Sunday, 30 March 2014

തിരിച്ചുവരുന്ന ധൂര്‍ത്തപുത്രന്മാര്‍ (പുത്രിയും)


കളി തുടങ്ങാന്‍ റഫറി വിസിലടിച്ചശേഷം കളിക്കാര്‍ ടീം മാറുന്നതുപോലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ചില കക്ഷികള്‍ മുന്നണി മാറി മറുപക്ഷത്ത് ചേരുന്നത്. മുമ്പും അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ, ചേരുന്നതിന് ഊക്കന്‍ കാരണങ്ങള്‍ നിരത്താറുണ്ട്. ഇപ്പോള്‍ അങ്ങനെയൊന്നും വേണമെന്നില്ല. ആര്‍.എസ്.പി.യുടെയും സി.എം.പി.യുടെയുമൊക്കെ മാറ്റം നോക്കുക.
രാജ്യത്ത് സോഷ്യലിസം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. വിട്ടതെന്ന് സി.എം.പി.ക്ക് പറയാമായിരുന്നു. അല്ലെങ്കില്‍, കോണ്‍ഗ്രസ് അംബാനിമാരുടെ പോക്കറ്റിലായതുകൊണ്ടാണെന്ന് പറയാമായിരുന്നു. അങ്ങനെ പറഞ്ഞാല്‍ കള്ളം പറഞ്ഞെന്ന് ആരും പറയുകയുമില്ല. ചോദിച്ച സീറ്റ് കിട്ടാഞ്ഞിട്ടാണ് കൂറുമാറുന്നതെങ്കിലും കനപ്പെട്ട വല്ല ന്യായവും പറയുന്നതാണൊരു ഗമ. ആര്‍.എസ്.പി.ക്കും പറയാമായിരുന്നു റവല്യൂഷണറി സോഷ്യലിസം സംബന്ധിയായ വല്ലതും. കാലം മാറി. തത്ത്വങ്ങള്‍ക്കും ആദര്‍ശത്തിനുമൊന്നും മാര്‍ക്കറ്റില്ല. ഇപ്പോള്‍ പൊതുവേ സത്യസന്ധന്മാരായിരിക്കുന്നു നേതാക്കള്‍. ഉള്ളത് ഉള്ളതുപോലെ പറയും. എ പക്ഷം സീറ്റ് തന്നില്ല, അതുകൊണ്ട് ബി പക്ഷത്ത് ചേര്‍ന്നു. ആ ഹോട്ടലില്‍നിന്ന് ഊണ് കിട്ടിയില്ല, അതുകൊണ്ട് ഈ ഹോട്ടിലില്‍ക്കേറി കഴിച്ചു എന്ന ലാഘവത്തിലാണ് സംഗതി നടക്കുന്നത്.

സി.എം.പി.യോട് കടുത്ത അവഗണനയായിരുന്നു യു.ഡി.എഫില്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി മന്ത്രിസ്ഥാനമില്ല. അത് പോട്ടെ, പാര്‍ട്ടിക്ക് എം.എല്‍.എ. ഇല്ലാത്തതുകൊണ്ടാണതെന്ന് സമ്മതിക്കാം. എങ്കില്‍ അതിന് കോംപന്‍സേറ്ററിയായി കൂടുതല്‍ സ്ഥാനങ്ങള്‍ തരേണ്ടേ? സംസ്ഥാനം മുഴുക്കെ ബോര്‍ഡും കോര്‍പ്പറേഷനുകളും ഉണ്ടാക്കിവെച്ചിരിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് 14 കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും 40 ബോര്‍ഡ് അംഗത്വവും ഉണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ മൂന്ന് ചെയര്‍മാന്‍ സ്ഥാനവും ഒമ്പത് ബോര്‍ഡ് അംഗത്വവുമേ കിട്ടിയുള്ളൂ. സി.എം.പി.ക്ക് ചോദിച്ച സ്ഥാനമൊന്നും കിട്ടിയില്ലെങ്കിലും പാര്‍ട്ടിയുടെ ഏക അവയിലബ്ള്‍ ബുദ്ധിജീവിയും ആസൂത്രകനുമായ സി.പി.ജോണിന് മൂന്ന് സ്ഥാനങ്ങള്‍ കൊടുത്തു. സി.എം.പി.യുടെ അക്കൗണ്ട് സീറോ ബാലന്‍സ് ആയിരുന്നതുകൊണ്ട് ഉദാരവത്കൃത പാര്‍ട്ടിയായ ലീഗ് സ്വന്തം അക്കൗണ്ടില്‍നിന്ന് എടുത്താണത്രെ അത് കൊടുത്തത്. നാട്ടുകാര്‍ക്ക് ഓര്‍മയില്ലാഞ്ഞിട്ടാണ്, സി.എം.പി.യും മുസ്ലിംലീഗും തമ്മില്‍ കഴിഞ്ഞ ജന്മത്തിലേ രക്തബന്ധമുണ്ട്. സി.എം.പി. എന്ന പാര്‍ട്ടി ജനിച്ചതുതന്നെ മുസ്ലിംലീഗ് കാരണമാണ്. സി.പി.എമ്മിലിരുന്ന് എം.വി.രാഘവന്‍ ബദല്‍രേഖ ചമച്ചത് എന്തിനായിരുന്നു? ലീഗുമായി സി.പി.എമ്മിന് ഒരു ബന്ധവും ആശാസ്യമല്ല എന്ന് തിരുമേനി പറഞ്ഞതിനെതിരെ, ബന്ധമാകാം എന്ന് പറഞ്ഞതിനാണ് എം.വി.ആര്‍. പുറത്തായതും പുതിയ പാര്‍ട്ടി ജനിച്ചതും.

ലീഗുകാര്‍ പക്ഷേ ഇതെല്ലാം മറന്നു. ക്രൂരവും പൈശാചികവുമായി അഴീക്കോട് സീറ്റ് എടുത്ത് മുസ്ലിം ലീഗ് സ്വന്തം പോക്കറ്റിലിട്ടു. സി.എം.പി. ഉണ്ടായ കാലംമുതല്‍ സ്ഥാപകനേതാവ് എം.വി.ആര്‍. മത്സരിച്ച സീറ്റാണ്. സി.എം.പി.യുടെ ഏക ഷുവര്‍ സീറ്റ്, മലപ്പുറത്ത് ഇഷ്ടംപോലെ ഷുവര്‍ സീറ്റുകളുള്ള മുസ്ലിം ലീഗ് കൈവശപ്പെടുത്തിയത് ഇടതുമുന്നണി ആര്‍.എസ്.പി.യോട് കൊല്ലത്ത് കാട്ടിയതിലും വലിയ അനീതിയായിരുന്നു.

15 കൊല്ലംമുമ്പ് കൈവിട്ടുപോയ സീറ്റിന്റെ പേരില്‍ ആര്‍.എസ്.പി.ക്ക് മുന്നണി വിടാമെങ്കില്‍ നിയമസഭാസീറ്റിന്റെ പേരില്‍ സി.എം.പി.ക്കും മുന്നണി വിടാം. തര്‍ക്കമില്ല. സി.എം.പി.പോയ വകയില്‍ ഒഴിവാകുന്ന ബോര്‍ഡും കോര്‍പ്പറേഷനുകളുമെല്ലാം പുതിയ കൂട്ടാളികളായ ആര്‍.എസ്.പി.ക്ക് കൈമാറിക്കളയാം എന്ന് യു.ഡി.എഫ്. യജമാനന്മാര്‍ ധരിക്കുന്നുണ്ടെങ്കില്‍ അത് നടപ്പില്ല. സ്ഥാനമുള്ളവരൊന്നും പോകില്ല, പോയവരൊന്നും സ്ഥാനമുള്ളവരല്ല. അതുകൊണ്ട് ഒഴിവുകളൊന്നും ഉണ്ടാവില്ല.

എത്ര മണ്ഡലങ്ങളില്‍ ജയിപ്പിക്കാന്‍ കഴിയും എന്ന ഒറ്റ പ്രാചീന പ്രാകൃത മാനദണ്ഡംവെച്ചാണ് യു.ഡി.എഫ്. ഇപ്പോഴും ഘടകകക്ഷികളുടെ കനം നോക്കുന്നത്. ആഗോളീകരണത്തിന്റെ ഇക്കാലത്ത് പുതിയ മാനദണ്ഡങ്ങള്‍ കണ്ടെത്താത്തത് കോണ്‍ഗ്രസ്സിന്റെ പാപ്പരത്തം തന്നെ. യു.ഡി.എഫില്‍നിന്ന് കിട്ടിയതൊക്കെ ധൂര്‍ത്തടിച്ച് പാപ്പരായ ഒരു പാര്‍ട്ടിയല്ല സി.എം.പി. ആയിരം കോടി രൂപയുടെ ആസ്തിയുള്ള സ്ഥാപനങ്ങള്‍ സി.എം.പി.ക്ക് ഉണ്ടെന്ന് മനസ്സിലായില്ലല്ലോ കോണ്‍ഗ്രസ്സിന്, കഷ്ടം. മന്ത്രിയുമില്ല, എം.എല്‍.എ.യുമില്ലാതെയാണ് ഇത്രയും ഉണ്ടാക്കിയത്. അതുകൂടി ഉണ്ടായിരുന്നെങ്കില്‍ ആസ്തിബലത്തില്‍ സി.പി.എമ്മിനെ തോല്‍പ്പിച്ചേനേ. നാട്ടില്‍ ആളും നിയമസഭയില്‍ സീറ്റും ഇല്ലെന്നത് ഒരു കുറവല്ല. കാല്‍നൂറ്റാണ്ടുമുമ്പ് സി.പി.എമ്മില്‍നിന്ന് ആശയപരമായി വിക്ഷേപണംചെയ്യപ്പെട്ട ചെറിയ പാര്‍ട്ടിയാണ്. കാലത്തിനൊത്ത് മാറ്റിച്ചിന്തിച്ചതുകൊണ്ട് ആള്‍ബലം കുറഞ്ഞെങ്കിലും ധനബലം കൂടി. അച്ഛനെ ധിക്കരിച്ച് നാടുവിട്ടുപോയ മുടിയനായ പുത്രന്മാര്‍ പട്ടിണിയായി ഗതിയില്ലാതെ വീട്ടിലേക്ക് തിരിച്ചുവന്നതുപോലെയല്ല സി.എം.പി. മാതൃപേടകത്തിലേക്ക് തിരിച്ചുവരുന്നത്. 200ലേറെ സ്ഥാപനങ്ങളുടെ നിയന്ത്രണാധികാരവുമായാണ് മടക്കം. ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചാടിയ പ്രേമചന്ദ്രന്റെ വിപ്ലവപ്പാര്‍ട്ടിക്ക് ശൗര്യമുള്ള നാവ് കാണുമായിരിക്കും. പക്ഷേ, അവര്‍ക്ക് ബാങ്കുണ്ടോ സൊസൈറ്റിയുണ്ടോ നാല് വിഷപ്പാമ്പെങ്കിലുമുണ്ടോ?

പാര്‍ട്ടിയില്‍ പണ്ട് ഒന്നിച്ചുണ്ടായിരുന്ന കാലത്ത് പഠിപ്പിച്ചുകൊടുത്ത കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയ ശിഷ്യന്മാരാണ് സി.എം.പി.ക്കാര്‍. അതിനൊത്ത പരിഗണനയും അംഗീകാരവും ഇനി ഇടതുപക്ഷത്ത് കിട്ടുമായിരിക്കും. 14 കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമുണ്ടായിരുന്ന സ്ഥാനത്ത് 24, നാല്പത് ബോര്‍ഡ് അംഗത്വം കിട്ടിയേടത്ത് 75, പോട്ടെ കുറഞ്ഞാലും അറുപതെങ്കിലും ഇനി എന്നെങ്കിലും ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോള്‍ കിട്ടും. പണ്ട് തല്ലാന്‍ പോയതിന്റെയും കൊല്ലാന്‍ പോയതിന്റെയും വെടിവെച്ചതിന്റെയുമൊന്നും കഥയൊന്നും ഇനി ആരും പുറത്തെടുക്കേണ്ട. പാനൂരിലെ മുന്‍ സംഘപരിവാറുകാരെ ഒപ്പം കൂട്ടാമെങ്കില്‍ രാഘവന്റെ അനുയായികള്‍ക്ക് പാര്‍ട്ടിസ്ഥാനങ്ങള്‍വരെ നല്‍കാം.

ഇടതുമുന്നണിയെ ശക്തിപ്പെടുത്താന്‍ നീങ്ങിയ പാര്‍ട്ടികളില്‍ മറ്റൊന്ന് വിപ്ലവനായിക ഗൗരിയമ്മയുടെ ജെ.എസ്.എസ്. ആണ്. 94ാം വയസ്സില്‍ ഒരു പാര്‍ട്ടിയെ ഒറ്റയ്ക്ക് നയിച്ച വേറെ ആരുണ്ട് ചരിത്രത്തില്‍? പക്ഷേ, ഇനി വയ്യ. ജീവിതസായാഹ്നത്തില്‍ പറ്റിയ ചെറിയ തെറ്റുമതി ജീവിതം മുഴുക്കെ ചെയ്ത ശരികള്‍ കാന്‍സലായിപ്പോകാന്‍. പഴയ സോവിയറ്റ് യൂണിയനിലും ചൈനയിലുമൊക്കെയാണെങ്കില്‍ ഇത്തരം തെറ്റുകാരെ പഴയ ഫോട്ടോകളില്‍ നിന്നുപോലും എടുത്തുമാറ്റിക്കളയാറുണ്ട്. ഇവിടെ അത്രത്തോളമൊന്നുമില്ല. സ്മാരകമന്ദിരം ഇല്ലാതെ പോകുമെന്നുമാത്രം. പി.വി.കുഞ്ഞിക്കണ്ണനെപ്പോലുള്ളവര്‍ക്ക് സംഭവിച്ചത് അതാണ്. ബുര്‍ഷ്വാപാര്‍ട്ടികളില്‍ ഫണ്ടുപിരിവ് ഉണ്ടാകാറുണ്ട്, സ്മാരകം ഉണ്ടാകാറില്ല എന്നതാണ് വ്യത്യാസം. കെ. കരുണാകരന്‍ അവസാനം തിരിച്ചുവന്നതുകൊണ്ട് അത്യാവശ്യം ഫണ്ടുപിരിവൊക്കെ ഉണ്ടായി. മുന്‍കാല സി.പി.എം. നേതാക്കള്‍ക്ക് ഇപ്പോഴെങ്കിലും തിരിച്ചുപോയാല്‍ ഭാവിയില്‍ ഫണ്ടുപിരിവും സ്മാരകവും ഉറപ്പാക്കാം.

മുന്നണിമാറി വന്നവര്‍ക്ക് കിട്ടുന്ന സ്വീകരണം പതിറ്റാണ്ടുകളായി മുന്നണിയുടെ പറമ്പില്‍ ഷെഡ്ഡുകെട്ടി താമസിക്കുന്നവര്‍ക്ക് കിട്ടില്ല. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായെന്ന് പറഞ്ഞതുപോലെ വര്‍ഗീയക്കറ ഇല്ലാതാക്കാന്‍വേണ്ടി കുളിച്ച് കുളിച്ച് ഒടുവില്‍ തൊലിയുമില്ല, മാംസവുമില്ല എന്ന അവസ്ഥയില്‍ എല്ലും തോലുമായ പാര്‍ട്ടിയാണ് ഐ.എന്‍.എല്‍. എന്തൊരു ക്രൂരത. 1992 മുതല്‍ തുടങ്ങിയതാണ് ഈ നില്‍പ്പ്. മുന്നണിയിലെടുക്കാമെന്ന് ഇപ്പോഴെങ്കിലും പറഞ്ഞല്ലോ, ഭാഗ്യം. സുഭാഷ് ചന്ദ്രബോസ് ഉണ്ടാക്കിയ പാര്‍ട്ടിയാണ് ഫോര്‍വേഡ് ബ്ലോക്ക്. ഫാസിസ്റ്റ് ചെറ്റ എന്ന് സുഭാഷിനെ വിളിച്ചിട്ടുണ്ട് കമ്യൂണിസ്റ്റുകാര്‍. പക്ഷേ, വേറെതരം ഫാസിസങ്ങളെ നേരിടാന്‍ കമ്യൂണിസ്റ്റുകാരുടെ ഒപ്പം നിന്നല്ലേ പറ്റൂ. അതുകൊണ്ടാണ് അവര്‍ നിന്നത്. അവര്‍ക്ക് ബര്‍ത്തും സീറ്റും ഇല്ലെങ്കിലും സ്റ്റാന്‍ഡിങ്ങിനുള്ള ഇടമെങ്കിലും കിട്ടുമെന്ന് കരുതാം.

ശേഷം കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനുശേഷം ശാന്തമായി ചിന്തിക്കാം.

Sunday, 23 March 2014

വിനാശകാലേ അനുകൂലബുദ്ധിസദ്ബുദ്ധിയുദിക്കുക ഏതുകാലത്താണ്, ഏതുപ്രായത്തിലാണ് എന്നൊന്നും പറയാനാവില്ല. സഖാവ് വി.എസ്. അച്യുതാനന്ദന്റെ കാര്യംതന്നെയെടുക്കൂ. പത്ത് വര്‍ഷത്തോളമായി അദ്ദേഹം പാര്‍ട്ടിക്കാര്യങ്ങളിലെല്ലാം വിപരീതദിശയിലായിരുന്നു നടപ്പ്. പാര്‍ട്ടി നേതൃത്വം മുന്നോട്ടുനടക്കുമ്പോള്‍ വി.എസ്. പിറകോട്ടുനടക്കും, പാര്‍ട്ടി തെക്കോട്ടെടുക്കുമ്പോള്‍ വി.എസ്. വടക്കോട്ടെടുക്കും. നല്ല രസമായിരുന്നു. എത്രകാലമെന്നുവെച്ചാണ് ഇങ്ങനെ കാഴ്ചക്കാരെ ഫ്രീയായി രസിപ്പിച്ച് തെക്കുവടക്ക് നടക്കുക?

 മതിയായി. ഇനി പാര്‍ട്ടി തെളിക്കുന്ന വഴിയേതന്നെ സഞ്ചരിക്കും. വഴിപിഴയ്ക്കില്ല. നീണ്ടകാലം ഒരേവഴിക്ക് പോയതാണ് പാര്‍ട്ടിയും വി.എസ്സും. ലവലേശം വ്യത്യാസം ഉണ്ടായിരുന്നില്ല രണ്ടും തമ്മില്‍. മുഷ്‌കും മുരടത്തവും അരഡിഗ്രി കൂടുതലേ ഉണ്ടായിട്ടുള്ളൂ, പുന്നപ്ര-വയലാര്‍ പോരാളിക്ക്. പക്ഷേ, ആന്റണി-ഉമ്മന്‍ചാണ്ടി ഭരണകാലത്ത് അദ്ദേഹം പ്രതിപക്ഷനേതാവായി തിളങ്ങി. സദാചാരത്തിന്റെ ഗ്രാഫ് താഴ്ന്ന കാലമായിരുന്നല്ലോ അത്. പ്രതിപക്ഷനേതാവ് മര്യാദരാമന്മാരുടെയും നേതാവായി. പിടിപ്പത് പണിയായിരുന്നു രാവും പകലും. ഭൂമാഫിയാവിരുദ്ധ പ്രക്ഷോഭം, സ്ത്രീപീഡനവിരുദ്ധ പ്രക്ഷോഭം, അഴിമതിവിരുദ്ധ പ്രക്ഷോഭം, ആഗോളീകരണവിരുദ്ധ പ്രക്ഷോഭം, എ.ഡി.ബി.വിരുദ്ധ പ്രക്ഷോഭം, സ്മാര്‍ട്ട് സിറ്റി തരികിട വിരുദ്ധ പ്രക്ഷോഭം, ദളിതുഭൂമി പ്രക്ഷോഭം, പോലീസ്മര്‍ദനവിരുദ്ധ പ്രക്ഷോഭം, ക്ഷോഭം, ക്ഷോഭം, ക്ഷോഭം... വിവാദത്തിനും ചര്‍ച്ചയ്ക്കും വിഷയംകിട്ടാന്‍ ചാനലുകള്‍ ആര്‍ത്തിപിടിച്ച് പാഞ്ഞുതുടങ്ങിയ കാലം. യു.ഡി.എഫ്. ഭരണത്തിനെതിരെ തുരുതുരാ വെടിവെക്കുന്നതിനൊപ്പം ഇടയ്ക്ക് ഒരോവെടി സ്വന്തം പാര്‍ട്ടി നേതൃത്വത്തിന്റെ മൂല്യച്യുതിക്കുനേരേക്കൂടി വിട്ടപ്പോള്‍ കൈയടി തുരുതുരെയായി. കൈയടിയില്‍ വീഴാത്ത മനുഷ്യനുണ്ടോ.

തിരഞ്ഞെടുപ്പില്‍ സീറ്റുകൊടുക്കാതെ പ്രശ്‌നക്കാരനെ പുറത്തുകളയാനായി ശ്രമം. വെളുക്കാന്‍ തേച്ചത് പാണ്ടായി. പാര്‍ട്ടികേന്ദ്രന്‍ ഇടപെട്ട് സീറ്റ് കൊടുപ്പിച്ചതോടെ പിടിച്ചാല്‍ കിട്ടാതായി വി.എസ്സിന്റെ പോക്ക്. ജനപിന്തുണയുടെ ഗ്രാഫ് റോക്കറ്റുപോലെ കുത്തനെ ടോപ്പിലേക്ക്. തിരഞ്ഞെടുപ്പില്‍ വന്‍തരംഗം. വാഗ്ദാനങ്ങളുടെ പെരുമഴകൂടി കൊടുത്താണ് വോട്ടുപിടിച്ചിരുന്നത്. സത്യപ്രതിജ്ഞയുടെ പിറ്റേന്ന് സോഷ്യലിസം നടപ്പാക്കും എന്നോ മറ്റോ മാത്രമേ പറയാന്‍ ബാക്കിവെച്ചിരുന്നുള്ളൂ. പക്ഷേ, പ്രതീക്ഷിച്ചപോലെ പ്രസംഗംമാത്രമേ ഉണ്ടായുള്ളൂ. കാര്യമൊന്നും നടന്നില്ല. ഗ്രാഫ് മെല്ലെമെല്ലെ താഴോട്ടുവന്നെങ്കിലും ഇടയ്‌ക്കോരോ ഗുണ്ടുകള്‍ പൊട്ടിച്ചിരുന്നതുകൊണ്ട് പത്രത്തില്‍ തലവാചകത്തിന് ക്ഷാമമുണ്ടായില്ല. പാര്‍ട്ടിയിലെ പോര് പൊലിപ്പിച്ചുനിര്‍ത്തി. വീണു എന്നുതോന്നും. പക്ഷേ, വീഴില്ല. പൂച്ചയ്ക്ക് ഒമ്പത് ജന്മമേ പറഞ്ഞിരുന്നുള്ളൂ. ഈ പൂച്ച പിന്നിട്ടത് ഒമ്പതാണോ അമ്പതാണോ എന്നേ സംശയം ഉണ്ടായുള്ളൂ. അഞ്ചുവര്‍ഷം ഭരിച്ചിട്ടും റോഡിലിറങ്ങിയാല്‍ ജനം കല്ലെറിയുകയില്ല എന്ന അവസ്ഥ ഉണ്ടായത് ചില്ലറ കാര്യമാണോ. രണ്ടാംവട്ടവും പാര്‍ട്ടി, സ്ഥാനാര്‍ഥിത്വം നിഷേധിക്കാന്‍ പുറപ്പെട്ടതുകൊണ്ട് രക്ഷപ്പെട്ടു. പണ്ടേപ്പോലെ ഫലിച്ചില്ലെങ്കിലും ഒരു മിനിതരംഗം ഒപ്പിച്ചെടുക്കാനായി. യു.ഡി.എഫിന് ദയനീയവിജയം. പിന്നീടിതാ മൂന്നുവര്‍ഷമായി ഭരിക്കാന്‍ ചക്രശ്വാസം വലിക്കുന്നു. പ്രതിപക്ഷത്തുള്ളതിനേക്കാള്‍ വക്രബുദ്ധി ഭരണനായകര്‍ക്കുള്ളതുകൊണ്ട് കഷ്ടിച്ച് ഭരിച്ചുപോകുകയാണ്. രണ്ടുസീറ്റ് ഭൂരിപക്ഷംകൊണ്ട് തുടങ്ങിയ ഭരണത്തിനിപ്പോള്‍, പ്രതിപക്ഷാനുഗ്രഹംകൊണ്ട് അഞ്ചുസീറ്റ് ഭൂരിപക്ഷമുണ്ട്. ഇനി പ്രതിപക്ഷത്തെ പേടിക്കേണ്ട, സ്വന്തം മുന്നണിക്കാരെ പേടിച്ചാല്‍ മതി.

ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. സീറ്റിന്റെ കാര്യം ലേശം ബുദ്ധിമുട്ടാണ്. 15 കൊല്ലംമുമ്പ് പ്രധാനമന്ത്രിപദവി കൈയാളാന്‍ വിളിക്കപ്പെട്ട പാര്‍ട്ടിയാണ്. ഇന്ന് ആരും ലോക്സഭയിലേക്ക് ഒരു സീറ്റ് തരുന്നില്ല, കാലുപിടിച്ച് കേണിട്ടും. 1951-ല്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ വലിയ പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. പ്രതിപക്ഷനേതാവ് എ.കെ.ജി. 1980-ലെ 37 സീറ്റായിരുന്നു റെക്കോഡ്. പിന്നെ താഴോട്ടാണ് വീണത്. പ. ബംഗാളില്‍ പ്രതീക്ഷയില്ല. ഇന്നസെന്റിനെ നിര്‍ത്തിയിട്ടായാലും ഇന്ദ്രന്‍സിനെ നിര്‍ത്തിയിട്ടായാലും കുറച്ച് സീറ്റുപിടിച്ചില്ലെങ്കില്‍ ദേശീയപ്പാര്‍ട്ടിയെന്ന പദവിതന്നെ ഇല്ലാതാവും. എം.പി.മാരില്ലെങ്കില്‍ വരുമാനത്തിന് പിന്നെ പാട്ടപ്പിരിവേ ഗതിയുള്ളൂ. എം.പി.മാരെ പിഴിഞ്ഞാണ് പാര്‍ട്ടി ജീവിക്കുന്നത്. ഏറ്റവും വിനാശകരമായ കാലമാണ്. ചുമരില്ലെങ്കില്‍ ചിത്രമെഴുതാന്‍ പറ്റില്ല. കാരാട്ട് മാത്രമല്ല, വി.എസ്സും വഴിയാധാരമാകും. അതുകൊണ്ട് സീറ്റുപിടിക്കണം. വി.എസ്. വിചാരിച്ചാല്‍ വോട്ടുപിടിക്കാന്‍ പറ്റില്ലായിരിക്കാം. പക്ഷേ, വോട്ട് കുറപ്പിക്കാം. ഇത്തവണ അതുവേണ്ട. അതിനുള്ള മാധ്യസ്ഥ് കാരാട്ട് ഉണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തനാളില്‍ ടി.പി. വധക്കേസ് പാര്‍ട്ടി കമ്മീഷന്‍ അന്വേഷണറിപ്പോര്‍ട്ടെന്നും മറ്റും പറഞ്ഞ് കൊലയാളിയെ പുറത്താക്കുന്നതുകണ്ട് അന്തംവിട്ട ജനത്തിന് ഇപ്പോഴേ ഗുട്ടന്‍സ് പിടികിട്ടിയുള്ളൂ. ഇതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിരിക്കുന്നു. രമയും ആര്‍.എം.പി.ക്കാരും അവരുടെ വഴിക്ക്, നാം നമ്മുടെ വഴിക്ക്. വി.എസ്സിന്റെ വക പുതിയ പൊല്ലാപ്പുകള്‍ ഇനി അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിരിക്കുന്നു. പത്രങ്ങള്‍, ചാനലുകള്‍, പാര്‍ട്ടിവിരുദ്ധര്‍, ചാനല്‍ചര്‍ച്ചാജീവികള്‍ എന്നിവര്‍ക്കുണ്ടായ നിരാശയ്ക്കും ബുദ്ധിമുട്ടിനും ക്ഷമചോദിക്കുന്നു.

                                                                 ****


പിണറായിയെയും പാര്‍ട്ടിയിലെ കണ്ണൂര്‍ കോക്കസിനെയും ഒരരിക്കാക്കാന്‍ ശിഷ്ടജീവിതം ഉഴിഞ്ഞുവെച്ചതാണ്, ബ.കു.നാ. എന്ന് പാര്‍ട്ടിപത്രം വിളിക്കുന്ന നാറാത്ത് ലോക്കല്‍ മുച്ചിലോട്ട് ബ്രാഞ്ച് മുന്‍ മെമ്പര്‍ സ്വസ്ഥം കൃഷി കുഞ്ഞനന്തന്‍നായര്‍. അങ്ങേര്‍ക്കും അപ്രതീക്ഷിതമായി സദ്ബുദ്ധി ഉദിച്ചതാണ് പാര്‍ട്ടിക്കാരെപ്പോലും ഞെട്ടിച്ചത്. കാരണം, പുള്ളിക്കാരന്‍ എഴുതിയ ആത്മകഥയുടെ ആമുഖപ്രസ്താവനയില്‍ പറഞ്ഞിരുന്നത്, 'സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും അമ്യൂസ്മെന്റ് പാര്‍ക്കുകളുമായി ഒരു ജനതയെ ചതിക്കുഴിയില്‍പ്പെടുത്തുന്ന കച്ചവടരാഷ്ട്രീയത്തിനെതിരെ വരാനിരിക്കുന്ന തലമുറകളുടെ പോരാട്ടം വിജയംകാണുമെന്ന് എനിക്കുറപ്പുണ്ട്' എന്നാണ്. പുതിയ നല്ലനടപ്പില്‍ വല്ല കുതന്ത്രവുമുണ്ടോ എന്നുപോലും ചിലര്‍ക്ക് ശങ്കയുണ്ട്. ഉണ്ടാവില്ല. ക്യാപ്റ്റന്‍ വെടിനിര്‍ത്തിയാല്‍ ശിപ്പോയിയും വെടിനിര്‍ത്തണമല്ലോ.ഇതിനേക്കാളെല്ലാം കണ്ണുനിറയ്ക്കുന്നതായിരുന്നു സഖാവ് ഗൗരിയമ്മ ചെങ്കൊടി ഏറ്റുവാങ്ങിയ രംഗം. തീരേ വയ്യാഞ്ഞിട്ടാണ്, പറ്റിയിരുന്നെങ്കില്‍ സഖാവ് എം.വി.ആര്‍.കൂടി ചെങ്കൊടി ഏറ്റുവാങ്ങുമായിരുന്നു. എന്തായാലും പാര്‍ട്ടിയുടെ മേല്‍ത്തറ ശക്തിപ്പെടുന്നുണ്ട്. തര്‍ക്കമില്ല. അടിത്തറയുടെ കാര്യം പിന്നെനോക്കാം. വിനാശകാലമാണോ അല്ലയോ എന്നതവിടെ നില്‍ക്കട്ടെ,

                                                                           ****

സി.പി.എമ്മിന് തിരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ വരുന്ന സര്‍ക്കാറിനെക്കുറിച്ചൊരു ചിന്തപോലുമില്ല. തികഞ്ഞ നിസ്സംഗത. വോട്ടെണ്ണലിനുശേഷം ആരാണ് അധികാരത്തില്‍വരിക?
ആരെങ്കിലുമാവട്ടെ എന്നമട്ട്. സി.പി.എം. മൂന്നാംമുന്നണിയുണ്ടാക്കുമോ?
 അത് അപ്പോള്‍ നോക്കാം എന്നമട്ട്. 2004-ലും 2009-ലും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ബദല്‍ സര്‍ക്കാര്‍ സാധ്യതകളെക്കുറിച്ച് വ്യക്തമായ പ്രതീക്ഷകളും നയങ്ങളുമുണ്ടായിരുന്നു. ഇക്കുറി സര്‍ക്കാര്‍ എന്നൊരു വാക്കില്ല മാനിഫെസ്റ്റോയില്‍. ഭരണത്തില്‍ വരില്ല എന്നുറപ്പുള്ളതുകൊണ്ട് ഒരു ഗുണമുണ്ടായി. മികച്ച മാനിഫെസ്റ്റോ ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. നടപ്പാക്കാന്‍ കഴിയാതെപോകുമോ എന്നൊന്നും നോക്കേണ്ടല്ലോ. ഇത് ചില അസൂയാലുക്കളുടെ അഭിപ്രായമാണ്. മറ്റ് പാര്‍ട്ടികള്‍ നിലപാടെടുക്കാത്ത വിഷയങ്ങളില്‍ കൃത്യമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട് പാര്‍ട്ടി. വിഭിന്ന ലൈംഗികതയെ അംഗീകരിക്കുന്ന മാനിഫെസ്റ്റോ വ്യവസ്ഥയാണ് ഒന്ന്. വധശിക്ഷ ഇല്ലായ്മചെയ്യും എന്ന വാഗ്ദാനമാണ് മറ്റൊന്ന്. ഭരിച്ചാലും ഇല്ലെങ്കിലും നിലപാട് വേണമല്ലോ; അതുണ്ട്.


ലോകത്തെവിടെയെങ്കിലും കമ്യൂണിസ്റ്റ് ഭരണം വധശിക്ഷ ഇല്ലായ്മ ചെയ്തിട്ടുണ്ടോ എന്ന് ഗവേഷണം നടത്തിയേ കണ്ടെത്താന്‍ കഴിയൂ. സാധ്യത കുറവാണ്. വിപ്ലവത്തിനുശേഷവും ചോരപ്പുഴയാണ് ഒഴുകാറുള്ളത്.കേരളംപോലുള്ള പ്രദേശങ്ങളില്‍ വധശിക്ഷ നടപ്പാക്കാന്‍ പാര്‍ട്ടിക്കോടതി മതി. മാനിഫെസ്റ്റോയിലെ വാഗ്ദാനം നടപ്പായാലും ഇല്ലെങ്കിലും പാര്‍ട്ടിവക വധശിക്ഷ അവസാനിപ്പിച്ചുകൂടേ എന്ന് ചോദിക്കുന്നവരുണ്ട്. ജയിലില്‍ ആരാച്ചാരന്മാര്‍ നടത്തിയ വധശിക്ഷയുടെ എത്ര ഇരട്ടി വധശിക്ഷ പാര്‍ട്ടിക്കോടതികള്‍ നടപ്പാക്കിയിട്ടുണ്ട് ഇതുവരെ എന്നതിന് കണക്കില്ല. കൊലയാളികളെ തൂക്കിക്കൊല്ലില്ല എന്ന് പറഞ്ഞതുശരി. അവരെ ജയിലില്‍ ചെന്ന് പാര്‍ട്ടി രക്തഹാരമണിയിക്കും എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ, ഭാഗ്യം. മറ്റേ കോടതി നാളെ സഖാക്കളെ ജയിലില്‍ തൂക്കിക്കൊല്ലാതിരിക്കാനാണ് പാര്‍ട്ടി വധശിക്ഷ വേണ്ടെന്ന് പറയുന്നത് എന്ന് കരുതുന്നവരുണ്ട്. അതില്‍ കാര്യമില്ല. ഒരുവിധപ്പെട്ട രാഷ്ട്രീയക്കൊലയൊന്നും അപൂര്‍വത്തില്‍ അപൂര്‍വം ആവില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കൊല്ലാന്‍ പേടിക്കേണ്ട.

Sunday, 16 March 2014

ഓഹരിവെപ്പ് വിശേഷങ്ങള്‍ചരിത്രം പിടിയില്ലാത്തവര്‍ക്ക്, ആര്‍.എസ്.പി.യില്‍നിന്ന് സി.പി.എം. കൊല്ലം സീറ്റ് എടുത്തുമാറ്റിയത് ഇപ്പോഴത്തെ ഓഹരിവെപ്പിലാണെന്നേ തോന്നൂ. അത്രയ്ക്ക് ദൈന്യമായ വികാരപ്രകടനമായിരുന്നു പ്രേമചന്ദ്രന്റെയും അസീസിന്റെയും. സംഗതി അവരുടെ കൈയില്‍നിന്ന് പോയിട്ട് വര്‍ഷം പതിനഞ്ചായിരുന്നു. 1998ല്‍ പ്രേമചന്ദ്രന്‍ ജയിച്ച സീറ്റാണ് ഒരു വര്‍ഷം കഴിഞ്ഞ് നടന്ന തിരഞ്ഞെടുപ്പില്‍ പ്രകോപനമില്ലാതെ സി.പി.എം. ജന്മി ജപ്തിചെയ്തുകളഞ്ഞത്. ആര്‍.എസ്.പി. അന്ന് മുന്നണിക്കൊട്ടാരത്തിന്റെ അടുക്കളയില്‍ കുത്തിയിരുന്ന് കരയുകയോ പിഴിയുകയോ ഒക്കെ ചെയ്തുകാണണം. പക്ഷേ, അയല്‍വാസികള്‍ ബഹളമൊന്നും കേട്ടതായി ഓര്‍ക്കുന്നില്ല. 2004ലും 2009ലും അനിഷ്ടസംഭവമൊന്നുമില്ലാതെയാണ് വസ്തു തുടര്‍ന്നും സി.പി.എം. കൈവശമാക്കിയത്.
ഇത്തവണ സി.പി.എം. തന്നെ പേടിച്ചുപോയി. എന്തൊരു അലമുറയാണിത് ! മൊഴിചൊല്ലിയെന്ന് കേട്ടപാടെ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയ ഭാര്യ പതിനഞ്ചുകൊല്ലം കഴിഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിച്ചോടി വന്നതുപോലെ. ഇതിനുംവേണ്ടേ ഒരു വ്യവസ്ഥയൊക്കെ ? റവ. സോഷ്യലിസ്റ്റുകള്‍ക്ക് ഇത്രത്തോളം പാര്‍ലമെന്ററി മോഹഭംഗം ഉണ്ടാകുമെന്ന് വിചാരിച്ചതല്ല. വരാനിരിക്കുന്ന സോഷ്യലിസ്റ്റ് റവല്യൂഷനുവേണ്ടി ഒരു പാര്‍ലമെന്റ് സീറ്റ് ഉപേക്ഷിക്കാന്‍പോലും സന്മനസ്സില്ലാത്തവരെ എങ്ങനെ റവല്യൂഷനറി സോഷ്യലിസ്റ്റുകള്‍ എന്നുവിളിക്കും ?

ഇടതുമുന്നണിയില്‍ ആര്‍ക്കും എത്രസീറ്റ് ചോദിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്‍.സി.പി., ഐ.എന്‍.എല്‍. എന്നിവര്‍ മാത്രമല്ല, മുന്നണിയില്‍പ്പോലും ഇല്ലാത്ത ഫോര്‍വേഡ് ബ്ലോക്കും സീറ്റ് ചോദിച്ചില്ലേ ? എത്ര ഭവ്യതയോടെയാണ് സി.പി.എം. അവര്‍ക്കെല്ലാം ഇല്ല ഇല്ല എന്ന മറുപടി കൊടുത്തത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിനോടൊപ്പം പത്തുവര്‍ഷമായി ഭരിക്കുന്ന പാര്‍ട്ടിയാണ് എന്‍.സി.പി. ഇവിടെ ഇടതുപക്ഷത്തിന്റെ കനിവുകൊണ്ട് ഒരുസീറ്റ് ജയിച്ചിട്ടുവേണം പീതാംബരന്‍ ചേട്ടന് രാഹുല്‍ജിയുടെ മന്ത്രിസഭയില്‍ അംഗമായി ഒരേസമയം കോണ്‍ഗ്രസ്സുകാരെയും ഇടതുപക്ഷക്കാരെയും ഞെട്ടിക്കാന്‍. ഇതുമനസ്സിലായിട്ടും സഖാവ് പിണറായി എന്‍.സി.പി.യെ കോളറിനുപിടിച്ച് മുന്നണിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞില്ലല്ലോ. അതാണ് സഹിഷ്ണുത, സഹകക്ഷിബഹുമാനം, ബൂര്‍ഷ്വാജനാധിപത്യം എന്നെല്ലാം പറയുന്നത്.

വലിയേട്ടന്റെ ജീവിതപ്രയാസങ്ങളെക്കുറിച്ച് ആര്‍ക്കും ഒരു പരിഗണനയുമില്ല. ഇരിപ്പ് പ്രതിപക്ഷത്തും കിടപ്പ് സദാ തെരുവോരത്തും ആണെങ്കിലും നിയമസഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് അതെന്ന ചിന്ത ആര്‍ക്കുമില്ല. 44 സീറ്റുള്ള സി.പി.എമ്മിന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഘടകകക്ഷികള്‍ അനുവദിച്ചുകൊടുത്തത് വെറും 15 സീറ്റ്. 40 സീറ്റ് മാത്രമുള്ള കോണ്‍ഗ്രസ്സിനും കിട്ടിയില്ലേ 15 ? കോണ്‍ഗ്രസ്സുകാര്‍ക്ക് ആ പതിനഞ്ചും അപ്ന അപ്ന പോക്കറ്റിലാക്കാം. സി.പി.എമ്മിന് അതുപറ്റുമോ ? 1957ല്‍ ആദ്യതിരഞ്ഞെടുപ്പ് മുതല്‍ ഉള്ളതാണ് പാര്‍ട്ടിക്ക് സ്വതന്ത്രരോടുള്ള സ്‌നേഹവായ്പ്. അന്നും അഞ്ചുസ്വതന്ത്രരെ പിന്താങ്ങി.

സ്വതന്ത്രരോടുള്ള ബഹുമാനം മുമ്പത്തേക്കാള്‍ ഏറിയിട്ടേ ഉള്ളൂ. അഞ്ചെണ്ണം അവര്‍ക്ക് കൊടുത്തു. സ്വതന്ത്രരില്‍ ചിലര്‍ വേറെ ചിലരുടെ ബിനാമിയാണെന്നും രണ്ടുപേര്‍ കോണ്‍ഗ്രസ് മണം മാറിയിട്ടില്ലാത്ത ഖദര്‍കാരാണെന്നും മറ്റുമുള്ള ആക്ഷേപവും കേള്‍ക്കണം വലിയേട്ടന്‍. ഇവര്‍ ശരിക്കും സ്വതന്ത്രരാണ്. മുന്നണിയുമായി പുലബന്ധമില്ല. ജയിച്ചാലും തോറ്റാലും അവര്‍ അവരുടെ പാട്ടിനുപോകും. മുന്‍കാലങ്ങളിലും ഇത്തരം ഊരുംപേരും തിരിയാത്ത സര്‍വതന്ത്ര സ്വതന്ത്രരെ ജയിപ്പിക്കുകതന്നെ ചെയ്തിട്ടുണ്ട്. സ്വാര്‍ഥ കോണ്‍ഗ്രസ്സുകാര്‍ക്ക് പറയാന്‍ 2004ലെ എഡ്വേഡ് എഴേടത്തേ ഉള്ളൂ. ഇക്കുറി കിട്ടിയ പതിനഞ്ചും പാര്‍ട്ടിക്കാര്‍ ഓഹരിവെച്ചെടുത്തു. തങ്ങള്‍ മോശക്കാരാകരുതല്ലോ എന്നോര്‍ത്ത് സി.പി.ഐ. പോലും ഇറക്കി ഒരു അരാഷ്ട്രീയ സ്വതന്ത്രനെ, പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കാന്‍.
വലിയേട്ടന്റെ ഈ വക ജീവിതയാതനകള്‍ അറിയാതെയാണ് ആര്‍.എസ്.പി. സീറ്റ് കിട്ടിയില്ലെന്നുപറഞ്ഞ് മറുകണ്ടം ചാടിയത്. എന്തൊരു സ്​പീഡിലായിരുന്ന ആ ചാട്ടം ! പിളര്‍പ്പ്, മുന്നണിമാറ്റം തുടങ്ങിയ നിരവധികാര്യങ്ങളില്‍ ആഗോള റെക്കോഡുള്ള സോഷ്യലിസ്റ്റ് ജനുസ്സില്‍പെട്ട ജനതാദള്‍പോലും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മുന്നണിവിട്ട് അടുത്തശ്വാസത്തിന് മറ്റേ മുന്നണിയുടെ സ്ഥാനാര്‍ഥിത്വം ഏറ്റുവാങ്ങിയിട്ടില്ല. ചില ആദര്‍ശ ഹാങ്ങോവറുള്ളതാവാം കാരണം. റവ. സോഷ്യലിസക്കാര്‍ക്ക് അത് പ്രശ്‌നമല്ല. കഴിഞ്ഞയാഴ്ച വരെയുള്ള എന്‍.കെ. പ്രേമചന്ദ്രന്റെ മനോഹരമായ ആദര്‍ശപ്രഭാഷണങ്ങള്‍ കേട്ടാല്‍ തല്ലിക്കൊന്നാലും ഇദ്ദേഹം ഈ ജന്മത്തിലല്ല അടുത്ത ജന്മത്തില്‍പ്പോലും കോണ്‍ഗ്രസ് പക്ഷത്ത് ചേരില്ലാാാാ എന്നേ അരിയാഹാരം കഴിക്കുന്ന ആരും പറയുമായിരുന്നുള്ളൂ. ആ സഖാവാണ് മിന്നല്‍പ്പിണറായിയുടെ വേഗത്തില്‍ മറുകണ്ടം ചാടിയത്. ചരിത്രത്തിലെ ഏറ്റവും വേഗം കൂടിയ മുന്നണിമാറ്റത്തിനുള്ള പ്രത്യേക ബഹുമതി ആര്‍.എസ്.പി.ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനേക്കാള്‍ വേഗത്തില്‍ ഏതെങ്കിലും കക്ഷി എന്നെങ്കിലും മുന്നണി മാറിയതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കുക.

തുടര്‍ച്ചയായ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഓരോരോ കക്ഷികളെ മറുകണ്ടം ചാടിക്കുക എന്ന റെക്കോഡിന് ഉടമയാണ് സി.പി.എം. അടുത്ത തിരഞ്ഞെടുപ്പിലും ഒരു കക്ഷിയെ പുറത്തുചാടിച്ച് ഹാട്രിക്ക് അടിക്കാനും പരിപാടിയുണ്ട്. അതോടെ സി.പി.ഐ.സി.പി.എം. കക്ഷികളേ മുന്നണിയില്‍ അവശേഷിക്കൂ. അത് എന്തായാലും അഞ്ചുവര്‍ഷം കഴിഞ്ഞേ ഉള്ളൂ. അപ്പോഴാലോചിക്കാം. ഒരേ തിരഞ്ഞെടുപ്പില്‍ രണ്ടുപാര്‍ട്ടികള്‍ പോകുന്നത് നന്നല്ല. അതുകൊണ്ടാണ് ജനതാദള്‍ ചോദിച്ച ഒരു സീറ്റ് അവര്‍ക്ക് കൊടുത്തത്. സീറ്റ് ഓര്‍ക്കാപ്പുറത്ത് കിട്ടുമ്പോഴാണ് അതിനേക്കാള്‍ വലിയ പ്രശ്‌നം. പറ്റിയ സ്ഥാനാര്‍ഥിയില്ല. അതും സി.പി.എം. കൊടുക്കണമെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്.മറുകണ്ടം ചാടിയത് കേന്ദ്രനേതൃത്വത്തോട് ചോദിക്കാതെയാണെന്നും വിപ്ലവസോഷ്യലിസ്റ്റ് ദേശീയനേതൃത്വത്തിന് അതൊട്ടും ഇഷ്ടപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കേന്ദ്രത്തോട് ചോദിക്കുന്ന പതിവ് ആ പാര്‍ട്ടിയില്‍ പണ്ടുമില്ല. 6970 കാലത്ത് ഇ.എം.എസ്സിന്റെ സപ്തകക്ഷി മുന്നണിയെ കോണ്‍ഗ്രസ്സിനൊപ്പം കൂടി തകര്‍ത്തത് കേന്ദ്രനോട് ചോദിച്ചിട്ടല്ല. കേന്ദ്രന്‍ പിണങ്ങുമ്പോള്‍ പാര്‍ട്ടിപ്പേരിന് മുന്നില്‍ കേരള എന്നുചേര്‍ത്താല്‍ പ്രശ്‌നം തീരും കേരള ആര്‍.എസ്.പി. ശ്രീകണ്ഠന്‍നായര്‍ ചേട്ടന്റെ കാലത്ത് അങ്ങനെയാണ് ചെയ്തത്. പിന്നെ, പ്രേമചന്ദ്രനാണോ അത് നിഷിദ്ധം. മാത്രവുമല്ല, കോണ്‍ഗ്രസ്സിനോട് അത്രയ്ക്ക് അയിത്തമൊന്നുമില്ല കേട്ടോ ആര്‍.എസ്.പി.ക്ക്. വിമോചനസമരത്തില്‍ കോണ്‍ഗ്രസ് പക്ഷത്തായിരുന്നു, അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്സിനൊപ്പം കേരളം ഭരിക്കുകയായിരുന്നു, യു.ഡി.എഫിന്റെ സര്‍വകാല മധ്യസ്ഥനായിരുന്നു കേരള കിസ്സിഞ്ചര്‍ പാര്‍ട്ടിനേതാവ് ബേബിജോണ്‍... അങ്ങനെയുള്ള മഹദ്പാരമ്പര്യം ഈ പാര്‍ട്ടിക്കുണ്ട്. മുന്നണിമാറ്റം ഇത് അവസാനത്തേതല്ലെന്ന് ഓര്‍ത്താല്‍മതി.
ആകപ്പാടെ ഒരു സങ്കടമേ ഉള്ളൂ. പ്രേമചന്ദ്രന്റെ മുന്നണിമാറ്റം കാരണം ഗൗരിയമ്മയുടെ മുന്നണിമാറ്റം ആരും ശ്രദ്ധിച്ചുപോലുമില്ല. ഒരു ന്യൂസ് അവര്‍ ചര്‍ച്ചയുമുണ്ടായില്ല. ഒരു ചരിത്രകഥാപാത്രത്തോട് മാധ്യമങ്ങള്‍ ഇത് ചെയ്യരുതായിരുന്നു.

****

ആദര്‍ശവാദികള്‍ ചേര്‍ന്ന് നടത്തിയ ഓഹരിവെപ്പായതുകൊണ്ട് കോണ്‍ഗ്രസ്സില്‍ ഒരു ആദര്‍ശവാദിക്ക് സീറ്റേ ഇല്ലാതായി. ഇനിയെങ്കിലും പഠിക്കുക വോട്ട് വേണോ ആദര്‍ശം വേണോ എന്ന് ചോദിച്ചാല്‍ വോട്ട് മതി എന്നേ പറയാവൂ. വോട്ട് കളഞ്ഞുള്ള ആദര്‍ശം വേണ്ട. പി.ടി. തോമസ്സിന് പകരംവന്ന സ്ഥാനാര്‍ഥിക്ക് തിരുമേനിയില്‍നിന്ന് കണക്കിന് കിട്ടി. കാരണവും പറഞ്ഞു. കോണ്‍ഗ്രസ്സുകാര്‍ ധാര്‍ഷ്ട്യം കാട്ടുന്നു. ഇനിയെങ്കിലും മനസ്സിലാക്കുക. ധാര്‍ഷ്ട്യം കാട്ടാനുള്ള ദൈവനിയോഗം മത ജാതിനേതാക്കന്മാര്‍ക്കാണ്. കോണ്‍ഗ്രസ്സുകാര്‍ അവരെ കടത്തിവെട്ടാന്‍ നോക്കേണ്ട.

Sunday, 9 March 2014

പാര്‍ട്ടി രഹസ്യാന്വേഷണവും പാര്‍ട്ടിക്കോടതി വിധിയും


അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് ചില കുറ്റങ്ങളെക്കുറിച്ച് കോടതിവിധികളില്‍ പറയാറുണ്ട്. വധശിക്ഷ വിധിക്കാന്‍ യോഗ്യമായ നല്ല നിലവാരമുള്ള ക്രൂരകൊലകളെയാണ് ഇങ്ങനെ വിശേഷിപ്പിക്കാറുള്ളത്. ടി.പി. ചന്ദ്രശേഖരന്റെ വധം ഈ തരത്തില്‍ പ്പെട്ടതല്ല എന്ന് കോടതി പറഞ്ഞിട്ടുണ്ട്. സ്റ്റാന്‍ഡേഡ് പോരാ. എന്നാലേ..., വധം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെങ്കിലും ശരി, വധത്തെക്കുറിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണം അപൂര്‍വങ്ങളില്‍ അപൂര്‍വം തന്നെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഇങ്ങനെയൊന്ന് മുമ്പുണ്ടായിട്ടുണ്ടോ എന്ന് ഗവേഷകര്‍ കണ്ടുപിടിക്കട്ടെ. ഡോക്ടേേററ്റാ മറ്റോ കൊടുക്കാം.

എത്രയെത്ര ആളുകളെ കൊന്നിരിക്കുന്നു കേരളത്തില്‍ത്തന്നെ. ടി.പി. കേസിന് മാത്രമെന്താ പ്രത്യേകത എന്ന് ചോദിച്ചവര്‍തന്നെയാണ്, ആ കൊലയ്ക്ക് അത്യപൂര്‍വങ്ങളില്‍ അത്യപൂര്‍വസ്ഥാനം നല്‍കി അന്വേഷിക്കാന്‍ രഹസ്യക്കമ്മീഷനെ നിയോഗിച്ചത്. ഇത്തരം അന്വേഷണങ്ങള്‍ ഏല്പിക്കാറുള്ളത് എ.കെ. ബാലന്‍, എ. വിജയരാഘവന്‍, പി. കരുണാകരന്‍, പി.കെ. ഗുരുദാസന്‍ തുടങ്ങിയ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ട്രെയ്‌നിങ് കിട്ടിയ അന്വേഷകരെയാണ്. പൊതുേവ അഴിമതി, അച്ചടക്കലംഘനം തുടങ്ങിയ സിവില്‍ കേസുകളാണ് ഇവര്‍ അന്വേഷിക്കാറുള്ളത്. ഇവരാരെങ്കിലുമാണ് ഈ കേസ് അന്വേഷിച്ചതെന്ന് പറയാന്‍തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സംസ്ഥാന അന്വേഷണത്തില്‍ വിശ്വാസം പോരാതെ കേസ് സി.ബി.ഐ. അന്വേഷിക്കുന്നതുപോലെ സംസ്ഥാനകമ്മിറ്റിയില്‍ വിശ്വാസമില്ലാതെ പി.ബി. തലത്തിലാണ് അന്വേഷണം നടന്നതെന്നും കേള്‍ക്കുന്നുണ്ട്.

ദുഷ്ടരായ ആര്‍.എം.പി.ക്കാരും അതിലേറെ ദുഷ്ടരായ മാധ്യമക്കാരും വന്ന് അലമ്പുണ്ടാക്കുമെന്നതുകൊണ്ട് കമ്മീഷന്റെ സിറ്റിങ്ങുകള്‍, ചോദ്യംചെയ്യലുകള്‍, സാക്ഷിവിസ്താരങ്ങള്‍ എന്നിവ രഹസ്യകേന്ദ്രങ്ങളിലാവും നടന്നിരിക്കുക. അന്വേഷകര്‍ വേഷംമാറിയാവണം ഒഞ്ചിയത്തും പരിസരത്തും സഞ്ചരിച്ച് തെളിവുകള്‍ ശേഖരിച്ചത്. കുറ്റവാളികളെന്ന് സംശയിക്കപ്പെട്ടവര്‍ മുഴുവന്‍ പോലീസ് കസ്റ്റഡിയിലും ലോക്കപ്പിലും ജയിലുകളിലും ആയിരുന്നതുകൊണ്ട് പാര്‍ട്ടി ഡിറ്റക്ടീവുകള്‍ക്ക് അവരെ ചോദ്യംചെയ്യുക സാധ്യമായിരുന്നില്ലല്ലോ. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ജയിലിലുള്ളവരുമായി സംഭാഷണം നടത്തുന്നതെങ്ങനെ. നേരുംനെറിയുമില്ലാത്ത തിരുവഞ്ചൂര്‍ചെന്നിത്തല പ്രഭൃതികള്‍ പോലീസിനെക്കൊണ്ട് സംഭാഷണങ്ങള്‍ ചോര്‍ത്തി പാര്‍ട്ടിക്കെതിരെ ഉപയോഗപ്പെടുത്തില്ലേ? കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് ഒരുവാക്ക് ചോദിക്കാതെ റിപ്പോര്‍ട്ടും വിധിയും ഉണ്ടായ ആദ്യത്തെ കൊലക്കേസ് അന്വേഷണമാണ് പാര്‍ട്ടി നടത്തിയതെന്ന് ചില കൂട്ടര്‍ പറയുന്നുണ്ട്. വെറുതേ കുറ്റംപറയുകയാണ്. അവര്‍ക്കെന്ത് പറയാനുണ്ട് എന്നറിയാന്‍ പത്രം വായിച്ചാല്‍പോരേ...?

പാര്‍ട്ടി അറിയാതെ കേരളത്തില്‍ ഒരിലയിളകില്ല. അതുകൊണ്ടാണല്ലോ എന്തുസംഭവം നടന്നാലും പോലീസ് പാഞ്ഞെത്തുന്നതിനുമുമ്പ് പാര്‍ട്ടിയുടെ പ്രതികരണം മാധ്യമ ഓഫീസുകളില്‍ എത്തുന്നത്. ഒന്നുകില്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല, അല്ലെങ്കില്‍ ഇന്നയിന്ന കൂട്ടര്‍ ഇന്നയിന്ന ലക്ഷ്യങ്ങളോടെയാണ് കൊലനടത്തിയത് എന്ന് പാര്‍ട്ടി പ്രഖ്യാപിക്കും. വിഷയം പഠിച്ചിട്ട് അഭിപ്രായം പറയാം എന്നത് കോണ്‍ഗ്രസ് നേതാക്കളുടെ ഞഞ്ഞാമിഞ്ഞയാണ്. പാര്‍ട്ടിക്ക് സകലതും അറിയാം. ടി.പി. മരിച്ചുവീണപ്പോള്‍മാത്രം എന്തുകൊണ്ടോ വിഷയം പഠിക്കട്ടെ എന്ന് യു.ഡി.എഫുകാര്‍ പറഞ്ഞില്ല. കേട്ടപാേട ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സി.പി.എമ്മിനും പഠിക്കേണ്ട ആവശ്യമുണ്ടായില്ല. പാര്‍ട്ടിക്ക് പങ്കില്ല എന്ന് അവരും ഉറച്ചുപ്രഖ്യാപിച്ചു. ആര് കൊന്നു, എന്തിന് കൊന്നു എന്നുമാത്രം പറയാനായില്ല. ചന്ദ്രശേഖരന്‍ സ്വയം വെട്ടിമരിച്ചു, നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ ക്വട്ടേഷന്‍കാരെ ഏല്പിച്ച് ചെയ്യിച്ചു, കനകംമൂലമോ കാമിനിമൂലമോ സംഭവിച്ചു, ഇന്റലിജന്‍സുകാരെക്കൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയ്യിച്ചു, ഒബാമ ഇടപെട്ട് സി.ഐ.എ.യെക്കൊണ്ട് ചെയ്യിച്ചു... തുടങ്ങി എന്തെല്ലാം തിയറികള്‍ സൃഷ്ടിച്ചതാണ്. ഒന്നിനും ഉണ്ടായില്ല ജീവന്‍.
അങ്ങനെയാണ് പാര്‍ട്ടി അന്വേഷണസംഘത്തെ നിയോഗിച്ചത്. ആയിരക്കണക്കിന് പോലീസുകാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മാസങ്ങളോളം നാടുകുലുക്കി അന്വേഷണം നടത്തിയിട്ടും കേസന്വേഷണവും വിചാരണയും ഒരു വര്‍ഷത്തിലേറെ എടുത്തു. ഈ സംവിധാനമൊന്നുമില്ലാതെയാണ് പാര്‍ട്ടി അന്വേഷണം നടത്തിയത്. അതാണ് പാര്‍ട്ടിയുടെ ഗുണം. കോടതിവിധി വന്ന് ആഴ്ചകള്‍ കഴിയുംമുമ്പേ പാര്‍ട്ടി അന്വേഷണറിപ്പോര്‍ട്ടും പാര്‍ട്ടിക്കോടതി വിധിയും വന്നു. ഇപ്പോള്‍ മനസ്സിലായി, വ്യക്തിവിരോധം മൂത്ത് ഏതോ ഒരു കുന്നുമ്മലെ ലോക്കല്‍കമ്മിറ്റിയംഗം ഒരിലപോലും അറിയാതെ ചന്ദ്രശേഖരനെ വെട്ടിക്കൊന്നു. പാര്‍ട്ടി സ്വപ്നത്തില്‍േപ്പാലും ഇങ്ങനെയൊരു സംഗതി പ്രതീക്ഷിച്ചതല്ല.

പാര്‍ട്ടിശത്രുവിന്റെ ഉന്മൂലനം ഒരു സത്കൃത്യം തന്നെയാണ്. പക്ഷേ, നല്ല കാര്യവും പാര്‍ട്ടി അറിയാതെ ചെയ്യാന്‍ പാടില്ല. . അതുകൊണ്ട് ആദ്യം പി.ബി.അംഗവും പിന്നെ കണ്ണൂര്‍ ജയരാജന്മാരും ജയിലില്‍ പോയി മെമ്പറെ സംഭവം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ചില പുറത്താക്കല്‍ അങ്ങനെയാണ്. നേരിട്ട് കണ്ട് പറഞ്ഞാലേ ശരിയാവൂ. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത് ശരിതന്നെ, പക്ഷേ, സഖാവ് പാര്‍ട്ടിയില്‍ത്തന്നെയുണ്ട് എന്ന് ഉറപ്പിച്ചുപറയാനാണ് കണ്ണൂര്‍ ജയരാജന്മാര്‍ പോയത്. ഒഞ്ചിയം കോഴിക്കോട്ടാണെങ്കിലും മാഹിയുടെ ഭരണം പുതുച്ചേരിയിലാണെന്ന പോലെ, ഒഞ്ചിയംപാര്‍ട്ടി കണ്ണൂരിന് കീഴിലാണെന്ന് അറിയാമല്ലോ.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ എത്രപേര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ചോദിച്ചാല്‍ ഭൂമിയുണ്ടായശേഷം എത്രപേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചിട്ടുണ്ട് എന്ന് ചോദിക്കുന്നതുപോലെയാണ്. കൈയുംകണക്കും വെച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആരെയും അതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാറുമില്ല. ചില പി.ബി. ശിശുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത് ചെയ്യേണ്ടിവന്നത്. ഒരുപാട് ചോരകണ്ട സീനിയര്‍മോസ്റ്റ് വിപ്ലവകാരി ചെന്നാണ്, ചോര കണ്ടിട്ടില്ലാത്ത ആ ശിശുക്കളെ കരയിപ്പിച്ചത്. അതാണ് ഈ കമ്മീഷന്റെയും ശിക്ഷയുടെയുമെല്ലാം പശ്ചാത്തലം.

****

വേറെ ഏതെങ്കിലും പാര്‍ട്ടി തങ്ങള്‍ക്കെതിരായ ആരോപണത്തെക്കുറിച്ച് സ്വയം അന്വേഷണംനടത്തി റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടോ എന്ന് വി.എസ്. ചോദിച്ചത് ന്യായംതന്നെ. ആരുംചെയ്യാറില്ല.
ഭയങ്കര റിസ്‌കാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്. വിവരാവകാശനിയമം പാര്‍ട്ടികള്‍ക്കും ബാധകമാണെന്ന വിവരാവകാശകമ്മീഷന്‍വിധി പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. പാര്‍ട്ടി നടത്തിയ കൊലക്കേസ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആരെങ്കിലും ചോദിച്ചാല്‍ കൊടുക്കേണ്ടിവരും. ആരാണ് കേസ് അന്വേഷിച്ചത്, ആരെല്ലാമാണ് മൊഴി നല്‍കിയത്, എന്താണ് പറഞ്ഞത് തുടങ്ങിയ രേഖകള്‍ പുറത്തിറക്കേണ്ടിവന്നാല്‍ എല്ലാ കള്ളിയും പൊളിയും.

പക്ഷേ, തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ടിറക്കേണ്ടിവരും എന്നുവന്നാല്‍ അത് പാര്‍ട്ടികള്‍ക്ക് വലിയ പൊല്ലാപ്പായി മാറും. ഈ മാതിരിയുള്ള കേമന്‍ അന്വേഷണങ്ങള്‍ നടത്താന്‍പറ്റില്ല. ഒരു കൊല നേരാംവണ്ണം മൂടിവെക്കാന്‍ പറ്റാതാവും. ഒരു സ്ഥാപനവും സ്വന്തംകാര്യം അന്വേഷിക്കാന്‍ തയ്യാറല്ല. സംഘടനകള്‍ ചെയ്യാറില്ല, സ്ഥാപനങ്ങള്‍ ചെയ്യാറില്ല, മാധ്യമങ്ങള്‍ ചെയ്യാറില്ല, ആത്മീയകേന്ദ്രങ്ങള്‍പോലും ചെയ്യാറില്ല. ശരിയും സത്യവും അവര്‍ പറയും. പൊതുജനം അതപ്പടി വിഴുങ്ങിയാല്‍ മതി. ****
കേരളത്തിന്റെ ഗവര്‍ണര്‍ നിഖില്‍കുമാര്‍ പൊതുതിരഞ്ഞെടുപ്പ് ഭാഗ്യപരീക്ഷണത്തിന് ടിക്കറ്റ് എടുത്തതുകൊണ്ട് സ്ഥലം വിടുകയാണ്. പകരം ഡല്‍ഹിയില്‍ രണ്ടുതവണ ലോട്ടറിയടിച്ച മാഡമാണ് വരുന്നത്. മൂന്നാം നറുക്കെടുപ്പിലെ ടിക്കറ്റ് ചൂല്‍കൊണ്ട് തൂത്തുവാരി ആംആദ്മിക്കാര്‍ കുപ്പത്തൊട്ടിയിലിട്ടതുകൊണ്ട് മാഡം വെറുേത ഇരിപ്പാണ്. കെജ്രിവാള്‍ ഇറങ്ങിപ്പോയതുകൊണ്ട് സമാധാനമുണ്ട്. ഇല്ലെങ്കില്‍ പുതിയ ഗവര്‍ണര്‍ക്ക് ഇടയ്ക്കിടെ ഡല്‍ഹിക്ക് പറന്ന് കോടതികളില്‍ ഹാജരാകേണ്ടിവരുമായിരുന്നു. വിമാനടിക്കറ്റ് നമ്മള്‍ എടുക്കണം. 10 കൊല്ലത്തെ ഫയലുകള്‍ ഓരോന്ന് കുറ്റിച്ചൂലുകാര്‍ വലിച്ച് പുറത്തിട്ടാല്‍ മാഡത്തിന്റെ ശിഷ്ടജീവിതം കോടതിയിലും വക്കീലാപ്പീസിലും ആകുമായിരുന്നു. ഭാഗ്യമുണ്ടെങ്കില്‍ നരസിംഹറാവുവിനെപ്പോലെ കുറച്ചുദിവസമെങ്കിലും ജയില്‍വാസവും അനുഷ്ഠിക്കാമായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്ക് പിന്നെ സ്ഥാനമൊന്നും കൊടുക്കരുതെന്ന ഒരു ക്രൂരവ്യവസ്ഥ പണ്ടുണ്ടായിരുന്നു. സോണിയാഗാന്ധിയുടെ കാലത്തോടെ അതെല്ലാം അവസാനിച്ചതുകൊണ്ട് എത്രയെത്ര സീനിയര്‍ സിറ്റിസണ്‍സിന് ജീവിതസന്ധ്യ ശോഭനമാക്കാന്‍ കഴിഞ്ഞെന്നോ.

Sunday, 2 March 2014

ആദര്‍ശധീരനും പെരുന്നയിലെ പാപ്പയും


എന്‍.എസ്.എസ്. സ്ഥാപകന്‍ മന്നത്ത് പത്മനാഭന്‍ (പിള്ള) അന്തരിച്ചപ്പോള്‍ സംസ്‌കാരം എന്‍.എസ്.എസ്. ആസ്ഥാനവളപ്പില്‍ വേണം എന്ന് തീരുമാനിച്ചത് ആരായാലും തീരുമാനത്തിന് ഇത്രയും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്ന് ഓര്‍ത്തുകാണില്ല. മന്നത്തിന് സമ്പാദ്യമായി ഉണ്ടായിരുന്നത് ഒരു സ്വര്‍ണമാലയും ഊന്നുവടിയും ചെരിപ്പും മാത്രമായിരുന്നെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടാവാം ആസ്ഥാനത്തുതന്നെ സംസ്‌കരിച്ചത്. മന്നത്തിന്റെ ഒസ്യത്തില്‍ സംസ്‌കാരത്തെക്കുറിച്ച് സൂചനയില്ല. മൃതദേഹത്തില്‍ കോടിയിടരുതെന്നും വായ്ക്കരി ഇടരുതെന്നും നിലത്തിറക്കിക്കിടത്തരുതെന്നും മറ്റുമുള്ള നിര്‍ദോഷകാര്യങ്ങളേ അദ്ദേഹം എഴുതിവെച്ചിരുന്നുള്ളൂ.

എന്തായാലും അന്നത്തെ തീരുമാനംകൊണ്ട് വരുംകാല ജനറല്‍ സെക്രട്ടറിമാരെല്ലാം സമാധിസൂക്ഷിപ്പുകാരായി. ആരുവന്ന് പുഷ്പമര്‍പ്പിക്കണം, വരുന്നവരില്‍ ആരെ ഷാള്‍ അണിയിക്കണം, ആരെ കണ്ടാല്‍ കണ്ടില്ലെന്ന് നടിക്കണം, ആരുടെ പ്രവേശനം തടയണം എന്നിത്യാദി കാര്യങ്ങളെല്ലാം തീരുമാനിക്കാന്‍ ജനറല്‍ സെക്രട്ടറിക്ക് അവസരം കിട്ടി. കാക്കത്തൊള്ളായിരം സ്‌കൂളുകളും കോളേജുകളും എസ്‌റ്റേറ്റുകളും നോക്കിനടത്തുന്നതിനിടയില്‍ വേണമല്ലോ ഈ പണികൂടി ചെയ്യാന്‍. വാങ്ങുന്ന അധികൃതവും അല്ലാത്തതുമായ കാശിന്റെ കണക്കുവെക്കല്‍തന്നെ ചില്ലറ പണിയല്ല. റോമിലെ മാര്‍പാപ്പ കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള ആളാവും പെരുന്നയിലെ പാപ്പ.

എന്നാലേ, എന്‍.എസ്.എസ്സിന്റെ ദീര്‍ഘവീക്ഷണം അമാനുഷിക ദീര്‍ഘവീക്ഷണം തന്നെയാണ്് എന്നിപ്പോള്‍ മനസ്സിലാവുന്നു. കേരളം കണ്ട ഏറ്റവും മഹാനായ വ്യക്തി ആരെന്ന് ചോദിച്ചാല്‍ മന്നത്ത് പത്മനാഭന്‍ എന്ന ഉത്തരം കിട്ടാനിടയില്ല. എന്നാല്‍, കേരളത്തിലെ ഏറ്റവും ട്രാഫിക് ക്യൂ ഉള്ള സമാധി ഏതെന്ന് ചോദിച്ചാല്‍ പെരുന്നയിലെ മന്നം സമാധി എന്ന ഉത്തരം കിട്ടും. മന്നം സമാധിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മാര്‍ച്ച് വര്‍ഷംതോറും ശക്തിപ്രാപിക്കുകയാണ്. തിരഞ്ഞെടുപ്പ് മുമ്പിലുണ്ടെങ്കില്‍ പറയുകയും വേണ്ട. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര മഹാന്മാരുടെ സമാധികള്‍ കേരളത്തിലുണ്ട്. കൊടിവെച്ച കാറുകള്‍ അധികമൊന്നും അങ്ങോട്ടേക്ക് പറക്കുന്നത് കാണാറില്ല. തീരേ പോകാറില്ലെന്നല്ല. അവരുടെ കൈവശമുള്ള വോട്ടിന് ആനുപാതികമായാണ് സമാധികളിലെ സന്ദര്‍ശകത്തിരക്ക്. എത്ര തങ്കപ്പെട്ട നേതാക്കള്‍ തെക്കും വടക്കുമെല്ലാം ഉണ്ട്. എത്ര ചരമവാര്‍ഷികത്തില്‍ കെ. കേളപ്പന്റെ ശവകുടീരത്തില്‍ പൂവെക്കാന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ പോകാറുണ്ട് ? കെ.പി. കേശവമേനോന്റെ, കെ.എ. ദാമോദരമേനോന്റെ, കെ. മാധവന്‍ നായരുടെ, പി. കൃഷ്ണപ്പിള്ളയുടെ ....? ഇനി നായര്‍ അല്ലാത്ത നേതാക്കളുടെ ലിസ്റ്റ് വേണമോ? ഇതാ... ആര്‍. ശങ്കര്‍, മുഹമ്മദ് അബ്ദുള്‍ റഹിമാന്‍, ഇക്കണ്ടവാരിയര്‍, മൊയ്തുമൗലവി, സി. കേശവന്‍... പോട്ടെ, മുഴുവന്‍ ലിസ്റ്റ് പുറത്തെടുക്കാന്‍ പത്രത്തില്‍ സ്ഥലം പോര.

സി.കെ. ഗോവിന്ദന്‍ നായരുടെയോ പനമ്പിള്ളിയുടെയോ ശവകുടീരങ്ങള്‍ എവിടെ എന്ന് ചോദിച്ചാല്‍ 400 കെ.പി.സി.സി. ഭാരവാഹികളില്‍ നാലുപേര്‍ മറുപടി പറയുമോ എന്നറിയില്ല. അറിയേണ്ട കാര്യമില്ല. എന്നും രാവിലെ, ഇന്ന് പുഷ്പമിടാന്‍ പോകേണ്ടത് ഏത് ശ്മശാനത്തില്‍ എന്നറിയാന്‍ ഡയറി നോക്കേണ്ടവരല്ല പൊതുപ്രവര്‍ത്തകര്‍. ഇപ്പോള്‍ ഡയറി നോക്കുന്നുണ്ട്് വോട്ടുള്ളത് ഏത് ശവകുടീരത്തിലാണ് എന്ന്. മുമ്പേ പറഞ്ഞ കൂട്ടര്‍ക്കൊന്നും വോട്ടില്ല കൂട്ടരേ... വോട്ടിലാണ് നോട്ടം എന്നല്ല തലക്കെട്ട് വേണ്ടത്, വോട്ടിലേ നോട്ടമുള്ളൂ, അതിലേ നേട്ടമുള്ളൂ എന്നാണ് വേണ്ടത്. വോട്ടിലും നോട്ടിലും നോക്കാത്തവന്റെ ഗതി അധോഗതി.

കോണ്‍ഗ്രസ്സുകാര്‍ക്ക് നിരങ്ങാനുള്ളതല്ല മന്നം സമാധി എന്ന് നായര്‍പാപ്പ പ്രഖ്യാപിച്ചല്ലോ. ഇനി നിരങ്ങാനില്ല എന്ന് കെ.പി.സി.സി. വൈകാതെ പ്രഖ്യാപിക്കുമായിരിക്കും. അനന്തരവന്മാരുടെ തൊഴിവാങ്ങിയും കാരണവന്മാരെ ആദരിക്കണമെന്ന് ഒരു വേദാന്തത്തിലും പറയുന്നില്ല. കെ.പി.സി.സി. ഓഫീസില്‍ ഫോട്ടോവെച്ച് പുഷ്പം വിതറി ആദരിക്കാം. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു അനുഭവിച്ചതിന്റെ ആവര്‍ത്തനമാണ് വി.എം. സുധീരന്‍ അനുഭവിച്ചത്.

മന്നം എന്‍.എസ്.എസ്സില്‍ ഒതുങ്ങിക്കൂടിയ ആളായിരുന്നില്ല. കോണ്‍ഗ്രസ്സിലും ദീര്‍ഘകാലം നിരങ്ങിയിട്ടുണ്ട്. വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്. ജാതിവാല് മുറിച്ചിട്ടുണ്ട്. മിശ്രഭോജനത്തിന് മുതിര്‍ന്നിട്ടുണ്ട്. സര്‍ സി.പി.ക്കെതിരെയുള്ള സമരത്തിലും വിമോചനസമരത്തിലും മുന്നില്‍നിന്നിട്ടുണ്ട്്. പില്‍ക്കാലത്ത് നേരേത്തിരിഞ്ഞ് ജി. സുകുമാരന്‍ നായര്‍/വെള്ളാപ്പള്ളി സ്‌റ്റൈലില്‍ അന്യജാതിക്കാരെയും പ്രതിയോഗികളെയും കൈകാര്യം ചെയ്തിട്ടുമുണ്ട്. ഹിന്ദുക്കളുടെ ആലംബവും ആശ്രയവും ആര്‍.എസ്.എസ്. ആണ് എന്ന് അവരുടെ യോഗത്തില്‍പ്പോയി പ്രസംഗിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ക്കൊഴിച്ച് മറ്റാര്‍ക്കുവേണമെങ്കിലും മന്നത്ത് ഞങ്ങളുടെയും ആളായിരുന്നു എന്ന് ധൈര്യമായും അവകാശപ്പെടാം എന്നര്‍ഥം.
കോണ്‍ഗ്രസ്സില്‍പ്പോലും കാണാത്ത തരം വിഷജീവികള്‍ പാര്‍ക്കുന്ന ഇടമാണ് ജാതിസംഘടനകള്‍. പകല്‍വെളിച്ചത്തില്‍ വോട്ടുചോദിക്കാന്‍ പോലും പോകാന്‍ കൊള്ളില്ല ചിലയിടങ്ങള്‍. പോയാല്‍, നീ പണ്ട് രാത്രി വാതിലിന് മുട്ടിക്കയറിവന്നവനല്ലേ എന്ന് അങ്ങാടിയില്‍നിന്ന് വിളിച്ചുചോദിച്ചുകളയും. ഫിബ്രവരി 25ന് സ്ഥലത്തുണ്ടായിട്ടും പെരുന്നയില്‍ പോയില്ലെങ്കില്‍ നായര്‍പോപ്പിന് കലികയറേണ്ട എന്ന് വിചാരിച്ചാവും സുധീരന്‍ അങ്ങോട്ട് ചെന്നത്. വേഷ്ടിയുമായി പോപ്പ് ഇങ്ങോട്ട് വരുമെന്നാണ് വിചാരിച്ചത്. വന്നില്ല. അങ്ങോട്ട് ചെന്നാല്‍ ആദര്‍ശത്തിന് ചേതം വന്നാലോ എന്നുശങ്കിച്ചു. ചെന്നില്ല. ചെറുതായൊന്നു പൊള്ളി. പേടിക്കാനില്ല. കുറച്ചുകാലത്തേക്ക് ഒന്നും പൊള്ളില്ല. എല്ലാ കാലത്തും പക്ഷേ, അതാവില്ല സ്ഥിതി എന്നുമാത്രം.

****

ഏതാനും ആഴ്ച മുമ്പുവരെ, ലോകത്തില്‍ ഏറ്റവും കുടുതല്‍ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ മുഖമുള്ള വ്യക്തി എന്ന ബഹുമതിക്കും ലിംക ബുക്കില്‍ സ്ഥാനത്തിനും അവകാശമുള്ള നേതാവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു. സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ ഇടയ്ക്ക് മുഖ്യമന്ത്രിയെ തോല്പിച്ച് മുന്നില്‍ക്കയറി. കേരള രക്ഷാ മാര്‍ച്ചില്‍ ഏറ്റവും രക്ഷ കിട്ടിയത് ഫ്‌ളക്‌സ് പ്രിന്റര്‍മാര്‍ക്കാണെന്ന് കേള്‍ക്കുന്നു. കണക്കൊന്നും കിട്ടിയില്ല. മാര്‍ച്ച് സമാപിച്ച സ്ഥിതിക്ക് ഭയപ്പെടാനില്ല, ഇനി മുഖ്യമന്ത്രി തന്നെ മുന്നില്‍.

രണ്ടുപേരും ജനത്തിന്റെ കാശുകൊണ്ടാണ് സ്വന്തം മുഖതേജസ്സ് ജനമനസ്സിലെത്തിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, പിണറായി വിജയന്റെ ഫ്‌ളക്‌സ് ബോര്‍ഡ് വെക്കുന്നത് പാര്‍ട്ടിയാണ്. മലിനീകരണം നടത്തുന്നത് പാര്‍ട്ടി ചെലവിലാണ്. മുഖ്യമന്ത്രിയുടെ കാര്യം അതല്ല. മലിനീകരണത്തേക്കാള്‍ ഗുരുതരമാണ് നികുതിപ്പണത്തിന്റെ ചോര്‍ച്ച. തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ ഭരണത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പ്രചാരണം നടത്താം എന്നതാണ് നിലവിലുള്ള മാതൃകാ പെരുമാറ്റം. 15,000 രൂപയുടെ പുസ്തകം കുട്ടികള്‍ക്ക് നല്‍കിയത് ജനങ്ങളില്‍ എത്തിക്കാന്‍ ഒരു കേന്ദ്രമന്ത്രി 25,000 രൂപയുടെ ഫ്‌ളക്‌സ് ബോര്‍ഡ് നാട്ടിയെന്ന് കേട്ടത് കളവാകാന്‍ വഴിയില്ല.

പിണറായി വിജയന്റെ കളര്‍ ഫോട്ടോ കണ്ട് അസൂയ കേറിയിട്ടായാലും സാരമില്ല, ഇടതിന്റെ മറ്റേ അറ്റത്ത് നില്‍ക്കുന്ന കമ്യുണിസ്റ്റ് പാര്‍ട്ടി തങ്ങള്‍ ഇനി ഫ്‌ളക്‌സ് ഉപയോഗിക്കില്ല എന്ന് പ്രഖ്യാപിച്ചതിനെ 'അന്നാഹാരം കഴിക്കുന്ന മനുഷ്യരൊക്കെ' സ്വാഗതം ചെയ്യേണ്ടതാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അച്ചടിച്ചുകൂട്ടാന്‍ പോകുന്ന ഫ്‌ളക്‌സ് ബോര്‍ഡിന്റെ എണ്ണം എത്ര ലക്ഷം, എത്ര കോടി വരും? ഫ്‌ളക്‌സിന്റെ പ്രളയമാണ് വരാന്‍ പോകുന്നത്. തന്റെ ഫോട്ടോ ഫ്‌ളക്‌സ് ബോര്‍ഡില്‍ വെക്കരുതെന്ന് പന്ന്യന്‍ പറയുന്നതുപോലെയല്ല വി.എം. സുധീരന്‍ പറയുന്നത്. പന്ന്യന് തന്റെ ഫോട്ടോ ജനങ്ങള്‍ അധികം കണ്ടാല്‍ ഉള്ള വോട്ടും നഷ്ടപ്പെടുമോ എന്ന ഭയം ഉണ്ടായേക്കാം. സുധീരന് ആ ഭയം വേണ്ടല്ലോ. മുന്നണിയും രാഷ്ട്രീയവും അതിന്റെ വഴിക്ക് നടക്കട്ടെ. രണ്ടും മറന്ന്, സുധീരന്‍പന്ന്യന്‍ മനസ്സുള്ള നേതാക്കള്‍ വി.എസ്സാവട്ടെ മുന്നില്‍ ഒരു ഫ്‌ളക്‌സ് വിരുദ്ധ മുന്നണിയുണ്ടാക്കിയാല്‍ ജനത്തിന് പെരുത്ത് സന്തോഷമായിരിക്കും.