാനത്തിരിക്കുന്നതെന്ന വിശദീകരണം അമര്‍ത്തിയുള്ള ഒരു മൂളലോടെയാണെങ്കിലും പിണറായി സഖാവ് ശരിവെച്ചതും വി.എസ്. സഖാവ് വേറെ എങ്ങോട്ടോ നോക്കിയതും വലിയ ഭാഗ്യംതന്നെ.

ശരദ് പവാര്‍ നാളെ എവിടെ നില്‍ക്കുമെന്ന് പറയാന്‍ പവാറിനുതന്നെ പറ്റില്ല. സോണിയഗാന്ധിയെ സഹിക്കാന്‍പറ്റാതെ പാര്‍ട്ടിവിട്ട ആളാണ് ഒടുവില്‍ സോണിയതന്നെ ഭരിക്കുന്ന കേന്ദ്ര കാബിനറ്റില്‍ നീണ്ട പത്തുവര്‍ഷം ഒച്ചയും അനക്കവുമില്ലാതെ കഴിഞ്ഞുകൂടിയത്. ഇനി കോണ്‍ഗ്രസ്സിനെക്കൊണ്ട് പ്രയോജനമില്ലെന്ന് ബോധ്യംവന്നപ്പോള്‍ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് ബന്ധം വിട്ടു. മകള്‍ക്ക് കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. ഓഫര്‍ ചെയ്താല്‍ ബുദ്ധിമുട്ടായില്ലേ. കരിമ്പുകൃഷി കഴിഞ്ഞാല്‍ പിന്നെ മധുരം കൂടുതലുള്ള കൃഷി ക്രിക്കറ്റാണ്. അതിലുമുണ്ട് പവാറിന് നോട്ടം. കേന്ദ്രസഹായമില്ലാതെ നിന്നാല്‍ അവിടെ വിക്കറ്റ് തെറിക്കും. ബി.ജെ.പി.യെ തടയാന്‍ കോണ്‍ഗ്രസ്സിനൊപ്പം നിന്നപോലെ ശിവസേനയെ തടയാന്‍ ബി.ജെ.പി.ക്കൊപ്പം നിന്നുകൂടേ? ഈ ന്യായം പക്ഷേ, പിണറായി, വി.എസ് വരട്ടുതത്ത്വവാദികള്‍ അംഗീകരിച്ചെന്ന് വരില്ല. അപ്പോഴെന്തുചെയ്യും? കേരളഘടകം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പവാറിനെ തള്ളിപ്പറയും. യു.ഡി.എഫില്‍ നോട്ടമിട്ട ചിലരും ഉണ്ടല്ലോ പാര്‍ട്ടിയില്‍. ഒരു പിളര്‍പ്പ് മണക്കുന്നുണ്ട്. വൈകാനിടയില്ല.

                                                        *********
എം.വി.ആറിനെ സി.പി.എം. ആക്രമിച്ചത് വ്യക്തിപരമായിരുന്നില്ല എന്ന് ഇടതുപക്ഷ സി.എം.പി.യുടെ സെക്രട്ടറി അഭിപ്രായപ്പെട്ടത് കേട്ടപ്പോള്‍ സമാധാനമായി. സി.പി.എം. അങ്ങനെയാണ്. ഒന്നും വ്യക്തിപരമായി ചെയ്യുകയില്ല. രാഷ്ട്രീയമില്ലാതെ ഒരു ഗ്ലാസ് കട്ടന്‍ചായ ആര്‍ക്കും വാങ്ങിക്കൊടുക്കുകയുമില്ല. ടി.പി.ചന്ദ്രശേഖരനെ കൊന്നത് വ്യക്തിപരമായിരുന്നില്ല. എന്നിട്ടും ചന്ദ്രശേഖരന്റെ അനുയായികള്‍ സി.പി.എമ്മിനോട് വെറുതേ വിരോധം പുലര്‍ത്തുന്നു!

എം.വി.ആറും അങ്ങനെയേ സി.പി.എമ്മിനെയും കണ്ടിരുന്നുള്ളൂ. കൂത്തുപറമ്പില്‍ വെടിവെച്ചതും അഞ്ച് സഖാക്കള്‍ മരിച്ചതുമെല്ലാം തീര്‍ത്തും രാഷ്ട്രീയംമാത്രം. ഇനി രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികം ആചരിക്കുമ്പോള്‍ ചെറിയ ആശയക്കുഴപ്പമുണ്ടാകും. എം.വി.ആര്‍. എന്ന മൂന്ന് അക്ഷരം യു.ഡി.എഫ്. എന്ന് മാറ്റിയാല്‍മതി. എല്ലാം ക്ലിയര്‍. ആര്‍ക്കും ഉണ്ടാവില്ല ആശയക്കുഴപ്പം. പഴയ പത്രവും നോട്ടീസും എടുത്ത് ആരെങ്കിലും പോസ്റ്ററടിക്കുന്നുണ്ടോ എന്ന് വിജിലന്റായി ഇരുന്നാല്‍ മതി. ഇതിലും വലിയ സംഘപരിവാര്‍ കൊലയാളിസംഘത്തെ പാര്‍ട്ടിയിലെടുത്തിരിക്കുന്നു. പിന്നെയല്ലേ എം.വി.ആര്‍...