Sunday, 26 January 2014

കൊന്നവര്‍ക്ക് ശിക്ഷ, കൊല്ലിച്ചവര്‍ക്ക്...


ഒഞ്ചിയം കൊലയാളികള്‍ക്ക് ശിക്ഷ ലഭിക്കും. കയറോ ജീവപര്യന്തം ചോറോ എന്ന് തീരുമാനമാകുന്നേയുള്ളൂ. തിരഞ്ഞെടുപ്പ് ഫലം പോലെയാണ് ചില വിധികളും. ജയിച്ച സീറ്റിന്റെ എണ്ണംമാത്രം നോക്കി ഒരു കൂട്ടര്‍ക്കും ശതമാനവും വോട്ടുകണക്കും നോക്കി മറ്റേ കൂട്ടര്‍ക്കും ആകാം ആഹ്ലാദപ്രകടനം. ടി.പി. വധക്കേസില്‍ സി.പി.എം. തുറന്നുകാട്ടപ്പെട്ടു എന്ന് മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ക്ക് പാടിനടക്കാം. പാര്‍ട്ടിയെ കുറ്റവിമുക്തമാക്കി എന്ന് പൊളിറ്റ് ബ്യൂറോ മുതല്‍ പി. മോഹനന്‍ വരെയുള്ളവര്‍ക്ക് അവകാശപ്പെടുകയും ചെയ്യാം. ഒപ്പത്തിനൊപ്പം.

കോടതിവിധി വന്നയുടനെ പാര്‍ട്ടി സെക്രട്ടറിയുടെ ലൈവ് ചാനല്‍പ്രവേശം ഉണ്ടായിരുന്നു. ക്യാമറ കണ്ടാല്‍ വെറിപിടിക്കാറാണ് പതിവ്. 'ചെറിയ പ്രതികരണം മതിയോ വിസ്തരിച്ചുതന്നെ വേണോ' എന്ന ചോദ്യവും ഹൈ വോള്‍ട്ടേജ് ചിരിയുമായാണ് ഇത്തവണ സഖാവ് പ്രത്യക്ഷപ്പെട്ടത്. സന്തോഷം കരകവിഞ്ഞൊഴുകി, അല്ലെങ്കില്‍ അങ്ങനെ തോന്നിപ്പിച്ചു. ഒഞ്ചിയം സംഭവം നടന്നയുടനെ അന്നത്തെ ഡി.ജി.പി. പറഞ്ഞത് ഉദ്ധരിക്കുന്നതായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ ആദ്യവാചകം. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം രാഷ്ട്രീയമല്ല എന്ന് ഡി.ജി.പി. പറഞ്ഞിരുന്നുവല്ലോ (അന്നം തിന്നുന്നവരാരും അങ്ങനെ വിശ്വസിക്കില്ല എന്ന് പ്രതിപക്ഷനേതാവും പറഞ്ഞിരുന്നു. അതുപോകട്ടെ). പാര്‍ട്ടിലൈന്‍, കോടതി അത് ശരിവെച്ചു എന്നാണ് സഖാവ് വിസ്തരിക്കാന്‍ ശ്രമിച്ചത്. ബ്രെയ്ക്കിങ് ന്യൂസില്‍ ചാനലുകള്‍ അബദ്ധംകാട്ടുംപോലെ ചിലപ്പോള്‍ സെക്രട്ടറിക്കും പറ്റാം. ഒഞ്ചിയം കൊല രാഷ്ട്രീയപ്രതികാരം തന്നെയാണ് എന്നാണ് കോടതി പറഞ്ഞത്. പാര്‍ട്ടി നേതാവ് പി. മോഹനനെ കോടതി വെറുതെവിട്ടു എന്നത് തീര്‍ച്ചയായും നല്ലൊരു കച്ചിത്തുരുമ്പാണ്. പിടിവിട്ടുകൂടാ.

ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായല്ലോ. വേറെ പാര്‍ട്ടിയുണ്ടാക്കി നിരന്തരം തലവേദനയുണ്ടാക്കിയ ഒരു കുലംകുത്തി മരിച്ചു. കൊന്നതുതന്നെ. തെരുവില്‍വന്നുനിന്ന് പാതിരാത്രി സ്വയം വെട്ടിമരിച്ചു എന്ന് പറഞ്ഞിട്ടില്ല. വ്യക്തിപരമായ വിരോധംകൊണ്ട് ചിലര്‍ കൊന്നു. കൊന്നവരില്‍ പാര്‍ട്ടിക്കാര്‍ ഉണ്ടോ? ഉണ്ടാവാന്‍ വഴിയില്ല. പാര്‍ട്ടിക്ക് അങ്ങനെ ആളെ കൊല്ലുന്ന പതിവില്ല. ഇനി അഥവാ ആരെങ്കിലും പെട്ടുപോയിട്ടുണ്ടെങ്കില്‍ അതിന് പാര്‍ട്ടിയുമായി ബന്ധമില്ല. പാര്‍ട്ടി അംഗങ്ങള്‍ സ്ത്രീപീഡനക്കേസിലോ അഴിമതിക്കേസിലോ പെട്ടുപോകുന്നതുപോലെ കരുതിയാല്‍ മതി. പാര്‍ട്ടി പറഞ്ഞിട്ടല്ലല്ലോ ആളുകള്‍ പീഡിപ്പിക്കുന്നതും അഴിമതി നടത്തുന്നതും. ഒരു കാര്യമുണ്ട്, സ്ത്രീപീഡനവും അഴിമതിയും പാര്‍ട്ടി സഹിക്കില്ല. അതില്‍ പ്രതിയാകുംമുമ്പുതന്നെ ആളെ പാര്‍ട്ടി പുറത്താക്കും. ഗോപി കോട്ടമുറിക്കലായാലും പി. ശശിയായാലും അതില്‍ വ്യത്യാസമില്ല. അധമകുറ്റകൃത്യമാണ് സ്ത്രീപീഡനം. കൊല ശ്രേഷ്ഠമാണ്. അതില്‍പ്പെട്ടവര്‍ പാര്‍ട്ടിക്കാരാണെങ്കിലും പാര്‍ട്ടിയുമായി വിദൂരബന്ധം മാത്രം ഉള്ളവരായാലും പാര്‍ട്ടി കൈവിടില്ല. പ്രതികള്‍ക്ക് എല്ലാ സഹായവും ഒരുക്കും. വേണമെങ്കില്‍ സുപ്രീംകോടതിയില്‍നിന്നുതന്നെ വക്കീലിനെ കൊണ്ടുവരും. കോടതിയല്ല പടച്ചതമ്പുരാന്‍ ഇറങ്ങിവന്ന് വിധിപറഞ്ഞാലും അവരെ നിരപരാധികളായേ പാര്‍ട്ടിക്ക് കണക്കാക്കാന്‍ പറ്റൂ.

ആകപ്പാടെ ഒരു പ്രശ്‌നമേയുള്ളൂ. പാര്‍ട്ടിക്കാരല്ലെങ്കില്‍ ആര്‍, എന്തിന് ടി.പി.യെ കൊന്നു എന്നതിന് വിശ്വസിക്കാനാവുന്ന ഒരു തിയറി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ വൈദഗ്ധ്യം ഉള്ളവര്‍ പാര്‍ട്ടി ഗവേഷണകേന്ദ്രത്തിലില്ല എന്നുവേണം കരുതാന്‍. ഓരോരുത്തര്‍ ഭാവനയ്ക്കനുസരിച്ച് ഓരോ കഥ മെനഞ്ഞെടുക്കുന്നത് പാര്‍ട്ടിക്ക് ഭൂഷണമല്ല. നാളെ ചരിത്രത്തോട് സമാധാനം പറയാനുള്ളതാണ്. അരഡസന്‍ തിയറികളെങ്കിലും പാര്‍ട്ടിക്കാര്‍ സന്ദര്‍ഭത്തിനൊത്ത് സൃഷ്ടിച്ചിരുന്നു. ഒന്നിനുപോലും തരക്കേടില്ല എന്നുപറയാവുന്ന ഒരു തിരക്കഥ ഉണ്ടായിരുന്നില്ല. അപഥസഞ്ചാരത്തിന് പോയപ്പോള്‍ സംഭവിച്ചതാണെന്ന കഥയിറക്കാന്‍ പാര്‍ട്ടി സെക്രട്ടറി ഒരുവട്ടം ശ്രമിച്ചുനോക്കിയതാണ്. അപഥസഞ്ചാരക്കാരെ 52 വെട്ടുവെട്ടിക്കൊല്ലുന്ന സമ്പ്രദായം കണ്ണൂരിലുമില്ല, സൗദി അറേബ്യയില്‍ പോലുമില്ല എന്നാര്‍ക്കാണ് അറിയാത്തത്. സി.പി.എമ്മിന്റെ കഥകഴിക്കാന്‍വേണ്ടി പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ കോണ്‍ഗ്രസ്സുകാര്‍ കൊട്ടേഷന്‍ ഗുണ്ടകളെ ഉപയോഗിച്ച് നടത്തിയതെന്ന ഒരു കഥയായിരുന്നു കേട്ടതില്‍ ഭേദം. നട്ടുനോക്കിയതാണ്, മുളച്ചില്ല. കോണ്‍ഗ്രസ്സുകാരെ അതിനും കൊള്ളില്ല എന്നാര്‍ക്കാണ് അറിയാത്തത്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ യു.ഡി.എഫുകാര്‍ ചെയ്തതാണ് എന്നൊരു കഥയുടെ കരട് എഴുതിനോക്കിയതാണ്. കീറിക്കളഞ്ഞു. വലിയ കുലംകുത്തി നെയ്യാറ്റിന്‍കരയില്‍ത്തന്നെ ഉള്ളപ്പോള്‍ എന്തിന് ഒഞ്ചിയംവരെ വരണം?

പാര്‍ട്ടിയുടെ സാഹിത്യകാരന്മാര്‍ സംഘടിതമായി തെളിയിക്കാന്‍ ശ്രമിക്കുന്നത് ഒരൊറ്റ കാര്യം മാത്രം. കൊല നടന്നുകാണും. പക്ഷേ, ഗൂഢാലോചനയൊന്നും നടന്നിട്ടില്ല. നടന്നെങ്കില്‍ത്തന്നെ കോടതി അങ്ങനെ പറഞ്ഞിട്ടില്ല. പറഞ്ഞെങ്കില്‍ത്തന്നെ, അതില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് പറഞ്ഞെങ്കില്‍ത്തന്നെ അതിന് മതിയായ തെളിവ് നിരത്തിയിട്ടില്ല. പോരേ? ഇത്രയെല്ലാമായിട്ടും ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കുന്നവരോട് ഇനി ഒന്നേ പറയാനുള്ളൂ. പാര്‍ട്ടി ഡിറ്റക്ടീവുകള്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരാനുണ്ട്. അത്ര സ്​പീഡ് കാണില്ലായിരിക്കാം. റിപ്പോര്‍ട്ട് വരും. ലേറ്റായാലും ലേറ്റസ്റ്റായി വരും. ക്ഷമിച്ചിരിക്കിന്‍.

* * * *

കൊന്നവരെ പിടിച്ചാല്‍ പോരാ, കൊല്ലിച്ചവരെയും പിടികൂടണം, ചെറിയ മീനിനെ പിടിച്ചാല്‍ പോരാ സ്രാവിനെയും പിടിക്കണം എന്നും മറ്റും വീമ്പിളക്കി ചില മാന്യന്മാര്‍ ഇവിടെ നടന്നിരുന്നു. കൊന്നവരെ പിടിക്കുന്നതുതന്നെ ഇവിടെ വലിയ കാര്യമാണ്. കൊന്നവരും കൊല്ലിച്ചവരും പോലീസും ചേര്‍ന്ന്, വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന പാവത്തെ പിടികൂടി ജയിലിലടയ്ക്കുന്നതാണ് കീഴ്‌വഴക്കം. അത് മാറ്റിയതിന്റെ വില ഇനി എത്രകാലം കൊടുത്തുതീര്‍ക്കേണ്ടിവരും എന്ന് പോലീസുകാര്‍ക്കറിയില്ല. അപ്പോഴാണ് ഓരോരുത്തര്‍ കൊല്ലിച്ചവരെയും പിടിക്കണമെന്ന് പറയുന്നത്.

പതിനഞ്ചുകൊല്ലം മുമ്പാണെങ്കില്‍ കൊന്നവരും കൊല്ലിച്ചവരും സുരക്ഷിതരായിരുന്നു. ഇപ്പോള്‍ കൊന്നവരെ പിടിക്കാമെന്നായി. പണ്ട് നടക്കാത്തത് ഇപ്പോള്‍ സാധ്യമായത് സാങ്കേതികവിദ്യകൊണ്ടാണ്. ഫോണ്‍ ചെയ്തത് ആര്‍ക്കെല്ലാം എന്നേ ഇപ്പോഴും കണ്ടെത്താന്‍ പറ്റൂ. ഫോണില്‍ പറഞ്ഞത് എന്ത് എന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന കാലം വരുംവരെ കൊല്ലിച്ചവരെല്ലാം സുരക്ഷിതരാണ്. പക്ഷേ, പണ്ടത്തെ നിരക്കില്‍ കൊല്ലാന്‍ ആളെക്കിട്ടുക പ്രയാസമായിരിക്കും. റേറ്റ് കൂടും.

* * * *

ശ്രീബുദ്ധന്‍ മുതല്‍ മഹാത്മാഗാന്ധി വരെ എന്ന് പറഞ്ഞുകൂടാ... അതിനുശേഷവും നീണ്ടുകിടക്കുന്ന അഹിംസാവാദി സാത്വികരുടെ പരമ്പരയില്‍പ്പെട്ടവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലുള്ളതെന്ന് ഇനിയും ബോധ്യപ്പെടാത്തവരുണ്ടെങ്കില്‍ പുതിയ വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുക. കണ്ണൂരില്‍നിന്നുള്ള വാര്‍ത്തകള്‍.

നേരത്തേ പറഞ്ഞ അഹിംസാവാദികളുടെ കൂട്ടത്തില്‍ കൂട്ടാവുന്ന ബി.ജെ.പി.യില്‍പ്പെട്ട കുറേപ്പേര്‍ പാര്‍ട്ടിവിട്ടിരുന്നു. അവര്‍ രൂപംനല്‍കിയ സംഘടനയ്ക്ക് പേരിട്ടത് മഹാത്മാഗാന്ധി വിചാര്‍മഞ്ച് എന്നായിരുന്നില്ല, നരേന്ദ്രമോദി വിചാര്‍മഞ്ച് എന്നായിരുന്നു. ഏതാനും മാസത്തെ നമോജപം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് വഴി ബോധ്യപ്പെട്ടു. ചലോ ചലോ സി.പി.എം.

വിവരമറിഞ്ഞ് കണ്ണൂര്‍ സഖാക്കളുടെ കണ്ണുകളില്‍ സന്തോഷാശ്രു പൊഴിഞ്ഞു. മറക്കുക പൊറുക്കുക, ഇന്‍ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യങ്ങളുമായി അവര്‍ മുന്‍കാല സംഘപരിവാറുകാരെ സ്വീകരിക്കുകയാണ്. എത്ര ചോര അഞ്ചരക്കണ്ടിപ്പുഴയിലൂടെ ഒഴുകിയിരിക്കുന്നു. എത്ര രക്തസാക്ഷിമന്ദിരങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. എത്രപേര്‍ ജീവച്ഛവങ്ങളായി ജീവിതം തള്ളിനീക്കുന്നു. എത്ര യുവതികള്‍ വിധവകളായിരിക്കുന്നു.

തലനാരിഴയ്ക്ക് രക്തസാക്ഷിത്വത്തില്‍നിന്ന് രക്ഷപ്പെട്ട പി. ജയരാജന്‍ മുന്‍കാല കൊലയാളിസംഘനേതാക്കളെ സ്വീകരിക്കുന്നതില്‍ മുന്നിലുണ്ട്.

പൂര്‍വവിരോധം തീര്‍ക്കാന്‍ ആളെക്കൊല്ലുന്നവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ എന്നുമാത്രം പറയരുത്. പടച്ചോന്‍ പൊറുക്കില്ല.

Friday, 17 January 2014

തരുണ്‍ തേജ്പാലും ജസ്റ്റിസ് ഗാംഗുലിയും

തരുണ്‍ തേജ്പാലും ജസ്റ്റിസ് ഗാംഗുലിയും തമ്മില്‍ എന്താണ് വ്യത്യാസം ? ഇവരുടെ കുറ്റകൃത്യങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസമുമില്ല എന്നാണ് നിയമം പഠിച്ചവര്‍ പറയുന്നത്. ശരി, പക്ഷേ എന്തുകൊണ്ടാണ് തരുണ്‍ തേജ്പാല്‍ ജയിലിലും ജസ്റ്റിസ് ഗാംഗുലി ഇതെഴുതുമ്പോഴും പ.ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ തലപ്പത്തും ഇരിക്കുന്നത് ?  ആരോപിതമായ കുറ്റം ഗാംഗുലി ചെയ്തത് ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ്. തേജ്പാല്‍ കുറ്റം ചെയ്ത് ദിവസങ്ങള്‍ക്കകം ജയിലിലായി. പുറത്തിറങ്ങാന്‍ വൈകും എന്ന് തീര്‍ച്ച. രണ്ട് ആളുകളുടെ കാര്യത്തില്‍ നിയമം എന്തുകൊണ്ടാണ് അതിന്റെ (നേര്‍)വഴിക്ക് പോകാത്തത് ?  പത്രപ്രവര്‍ത്തകന് ഒരു നിയമവം ജസ്റ്റിസിന് മറ്റൊരു നിയമവുമാണോ ?

പത്രപ്രവര്‍ത്തകനായ തേജ്പാലിന് വേണ്ടി വക്കാലത്ത് അല്ല ഈ കുറിപ്പ്. തേജ്പാല്‍ തടങ്കലിലാണ്. സ്വന്തം കൂട്ടത്തില്‍ പെട്ടവരാണ്  പത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം തേജ്പാലും അദ്ദേഹത്തിന്റെ ഇരയാകേണ്ടിവന്ന പെണ്‍കുട്ടിയും. പത്രപ്രവര്‍ത്തകസമൂഹം ഇരയോടൊപ്പം ഉറച്ചുനിന്നു. അവര്‍ തേജ്പാലിനെ നീതിരഹിതമായി വിചാരണ ചെയ്തു എന്നും സംശയത്തിന്റെ ആനുകൂല്യംപോലും നല്‍കാതെ ജയിലിലേക്ക് തല്ലിയോടിച്ചെന്നും ഉള്ള ആക്ഷേപം പോലും ചില കോണുകളില്‍ നിന്നുണ്ടായി. ഒരു ഷോമ ചൗധരിയേ തേജ്പാലിനെ തെല്ലെങ്കിലും സഹായിക്കാനുണ്ടായുള്ളൂ. പക്ഷേ, ജസ്റ്റിസ് ഗാംഗുലിക്ക് സംശയത്തിന്റെ ആനുകൂല്യം വേണ്ടുവോളം ലഭിച്ചു നീതിന്യായ സമൂഹത്തില്‍ നിന്ന്.  തേജ്പാല്‍ ഇരയോടെങ്കിലും കുറ്റം ഏറ്റുപറഞ്ഞ് ആറുമാസത്തേക്ക് എഡിറ്റര്‍ പദവിയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുമെന്ന ശിക്ഷ സ്വയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ തലവന്റെ പദവിയില്‍ കടിച്ചുതൂങ്ങുന്ന ജസ്റ്റിസ് ആകട്ടെ ആരോപണം ശക്തിയായി നിഷേധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയുടെ മൊഴി ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ജസ്റ്റിസ് കഴിച്ച മദ്യത്തിന്റെ അളവ് പെണ്‍കുട്ടി എടുത്തുപറയുന്നുണ്ട്.  ജസ്റ്റിസിനെ കുറ്റപ്പെടുത്താനാവില്ല. ഇത്രയും മദ്യം കഴിച്ചാല്‍ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടത്. ഇത്രയും ലഹരിയില്‍ ചെയ്ത കാര്യ ആര്‍ക്ക് ഓര്‍മിക്കാനാകും !

തേജ്പാല്‍ എന്ന പത്രപവര്‍ത്തകന്റെ പേരില്‍ പത്രപ്രവര്‍ത്തകസമൂഹമോ ഗാംഗുലിയുടെ പേരില്‍ നീതിന്യായ സമൂഹമോ ലജ്ജിക്കുകയൊന്നും വേണ്ട. ലൈംഗികകുറ്റകൃത്യങ്ങളുടെ പേരില്‍ ലജ്ജിക്കേണ്ടത് പുരുഷസമൂഹം ഒന്നടങ്കമാണ്. ഇപ്പോള്‍ ജയിലിലും പ്രതിക്കൂട്ടിലും ലൈംഗികപീഡനം ആരോപിക്കപ്പെട്ട് കുറ്റപത്രം കാത്തുനില്‍ക്കുന്ന മൂന്ന് പ്രതീകങ്ങള്‍ കൂടിയായ പുരുഷന്മാരെ കുറിച്ച് ആലോചിച്ചാല്‍ പുരുഷന്മാര്‍ക്ക് തന്നെയല്ല സ്ത്രീകള്‍ക്ക് തന്നെയും ലജ്ജ തോന്നിപ്പോകും. ഒരാള്‍ നീതിപീഠത്തിന്റെ തലപ്പത്ത് ഇരുന്ന ആള്‍, ഒരാള്‍ ആദര്‍ശാത്മക പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകം, ഒരാള്‍ ആയിരങ്ങള്‍ ആരാധിക്കുന്ന ആത്മീയ ആചാര്യന്‍, അയാളുടെ വഴിയെ പുത്രനും. ആരെയാണ് പെണ്ണിന് വിശ്വസിക്കാനാവുക ? പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അച്ഛനില്‍ നിന്ന് പീഡനമേല്‍ക്കേണ്ടിവന്നതിന്റെ വാര്‍ത്തകള്‍ ദിവസവും മാധ്യമങ്ങളില്‍ കാണേണ്ടിവരുമ്പോള്‍ ആര്‍ക്ക് ആരെ വിശ്വസിക്കാനാവും ?

തരുണ്‍ തേജ്പാലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പഠിക്കേണ്ട പാഠങ്ങളുണ്ട്. ഒരു കാലത്ത് ആദര്‍ശത്തിന്റെയും സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും പാതയില്‍ തിളങ്ങിനിന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഇപ്പോള്‍ അപകീര്‍ത്തി അദ്ദേഹത്തെ പൊതിയുന്നതിന് കുറെ മുമ്പുതന്നെ മാധ്യമലോകം തേജ്പാലിന്റെ നീക്കങ്ങളില്‍ സംശയം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. പണത്തിനും പ്രശസ്തിക്കും അധികാരത്തിനും വേണ്ടി തന്റെ സല്‍പ്പേര് വില്‍ക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള സ്വധീനശക്തികളുടെ ചങ്ങാതിയായി ഈ തീപ്പൊരി ജേണലിസ്റ്റ്. വഴി മാറി സഞ്ചരിച്ചുതുടങ്ങിയപ്പോള്‍ അദ്ദേഹം താന്‍വന്ന വഴിതന്നെ മറന്നു. കോടീശ്വരനായി വളര്‍ന്ന തന്റെ സ്വാധീനവും അധികാരവും തന്നെ  ഏത് ഏടാകൂടത്തില്‍നിന്നും രക്ഷിക്കുമെന്നും ആര്‍ക്കും തനിക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമുള്ള അപ്രമാദിത്ത ചിന്തയും അദ്ദേഹത്തെ പിടികൂടിക്കാണണം. താന്‍ കുഴിച്ച കുഴിയില്‍തന്നെ വീഴുകയായിരുന്നു തേജ്പാല്‍.  

തേജ്പാല്‍ സംഭവം മറ്റൊരു ഗുരുതരമായ പ്രശ്‌നത്തിലേക്ക് കൂടി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വനിതകളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്ത്വവും ഉറപ്പുവരുത്താന്‍ എന്തുസംവിധാനമാണ് രാജ്യത്തുള്ളത് ? സ്ഥാപനത്തിന് അകത്തുപോലും സുരക്ഷിതമല്ലാത്ത അവര്‍ക്ക് എങ്ങിനെയാണ് സമൂഹത്തിലെ സ്ത്രീയുടെ സുരക്ഷിതത്ത്വത്തിന് വേണ്ടി ശബ്ദിക്കാനാവുക ? ലിഫ്റ്റില്‍വെച്ച് തേജ്പാല്‍ പെണ്‍കുട്ടിയോട് പറഞ്ഞത് തൊഴില്‍ സുരക്ഷിതത്ത്വം ഉറപ്പുവരുത്താന്‍ തനിക്ക് വഴങ്ങണം എന്നാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ് എന്ന് കരുതാന്‍ പറ്റില്ല. എണ്ണമറ്റ വനിതാപത്രപ്രവര്‍ത്തകര്‍ക്ക് സ്ഥാപനങ്ങളില്‍ സുരക്ഷിതത്ത്വം ഉറപ്പുവരുത്താന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ? രാവിലെ ഓഫീസിലെത്തി സന്ധ്യ മയങ്ങുംമുമ്പ് വീടണയാന്‍ കഴിയുന്ന ഉദ്യോഗസ്ഥകളില്‍ നിന്ന വ്യത്യസ്തമാണ് വനിതാ പത്രപ്രവര്‍ത്തകരുടെ കാര്യം. സ്വന്തം നെഞ്ചൂക്കല്ലാതെ ഇവര്‍ക്ക് എന്താണ് സഹായകമായി ഉള്ളത്? കോടതിവിധി പ്രകാരമുള്ള പ്രത്യേക സമിതി തെഹല്‍ക്ക എന്ന ആദര്‍ശപത്രസ്ഥാപനത്തില്‍ രൂപവല്‍ക്കരിക്കുക പോലുമുണ്ടായില്ല എന്നോര്‍ക്കണം. എത്ര പത്രസ്ഥാപനത്തില്‍ ഇത്തരം കമ്മിറ്റികള്‍ ഉണ്ട് ? ആരാണ് ഇത് നോക്കാനുള്ളത് ? പ്രസ്‌കൗണ്‍സിലിന്റെ ചുമതലകളില്‍ ഇത് വരില്ലായിരിക്കാം. പക്ഷേ, ദേശീയ വനിതാ കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലേ ?

സാമാന്യമായ തൊഴില്‍സുരക്ഷിതത്ത്വമെങ്കിലും ഇല്ലാത്ത സ്ഥാപനത്തില്‍ എങ്ങനെയാണ് വനിതാജീവനക്കാര്‍ക്ക് ലൈംഗിക സുരക്ഷിതത്ത്വം ഉണ്ടാവുക ? പരാതിപ്പെടേണ്ട അവസ്ഥ ഉണ്ടായാല്‍ അതിനൊരു കമ്മിറ്റിയില്ല. കമ്മിറ്റിയുണ്ടാക്കണം എന്നാവശ്യപ്പെടാന്‍ സ്ഥാപനത്തില്‍ ഒരു ട്രേഡ് യൂണിയന്‍ പോലും ഇല്ലാതിരിക്കുക. എല്ലാം സഹിച്ച് ജോലിയില്‍ തുടരുക അല്ലെങ്കില്‍ ഏകയായി ചെറുത്തുനിന്ന് പെരുവഴിയാധാരമാകുക എന്ന രണ്ട് പോംവഴിയിലൊന്നേ തനിക്ക് മുന്നിലുള്ളൂ എന്ന് വന്നാല്‍ എത്ര സ്ത്രീകള്‍ക്ക ആത്മാഭിമാനത്തോടെ ഈ രംഗത്ത് നില്‍ക്കാനാവും ?  മാധ്യമസ്ഥാപനങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കരാര്‍ പണി സമ്പ്രദായവും ട്രേഡ് യൂണിയന്‍ വിനാശവും കൂടി വനിതകളിടെ അവസ്ഥ ഗുരുതരമാക്കുന്നുണ്ട്. ഇത് പത്രപ്രവര്‍ത്തകരുടെ മാത്രം പ്രശ്‌നമല്ല, പൊതുസമൂഹത്തിന്റെ കൂടി പ്രശ്‌നമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
(Published as Leader in Media Magazine Jan 2014)

Sunday, 12 January 2014

അവസാനത്തെ ഓഫര്‍


കേരളരാഷ്ട്രീയത്തിലെ രണ്ട് ഘഡാഗഡിയന്‍ കക്ഷികളായിരുന്നു സി.എം.പി.യും ജെ.എസ്.എസ്സും. ആളെണ്ണം നോക്കേണ്ട. ആളില്ലാതെയും പലതും ചെയ്യാന്‍ കഴിവുള്ളവരാണ് രണ്ട് പാര്‍ട്ടികളെയും നയിച്ചത്. രണ്ടും ഉണ്ടായത് ഒരേ നക്ഷത്രത്തിലുണ്ടായ സ്‌ഫോടനങ്ങളുടെ ഫലമായാണ്. മഹാവിസ്‌ഫോടനങ്ങള്‍ എന്നുതന്നെ പറയാം. പ്രപഞ്ചോത്പത്തിതന്നെ അങ്ങനെയായിരുന്നു എന്നല്ലേ സിദ്ധാന്തം. ഒന്നുമില്ലായ്മയില്‍നിന്നാണ് അവിടെ ഓരോന്നുണ്ടായത്. ഇവിടെ മറിച്ചാണ്. ഓരോ സ്‌ഫോടനം നടന്നപ്പോഴും പുതിയ പാര്‍ട്ടികള്‍ ഉണ്ടായി. ഇതോടെ സി.പി.എമ്മിന്റെ കഥ തീരും എന്നായിരുന്നു ജന്മി-ബൂര്‍ഷ്വാ പിന്തിരിപ്പന്മാര്‍ വ്യാമോഹിച്ചത്. കൊടുങ്കാറ്റ് പോലെയല്ലേ എം.വി.ആര്‍. ആഞ്ഞടിച്ചത്. സാക്ഷാല്‍ ഇ.എം.എസ്. തന്നെ വേണ്ടിവന്നു കേരളം മുഴുവന്‍ കഷ്ടപ്പെട്ട് പാഞ്ഞുനടന്ന് ഡാമേജ് കണ്‍ട്രോള്‍ നടത്താന്‍. കണ്ണൂരില്‍ ചോര എത്ര ഒഴുകിയിരിക്കുന്നു, വെടി എത്ര പൊട്ടിയിരിക്കുന്നു, എത്രപേര്‍ വികലാംഗരായിരിക്കുന്നു. ഇപ്പോഴും കിടക്കുന്നുണ്ട് ജീവച്ഛവങ്ങളായി അന്നത്തെ പല ചെറുപ്പക്കാരും. വിസ്തരിക്കാന്‍ വയ്യ, കണ്ണീരൊഴുകും.

കേരംതിങ്ങും കേരളനാട്ടിലെ കെ.ആര്‍. ഗൗരിയമ്മയുടെ സങ്കടം പറയാതിരിക്കുകയാണ് ഭേദം. ആറുപതിറ്റാണ്ട് മുമ്പ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ്. ആദ്യ നിയമസഭയില്‍ എം.എല്‍.എ. മാത്രമല്ല, മന്ത്രിയുമായി. എന്നിട്ടോ... 1996-നുശേഷം നിയമസഭയില്‍ ഒറ്റത്തടി കക്ഷി. ചുറ്റും ശത്രുക്കള്‍. കൊട്ടാരത്തില്‍നിന്ന് അനാഥാലയത്തിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയ അവസ്ഥ. ജനാധിപത്യസംരക്ഷണ സമിതി എന്നാണ് പാര്‍ട്ടിയുടെ പേര്. ജനാധിപത്യം സംരക്ഷിക്കുന്നത് അവിടെ നില്‍ക്കട്ടെ, പാര്‍ട്ടിയുടെ ആ ഒരു സീറ്റുതന്നെ സംരക്ഷിക്കാനായില്ല. അരനൂറ്റാണ്ടുകാലം നിയമസഭയിലെ മുന്‍നിരയിലുണ്ടായിരുന്ന സീറ്റ്പിന്നിലാക്കിയതിന്റെ സങ്കടം ആത്മകഥയുടെ ആമുഖത്തില്‍ എഴുതിയിട്ടുണ്ട് ഗൗരിയമ്മ. താമസിക്കാന്‍ നല്ലൊരു ഹോസ്റ്റല്‍മുറി പോലും ഇല്ലാതാക്കി പഴയ സഖാക്കള്‍. ആത്മകഥ 1948-ഓടെ അവസാനിപ്പിച്ചു. ശേഷം വിശേഷങ്ങള്‍ ഇനി എഴുതാനിരിക്കുന്നതേ ഉള്ളൂ. 'എന്റെ ആത്മകഥ ഇവിടെ അവസാനിക്കുന്നില്ല. അടുത്തഭാഗം എഴുതിക്കൊണ്ടിരിക്കുകയാണ്. അത് താമസിയാതെ വായനക്കാരിലെത്തും' എന്ന ഭീഷണി ആദ്യഭാഗത്തിന്റെ ഒടുവില്‍ ചേര്‍ത്തിട്ടുണ്ട്. പക്ഷേ, എഴുതുക എളുപ്പമല്ല. സി.പി.എം. പീഡനം കവര്‍ചെയ്യാന്‍ ഒരു പുസ്തകവും യു.ഡി.എഫ്. പീഡനം വിവരിക്കാന്‍ വേറെ രണ്ട് പുസ്തകവും എഴുതേണ്ടിവരും. എഴുതിത്തീര്‍ത്തത് പലതും മാറ്റിയെഴുതേണ്ടി വരും...

വാര്‍ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കാതെ അമ്പലനടയില്‍ തള്ളുന്ന മക്കളെ പിടികൂടാന്‍വരെ നിയമമുള്ള ഇക്കാലത്താണ് എം.വി.ആറിനെയും ഗൗരിയമ്മയെയും യു.ഡി.എഫ്. തെരുവോരത്ത് തള്ളിക്കളഞ്ഞത്. ഒരു എം.എല്‍.എ. എങ്കിലും കൂടെ ഉണ്ടായിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. എം.എല്‍.എ. ഉണ്ടെങ്കില്‍ യു.ഡി.എഫില്‍ എന്തും കളിക്കാം. ആ ബലത്തിലൊരാള്‍ മന്ത്രിതുല്യ പദവിയോടെ സര്‍ക്കാറിനെ 24ന്ദ7 കൊല്ലാക്കൊല ചെയ്യുന്നുണ്ടല്ലോ. അച്ഛനും മകനും മാത്രമുള്ള വേറൊരു വന്‍കക്ഷി അച്ഛനും മകനും മന്ത്രിപ്പണിയോ മന്ത്രിതുല്യപ്പണിയോ കിട്ടാന്‍ വിലപേശുന്നു. ലക്ഷം ലക്ഷം പിറകെ ഇരമ്പിയിരുന്നത് പണ്ടാണെങ്കിലും ഇന്നും തലയെടുപ്പ് കുറഞ്ഞിട്ടില്ല ഗൗരിയമ്മയ്ക്കും എം.വി.ആറിനും. കൊട്ടാരമില്ലെന്നത് പോകട്ടെ, കേറിക്കിടക്കാന്‍ ഒരു എം.എല്‍.എ. മുറിപോലും കൊടുക്കുന്നില്ല ഇടതുവലതു ദുഷ്ടന്മാര്‍.

ഇനിയിപ്പോള്‍ ആത്മകഥാകഥനം തന്നെ ശരണം. എന്തെല്ലാമാണ് ഓര്‍മയില്‍ തിക്കിത്തിരക്കിവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ്, ഗൗരിയമ്മയെ ഇടതുമുന്നണിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാമെന്ന ഓഫര്‍ തോമസ് ഐസക്ക് മുന്നോട്ടുവെച്ചിരുന്നുവത്രെ. തമാശകള്‍ക്കൊന്നും സമയമില്ലാതിരുന്ന ജീവിതമായിരുന്നതുകൊണ്ട് തോമസ് ഐസകിന്റെ തമാശ മനസ്സിലാവാതെ പോയതാവും. പാര്‍ട്ടി പുറത്താക്കിയ, യു.ഡി.എഫ്. ഘടകകക്ഷിയുടെ നേതാവായ ഗൗരിയമ്മയെ എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക !. തിരഞ്ഞെടുപ്പിനുമുമ്പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന സമ്പ്രദായമില്ല ഇടതുമുന്നണിയില്‍. തിരഞ്ഞെടുപ്പിന് മുമ്പുതുടങ്ങി സത്യപ്രതിജ്ഞവരെ തുടരുന്ന മല്ലയുദ്ധത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ആര്‍ക്കും ഒരു ഉറപ്പുമില്ല. ഇ.എം.എസ്സിന് ഉറപ്പില്ലായിരുന്നു അക്കാലത്ത്. ഇ.കെ. നായനാര്‍ അവസാനനിമിഷം വരെ കാര്‍ഡുകള്‍ മാറ്റി മാറ്റിയിറക്കിയാണ് അങ്കം ജയിച്ച് മുഖ്യനായത്. കെ.ആര്‍. ഗൗരി കേരളം ഭരിക്കുമെന്ന് നാടുമുഴുവന്‍ പാടി വോട്ടുപിടിച്ച്, ഗൗരിയമ്മ മുഖ്യമന്ത്രി എന്ന് പത്രങ്ങളില്‍ എട്ടുകോളം തലക്കെട്ട് വന്നശേഷമാണ് ഗൗരിയമ്മയുടെ പേരുവെട്ടി നായനാര്‍ വീണ്ടും മുഖ്യനായത്. ആ പാര്‍ട്ടിയാണ് യു.ഡി.എഫില്‍ നില്‍ക്കുന്ന ആളെ മുഖ്യമന്ത്രിയാക്കാമെന്ന് ഓഫര്‍ നല്‍കുന്നത്. ഇതിലും എളുപ്പമാണ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കാമെന്ന് ഉറപ്പുകൊടുക്കാന്‍. അവിടെ വേറെ ആരും എതിര്‍ക്കാന്‍ വരില്ലല്ലോ.

യു.ഡി.എഫില്‍ തുടരുന്ന ആയുഷ്‌കാല കമ്യൂണിസ്റ്റ് യഥാര്‍ഥത്തില്‍ ജീവിതത്തിന്റെ സ്ലേറ്റ് തേച്ചുമായ്ച്ചുകളയുകയാണ് ചെയ്യുന്നത്. ഫോട്ടോഷോപ്പിലിട്ട് ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് തല മായ്ച്ചുകളയുംപോലെയാണ് അത്. പിന്നെ ഒന്നും അവശേഷിക്കില്ല. സി.പി.എമ്മിന്റെ ചരിത്രത്തില്‍ അടിക്കുറിപ്പായിപ്പോലും വരില്ല ഗൗരിയമ്മയും എം.വി.ആറും. ജെ.എസ്.എസ്സിനും സി.എം.പി.ക്കും ചരിത്രമേ ഉണ്ടാകാന്‍ പോകുന്നുമില്ല. ഇപ്പോഴും ഗൗരിയമ്മ ഓഫറുകള്‍ക്ക് കാത്തുനില്‍ക്കുകയാണ്. ചരിത്രത്തില്‍നിന്ന് ഉന്മൂലനം ചെയ്യപ്പെടില്ല എന്നതാണ് കിട്ടാനിടയുള്ള വലിയ ഓഫര്‍. കമ്യൂണിസ്റ്റ് ചരിത്രത്തില്‍ മാപ്പ് പതിവുള്ളതല്ല. പലര്‍ക്കും റീത്തുപോലും കിട്ടിയിട്ടില്ല.
* * * *
ലോകത്തെല്ലായിടത്തും കാര്യങ്ങള്‍ ഇതുപോലെയാണോ എന്ന് അറിയില്ല. പൊന്നുമോളേ, പഞ്ചാരക്കട്ടീ എന്നിങ്ങനെ വിളിച്ച് യുവതികളെ സംരക്ഷിക്കാനെന്ന വ്യാജേന അഭിഭാഷകര്‍ എത്തുന്നത് നാണക്കേടാണ്. പൈങ്കിളി വര്‍ത്തമാനവുമായി എത്തുന്ന പൊങ്ങന്മാരെ കാണുമ്പോള്‍ നാണം തോന്നുന്നു...

ഒരു അഭിഭാഷകയെ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ എഴുതിയതിന് ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. പിന്നെ അതിന്റെ പേരില്‍ അസോസിയേഷന്‍ യോഗത്തില്‍ തല്ലുംപിടിയുംവരെ ഉണ്ടായി. നേരത്തേ, ഫെയ്‌സ്ബുക്കില്‍ മാത്രം വന്നതാണ് പരാമര്‍ശം. ബാര്‍ അസോസിയേഷന്റെ നീക്കംമൂലം ഇത് മാധ്യമങ്ങള്‍ ലോകത്തെ മുഴുവന്‍ അറിയിച്ചു. വിവരാവകാശത്തിന്റെ കാലത്ത് ഇതിലേറെ ബുദ്ധിപൂര്‍വമായ ഒരു നീക്കമില്ല.

അഭിഭാഷകയുടെ പരാമര്‍ശം പൊങ്ങന്മാര്‍ക്ക് കടുത്ത മാനഹാനി ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് അഭിഭാഷകര്‍ക്കിടയിലെ പൊങ്ങന്മാര്‍ക്ക് മാത്രമേ ബാധകമാവൂ എന്ന് ധരിച്ച് മറ്റുതൊഴില്‍മേഖലകളിലെ പൊങ്ങന്മാര്‍ അടങ്ങിയിരിക്കുന്നത് അപകടമാണ്. സത്വര തിരിച്ചടി ഉടന്‍ ഉണ്ടാകുന്നില്ലെങ്കില്‍ വനിതാ അഡ്വക്കേറ്റിന്റെ അവതാരങ്ങള്‍ മറ്റെല്ലാ തൊഴില്‍മേഖലകളിലും ഉയര്‍ന്നുവരും. പൊങ്ങന്മാരുടെ ജീവിതം അതോടെ കട്ടപ്പൊകയാകും. അതുകൊണ്ട് സംഘടിക്കുക... അഖിലലോക പൊങ്ങന്മാരേ സംഘടിക്കുക...
* * * *
ഒരു കേസിലെ പ്രതി വിലകൂടിയ വസ്ത്രം ധരിച്ച് കോടതിയില്‍ വന്നത് കോടതിയെ ക്ഷോഭിപ്പിച്ചതായി വാര്‍ത്തയുണ്ട്. കോടതിയിലുള്ളവരുടെ വസ്ത്രത്തേക്കാള്‍ കൂടിയ വിലയുള്ള വസ്ത്രം പ്രതികള്‍ ധരിക്കുന്നത് കോടതിയുടെ അന്തസ്സ് ഇടിക്കുന്ന നടപടിയാണ്, അതുകൊണ്ട് കോടതിയലക്ഷ്യവുമാണ്. പ്രതികള്‍ക്ക് ധരിക്കാന്‍ വിലകുറഞ്ഞ സാരി, ഷര്‍ട്ട് എന്നിവ കോടതിതന്നെ വിതരണം ചെയ്യുകയോ വസ്ത്രവിലയുടെ പരിധി നിര്‍ണയിക്കാന്‍ കമ്മീഷനെ നിയോഗിക്കുകയോ ചെയ്യുന്നതാവും ഉചിതം. മുഖത്ത് പൗഡറിടുക, മുടി ചീകി സൗന്ദര്യം കൂട്ടുക, പുഞ്ചിരി പൊഴിക്കുക, സുഗന്ധദ്രവ്യം ഉപയോഗിക്കുക തുടങ്ങിയ നടപടികളും അപലപനീയമാണ്. ജയിലിലുള്ളവര്‍ക്ക് മാത്രമല്ല, ജാമ്യംകിട്ടി ഇറങ്ങിയവര്‍ പിന്നീട് ഹാജരാകുമ്പോഴും ഇത് ബാധകമാക്കണമോ വസ്ത്രത്തിന് മാത്രം മതിയോ അതല്ല സഞ്ചരിക്കുന്ന വാഹനം, കഴിക്കുന്ന ഭക്ഷണം, താമസിക്കുന്ന ഭവനം എന്നിവയ്ക്കും ബാധകമാക്കണമോ എന്നെല്ലാം ബഹു.കോടതിക്ക് വഴിയേ തീരുമാനിക്കേണ്ടിവരും.